×
login
ബദരിനാഥിലെ മോക്ഷകവാടത്തില്‍

അയോധ്യയും കാശിയും മഥുരയും പോലെ ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ് ബദരിയും. ചതുര്‍ധാമങ്ങളിലൊന്നായ ഇവിടുത്തെ വിഷ്ണു ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തിയത് കേരളത്തില്‍നിന്ന് കാല്‍നടയായി അവിടെയെത്തിയ ശ്രീശങ്കരനാണ്. ആറുമാസം ദേവനും ആറുമാസം മനുഷ്യനും പൂജിക്കുന്ന ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ പരമ്പരാഗതമായി മലയാളികളാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ക്ഷേത്രത്തെക്കുറിച്ചും ഇപ്പോഴത്തെ പൂജാരി ഈശ്വര പ്രസാദ് നമ്പൂതിരിയെക്കുറിച്ചും

ഭാരതത്തില്‍ പുണ്യസ്ഥലങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, അതില്‍ നിന്നല്ലാം വേറിട്ട് നില്‍ക്കുന്നതാണ് ബദരിനാഥിലെ വിഷ്ണു ക്ഷേത്രം. ചതുര്‍ധാമ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ഒന്നായ ബദരികാശ്രമവും ബദരിനാഥും ഭാരതത്തിന്റെ പരദേവതയായിട്ടാണ് അറിയപ്പടുന്നത്. നാല് യുഗങ്ങളിലും നിറഞ്ഞ ഭഗവത് ചെതന്യമാണ് ബദരിനാഥിന്റെ പുണ്യം. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍ണ്ണപ്രയാഗ്, പിപ്പല്‍കോട്ട്, ജ്യോതിര്‍മഠം എന്നിവിടങ്ങള്‍ കടന്ന് എത്തുന്ന ബദരിനാഥിലെ വിഷ്ണുക്ഷേത്രം ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയിലാണ് സ്ഥിതി ചയ്യുന്നത്. മഞ്ഞുറഞ്ഞു കിടക്കുന്ന മലകള്‍ക്കു നടുവില്‍ വര്‍ഷത്തില്‍ ആറുമാസം മാത്രം പൂജയുള്ള ഉത്തരേന്ത്യയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ആചാരങ്ങളും പൂജാകര്‍മ്മങ്ങളും മലയാള മണ്ണുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നത് പ്രത്യേകത തന്നെയാണ്. മുഖ്യപൂജാരിയും മലയാളി തന്നെ.

ഭാരതത്തിന്റെ വടക്കേ അറ്റത്ത് സമുദ്രനിരപ്പില്‍ നിന്നും 10,555 അടി ഉയരത്തിലാണ് ബദരിനാഥ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സദാസമയവും മഞ്ഞു മൂടികിടക്കുന്ന നീലകണ്ഠ പര്‍വ്വതനിരയുടെ താഴ്‌വാരത്തില്‍ അളകനന്ദ നദിയുടെ തീരത്താണ് അതിപുരാതനമായ ഈ മഹാക്ഷേത്രം. ആറ് മാസം മനുഷ്യനും ആറ് മാസം ദേവനും പൂജിക്കുന്ന ഒരേയൊരു ക്ഷേത്രം.

ബദരിനാഥിലെ കര്‍ക്കശചിട്ടകളും തപതുല്യ ജീവിതചര്യകളുമായി സമര്‍പ്പിതമായ ജീവിതമാണ് മലയാളിയായ മുഖ്യപൂജാരി റാവല്‍ജിയുടേത്. 2014 മുതല്‍ ഭഗവത്‌സേവ ചെയ്യുന്ന റാവല്‍ജി കണ്ണൂര്‍ പയ്യന്നൂര്‍ വടക്കേ ചന്ദ്രമന ഇല്ലത്ത് ഈശ്വരപ്രസാദ് നമ്പൂതിരിയാണ്. ശങ്കരാചാര്യ സ്വാമികളാല്‍ പുനഃപ്രതിഷ്ഠ നടന്ന ഈ ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റ കൂടി നിശ്ചയപ്രകാരമാണ് മലയാള ബ്രാഹ്മണര്‍ക്ക് പൂജാവകാശം നല്‍കപ്പെട്ടിരിക്കുന്നത്.  

