×
login
രാമായണമാസ പാഠം

പുസ്തക പ്രസിദ്ധീകരണ രംഗത്ത് രാമായണമാസം സൃഷ്ടിച്ചത് വിപ്ലവംതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകൊണ്ട് ഈ രംഗത്ത് ഏറ്റവും ഏറെ അച്ചടിക്കപ്പെടുന്നത് അധ്യാത്മരാമായണവും അതിനെ ആസ്പദമാക്കിയുള്ള രചനകളുമാണ്. എന്റെ ചെറുപ്പത്തില്‍ കൊല്ലം വിദ്യാഭിവര്‍ധിനി അച്ചുകൂടം, ശ്രീരാമവിലാസം പുസ്തകശാല, ആലപ്പുഴ വിദ്യാരംഭം പ്രസ്, കുന്ദംകുളത്തെ പ്രസ്സുകള്‍ എന്നിവയുടെ രാമായണങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ ക്രിസ്ത്യന്‍ പ്രസിദ്ധീകരണശാലകളും രാമായണം അച്ചടിച്ചു വില്‍ക്കുന്നു!

പ്പോള്‍ രാമായണമാസമെന്ന് കര്‍ക്കടകത്തിന് മാറാപ്പേര്‍ ആയിരിക്കുകയാണില്ലോ. പണ്ട് ദുര്‍ഘട മാസമെന്ന് ഇതിനെ വിളിച്ചിരുന്നു. പഞ്ഞക്കര്‍ക്കടകമെന്നും കള്ളക്കര്‍ക്കടകമെന്നും പറഞ്ഞുവന്നു. തിരുവിതാംകൂറിലെ ഒരു രാജാവ് നാടുനീങ്ങി മലയാളം 1099 കര്‍ക്കടകത്തിലെ വെള്ളപ്പൊക്കത്തിനിടയിലായിരുന്നു. രാജ്യത്തിന്റെ ഓര്‍മയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു അത്. ഇന്ന് നൂറുകൊല്ലമായപ്പോഴും ആളുകള്‍ വിനാശത്തിന്റെ പാരമ്യമായി അതിനെയാണ് കാണുന്നത്. ആ രാജാവിന്റെ നാടുനീങ്ങലിനെപ്പറ്റി ഒരു മഹാകവി വിലപിച്ചതിങ്ങനെയായിരുന്നു.

അയ്യയ്യോതൊണ്ണൂറ്റി ഒന്‍പതിന്‍കര്‍ക്കട

ദുര്‍ഘടമാസത്തിലദിഷ്യനെ

വാനവന്മാര്‍ക്കൊരു കൂട്ടിനായ് കൊണ്ടുപോയ്

ഞാനിനിശേഷം കഥിക്കേണമോ?


എന്റെ ബാല്യകാലത്തിലെ കര്‍ക്കടകങ്ങള്‍ രാമായണം വായിച്ചു കേട്ടാണു കഴിഞ്ഞുവന്നത്. അച്ഛനും അമ്മയും നിലവിളിച്ചതിന്റെ വെളിച്ചത്തില്‍ അദ്ധ്യാത്മരാമായണം വായിക്കുന്നത് ഓര്‍മവരുന്നു. അമ്മയ്ക്ക് അതിലെ ചില കാണ്ഡങ്ങള്‍ കാണാപ്പാഠമായിരുന്നു. വൈദ്യുതി വിളക്കുകള്‍ എന്തെന്നുപോലും അറിയാതിരുന്ന അക്കാലത്തു ഞങ്ങളുടെ നാട്ടിന്‍പുറത്തെ എല്ലാ വീടുകളിലും അതുണ്ടായിരുന്നു. പിന്നീട് എപ്പൊഴോ അതു കേള്‍ക്കാതെ പോയി. വൈദ്യുത വിളക്കും വിദ്യാഭ്യാസവും സാര്‍വത്രികമായപ്പോള്‍ നമ്മുടെ പാരമ്പര്യങ്ങളോടുള്ള അവജ്ഞയും അവഗണനയും വളര്‍ന്നുവന്നു. പുസ്തകക്കടകളില്‍ രാമായണം, മഹാഭാരതം, ഭാഗവതം മുതലായ ധര്‍മഗ്രന്ഥങ്ങള്‍ വില്‍ക്കപ്പെടാതെയിരിക്കുകയായിരുന്നു. അങ്ങനെ കാലം മുന്നോട്ടു നീങ്ങിയപ്പോള്‍, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം മൂലം ഹിന്ദുധര്‍മത്തോടുതന്നെ വൈമുഖ്യം ജനങ്ങളില്‍ ഏറി വന്നു.  

