×
login
വാവാ സുരേഷ് ചിന്തകള്‍

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്രമല്ല, അതിനുശേഷവും പാമ്പാട്ടികള്‍ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു. അവര്‍ തന്നെയാണ് നാട്ടിന്‍പുറങ്ങളിലെ പാമ്പുകളെ വിശേഷിച്ചു മൂര്‍ഖനെ കൊണ്ടുനടന്നിരുന്നത്. പറമ്പുകളില്‍ അന്വേഷിച്ചു നടന്ന് പിടിച്ച് അവയെ ആട്ടംപഠിപ്പിച്ചു വന്നു. അവയുടെ വര്‍ണവൈവിധ്യത്തെക്കുറിച്ചു ചന്തകളില്‍ നടന്നുവന്ന പാമ്പാട്ട സദസ്സില്‍ അവര്‍ വിവരിക്കുമായിരുന്നു. അതിലും ചാതുര്‍വര്‍ണ്യം. ഓരോ ഇനത്തിലുമുള്ളവയെ പ്രത്യേകം പുറത്തെടുത്തു വിവരിച്ചുവന്നു. തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജ് മൈതാനത്തെ കോണിപ്പാലത്തിനടുത്തുള്ള വിശാലമായ സ്ഥലം ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പാമ്പുകളിക്കാരുടെയും സര്‍ക്കസുകാരുടെയും മന്ത്രവാദികളുടെയും ചെപ്പടി വിദ്യക്കാരുടെയും തേര്‍വാഴ്ചയ്ക്കു വേദിയായിരുന്നു. അവിശ്വസനീയവും അത്ഭുതകരവുമായ വിദ്യകള്‍ അവിടെ കണ്ടിട്ടുണ്ട്.

താണ്ട് ഒരു മാസക്കാലമായി കേരളത്തിലെയും പുറത്തെയും മാധ്യമങ്ങള്‍, അച്ചടി മാധ്യമങ്ങളും മറ്റു ദൃശ്യശ്രാവ്യ മേഖലകളിലുമുള്ളവ, ഏറെ കൈകാര്യം ചെയ്ത ഒരു വിവരം വാവാ സുരേഷിനെ സംബന്ധിച്ചുള്ളവയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി വിഷപ്പാമ്പുകളുടെ കടിയേറ്റവര്‍ക്കും, അവയുടെ ഭീഷണിയുള്ളവര്‍ക്കും ഒരു രക്ഷകനെന്ന നിലയില്‍ അനുഭവപ്പെട്ട ആളായിരുന്നു വാവാ സുരേഷ്. അതിനാല്‍ അദ്ദേഹം താന്‍ നടത്തിയ ഒരു രക്ഷാ ഉദ്യമത്തിനിടെ വലിയൊരു മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അവശനായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുകയും, അവിടത്തെ വിദഗ്ദ്ധ ചികിത്സയിലൂടെ വിഷമുക്തനായി ഇപ്പോള്‍ തിരുവനന്തപുരത്തെ തന്റെ കുടുംബാംഗങ്ങളോടൊപ്പം സുഖം പ്രാപിച്ചുവരികയുമാണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി എല്ലാ ഏര്‍പ്പാടുകളും ഏറ്റവും ഉചിതവും ഉത്തമവുമായ വിധത്തില്‍ നിര്‍വഹിക്കുകയും ദിവസേന ഔപചാരികമായ കുറിപ്പിറക്കിത്തന്നെ ജനങ്ങളെ അറിയിക്കുകയും ചെയ്ത സൂപ്രണ്ടു ഡോ.ടി.കെ. ജയകുമാറും മറ്റു ഡോക്ടര്‍മാരും മന്ത്രി വാസവനുമൊക്കെ അക്കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. രോഗം മാറി വീട്ടിലെത്തിയ വാവാ സുരേഷിനെ സന്ദര്‍ശിക്കാനും അഭിനന്ദിക്കാനും സംസ്ഥാനത്തെ പ്രമുഖരായ ഒട്ടേറെപ്പേര്‍  എത്തിയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രമുഖ പ്രവര്‍ത്തകന്‍ എസ്. സേതുമാധവനും സഹപ്രവര്‍ത്തകരും അവരില്‍പ്പെടുന്നു. വാവാ സുരേഷിനെ അഭിനന്ദിക്കാത്തവരും ആശ്വസിപ്പിക്കാത്തവരും ആരുമുണ്ടാവില്ല.

