×
login
ഭാഷകളെ പ്രണയിച്ച് മതിവരാതെ

മാതൃഭാഷ മലയാളമാണെങ്കിലും ബെംഗളൂരുവില്‍ താമസിക്കുന്ന ഈ മുന്‍ അധ്യാപകന് അറിയാവുന്ന ഭാരതീയ ഭാഷകളുടെ പട്ടിക നീളുകയാണ്. ഭാഷാ പഠനം ജീവിതത്തിന്റെ ഭാഗമായ ഇങ്ങനെയൊരു മലയാളിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. കൊറോണക്കാലത്ത് പഠിച്ചതാകട്ടെ വിദേശഭാഷകളും. സംസ്‌കൃതം പഠിച്ചാല്‍ ഏത് ഭാഷയും അനായാസം പഠിക്കാമെന്നു കരുതുന്ന ഈ ഭാഷാസ്‌നേഹിയുടെ ജീവിതത്തിലൂടെ.

ലോകത്ത് ഏകദേശം 7000 ഭാഷകള്‍ പ്രചാരത്തിലുള്ളതായാണ് പറയപ്പെടുന്നത്. ഇത്രയധികം ഭാഷകള്‍ ഉണ്ടെങ്കിലും ലോക ജനസംഖ്യയുടെ പകുതിയിലധികവും 23 ഭാഷകളാണ് സംസാരിക്കുന്നത്. മാതൃഭാഷയ്‌ക്കൊപ്പം നാലോ അഞ്ചോ ഭാഷകള്‍ കൂടി പഠിക്കുക എന്നത് വലിയ നേട്ടമാണ്. എന്നാല്‍, ഭാഷാ പഠനത്തില്‍ വ്യത്യസ്തനാവുകയാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ തൃശൂരുകാരന്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍.  

എഴുപത്തിയാറാം വയസ്സില്‍, അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച്, വിശ്രമ ജീവിതം നയിക്കുമ്പോഴും ഭാരതീയ ഭാഷകളെ പ്രണയിക്കുകയാണ് ബെംഗളൂരു സമന്വയ ദാസറഹള്ളി ഭാഗ് രക്ഷാധികാരിയും സംസ്‌കൃത പണ്ഡിതനുമായ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ മലയാളം, തമിഴ്, കന്നട, തുളു, സംസ്‌കൃതം, ഹിന്ദി, കൊങ്ങിണി, മറാത്തി, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനും വായിക്കാനും അറിയാം. ബെംഗാളി, ഗുജറാത്തി ഭാഷകള്‍ ഒഴിച്ച് ബാക്കിയെല്ലാ ഭാഷകളും എഴുതാനും മാസ്റ്റര്‍ക്ക് സാധിക്കും. ഇപ്പോള്‍ മണിപ്പൂരി, ചീനി ഭാഷ പഠിക്കുന്നു. മലയാളത്തിനു പുറമെ നന്നേ ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതവും തമിഴും പഠിച്ചുതുടങ്ങിയ മാസ്റ്റര്‍ പിന്നീട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴി കന്നട എംഎവരെ പഠിച്ചു.  

സംസ്‌കൃതം വശമായിരുന്ന അച്ഛനും അമ്മയില്‍ നിന്നുമാണ് ഇതര ഭാഷകള്‍ പഠിക്കാന്‍ ആരംഭിച്ചതെന്ന് മാസ്റ്റര്‍ പറയുന്നു. 1950-ല്‍ വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ കേരളത്തില്‍ അപൂര്‍വം ചില സ്ഥലങ്ങളിലൊഴികെ സംസ്‌കൃതം സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അച്ഛനും അമ്മയ്ക്കും സംസ്‌കൃതം വശമായിരുന്നു. അവര്‍ക്ക് ആയുര്‍വേദം, ജ്യോതിഷം എന്നിവയില്‍ നല്ല അറിവുണ്ടായിരുന്നു.

