×
login
ജനകീയനായ അച്ചന്‍.

കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്മാരുടെ പിന്മുറക്കാരനായ പി. രവി അച്ചന്‍ പാലിയം തറവാട്ടിലെ വലിയ അച്ചനായി സ്ഥാനമേറ്റിരിക്കുകയാണ്. കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും, അറിവുകളുടെ ലോകത്ത് വിഹരിക്കുകയും ചെയ്യുന്ന 'കൊച്ചി രാജ്യത്തെ' ഈ പൗരപ്രമുഖന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സന്തതസഹചാരിയുമാണ്

ക്രിക്കറ്റില്‍ കേരളത്തിന്റെ കളിയച്ചന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ-രവി അച്ചന്‍. ഒന്നര നൂറ്റാണ്ടു മുന്‍പുവരെ കൊച്ചി രാജ്യത്തിന്റെ ഭരണച്ചുമതല വഹിച്ചിരുന്ന പാലിയത്ത് കുടുംബാംഗം. രാജാക്കന്മാര്‍ മറ്റു പലരുമായിരിക്കുമ്പോഴും രാജ്യഭാരം ഏറ്റിരുന്നത് പാലിയത്ത് അച്ചന്മാരാണ്. രാജാവിനുവേണ്ടി പോര്‍ച്ചുഗീസുകാരുമായി ഇടപെടല്‍ നടത്തിയിരുന്ന ഇവര്‍ പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഡച്ചുകാരുമായും സഖ്യമുണ്ടാക്കി. കൊച്ചി രാജാവ് സാമൂതിരിയുമായി ഏറ്റുമുട്ടിയപ്പോള്‍ തിരുവിതാംകൂറിനെ കൂട്ടുപിടിച്ചതും മറ്റാരുമായിരുന്നില്ല. ഇങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുവരെ കൊച്ചിരാജ്യത്തിന്റെ ചരിത്രത്തില്‍ നായകന്മാരായി ഇടംപിടിച്ചവരാണ് പാലിയത്ത് അച്ചന്മാര്‍. രാജഭരണകാലം അസ്തമിച്ചതിനുശേഷവും പാലിയത്ത് അച്ചന്മാരുടെ പാരമ്പര്യം തുടര്‍ന്നു. പാലിയത്ത് കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ  ആള്‍ വലിയ അച്ചനായി നിയമിക്കപ്പെട്ടുപോരുന്നു. 2003 മുതല്‍ വലിയ അച്ചനായിരുന്ന വിക്രമന്‍ അച്ചന്റെ വേര്‍പാടിനെത്തുടര്‍ന്ന് ഈ സ്ഥാനത്തെത്തിയിരിക്കുന്നത് അച്ചന്മാരില്‍ ഏറ്റവും ജനകീയന്‍ എന്നു പറയാവുന്ന പി. രവി അച്ചനാണ്. പാലിയത്രാമന്‍ കോമി എന്ന സ്ഥാനപ്പേരുള്ള ഈ രാമന്‍ വലിയ അച്ചനെക്കുറിച്ച് അറിയാനേറെയുണ്ട്.

 

പാലിയത്തെ  കുട്ടനായി ജനനം

മൂന്നു നൂറ്റാണ്ടുകള്‍ കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്‍മാര്‍ക്ക് കേരളത്തിന്റെ ചരിത്രത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. പ്രായപൂര്‍ത്തി വോട്ടവകാശം ആദ്യം ഏര്‍പ്പെടുത്തിയത് കൊച്ചി രാജ്യത്താണെന്നത് ഇന്നും അറിയാത്തവരുണ്ട്. പുരോഗമനപരമായ ഇത്തരം നടപടികള്‍ക്കു പിന്നില്‍ രാജാവിന്റെ  ഇച്ഛക്കു പുറമെ ഭരണ ചുമതലയുള്ളവരെന്ന നിലയ്ക്ക് പാലിയത്ത് അച്ചന്മാരുടെ പങ്കും ഉണ്ടായിരിക്കണമല്ലോ.