അതിനിടെ ആക്ഷേപം ആദ്യവും അവസാനവും ഉയര്‍ന്നത് ആധുനിക ആരോഗ്യ വകുപ്പിന്റെ മനോഭാവം തലയ്ക്കു പിടിച്ച ചിലര്‍ക്കാണ്. കോട്ടയത്തിനടുത്ത് പാമ്പ് കയറിക്കൂടിയ ഇടം തിരിച്ചറിഞ്ഞ വീട്ടുകാരും അയല്‍ക്കാരും നിയമാനുസൃതമായി വനംവകുപ്പധികൃതരെ അറിയിച്ചപ്പോള്‍ അവരെത്തി പാമ്പിനെ പിടിക്കാനുള്ള ഔദ്യോഗിക ഉപകരണങ്ങളും കെണികളുമായി എത്തി പഠിച്ച പണി പതിനെട്ടും പയറ്റി ഫലമുണ്ടായില്ല. ആരോ വാവാ സുരേഷിനെയും അറിയിച്ചിരുന്നു. അദ്ദേഹവുമെത്തി, മറ്റവര്‍ക്ക് പിടിക്കാന്‍ കഴിയാത്തതുകൊണ്ട്, പരിശ്രമിച്ചു കൈകൊണ്ടു തന്നെ പിടിച്ച് ചാക്കിലാക്കി. അതിനിടെ എട്ടടി മൂര്‍ഖനെന്ന് തോന്നിക്കുന്ന അതിന്റെ വാലില്‍ പിടിച്ചുയര്‍ത്തി ആളുകളെ കാണിക്കുന്നുണ്ടായിരുന്നു. അതിനിടെ കടിയേറ്റു. പാമ്പ് രോഷാകുലനായതിനാല്‍ അയാളുടെ കാലില്‍ കടിച്ചുവെങ്കിലും അതിനെ സുരക്ഷിതമാക്കിയശേഷം വിവരം അധികൃതരോടു പറയുകയും അവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച്, ലഭ്യമായ എല്ലാ പരിചരണങ്ങളും നല്‍കി ചികിത്സിച്ചു സുഖപ്പെടുത്തുകയുമായിരുന്നു. 'കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുക' എന്ന രീതി നമ്മുടെ നാട്ടിലെ വിഷ ചികിത്സയുടെ 'അറ്റകൈ' പ്രയോഗവുമായിരുന്നു.

വനംവകുപ്പുകാരുടെ വിദഗ്ദ്ധ 'പാമ്പുപിടിയ'ന്മാര്‍ക്ക് മൂര്‍ഖനെ പിടിക്കാന്‍ കഴിഞ്ഞില്ല എന്നതും, വാവാ സുരേഷ് പിടിച്ചുവെന്നതും പച്ചപ്പരമാര്‍ത്ഥമായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഉപകരണങ്ങളും, മാര്‍ഗങ്ങളും അശാസ്ത്രീയവും പിഴവുള്ളതുമായിരുന്നുവെന്ന് വനംവകുപ്പു വിദഗ്ദ്ധര്‍ ആവര്‍ത്തിച്ചു പറയുകയുണ്ടായി. അദ്ദേഹത്തെ ആസ്പത്രിയില്‍നിന്നു വിട്ടയച്ചശേഷവും അവര്‍ അതു പറഞ്ഞിരുന്നു. വനംവകുപ്പുകാര്‍ മുന്‍പു പലപ്പോഴും ഇങ്ങനെയുള്ള അവസരങ്ങളില്‍ തന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സിദ്ധഹസ്തനായ പാമ്പു പിടുത്തക്കാരനാക്കാനുള്ള സകല ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ സവ്യസാചിത്തം കൊടുക്കുവാന്‍ വനം വകുപ്പുകാരും ആരോഗ്യവകുപ്പുകാരും യത്‌നിക്കേണ്ടതാണ്.

