×
login
പഴയ തൂവല്‍ പക്ഷികള്‍

ശ്രീലങ്കയില്‍ നിന്ന് ആയിരക്കണക്കായി തമിഴ് കുടിയേറ്റക്കാര്‍ പുറത്താക്കപ്പെട്ടപ്പോള്‍, അവരെ കുടിയിരുത്താന്‍ ഡിഎംകെ ഗവണ്‍മെന്റ് തെരഞ്ഞെടുത്തത് ഗൂഡലൂര്‍ താലൂക്കായിരുന്നു. തിരുവിതാംകൂര്‍കാരായ ക്രിസ്ത്യാനികള്‍ കരുണാനിധി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭമുയര്‍ത്തി. ഭൂവുടമയായിത്തീര്‍ന്ന മുന്‍ കേരള കോണ്‍ഗ്രസ് എംഎല്‍എ സി.എ. മാത്യു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സംഘ-ജനസംഘാനുഭാവികളും പ്രവര്‍ത്തകരും തങ്ങളുടെ സാന്നിദ്ധ്യം ബോധ്യപ്പെടുത്താന്‍ ഇത് ഒരവസരമായി കണ്ടു. അവര്‍ പരമേശ്വര്‍ജിക്കു കത്തെഴുതി. പരമേശ്വര്‍ജി അവിടെ പോകാനും വേണ്ടതു ചെയ്യാനും എന്നെ ചുമതലപ്പെടുത്തി.

ഴയകാല സംഘപ്രവര്‍ത്തകരുടെ ഫോണ്‍ സന്ദേശങ്ങള്‍ വല്ലപ്പോഴും എത്തുന്നത് മനസ്സില്‍ ആനന്ദവും  ഉന്മേഷവും മറക്കാനാവാത്ത ഓര്‍മകളും എത്തിക്കുന്നു. ഇപ്പോള്‍ കോവിഡ് 19 ന്റെ വാഴ്ചക്കാലമാകയാല്‍ മറ്റൊന്നും ചെയ്യാനില്ലാതെ വീട്ടുവളപ്പിന്റെ അതിര്‍ത്തികളില്‍ കഴിയുന്നതിനാല്‍ അത്തരം അവസരങ്ങള്‍ക്കു മൃതസഞ്ജീവിനിയുടെ കുളിര്‍മ ലഭിക്കുന്നു. മൃതസഞ്ജീവനിക്കു കുളിര്‍മ തന്നെയാണോ എന്നു നിശ്ചയമില്ലെന്നു മാത്രം.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വന്ന ഒരു വിളി നൂറ്റാണ്ടു മുമ്പത്തെ ഓര്‍മയാണ് മനസ്സിലുണര്‍ത്തിയത്. അന്ന് എനിക്ക് ഉത്തരമേഖലയിലെ ജനസംഘത്തിന്റെ ചുമതലയായിരുന്നു. അക്കാലത്ത് ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട്, തിരൂര്‍ താലൂക്കുകള്‍ കോഴിക്കോടിന്റെ ഭാഗമായിരുന്നു. വിശാലമായ  ആ ഭാഗത്തു അവിടവിടെ മാത്രായിരുന്നു സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനം. ഏറനാട് താലൂക്കിന്റെ വടക്കുകിഴക്കനതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെ ഭാഗമായിത്തീര്‍ന്ന ഗൂഡല്ലൂര്‍ താലൂക്ക് മുമ്പ് മലബാറിലായിരുന്നു. അവിടത്തെ ജനങ്ങള്‍ പ്രായേണ മലയാളികള്‍ തന്നെ. സംസ്ഥാന പുനസംഘടന വന്നപ്പോള്‍ ഗൂഡല്ലൂര്‍ താലൂക്ക് കേരളത്തില്‍പ്പെടുത്തണമെന്ന മലയാളികളുടെ ആവശ്യം തമിഴ്‌നാടിന്റെ വാശിക്കു മുമ്പില്‍ അവഗണിക്കപ്പെട്ടു. ഗൂഡലൂരിലെ ഭൂമിയുടെ ഭൂരിഭാഗവും നിലമ്പൂര്‍ കോവിലകം വക ജന്മമായിരുന്നു. അവിടത്തെ ജനങ്ങളുടെ വാണിജ്യ വ്യാപാരാദി ബന്ധങ്ങളും വയനാടും ഏറനാടുമായിട്ടായിരുന്നു. സംസ്ഥാന പുനസംഘടന നടപ്പായപ്പോള്‍ അതിര്‍ത്തിയും ചെക്ക് പോസ്റ്റുകളും മറ്റും വന്നു.

