login
രാഷ്ട്രസേവനത്തിന്റെ ആത്മനിര്‍ഭരതയില്‍

കാര്‍ഗില്‍ യുദ്ധവേളയില്‍ ഒളിഞ്ഞിരുന്ന ശത്രുവിനെ കണ്ടെത്തി പിടികൂടി അഭിമാനമായി മാറിയ പെണ്‍കരുത്ത്. ചൈനക്കെതിരെയുള്ള യുദ്ധതന്ത്രമൊരുക്കലിലൂടെ ശ്രദ്ധേയനായി രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഭര്‍ത്താവ്. ഈ സൈനിക ദമ്പതിമാര്‍ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് ആത്മനിര്‍ഭര്‍ ഭാരത് ഡ്രോണിലൂടെയാണ്

സൈന്യത്തില്‍ നിന്ന് വിരമിച്ചാലും  എങ്ങനെ രാഷ്ട്രസേവനം തുടരണമെന്ന വ്യക്തമായ സങ്കല്‍പ്പം ഉള്ളവരാണ് മുന്‍ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ മാളിയേക്കല്‍ ജോസഫ് അഗസ്റ്റിന്‍ വിനോദും സ്‌ക്വാഡ്രന്‍ ലീഡര്‍ വര്‍ഷ കുക്‌റേത്തിയും. അതാണിവരെ ചൈനീസ് വിപണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതരത്തിലുള്ള ആത്മനിര്‍ഭര്‍ ഭാരത് എന്ന ഡ്രോണ്‍ മേഖലയിലേക്ക് തിരിയാന്‍ സഹായിച്ചത്.

അതിര്‍ത്തിയിലെ ഇന്ത്യയുടെ കരുത്ത്

ലഡാക്കിലെ പാങ്‌ഗോം അതിര്‍ത്തിയില്‍ നിന്ന് ചൈനയ്ക്ക് പിന്‍വാങ്ങേണ്ടി വന്നത് ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞുതന്നെയാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദ് വെളിപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ ചൈനയേക്കാള്‍ പതിന്‍മടങ്ങ് മുന്‍തൂക്കം ഇന്ത്യയ്ക്കുണ്ട്. സൈന്യത്തിന്റെ മൂന്നുതലങ്ങളിലും ഇന്ത്യക്കതുണ്ടെന്ന് മുന്‍വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ മാളിയേക്കല്‍ ജോസഫ് അഗസ്റ്റിന്‍ വിനോദ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു. മുപ്പതു വര്‍ഷത്തോളം വ്യോമസേനയുടെ വിവിധ തലങ്ങളില്‍ ജോലി ചെയ്തിട്ടുള്ള വിനോദിന് ചൈനയുടെയും ഇന്ത്യയുടെയും ശക്തി ദൗര്‍ബ്ബല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ചൈനയ്‌ക്കെതിരെയുള്ള യുദ്ധതന്ത്രമൊരുക്കുന്നതിലെ വൈദഗ്ധ്യമാണ് അഗസ്റ്റിന്‍ വിനോദിന് 2015ല്‍ വിശിഷ്ട സേവാമെഡല്‍ നേടിക്കൊടുത്തത്. ചൈനയെ വളരെ പെട്ടെന്ന് മടക്കികെട്ടാന്‍ ഇന്ത്യാക്കാവുമെന്നാണ് അദ്ദേഹം പറയുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് നീക്കങ്ങള്‍ വ്യക്തമായി കാണാവുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇന്ത്യയ്ക്കുണ്ട്. അവരുടെ നീക്കങ്ങള്‍ വളരെ എളുപ്പത്തില്‍ തടയിടുവാനും തകര്‍ക്കുവാനും ഇന്ത്യയ്ക്കാവും. അതിര്‍ത്തിയില്‍ 700-1000 കിലോമീറ്ററുകള്‍ക്കുള്ളില്‍ ചൈനയ്ക്ക് രണ്ട് വ്യോമതാവളങ്ങള്‍ മാത്രമെയുള്ളൂ. അതേസമയം ഇന്ത്യയ്ക്കാവട്ടെ കശ്മീരിലടക്കം 25 വ്യോമതാവളങ്ങളുണ്ട്.

