×
login
കാവ്യപൗര്‍ണമി പകരുന്ന നിറനിലാവ്

ജന്മപുരാണത്തിലെ ജീവിതയജ്ഞം ഋഗ്വേദത്തിലെ സമന്വയമന്ത്രത്തിന്റെ ആത്മശാന്തിപ്രകരണങ്ങളാല്‍ സമ്പൂര്‍ണമാകുന്നു. പൊന്നിനെ മണ്ണായിക്കാണാന്‍ പഠിപ്പിച്ച ആര്‍ഷസംഹിതയുടെ മാനവികമാനത്തില്‍ വ്യാമോഹങ്ങളുടെ നിരാശാനിര്‍ഭരമായ വാഗ്ദത്തഭൂമികള്‍ അപ്രസക്തങ്ങളായിത്തീരുന്നു എന്നതാണ് കാവ്യത്തിന്റെ ഫലശ്രുതി. ജന്മപുരാണത്തെ വിലയിരുത്തുമ്പോള്‍ അക്കിത്തത്തിലേക്ക് പലപാട് കവിക്കൊപ്പം നിരൂപകയും പോകുന്നുണ്ട്.

ഡോ.ആര്‍. അശ്വതിയുടെ കാവ്യപൗര്‍ണമി എന്ന പഠനഗ്രന്ഥം വേറിട്ടതാകുന്നത് അത് മലയാള നിരൂപണസാഹിത്യലോകത്തോടുള്ള ശക്തമായ പ്രതികരണമെന്ന നിലയ്ക്കാണ്. സമശീര്‍ഷരും മുന്‍ഗാമികളുമായ മഹാകവികളോടൊപ്പമോ, അവരുടെ രചനാവൈഭവത്തെക്കാള്‍ പലപ്പോഴും ഒരു പടി മുമ്പിലോ കടന്നുനിന്നിട്ടും വേണ്ട രീതിയില്‍ അപഗ്രഥിക്കപ്പെടാതെ പോയ ഒരു കവിയുടെ കവിതാവാങ്മയങ്ങളെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഈ കൃതി.  

എസ്. രമേശന്‍നായര്‍ എന്ന ഈ കവി മലയാളത്തിനെന്തായിരുന്നു എന്ന കൃത്യമായ നിരീക്ഷണമുണ്ട് കാവ്യപൗര്‍ണമിയുടെ താളുകളില്‍. 'കാലം പോലെ... മഹാകവിയാരെന്ന ചോദ്യം. പ്രളയകാലം വരെ അത് എസ്. രമേശന്‍ നായര്‍ എന്ന ഒറ്റ ഉത്തരം' എന്ന് 'ഇത് കൃഷ്ണനിയോഗം' എന്ന തലക്കെട്ടില്‍ കാവ്യപൗര്‍ണമി എന്ന പുസ്തകത്തിലേക്ക് നയിച്ച വികാരങ്ങളെ ഡോ. അശ്വതി വിശേഷിപ്പിക്കുന്നുണ്ട്. കേവലമായ ആരാധനയ്ക്കപ്പുറം രമേശന്‍നായരുടെ കവിതകള്‍ പകരുന്ന വിവേകവും ഊര്‍ജ്ജവും ആ വിശേഷണത്തിലുണ്ട്. അതിന് എഴുത്തുകാരി പേരിടുന്നത് കൃഷ്‌ണോര്‍ജ്ജം  എന്നാണ്.

