×
login
ആസിഡില്‍ അലിഞ്ഞ മെഡലുകള്‍

ഡൈനമിറ്റിന്റെ കണ്ടെത്തലിലൂടെ ലോക പ്രശസ്തനായ മഹാശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേല്‍ തന്റെ സമ്പാദ്യം വിനിയോഗിച്ചാണ് നൊബേല്‍ സമ്മാനം ആരംഭിച്ചത്. ലോക നന്മയ്ക്കായി താന്‍ കണ്ടെത്തിയ ഡൈനമിറ്റ് യുദ്ധകാലങ്ങളില്‍ മരണദൂതനായി മാറുന്നതു കണ്ട കുറ്റബോധമാണ് അദ്ദേഹത്തെ ഇത്തരമൊരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്. മനുഷ്യരാശിയുടെ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരെ ആദരിക്കാന്‍ പ്രേരിപ്പിച്ചത്.

മഹാശാസ്ത്രജ്ഞനായ നീല്‍സ് ബോര്‍ സ്ഥാപിച്ച ലോക പ്രശസ്ത ഗവേഷണ ശാല. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയററ്റിക്കല്‍ ഫിസിക്‌സ്. ഒട്ടേറെ ഗവേഷകര്‍ പണിയെടുക്കുന്ന സ്ഥാപനം. സഭാ ഗൗരവം മുറ്റിനില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ അന്നൊരിക്കല്‍ ഒരുനാള്‍ ആ ഗവേഷകരെല്ലാം പേടിച്ചുവിറിച്ചു. ജീവന്‍ രക്ഷിക്കാന്‍ പരക്കം പാഞ്ഞു. കാരണം തങ്ങളുടെ നഗരത്തിലേക്ക് നാസിപ്പട ഇരച്ചുകയറി വരികയാണ്. രക്ഷപ്പെടണം, എങ്ങനെയും.

ഗവേഷണശാലയുടെ മേധാവി നീല്‍സ് ബോറിന്റെ പരിഭ്രാന്തി മറ്റൊരു കാര്യത്തിലായിരുന്നു. നാസികള്‍ എന്നെന്നും വെറുക്കുന്ന രണ്ട് ജൂതന്മാരുടെ നൊബേല്‍ സ്വര്‍ണമെഡലുകള്‍ സൂക്ഷിച്ചിരുന്നതവിടെയാണ്. ജര്‍മ്മന്‍ ശാസ്ത്രജ്ഞരായിരുന്ന മാക്‌സ് വോണ്‍ ലവെ (1914), ജയിംസ് ഫ്രാങ്ക് (1925) എന്നിവരുടെ നൊബേല്‍ മെഡലുകള്‍. ജര്‍മ്മനിയിലുള്ള ഒരു തരി സ്വര്‍ണം പോലും അവിടെ നിന്ന് പുറത്ത് കടത്തരുതെന്നുള്ള നാസി ഭരണത്തിന്റെ ഉത്തരവിന് വിരുദ്ധമായാണ് ഇവര്‍ മെഡലുകള്‍ ഡെന്മാര്‍ക്കിന്റെ ആസ്ഥാനമായ കോപ്പന്‍ഹാഗനിലെ ലബോറട്ടറിയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത്.

നാസികള്‍ അത് കണ്ടെത്തിയാല്‍ ആ നിമിഷം കൊന്നുകളയുമെന്നതിന് രണ്ട് പക്ഷമില്ല. 1940 ഏപ്രില്‍ ഒന്‍പതാം തീയതി. നാസിപ്പട കോപ്പന്‍ഹാഗനിലേക്ക് പാഞ്ഞുകയറി. എങ്ങും കൊള്ളയും കൊള്ളിവയ്പും. ലബോറട്ടറിയും കൊള്ളയടിക്കുമെന്നുറപ്പ്. അതിനിടയില്‍ അവര്‍ മെഡല്‍ കാണും. കണ്ടാല്‍ ആ നിമിഷം കൊലപാതകം ഉറപ്പ്. മെഡലുകള്‍ കുഴിച്ചിടാമെന്ന് ഹങ്കേറിയന്‍ ശാസ്ത്രജ്ഞനായ ജോര്‍ജ് ഡി.ഹെവിഡ്. പക്ഷേ അവരത് മാന്തിയെടുത്താലോയെന്ന് നീല്‍സ് ബോറിന് ഭയം. ഹെവിസിനു മുന്നിലുണ്ടായിരുന്നത് ഒരേയൊരു വഴിമാത്രം.