രണ്ടു ഫോണ്‍കോളുകളെപ്പറ്റി നേരത്തെ പരാമര്‍ശിച്ചതില്‍ ഒന്ന് ഗൂഡലൂര്‍ താലൂക്കിലെ പന്തലൂര്‍ നിന്നും ഒരു വേലായുധനായിരുന്നു. അറുപതുകളിലും എഴുപതുകളിലുമൊക്കെ വയനാട്ടിലെ ഗണപതിവട്ടത്തും മറ്റും സാധാരണയായി സംഘത്തിന്റെയും മറ്റും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ആളായിരുന്നു വേലായുധന്‍. ഗണപതിവട്ടമായിരുന്ന സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് സംസ്ഥാതിര്‍ത്തിയായ നാളൂര്‍ക്കു പോകുന്ന റോഡില്‍നിന്നു ഒരു വിളിപ്പാടകലെ പാടി വയല്‍ എന്ന ഗ്രാമം തമിഴ്‌നാട്ടിലായി. അവിടത്തെയും വയനാട്ടിലെയും ജനങ്ങളും, ഭൂപ്രകൃതിയും സമാനമാണ്. പരസ്പര കുടുംബ ബന്ധങ്ങളും നിലനിന്നിരുന്നു. ഇന്നുമുണ്ടാകും. പാടിവയലിലാണ് നേരത്തെ പരാമര്‍ശിച്ച വേലായുധന്റെ ഭാര്യാഗൃഹം.

ശ്രീലങ്കയില്‍നിന്ന് ആയിരക്കണക്കായി തമിഴ് കുടിയേറ്റക്കാര്‍ പുറത്താക്കപ്പെട്ടപ്പോള്‍, അവരെ കുടിയിരുത്താന്‍ ഡിഎംകെ ഗവണ്‍മെന്റ് തെരഞ്ഞെടുത്തത് ഗൂഡലൂര്‍ താലൂക്കായിരുന്നു. ദശകങ്ങളായി അവിടെ കുടിയേറ്റക്കാരുണ്ടായിരുന്നു. തിരുവിതാംകൂര്‍കാരായ ക്രിസ്ത്യാനികള്‍ കരുണാനിധി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭമുയര്‍ത്തി. അവിടത്തെ വലിയൊരു ഭൂവുടമയായിത്തീര്‍ന്ന മുന്‍ കേരള കോണ്‍ഗ്രസ് എംഎല്‍എ സി.എ. മാത്യു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അവിടത്തെ സംഘ-ജനസംഘാനുഭാവികളും പ്രവര്‍ത്തകരും തങ്ങളുടെ സാന്നിദ്ധ്യം ബോധ്യപ്പെടുത്താന്‍ ഇത് ഒരവസരമായി കണ്ടു. അവര്‍ പരമേശ്വര്‍ജിക്കു കത്തെഴുതി. പരമേശ്വര്‍ജി അവിടെ പോകാനും വേണ്ടതു ചെയ്യാനും എന്നെ ചുമതലപ്പെടുത്തി.  