ഞാന്‍ മറ്റൊരു വിഷയത്തിലേക്കു ശ്രദ്ധയാകര്‍ഷിക്കാനാണിവിടെ ശ്രമിക്കുന്നത്. കേരളത്തിന് തനതായ വിഷ ചികിത്സയുടെ സമ്പന്നമായ ഒരു പാരമ്പര്യമുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം, അതിനെ പരിപോഷിപ്പിക്കാനും ആധുനിക കാലത്തിന് അനുയോജ്യമാംവിധത്തില്‍ വികസിപ്പിക്കാനും ശ്രമമുണ്ടായില്ല. നമ്മുടെ ഭരണചക്രം തിരിച്ചവര്‍ക്ക് നമ്മുടേതിനോടുള്ള അവജ്ഞയും അവഗണനയും, വിവിധ പാശ്ചാത്യ പരിഷ്‌കാരങ്ങളോടുള്ള ആരാധനയും അതിനിടയാക്കിയെന്നു പറയാതെ നിവൃത്തിയില്ല. നമ്മുടെ നാട്ടിലെ ചെടികളും കായ്കളും പുഷ്പങ്ങളും വേരുകളും പലതരം കല്ലുകള്‍ പോലും വിവിധതരം ചികിത്സകള്‍ക്കുപയോഗിച്ചിരുന്നുവല്ലോ. അവയുടെ മാഹാത്മ്യം അറിഞ്ഞ ഡച്ചുകാര്‍, ഇട്ടി അച്ചുതന്‍ വൈദ്യരെക്കൊണ്ട് വിരചിപ്പിച്ചെടുത്ത ഔഷധി വിജ്ഞാനീയം ഇപ്പോഴും ലോകത്തെ കിടയറ്റ പുസ്തകമാണല്ലോ. കേരള സര്‍വകലാശാല അതിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചുവെന്നറിയാം. തൃപ്രയാറിനടുത്തു ജീവിച്ചിരുന്ന ഒരായുര്‍വേദ വൈദ്യന്‍ വിഷ ചികിത്സയ്ക്കായി നിര്‍മിച്ചെടുത്ത ക്രിയാ കൗമുദിയെന്ന പുസ്തകം (പദ്യമാണ്) കേരളത്തില്‍ കാണപ്പെടുന്ന എല്ലാത്തരം ജീവികളില്‍നിന്ന് ഏല്‍ക്കുന്ന വിഷബാധയുടെ ചികിത്സാ വിധികളും വിവരിച്ചിട്ടുണ്ട്. മരുന്നുകള്‍ തയാറാക്കുന്ന കുറിപ്പടികളും, പ്രയോഗിക്കേണ്ട രീതിയും പഥ്യങ്ങളും അതിലുണ്ട്. എനിക്ക് ചെറുപ്പത്തില്‍ തേളിന്റെ കുത്ത് കൊണ്ടപ്പോള്‍ ഇതിലെ ഒരു പ്രയോഗമാണ് നടത്തിയത്.

