×
login
ബാന്റിങ്ങും തോംസണും ഇന്‍സുലിനും

ശാസ്ത്രവിചാരം

ഡോ. അനില്‍ കുമാര്‍

പ്രമേഹം ബാധിച്ച് അത്യാസന്ന നിലയിലായ ഒരു കുട്ടി. തീര്‍ത്തും അബോധാവസ്ഥയില്‍ കിടക്കുകയാണവന്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ തൂങ്ങിനിന്ന ആ 14 കാരന്റെ പേര് ലിയോനാര്‍ഡ് തോംസണ്‍. മരണാസന്നനായ അവന്റെ അടുത്തേക്ക് മരുന്നു നിറച്ച സിറിഞ്ചുമായി ഡോ. ഫ്രെഡറിക് ബാന്റിങ് എത്തുന്നു. തണുത്തു തുടങ്ങിയ അവന്റെ ശരീരത്തിലേക്ക് സൂചി കടത്തുന്നു. പശുവിന്റെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നെടുത്ത് ശുചീകരിച്ച ആ ദ്രാവകം തോംസന്റെ സിരകളിലേക്ക് കടക്കുന്നത് ബാന്റിങ്ങും സഹായി ചാള്‍സ് ബെസ്റ്റും നിര്‍നിമേഷരായി നോക്കി നില്‍ക്കുകയാണ്.

ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ കുട്ടിയുടെ രക്തത്തില്‍ അപായകരമാംവിധം ഉയര്‍ന്നുനിന്ന പഞ്ചസാര (ഗ്ലൂക്കോസ്)യുടെ അളവ് താഴ്ന്നുവന്നു. ഒടുവില്‍ അത് സാധാരണനിലയിലെത്തി. ഡോക്ടറും സഹായിയും സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇതാ ഒരു അത്ഭുതമരുന്ന്. പ്രമേഹ രോഗികള്‍ ഇനി മരിക്കില്ല. കോടാനുകോടി പ്രമേഹ രോഗികളുടെ ജീവിതത്തില്‍ പ്രത്യാശയുടെ വെള്ളി വെളിച്ചം പരത്തിയ ആ മാന്ത്രിക മരുന്ന് കുത്തിവച്ച ദിവസം 1922 ജനുവരി 11 ഇന്‍സുലിന്‍ എന്ന ആ മരുന്നിന് ഈ വര്‍ഷം ആറ് വയസ്സ് തികയുന്നു.

പട്ടിയുടെ പാന്‍ക്രിയാസ് ഗ്രന്ഥിയെ ആധാരമാക്കി 1889 ല്‍ രണ്ട് ജര്‍മന്‍ ഗവേഷകര്‍ തുടങ്ങിവച്ച ഗവേഷണത്തിന്റെ വിജയകരമായ പരിസമാപ്തി ആയിരുന്നു 1922 ല്‍ സംഭവിച്ചത്. കാനഡയിലെ യുവ സര്‍ജനായിരുന്ന ബാന്റിങ്ങും മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചാള്‍സ് ബസ്റ്റും ചേര്‍ന്ന് പ്രമേഹ നിവാരണ മരുന്നിനുള്ള ശ്രമം തുടങ്ങിയതും ഇതേ രീതിയില്‍ത്തന്നെ. ലക്ഷ്യം പട്ടിയുടെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും ഇന്‍സുലിന്‍ വേര്‍തിരിച്ചെടുക്കുക. അങ്ങനെ അവര്‍ ഉണ്ടാക്കിയെടുത്ത ദ്രാവകത്തെ 'തവിട്ടുനിറമുള്ള കുറുകുറുത്ത ചെളി' എന്നായിരുന്നു വിമര്‍ശകര്‍ കളിയാക്കി വിളിച്ചത്. അതീവ ഗുരുതരമായ പ്രമേഹം ബാധിച്ച ഒരു പട്ടിയെ ഈ തവിട്ട് ദ്രാവകം കുത്തിവച്ച് രോഗമുക്തരാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. പക്ഷേ കുത്തിവയ്ക്കാനുള്ള മിശ്രിതം തീര്‍ന്നതോടെ പട്ടി ചത്തുവെന്നത് കഥയുടെ മറുവശം. വീണ്ടും പരീക്ഷണങ്ങളുടെ നാളുകള്‍. ഒടുവില്‍ കന്നുകാലികളുടെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്ന് ശുദ്ധമായ ഇന്‍സുലിന്‍ രൂപപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചു. ആ ദ്രാവകമാണ് മരണാസന്നനായ ലിയോനാര്‍ഡ് തോംസണില്‍ കുത്തിവച്ചത്. തോംസണ്‍ രോഗമുക്തനായ വാര്‍ത്ത ലോകമെങ്ങും കാട്ടുതീപോലെ പടര്‍ന്നു. എലി ലില്ലി എന്ന കമ്പനി മരുന്ന് നിര്‍മാണവും തുടങ്ങി. തൊട്ടടുത്ത വര്‍ഷം യുവഗവേഷകനായ ബാന്റിങ്ങിനെ തേടി നൊബേല്‍ സമ്മാനവുമെത്തി. ഇന്‍സുലിന്‍ നൊബേല്‍ ചരിത്രത്തിന് ഒരു മറുവശവുമുണ്ടായെന്ന് ചരിത്രം. കന്നുകാലിയുടെ പാന്‍ക്രിയാസില്‍ നിന്നെടുത്ത പദാര്‍ത്ഥം ശുദ്ധി ചെയ്യാന്‍ സൗകര്യം തേടി ഗവേഷകന്‍ അലഞ്ഞുതിരിഞ്ഞ നാളുകള്‍. അതിന് ആധുനിക സൗകര്യങ്ങളുള്ള ഒരു ലബോറട്ടറി അത്യാവശ്യം. കാര്‍ബോ ഹൈഡ്രേറ്റ് വിദ്യയില്‍ കേമനായ പ്രൊഫ. ജോണ്‍ മക്‌ലിയോഡിനെയാണ് ബാന്റിങ് സഹായം തേടി സമീപിച്ചത്. ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷണ മേധാവിയായിരുന്ന ജോണ്‍ മക്‌ലിയോഡ് പക്ഷേ പാന്‍ക്രിയാസ് ഗവേഷണത്തില്‍ തീരെ താല്‍പര്യം കാണിച്ചില്ല. ഏറെ സമ്മര്‍ദ്ദത്തിനുശേഷമാണ് തന്റെ ഗവേഷണശാല ഉപയോഗിക്കാന്‍ അദ്ദേഹം ബാന്റിങ്ങിനെ അനുവദിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1921 മെയ് മാസത്തില്‍. ലബോറട്ടറിയില്‍നിന്ന് ശുദ്ധീകരിച്ചെടുത്ത ആ മരുന്ന് പ്രമേഹം മൂലം വലഞ്ഞ 'മാര്‍ജാരി' എന്ന പട്ടിയില്‍ ആദ്യമായി പ്രയോഗിക്കുകയും ചെയ്തു.