പാലിയത്ത് അച്ചന്മാരുടെ പിന്‍തലമുറക്കാരനും കൊച്ചി ഇളയ തമ്പുരാനുമായ അനിയന്‍ കുട്ടന്‍ തമ്പുരാന്റെയും, പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 ലാണ് രവി അച്ചന്റെ ജനനം. ആദ്യമായി പാലിയത്തിനു പുറത്തേക്ക് വിവാഹം കഴിച്ചയച്ചത് രവി അച്ചന്റെ അമ്മയെയാണ്. തൃപ്പൂണിത്തുറയിലായിരുന്നു വിദ്യാഭ്യാസമെന്നതിനാല്‍ ചേന്ദമംഗലത്ത് താമസം വിരളമായിരുന്നു. ക്ഷേത്രത്തിലെ ഭജനം പോലെയുള്ള വിശേഷാവസരങ്ങളില്‍ മാത്രമാണ് രവി അച്ചന് പാലിയത്ത് താമസിക്കാന്‍ കഴിഞ്ഞിരുന്നത്.

പഠിച്ചതും വളര്‍ന്നതുമൊക്കെ ചേന്ദമംഗലത്തെ പാലിയത്തു തറവാട്ടില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തൃപ്പൂണിത്തുറയിലാണെങ്കിലും പാലിയത്തിന്റെ ചരിത്രമെല്ലാം രവി അച്ചന് ഹൃദിസ്ഥമാണ്. അതാകട്ടെ പാലിയം സമരത്തെക്കുറിച്ചും മറ്റും പലരും എഴുതിവച്ചിട്ടുള്ളതില്‍നിന്ന് വ്യത്യസ്തവുമാണ്. പുതിയ തലമുറക്കാരോട് കൊച്ചി രാജ്യവും പാലിയവും തമ്മിലെ ബന്ധത്തിന്റെ സവിശേഷതകള്‍ പറഞ്ഞുകൊടുക്കാന്‍ രവി അച്ചന് വലിയ താല്‍പ്പര്യമാണ്. മാധ്യമ പ്രവര്‍ത്തകരും ഇതിനായി സമീപിക്കാറുണ്ട്. 2013 ല്‍ പാലിയം ചരിത്രമെഴുതാന്‍ എം. രാധാദേവി സമീപിച്ചത് രവി അച്ചനെയാണ്. രവി അച്ചന്‍ ഈ ചരിത്രമെഴുതണമെന്നായിരുന്നു രാധാദേവിക്ക്. പക്ഷേ സ്‌നേഹപൂര്‍വം അത് നിരസിക്കുകയായിരുന്നു. പക്ഷേ എല്ലാ പിന്തുണയും രാധാദേവിക്ക് കൊടുത്തു.

 

മനസ്സറിഞ്ഞ് തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറയുടെ സാംസ്‌കാരിക മനസ്സില്‍ രവി അച്ചന്‍ നേടിയെടുത്തിട്ടുള്ള സ്ഥാനം വളരെ വലുതാണ്. ഇവിടുത്തെ പൗരപ്രമുഖന്മാരില്‍ ആദ്യ പേരുകാരന്‍. ഈ നഗരത്തിന്റെ ഹൃദയമറിയുന്ന സാംസ്‌കാരിക നായകനെന്നും വിശേഷിപ്പിക്കാം. തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീതസഭ, പൂര്‍ണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നിങ്ങനെ ഈ നാടിന്റെ പേരു ചേര്‍ത്തുള്ള സംഘടനകളുടെ സാരഥ്യം വഹിക്കാന്‍ രവി അച്ചനെ പ്രാപ്തനാക്കിയത് കലയോടും സംസ്‌കാരത്തോടുമുള്ള പ്രതിജ്ഞാബദ്ധതയ്ക്കു പുറമെ ചരിത്രം തുടിക്കുന്ന ഈ നഗരത്തോടുള്ള ആത്മൈക്യവുമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാലംതൊട്ട് തൃപ്പൂണിത്തുറയുമായി നിലനില്‍ക്കുന്ന നാഭീനാള ബന്ധത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. കഥകളിയിലും സംഗീതത്തിലുമൊക്കെയുള്ള അവഗാഹം ഈ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ ഹൃദ്യത തൃപ്പൂണിത്തുറക്കാര്‍ തിരിച്ചറിഞ്ഞ അവസരങ്ങള്‍ നിരവധിയാണ്.

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് രവി അച്ചന്റെ മുഖമുദ്ര. എല്ലാവരെയും സമന്മാരായി കണ്ട് പെരുമാറാനുള്ള ഹൃദയവിശാലത. സംസ്‌കാരമെന്നത് പെരുമാറ്റത്തിലെ സൗന്ദര്യമാണെങ്കില്‍ അത് രവി അച്ചനില്‍നിന്ന് പഠിക്കണം. തങ്ങളില്‍നിന്ന് വ്യത്യസ്തനായ ഒരാളാണെന്ന് പരിചയപ്പെടുന്ന ആര്‍ക്കും തോന്നില്ല. ഭാഷയിലും ശരീരഭാഷയിലും എപ്പോഴും ഊര്‍ജസ്വലത. പ്രായത്തിന് പരിക്കേല്‍പ്പിക്കാന്‍ കഴിയാത്ത ഗുണവിശേഷങ്ങളാണ് ഇവയൊക്കെ. ഇതുകൊണ്ടുതന്നെ വളരെ വിശാലമായ സൗഹൃദങ്ങള്‍ക്ക് ഉടമയുമാണ്.  