ഓരോ ദേശത്തും വിഷവൈദ്യ കുടുംബങ്ങളുണ്ടായിരുന്നു. ബാല ചികിത്സക്കും കണ്ണു വൈദ്യത്തിനും അപ്രകാരമായിരുന്നു. അവരുടെ ലാളിത്യവും തനിമയും അന്യൂനതയും ഇന്നും ആരും വിശ്വസിക്കുകയില്ല. ഞാന്‍ കണ്ണൂര്‍ കേന്ദ്രമായി സംഘപ്രചാരകനായിരുന്ന 1960 കളിലെ ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്. വടക്കേ മലബാറില്‍ അന്നത്തെ ചിറയ്ക്കല്‍ താലൂക്കിലെ പ്രമുഖ കുടുംബമാണ് ആയില്ലത്ത്. സീമാ രക്ഷാ പ്രമുഖ് എ. ഗോപാലകൃഷ്ണന്‍, സാക്ഷാല്‍ എ.കെ. ഗോപാലന്‍, ഈയിടെ പരേതനായ എ.കെ. രാജഗോപാലന്‍ മുതലായവര്‍ അതിലെ അംഗങ്ങളാണ്. അവിടെ അക്കാലത്ത് 60-70 കാലത്ത് എ.കെ.സി നമ്പ്യാര്‍ എന്ന ഒരു മുന്‍ സൈനികനുണ്ടായിരുന്നു. അപ്പന്‍ നമ്പ്യാര്‍ എന്ന് നാട്ടുകാര്‍ വിളിച്ചുവന്നു. പേരെടുത്ത വിഷ ചികിത്സകനായിരുന്നു. തൃപ്പൂണിത്തുറയിലെ പ്രസിദ്ധനായിരുന്ന ഇളയ തമ്പുരാന്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ഇഷ്ടശിഷ്യത്വം നേടി. സംഘാവശ്യത്തിനായി അദ്ദേഹത്തെ സന്ദര്‍ശിച്ച  പലയവസരങ്ങളിലും അദ്ദേഹം വിഷബാധയേറ്റവരുമായി സംസാരിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാവിലെ എണീറ്റ് പ്രഭാത കൃത്യങ്ങളും ധ്യാനവും കഴിഞ്ഞാല്‍ ലക്ഷണംകൊണ്ടു തന്നെ അദ്ദേഹത്തിന് സംഗതികള്‍ ഊഹിക്കാന്‍ സാധിച്ചിരുന്നു. ഭൂതലക്ഷണവും, ഭാഷണവും വഴി ഏറ്റ വിഷം സംബന്ധമായി പാമ്പിന്റെ തരവും വീര്യവും മനസ്സിലാക്കുമായിരുന്നു. ചിലപ്പോള്‍ താന്‍ ചെല്ലേണ്ടതില്ല എന്നു പറയും. ചിലപ്പോള്‍ മരുന്നു തയാറാക്കിക്കൊടുക്കാന്‍ നിര്‍ദേശിക്കും. തന്റെ ഊഹവും ചികിത്സയും ഒരിക്കലും തെറ്റിയിട്ടില്ലെന്നദ്ദേഹം പറഞ്ഞു. വലിയൊരു ഗൃഹസ്ഥാനയിരുന്നതിനാല്‍ അദ്ദേഹത്തിന് മികച്ച ബഹുമതിയും ആദരവും ലഭിച്ചിരുന്നു.

എങ്ങനെയാണ് അക്കാലത്ത് നാട്ടില്‍ വിഷ ചികിത്സയ്ക്കുള്ള ശ്രമം നടന്നത് എന്നു നോക്കാം. 1960 കളില്‍ തന്നെ നാദാപുരം വട്ടോളിക്കടുത്ത് ചങ്ങരംകുളം എന്ന ഗ്രാമത്തിലെ ശാഖാ സംബന്ധമായ കാര്യങ്ങള്‍ക്ക് പോയപ്പോള്‍ അവിടെ വലിയ മേള നടക്കുന്നതുപോലെ തോന്നി. ഒരു വലിയ വീട്ടിന്റെ പരിസരത്ത് നെടുമ്പുരകള്‍ കെട്ടി അതില്‍ ധാരാളം ആളുകള്‍ വിവിധതരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അയല്‍വീടുകളിലെ ഉരല്‍, അരകല്ല്, ഉലക്ക, ഉരുളി, വാര്‍പ്പ്, ചരക്ക് മുതലായവ അവിടെ ഉപയോഗത്തിലാണ്. ധാരാളം പേര്‍ വിറകു കീറുന്നു. ശാഖാ കാര്യവാഹിനോടന്വേഷിച്ചപ്പോള്‍, അതൊരു വിഷ വൈദ്യന്റെ വീടാണെന്നും, ആണ്ടിലൊരിക്കല്‍ അവിടെ മരുന്നു നിര്‍മാണം നാട്ടുകാരുടെ ശ്രമദാനമായി നടക്കാറുണ്ടെന്നും അറിഞ്ഞു. വൈദ്യനും ശിഷ്യന്മാരും ചേര്‍ന്നു കുറിപ്പടികള്‍ ഉണ്ടാക്കും. നാട്ടിലെ ചെറുപ്പക്കാര്‍ പറമ്പുകളിലും പാടത്തും മലകളിലും നടന്ന് പച്ചമരുന്നുകള്‍ പറിക്കും. അതിനു പുറമെ അങ്ങാടി മരുന്നുകള്‍ കോഴിക്കോട്ടു നിന്നോ,  മറ്റിടങ്ങളില്‍നിന്നോ വാങ്ങണം. മേല്‍ മരുന്നുകള്‍ കശ്മീരിലും നേപ്പാളിലും നിന്ന് വരുത്തണം.