അങ്ങനെ ഗൂഡല്ലൂരില്‍ നിശ്ചിത ദിവസം പോകുകയും ഗംഭീരമായ പ്രതിഷേധ പരിപാടികളുടെ ഭാഗമാകുകയും ചെയ്തു. പാലായിലോ കാഞ്ഞിരപ്പള്ളിയിലോ കേരള കോണ്‍ഗ്രസ്സിന്റെ പരിപാടി നടക്കുന്ന പ്രതീതിയായിരുന്നു അവിടെ. അതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്ന പരമേശ്വരന്‍ നമ്പൂതിരിയെയും വേലായുധനെയും പരിചയപ്പെട്ടു. അവര്‍ ഏര്‍പ്പെടുത്തിയ ഒരു വലിയ ബംഗ്ലാവിലാണ് രാത്രി കിടന്നത്. വല്ലപ്പോഴും മാത്രം ഉടമ വന്നു താമസിക്കാറുണ്ടായിരുന്നു. അവിടെ വെള്ളമുണ്ടായിരുന്നില്ല.  രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കാവശ്യമായ വെള്ളം വേലായുധന്‍ എവിടെനിന്നോ സംഘടിപ്പിച്ചു. പിന്നീട് ജനസംഘത്തിന്റെ കാര്യത്തിനായി എത്താമെന്ന് പറഞ്ഞു പിറ്റേന്നു കോഴിക്കോട്ടേക്കു മടങ്ങി. അടുത്ത ദിവസത്തെ 'മനോരമ'യിലും 'ദീപിക'യിലും വന്ന റിപ്പോര്‍ട്ടില്‍ ജനസംഘത്തിന്റെ സാന്നിദ്ധ്യം പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ശ്രീലങ്കയില്‍ നിന്നു വന്നവര്‍ക്ക് ഇടംകൊടുക്കാന്‍ വേണ്ടി അവിടെ ദശകങ്ങളായി താമസിച്ച് മണ്ണുപൊന്നാക്കിയവരെ ഒഴിപ്പിക്കുന്നതു ശരിയല്ല എന്ന ജനസംഘം ചൂണ്ടിക്കാട്ടിയതിനെയാണ് പത്രങ്ങളും പ്രധാനമായി കണ്ടത്. ''പൗലോസിന്റെ സ്ഥലത്തു കവര്‍ന്നെടുത്തു പത്രോസീനു കൊടുക്കരുതെ'ന്ന ബൈബിള്‍ വാചകം ഉപയോഗിച്ചത് അവര്‍ ശ്രദ്ധിച്ചു.


പിന്നെയും ഒന്നു രണ്ടു തവണ ഗൂഡല്ലൂര്‍ പോകാനും, അവിടത്തെ പരിവാര്‍ അനുഭാവികളുടെ യോഗത്തില്‍ പങ്കെടുക്കാനും കഴിഞ്ഞിരുന്നു. 1974 ലാണെന്ന് തോന്നുന്നു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭക്ഷ്യധാന്യ നീക്കം തടയുന്നതവസാനിപ്പിക്കാന്‍ ജനസംഘം 'ചെക്ക് പോസ്റ്റ് തകര്‍ക്കല്‍' സമരം നടത്തിയിരുന്നു. തലപ്പാടിയില്‍ കെ.ജി. മാരാരും, വയനാട്ടിലെ താളൂരി എം. ദേവകിയമ്മയും വാളയാറില്‍ രാജേട്ടനുമായിരുന്നു (ഒ. രാജഗോപാല്‍) സമരത്തിന് നേതൃത്വം നല്‍കിയത്. താളൂര്‍ ചെക്ക്‌പോസ്റ്റിനപ്പുറത്ത് ചെന്ന് അരി വാങ്ങിക്കുക എന്നതായിരുന്നു പ്രതീകാത്മക പരിപാടി. അരി വില്‍ക്കാനായി ഏതാനും കൃഷിക്കാരെ വേലായുധന്‍ ഏര്‍പ്പാടാക്കിയിരുന്നു. ചെക്ക്‌പോസ്റ്റിന്റെ ഇരുവശത്തും ഇരു സംസ്ഥാനങ്ങളുടെയും വന്‍ പോലീസ് സന്നാഹങ്ങളുമുണ്ടായി. ദേവകിയമ്മയും ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് മോഹന്‍ദാസും പ്രസംഗിച്ചു. ഇരുഭാഗത്തും പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ചെക്ക്‌പോസ്റ്റില്‍നിന്ന് അവരെ ബത്തേരി സ്‌റ്റേഷനില്‍ കൊണ്ടുവന്ന് വൈകുന്നേരം വിട്ടയച്ചു. അതുമൂലം ഏതാണ്ട് എണ്ണൂറോളം പേര്‍ക്ക് 11 കി.മീ നടക്കാതെ കഴിഞ്ഞു.

തമിഴ്‌നാട് ഭാഗത്ത് അറസ്റ്റ് ചെയ്ത പരമേശ്വരന്‍ നമ്പൂതിരിയെയും വേലായുധനെയും മറ്റ് പത്തുപേരെയും ഒരാഴ്ച കഴിഞ്ഞാണ് വിട്ടയച്ചത്. ദേവകിയമ്മയെ അറസ്റ്റ് ചെയ്യാനിടയാകാതെ ശ്രദ്ധിച്ചിരുന്നുതാനും.