സംഘപ്രചാരകനായി വടക്കേമലബാറിന്റെ ഗ്രാമാന്തരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴത്തെ ഒരനുഭവം ഓര്‍മയില്‍ വരികയാണ്. അന്നത്തെ-1960 കളുടെ പ്രാരംഭത്തിലെ-വടകരത്താലൂക്കിന്റെ കിഴക്കന്‍ ഭാഗത്തെ ഏതാനും വിദൂരഗ്രാമങ്ങളിലെ സംഘശാഖകളില്‍ പോകാന്‍ അവസരം കിട്ടി. അക്കാലത്ത് അങ്ങോട്ട് ബസ്സുകള്‍ കുറവായിരുന്നു. മൂന്നും നാലും ബസ്സുകള്‍ ഒന്നിനു പുറകെ ഒന്നായാണ് സര്‍വീസ് നടത്തുക. വടകരയിലെ അവരുടെ ഓഫീസില്‍ നിന്ന് മുന്‍കൂട്ടി ടിക്കറ്റ് വാങ്ങണം. അങ്ങനെ ടിക്കറ്റെടുത്താല്‍ ബസ്സില്‍ നല്ല സീറ്റു കിട്ടും. നിന്ന് യാത്ര അനുവദനീയമല്ലായിരുന്നു. എനിക്ക് പോകേണ്ട സ്ഥലം കുറ്റിയാടിക്കപ്പുറം തളീക്കരയായിരുന്നു. അവിടെയിറങ്ങിയാല്‍ പാടവരമ്പത്തുകൂടി ഒരു നാഴികയോളം നടന്നാല്‍ കായക്കൊടി എന്ന ഗ്രാമത്തിലെത്തും. ഓരോ നേരത്തെ ഭക്ഷണവും ഓരോ വീട്ടില്‍. എനിക്ക് മുന്‍ഗാമികളായിരുന്ന പ്രചാരകര്‍ ശ്രീകൃഷ്ണ ശര്‍മ്മയും രാമചന്ദ്രന്‍ കര്‍ത്താവുമായിരുന്നു. ഇരുവരും അതിപ്രഗത്ഭന്മാര്‍, സസ്യഭുക്കുകളും. പ്രചാരകന്മാര്‍ക്ക് അവര്‍ മാനദണ്ഡമുണ്ടാക്കി സ്വയംസേവകരെ ശീലിപ്പിച്ചിരുന്നു. അതിനാല്‍ ആ സ്ഥലത്തും നമുക്കു ബുദ്ധിമുട്ടുണ്ടായില്ല. എല്ലാ ജാതിയില്‍പ്പെട്ട സ്വയംസേവകരും ശാഖയിലുണ്ടായിരുന്നു. ആത്മീയൈക്യത്തെ അവര്‍ അവിടെ സാക്ഷാത്കരിച്ചിരുന്നു. പഴയ തറവാടുകള്‍ മുതല്‍ കൂലിപ്പണിയും നെയ്ത്തും എണ്ണയാട്ടുമൊക്കെ ചെയ്യുന്ന സമുദായക്കാര്‍. ശര്‍മ്മാജി അവര്‍ക്ക് ശാഖയിലും അതിനുശേഷവും രാമായണ ഭാരതാദി കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. കര്‍ക്കടകത്തില്‍ പുറത്തിറങ്ങാന്‍ വയ്യാത്ത മഴയത്ത് സന്ധ്യക്കു നിലവിളക്ക് കൊളുത്തി രാമായണം വായിക്കുന്ന പതിവ് തുടങ്ങണമെന്ന ആഗ്രഹം അവരില്‍ അദ്ദേഹം ഉണര്‍ത്തി. അദ്ദേഹത്തിന് പണ്ട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തു കമ്യൂണിസ്റ്റുകാരുടെ പതിയിരുന്നാക്രമണത്തില്‍ പിണഞ്ഞക്ഷതവുമായി ബന്ധപ്പെട്ടുണ്ടായ വിഷമങ്ങള്‍ മൂലം ദീര്‍ഘകാല ചികിത്സ വേണ്ടിവന്നിരുന്നു. അതിനാല്‍ സ്വയംസേവകര്‍ക്ക് രാമായണപാരായണം കേള്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ കായക്കൊടിയിലെത്തിയപ്പോള്‍ ഒരവസരത്തില്‍ താമസിച്ചത് കൃഷ്ണന്‍ എന്നയാളുടെ വീട്ടിലായിരുന്നു. അദ്ദേഹമാണ് ഞാന്‍ അവിടെ താമസിക്കണമെന്ന് നിര്‍ബന്ധിച്ചത്. ചാണകം മെഴുകിയ ചെറിയ ഓലപ്പുര. അമ്മയും സഹോദരിയും മാത്രമേ വീട്ടിലുള്ളൂ. വിശേഷങ്ങള്‍ പറഞ്ഞുകഴിഞ്ഞ് രാമായണത്തിന്റെ കാര്യമെടുത്തിട്ടു. കൃഷ്ണന്‍ പുതിയ രാമായണം വാങ്ങിവച്ചിരിക്കുന്നു. അതില്‍ വരികള്‍ തിരിച്ചല്ല; ഗദ്യമെന്നപോലെയാണ് അച്ചടി. നക്ഷത്രചിഹ്‌നമിട്ട് ഈരടികളെ സൂചിപ്പിച്ചിരുന്നു. അതിനാല്‍ വായിക്കാന്‍ നാലാം ക്ലാസിനപ്പുറം പഠിക്കാത്ത അയാള്‍ക്ക് പ്രയാസം. ഞാന്‍ രാമായണം വായിച്ചുതുടങ്ങിയത് അത്തരം പുസ്തകത്തിലായിരുന്നതിനാല്‍ അതദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തു. പിന്നെ കുറേശ്ശേ വായിക്കുന്നതെങ്ങനെയെന്നും കേള്‍പ്പിച്ചുകൊടുത്തു. വളരെ നിഷ്ഠയോടുകൂടി അയാള്‍ അതു വായിച്ചുതീര്‍ത്തുവെന്ന് പിന്നീടറിഞ്ഞു. ഏതാണ്ട് നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം സംഘാധികാരിമാരുടെ നിര്‍ദ്ദേശപ്രകാരം വടകര സംഘജില്ലയില്‍ 10 ദിവസത്തെ പ്രവാസത്തിനു നിയോഗിക്കപ്പെട്ടതനുസരിച്ച്, ഒരു ദിവസം ഉച്ചഭക്ഷണം കൃഷ്ണന്റെ വീട്ടിലായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട അയാളുടെ വീട് സാമാന്യ സൗകര്യങ്ങളുള്ളതായി. മകന്‍ എംഎ കഴിഞ്ഞ് ചരിത്രത്തില്‍ ഗവേഷണം ചെയ്യുന്നു. മകള്‍ ഡിഗ്രിക്കു പഠിക്കുന്നു. കൃഷ്ണന്‍ പുതിയ രാമായണം വാങ്ങി വായിക്കാന്‍ നന്നായി കഴിവു നേടി. മക്കള്‍ ഇരുവരും ആധുനിക ചിന്താഗതിക്കാരായി. മകന്‍ ഒരു ഗവേഷണ വിദ്യാര്‍ഥിയുടെ മനോനിലയില്‍, പിന്തിരിപ്പന്‍ ആര്‍എസ്എസുകാരനോടെന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. ഐസിഎച്ച്ആര്‍ ചരിത്രപണ്ഡിതവൃന്ദം വളര്‍ന്നുവരുന്ന തലമുറയില്‍ ചെലുത്തിവന്ന സ്വാധീനം വ്യക്തമായിരുന്നു.

