×
login
വിചാര കേന്ദ്രത്തിന്റെ വിശിഷ്ട ചരിത്രകൃതി

മലബാറിലെ തടിവ്യവസായവും അതിന്റെ ആഗോള വ്യാപാരവും മാപ്പിളമാരുടെ കുത്തകയായിരുന്നുവെന്ന കാര്യം ഹരിശങ്കര്‍ എടുത്തുപറയുന്നുണ്ട്. ആറേഴു നൂറ്റാണ്ടുകാലംകൊണ്ട് പശ്ചിമേഷ്യയും മധ്യധരണ്യാഴി, തുര്‍ക്കി പ്രദേശങ്ങളും മാപ്പിളവ്യാപാരിമാര്‍ക്കും സുപരിചിതമായി. തുര്‍ക്കി സാമ്രാജ്യം തകര്‍ന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമായ കിഴക്കന്‍ ഗാമാസാമ്രാജ്യം ശക്തിയാര്‍ജിച്ചശേഷവും, പറങ്കികളും മറ്റും ആഫ്രിക്ക ചുറ്റി കോഴിക്കോട്ടെത്തി മുസ്ലിം വ്യാപാര വാണിജ്യ കപ്പലോട്ട മേഖലകള്‍ക്കു ഭീഷണിയായപ്പോഴും പല മരവ്യാപാരികളും തങ്ങളുടെ പാശ്ചാത്യരുമായുള്ള സൗഹൃദം നഷ്ടമാക്കാതെ നോക്കിയത്രേ.

കേരളത്തിന്റെ ദേശീയധാരയ്ക്കു കരുത്തും ഉള്ളടക്കവും പകരുവാന്‍ ഭാരതീയ വിചാര കേന്ദ്രം നടത്തുന്ന പ്രയത്‌നങ്ങള്‍ എത്രയോ വിലപ്പെട്ടതാണ്. നാലു പതിറ്റാണ്ടുകളായി അതിന്റെ പ്രവര്‍ത്തനം സ്പര്‍ശിക്കാത്ത മേഖലയോ സ്വാധീനിക്കാത്ത വ്യക്തിയോ ഉണ്ടാവില്ല. വിചാരകേന്ദ്രത്തെ സ്‌നേഹാദരങ്ങളോടെ പ്രതീക്ഷാപൂര്‍വം നോക്കുന്നവരും, ഭീതിയോടും സംഭ്രാന്തിയോടും വീക്ഷിക്കുന്നവരും ധാരാളമുണ്ടാവും. കേരളം സ്‌നേഹാദരങ്ങളോടെ വീക്ഷിച്ചുവന്ന പി. പരമേശ്വരന്‍ എന്ന പരമേശ്വര്‍ജിയാണതിനു ബീജാവാപം നല്‍കി ഓജസ്സും കരുത്തുമുണ്ടാക്കി വളര്‍ത്തിയെടുത്തത്. സംസ്ഥാനത്തും ദേശീയരംഗത്തും വിവിധ രംഗങ്ങളില്‍ പ്രശസ്തരായ മഹദ്‌വ്യക്തികളുടെ സമൃദ്ധി തന്നെ വിചാര കേന്ദ്രത്തിന്റെ പരിപാടികളെ ധന്യമാക്കി വന്നു. രാജ്യത്തിന് വിശിഷ്യാ കേരളത്തിന് സുപ്രധാനമായ ഒട്ടേറെ വിഷയങ്ങള്‍ വിചാരകേന്ദ്രം ചര്‍ച്ചക്കെടുത്തിരുന്നു. വിവിധ രാഷ്ട്രീയധാരകളെയും മതവിഭാഗങ്ങളെയും സൈദ്ധാന്തിക ചിന്തകരെയുമൊക്കെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചാ സദസ്സുകളും, വിദ്യാഭ്യാസ ബൗദ്ധിക സമ്മേളനങ്ങളും കേരളത്തിന്റെ പല ഭാഗങ്ങളിലും വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.  അവിടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ അമൂല്യങ്ങളായി കരുതപ്പെട്ടു.  