കസ്തൂരിഗന്ധി മുതല്‍ ഗുരുപൗര്‍ണമി വരെ നിറയുന്ന കവിതയുടെ വേദാന്തത്തെ അറിയുകയും അത് വായനക്കാരിലേക്ക് കൃത്യമായി പകരുകയും ചെയ്യുന്നുണ്ട് കാവ്യപൗര്‍ണമി. രമേശന്‍നായരുടെ ജന്മപുരാണത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്നാണ് അശ്വതി നിരൂപിക്കുന്നത്. ദുരവസ്ഥയില്‍ കുമാരനാശാന്‍ മുന്നോട്ടുവെച്ച വര്‍ണസങ്കരം ജന്മപുരാണത്തിന്റെ പൂര്‍വ്വാപര സാധ്യതയാണെന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരി കവിതയുടെ വിപ്ലവത്തെ യഥാര്‍ത്ഥമാനവധര്‍മ്മമെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ജന്മപുരാണത്തിലെ ജീവിതയജ്ഞം ഋഗ്വേദത്തിലെ സമന്വയമന്ത്രത്തിന്റെ ആത്മശാന്തിപ്രകരണങ്ങളാല്‍ സമ്പൂര്‍ണമാകുന്നു. പൊന്നിനെ മണ്ണായിക്കാണാന്‍ പഠിപ്പിച്ച ആര്‍ഷസംഹിതയുടെ മാനവികമാനത്തില്‍ വ്യാമോഹങ്ങളുടെ നിരാശാനിര്‍ഭരമായ വാഗ്ദത്തഭൂമികള്‍ അപ്രസക്തങ്ങളായിത്തീരുന്നു എന്നതാണ് കാവ്യത്തിന്റെ ഫലശ്രുതി. ജന്മപുരാണത്തെ വിലയിരുത്തുമ്പോള്‍ അക്കിത്തത്തിലേക്ക് പലപാട് കവിക്കൊപ്പം നിരൂപകയും പോകുന്നുണ്ട്. പദം തെരഞ്ഞെടുക്കല്‍മുതല്‍ കാവ്യം മുന്നോട്ടുവയ്ക്കുന്ന സന്ദേശത്തില്‍ വരെ അത് പ്രകടമാണ്. 1980കളിലെ ആധുനികതയുടെ നട്ടുച്ചനേരത്ത് ഫ്യൂഡല്‍ത്തകര്‍ച്ചയുടെ ഏടുകളില്‍ നിന്ന് ദേവദത്തന്‍ എന്ന ആ ഭാവിപൗരന് എസ്. രമേശന്‍ നായര്‍ പേരിട്ടത് 'നരവര്‍ഗ്ഗനവാതിഥി' യുടെ അതേ മുഖച്ഛായയിലാണെന്ന നിരീക്ഷണം ഒരു വിമര്‍ശനമല്ല, മറിച്ച് ഭാഷയിലും ഭാവത്തിലും പുലര്‍ത്തുന്ന പൈതൃകവാസനകളെന്ന കൃത്യമായ നിരീക്ഷണമാണ്.


കാവ്യപൗര്‍ണമിയുടെ ഈ എഴുത്തുരീതിയെ നിരൂപണമെന്നോ പഠനമെന്നോ പറയാതെ ആസ്വാദനമെന്ന മനോഹരമായ പദം കൊണ്ടാണ് പുസ്തകത്തിന്റെ അവതാരികയില്‍ ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിക്കുന്നത്. എഴുത്തുകാരിക്ക് ഗുരുസ്ഥാനീയനും അത്രമേല്‍ ആരാധ്യനുമായ എസ്. രമേശന്‍നായരുടെ മനോഹരങ്ങളായ കവിതകളെ ആസ്വദിക്കുക എന്നതിനൊപ്പം പറയേണ്ടത് ആര്‍ജ്ജവത്തോടെ പറയാന്‍ പക്ഷേ മടിക്കുന്നുമില്ല. കേവലമായ സ്തുതിപാടലല്ല, മറിച്ച് കാലത്തിന്റെയും സമൂഹത്തിന്റെയും വര്‍ത്തമാനങ്ങളില്‍ നിന്ന്, അതിന്റെ തീക്ഷ്ണതകളില്‍ ചുവടുറപ്പിച്ച് എസ്. രമേശന്‍നായര്‍ എന്ന മഹാകവിയെ വിലയിരുത്തുകയും കവിതകളെ കാലോചിതമായി അവതരിപ്പിക്കുകയും ചെയ്യുക എന്ന ഉദാത്തമായ കൃത്യം കൂടി ഡോ. അശ്വതി ഇതില്‍ നിര്‍വഹിക്കുന്നുണ്ട്.  