പഠനത്തിന്റെ ഒഴിവുസമയം അച്ഛന്‍ മുകുന്ദാഷ്ടകം, അച്യുതാഷ്ടകം എന്നിവ എഴുതി പഠിപ്പിക്കുമായിരുന്നു. അച്ഛന്‍ അധികകാലവും തമിഴ്‌നാട്ടില്‍ അരവിന്ദാശ്രമത്തിലും മറ്റുമായിരുന്നു. തമിഴ് കലര്‍ന്ന മലയാളമാണ് പറഞ്ഞിരുന്നത് അതുകൊണ്ട് തമിഴ് മനസ്സിലാക്കാന്‍ ഞാന്‍ ഒഴിവുസമയത്ത് തമിഴ് എഴുതാനും വായിക്കാനും പഠിച്ചു.

 

അമ്മ തന്ന സംസ്‌കൃതം അച്ഛനിലൂടെ തമിഴും

സംസ്‌കൃതം പഠിക്കാന്‍ അമ്മതന്നെയാണ് പ്രേരണ. അക്കാലത്ത് സ്‌കൂളിലെ അക്ഷരശ്ലോക മത്സരത്തില്‍ ജയിക്കാന്‍ ഭഗവദ്ഗീത കാണാപ്പാഠം പഠിച്ചിരുന്നു. മംഗലാപുരത്ത് വന്ന് ജോലിയില്‍ ചേര്‍ന്നതിനു ശേഷമാണ് ച.മു. ഈശ്വരശാസ്ത്രികളുടെ ശിക്ഷണത്തില്‍ സംസ്‌കൃതം കൂടുതല്‍ പഠിച്ചത്.  

മൂന്നില്‍ പഠിക്കുമ്പോഴെ തമിഴ് എഴുതാനും വായിക്കാനും അച്ഛനില്‍ നിന്നും പഠിച്ചിരുന്നു. ഡോ: രാഹുല്‍ സാംകൃത്യായന്‍, സുനീതികുമാര്‍ ചാറ്റര്‍ജി, അരവിന്ദ് ഘോഷ്, വിനോബാ ഭാവെ, രാഷ്ട്രകവി മഞ്‌ജേശ്വര ഗേവിന്ദ് പൈ എന്നിവരെപ്പോലെ അനേകം ഭാഷകള്‍ പഠിക്കണമെന്ന മോഹം വളരെ ചെറുപ്പത്തിലെ ഉണ്ടായിരുന്നു.

കന്നട ഉള്‍പ്പെടെ മറ്റുഭാഷകള്‍ സ്വയം പഠിച്ചതാണ്. മംഗലാപുരത്ത് സഹോദന്റെ അടുത്തുവന്ന് ചുരുങ്ങിയ ദിവസംകൊണ്ട് കന്നട പഠിച്ചു. കന്നടപത്രങ്ങളും പുസ്തകങ്ങളും വായിക്കുമായിരുന്നു. പരീക്ഷകള്‍ക്കും കന്നട മാധ്യമമാണ് സ്വീകരിച്ചിരുന്നത്. ഹിന്ദി വിശാരദ് പാസായതോടെ കന്നട മാധ്യമ സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപകനായി ജോലി ലഭിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ ആയതിനാല്‍ ഏഴു പിരീഡില്‍ മറ്റു വിഷയങ്ങള്‍ കന്നട മാധ്യമത്തില്‍ പഠിപ്പിക്കേണ്ടതായി വന്നിരുന്നു. 1964ല്‍ അധ്യാപകനായി. രണ്ടു വര്‍ഷത്തിനകം കന്നട വിദ്വാന്‍ പ്രിലിമിനറി പരീക്ഷ പാസായി. വര്‍ഷങ്ങള്‍ക്കു ശേഷം ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴി കന്നട എംഎവരെ പഠിച്ചത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദി അധ്യാപകനായിരുന്നെങ്കിലും ഇടവേളകളില്‍ കുട്ടികളെ സംസ്‌കൃതത്തില്‍ ഗീതാ ശ്ലോകങ്ങള്‍  പഠിപ്പിച്ചിരുന്നു. മാഷിന്റെ ശിഷ്യരായിട്ടുള്ള കന്നഡിഗരായ നിരവധി വിദ്യാര്‍ഥികള്‍ മംഗളൂരു ആകാശവാണിയില്‍ ഗീതാശ്ലോകം അവതരിപ്പിച്ചിരുന്നു.  