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ സജീവമായി നില്‍ക്കുന്ന 1921 ലെ മാപ്പിള ലഹളയും, അതിന്റെ നൂറ്റാണ്ടുവേളയെ ഉപയോഗപ്പെടുത്തി മലബാറില്‍ പ്രത്യേകിച്ചും, കേരളത്തില്‍ പൊതുവേയും തല്‍പ്പരകക്ഷികള്‍ വളര്‍ത്തിക്കൊണ്ടുവന്ന സംഭ്രാന്തിജനകമായ കാര്യപരിപാടികളും വിചാരകേന്ദ്രം പരിഗണിച്ച് ഏതാനും കനപ്പെട്ട ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിചാരകേന്ദ്രം നിശ്ചയിച്ചു. സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അക്കാദമിക് സ്റ്റഡീസിന്റെ അംഗമായ ഡോ. ബി.എസ്. ഹരിശങ്കരാണ് അതില്‍ ഒരു ഗ്രന്ഥം തയാറാക്കിയത്. മാപ്പിളലഹളയായി കലാശിച്ച് ആയിരക്കണക്കിനാളുകള്‍ക്ക് ജീവനാശവും, കോടിക്കണക്കിനാളുകള്‍ക്ക് സമ്പത്തുവിനാശവും, നൂറുകണക്കിന് ക്ഷേത്ര നശീകരണവും, പതിനായിരക്കണക്കിനാളുകളുടെ മാര്‍ക്കംകൂട്ടലും ഉണ്ടായ ലഹള ഭാരതത്തെ മുഴുവന്‍ ഞെട്ടിച്ച മഹാദുരന്തമായിരുന്നു. തുര്‍ക്കി സുല്‍ത്താന്റെ ഖാലിഫ് സ്ഥാനം ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സഖ്യകക്ഷികള്‍ ഇല്ലാതാക്കിയതിന്റെ പേരില്‍ ഭാരതത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണര്‍ന്ന ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ സ്വാതന്ത്ര്യസമരത്തിന് സഹായകരമാക്കിത്തീര്‍ക്കാമെന്ന മഹാത്മാഗാന്ധിയുടെയും മറ്റും അഭിപ്രായത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണവുമായി നിസ്സഹകരണം പ്രഖ്യാപിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ നയമാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്  ശക്തി പകര്‍ന്നത്. കോണ്‍ഗ്രസ്സും മുസ്ലിംലീഗും ചേര്‍ന്ന് ഖിലാഫത്ത് കമ്മിറ്റികളുണ്ടാക്കുകയും സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നിസ്സഹകരണ-ഖിലാഫത്ത് പ്രചാരണം, മുസ്ലിം ഭൂരിപക്ഷമുള്ള മലബാറിലെ ഭാഗങ്ങളില്‍ ശക്തിപ്രാപിച്ചു. 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഹൈദരലിയുടെയും മകന്‍ ടിപ്പു സുല്‍ത്താന്റെയും ആക്രമണകാലത്തു മലബാറിലുണ്ടായ ഹൈന്ദവ നശീകരണവും ക്ഷേത്ര ധ്വംസനങ്ങളും കൂട്ടമതംമാറ്റങ്ങളും ഇസ്ലാമിക നിയമങ്ങളനുസരിച്ചുള്ള തേര്‍വാഴ്ചാ ഭരണവും ഹിന്ദുക്കളെ പരിഭ്രാന്തരാക്കി. അതേ രീതിയിലുള്ള ഭരണമാവും ഖിലാഫത്തിന്റെത് എന്ന ഹുങ്ക് മാപ്പിളമാര്‍ക്കും, സംഭ്രാന്തി ഹിന്ദുക്കള്‍ക്കും ബാധിച്ചു.

