×
login
വിജയശ്രീ ബാലന്‍ പൂതേരി

200 ലേറെ പുസ്തകങ്ങള്‍ രചിച്ച പത്മശ്രീ സമ്മാനിതനായ ബാലന്‍ പൂതേരിയെ പരിഹസിക്കുന്ന 'പ്രാഞ്ചിയേട്ട'ന്മാര്‍ക്ക് ചുട്ട മറുപടി നല്‍കിയ സിവിക് ചന്ദ്രന്റെ വാക്കുകള്‍ കടമെടുത്തു തന്നെ ഇതവസാനിപ്പിക്കാം. സിംഹത്തിന്റെയും കടുവയുടെയും ആനയുടെയും മാത്രമല്ല കാട്. ഉറുമ്പിന്റെയും മണ്ണിരയുടെയും ചിതലിന്റെയും കൂടെയല്ലേ. കാടിനു കാടിന്റെ ഭംഗി, തോട്ടത്തിനു തോട്ടക്കാരന്‍ നല്‍കുന്നതും

ഴിഞ്ഞയാഴ്ച വയനാട്ടിലെ വനവാസി ബന്ധുജനങ്ങളുടെ ഭിഷഗ്വരന്‍ മാത്രമല്ല ആപല്‍ബാന്ധവനായിത്തന്നെ, കണ്‍കണ്ട ദൈവമായി അവര്‍ കരുതി വരുന്ന ഡോക്ടര്‍ ധനഞ്ജയ ദിവാകര്‍ സഗ്‌ദേവിനെക്കുറിച്ചായിരുന്നു 'സംഘപഥ'ത്തില്‍ വിവരിച്ചത്. യഥാര്‍ത്ഥ സംഘപഥം സ്വീകരിച്ചു തന്നെയാണ് മഹാനഗരമായ നാഗ്പൂരില്‍ നിന്ന് വനപ്രദേശമായ വയനാട്ടിലെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ അദ്ദേഹമെത്തി അവിടത്തുകാരനായിത്തീര്‍ന്നത്. ഒട്ടനവധി പ്രശസ്തരായ വ്യക്തികള്‍ അതു വായിച്ച് ആസ്വദിച്ച വിവരം അറിയിച്ചു.

ഇക്കുറി അതുപോലെ പദ്മശ്രീക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയശ്രീ ബാലന്‍ പൂതേരിയെക്കുറിച്ച് എഴുതാമെന്ന് വിചാരിക്കുന്നു. നേരത്തെ തന്നെ കാഴ്ച ശക്തി കുറവായിരുന്നുവെങ്കിലും ഇപ്പോള്‍ അതു തീര്‍ത്തും നഷ്ടമായ അദ്ദേഹത്തിന് ഉള്‍ക്കണ്ണ് കൂടുതല്‍ തെളിഞ്ഞുവന്നത് നമുക്കൊക്കെ അനുഗ്രഹമായി. വിജയശ്രീ എന്ന ബഹുമതിക്കദ്ദേഹം തികച്ചും അര്‍ഹനാണ്. ഇപ്പോള്‍ പദ്മശ്രീ കൂടി ആയി. സാഹിത്യപ്രവര്‍ത്തനത്തിനാണദ്ദേഹത്തിന് പത്മശ്രീ അര്‍ഹത എന്ന് പുരസ്‌കാര കര്‍ത്താക്കള്‍ വിധിച്ചത്. സ്ഥിരം സര്‍ക്കാര്‍ സാഹിത്യത്തമ്പുരാക്കന്മാരെ രോഷാകുലരാക്കിയിരിക്കുകയാണ്, ബാലന്‍ പൂതേരിയോ, ആരാണയാള്‍ ഏതാണയാളുടെ കൃതികള്‍ എന്നൊക്കെ അക്കൂട്ടര്‍ അദ്ഭുതം കൂറി. പതിവുരീതിയില്‍ മോദി സര്‍ക്കാരിന്റെ പുരസ്‌കാര നയത്തെ അവര്‍ അധിക്ഷേപിക്കുകയും ചെയ്തു. ആക്ഷേപങ്ങളെല്ലാം സൈബര്‍ മാധ്യമങ്ങളിലൂടെ ആയിരുന്നു. അനേകം 'പ്രാഞ്ചിയേട്ടന്മാര്‍' അങ്ങനെ തങ്ങളുടെ പുരസ്‌കാര കാമം കരഞ്ഞുതീര്‍ത്തിട്ടുണ്ടാവണം. അവര്‍ക്കു ചുട്ട മറുപടിയുമായി വന്നത് ഇടതുപക്ഷത്ത് നിന്നിരുന്നുവെന്നു എന്നെപ്പോലുള്ളവര്‍ കരുതിവന്ന സിവിക് ചന്ദ്രനാണ്. ജന്മഭൂമി ഈ മാസം ഒന്നാം തീയതിയില്‍ മുഴുവനായിത്തന്നെ അത് ഉദ്ധരിച്ചതിനാല്‍ ഇവിടെ കൊടുക്കുന്നില്ല.  