1962 ലെ ഇന്ത്യയുടെ അവസ്ഥയല്ല ഇന്ന്. അന്ന് നമുക്ക് ആയുധങ്ങള്‍ പോലുമുണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ നാം പൂര്‍ണ്ണസജ്ജമാണ്. രാഷ്ടീയ ഇച്ഛാശക്തിയുള്ള നേതൃത്വവുമുണ്ട് എന്നതും ശ്രദ്ധേയമാണ്. ചൈനയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണാവശ്യം. ഇന്നത് നമുക്കുണ്ട്. ലഡാക്കില്‍ ആക്രമണമുണ്ടായാല്‍ ആറുമണിക്കൂറിനുള്ളില്‍ ചൈനയെ നമുക്ക് തകര്‍ക്കാനാവുമെന്നാണ് ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദിന്റെ പക്ഷം. അതുപോലെ നമ്മുടെ തിരുവനന്തപുരത്തിനും തന്ത്രപ്രധാനമായ  പ്രാധാന്യമുണ്ട്. കടലിലേക്ക് ഒരു ത്രികോണാകൃതിയില്‍ ഇറങ്ങിക്കിടക്കുന്നത് ഏറെ പ്രയോജനകരമാണ്. ചൈനയുടെ ക്രൂഡ് ഓയില്‍ കപ്പലുകള്‍ നമുക്ക് തടഞ്ഞുവയ്ക്കാനാകും. ഒരാഴ്ച അവരുടെ ക്രൂഡ് ഓയില്‍ കപ്പലുകള്‍ തടഞ്ഞാല്‍ അവരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കാന്‍ പര്യാപ്തമാകും. അതവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ ഒരു ഏറ്റുമുട്ടലിന് അവര്‍ തയ്യാറാവില്ല. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമാണ് നമുക്കിപ്പോഴുള്ളതെന്നറിയുകയും ചെയ്യാം. ഇത്തവണ അവര്‍ പതറിപ്പോയതും അതുകൊണ്ടാണെന്ന് വിനോദ് പറയുന്നു.  

അച്ഛനില്‍ നിന്ന് എഞ്ചിനീയറിങ് പാരമ്പര്യം

വളരെ ചെറിയ പശ്ചാത്തലത്തില്‍ നിന്ന് കഠിനപരിശ്രമത്തിലൂടെ വ്യോമസേനയിലെത്തി. പ്രതിരോധ യുദ്ധതന്ത്രജ്ഞനെന്ന നിലയിലേക്കുള്ള വളര്‍ച്ച എളുപ്പമായിരുന്നില്ല. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന മേഖലയിലായിരുന്നു വിനോദിന്റെ അച്ഛന്‍ ഇരിങ്ങാലക്കുട മാളിയേക്കല്‍ ജോസഫ്. അമ്മ മഹാരാഷ്ട്ര സ്വദേശിനിയാണ്. വിനോദിന് അഞ്ചുവയസ്സുവരെ കോലഞ്ചേരിയില്‍ ഇലക്‌ട്രോണിക്‌സ് കട നടത്തുകയായിരുന്നു ജോസഫ്. പിന്നീട് ചെന്നൈയിലേക്ക് ബിസിനസ് മാറിയതോടെ ജീവിതം അവിടേക്ക് പറിച്ചുനട്ടു. പിന്നീട് മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ബിസിനസ് കാര്യങ്ങളുമായി ജോസഫ് മുന്നോട്ടുപോയത്. സ്വാഭാവികമായും അഗസ്റ്റിന്‍ വിനോദും അച്ഛന്റെ ശിക്ഷണത്തിലാണ് വളര്‍ന്നത്. അഞ്ചു വയസ്സുള്ളപ്പോള്‍തന്നെ അച്ഛന്റെ ശിക്ഷണത്തില്‍ റേഡിയോ നിര്‍മിക്കാന്‍ വിനോദിനായി. ജന്മനാലുള്ള എഞ്ചിനീയറിങ് താത്പര്യമാണ് അഗസ്റ്റിന്‍ വിനോദിനെ ഉയരങ്ങള്‍ താണ്ടുവാന്‍ സഹായിച്ചത്. അതുപോലെ ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അമ്മയില്‍ നിന്നും ചെറുപ്പത്തിലെ രാമായണവും മഹാഭാരതവും സഹസ്രനാമങ്ങളും ദേവീകഥകളുമെല്ലാം ഹൃദിസ്ഥമാക്കി. ചെറുപ്പത്തില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും പോകുമായിരുന്നു.  