ലഹളകള്‍ ഏതാനും മാസങ്ങളേ നടന്നുള്ളൂവെങ്കിലും അതിന്റെ കെടുതികള്‍ നൂറ്റാണ്ടിനുശേഷവും നീങ്ങിയെന്നു പറയാറായിട്ടില്ല. കാരണം, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലഹളബാധിത പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുസ്ലിം ഭൂരിപക്ഷ ജില്ലയും, അതിനു പ്രത്യേകാനുകൂല്യങ്ങളും സഹായങ്ങളും നല്‍കാന്‍ കേരളത്തിലെ ഇരുമുന്നണികളും മത്സരിക്കുന്നതും, പശ്ചിമേഷ്യയിലെ ഇസ്ലാമിക സ്റ്റേറ്റുകളിലേക്കു കേരളത്തില്‍ നടക്കുന്ന റിക്രൂട്ടുമെന്റുകളും മറ്റും ഇവിടെ ഭീകരാന്തരീക്ഷവും ഹിന്ദു ക്രിസ്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ സംഭ്രാന്തിയും സൃഷ്ടിച്ചു. ''ഇരുപത്തിയൊന്നില്‍ ഊരിയവാള്‍ അറബിക്കടിലെറിഞ്ഞിട്ടില്ല'' എന്നും മറ്റുമുള്ള ആക്രോശങ്ങളുമായി നടത്തപ്പെട്ട പ്രകടനങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി. ഇത് ഖിലാഫത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കാനുള്ള മുസ്ലിം പ്രസ്ഥാനങ്ങളുടെ നീക്കം ഇതര വിഭാഗങ്ങളെ പരിഭ്രമിപ്പിച്ചു.

ഈ പരിതസ്ഥിതിയില്‍  മാപ്പിളലഹളയുടെയും ഖിലാഫത്ത് ആശയത്തിന്റെയും മറ്റും ചരിത്രപശ്ചാത്തലവും വളര്‍ച്ചയും ബഹുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ ഫലമാണ് തുടക്കത്തില്‍ പരാമര്‍ശിച്ച പുസ്തകം. മലബാറിലെ ഇസ്ലാം മതത്തിന്റെ ആഗമനവും സ്ഥാപനവും വളര്‍ച്ചയും വികാസവുമൊക്കെ ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും ഐതിഹ്യങ്ങളുടെയും സമകാലീന കൃതികളുടെയും വെളിച്ചത്തില്‍ ഡോ. ഹരിശങ്കര്‍ ഏറ്റവും സമഗ്രവും വിദഗ്ദ്ധവുമായി പഠിച്ച് തയാറാക്കിയതാണ് പുസ്തകം.

ഈസ്റ്റിന്ത്യാ കമ്പനി ഭരണകാലത്തെയും ബ്രിട്ടീഷ് ഭരണകാലത്തേയും റിപ്പോര്‍ട്ടുകളും മറ്റു രേഖകളും വ്യാപാരികളുടെയും സഞ്ചാരികളുടെയും യാത്രയ്ക്കുറിപ്പുകളും, സാമൂതിരി, കൊച്ചിരാജാവ് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വല്‍, മലബാര്‍ ഗസറ്റിയര്‍ മുതലായി ഒട്ടേറെ പരാമര്‍ശ ഗ്രന്ഥങ്ങളും അദ്ദേഹം പ്രയോജനപ്പെടുത്തി.


