×
login
ശോകരാഗമായ് അന്നപൂര്‍ണ്ണ

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്ക്കാതെ ജീവിച്ച ആ സാധു തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

വേണു വി. ദേശം

ഇരുപതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ഏറ്റവും മഹത്വപൂര്‍ണ്ണമായ സംഗീതജീവിതമായിരുന്നു അന്നപൂര്‍ണ്ണാദേവിയുടേത്. ഭൗതിക ജീവിതത്തില്‍ ഒരുപാട് തിക്താനുഭവങ്ങള്‍ക്കിരയാകേണ്ടിവന്ന അന്നപൂര്‍ണ്ണ സ്വപ്രത്യയസ്ഥൈര്യത്തോടെ ലോകത്തിന്റെ യുക്തികളെ നേരിട്ടു. മെയ്ഖര്‍ ഖരാനയുടെ ആധികാരികവക്താവായിരുന്നു അന്നയുടെ പിതാവായ ബാബാ അലാവുദ്ദീന്‍ഖാന്‍. ബാബായുടെ മൂത്തമകള്‍ ജഹനാരക്ക് സംഗീതത്തോടുള്ള ഭ്രമം മൂലം ഭര്‍ത്തൃഭവനത്തില്‍ നിന്നും ഹൃദയശൂന്യമായ പെരുമാറ്റമനുഭവപ്പെട്ടിരുന്നു. ജഹനാരയുടെ തംബുരു അവര്‍ തീയിലെറിഞ്ഞു നശിപ്പിച്ചതിന്റെ ആഘാതത്താല്‍ ആ പെണ്‍കുട്ടി മരിച്ചുപോയി. പെണ്‍കുട്ടികളെ ഇനി സംഗീതം പഠിപ്പിക്കുകയില്ല എന്ന നിശ്ചയത്തിലേക്കാണ് ആ ദാരുണ മരണം പിതാവായ ബാബാ അലാവുദ്ദീന്‍ഖാനെ നയിച്ചത്.

പക്ഷേ രണ്ടാമത്തെ മകളായ റോഷനാര പ്രകടിപ്പിച്ച സംഗീതബോധം പിതാവിനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍വലിപ്പിച്ചു. തന്റെ പാരമ്പര്യം നിലനിര്‍ത്തപ്പെടുക റോഷനാരയിലൂടെയാണെന്ന് ബാബയ്ക്ക് ബോദ്ധ്യപ്പെടുകയാലാണത്. വായ്പ്പാട്ടും തന്ത്രിവാദ്യങ്ങളും ബാബ മകളെ പഠിപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് റോഷനാര സംഗീതത്തില്‍ അഗാധപാണ്ഡിത്യം നേടുകയും, മനോധര്‍മ്മങ്ങള്‍ പ്രകടിപ്പിച്ച് പിതാവിനെ വിസ്മയിപ്പിക്കുകയും ചെയ്തു. റോഷനാര എന്ന പേര് കുടുംബവൃത്തങ്ങളില്‍ മാത്രമേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. പുറമേ അവര്‍ അന്നപൂര്‍ണ്ണാദേവിയായിരുന്നു. മേയ്ഖര്‍ രാജാവാണ് ആ പേര് റോഷനാരയ്ക്കു നല്‍കിയത്.  

അനന്തമായ ക്ഷമയും ശാന്തമായ മനസ്സുമാണ് സംഗീതാഭ്യസനത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങള്‍. ഈ രണ്ട് ഗുണങ്ങളും അന്നപൂര്‍ണ്ണയില്‍ സവിശേഷമായി സമ്മേളിച്ചിരുന്നു. അന്നപൂര്‍ണ്ണ സ്വയം സംഗീതത്തിനു സമര്‍പ്പിച്ചു. തന്റെ പിതാവില്‍ നിന്നും സംഗീതമഭ്യസിക്കുവാന്‍ വന്ന രവിശങ്കറിനെ പതിമൂന്നാം വയസ്സില്‍ത്തന്നെ അന്നപൂര്‍ണ്ണയ്ക്കു വിവാഹം കഴിക്കേണ്ടിവന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അന്നപൂര്‍ണ്ണയില്‍ നിന്നാണ് രവിശങ്കര്‍ അഭ്യസിച്ചത്. എല്ലാ സംഗീതോപകരണങ്ങളും വഴങ്ങുമായിരുന്നുവെങ്കിലും 'സുര്‍ബഹാര്‍' എന്ന തന്ത്രിവാദ്യത്തെയാണ് ആയുരന്തം അന്നപൂര്‍ണ്ണ സ്‌നേഹിച്ചിരുന്നത്.