അച്ഛന്റെ ടെക്‌നിക്കല്‍ പാരമ്പര്യവും, അമ്മയുടെ ആധ്യാത്മിക ജ്ഞാനവും സ്വഭാവരൂപീകരണത്തിലും ഭാവിയെ ചിട്ടപ്പെടുത്തുന്നതിലും അഗസ്റ്റിന്‍ വിനോദിനെ ഏറെ സഹായിച്ചിരുന്നു. പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്ന വിനോദ് അച്ഛന്റെ ബിസിനസ്സ് തകര്‍ന്നതിനുശേഷം ജോലിക്കുപോകുമായിരുന്നു. ചെന്നൈയില്‍ എട്ടാംക്ലാസ് മുതല്‍ പലതരം ജോലികള്‍ ചെയ്തുവന്നു. ചെമ്മീന്‍ കടയില്‍ കണക്കെഴുത്ത്. ചിലപ്പോള്‍ മത്സ്യബന്ധനബോട്ടിന്റെ മെയിന്റനന്‍സ് ജോലികള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയത്തുതന്നെ ടൈലറിങ് പഠിക്കുകയും ബട്ടന്‍സും മറ്റും പിടിപ്പിക്കുന്നതിനായി ഗാര്‍മെന്റ്‌സില്‍ ജോലിക്കും പോകുമായിരുന്നു. മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്നു. 360 രൂപയെന്നത് അക്കാലത്ത് നല്ല തുകയായിരുന്നു. രാത്രിയില്‍ ജോലിക്ക് പോവുകയും, പകല്‍ സ്‌കൂളില്‍ പോകുകയും ചെയ്തിരുന്നു. അനിയനെയും മറ്റും പഠിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എസ്എസ്എല്‍സിക്ക് സ്‌കൂളില്‍ ഫസ്റ്റും സ്റ്റേറ്റില്‍ 13-ാം റാങ്കുമായിരുന്നു.