ഗുരുപൗര്‍ണമി എന്ന മഹാകാവ്യത്തെ അതിന്റെ സമഗ്രതയില്‍ അല്ലെങ്കില്‍ കൂടി വിലയിരുത്തുമ്പോള്‍ ആസ്വാദനത്തിന്റെ ആഖ്യാനം കാലോചിതമാകുന്നത് നമുക്ക് തിരിച്ചറിയാനാകും. കവിതയില്‍ രേഖപ്പെടുത്തുന്ന ജീവചരിത്രമല്ല, ഗുരുപൗര്‍ണമി. സംസ്‌കാരങ്ങളുടെ ലോകഗുരുവായി ഭാരതം മാറുന്ന മഹത്വപാരമ്പര്യത്തിന്റെ സനാതനത്വമാണ് അതില്‍ സാര്‍ത്ഥകമാകുന്നതെന്ന നിരീക്ഷണം എത്ര കരുത്തുറ്റതാണ്! കവിതയ്ക്കുമുണ്ടൊരു സംന്യാസഭാവമെന്നും അത് കാലഘട്ടങ്ങളുടെ ആത്മീയാന്തര്‍ഭാവങ്ങളെ ആവാഹിച്ച മന്ത്രസിദ്ധിയായി മാറുന്നുവെന്നുമുള്ള വിലയിരുത്തല്‍ കവിദര്‍ശനത്തിന്റെ  ആകത്തുകയാണ്.

പ്രണയവും ഭക്തിയും ആക്ഷേപഹാസ്യവും ആത്മതത്വവുമെല്ലാം ഒരേ തൂലികയിലൂടെ ഒഴുകിപ്പരക്കുന്ന സര്‍ഗ്ഗപ്രവാഹത്തെ ഒരു കൈക്കുടന്നയില്‍ കോരി പുതിയകാലത്തിന് ചേരും വിധം സമര്‍പ്പിക്കുകയെന്ന നിയോഗമാണ് കാവ്യപൗര്‍ണമിയിലൂടെ ഡോ.ആര്‍. അശ്വതി നിര്‍വഹിക്കുന്നത്. ഏറെ പഠിക്കേണ്ടതുണ്ട്, ഏറെ പറയേണ്ടതുണ്ട് എസ്. രമേശന്‍നായരുടെ കവിതാസമ്പത്തിനെപ്പറ്റിയെന്ന പ്രേരണ പകരാനുള്ള മഹത്തരമായ ഉദ്യമമാണ് ആഴത്തിലിറങ്ങി പഠിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ നിറപൗര്‍ണമി.  

രാഷ്ട്രീയവും വിദ്വേഷവും പക്ഷപാതവും തമസ്‌കരണവും നിറഞ്ഞ് ഇരുള്‍ പടര്‍ന്ന എഴുത്തുവഴികളിലെ പൂര്‍ണനിലാവാണ് കാവ്യപൗര്‍ണമി. ഇങ്ങനെയും ഒരു ധാരയുണ്ടെന്ന് ബോധപൂര്‍വ്വം മുഖം തിരിച്ചുനടന്നവരോടുള്ള ധീരമായ ഓര്‍മ്മപ്പെടുത്തലാണ്. എസ്. രമേശന്‍നായരുടെ കവിതകളെപ്പോലെ കവിതയെക്കുറിച്ചുമുള്ള ഈ പഠനവും കൃഷ്ണാര്‍പ്പണമാകുന്നത് ഈ അര്‍ത്ഥത്തില്‍ കൂടിയാണ്.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.