അദ്ദേഹം രസതന്ത്രത്തിലേക്ക് തിരിഞ്ഞു. സാധാരണ രാസവസ്തുക്കളിലൊന്നും സ്വര്‍ണം അലിയില്ല. അതിന് അക്വാറീജിയ തന്നെ കാരണം. മൂന്നു ഭാഗം ഗാഢ ഹൈഡ്രോക്ലോറിക് ആസിഡും ഒരു ഭാഗം നൈട്രിക് ആസിഡും ചേര്‍ന്ന മിശ്രിതം. നിമിഷങ്ങള്‍ക്കകം അക്വാറീജിയ എന്ന 'രാജദ്രാവകം' തയ്യാര്‍. ഹെവിസ് മെഡലുകള്‍ ബീക്കറിലിട്ടു. അവ അലിഞ്ഞു തുടങ്ങി. ദ്രാവകത്തിന്റെ നിറം മാറി. അപ്പോഴേക്കുമെത്തി നാസിപ്പട. വാതില്‍ തകര്‍ത്ത് അവര്‍ ലബോറട്ടറിയില്‍ കയറി. അവിടം അരിച്ചുപെറുക്കി. ഒടുവില്‍ വെറുംകയ്യോടെ മടങ്ങി. സ്റ്റോക്ക് ഹോമിലേക്ക് പലായനം ചെയ്ത ഹെവിസ് യുദ്ധം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും 'അക്വാറീജിയ' നിറഞ്ഞ ആ ബീക്കര്‍ ലാബില്‍ ഭദ്രമായിരിക്കുന്നു. അദ്ദേഹം അതിലെ സ്വര്‍ണം രാസപ്രക്രിയയിലൂടെ തിരിച്ചെടുത്ത് നൊബേല്‍ സമ്മാനം നല്‍കുന്ന സ്വിഡീഷ് അക്കാദമിക്ക് അയച്ചുകൊടുത്തു. അവര്‍ മെഡലുകള്‍ പുനര്‍നിര്‍മിച്ച് രണ്ട് ശാസ്ത്രജ്ഞന്മാര്‍ക്കും വീണ്ടും സമ്മാനിക്കുകയും ചെയ്തു. 1952 ലായിരുന്നു ഈ പുനര്‍ സമ്മാനദാനം നടന്നത്.

നീല്‍സ് ബോറിന് ലഭിച്ച നൊബേല്‍ മെഡലും ഡാനീഷ് ശാസ്ത്രജ്ഞന്‍ ആഗസ്റ്റ് മോഗിന് ലഭിച്ച മെഡലും ഫിന്നീഷ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. അത് ലേലത്തില്‍ പിടിച്ച വ്യക്തി അവ ഡാനിഷ് ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിന് സംഭാവന ചെയ്തു. ഏറ്റവുമധികം നൊബേല്‍ സമ്മാനങ്ങള്‍ നേടിയ രാജ്യം എന്ന ഖ്യാതി അമേരിക്കക്കാണ്. നൊബേല്‍ ചരിത്രത്തില്‍ മൂന്ന് തവണ സമ്മാനം നേടിയെന്ന ബഹുമതി സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസിനും. 1917, 1944, 1963 എന്നീ വര്‍ഷങ്ങളിലാണ് റെഡ്‌ക്രോസിനെത്തേടി നൊബേല്‍ എത്തിയത്. സമാധാനത്തിനുള്ള ആദ്യത്തെ നൊബേല്‍ പുരസ്‌കാരം (1901) ലഭിച്ചത് റെഡ്‌ക്രോസ് സ്ഥാപകനായ ഹെന്‍ട്രി ഡുനണ്ടിനായിരുന്നു. നൊബേല്‍ സമ്മാനം നേടിയ ആദ്യ വനിതയായ മേരിക്യൂറിക്ക് 1903 ലും (ഫിസിക്‌സ്), 1911 ലും (കെമിസ്ട്രി) നൊബേല്‍ ലഭിച്ചു. നൊബേല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അന്ന് 17 വയസ്സ് മാത്രമുണ്ടായിരുന്ന മലാല (2014) ആയിരുന്നു. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം.