ബദരിനാഥ് മഹാക്ഷേത്രത്തിലെ ഭഗവത് സേവകന്‍ റാവല്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പടുന്നത്. ക്ഷേത്രകാര്യങ്ങളിലെ അവസാന വാക്കാണ് ഗ്രാമത്തലവന്‍ എന്ന അര്‍ത്ഥം കൂടി വരുന്ന റാവല്‍ജിയുടേത്.  

റാവല്‍ജിയായ ഈശ്വരപ്രസാദ് നമ്പൂതിരി

സത്യയുഗം മുതല്‍ ഭഗവാന്‍ മഹാവിഷ്ണു തപസ്ചെയ്ത ഭൂമിയാണ്. അതിനുശേഷം അദൈ്വത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ പുനഃപ്രതിഷ്ഠ നിര്‍വഹിച്ച ശേഷമാണ് കേരളവുമായി ബന്ധം വരുന്നത്. മോക്ഷത്തിന്റെ ഭൂമിയാണ് ബദരികാശ്രമം. ബ്രഹ്മാവിന്റ ശിരസ്സിനു പോലും മോക്ഷം കൊടുത്ത സ്ഥലമാണന്ന് പുരാണങ്ങള്‍ സമര്‍ത്ഥിക്കുന്നു. ആനന്ദദായകമായ മനുഷ്യജന്മം പൂര്‍ത്തിയാകണമെങ്കില്‍ ബദരിനാഥന്റെ ദര്‍ശനം കൂടി ലഭ്യമാകണമന്നാണ് പറയുന്നത്. അത്രയും പുണ്യം നിറഞ്ഞ ഭൂമിയാണ് ബദരിനാഥ്. ശരിക്കും പറഞ്ഞാല്‍ മഹാദേവന്റെ, കേദാരേശ്വരന്റ ഭൂമിയാണ് ബദരിനാഥ്. ഭഗവാന്‍ മഹാവിഷ്ണു ആ ഭൂമിയുടെ സൗന്ദര്യം കണ്ട് തപസ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വാമനാവതാര രൂപത്തിലെത്തി ശിവ പാര്‍വ്വതിമാരില്‍ നിന്നും ഭൂമി സ്വീകരിച്ചു. മനുഷ്യര്‍ക്കു വേണ്ടി ഇവിടെ തപസ്സനുഷ്ഠിച്ച ഭഗവാന്‍ ബ്രഹ്മചാരിയല്ല, മറിച്ച് ലക്ഷ്മീസമേതനായാണ് കുടികാള്ളുന്നത്.

ഭാരതദേശം മുഴുവന്‍ സഞ്ചരിച്ചെത്തിയ ആദിശങ്കരാചാര്യ സ്വാമികള്‍ ബദരിനാഥിലെ ഒരു ഗ്രാമമായ ജ്യോതിര്‍മഠത്തിലാണ് ധ്യാനത്തിലിരുന്നത്. ഈ സമയം അനുഭവപ്പട്ട ഉള്‍വിളിയിലാണ് അദ്ദേഹം ബദരികാശ്രമത്തില്‍ എത്തുന്നതും അളകനന്ദയില്‍ നിന്നും ബദരിനാഥന്റെ സാളഗ്രാമ ശിലയിലുള്ള വിഗ്രഹം കണ്ടെടുത്ത് പുനഃപ്രതിഷ്ഠ ചെയ്യുന്നതും. കേരളീയ ശൈലിയില്‍ പൂജാക്രമങ്ങള്‍ ചിട്ടപ്പടുത്തിയതും, വടക്കന്‍ കേരളത്തില്‍ നിന്നുള്ള മലയാള ബ്രാഹ്മണരെ പൂജാകാര്യങ്ങളുടെ ചുമതല ഏല്പിച്ചതും ആദിശങ്കരാചാര്യര്‍ നിഷ്‌കര്‍ഷിച്ചത് പ്രാകാരമാണ്. അത് ഇന്നും തുടര്‍ന്നുവരുന്നു.