ചിറയ്ക്കല്‍ രാജാവും സാമൂതിരിയും മറ്റും വിദേശവ്യാപാരവും വാണിജ്യവും വളരാനും, പശ്ചിമേഷ്യയിലും അറേബ്യയിലും നിന്ന് വന്ന വ്യാപാരികളും സഞ്ചാരികളും തങ്ങളുടെ രാജ്യം വിട്ടുപോകാതിരിക്കാനും അവര്‍ക്ക് ഇവിടുത്തെ പ്രമുഖ കുടുംബങ്ങളില്‍നിന്നു സ്ത്രീകളെ കുടുംബിനികളായി വിവാഹം കഴിക്കാന്‍ കല്‍പന നല്‍കിയതും, അങ്ങനെയുള്ള മുസ്ലിങ്ങള്‍ക്കു മാപ്പിളസ്ഥാനം നല്‍കി ബഹുമാനിച്ചതും ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. കേരളത്തിലെ തറവാടുകളില്‍ സ്വന്തം മകനെക്കാള്‍ ബഹുമാനം മകളുടെ ഭര്‍ത്താവിന് ലഭിക്കുന്നതാണല്ലോ ഇന്നും സ്ഥിതി. പഴയ ഭാഷയില്‍ മകളുടെ ഭര്‍ത്താവിന് മാപ്പിള എന്നു പറയുമായിരുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോഴും മാപ്പിള മകളുടെ ഭര്‍ത്താവുതന്നെ. മലബാറില്‍ മാപ്പിളസ്ഥാനം മുസ്ലിങ്ങള്‍ക്കായിരുന്നെങ്കില്‍ തിരുവിതാംകൂറില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കാണെന്നും ശ്രദ്ധിക്കുക. മാപ്പിളസ്ഥാനം ഒരു രാജകീയ ബഹുമതിയായിരുന്നു. കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയും കണ്ടത്തില്‍ വറുഗീസ് മാപ്പിളയും കെ.സി. മാമ്മന്‍ മാപ്പിളയും മറ്റും തിരുവിതാംകൂറിലെ ബഹുമുഖ പ്രതിഭകളായിരുന്നല്ലോ.

മലബാറിലെ തടിവ്യവസായവും അതിന്റെ ആഗോള വ്യാപാരവും മാപ്പിളമാരുടെ കുത്തകയായിരുന്നുവെന്ന കാര്യം ഹരിശങ്കര്‍ എടുത്തുപറയുന്നുണ്ട്. ആറേഴു നൂറ്റാണ്ടുകാലംകൊണ്ട് പശ്ചിമേഷ്യയും മധ്യധരണ്യാഴി, തുര്‍ക്കി പ്രദേശങ്ങളും മാപ്പിളവ്യാപാരിമാര്‍ക്കും സുപരിചിതമായി. തുര്‍ക്കി സാമ്രാജ്യം തകര്‍ന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമായ കിഴക്കന്‍ ഗാമാസാമ്രാജ്യം ശക്തിയാര്‍ജിച്ചശേഷവും, പറങ്കികളും മറ്റും ആഫ്രിക്ക ചുറ്റി കോഴിക്കോട്ടെത്തി മുസ്ലിം വ്യാപാര വാണിജ്യ കപ്പലോട്ട മേഖലകള്‍ക്കു ഭീഷണിയായപ്പോഴും പല മരവ്യാപാരികളും തങ്ങളുടെ പാശ്ചാത്യരുമായുള്ള സൗഹൃദം നഷ്ടമാക്കാതെ നോക്കിയത്രേ.