ആവശ്യത്തിന് പാന്‍ക്രിയാസ് ഗ്രന്ഥികള്‍ ലഭിക്കുന്നത് അന്ന് വലിയൊരു വെല്ലുവിളിയായിരുന്നു ഗവേഷകര്‍ക്ക്. ബാന്റിങ്ങും സഹായിയും അറവുശാലകള്‍ കയറിയിറങ്ങി തങ്ങള്‍ക്കുവേണ്ട ഗ്രന്ഥികള്‍ ശേഖരിച്ചു. അവ ശുദ്ധി ചെയ്ത് കുത്തിവച്ചു. ആയിടക്കാണ് സ്‌കോട്ട്‌ലാന്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രൊഫ. ജോണ്‍ ജെയിംസ് മക്‌ലിയോഡ് മടങ്ങിയെത്തിയത്. ബാന്റിങ്ങിന്റെ 'ഭ്രാന്തന്‍' പരീക്ഷണങ്ങളെ അദ്ദേഹം അതിനിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. അതോടെ അവര്‍ തമ്മിലുള്ള ബന്ധം പാടെ തകര്‍ന്നു. പൊറുതിമുട്ടിയ ഗവേഷകന്‍ ലാബ് ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിക്കുക വരെ ചെയ്തു. പക്ഷേ ചങ്ങാതിമാര്‍ നിരുത്സാഹപ്പെടുത്തി.

പക്ഷേ അധികനാള്‍ കഴിയും മുന്‍പ് മക്‌ലിയോഡ് ഈ ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. അദ്ദേഹം സ്വരം മാറ്റി. ബാന്റിങ്ങിന്റെ മരുന്ന് ശുചീകരണത്തെ പിന്തുണച്ചു. ഈ ഗവേഷണ പദ്ധതിയുടെ അമരക്കാരന്‍ താനാണെന്ന് പറഞ്ഞു തുടങ്ങി. അവയൊക്കെ ബാന്റിങ് നിഷേധിക്കുകയും ചെയ്തു. പക്ഷേ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ബാന്റിങ് ഞെട്ടി. ഇന്‍സുലിന്‍ കണ്ടെത്തിയതിനുള്ള സമ്മാനം രണ്ടുപേര്‍ക്ക്. ബാന്റിങ്ങിനും ഒപ്പം പ്രൊഫസര്‍ മക്‌ലിയോഡിനും. കോപാകുലനായ ബാന്റിങ് നൊബേല്‍ സമ്മാനം സ്വീകരിക്കാന്‍ തുടക്കത്തില്‍ വിസമ്മതിച്ചു. തുടര്‍ന്ന് തനിക്കു കിട്ടിയ നൊബേല്‍ തുകയുടെ നേര്‍പകുതി അദ്ദേഹം തന്റെ സഹായിയായ ചാള്‍സ് ബെസ്റ്റിന് സമ്മാനിച്ചു. ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഇന്‍സുലിന്‍ നൊബേല്‍ അങ്ങനെ നൊബേല്‍ ചരിത്രത്തില്‍ കറുത്ത ഏടായി മാറി.