രാജ്യത്തെ ഇതര ക്ഷേത്രങ്ങളുമായൊന്നും ബദരിനാഥിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. അത്രത്തോളം കടുത്ത നിഷ്ഠകളോടു കൂടിയാണ് അവിടുത്തെ ചടങ്ങുകള്‍ നടക്കുന്നത്. ഭഗവാന്‍ ലക്ഷ്മീസമേതനാണൈങ്കിലും ഇവിടെ ദേവസേവകനായ പൂജാരി ബ്രഹ്മചാരിയാണ്. ഇവിടെ പത്മാസനത്തില്‍ ധ്യാനത്തിലാണ് ഭഗവാന്‍. പത്മാസനരൂപിയായ ഭഗവാന്റെ ഏക ക്ഷേത്രം ബദരിനാഥിലേതാണ്. കമണ്ഡുലുവും ജപമാലയുമായിട്ടാണ് തപസ്സ് ചെയ്യുന്നത്. ഈ തപസ്സ് പ്രപഞ്ചത്തിലെ ഓരോ ജീവജാലകങ്ങള്‍ക്കുമുള്ള സന്ദേശം കൂടിയാണെന്ന് കരുതപ്പെടുന്നു. നാരദ മഹര്‍ഷിക്ക് ശാപമോക്ഷം ഉള്ളത് ബദരികാശ്രമത്തില്‍ മാത്രമാണ്. 18 പുരാണങ്ങളിലും ബദരികാശ്രമം പരാമര്‍ശിക്കപ്പടുന്നുണ്ട്. വ്യാസമഹര്‍ഷി മഹാഭാരതം ചമച്ചത് ഈ ആശ്രമത്തിലാണ്. കുറച്ചുദൂരം സഞ്ചരിക്കുന്ന സരസ്വതി നദിയെ കാണാന്‍ കഴിയുന്നതും ഇവിടെയാണ്, കേശവ പ്രയാഗയില്‍.

ബദരികാശ്രമം വഴിയാണ് പാണ്ഡവര്‍ വനവാസകാലം കഴിച്ചുകൂട്ടിയത്. ഈ ക്ഷേത്രവുമായി ബന്ധപ്പട്ട ഗ്രാമങ്ങള്‍ പാണ്ഡുവേശ്വരം, ധാവണി, മാന, ജ്യോതിര്‍മഠം എന്നിവയാണ്. ചൈന അതിര്‍ത്തിയിലുള്ള മാന എന്ന ഗ്രാമത്തില്‍ നിന്നാണ് ആറുമാസം നട അടയ്ക്കുമ്പോള്‍ ഭഗവാന് ചാര്‍ത്താനുള്ള കമ്പിളി ജനങ്ങള്‍ എത്തിക്കുന്നത്. ധാവണി എന്ന ഗ്രാമത്തിലെ ആള്‍ക്കാരാണ് ഭഗവാന് ആ സമയം അഭിഷേകം ചെയ്യാനുള്ള നെയ്യ് എത്തിക്കുന്നത്. ഈ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാണ് നട അടച്ചുകിടക്കുന്ന ആറ് മാസക്കാലത്തേക്കുള്ള അഖണ്ഡ ജ്യോതിക്കായി പ്രത്യേക ഔഷധക്കൂട്ട് ഒരുക്കുന്നത്.  

മനുഷ്യപൂജ റാവല്‍ജി എന്ന സ്ഥാനത്തുള്ളയാളും ദേവപൂജ നാരദ മഹര്‍ഷിയുമാണ് നിര്‍വഹിച്ചുവരുന്നത്. ബദരിനാഥ് ക്ഷേത്രത്തിന് ഏതാണ്ട് 1500 വര്‍ഷത്തോളം പഴക്കമുള്ളതായിട്ടാണ് കണക്കാക്കുന്നത്. വര്‍ഷത്തില്‍ ആറുമാസം മാത്രം തുറന്നിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഭഗവാന്‍ പത്മാസനത്തില്‍ ധ്യാനത്തിലായതിനാല്‍ ഈ സ്ഥലത്തൈ സംബന്ധിച്ചിടത്തോളം പൂജയ്ക്ക് മാത്രമുള്ള ഇടമാണ്. ശ്രീമദ് ഭാഗവതത്തില്‍ 'എന്റെ ആശ്രമം, എന്റെ ഭൂമി' എന്ന അര്‍ത്ഥത്തിലാണ് ഭഗവാന്‍ ഈ ദേശത്തെ പറഞ്ഞിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റ പ്രത്യേകതകളെക്കുറിച്ച് സ്‌കന്ദപുരാണത്തിലാണ് പ്രധാനമായും വിവരിച്ചിട്ടുള്ളത്. അതില്‍ പറഞ്ഞ പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നതും. അതുകൊണ്ടുതന്നെ ഇവിടുത്തെ മൂര്‍ത്തിയെ ആവാഹിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പൂജ ചെയ്യാന്‍ കഴിയില്ല. മറിച്ച് ചില പുസ്തകങ്ങളിലും മറ്റും രേഖപ്പെടുത്തിയിട്ടുള്ളത് ശരിയല്ല.