പക്ഷേ 1982 ല്‍ വിശാലഹിന്ദു സമ്മേളനത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് കര്‍ക്കടക മാസത്തെ രാമായണമാസമായി കേരളീയ ജനത ഹൃദയംകൊണ്ട് ഏറ്റെടുത്തു. പാരായണം വ്യക്തിപരമായും സാമൂഹ്യമായും അവര്‍ പതിവാക്കി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും എന്തെല്ലാം പരിപാടികള്‍! പ്രഭാഷണങ്ങള്‍, മത്‌സരങ്ങള്‍! ഒരു കാലത്തു അന്തിത്തിരി കത്തിക്കാതെ കിടന്ന ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചൈതന്യപൂര്‍ണവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷം. കേരളത്തിലെ ഏതു വഴിയില്‍ സഞ്ചരിച്ചാലും നവീകരിച്ച ക്ഷേത്രങ്ങളുടെ വിവരം പ്രഖ്യാപിക്കുന്ന കമാനങ്ങളോ ഗോപുരങ്ങളോ കാണുവാനാകുന്നു.

പുസ്തക പ്രസിദ്ധീകരണ രംഗത്ത് രാമായണമാസം സൃഷ്ടിച്ചത് വിപ്ലവംതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകൊണ്ട് ഈ രംഗത്ത് ഏറ്റവും ഏറെ അച്ചടിക്കപ്പെടുന്നത് അധ്യാത്മരാമായണവും അതിനെ ആസ്പദമാക്കിയുള്ള രചനകളുമാണ്. എന്റെ ചെറുപ്പത്തില്‍ കൊല്ലം വിദ്യാഭിവര്‍ധിനി അച്ചുകൂടം, ശ്രീരാമവിലാസം പുസ്തകശാല, ആലപ്പുഴ വിദ്യാരംഭം പ്രസ്, കുന്ദംകുളത്തെ പ്രസ്സുകള്‍ എന്നിവയുടെ രാമായണങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ ക്രിസ്ത്യന്‍ പ്രസിദ്ധീകരണശാലകളും രാമായണം അച്ചടിച്ചു വില്‍ക്കുന്നു!

ആധ്യാത്മികതയ്ക്കു ജനഹൃദയങ്ങളില്‍ കൊളുത്താന്‍ കഴിയുന്ന പ്രകാശമെത്രയാണെന്നതില്‍നിന്നു വ്യക്തമാക്കുന്നു. രാമനും കൃഷ്ണനും മറ്റു ദേവീദേവന്മാരും മഹാത്മാക്കളും ഭാരതീയ ജനതയുടെ ഹൃദയങ്ങളില്‍ കൈവരിച്ചിട്ടുള്ള സ്ഥാനം മറ്റൊന്നിനും മാറ്റാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നതാണീ അനുഭവങ്ങള്‍.

comment

LATEST NEWS


ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.