ഡൈനമിറ്റിന്റെ കണ്ടെത്തലിലൂടെ ലോക പ്രശസ്തനായ മഹാശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേല്‍ തന്റെ സമ്പാദ്യം വിനിയോഗിച്ചാണ് നൊബേല്‍ സമ്മാനം ആരംഭിച്ചത്. ലോക നന്മയ്ക്കായി താന്‍ കണ്ടെത്തിയ ഡൈനമിറ്റ് യുദ്ധകാലങ്ങളില്‍ മരണദൂതനായി മാറുന്നതു കണ്ട കുറ്റബോധമാണ് അദ്ദേഹത്തെ ഇത്തരമൊരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്. മനുഷ്യരാശിയുടെ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരെ ആദരിക്കാന്‍ പ്രേരിപ്പിച്ചത്.

നൊബേല്‍ സമ്മാനം ആരംഭിച്ചത് 1901 ല്‍ ആയിരുന്നു. എന്നാല്‍ മെഡലിന്റെ രൂപരേഖ തയാറാക്കുന്നതില്‍ വന്ന കാലതാമസം മൂലം യഥാര്‍ത്ഥ മെഡലുകള്‍ തൊട്ടടുത്ത വര്‍ഷം മാത്രമാണ് നല്‍കാന്‍ കഴിഞ്ഞത്. മുന്‍വശത്ത് ആല്‍ഫ്രഡ് നൊബേലിന്റെ രൂപവും പിന്നില്‍ അവാര്‍ഡ് മേഖലയുടെ ആശയം ഉള്‍ക്കൊള്ളുന്ന ചിത്രീകരണവുമാണ് മെഡലില്‍ ഉള്ളത്.

2020 ലെ കണക്ക് പ്രകാരം നൊബേല്‍ സമ്മാനത്തുകയുടെ മൂല്യം ഏകദേശം 1,145,000 അമേരിക്കന്‍ ഡോളറാണത്രേ. 1980 വരെ 200 ഗ്രാം തൂക്കമുള്ള 23 കാരറ്റ് സ്വര്‍ണമെഡലാണ് നൊബേല്‍ തുകയ്‌ക്കൊപ്പം നല്‍കി വന്നിരുന്നത്. അതിന്റെ വ്യാസം 66 മില്ലിമീറ്റര്‍ എന്നും നിശ്ചയിച്ചു. പിന്നീട് മെഡലിന്റെ തൂക്കം 175 ഗ്രാം ആയി കുറച്ചു. സാമ്പത്തിക ശാസ്ത്രത്തിനു നല്‍കുന്ന മെഡലിന് 185 ഗ്രാമും. ഇരുപത്തിമൂന്ന് കാരറ്റ് സ്വര്‍ണമുള്ള 185 ഗ്രാമും. ഇരുപത്തി മൂന്ന് കാരറ്റ് സ്വര്‍ണമുള്ള മെഡല്‍ റീസൈക്കിള്‍ ചെയ്‌തെടുത്ത 18 കാരറ്റ് സ്വര്‍ണത്തിന് വഴിമാറി. ഗ്രീന്‍ഗോള്‍ഡ് അഥവാ 'ഇലക്ട്ര'മാണത്രെ അടിസ്ഥാന നിര്‍മാണ വസ്തു.