 

യക്ഷഗാനവും ജ്ഞാനപ്പാനയും കന്നട പുരസ്‌കാരവും

യക്ഷഗാന കലാകാരന്‍കൂടിയാണ് ചന്ദ്രശേഖര്‍ മാസ്റ്റര്‍. വിദ്യാര്‍ഥികളെ യക്ഷഗാനം പഠിപ്പിക്കുന്നതിനൊപ്പം മികച്ച യക്ഷഗാന കലാകാന്മാരെ സ്‌കൂളില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും മാഷ് നേതൃത്വം നല്‍കി. 2016-ല്‍ ബെംഗളൂരു പവിത്ര ഹൈസ്‌കൂളില്‍ ത്രിഭാഷ അധ്യാപകനായിരിക്കെ ജ്ഞാനപ്പാന മലയാളത്തില്‍ നിന്ന് കന്നടയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സര്‍വശ്രേഷ്ഠ ഭാരതം എന്ന പുസ്തകത്തിന്റെ രചനയിലാണ്. ഭാരതീയ ശാസ്ത്രം, ജ്യോതിഷം, ചരിത്രം, കല, കായികം, ആയുര്‍വേദം തുടങ്ങി ഭാരതത്തിന്റെ ശ്രേഷ്ഠ പാരമ്പര്യത്തെ കോര്‍ത്തിണക്കിയുള്ളതാണ് ഈ പുസ്തകം. ദക്ഷിണ കന്നട ജില്ലയിലെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുള്ള മാസ്റ്റര്‍ക്ക് നിരവധി സന്നദ്ധ സംഘടനകളും പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.  

ഇപ്പോള്‍ സംസ്‌കൃത ഭാരതിയുടെ നേതൃത്വത്തില്‍ സംഭാഷണ ശിബിരങ്ങളിലും സമന്വയ നേതൃത്വത്തില്‍ സംസ്‌കൃത ക്ലാസുകളിലും പങ്കെടുത്ത് അറിവു പകര്‍ന്നു നല്‍കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നഗരത്തില്‍ ജോലിക്കെത്തുന്നവരെ കന്നട എഴുതാനും സംസാരിക്കാനും പഠിപ്പിക്കാനും മാസ്റ്റര്‍ സമയം കണ്ടെത്തുന്നു.  

ബെംഗളൂരുവില്‍ സമന്വയ ഉള്‍പ്പെടെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ മാസ്റ്റര്‍ സജീവമാണ്. മാളയിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളാണ്. 1967-ല്‍ ആണ് ആദ്യമായി ശാഖയില്‍ പോയതെന്നും ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പറയുന്നു.

 

സംസ്‌കൃതം പഠിക്കുക മറ്റു ഭാഷകള്‍ പിന്നാലെ

ഭാരതീയ പൈതൃകവും രഹസ്യവത്തായ ജഞ്ാന വിജ്ഞാനങ്ങളുടെ ചൈതന്യവത്തായ, അതിപുരാതനഭാഷയായ സംസ്‌കൃതം ഭാരതീയ ഭാഷകളുടെ ഗുരുവാണെന്ന് മാസ്റ്റര്‍ അഭിപ്രായപ്പെടുന്നു. ആ മഹത്തായ ഭാഷാസംസ്‌കൃതിയെ മറന്ന് സായിപ്പിന്റെ ഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് യോജിപ്പില്ല.  