 

ക്രിക്കറ്റിന്റെ  ലോകത്ത്

കായിക കേരളത്തിന്റെ ഇന്നലെകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് രവി അച്ചന്‍. ക്രിക്കറ്റിന്റെ ലോകത്ത് എന്തെങ്കിലുമാവാന്‍ കേരളം കിണഞ്ഞു ശ്രമിച്ച കാലത്ത് ഈ രംഗത്തേക്കുള്ള രവി അച്ചന്റെ വരവ് ആവേശദായകമായിരുന്നു. 1952 മുതല്‍ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി മാച്ചുകള്‍ കളിച്ച് 125 വിക്കറ്റും 1107 റണ്‍സും നേടിയ പ്രതിഭാശാലി. 41 വയസ്സുവരെ രഞ്ജിക്കുവേണ്ടി കളിച്ചു. 1969 ല്‍ മദ്രാസിനെതിരെ തിരുനെല്‍വേലിയിലായിരുന്നു അവസാന മത്സരം. കേരളത്തില്‍ രഞ്ജി ടീമിന് ഒരു പരിശീലന ക്യാമ്പുപോലും ഇല്ലാതിരുന്ന കാലത്താണ് രവി അച്ചന്‍ കളിച്ചത്. കളിക്കാന്‍വേണ്ടി റിസര്‍വേഷനില്ലാത്ത കമ്പാര്‍ട്ടുമെന്റുകളിലായിരുന്നു യാത്ര.  

ഓള്‍റൗണ്ടര്‍ പദവി നേടിയ കേരളത്തിന്റെ ആദ്യ ക്രിക്കറ്റ് കളിക്കാരന്‍. സ്വന്തം നഗരമായ തൃപ്പൂണിത്തുറയിലെ പൂജ ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ രവി അച്ചന്‍ പിന്നീട്  മുംബൈയില്‍ നിന്നാണ് കളി പഠിച്ചത്. നിരവധി മത്സരങ്ങളില്‍ കേരളത്തെ നയിച്ചു. ക്രിക്കറ്റ് ജീവിതത്തില്‍  നീണ്ടകാലത്തെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ക്രീസ് വിട്ടശേഷം കുറച്ചുകാലം സെലക്ടറായി പ്രവര്‍ത്തിച്ചു. ഒരിക്കല്‍പ്പോലും ക്രിക്കറ്റിന്റെ ഭരണരംഗത്തേക്ക് കടന്നില്ല. കളിയോടു മാത്രമുള്ള കമ്പം ആയിരുന്നു ഇതിന് കാരണം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ അധ്യക്ഷസ്ഥാനം വഹിച്ചതാണ് ഇതിന് ഏക അപവാദമെന്ന് വേണമെങ്കില്‍ പറയാം. ''1940 കളുടെ മധ്യത്തില്‍ ചിദംബരത്തെ അണ്ണാമലൈ സര്‍വകലാശാലയില്‍ ബിഎസ്‌സിക്ക് പഠിക്കുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ മദ്രാസിനു പോകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവിടെ ഇംഗ്ലീഷുകാരന്‍ ആല്‍ബര്‍ട്ട് വെന്‍സ്ലി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാണ് ഇവര്‍ പോയത്. മദ്രാസില്‍നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്ന രീതി പാടെ മാറിയതായി ഞാന്‍ മനസ്സിലാക്കി. അവരില്‍നിന്നാണ് ഫോര്‍വേഡ് കളിക്കാന്‍ പഠിച്ചത്. അക്കാലത്ത് കേരള ടീമില്‍ ഫോര്‍വേഡ് കളിക്കാന്‍ അറിയുന്ന ഒരേയൊരു കളിക്കാരനായിരുന്നു ഞാന്‍.'' ഇങ്ങനെയൊക്കെയാണ് ക്രിക്കറ്റിലെ ഓര്‍മകള്‍ രവി അച്ചന്‍ പങ്കുവയ്ക്കുന്നത്.