കേരളീയ സമ്പ്രദായത്തിലുള്ള (പരശുരാമ) പൂജകളാണ് നടക്കുന്നത്. മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപ്പട്ട സ്ഥലം കൂടിയാണിവിടം. ഭാരതത്തിന്റെ പരദേവതയെ സേവിക്കാനുള്ള നിയോഗം കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് എന്നത് പ്രധാനപ്പട്ടതാണ്. പക്ഷേ, ബദരിനാഥനക്കുറിച്ചുള്ള അറിവില്‍ കേരളം ഇന്നും വളരെ പിന്നിലാണ്. ഭാഗവത സപ്താഹങ്ങളൊക്കെ സജീവമായതോടെയാണ് ബദരിനാഥിനെ കൂടുതലായി അടുത്തറിയാന്‍ മലയാളിക്ക് വഴിെയാരുങ്ങിയത്. അതിന്റെ മാറ്റങ്ങള്‍ ദൃശ്യവുമാണ്. നിരവധി മലയാളി തീര്‍ത്ഥാടകര്‍ ഇപ്പോള്‍ ബദരിനാഥില്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് മുമ്പ് 20-25 ലക്ഷം തീര്‍ത്ഥാടകര്‍ ഇവിടെ എത്താറുണ്ടായിരുന്നു. കോവിഡിന്റെ തീവ്രത കുറഞ്ഞശേഷം കഴിഞ്ഞ ഒക്ടോബറിലാണ് തീര്‍ത്ഥാടകരുടെ കാര്യമായ വരവ് ഉണ്ടായത്.  

ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളെക്കുറിച്ചും അദ്ദേഹത്തിന്റെ മാഹാത്മ്യത്തക്കുറിച്ചും തിരിച്ചറിയണമെങ്കില്‍ കേരളത്തിന് പുറത്ത് ചെല്ലണം. നമ്മള്‍ മലയാളികള്‍ ഇന്നും അദ്ദേഹത്തക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയാറായിട്ടില്ല, അതുകൊണ്ടുതന്നെ ശങ്കരമാഹാത്മ്യം എന്തെന്ന് അറിയുകയുമില്ല- റാവല്‍ജി പറഞ്ഞു നിര്‍ത്തി.

 

റാവല്‍ജി കിരീടം വയ്ക്കാത്ത രാജാവ്

നരനാരായണന്മാര്‍ തപസ്സനുഷ്ഠിച്ച പുണ്യഭൂമിയായി അറിയപ്പടുന്ന ബദരിനാഥിലെ മഹാക്ഷേത്രത്തില്‍ റാവലിനെ നിയമിക്കുന്നത് ക്ഷേത്രസമിതിയും ടെഹരി ഗഢ്വാളിലെ രാജാവും സംയുക്തമായി ആലോചിട്ടാണ്. സംസ്‌കൃതത്തിലും, പൂജാക്രമങ്ങളിലും അഗാധ പാണ്ഡിത്യമുള്ളവരാണ് ഇതിലേക്ക് നിയോഗിക്കപ്പടുക. റാവല്‍ജിയായി നിയോഗിക്കപ്പെടുന്നവരെ ടെഹരി രാജാവ് സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് പണികഴിപ്പിച്ച ദണ്ഡും, സ്വര്‍ണ വളകളും, രാജോചിതമായ മേല്‍വസ്ത്രങ്ങളും നല്‍കിയാണ് മേല്‍ശാന്തിയായി അവരോധിക്കുന്നത്. ചുരുക്കത്തില്‍ ബദരിപുരിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് റാവല്‍ജി.  