ശങ്കരാചാര്യരെപ്പോലെ മൂന്നു വയസ്സുമുതല്‍ സംസ്‌കൃതം പഠിപ്പിച്ചു തുടങ്ങണം. ഏഴോ, എട്ടോ വയസ്സില്‍ വേദം കണ്ഠസ്ഥമാക്കിയ അദ്ദേഹം ഒന്നാം വയസ്സില്‍ സൗന്ദര്യലഹരി എഴുതിയതും പതിനഞ്ചാം വയസ്സില്‍ 65 വയസ്സായ മഹാപണ്ഡിതന്‍ മണ്ഡനമിശ്രനെ തോല്‍പ്പിച്ചതും നമുക്ക് മുന്നില്‍ ഉദാഹരണങ്ങളാണ്.  

തന്റെ തൊണ്ണൂറാം വയസ്സില്‍ ബൗദ്ധശാസ്ത്രം പഠിച്ച കുമാരില ഭട്ടനും ഇന്നത്തെ ജിജ്ഞാസുകള്‍ക്കു മാതൃകയാകേണ്ടതുണ്ട്. എല്ലാം ഹൈന്ദവ ക്ഷേത്രങ്ങളും, മഠങ്ങളും സംസ്‌കൃത പഠനകേന്ദ്രങ്ങളായി മാറേണ്ടതുണ്ട്.  

സംസ്‌കൃത ഭാഷ എല്ലാവരും പഠിക്കണം. സംസ്‌കൃതം പഠിച്ചാല്‍ എല്ലാ ഭാഷകളും പഠിക്കാന്‍ എളുപ്പമാണ്. ഭാരതീയ ഭാഷകളുടെ 70 ശതമാനം വാക്കുകളും സംസ്‌കൃതത്തില്‍ നിന്നുള്ളതാണ്. സാഹിത്യം, വ്യാകരണം തുടങ്ങി എല്ലാത്തിലും സംസ്‌കൃതമുണ്ടെന്നും ചന്ദ്രശേഖര്‍ മാസ്റ്റര്‍ പറയുന്നു.  

 

അത്യപൂര്‍വമായ അധ്യാപന ജീവിതം

ചെറുപ്പത്തില്‍ അയല്‍പക്കത്തെ കുട്ടികള്‍ക്ക് കണക്കും ഇംഗ്ലീഷും പറഞ്ഞുകൊടുത്തിരുന്നതൊഴികെ അധ്യാപകനാവാന്‍ അന്ന് സ്വപ്‌നം കണ്ടിരുന്നില്ല. 1964 ല്‍ കര്‍ണാടക-കേരള അതിര്‍ത്തിയില്‍ ദക്ഷിണ കന്നട ജില്ലയിലെ കരോപ്പാടി ഗവ.ഹയര്‍ പ്രൈമറി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി ജോലില്‍ പ്രവേശിച്ചു.  

പിന്നീട് കര്‍ക്കല, ചാര്‍വാക്ക, വാമഞ്ചൂര്‍, കടബ, തലപ്പാടി അതിര്‍ത്തിയിലെ സോമേശ്വര ഉച്ചില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും ജോലി നോക്കി. ഹിന്ദി അധ്യാപകനായിരുന്നെങ്കിലും മറ്റ് അധ്യാപകരുടെ ഒഴിവില്‍ പല വിഷയങ്ങളും കന്നടയില്‍ എടുക്കേണ്ടി വന്നിരുന്നതായി ചന്ദ്രശേഖര്‍ മാസ്റ്റര്‍ പറയുന്നു.  

മുപ്പത്തിയൊന്‍പത് വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം 2003-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിനുശേഷം ദക്ഷിണ കന്നട കല്ലഡുക്ക ശ്രീറാം വിദ്യാമന്ദിര്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ബെംഗളൂരു ചിക്കബനാവര പവിത്ര സിബിഎസ്ഇ സ്‌കൂളില്‍ ത്രിഭാഷ (ഹിന്ദി, സംസ്‌കൃതം, കന്നട) അധ്യാപകനായും ജോലി നോക്കി. അധ്യാപകനായതിനുശേഷം ജോലിയോട് നീതിപുലര്‍ത്താനും, പഠിപ്പിക്കുന്ന വിഷയത്തില്‍ ആഴത്തില്‍ അറിവു നേടാനും ശ്രമിച്ചു.  