മൈസൂര്‍ സുല്‍ത്താന്മാരുടെ മലബാര്‍ ആക്രമണവും, അതിനെ ഇവിടുത്തെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും സഹകരണത്തോടെ ബ്രിട്ടീഷ് കമ്പനിസേന പരാജയപ്പെടുത്തിയതും, തുടര്‍ന്ന് വന്ന സിവില്‍, സൈനിക ഭരണവും മറ്റും ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ദുരിതങ്ങള്‍ സൃഷ്ടിച്ചതും പുസ്തകത്തിലുണ്ട്. ടിപ്പുവിന്റെ ആക്രമണത്തിന്റെ ഭാഗമായി നടന്ന അതിക്രൂരമായ മാര്‍ക്കം കൂട്ടല്‍ നടപടികളെ അദ്ദേഹം വിവരിക്കുന്നു. സര്‍ദാര്‍ കെ.എം. പണിക്കരുടെ മലബാര്‍ ആന്റ് മൈസൂര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിലും 'കേരളത്തിന്റെ സ്വാതന്ത്ര്യസമര'ത്തിലുംപ്രതിപാദിച്ചിട്ടുള്ള മഞ്ചേരിയിലെ ശാസനം (ഡിക്രി ഓഫ് മഞ്ചേരി) ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചു കാണുന്നില്ല. അതുപോലെ കുറ്റിപ്പുറത്ത് കോട്ട ഉപരോധിച്ചതും രണ്ടായിരത്തോളം നായന്മാരെ ചേലാകര്‍മം ചെയ്ത് മതംമാറ്റിയതും ഹരിശങ്കറിന്റെ പരാമര്‍ശത്തില്‍ അവ്യക്തത വന്നതായി തോന്നുന്നു. കുറ്റിപ്പുറം അന്ന് കടത്തനാട് രാജാവിന്റെ ആസ്ഥാനമായിരുന്നു, അത് വടകരത്താലൂക്കില്‍ നാദാപുരത്തിനടുത്താണ്. ഏറനാട്ടിലല്ല. അവിടെ ചേലാകര്‍മം ചെയ്യപ്പെട്ടവരെ ടിപ്പുവിന്റെ വാഴ്ച അവസാനിച്ചശേഷം, അവിടത്തെ തമ്പുരാനും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ വൈദികനും ചേര്‍ന്ന് ലഘുവായ കര്‍മത്തിലൂടെ ഹിന്ദുധര്‍മത്തിലേക്കു തിരിച്ചെടുത്തുവെന്നതും, അക്കൂട്ടരുടെ പി

ന്മുറക്കാര്‍ 'ചേലനായന്മാര്‍' എന്നാണറിയപ്പെടുന്നതും. 1958-60 കാലത്ത് അവിടെ സംഘപ്രചാരകനായിരുന്നപ്പോള്‍, ചില മുതിര്‍ന്ന ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അതു ശരിയാണെങ്കില്‍ ഹിന്ദുസമാജത്തില്‍ വീരസാവര്‍ക്കര്‍ അഭിലഷിച്ചിരുന്ന മനോഭാവം പ്രദര്‍ശിപ്പിച്ച സംഭവമായി അതിനെ കരുതാം. 1921 ലെ ലഹളക്കാലത്ത് പഞ്ചാബില്‍നിന്നുവന്ന ആര്യസമാജ പ്രവര്‍ത്തകര്‍ വ്യാപകമായ 'ഘര്‍ വാപസി' നടത്തിയതും നമുക്കറിയാം.ഏതാണ്ട് ആറു നൂറ്റാണ്ടുകാലത്തെ സമുദായനേതാക്കളും വാണിജ്യ വ്യാപാര പ്രമുഖരും സമുദ്രാനന്തര യാത്രക്കാരുമായ മാപ്പിള പ്രധാനിമാരുടെ വിവരങ്ങള്‍ പുസ്തകത്തില്‍നിന്നു ലഭിക്കുന്നുണ്ട്. ചിറയ്ക്കല്‍, അറയ്ക്കല്‍ രാജകുടുംബങ്ങള്‍ക്കിടയില്‍ കുടുംബബന്ധമുണ്ടായിരുന്നുവെന്ന ഐതിഹ്യത്തെ പുസ്തകം പരാമര്‍ശിക്കുന്നില്ല. തുര്‍ക്കിയിലെ ഭരണവും ഖാലിഫ് പദവിയുള്ള സുല്‍ത്താനുമായി ബന്ധവും സഹകരണവുമുണ്ടായിരുന്നവരെക്കുറിച്ചു വിവരിക്കുന്നുണ്ട്.

ഒരു മാനുവല്‍ വായിക്കുന്ന പ്രതീതിയാണ് ബിയോണ്ട് റാംപേജ് വായിച്ചപ്പോള്‍ അനുഭവിച്ചത്. വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ മുഖ്യ ഉത്പന്നങ്ങളില്‍ പ്രമുഖ സ്ഥാനം 'റാംപേജി'നു ലഭിക്കുമെന്നതില്‍ സംശയമില്ല.

comment
  • Tags:

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.