അപ്രതീക്ഷിതമായി വ്യോമസേനയിലേക്ക്

പത്താംക്ലാസ് കഴിഞ്ഞ് മഹാരാഷ്ട്രയിലേക്ക് മാറിയ അച്ഛന്റെ ബിസിനസ്സ് തകരുകയും, ഒരു അപകടമുണ്ടാവുകയും ചെയ്തതോടെ കുടുംബത്തിന്റെ ബാധ്യത ചുമലിലായി. സ്‌കോളര്‍ഷിപ്പോടെ പഠനസൗകര്യം ലഭ്യമായിരുന്നെങ്കിലും അച്ഛന്‍ കുടുംബം നോക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. താഴെയുള്ള മൂന്ന് അനിയന്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് വിവിധ ജോലികള്‍ക്ക് പോകേണ്ടിവന്നു. ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങുവാനായി മഹാരാഷ്ട്രയിലെ ചിന്‍ച്‌പൊക്ലി റെയില്‍വെ സ്റ്റേഷനില്‍ ടെയിന്‍ നോക്കിനില്‍ക്കുമ്പോള്‍  ഭക്ഷണം പൊതിഞ്ഞിരുന്ന ഒരു പത്രത്തിന്റെ കഷണം പറന്നു വന്ന് കാലില്‍ ഉടക്കിനിന്നു. പത്രത്തിന്റെ ആ ഒരു ഷീറ്റ് പേപ്പറാണ് ജീവിതത്തെത്തന്നെ മാറ്റിമറിച്ചത്. പേപ്പര്‍ എടുത്ത് ഒരു കൗതുകത്തിന് നോക്കിയപ്പോള്‍ അതില്‍ എയര്‍ഫോഴ്‌സില്‍ ആളെയെടുക്കുന്നതിനുള്ള വിജ്ഞാപനവും അപേക്ഷാ ഫോമുമുണ്ടായിരുന്നു. ഫോമില്‍ അല്‍പ്പം ഓയില്‍ പുരണ്ടിരുന്നൂ. എങ്കിലും അതുകൊണ്ടുപോയി അപേക്ഷാമാതൃക വരച്ചുണ്ടാക്കി പൂരിപ്പിച്ച് നല്‍കി. 1987ല്‍ കൈയില്‍ ആകെ ഉണ്ടായിരുന്ന ഒന്നരരൂപയുമായിട്ടായിരുന്നു സെലക്ഷന്‍ ടെസ്റ്റിനായി ദല്‍ഹിക്ക് പോയത്. ഒന്നും കഴിക്കാതെയായിരുന്നുപോയത്. പട്ടിണികിടന്ന് ശീലമുള്ളതുകൊണ്ട് അതൊരു പ്രശ്‌നമായിരുന്നില്ല. നാലായിരം പേരോളമുണ്ടായിരുന്നു ടെസ്റ്റിന്. അന്ന് അവിടെ തെരഞ്ഞെടുത്ത ആറുപേരില്‍ ഒരാള്‍ അഗസ്റ്റിന്‍ വിനോദായിരുന്നു.  

1988 ജൂലൈയില്‍ വ്യോമസേനയില്‍ ഒന്നാം റാങ്കോടെ ചേരുമ്പോള്‍ കരുതിയിരുന്നത് വ്യോമസേനയില്‍ ജോലിയെന്നാല്‍ പൈലറ്റ് എന്നായിരുന്നു. എയര്‍മാന്‍ ആയിട്ടായിരുന്നു തുടക്കം. പൈലറ്റാകാന്‍ വേറെയും കടമ്പകളും പരീക്ഷകളുമുണ്ടെന്ന് മനസ്സിലാക്കിയത് ജോലിയില്‍ എത്തിയശേഷമായിരുന്നു. വയര്‍ലെസ് ഓപ്പറേറ്ററായിട്ടായിരുന്നു തടക്കം. 1988ല്‍ ജോലിയില്‍ പ്രവേശിച്ച് 11-12 മാസത്തിനുശേഷമാണ് എന്‍ട്രന്‍സ് എഴുതി പൈലറ്റാകുന്നത്. പൈലറ്റ് പരിശീലനം ഗംഭീരമായി പൂര്‍ത്തിയാക്കി. എയര്‍ക്രാഫ്റ്റ് ടോപ്പറില്‍ ബോംബിങ് ടീമില്‍ അംഗമായി. മിറാഷ് യുദ്ധവിമാനം പറത്തുവാനും അവസരം ലഭിച്ചു. ആദ്യപോസ്റ്റിങ് രാജസ്ഥാനിലായിരുന്നു. 1998ല്‍ ഇന്‍സ്ട്രക്ടറായിരുന്നു.

