×
login
ഉള്‍ക്കണ്ണിലെ അക്ഷരത്തിളക്കം

രാഷ്ട്രത്തിന്റെ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ ഇപ്പോള്‍ തികച്ചും അര്‍ഹരായവരെയാണ് തേടിയെത്തുന്നത്. ഇക്കുറി പത്മശ്രീ ലഭിച്ച രണ്ടുപേര്‍ പല നിലകളില്‍ വ്യത്യസ്തരാണ്. പ്രാഞ്ചിയേട്ടന്മാരെ അദ്ഭുതപ്പെടുത്തിയ അവരെക്കുറിച്ച്

വീരസവര്‍ക്കര്‍, ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍... വിപ്ലവകാരികളുടെ ചരിത്രം വായനക്കാരിലെത്തിക്കാന്‍ എഴുത്ത് തുടങ്ങിയ ബാലന്‍ പൂതേരി ഇന്ന് എത്തിനില്‍ക്കുന്നത് പദ്മശ്രീയുടെ നിറവില്‍. അന്ധതയിലും ഇരുനൂറോളം പുസ്തകങ്ങള്‍ മലയാളത്തിന് സംഭാവന നല്‍കിയ ഈ എഴുത്തുകാരനുമായുള്ള അഭിമുഖം.

 • പരിമിതികളുള്ളതിനാല്‍ സഹായം പല രീതിയില്‍ പലപ്പോഴായി വേണ്ടി വന്നിട്ടുണ്ട്. നന്ദി പറയാനുള്ളത് ആരോടൊക്കെ?  

അന്ധനെങ്ങനെ എഴുതാനാകും? എന്തിനും ഏതിനും സഹായം വേണം. കാഴ്ച പൂര്‍ണമായും മാഞ്ഞപ്പോള്‍ എഴുതാന്‍ ആവേശമായി ഒപ്പം കൂടിയ ചിലരുണ്ട്. എന്റെ മനസ്സില്‍ വരുന്ന ആശയങ്ങള്‍ വരികളാക്കാന്‍ ഒപ്പം കൂടിയവര്‍. ആവശ്യമുള്ള പുസ്തകങ്ങള്‍ അവര്‍ വായിച്ച് കേള്‍പ്പിക്കും. ഞാന്‍ പറയുന്ന ആശയങ്ങള്‍ കുറിച്ചെടുക്കും. പിന്നീട് പുസ്തകമാക്കുന്ന തിരക്കില്‍ ഒപ്പം കൂടും. അവരാണ് യത്ഥാര്‍ത്ഥ ശക്തി. കാഴ്ച മങ്ങിയപ്പോള്‍ സാമ്പത്തികമായി പിന്നോട്ടു പോയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ച് നല്‍കി. കുടുംബാംഗങ്ങള്‍ വീട് പുതുക്കി പണിതു തന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്.    

 • എഴുത്തിന്റെ ആദ്യ കാലങ്ങളില്‍ മുന്നിലുണ്ടായിരുന്ന ലക്ഷ്യം, തയാറെടുപ്പുകള്‍ എങ്ങനെ? 

എഴുത്തിന്റെ തുടക്കം കോളജിലാണ്, കവിതകളിലൂടെ. കോളജിലെത്താന്‍ നാട്ടിലുണ്ടായിരുന്നത് ഒരു ബസ്സു മാത്രം. പുലര്‍ച്ചെയാണ് ബസ്സിന്റെ സമയം. കോളജില്‍ നേരത്തെയെത്തുന്നതിനാല്‍ വായനശാലയില്‍ പോകും. അങ്ങനെയാണ് വായന ശീലമായത്. വായിക്കുന്നതില്‍ ചിലത് കുറിക്കും. പിന്നീട്  ആശയങ്ങളാക്കി വിപുലീകരിക്കും. ചരിത്ര പുരുഷന്മാരുടെ പുസ്തകം വായിക്കാന്‍ താത്പര്യമുണ്ടായിരുന്നു. നാടിനുവേണ്ടി പ്രയത്‌നിച്ചവരോട് പ്രത്യേക ബഹുമാനമുണ്ട്. അവരുടെ കഥകള്‍ കൂടുതല്‍ വെളിച്ചം കാണണമെന്ന് തോന്നി.    

 • സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

കോളജ് പഠനകാലമാണ് സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് വഴിതെളിച്ചത്. എബിവിപി പ്രവര്‍ത്തകനായിരുന്നു. നിരവധി ആര്‍എസ്എസ് പ്രചാരകരുമായി ബന്ധമുണ്ടാക്കി. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി മുന്നിട്ടിറങ്ങി. വിവേകാന്ദനായിരുന്നു ആദ്യ ഹീറോ. നാട്ടില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് വായനശാലയുണ്ടാക്കി. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നാട്ടുകാരിലെത്തിക്കാന്‍ ശ്രമിച്ചു. വനവാസി വികാസ കേന്ദ്രത്തിന്റെ ഓര്‍ഗനൈസറായി. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഇതിനിടെ എംഎ പഠനം ഉപേക്ഷിക്കേണ്ടി വന്നു.  

 • പഠനം ഉപേക്ഷിച്ച് പൊതുരംഗത്തേക്കിറങ്ങിയ കാലത്ത് നേരിട്ട വിമര്‍ശനങ്ങള്‍?

കുടുംബത്തിന്റെ എതിര്‍പ്പ് വലുതായിരുന്നു. അച്ഛനും അമ്മയും ഒപ്പം നിന്നെങ്കിലും സഹോദരങ്ങള്‍ തീര്‍ത്തും എതിര്‍ത്തു. ബിഎ വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്ക് പോകാത്തതിന്റെ പേരില്‍ കുടുംബവും നാട്ടുകാരും വിമര്‍ശിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ നിന്ന് മാറിനിന്നായിരുന്നു പ്രവര്‍ത്തനം. കോഴിക്കോട് കേന്ദ്രീകരിച്ച് ഏറെ നാള്‍ പ്രവര്‍ത്തിച്ചു. എംഎ ആദ്യ വര്‍ഷം കഴിഞ്ഞ് പഠനം പൂര്‍ണമായും ഉപേക്ഷിച്ചത് സ്വന്തം താത്പര്യത്തോടെയാണ്.  

 • ആത്മീയമായ എഴുത്തിലേക്ക് കടന്നതെങ്ങനെ. വഴിത്തിരിവായത് എന്ത്?

കളിയാട്ടക്കാവ് ക്ഷേത്ര ഉത്സവം നാട്ടില്‍ പ്രധാനമാണ്. കുട്ടികളടക്കം എല്ലാവരും ക്ഷേത്രത്തില്‍ പങ്കെടുക്കും. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ക്ഷേത്രത്തിന്റെ ചരിത്രമറിയില്ല. ഐതീിഹ്യങ്ങളും പ്രത്യേകതകളും വായനക്കാരിലെത്തിക്കാന്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രം എന്ന പേരില്‍ പുസ്തകമിറക്കി. ലക്ഷ്യം ക്ഷേത്രത്തിന്റെ ചരിത്രം വായനക്കാരിലെത്തിക്കുകയെന്നതായിരുന്നു. രണ്ടായിരം കോപ്പിയാണ് അടിച്ചത്. ആദ്യ ദിവസംതന്നെ വിറ്റത് ആയിരത്തഞ്ഞൂറ് കോപ്പി. പിന്നീട് ക്ഷേത്രങ്ങളെക്കുറിച്ച് ഏറെ പഠിക്കുകയും, എഴുതാന്‍ തുടങ്ങുകയും ചെയ്തു. ഭാരതത്തിന്റെ ധര്‍മ്മവും പാരമ്പര്യവും എഴുതാന്‍ താത്പര്യം തോന്നിയിരുന്നു. പ്രധാന ക്ഷേത്രങ്ങളെക്കുറിച്ച് ഏറെ പഠിച്ചാണ് എഴുത്തിന് തയാറെടുത്തിരുന്നത്.  

 • കാഴ്ച പൂര്‍ണമായി മങ്ങിയപ്പോള്‍ എഴുത്തിനെ പിടിച്ചു നിര്‍ത്തിയതെങ്ങനെ?

അറുപത്തിമൂന്ന് പുസ്തകങ്ങള്‍ സ്വയം എഴുതിയതിനു ശേഷമാണ് കാഴ്ച പൂര്‍ണമായി മറയുന്നത്. പിന്നീട് ആറ് മാസം വീട്ടില്‍ തനിച്ചായിരുന്നു. ഭാര്യ ശാന്ത അംഗണവാടിയില്‍ ജോലിക്ക് പോകും. കാഴ്ച മറഞ്ഞപ്പോള്‍ ഏക ആശ്രയം റേഡിയോ ആയിരുന്നു. റേഡിയോയുമായി നടയിലിരിക്കുന്ന അവസ്ഥ ഇന്നും ഓര്‍ക്കുന്നു. ഇതിനിടെ സത്യസായ് ബാബയുടെ ഒരു ഭക്തന്‍ വീട്ടില്‍ വന്നു. ബാബയുടെ പുസ്തകം വായിച്ച് കേള്‍പ്പിച്ചു. ഇതോടെയാണ് വീണ്ടും പുസ്തകം എഴുതണമെന്ന് ഉറപ്പിച്ചത്. വീട്ടില്‍ വന്ന ഭക്തന്‍തന്നെ സഹായത്തിനെത്തുകയും ചെയ്തു. എഴുതിയ പുസ്തകം ബാബയുടെ അടുത്തെത്തി നേരിട്ട് നല്‍കി.  