പൂതേരിയെക്കുറിച്ച് സിവിക് ചന്ദ്രന്‍ അഭിപ്രായങ്ങള്‍ പറയാന്‍ ഉണ്ടായ കാരണം എന്നെ വിസ്മയിപ്പിച്ചു, ചന്ദ്രന്റെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുന്നു. ആ ഭാഗം ഇവിടെകൊടുക്കുകയാണ്. ''മലയാളി ഏറ്റവുമധികം സേര്‍ച്ചു ചെയ്തത് ഈ പേരാണ്. ആരാണിയാള്‍ മ.ര.ര. ശ്രീ പൂതേരി ബാലന്‍. ഇദ്ദേഹത്തിന്റെ പുസ്തകം വായിച്ചത് ഞാനെന്റെ ഭാര്യയുടെ ചിതാഭസ്മ നിമഞ്ജനത്തിന് തിരുനെല്ലിയില്‍ പോയപ്പോഴാണ്. വയനാട്ടിലെ കാശിയാണല്ലോ തിരുനെല്ലി. ഏറെക്കാലം  വയനാട്ടിലുണ്ടായിട്ടും നരിനിരങ്ങി മലയില്‍ നിന്നു നരികള്‍ നിരനിരയായി ഇറങ്ങിവരുന്ന കാല്‍പ്പനിക എഴുപതുകള്‍ കവിതയാക്കിയിട്ടുണ്ടെങ്കിലും കൂടെയുള്ളവര്‍ക്ക് ക്ഷേത്രത്തെക്കുറിച്ചെന്തെങ്കിലും പറഞ്ഞുകൊടുക്കാന്‍ ഒട്ടും അറിയില്ലായിരുന്നു. അയ്യോ! ഞാനെത്ര സാംസ്‌കാരിക നിരക്ഷരന്‍! എന്തേലും വായിക്കാന്‍ കിട്ടുമോ എന്നന്വേഷിച്ചപ്പോള്‍ ക്ഷേത്ര കൗണ്ടറില്‍ തന്നെ ബാലന്റെ പുസ്തകമുണ്ടായിരുന്നു. ആ അമ്പലത്തെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാമുള്ള ചെറിയൊരു പുസ്തകം. ഇരുന്നൂറിലധികം ക്ഷേത്രങ്ങളെക്കുറിച്ച് ഇങ്ങനെ ഇയാളെഴുതിയ പുസ്തകങ്ങളുണ്ടെത്രേ. മലയാളത്തില്‍ ഇപ്പോള്‍ എഴുതുന്ന കാക്കത്തൊള്ളായിരം പേരില്‍  80 ശതമാനം പേരും കവിയശ പ്രാര്‍ത്ഥികളും പിആര്‍ വര്‍ക്കുകൊണ്ടു മാത്രം  അറിയപ്പെടുന്നവരുമാണ്.'' ഇനിയും നീളുന്നുണ്ട് സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക്.

സാധാരണ തീവ്ര ഇടതുപക്ഷക്കാര്‍ ഹൈന്ദവ പാരമ്പര്യത്തില്‍ നിഷ്ണാതരായാണ് കാണാറുണ്ടായിരുന്നത്. ഗോവിന്ദപ്പിള്ള, കെ. വേണു, ബാലറാം, ഇഎംഎസ് മുതലായവര്‍ അതിനുദാഹരണങ്ങളാണ്. സിവിക് ചന്ദ്രന്‍ അങ്ങനെയല്ലാത്തതാണ് എന്നെ വിസ്മയിപ്പിച്ചത്. പ്രാചീന കേരളത്തിന്റെ സിവില്‍ നിയമസംഹിതകളായി കരുതപ്പെട്ട തിരുനെല്ലി ശാസനങ്ങളെയും അദ്ദേഹം വായിച്ചിട്ടില്ലെന്നുവരുമോ? വിസ്മയിപ്പിച്ച മറ്റൊരു കാര്യം അദ്ദേഹം പത്‌നിയുടെ ചിതാഭസ്മ നിമഞ്ജനത്തിന് അവിടെ പോയതാണ്. ഇ.കെ. നായനാരുടെ കുടുംബം കന്യാകുമാരിയില്‍ പോയതും, കോടിയേരി ബാലകൃഷ്ണന്റെ കുടുംബം കാടാമ്പുഴയില്‍ പൂമൂടല്‍ ചടങ്ങു നടത്തിയതും വിസ്മരിക്കുന്നില്ല. പരമ്പരാഗത ചടങ്ങുകള്‍ക്ക് പ്രത്യയശാസ്ത്ര വിശ്വാസം തടസ്സമായിക്കൂടാ എന്നാണ് ഞാന്‍ കരുതുന്നത്.