ശിക്ഷണം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാവണം. ഭാഷപഠിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി കഴിയുന്നത്ര എളുപ്പത്തിലും, ആകര്‍ഷകമായ രീതിയിലും ഭാഷ മറ്റുള്ളവരെ പഠിപ്പിക്കണം. പഠിക്കേണ്ട ഭാഷയുടെ പരിസരം ഉണ്ടാക്കിവേണം ഭാഷ പഠിപ്പിക്കാന്‍. പഠനരീതിയോടുള്ള മികച്ച പ്രതികരണം പലപ്പോഴും മാസ്റ്ററെ ഉത്സാഹവാനാക്കിയിട്ടുണ്ട്.

സമന്വയയിലെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ സമയവും സ്ഥലവും ഒരുക്കി  പഠന പദ്ധതിക്കായി മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് വളരെ ലളിതമായി മുന്നോട്ടു പോകുന്നു. കൊറോണക്കാലം ഭാഷ പഠനത്തിനും മറ്റും അനുകൂലമാണ്.  

''എന്റെ ശിഷ്യര്‍ ഞാന്‍ പഠിപ്പിച്ച വിഷയങ്ങളില്‍ എത്രത്തോളം വളരാന്‍ സാധിക്കുമോ അത്രത്തോളം ആത്മാര്‍ത്ഥതയോടെ  നിറഞ്ഞ മനസ്സോടെ ഞാന്‍ സന്തോഷിക്കും. എന്റെ  ഈ  അറിവ്  സമന്വയയിലൂടെ  ആഗ്രഹിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക്  പകര്‍ന്നു കൊടുക്കാന്‍ പറ്റുന്നതു തന്നെ  എന്റെ  സംതൃപ്തിയുടെ  പൂര്‍ണതയായി  ഞാന്‍  കരുതുന്നു.''

 

ജീവിതം പഠിച്ചത് ജ്യേഷ്ഠനില്‍നിന്ന്

1945 ജനുവരി 16ന് തൃശൂര്‍ ജില്ലയില്‍ മാള അന്നമനടയില്‍ മാലടത്ത് വീട്ടിലായിരുന്നു ജനനം. അച്ഛന്‍ ചെന്നൈയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീട് അരവിന്ദാശ്രമത്തില്‍ ചേര്‍ന്നു. കടുത്ത ദാരിദ്ര്യത്തിലായിരുന്നു വളര്‍ന്നത്.  

അമ്മ കാര്‍ത്ത്യായനി അറിവിന്റെയും സഹിഷ്ണുതയുടെയും കേദാരമായിരുന്നു. അതുകൊണ്ടാണ് ദാരിദ്ര്യത്തിലും ഇന്നത്തെ നിലയിലെത്തി ചേര്‍ന്നത്. മേലടൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലും സമിതി മിഡില്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. മാള സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായി. ഇതിനുശേഷം മംഗലാപുരത്തുള്ള ജ്യേഷ്ഠന്റെ അടുത്തെത്തി. തുടര്‍വിദ്യാഭ്യാസം ജ്യേഷ്ഠന്റെ തണലില്‍ മംഗലാപുരത്ത്.  

മംഗലാപുരത്ത് എത്തിയപ്പോള്‍ കര്‍ണാടകക്കാരനായി ജീവിക്കാന്‍ തുടങ്ങി. മറ്റൊരു ജേഷ്ഠന്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ഞാനവിടന്ന് ജീവിതം പഠിച്ചു. ചേച്ചിയും മറ്റു ബന്ധുക്കളും നാട്ടിലായിരുന്നു.  