എല്ലാവര്‍ക്കും ഭക്ഷണം അവിടെത്തന്നെ തയ്യാറാക്കും. അതിന്റെ ഒരുക്കങ്ങളും ഗംഭീരമായിരുന്നു. മസാലകളരയ്ക്കാനും പൊടിക്കാനും തച്ചോളിപ്പാട്ടുകള്‍ പാടിക്കൊണ്ട് സ്ത്രീകള്‍. ഒരാഴ്ചകൊണ്ട് വന്‍ ആരവങ്ങള്‍ അടങ്ങും. പിന്നെ അവയൊക്കെ കുപ്പികളിലും, ഭരണികളിലും നിറയും, ഔഷധച്ചെടികള്‍ വളപ്പില്‍ കൃഷി ചെയ്യും. ഇത്തരമൊരു ജനകീയ സംരംഭം ആദ്യമായി കാണുകയായിരുന്നു. വിഷ ചികിത്സയ്ക്കു പ്രതിഫലം വാങ്ങുകയില്ല എന്നതായിരുന്നു പാരമ്പര്യം.  ദക്ഷിണയോ കാഴ്ചയോ സമര്‍പ്പിക്കുകയാണ് പതിവ്.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്രമല്ല, അതിനുശേഷവും പാമ്പാട്ടികള്‍ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു.  അവര്‍ തന്നെയാണ് നാട്ടിന്‍പുറങ്ങളിലെ പാമ്പുകളെ വിശേഷിച്ചു മൂര്‍ഖനെ കൊണ്ടുനടന്നിരുന്നത്. പറമ്പുകളില്‍ അന്വേഷിച്ചു നടന്ന് പിടിച്ച് അവയെ ആട്ടംപഠിപ്പിച്ചു വന്നു. അവയുടെ വര്‍ണവൈവിധ്യത്തെക്കുറിച്ചു ചന്തകളില്‍ നടന്നുവന്ന പാമ്പാട്ട സദസ്സില്‍ അവര്‍ വിവരിക്കുമായിരുന്നു. അതിലും ചാതുര്‍വര്‍ണ്യം. ഓരോ ഇനത്തിലുമുള്ളവയെ പ്രത്യേകം പുറത്തെടുത്തു വിവരിച്ചുവന്നു. തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജ് മൈതാനത്തെ കോണിപ്പാലത്തിനടുത്തുള്ള വിശാലമായ സ്ഥലം ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പാമ്പുകളിക്കാരുടെയും സര്‍ക്കസുകാരുടെയും മന്ത്രവാദികളുടെയും ചെപ്പടി വിദ്യക്കാരുടെയും തേര്‍വാഴ്ചയ്ക്കു വേദിയായിരുന്നു. അവിശ്വസനീയവും അത്ഭുതകരവുമായ വിദ്യകള്‍ അവിടെ കണ്ടിട്ടുണ്ട്.