1891 നവംബര്‍ 14ന് കാനഡയിലെ ഓണ്‍ടേറിയോയിലെ ഒരു ഫാമില്‍ ആയിരുന്നു ബാന്റിങ്ങിന്റെ ജനനം. കുട്ടിയെ ഒരു പുരോഹിതനാക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അവര്‍ അവനെ സെമിനാരിയില്‍ ചേര്‍ക്കുകയും ചെയ്തു. പക്ഷേ സെമിനാരിയുടെ വെളുത്ത ചുമരുകള്‍ക്ക് ബാന്റിങ്ങിന്റെ ഗവേഷണ ത്വരയെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. ബാന്റിങ് ടൊറന്റോയിലെ മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. പഠനത്തിനും ഗവേഷണത്തിനുമൊക്കെ ശേഷം അദ്ദേഹം സൈനിക സേവനവും നടത്തി. രണ്ടു പ്രാവശ്യം കാനഡ സൈന്യത്തില്‍ ബാന്റിങ്  സേവനമനുഷ്ഠിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് കാനഡ സൈന്യത്തിലെ മെഡിക്കല്‍ റിസര്‍ച്ച് വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റിങ് ചെയര്‍മാനായിരുന്നു ബാന്റിങ്.

കോടാനുകോടി ജീവിതങ്ങളെ മരണത്തില്‍നിന്ന് മടക്കിക്കൊണ്ടുവന്ന അദ്ദേഹത്തിന്റെ അന്ത്യം, പക്ഷേ ഏറെ ദയനീയമായിരുന്നു. കാനഡയില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള വിമാനയാത്രയില്‍. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റ് വിമാനത്താവളത്തില്‍ നിന്ന് പറയുന്നയര്‍ന്ന് അദ്ദേഹത്തിന്റെ വിമാനത്തിന്റെ ഒരു എഞ്ചിന്‍ കേട് വന്നു. തിരിച്ചിറക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ എഞ്ചിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇരുട്ടില്‍ തണുത്തുറഞ്ഞ തടാകപ്പരപ്പില്‍ വിമാനമിറക്കാന്‍ പൈലറ്റ് ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ ഒരു ചിറക് ഒരു മരത്തിലിടിച്ച് തകര്‍ന്നു. ബാന്റിങ്ങിന്റെ തലക്കും കാലിനും ഗുരുതരമായി പരിക്കുപറ്റി. തകര്‍ന്ന വിമാനം കണ്ടെത്താന്‍ രക്ഷാ സംഘത്തിനു കഴിഞ്ഞത് നാലാം നാള്‍ മാത്രം. അപ്പോഴേക്കും 49 കാരനായ ബാന്റിങ് ജീവന്‍ വെടിഞ്ഞിരുന്നു.

ഉറുമ്പുകളുടെ തമ്പുരാന്‍ യാത്രയായി. ഉറുമ്പുകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ ഒരു ജീവിതകാലമത്രയും ഉഴിഞ്ഞുവച്ച എഡ്വേഡ് ഓ. വിത്സന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ 92-ാം വയസ്സില്‍ അന്തരിച്ചു. ഒരു പ്രാണി ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച ഡോ. വിത്സന്‍ ഷഡ്പദങ്ങളുടെയും പക്ഷികളുടെയും സസ്തനികളുടെയും സ്വഭാവ വിശേഷങ്ങള്‍ ആഴത്തില്‍ പഠിച്ചു. മനുഷ്യ സ്വഭാവത്തെക്കുറിച്ചും ഉറുമ്പുകളെക്കുറിച്ചും അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ രണ്ടുവട്ടം അദ്ദേഹത്തിന് പുലിറ്റ്‌സര്‍ സമ്മാനം നേടിക്കൊടുത്തു. ജൈവ വൈവിധ്യത്തിന്റെ പ്രചാരകനായിരുന്ന ഡോ.വിത്സന്‍ 'ഡാര്‍വിന്‍ രണ്ടാമന്‍' എന്നും 'ഡാര്‍വിന്റെ പിന്‍ഗാമി' എന്നും അറിയപ്പെട്ടു. അത്രത്തോളം സംഭാവനകളാണ് പരിണാമ ശാസ്ത്രത്തിന് അദ്ദേഹം സമ്മാനിച്ചത്. ഡാര്‍വിനെതിരെയും പരിണാമവാദത്തിനെതിരെയും 'ക്രിയേഷന്‍സ്' തുടങ്ങിയ ശാസ്ത്രവിരോധികള്‍ പ്രചണ്ഡമായ പ്രചരണം നടത്തുന്ന കാലത്തു തന്നെയാണ് ഡോ. വിത്സന്റെ വിടവാങ്ങല്‍ എന്നത് ശാസ്ത്രലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്.

  comment

  LATEST NEWS


  കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.