 

കൊറോണക്കാലത്തെ ഭാഷാനുഭവങ്ങള്‍

കൊറോണ ലോക്ഡൗണ്‍ കാലം ഭാഷാപഠനത്തിന് കൂടുതല്‍ അനുയോജ്യമായെന്ന് മാസ്റ്റര്‍ പറയുന്നു. ഈ കാലയളവില്‍ വിദേശ ഭാഷകള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ചീനിഭാഷ, റഷ്യന്‍, സ്പാനിഷ്, ലാറ്റിന്‍, ഗ്രീക്ക്, കൊറിയന്‍, അറബിക് ഭാഷകള്‍ പഠിക്കാന്‍ ശ്രമിച്ചു. അറബിക് എഴുതാന്‍ പഠിച്ചു. മറ്റു ഭാഷകളിലെ അക്ഷരങ്ങള്‍ വായിക്കാന്‍ സാധിക്കും.

പുസ്തകങ്ങളുടെ സഹായത്തോടെ ഭാരതീയ ഭാഷകള്‍ പഠിച്ച മാസ്റ്റര്‍, യു ട്യൂബിലൂടെയാണ് വിദേശ ഭാഷകള്‍ പഠിക്കുന്നത്. എല്ലാഭാഷകളോടും ഇഷ്ടമാണെങ്കിലും സംസ്‌കൃതത്തോടാണ് കൂടുതല്‍ ഇഷ്ടം. പഠിക്കാന്‍ ഏറ്റവും എളുപ്പമുള്ള ഭാഷയും സംസ്‌കൃതമാണെന്ന് മാസ്റ്റര്‍ പറയുമ്പോള്‍ അതിന് സ്വാനുഭവത്തിന്റെ പിന്‍ബലമുണ്ട്.  

 

ഭാഷാ കുടുംബം

ഭാര്യ ശ്യാമളയും മക്കളായ സന്ദീപ്, സുധീഷ് എന്നിവരും ഭാഷാ സ്‌നേഹികളാണ്. എല്ലാവര്‍ക്കും സംസ്‌കൃതം, ഹിന്ദി, കന്നട, മലയാളം, തുളു, ഇംഗ്ലീഷ് ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്നതായിരുന്നു കുടുംബം. സഹോദരങ്ങളും മലയാളം, തമിഴ്, കന്നട ഭാഷകള്‍ ഹൃദിസ്ഥമാക്കിയിരുന്നു.  

1977-ല്‍ മാള പുത്തന്‍ചിറ കൊല്‍ക്കാപ്പിള്ളി വീട്ടില്‍ ശ്യാമളയെ വിവാഹം കഴിച്ചു. 2003വരെ മംഗലാപുരത്ത് സ്ഥിരതാമസം. ഭാര്യക്ക് കുറച്ചു നാള്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലിചെയ്തു.  

മക്കള്‍ക്ക് ബെംഗളൂരുവില്‍ ജോലി ലഭിച്ചതോടെ 2003മുതല്‍ ബെംഗളൂരു ചിക്കബനാവര, സോമഷെട്ടിഹള്ളി, എസ്എസ്‌വി ഗാര്‍ഡന്‍ 126-ബി കൗസ്തുഭത്തില്‍ സ്ഥിരതാമസം.  

രണ്ടുമക്കള്‍: സന്ദീപ്, സുധീഷ്. മക്കള്‍ക്കും കുടുംബത്തോടുമൊപ്പം ചന്ദ്രശേഖര്‍ മാസ്റ്റര്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും 76-ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കുമായി ഭാഷകളെ അടുത്തറിയാനും പ്രചാരണത്തിലും മാസ്റ്റര്‍ സജീവമാണ്.

ചന്ദ്രശേഖരന്‍ മാസ്റ്ററുടെ  

ഫോണ്‍ നമ്പര്‍: 9902248912, 8971624489.

  comment
  • Tags:

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.