വിജയശ്രീ ബാലനെ എനിക്ക് 35 വര്‍ഷങ്ങളിലേറെയായി പരിചയമുണ്ട്. ജന്മഭൂമി എറണാകുളം നോര്‍ത്തില്‍ ആയിരുന്ന കാലത്ത് 1985 നു മുന്‍പ് അദ്ദേഹം വണ്ടിയിറങ്ങി വരുന്ന വഴി അവിടെ കയറി ലഘുപുസ്തകങ്ങള്‍ തരാറുണ്ടായിരുന്നു. എഴുത്തുകള്‍ ഹൃദയത്തില്‍ തട്ടുന്നവയായിരുന്നു. എല്ലാം ക്ഷേത്രങ്ങളെപ്പറ്റിയുള്ളവ. ഹിന്ദുധര്‍മത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ സരളമായി പറയുന്ന ഒട്ടേറെ  ചെറിയ പുസ്തകങ്ങള്‍.

ചെറിയവ മാത്രമല്ല, ക്ഷേത്ര വിവരങ്ങളും കീര്‍ത്തനങ്ങളും മാത്രമല്ല, അദ്ദേഹത്തിന്റെ സാഹിത്യം വിഷയ വൈവിധ്യ സമൃദ്ധമാണ്. ചരിത്ര പുരുഷന്മാരുടെയും സമകാലിക നേതാക്കന്മാരുടെയും ജീവചരിത്രങ്ങളും ധാരാളമുണ്ട്. വീരസവര്‍ക്കര്‍, രാമസിംഹന്‍, ലാല്‍കൃഷ്ണ അദ്വാനി, വിശ്വനായകന്‍ അടല്‍ജി, സചിന്‍ടെണ്ടുല്‍ക്കര്‍, വിപ്ലവകാരികള്‍, രക്തസാക്ഷികള്‍, ഷിര്‍ദിസായി ബാബാ, ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ജന്മഭൂമിയുടെ ചുമതലയില്‍നിന്ന് വിടുതലായശേഷം ബാലനെപ്പറ്റി വിവരമൊന്നും ലഭിക്കാതിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ എന്റെ മകന്‍ മനു കുടുംബസഹിതം തൃപ്പൂണിത്തുറയില്‍ താമസിച്ച ഫഌറ്റില്‍ ചെന്നപ്പോള്‍, അതേ സമുച്ചയത്തിലെ പി. വിജയകുമാറിന്റെ ഫഌറ്റില്‍ പോകുകയും, അവിടെ മുന്‍ പ്രചാരകനായ വി.പി. ദാസനെ കാണാനിടയാകുകയുമുണ്ടായി. ദാസന്‍ പഴയ ഒട്ടേറെ വിവരങ്ങള്‍ പറഞ്ഞതിനിടയില്‍ താന്‍ കരിപ്പൂരില്‍ ബാലന്‍ പൂതേരിയുടെ സഹായിയായി കഴിയുകയാണെന്ന് അറിയിച്ചു.  കാഴ്ച ശേഷി തീരെ കുറഞ്ഞതിനാല്‍ എഴുതാനും,  

മറ്റു പല കൃത്യങ്ങള്‍ക്കും സഹായമാവശ്യമാണെന്നറിയിച്ചു. എന്നാലും പുസ്തക രചനയ്ക്കു ഭംഗം വന്നില്ല. യാത്രയ്ക്കും കുറവൊട്ടുമില്ലെന്നറിഞ്ഞു. പരിവാര്‍ പ്രസ്ഥാനങ്ങളുടെ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളിലും മലപ്പുറം കോഴിക്കോട് ജില്ലകളില്‍ അദ്ദേഹമുണ്ടായിരുന്നു.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ട് ചിന്മയാനന്ദ ഹാളില്‍ നടന്ന എം.എ. കൃഷ്ണന്‍ നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ചടങ്ങുകളുടെ സമാപനമായപ്പോള്‍ അന്യസഹായത്തോടെ  വേദിയില്‍ വന്ന് ''ഞാന്‍ ബാലന്‍ പൂതേരി'' എന്നു പറഞ്ഞു സംസാരിച്ചു. ആളുടെ ആകൃതിയും പ്രകൃതിയും തിരിച്ചറിയാന്‍ പ്രയാസമാംവിധം മാറിയിരുന്നു. ഏറ്റവും പുതിയ ഏതാനും  