അതുപോലെ കുരങ്ങന്മാരും കിളികളും മറ്റും ഉള്‍പ്പെടുന്ന നാടോടി കുടുംബങ്ങള്‍ ധാരാളമുണ്ടായിരുന്നു. അവയുമായി നാടുനീളെ സഞ്ചരിച്ചു ഉപജീവനം കഴിച്ചുവന്ന അവരെ നാടോടികളെന്നും പ്രാകൃതരെന്നും നാം അധിക്ഷേപിച്ചുവരുന്നു. തത്തകളെ ഉപയോഗിച്ചു ഭാവിഫലം പ്രവചിക്കുന്ന ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. തത്തയെ കൊണ്ടു വര്‍ത്തമാനം പറയിച്ചുവന്നു. വള്ളത്തോളിന്റെ കിളിക്കൊഞ്ചല്‍ എന്ന കവിത ഇതിഹാസവും പുരാണവും ആത്മീയതയും തുളുമ്പി നില്‍ക്കുന്നതാണല്ലൊ. ഇന്ന് നമ്മുടെ മരപ്പൊത്തില്‍നിന്നു വീണുപോയ ഒരു തത്തയെ വനംവകുപ്പുകാരെ ഏല്‍പ്പിച്ചില്ലെങ്കില്‍ കേസായി!

ഇത്തരം നാടോടിവര്‍ഗക്കാരുടെ ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. 59-65 കാലത്ത് കണ്ണൂര്‍ പ്രചാരകനായിരുന്നപ്പോള്‍ അവിടത്തെ കണ്ണപുരം ശാഖയില്‍ പോയി അവിടത്തെ കാര്യാലയമായി ഉപയോഗിച്ചിരുന്ന മുറിയുടെ താഴെ നിലയില്‍ നാടോടി കുറവ വര്‍ഗക്കാരാണ് താമസിച്ചത്. അവര്‍ ഒരു സമയമാകുമ്പോള്‍ ഊരുചുറ്റാന്‍ പോകുമായിരുന്നു. ആണ്‍കുട്ടികള്‍ ശാഖയിലും വരുമായിരുന്നു.


പൂണിയെടുത്തുടന്‍ വടി

മീതെയങ്ങു ചേര്‍ത്തു

ചെപ്പടിക്കളിക്കുള്ളൊരു

പൊക്കണവുമേന്തി

പാമ്പിനെപ്പിടിച്ചിടുന്ന

കൂടുമങ്ങെടുത്ത്

വാനരത്താനെപ്പിടിച്ചു

മുമ്പിലും നടത്തി

തത്തിനതിനതിനെന്ന

പാട്ടുമവന്‍ പാടി

എന്ന പാട്ടും പാമ്പാട്ടികളുടെയും പക്ഷി ശാസ്ത്രക്കാരുടെയും അന്തരീക്ഷവുമെല്ലാം ഇന്നു വന, വന്യജീവി സംരക്ഷണച്ചട്ടങ്ങള്‍ കൊണ്ടുവരിഞ്ഞു കെട്ടപ്പെട്ടു കിടക്കുന്നു. തത്തയെയോ മൈനയെയോ അണ്ണാനെയോ കൂട്ടിലിട്ടു വളര്‍ത്തിയാല്‍ നിയമലംഘനമായി. എത്ര കൊല്ലത്തെ ജയില്‍ ജീവിതമാണെന്നറിയില്ല. വന സംരക്ഷണ നിയമത്തിനും, വന്യജീവി നിയമത്തിനും വേണ്ടേ ഒരു മാനുഷിക മുഖം. വാവാ സുരേഷ് തനിക്കു സൗകര്യമുള്ള ഒരുപകരണം കൊണ്ടു പാമ്പിനെ പിടിക്കാന്‍ പാടില്ല, വനവകുപ്പിന്റെ മുദ്ര പതിച്ചതുകൊണ്ടേ പിടിക്കാവൂ എന്നുപറയുന്നത് ഉചിതമല്ല. ഇങ്ങനെയെഴുതിയതിനു വനംവകുപ്പിന്റെ കേസ് എന്റെ മേലും വരുമോ എന്നുമറിയില്ല.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.