വര്‍ഷ കുക്‌റേത്തിയെ കണ്ടുമുട്ടുന്നു

ഉത്തരാഖണ്ഡ് സ്വദേശിനിയാണ് വര്‍ഷ കുക്‌റേത്തി. ബദരിനാഥിലെ ബ്രാഹ്മണകുടുംബത്തിലാണ് ജനനം. മദന്‍ മോഹന്‍ മാളവ്യയുടെ പാരമ്പര്യമുള്ള ഇവരുടെ കുടുംബത്തിലെ മുത്തശ്ശിയും സ്വാതന്ത്രസമരനായികയായിരുന്നു. പഠനശേഷം ഉത്താരഖണ്ഡിലെ ആണ്‍കുട്ടികളെല്ലാം സൈന്യത്തില്‍ ചേരുന്ന ഒരു രീതിയുണ്ടായിരുന്നു. എന്തുകൊണ്ട് അതുപോലെ പെണ്‍കുട്ടികള്‍ക്കും സൈന്യത്തില്‍ ചേര്‍ന്നുകൂടായെന്നുള്ള എന്ന ചിന്ത വര്‍ഷയ്ക്ക് ചെറുപ്പം മുതലുണ്ടായിരുന്നു. അതാണ് എയര്‍ഫോഴ്‌സിലേക്ക് വഴിതെളിച്ചത്. 1997ലാണ് ലോജിസ്റ്റിക് ഓഫീസറായി വ്യോമസേനയില്‍ വര്‍ഷ ചേരുന്നത്. രാജസ്ഥാനില്‍ ആയിരുന്നു ചുമതല. ഇവിടെ വച്ചാണ് അഗസ്റ്റിന്‍ വിനോദ് വര്‍ഷയെ കാണുന്നതും, പിന്നീട് വിവാഹം കഴിക്കുന്നതും.  

കാര്‍ഗില്‍ യുദ്ധം വര്‍ഷ കുക്‌റേത്തിക്ക് അവിസ്മരണീയ അനുഭവവുമായിരുന്നു. 1999 ല്‍  യുദ്ധം തുടങ്ങിയ സമയം. രാജസ്ഥാനിലെ ഉത്തറലായി ഫോര്‍വേഡ് ബേസ് സപ്ലൈ യൂണിറ്റിലാണ് ലോജിസ്റ്റിക്‌സ് ഓഫീസറായി നിയമനം ലഭിക്കുന്നത്. 1999 മെയില്‍ ഒരു യുദ്ധവിമാനം ഇവരുടെ യൂണിറ്റില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന തീരുമാനം വന്നു. ഇതിന് എല്ലാവിധത്തിലുള്ള സഹായം ചെയ്യേണ്ടതുണ്ട്. എല്ലാ സാധനങ്ങളും സപ്ലൈ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. വര്‍ഷ കുക്‌റേത്തി അന്ന് രാത്രി ഡ്യൂട്ടിയിലായിരുന്നു. പട്രോളിങ്ങിനിടെ രാത്രി രണ്ടുമണിയോടെ ഒരു വിസില്‍ അടിക്കുന്ന പോലത്തെ ശബ്ദം കേട്ടു. മരങ്ങള്‍ നിറഞ്ഞ കുറ്റിക്കാട്ടില്‍ നിന്നായിരുന്നു അത്. ഉടനെ ആയുധങ്ങളുമായി അവിടേക്ക് കുതിച്ചു. പുറകില്‍ രണ്ടുമൂന്നു എയര്‍മാന്‍മാരുമുണ്ടായിരുന്നു. ഒളിച്ചിരുന്ന ശത്രുവിനെ കീഴടക്കി കമാന്‍ഡിങ് ഓഫീസര്‍ക്ക് കൈമാറിയ നിമിഷം വര്‍ഷയുടെ ജീവിതത്തിലെ മറക്കാനാവാത്തതായിരുന്നു. രാജ്യസേവനത്തിലെ നിര്‍ണായക മുഹൂര്‍ത്തവും.

ഇതിനിടയില്‍ ഒരു ദിവസത്തെ ലീവ്മാത്രമെടുത്താണ് 1999 ജൂണ്‍ 18ന് വര്‍ഷയെ അഗസ്റ്റിന്‍ വിവാഹം കഴിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം രണ്ടുപേരും വീണ്ടും യുദ്ധരംഗത്തേക്ക് മടങ്ങി. ഇതും ഒരത്യപൂര്‍വ്വ സംഭവമായിരുന്നു. മിറാഷ് യുദ്ധവിമാനത്തിലാണ് അഗസ്റ്റിന്‍ വിനോദ് യുദ്ധത്തില്‍ പങ്കെടുത്തത്.  