അതിര്‍ത്തി സേനാംഗങ്ങള്‍ പോലും മൂന്ന് മാസത്തില്‍ കൂടുതല്‍ ഇവിടെ ജോലി ചെയ്യാറില്ല. പക്ഷേ, റാവല്‍ജി ഏഴ് മാസത്തോളം ഇവിടെയുണ്ടാകും. അത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പുറപ്പെടാശാന്തി നിലവില്‍ വരുന്നതിന് മുമ്പുതന്ന റാവല്‍ജി ആ നിലയിലായിരുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ കാര്‍ക്കശ്യമുള്ളതിനാല്‍ തികഞ്ഞ ബ്രഹ്മചാരിയായി കഠിനമായ നിഷ്ഠകളിലൂന്നി ഒരുപാട് ത്യാഗവും സഹനക്തിയും ഉള്‍ക്കാള്ളുന്നതാണ് റാവല്‍ജിയുടെ ജീവിതം. നട അടച്ചിരിക്കുന്ന കാലയളവില്‍ മുമ്പ് ക്ഷേത്രത്തിന് സമീപമുള്ള ജ്യോതിര്‍ മഠത്തിലായിരുന്നു താമസം. ഇപ്പോള്‍ നാട്ടിലേക്ക് പോരാം. അതിശൈത്യവും മഞ്ഞുവീഴ്ചയൊന്നും മുഖവിലയ്ക്കടുക്കാതെയാണ് പൂജകളൊക്കെ നടത്തുന്നത്. തീര്‍ത്ഥാടനകാലം തുടങ്ങിയാല്‍ പുലര്‍ച്ചെ നാല് മുതല്‍ അര്‍ദ്ധരാത്രി വരെ നട തുറന്നിരിക്കണം.  

 

ഉദ്ധവര്‍, നാരദ മഹര്‍ഷി, കുബേരര്‍

ബദരിനാഥ് ക്ഷേത്രത്തില്‍ ദേവന്റെ വിഗ്രഹത്തില്‍ സ്പര്‍ശിക്കാനുള്ള അധികാരം റാവല്‍ജിക്ക് മാത്രമാണുള്ളത്. ഗര്‍ഭഗൃഹത്തില്‍ ആരാധിക്കുന്ന പ്രധാന ദേവന്‍ മഹാവിഷ്ണുവായ ബദരീനാഥന്‍ തന്നയാണ്. പുറമെ ഉദ്ധവര്‍, നാരദമഹര്‍ഷി, കുബേരര്‍ എന്നിവരും ഇവിടെ പൂജിക്കപ്പടുന്നു. ഭഗവാന്റ വലതുവശത്തായി കുബേര ഭഗവാന്‍, ഇവര്‍ ഇരുവരുടെയും നടുക്കായി ഗരുഢ ഭഗവാന്‍, ഭഗവാന്റ ഇടതുവശത്തായി നാരദ മഹര്‍ഷി, അതിന് പിന്നിലായി ഉദ്ധവര്‍, പിന്നെ നരനാരായണന്‍മാര്‍ എന്നിങ്ങനെയാണ് ക്രമം.. നിത്യപൂജയില്‍ നട അടയ്ക്കുന്ന സമയത്ത് ലക്ഷ്മീദേവിയുട സങ്കല്പത്തിലുള്ള മൂര്‍ത്തി ഗര്‍ഭഗൃഹത്തില്‍ ഭഗവാനോട് ചേര്‍ന്നിരിക്കും. ഭഗവാനോട് ഒപ്പമാണ് ലക്ഷ്മീദേവിയുടെ സാന്നിധ്യവും.

ആറ് മാസം നടയടക്കുന്ന സമയത്ത് ഭഗവാന് പ്രത്യേക ഔഷധക്കൂട്ടോടു കൂടിയ നെയ്യ് അഭിഷേകം ചെയ്ത് കമ്പിളി ചാര്‍ത്തി ദേവപൂജയ്ക്കായി നാരദ മഹര്‍ഷിക്കുള്ള വ്യവസ്ഥകളൊക്ക ചെയ്ത് പ്രത്യേകം ചില പ്രാര്‍ത്ഥനകള്‍ നടത്തും.  അതുകൂടാത ഉദ്ധവര്‍, കുബേരര്‍ തുടങ്ങിയ ദേവതമാരെ പാണ്ഡുവേശ്വരം എന്ന ഗ്രാമത്തിലും ജഗദ്ഗുരു ആദിങ്കരാചാര്യ സ്വാമികളുടെ പല്ലക്ക് ജ്യോതിര്‍ മഠത്തിലും എത്തിക്കപ്പെടും.  

ചില ചാനലുകളില്‍ പറയുന്നത് ശ്രദ്ധയില്‍പ്പട്ടു, നടയടച്ച് കിടക്കുന്ന ആറുമാസം ജ്യോതിര്‍മഠത്തിലാണ് പൂജകളെന്ന്. ഇത് തെറ്റാണ്. പൂജകളൊക്ക രഹസ്യസ്വാഭാവമുള്ളതാണ്. ഭഗവാന്റെ ഇച്ഛക്കനുസരിച്ചേ ഇവിടെ കാര്യങ്ങള്‍ നടക്കുകയുള്ളൂ-അദ്ദേഹം വിശദമാക്കി.