കായിക ലോകത്ത് രവി അച്ചന്റെ താല്‍പ്പര്യം ക്രിക്കറ്റില്‍ ഒതുങ്ങുന്നില്ല. ടെന്നീസ്, ഷട്ടില്‍കോക്ക്,  ടേബിള്‍ ടെന്നീസ്, ബോള്‍ ബാറ്റ്മിന്റണ്‍ എന്നിങ്ങനെയുള്ള ഇനങ്ങളിലും നേട്ടം കൈവരിച്ചു.

 

അറിവുകള്‍  അവസാനിക്കുന്നില്ല

ശാസ്ത്ര വിഷയങ്ങളില്‍ ബിരുദവും നിയമബിരുദവുമുള്ള രവി അച്ചന്റെ അറിവുകള്‍ പക്ഷേ ഇവയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. മലയാളവും സംസ്‌കൃതവും ഇംഗ്ലീഷും നല്ലപോലെ കൈകാര്യം ചെയ്യും. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായും രസകരമായും സംസാരിക്കും. സൂര്യനു താഴെയുള്ള എന്തിനെക്കുറിച്ചും അറിവുള്ളയാള്‍ എന്ന് കേവലം ആലങ്കാരികമായല്ല രവി അച്ചന്റെ കാര്യത്തില്‍ പറയാവുന്നത്. ചരിത്രം, തത്വചിന്ത, ശാസ്ത്രം, കല, സാഹിത്യം, സ്‌പോര്‍ട്‌സ് എന്നിവയില്‍ പല പണ്ഡിതന്മാരെയും അതിശയിപ്പിക്കുന്ന അറിവുകള്‍ സ്വായത്തമാക്കിയിട്ടുണ്ട്.  ഉത്സവങ്ങള്‍, ആന, മേളം, സദ്യ, കഥകളി, അക്ഷരശ്ലോകം തുടങ്ങിയവയെക്കുറിച്ച് രവി അച്ചന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ ഈ രംഗങ്ങളിലെ ഉജ്വല വക്താവിനെയാണ് അനുവാചകര്‍ തിരിച്ചറിയുക.

ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ആസ്വദിച്ച് പഠിപ്പിക്കും. ഭാഷയും കലാശാസ്ത്രവും ഏറെ താല്‍പ്പര്യമുള്ള വിഷയങ്ങളാണ്.  ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിന് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതീയമായ കലാപാരമ്പര്യത്തെക്കുറിച്ച് അറിവുകള്‍ പകരുകയും ചെയ്യുന്നതില്‍ രവി അച്ചന്‍ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നു. കലയുടെ മേഖലയില്‍ രാജ്യാന്തരവേദികളില്‍ ശോഭിക്കുന്നവരും രവി അച്ചനോട് കടപ്പെട്ടിരിക്കുന്നു.

വിവിധ വിഷയങ്ങളില്‍ താന്‍ ആര്‍ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ രവി അച്ചന്‍ സദാ സന്നദ്ധനാണ്. ഇംഗ്ലീഷ് ഭാഷയില്‍ തന്റെ വീട്ടില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു. തികച്ചും അനൗപചാരികമായ രീതിയില്‍. ഫീസ് വാങ്ങില്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ പണം വാങ്ങിയെന്നിരിക്കും. അതുപക്ഷേ അപ്പോള്‍ തന്നെ സംഘത്തിലെ ആരെയെങ്കിലും വിളിച്ച് ഏല്‍പ്പിക്കുകയാണ് പതിവ്. ഇത് യഥോചിതം വിനിയോഗിക്കുമെന്ന് അറിയാമെന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

 അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്ക് രവി അച്ചന്‍ ഉപഹാരം സമര്‍പ്പിക്കുന്നു

 

 