പൊഖ്‌റാനില്‍ മിഗ് 21 യുദ്ധവിമാനവുമായി പോകുമ്പോഴുണ്ടായ അപകടം മനക്കരുത്തുമൂലമാണ് തരണം ചെയ്യാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. യുദ്ധവിമാനങ്ങളുടെ ഒരു അഭ്യാസപ്രകടനമാണ് അവിടെ നടന്നത്. ആയുധങ്ങളുമായി ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദ് പൊഖ്‌റാനില്‍ എത്തുത്തുന്നതിന് തൊട്ടുമുന്‍പ് മിഗ് 21ന്റെ എഞ്ചിന്‍ ഫാന്‍ തെറിച്ചുവീണു. വളരെ പെട്ടെന്ന് മിഗ് ലാന്‍ഡ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറുമ്പോഴേക്കും മിഗ് ആയുധങ്ങളുമായി പൊട്ടിത്തെറിച്ചിരുന്നു. അതൊരഭ്യാസ പ്രകടനം പോലെയായിരുന്നു അവിടെ പങ്കെടുത്തവര്‍ക്ക് തോന്നിയത്. പിന്നീട് കാര്യം വിശദീകരിച്ചപ്പോഴാണ് എത്രവലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.  

സര്‍വ്വീസിനൊപ്പംതന്നെ വിവിധ കോഴ്‌സുകള്‍ ചെയ്തിരുന്നു. ഊട്ടിയിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ നിന്ന് എംഎസ്‌സി നേടി. തുടര്‍ന്ന് കമാന്‍ഡന്റ് ആവാനുള്ള കോഴ്‌സ് പൂര്‍ത്തിയാക്കി കമാന്‍ഡിങ് ഓഫീസറായി. ഷില്ലോങ്ങില്‍ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ ക്യാറ്റ്‌സ്‌കൗ സെന്ററിലായിരുന്നു. ഇതിനകം ഇന്റലിജന്‍സിലും ഗരുഡ് കാമന്‍ഡോ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ചൈനയ്‌ക്കെതിരെയുള്ള യുദ്ധതന്ത്രമൊരുക്കിയതിലുള്ള പ്രാഗത്ഭ്യത്തിനാണ് 2015ല്‍ വിശിഷ്ട സേവാമെഡല്‍ ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദിന് ലഭിക്കുന്നത്. കമാന്‍ഡറായി ലഖ്‌നൗവില്‍ നിന്ന് മുഴുവന്‍ ഇന്ത്യയുടെയും എയര്‍ ഡിഫന്‍സ് കൈകാര്യം ചെയ്തു. ഇതിനിടയില്‍ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി. ഡയറക്ടര്‍ ഓഫ് എയര്‍ ഡിഫന്‍സ് ആയിട്ടാണ് 2019 ല്‍ വിരമിക്കുന്നത്.

ഒരു സിലിക്കണ്‍വാലി സ്വപ്‌നവുമായി

നാട്ടില്‍ ഒരു സിലിക്കണ്‍വാലി എന്ന സ്വപ്‌നം എന്നും അഗസ്റ്റിന്‍ വിനോദിനെ നയിച്ചിരുന്നു. നാട്ടില്‍ ബുദ്ധിശാലികളായ ആളുകള്‍ക്കു കുറവില്ല. എന്നാല്‍ വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാര്‍ സഹായങ്ങളുണ്ടെങ്കില്‍ സിലിക്കണ്‍വാലിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. ഇപ്പോള്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്ക് പുറത്തുനിന്നാണ് വിദഗ്ധരെ കൊണ്ടുവരുന്നത്. ഈ കമ്പനികളിലേക്ക് ഇവിടെ നിന്നുതന്നെ നമുക്ക് വിദഗ്ധരെ നല്‍കാനാകും. പ്രാദേശിക സമ്പദ്ഘടനയിലൂടെ മുന്നേറാനാകും.  