 • ഗുരുവായൂര്‍, ശബരിമല, മുത്തപ്പന്‍, ക്ഷേത്രങ്ങള്‍... സഹായങ്ങള്‍ എങ്ങനെയെത്തി?  

ഗുരുവായൂരപ്പന്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പതാമത്തെ പുസ്തകം ഗുരുവായൂരമ്പലത്തിലെ അഷ്ടമിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പുസ്തകം ഗുരുവായൂരില്‍ സമര്‍പ്പിക്കുകയും, അമ്പത് പുസ്തകങ്ങളുമായി തുലാഭാരം നടത്തുകയും ചെയ്തു. നൂറാമത്തെ പുസ്തകവും ഗുരുവായൂരമ്പലവുമായി ബന്ധപ്പെട്ടതാണ്. ഈ പുസ്തകം എഴുതുന്ന സമയത്ത് ഗുരുവായൂരില്‍ നിന്ന് ഒരു ഭക്തനെത്തി സഹായിച്ചു. പിന്നീട് ശബരിമലയുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയപ്പോഴും പത്തനംതിട്ടയില്‍ നിന്ന് സഹായി എത്തി. ജീവിതാനുഭവങ്ങള്‍ പങ്കുവച്ചെഴുതിയ പുസ്തകം ഗുരുവായൂരില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് ഗുരുവായൂരില്‍ നിന്ന് പുരസ്‌കാരവും ലഭിച്ചു. തപസ്യയുടെ നവരാത്രി പുരസ്‌കാരം ലഭിച്ചു.  

 • കൂടുതല്‍ സംതൃപ്തി ലഭിച്ച പുസ്തകം. ഏറെ ആസ്വദിച്ച എഴുത്ത്?  

ഗുരുവായൂര്‍ അമ്പലവുമായി ബന്ധപ്പെട്ട പുസ്തകത്തിനാണ് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. ഈ പുസ്തകം തന്നെയാണ് ഏറെ ആസ്വദിച്ച് തയാറാക്കിയതും.ക്ഷേത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഏറെ സംതൃപ്തി നല്‍കിയത്.    

 • എഴുത്തിലേക്ക് കടക്കുന്ന രീതി. മനസ്സിലെ ചിന്തകളെ എങ്ങനെ കഥകളാക്കുന്നു?  

ആദ്യ കാലങ്ങളില്‍ പുസ്തകം വായിച്ച് സ്വയം ആശയങ്ങള്‍ കുറിച്ചുവയ്ക്കുമായിരുന്നു. പിന്നീട് കാഴ്ച മറഞ്ഞപ്പോള്‍ സഹായി ആവശ്യമുള്ള പുസ്തകങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. പറയുന്നത് കുറിച്ചെടുക്കും. ലളിതമായി എഴുതാനാണ് താത്പര്യം. വായനക്കാരിലേക്ക് കൂടുതല്‍ ആശയങ്ങളും വിവരങ്ങളും നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു.  

 • സ്വപ്‌ന പദ്ധതി? എഴുതാന്‍ ബാക്കിയുള്ളതായി തോന്നുന്നത് എന്ത്?  

മഹാഭാരതവുമായി ബന്ധപ്പെട്ട് പുസ്തകം തയാറാക്കുന്നുണ്ട്. വലിയ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തകമാണിത്. കൊറോണ കാരണം എന്ന് പുറത്തിറക്കാനാകുമെന്ന് ഉറപ്പില്ല. അശരണര്‍ക്കായി ആശ്രമം തുടങ്ങണമെന്ന പദ്ധതിയുണ്ട്. പുരസ്‌കാരങ്ങളില്‍ നിന്ന് ലഭിച്ച തുകയില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി. ഇവിടെ ആശ്രമം ആരംഭിക്കണം. മകന്‍ രാംലാലിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ സാമ്പത്തിക ഭദ്രതയില്ല. പണം പിരിക്കാന്‍  ഉദ്ദേശിക്കുന്നില്ല. സംഭാവന നല്‍കിയാല്‍ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.

  comment
  • Tags:

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.