അങ്ങനെ ഒരു നവതിക്കാലത്ത്

എണ്ണിപ്പറയാവുന്ന വ്യക്തിവൈശിഷ്ട്യങ്ങള്‍ പലതുണ്ടെങ്കിലും മറ്റുള്ളവരിലൊരാളായി മാത്രം തന്നെ കാണുന്ന രീതിയാണ് രവി അച്ചനുള്ളത്. നവതിയാഘോഷം തന്നെ ഇതിന് തെളിവായിരുന്നു. 2018 ലാണ് 90 വയസ്സായത്. നാടകാചാര്യനും കവിയുമായിരുന്ന കാവാലം നാരായണപ്പണിക്കരെ അനുസ്മരിക്കാന്‍ തപസ്യ കലാസാഹിത്യ വേദിയുടെ തൃപ്പൂണിത്തുറ സമിതി തീരുമാനിച്ചപ്പോള്‍ പരിപാടിയുടെ ഉദ്ഘാടകനായി കണ്ടുവച്ചത് രവി അച്ചനെയായിരുന്നു. ''ഞാനും കാവാലവും ഒരേ പ്രായക്കാരാണ്.'' അനുമതി വാങ്ങാന്‍ വീട്ടിലെത്തിയവരോടായി രവി അച്ചന്‍ പറഞ്ഞു. അപ്പോഴാണ് ഏറ്റവും അടുത്തുനില്‍ക്കുന്നവര്‍പോലും രവിയച്ചന് 90 വയസ്സായെന്ന് അറിയുന്നത്.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. പ്രിയങ്കരനായ രവി അച്ചന്റെ നവതി തൃപ്പൂണിത്തുറയുടെ പ്രൗഢിക്കും രവി അച്ചന്റെ മഹത്വത്തിനും ചേരുന്നവിധം ആഘോഷിക്കപ്പെട്ടു. അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗാംഭീര്യം തുളുമ്പുന്ന പരിപാടിയില്‍ രവി അച്ചന് നവതി പ്രണാമംഅര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, മലയാള സിനിമയുടെ മഹാസാന്നിധ്യവും എംപിയുമായ സുരേഷ് ഗോപി, നിരവധി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും സാരഥിയുമായ എം.എ. കൃഷ്ണന്‍, സാഹിത്യരംഗത്തെ സൗഭാഗ്യങ്ങളായ കെ.ബി. ശ്രീദേവിയും എസ്. രമേശന്‍ നായരും കെ.എല്‍. മോഹനവര്‍മയും ഉള്‍പ്പെടുന്ന ഒരു നീണ്ടനിര തന്നെ ഉണ്ടായിരുന്നു. സംഘാടകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു പരിപാടിയുടെ വിജയമെന്ന് ആഘോഷസമിതിയുടെ പൊതുകാര്യദര്‍ശി കെ. സതീഷ് ബാബു സാക്ഷ്യപ്പെടുത്തുന്നു. തപസ്യ കലാസാഹിത്യവേദിയുടെ തൃപ്പൂണിത്തുറ സമിതി രക്ഷാധികാരിയായും രവി അച്ചന്‍ മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്.

 

മകനിലൂടെ ആര്‍എസ്എസിലേക്ക്

കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിലൂടെയാണ് രവി അച്ചന്‍ സംഘപരിവാറിലേക്ക് വന്നതെന്നാണ് പൊതുധാരണ. ഏറെക്കാലം ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനായിരുന്നത് ഇതിനൊരു കാരണമാണ്. എന്നാല്‍ രവി അച്ചന്‍ സംഘപരിവാറിന്റെ ഭാഗമാകുന്നത് ആര്‍എസ്എസിലൂടെ തന്നെയാണ്. അതാകട്ടെ മകന്‍ രാം മോഹനനിലൂടെയും. അടിയന്തരാവസ്ഥ പിന്നിട്ടതോടെ ഈ മകന്‍ ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ തുടങ്ങിയിരുന്നു. സ്വാഭാവികമായും അച്ഛനും ആഭിമുഖ്യമുണ്ടായി. കെഎസ്ഇബിയിലെ ഉന്നതപദവി വഹിച്ചിരുന്ന രാജരാജവര്‍മയും, കൊച്ചിന്‍ കോളജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയായി വിരമിച്ച  മധുസാറുമായുള്ള രവി അച്ചന്റെ സൗഹൃദം ഇതിന് ആക്കം കൂട്ടി.  

സംഘപരിവാറിന്റെ സംഘടനാപരവും ആശയപരവുമായ ലോകത്തേക്കുള്ള മഹാപ്രവേശമായിരുന്നു ഇത്. ആദ്യം ചുമതലയേറ്റത് ബാലഗോകുലത്തിലായിരുന്നെങ്കിലും അധികം വൈകാതെ ആര്‍എസ്എസ് സംഘചാലകായി. 12 വര്‍ഷമാണ് കൊച്ചി മഹാനഗര്‍ സംഘചാലക് എന്ന പദവി വഹിച്ചത്. 80 വയസ്സായപ്പോള്‍ ചുമതലയൊഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍, പുസ്തക പ്രസിദ്ധീകരണ രംഗത്തെ കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍. എണ്‍പത്തിരണ്ടാം വയസ്സില്‍ കായികരംഗത്തെ ദേശീയ സംഘടനയായ 'ക്രീഡാ ഭാരതി'യുടെ ആദ്യ സംസ്ഥാന അധ്യക്ഷനായി. രണ്ട് വര്‍ഷം ഈ പദവി വഹിച്ചു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ഈ ചുമതലകളിലിരുന്നുകൊണ്ട് രവി അച്ചന്‍ കാഴ്ചവച്ചത്.