വര്‍ഷ കുക്‌റേത്തിയാണ് ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. അത് യാഥാര്‍ത്ഥ്യമാക്കുന്നത് അഗസ്റ്റിന്‍ വിനോദും. ഭാരതീയമായ ഡ്രോണുകള്‍ എന്ന ആശയവും ഇങ്ങനെയായിരുന്നു. 2007 ലാണ് വര്‍ഷ വിആര്‍എസ് എടുത്ത് വ്യോമസേനയില്‍ നിന്നും വിരമിക്കുന്നത്. 2015ല്‍ കര്‍ണാടകയിലാണ് ഓട്ടോമൈക്രോ യുഎഎസ് പ്രൈവറ്റ് ലിമിറ്റഡ് (എഎംയുഎഎസ്) എന്ന ഡ്രോണ്‍ സ്ഥാപനം ആരംഭിക്കുന്നത്. വര്‍ഷയായിരുന്നു സ്ഥാപക ഡയറക്ടര്‍. കൊവിഡ് കാലഘട്ടമായതോടെയാണ് കാലടിയിലേക്ക് സ്ഥാപനവും താമസവും മാറിയത്. ആദ്യം സൈനിക ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു നിര്‍മ്മാണം. ഇന്ത്യന്‍ വിപണിയില്‍ ഒരുകാലത്ത് ചൈനീസ് കുത്തകയായിരുന്നു ഡ്രോണുകള്‍. എന്നാല്‍ ചൈനീസ് അധിനിവേശത്തിന് എല്ലാരംഗത്തും തിരിച്ചടി ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഇന്ത്യ നല്‍കിയപ്പോള്‍ ഡ്രോണ്‍ രംഗത്തും ഇന്ത്യന്‍ വിപ്ലവഗാഥയായി അത് മാറി. കൃഷിക്ക് മരുന്ന് തളിക്കാവുന്ന ഡ്രോണുകള്‍ മുതല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതു വരെ വൈവിധ്യമാര്‍ന്നവ ഇന്ത്യയില്‍ നിര്‍മിച്ച് കുടുതല്‍ ഗുണമേന്മയോടെ വിലക്കുറവിലാണ് അവതരിപ്പിച്ചത്. അതും ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ നിന്ന്. 2019ല്‍ അഗസ്റ്റിന്‍ വിനോദ് വിരമിക്കുന്നതുവരെ വര്‍ഷയാണ് കമ്പനിയെ നയിച്ചിരുന്നത്. പിന്നീട് രണ്ടുപേരും ഒരുമിച്ചുള്ള ഡ്രോണ്‍ കമ്പനിയില്‍ ഇപ്പോള്‍ മക്കളുമുണ്ട്. ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് സഹായകരമായി മറഞ്ഞിരിക്കുന്നവരെ കണ്ടെത്തുവാന്‍ കഴിയുന്ന എന്തെങ്കിലും ഉപകരണം ഉണ്ടായിരുന്നെങ്കില്‍ നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദ് ചിന്തിച്ചിരുന്നു. വര്‍ഷ 2015ല്‍ സ്ഥാപനം ആരംഭിക്കുമ്പോള്‍ സൈന്യത്തിന്റെ ആവശ്യകത മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നെങ്കില്‍ ഇന്ന് കൃഷി, കൊറോണ ബോധവത്കരണ അനൗണ്‍സ്‌മെന്റ്, വിവാഹം, ആഘോഷങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തരത്തിലുള്ള ഡ്രോണുകളാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.  