 

400 കോടിയുടെ ബൃഹദ് പദ്ധതി

ഇടക്കാലത്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്ഷേത്രം ഏറ്റടുത്തെങ്കിലും പിന്നീട് മടക്കി നല്‍കി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് ക്ഷേത്ര ട്രസ്റ്റ് നല്‍കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍  400 കോടിയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. ഇതിനുവേണ്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് പൂര്‍ത്തിയായാല്‍ യാത്രാസൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സമഗ്രമായ മാറ്റമായിരിക്കും ബദരിനാഥില്‍ ഉണ്ടാകുക. തീര്‍ത്ഥാടകര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേര്‍ന്ന് ദര്‍നം നടത്തി മടങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് രൂപരേഖയിലുള്ളത്. ഇപ്പോള്‍ കാശിയില്‍ ഉണ്ടായിരിക്കുന്ന വികസനമുന്നേറ്റം ബദരിനാഥിന് വളരെ ഗുണകരമാകുന്നതാണ്. ഋഷികേശിലെ 'നമാമി ഗംഗ' പദ്ധതിയും വളരെയേറെ സഹായകവും ജനപ്രിയവുമായ പദ്ധതിയാണ്.

 

ശങ്കര സാന്നിധ്യം നിറഞ്ഞ മണ്ണ്

ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ ജനിച്ചത് കേരളത്തിലെ കാലടിയിലാണെങ്കിലും കേദാര്‍നാഥില്‍ ഭഗവാനില്‍ വിലയം പ്രാപിച്ചതോടെ ഉത്തരാഖണ്ഡും കേദാര്‍നാഥും ബദരിനാഥും ശങ്കരസാന്നിധ്യം അനുഭവപ്പടുന്ന മണ്ണായി മാറിക്കഴിഞ്ഞു. ശ്രീശങ്കരന്റെ നാട്ടില്‍ നിന്നും എത്തുന്നവരോട് ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രത്യേക മമതയും ബഹുമാനവുമാണ്. കേരളത്തില്‍ നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ജഗദ്ഗുരു ആദിശങ്കരന്റെ നാമധേയം നല്‍കിയില്ലെങ്കിലും ഉത്തരാഖണ്ഡിലെ വിമാനത്താവളത്തിന് താമസിയാത ആദിശങ്കര നാമധേയം കൈവരും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

 

ഉത്തരാഖണ്ഡില്‍  അംഗീകാരമുണ്ട്

കേരളവും ഉത്തരാഖണ്ഡുമായി താരതമ്യം ചെയ്താല്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് ബഹുമാന്യതയും അംഗീകാരവുമുള്ളത് ഉത്തരാഖണ്ഡിലാണ്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഇവിടെ ക്ഷേത്രകാര്യങ്ങളിലുള്ള അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ മുഖ്യമന്ത്രിവരെ സന്നദ്ധമാണ്. ഭക്തിക്കും വിശ്വാസത്തിനുമാണ് അവിടെ പ്രാധാന്യം. ഒരു ബിസിനസ് കേന്ദ്രമല്ല ക്ഷേത്രവും പരിസരവും. ഇവിടെ കേരളത്തിലോ, ക്ഷേത്രങ്ങളുടെ മേല്‍ ഭരണമാണ് നടക്കുന്നത്. ക്ഷേത്രങ്ങള്‍ ഭരിക്കപ്പെടേണ്ട സ്ഥലമല്ല, ധര്‍മ്മ സംരക്ഷണ കേന്ദ്രമന്ന നിലയില്‍ സേവിക്കപ്പെടേണ്ട സ്ഥലമാണ്. ഭക്തിയുടെ അഭാവമാണ് ഭരണത്തിലേക്ക് വഴിമാറുന്നത്. ഭഗവാനെ അടുത്തറിയുന്ന ഭക്തരായിരിക്കണം ക്ഷേത്രങ്ങളുടെ സാരഥ്യത്തില്‍ ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ നാടിനും ദേശത്തിനും ഉയര്‍ച്ച ഉണ്ടാകൂ. ഇക്കാര്യത്തില്‍ കേരളത്തിന് ഉത്തരാഖണ്ഡിനെ മാതൃകയാക്കാവുന്നതാണ്.

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.