വേലായുധന്റെ ഫോണ്‍ സംഭാഷണം അങ്ങനെ നീണ്ടപ്പോള്‍, വയനാട്ടില്‍ മുന്‍കയ്യെടുത്ത് ഗൂഡല്ലൂരിലെ ചിലയിടങ്ങളിലെങ്കിലും ശാഖകള്‍ തുടങ്ങാന്‍ സാധിച്ചതും പരാമര്‍ശ വിഷയമായി. താന്‍ തന്നെ കേരളത്തിലെ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടിയ കാര്യവും പറഞ്ഞു. ബത്തേരിക്കടുത്ത് ചിരാല്‍ശാഖക്കാരാണത്രേ പാടിവയലില്‍ ശാഖ തുടങ്ങിയത്.

വയനാട് ആദിവാസി സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കെടുക്കുമായിരുന്നു. കല്‍പ്പറ്റയില്‍ അദ്വാനിജി പങ്കെടുത്ത ആദിവാസി മഹാസമ്മേളനത്തില്‍ പന്തലൂരിലും മറ്റുംനിന്ന് ധാരാളം പേരെ പങ്കെടുപ്പിച്ചിരുന്നുവത്രേ.

പില്‍ക്കാലത്ത് സംഘപ്രവര്‍ത്തനവും ബിജെപി പ്രവര്‍ത്തനവും സംസ്ഥാനാടിസ്ഥാനത്തില്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ പഴയ ബന്ധം തുടരാന്‍ അവസരം കുറഞ്ഞുവന്നതിന്റെ വൈക്ലബ്യം വേലായുധന്റെ സ്വരത്തിലുണ്ടായിരുന്നു. വല്ലപ്പോഴും കിട്ടുന്ന കേസരി വാരികയില്‍നിന്നുമാണ് കേരളത്തിലെ വിവരങ്ങള്‍ അറിയുന്നത്. കാസര്‍കോട്ടുകാര്‍ക്കും പാറശ്ശാലക്കാര്‍ക്കുമെല്ലാം ഇതേ അനുഭവം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പാറശ്ശാലയില്‍ നടന്ന പ്രാഥമിക ശിക്ഷാവര്‍ഗില്‍ നാലുനാള്‍ താമസിച്ചപ്പോള്‍ തൊട്ടപ്പുറത്തു പത്മനാഭപുരത്തു നടന്ന കന്യാകുമാരി ജില്ലയുടെ വര്‍ഗിലെ പല കാര്യകര്‍ത്താക്കളും അവിടെ വരികയുണ്ടായി. തെക്കന്‍ താലൂക്കുകള്‍ തിരു-കൊച്ചിയിലായിരുന്നപ്പോഴത്തെ വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ക്കത് സുഖകരമായ അനുഭവമായി.

ഇതെഴുതാനിരുന്നപ്പോള്‍ പണ്ട് തലശ്ശേരിക്കടുത്ത് ധര്‍മ്മടം ശാഖയുടെ ശിക്ഷകനായിരുന്ന കുഞ്ഞാപ്പു വിളിച്ചു. തൊണ്ണൂറാം വയസ്സിലേക്കു കാല്‍വെയ്ക്കാനൊരുങ്ങുന്ന അദ്ദേഹം, 60 വര്‍ഷം മുമ്പത്തെ സ്മരണകളാണയവിറക്കിയത്. അന്നവരുടെ സംഘസ്ഥാനില്‍ നടന്ന പ്രഭാത് സാംഘിക്കില്‍ മാനനീയ ഏകനാഥ്ജി പങ്കെടുത്തിരുന്നു. അവിടെ കടല്‍ത്തീരത്തു മനോഹരമായ അന്തരീക്ഷത്തില്‍ പുതുതലമുറ കുടുംബാംഗങ്ങളുമൊത്ത് കൊറോണക്കാലം കഴിക്കുകയാണ്. സംസാരിച്ചുവന്നപ്പോള്‍ ഞങ്ങള്‍ ഒരേതൂവല്‍ പക്ഷികളായി. കുഞ്ഞാപ്പുവിനും പറയാനുണ്ടായിരുന്നു ഒട്ടേറെ സ്വാനുഭവങ്ങള്‍.

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.