പദവികള്‍ ഒന്നും രവി അച്ചന് അലങ്കാരങ്ങളല്ല.അച്ചടക്കവും കൃത്യനിഷ്ഠയുമൊക്കെ പാലിക്കുന്നതില്‍ സംഘപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. ചെറുതും വലുതുമായ പരിപാടികളില്‍ നേരത്തെ എത്തിയിരിക്കും. അവിടെ വന്നുചേര്‍ന്നിട്ടുള്ളവരോട് കുശലം പറഞ്ഞും, തമാശകള്‍ പറഞ്ഞും പരിപാടി തുടങ്ങാന്‍ കാത്തിരിക്കും. ഒരിക്കലും ദീര്‍ഘമായി പ്രസംഗിക്കാറില്ല. പറയാനുള്ളത് കാര്യമാത്ര പ്രസക്തമായി അവതരിപ്പിക്കും. അതില്‍ മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കാത്ത അപൂര്‍വമായ വിവരങ്ങള്‍ ഉണ്ടായിരിക്കും.

 

ഹിന്ദുത്വ-ദേശീയ ധാരയില്‍

വലിയ അറിവുകള്‍ നേടിയിട്ടുണ്ടെങ്കിലും പ്രവൃത്തിയില്‍ വിശ്വസിക്കുന്നയാളാണ് രവി അച്ചന്‍. കര്‍മവ്യഗ്രതയ്ക്ക് പകരംവയ്ക്കാന്‍ മറ്റൊന്നില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആത്മാര്‍ത്ഥമായും ആവര്‍ത്തനവിരസതയില്ലാതെയും കൃത്യമായി ചെയ്യും. കുരുക്ഷേത്ര പ്രകാശന്റെ എംഡിയായിരുന്നപ്പോള്‍ ഓരോ ദിവസവും ഓഫീസില്‍ വരികയും, നിശ്ശബ്ദമായി ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന രവി അച്ചന്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായിരുന്നു. ചുരുക്കത്തില്‍ പദവികള്‍ ഏതായാലും 'സ്വയം സേവകത്വം' പുലര്‍ത്തുന്നതില്‍ വിജയിച്ച ഒരാളാണ്.

രവി അച്ചന് രാഷ്ട്രീയമുണ്ട്, പക്ഷേ കക്ഷി രാഷ്ട്രീയമില്ല. 1943 ല്‍ സ്വാന്ത്ര്യസമര പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ്സില്‍ കാലണ കൊടുത്ത് അംഗമായതാണ്. പിന്നീട് ഒരു പാര്‍ട്ടിയിലും അംഗമായിരുന്നിട്ടില്ല. ഒരു കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം തോന്നിയിരുന്നു. ജയപ്രകാശ് നാരായണന്റെയും അശോക് മേത്തയുടെയും മറ്റും ആദര്‍ശത്തോട് ആഭിമുഖ്യം തോന്നിയിട്ടുണ്ട്. സോഷ്യലിസം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. കാറല്‍ മാര്‍ക്‌സിന്റെ 'മൂലധനം' ഒഴികെയുള്ള ഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞു. ജന്മനാടായ തൃപ്പൂണിത്തുറ ഒരുകാലത്ത് കമ്യൂണിസ്റ്റുകാരുടെ തട്ടകമായിരുന്നല്ലോ. കോവിലകങ്ങളിലുള്ളവര്‍ പലരും കമ്യൂണിസ്റ്റുകളായി മാറുകയുണ്ടായി. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം അവര്‍ ജയിച്ചും പോന്നു. ടി. കെ. രാമകൃഷ്ണന്‍ വരെ ഇതില്‍പ്പെടുന്നു. രവി അച്ചന്‍ പക്ഷേ ആ പക്ഷത്തിന്റെ വക്താവായില്ല. രാഷ്ട്രീയത്തിലും ഹിന്ദുത്വ-ദേശീയ ധാരയോട് ഐക്യപ്പെടുകയാണുണ്ടായത്. അത് ഇപ്പോഴും തുടരുന്നു.

#

 

  comment
  • Tags:

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.