പുസ്തകങ്ങള്‍ എനിക്കു സമ്മാനിച്ചു. അധിക സമയം ഇല്ലാതിരുന്നതിനാല്‍ വിടപറയേണ്ടിവന്നു. ബാലന്‍ ഏതാനും വലിയ പുസ്തകങ്ങളും രചിച്ചു. താന്‍ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചു സമഗ്രമായി വിവരങ്ങള്‍ വായനക്കാരന് ലഭിക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. നമ്മുടെ ഇതിഹാസങ്ങളാണ് അതിനു മാതൃക എന്നുതോന്നുന്നു.

തളിക്ഷേത്രവും ഹൈന്ദവ നവോത്ഥാനവും എന്ന പുസ്തകം തന്നെ നോക്കിയാല്‍. അതില്‍ ക്ഷേത്ര ചരിത്രം, അന്നത്തെ അവസ്ഥയിലെത്താന്‍ ഇടയാക്കിയ പശ്ചാത്തലം, സാമൂഹ്യനില, ചുറ്റുപാടുമുള്ള സമാജ ജീവിതാവസ്ഥ, അവിടത്തെ സംഘര്‍ഷങ്ങള്‍, അതിലെ 'ഡ്രമാറ്റിസ് പേഴ്‌സണേ' എന്ന പ്രയോഗത്തിന്റെ താല്‍പ്പര്യത്തില്‍ പെടുന്ന എല്ലാറ്റിനെയും, പ്രസ്ഥാനങ്ങളെയും സംഭവങ്ങളെയും സംശയത്തിനിടയില്ലാത്തവിധം പ്രതിപാദിക്കുന്നുണ്ട്. തളിക്ഷേത്രത്തിന്റെ ഇന്നത്തെ അവസ്ഥയിലെത്തിച്ച സ്ത്രീ പുരുഷന്മാരെയെല്ലാം അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയാണതില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിഹാസപരവും ചരിത്രപരവും വിശ്വാസപരവുമായ വിവരണവും അതിലുണ്ട്. അന്ധവിശ്വാസമെന്നു പറഞ്ഞാലും തളി മഹാദേവനു ദോഷകരമായ നടപടിയെടുത്ത വ്യക്തികള്‍ക്കും നീതിപതിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായ വിഷമങ്ങളും വിവരിക്കുന്നു. ഇഎംഎസിന്റെ മന്ത്രിസഭ തകര്‍ന്നതുവരെ അവയില്‍ പെടുന്നു. ഭാരതത്തിലെ വീര വിപ്ലവകാരികള്‍ എന്ന പുസ്തകമാകട്ടെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ സായുധ മാര്‍ഗം അവലംബിച്ച 35 ധീരരുടെ ലഘുവിവരണമാണ്. അവരില്‍ പലരേയും ഇന്നത്തെ തലമുറ കേട്ടിട്ടു തന്നെ ഉണ്ടാവില്ല. റാണാ പ്രതാപന്‍ മുതല്‍ സുഭാഷ് ചന്ദ്രബോസ് വരെയുള്ളവരാണതിലുള്ളത്. പഴശ്ശിരാജാ, വേലുത്തമ്പി ദളവ, ഡോ.ചമ്പകരാമന്‍ പിള്ള എന്നിവരാണക്കൂട്ടത്തിലെ കേരളീയര്‍.

200 ലേറെ പുസ്തകങ്ങള്‍ രചിച്ച പത്മശ്രീ സമ്മാനിതനായ ബാലന്‍ പൂതേരിയെ പരിഹസിക്കുന്ന 'പ്രാഞ്ചിയേട്ട'ന്മാര്‍ക്ക് ചുട്ട മറുപടി നല്‍കിയ സിവിക് ചന്ദ്രന്റെ വാക്കുകള്‍ കടമെടുത്തു തന്നെ ഇതവസാനിപ്പിക്കാം. സിംഹത്തിന്റെയും കടുവയുടെയും ആനയുടെയും മാത്രമല്ല കാട്. ഉറുമ്പിന്റെയും മണ്ണിരയുടെയും ചിതലിന്റെയും കൂടെയല്ലേ. കാടിനു കാടിന്റെ ഭംഗി, തോട്ടത്തിനു തോട്ടക്കാരന്‍ നല്‍കുന്നതും.

  comment
  • Tags:

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.