പ്രശസ്ത സ്വീഡിഷ് ശില്‍പി എറിക് ലിന്‍ഡ് ബര്‍ഗ് ആയിരുന്നു നൊബേല്‍ മെഡല്‍ രൂപകല്‍പ്പന ചെയ്തത്. ആദ്യകാലത്ത് ഫിസിക്‌സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാഹിത്യം എന്നീ മേഖലകള്‍ക്കാണ് നൊബേല്‍ നല്‍കി വന്നതെങ്കിലും പില്‍ക്കാലത്ത് സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളെയും ഉള്‍പ്പെടുത്തി. സമാധാന മെഡല്‍ നോര്‍വീജിയന്‍ ശില്‍പി ഗുസ്താവ് വിഗിലന്റും സാമ്പത്തിക ശാസ്ത്ര മെഡല്‍ (1968) ഗണ്‍വര്‍ വെന്‍സണ്‍ ലുണ്ട് ക്വിസ്റ്റ് എന്ന ശില്‍പ്പിയും ആണ്. രൂപകല്‍പ്പന ചെയ്തത്.

ബൗദ്ധിക-ശാസ്ത്ര രംഗത്തെ പരമോന്നത അംഗീകാരമാണ് നൊബേല്‍ മെഡലുകള്‍ എങ്കില്‍ കായിക രംഗത്തെ അവസാന വാക്കാണ് ഒളിമ്പിക് മെഡലുകള്‍. 1912 ലെ സ്റ്റോക് ഹോം ഒളിമ്പിക്‌സ് വരെ ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത മെഡലുകളാണ് ഒളിമ്പിക് ജേതാക്കള്‍ക്ക് നല്‍കിയിരുന്നത്. പക്ഷേ പിന്നീട് സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. 92.5 ശതമാനം വെള്ളിയില്‍ നിര്‍മിച്ച് ആറ് ഗ്രാം സ്വര്‍ണം കൊണ്ട് ആവരണം ചെയ്യപ്പെട്ടവയാണ് പില്‍ക്കാലത്തെ ഒളിമ്പിക് സ്വര്‍ണ മെഡലുകള്‍. അറുപത് മില്ലിമീറ്റര്‍ വ്യാസവും മൂന്ന് മില്ലിമീറ്റര്‍ കനവുമുള്ളവ. അവയ്ക്ക് ഏതാണ്ട് 750 ഡോളര്‍ ചെലവ് വരുമെന്ന് കണക്ക്. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന് ആവശ്യമായ മെഡലുകള്‍ ടോക്കിയോ നിര്‍മിച്ചത് ജനങ്ങള്‍ സംഭാവന ചെയ്ത ഇലക്‌ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് വീണ്ടെടുത്ത (റീ സൈക്കിള്‍ ചെയ്ത) ലോഹം ഉപയോഗിച്ചാണത്രേ.

ഒളിമ്പിക് വെള്ളി മെഡല്‍ ശുദ്ധമായ വെള്ളിയിലാണ് തയ്യാര്‍ ചെയ്യുന്നത്. ഏതാണ്ട് 490 ഡോളര്‍ ചെലവു വരും ഇതിന്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള വെങ്കല മെഡലാവട്ടെ 95 ശതമാനം ചെമ്പും അഞ്ച് ശതമാനം നാകവും ചേര്‍ത്താണ് ഉണ്ടാക്കുന്നത്. പക്ഷേ എല്ലാറ്റിന്റെയും വ്യാസം 60 മില്ലി മീറ്റര്‍ തന്നെ. കനം മൂന്ന് മില്ലി മീറ്ററും.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.