 

ജനപ്രിയതയ്ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യുവാനും സുര്‍ബഹാര്‍ ഉപേക്ഷിച്ച് സിത്താര്‍ സ്വീകരിക്കുവാനുമുള്ള രവിശങ്കറിന്റെ നിര്‍ദ്ദേശം ആദര്‍ശവതിയായ അന്നപൂര്‍ണ്ണയ്ക്കു സ്വീകാര്യമായില്ല. ഭര്‍ത്താവിനുവേണ്ടി അവര്‍ പൊതുപരിപാടികളില്‍ നിന്നും പിന്‍വാങ്ങി. ശുഭോശങ്കര്‍ എന്ന ഒരു പുത്രനെ സമ്മാനിച്ചശേഷം രവിശങ്കര്‍ അന്നപൂര്‍ണ്ണയില്‍നിന്നും അകന്നകന്നുപോയി. ഇതിനിടെ രവിശങ്കര്‍ വലിയ തകര്‍ച്ചയെ നേരിടുകയും ആത്മഹത്യയ്ക്കുപോലും പദ്ധതിയിടുകയും ചെയ്തു. അന്നപൂര്‍ണ്ണ തന്നെയാണ് രവിശങ്കറിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. പക്ഷേ കീര്‍ത്തിയിലും ധനത്തിലും വിവാഹേതരബന്ധങ്ങളിലും മുഴുകിപ്പോയ രവിശങ്കര്‍ തന്റെ കുടുംബത്തെ പിന്നീട് പാടേ മറന്നു. സംഗീതാഭ്യസനം പൂര്‍ത്തിയാക്കുവാന്‍ ഒന്നരവര്‍ഷം മാത്രം ശേഷിക്കെ മകന്‍ ശുഭോശങ്കറിനെ രവിശങ്കര്‍ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ പാരമ്പര്യം മകനിലൂടെ നിലനിര്‍ത്താമെന്ന പ്രതീക്ഷയും അന്നപൂര്‍ണ്ണയ്ക്കു നഷ്ടപ്പെട്ടു. ഒടുവില്‍ ജീവിതായോധനത്തിന് ഒരു മദ്യഷാപ്പില്‍ കണക്കെഴുത്തുകാരനാകേണ്ടിവന്ന ശുഭോശങ്കര്‍ നിസ്വനും രോഗിയുമായി അകാലമരണത്തിന് കീഴടങ്ങി. ജീവിതത്തിലുണ്ടായ എല്ലാ തിരിച്ചടികളേയും സംഗീതാരാധനകൊണ്ടുമാത്രം അന്നപൂര്‍ണ്ണ അതിജീവിച്ചു. പതിറ്റാണ്ടുകള്‍ ഒരു തപസ്വിനിയെപ്പോലെ ഏകാന്തജീവിതം നയിച്ച അന്നപൂര്‍ണ്ണ ചുരുക്കം ചിലരെ സംഗീതവിദ്യ അഭ്യസിപ്പിച്ചു. ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാക്കല്‍പുര്‍, നിഖില്‍ ബാനര്‍ജി തുടങ്ങിയവര്‍ അന്നപൂര്‍ണ്ണയുടെ ശിഷ്യരില്‍പ്പെടുന്നു.

1982-ല്‍ അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ ശിഷ്ടകാലം കഴിക്കണമെന്ന മോഹം രവിശങ്കര്‍ പ്രകടിപ്പിച്ചത്രേ. രവിശങ്കറിനു താമസിക്കുവാന്‍ വേണ്ടത്ര ആഡംബര ഹോട്ടലുകള്‍ ബോംബയിലുണ്ടല്ലോ എന്നായിരുന്നു അന്നപൂര്‍ണ്ണയുടെ പ്രതികരണം.ഒടുവില്‍ പ്രകൃതി സര്‍വ്വംസഹയായ അന്നപൂര്‍ണ്ണയ്ക്ക് ഒരു കൂട്ടുകാരനെ അയച്ചുകൊടുത്തു. സംഗീതമഭ്യസിക്കുവാന്‍ വന്ന റൂഷികുമാര്‍ എട്ടു വര്‍ഷത്തെ പരിചയത്തിനുശേഷം അന്നപൂര്‍ണ്ണയെ ജീവിതസഖിയാക്കി. ദാര്‍ശനികമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്ന റൂഷികുമാര്‍ ഗുരുവിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു. വിവാഹവാര്‍ത്ത കേട്ട രവിശങ്കര്‍ പറഞ്ഞത്രേ-''നൂറു ബില്യണ്‍ വിലയുള്ള വാര്‍ത്ത.''

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുക്കുകയായിരുന്നു. ജീവിതത്തിന്റെ അപരാഹ്നത്തില്‍ മാത്രമാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്ക്കാതെ ജീവിച്ച ആ സാധു 2018 ഒക്‌ടോബര്‍ പതിമൂന്നിന് തന്റെ തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്ക്കാതെ ജീവിച്ച ആ സാധു തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.