ഇപ്പോള്‍ തെക്കന്‍ അമേരിക്കയിലേക്കും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേക്കും ഡ്രോണ്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ആദിശങ്കരന്റെ ഭക്തനായ താന്‍ കാലടി ശൃംഗേരി ക്ഷേത്രത്തില്‍ ശാരദാംബയെ തൊഴുതുനില്‍ക്കുമ്പോള്‍ അനുഗ്രഹമെന്നോണം ഒരു സ്വര്‍ണ്ണനാണയം തന്നെ മുമ്പില്‍ വന്നുവീണതും ഇവിടെ വരാനുള്ള നിയോഗമായി കരുതുന്നു. ശ്രീശങ്കരന്റെ സമാധിസ്ഥലമായ ബദരിനാഥ് സ്വദേശിനിയാണ് ഭാര്യ വര്‍ഷ കുക്‌റേത്തി എന്നതും അഗസ്റ്റിന്‍ വിനോദ് ചൂണ്ടിക്കാണിക്കുന്നു. ആദിശങ്കരനെപ്പോലെ ഗോരഖ്‌നാഥിന്റെയും ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു.  

ഹിമാലയത്തിലെ ഡ്രോണ്‍ ദൗത്യം

നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രിയായിരുന്ന അവസരത്തില്‍ ക്ലീന്‍ ഹിമാലയ കാമ്പയിന്‍ നടത്തിയിരുന്നു. ഹിമാലയത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളും മറ്റും അവിടെത്തന്നെ ഉപേക്ഷിച്ചുപോരുകയാണ് പതിവ്. ഇങ്ങനെ ഹിമാലയത്തില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയപ്പോഴാണ് അഗസ്റ്റിന്‍ വിനോദിന്റെ നേതൃത്വത്തില്‍ 72 യുവാക്കളുമായി പോയി ഡ്രോണിന്റെ സഹായത്തോടെ മാലിന്യങ്ങള്‍ ശേഖരിച്ച് ഹിമാലയസാനുക്കളെ വൃത്തിയാക്കിയത്. 12 യാക്കുകളുടെ പു

റത്തുകെട്ടിവച്ചാണ് സ്റ്റോക്ക് വാലിയിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുവന്നത്. കൊടുമുടി കയറുകയെന്നത് ഒരു ത്രില്ലിങ് അനുഭവമാണ്. അതിലേക്കാണ് യുവാക്കളെ കൊണ്ടുപോയതെന്നും വിനോദ് പറഞ്ഞു.  

കൊവിഡ് ബോധവത്കരണ അനൗണ്‍സ്‌മെന്റിനായി ദല്‍ഹിയില്‍ ഇവിടെ നിര്‍മിച്ച ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അംഗീകൃത ട്യൂട്ടറാണ് വര്‍ഷ കുക്‌റേത്തി. ഒരുപക്ഷേ ഇന്ത്യയിലെ ഏക അംഗീകൃത ട്യൂട്ടറും.  ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ പരിശീലനവും നല്‍കുന്നുണ്ട്. നിരവധി സൈനിക ദൗത്യങ്ങള്‍ക്ക് സൈന്യത്തിന് വഴികാട്ടിയായി പ്രത്യേകമായി നിര്‍മിച്ച ഇവിടുത്തെ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യാക്കാര്‍ നിര്‍മിച്ച ഡ്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ അലയൊലി ഗ്രാമങ്ങളെയും ടെക്‌നോളജി രംഗത്തെയും സ്വയംപര്യാപ്

തതയിലേക്ക് എത്തിക്കുകയാണ്. ബെംഗളൂരുവിലും ഗുര്‍ഗാവിലും യുണിറ്റുകളുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വനിത സ്വയംസംരംഭക സ്ഥാപനങ്ങള്‍ക്കുള്ള എസ്എംഇ എമര്‍ജിങ് വിന്നര്‍ അവാര്‍ഡ് വര്‍ഷയ്ക്ക് ലഭിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യ 2021 പ്രദര്‍ശനത്തില്‍ വര്‍ഷയുടെ ഡ്രോണ്‍ സ്റ്റാള്‍ സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇവരെ അഭിനന്ദിക്കുകയുണ്ടായി. ഇപ്പാള്‍ കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളേജുമായി ഡ്രോണ്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ നടത്തുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുകയാണ്.

എന്‍.പി. സജീവ്‌

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.