×
login
മാനത്തെറിഞ്ഞ മഴവിത്തുകള്‍

മാനത്ത് മഴയുടെ വിത്തെറിയുന്ന ഈ ഏര്‍പ്പാട് (ക്ലൗഡ് സീഡിങ്ങ്) തുടങ്ങിയത് വിന്‍സന്റ് ഷേഫര്‍ എന്ന അമേരിക്കക്കാരനാണ്. 1946 ല്‍. ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ രസതന്ത്ര ഉദ്യോഗസ്ഥനായ വിന്‍സന്റ് ഒരു ശീത അറയില്‍ സൃഷ്ടിച്ച മേഘത്തില്‍ ഡ്രൈ ഐസ് അഥവാ ഖര കാര്‍ബണ്‍ഡൈ ഓക്സൈഡ് പരലുകള്‍ വിതറിയപ്പോഴാണ് അവിടെ ഐസ് പരലുകള്‍ രൂപപ്പെടുന്നത് കണ്ടത്. അതാണ് കൃത്രിമ മഴയുടെ തുടക്കം.

പ്രകൃതി നിയമങ്ങള്‍ക്ക് മാറ്റമില്ലെന്നാണ് വിശ്വാസം. ചൂടും തണുപ്പും കൊടുങ്കാറ്റും വരള്‍ച്ചയുമൊക്കെ കാലാകാലങ്ങളില്‍ മുറതെറ്റാതെയെത്തും. നല്ലതും ചീത്തയും തന്ന് അവ മടങ്ങുകയും ചെയ്യും. പക്ഷേ മനുഷ്യന് അവയെയൊക്കെ അതിജീവിക്കേണ്ടതുണ്ട്. ചൂടിനെ എയര്‍ കണ്ടീഷനര്‍കൊണ്ടും തണുപ്പിനെ ഹീറ്റര്‍കൊണ്ടും അവന്‍ നേരിട്ടു. വരള്‍ച്ചയെ തളയ്ക്കാന്‍ കൃത്രിമമഴയെ രംഗത്തിറക്കി. മാനത്തെറിഞ്ഞ വിത്തുകളില്‍നിന്ന് മഴയെ ജനിപ്പിക്കാമെന്ന് മനുഷ്യന്‍ കണ്ടെത്തിയിട്ട് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞു.

മാനത്ത് മഴയുടെ വിത്തെറിയുന്ന ഈ ഏര്‍പ്പാട് (ക്ലൗഡ് സീഡിങ്ങ്) തുടങ്ങിയത് വിന്‍സന്റ് ഷേഫര്‍ എന്ന അമേരിക്കക്കാരനാണ്. 1946 ല്‍. ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ രസതന്ത്ര ഉദ്യോഗസ്ഥനായ വിന്‍സന്റ് ഒരു ശീത അറയില്‍ സൃഷ്ടിച്ച മേഘത്തില്‍ ഡ്രൈ ഐസ് അഥവാ ഖര കാര്‍ബണ്‍ഡൈ ഓക്സൈഡ് പരലുകള്‍ വിതറിയപ്പോഴാണ് അവിടെ ഐസ് പരലുകള്‍ രൂപപ്പെടുന്നത് കണ്ടത്. അതാണ് കൃത്രിമ മഴയുടെ തുടക്കം. തുടര്‍ന്ന് ന്യൂയോര്‍ക്കിനടുത്ത് സെന്‍ക്ടാഡി എന്ന സ്ഥലത്ത് ആ പരീക്ഷണം ആവര്‍ത്തിച്ചു. മാനത്ത് പറന്നു നടന്ന മേഘങ്ങളില്‍ വിമാനത്തില്‍ കൊണ്ടുപോയി ഡ്രൈ ഐസ് വിതറി ആയിരുന്നു പരീക്ഷണം. ആറ് പൗണ്ട് ഡ്രൈ ഐസായിരുന്നു, ആദ്യ വാതില്‍പുറ പരീക്ഷണത്തിന് ഉപയോഗിച്ചത്. വൈകിയില്ല, മേഘങ്ങള്‍ മഴയായി പെയ്തിറങ്ങി. വിമാനത്തില്‍ പരല്‍ വിതറുന്നതിനുള്ള ഒരു യന്ത്ര സംവിധാനവും ഷേഫര്‍ രൂപപ്പെടുത്തി.

അതേവര്‍ഷം ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ ഗവേഷകനായ ബര്‍നാര്‍ഡ് വോണെഗട്ട് മറ്റൊരു സൂത്രംകൂടി കണ്ടുപിടിച്ചു. മേഘങ്ങളെ മഴയാക്കി മാറ്റാന്‍ ഡ്രൈ ഐസിനെക്കാളും കേമന്‍ സില്‍വര്‍ അയഡൈഡ് ആണെന്ന രഹസ്യം. മഴത്തുള്ളികള്‍ രൂപപ്പെടുന്നതിനുള്ള ന്യൂക്ലിയസ് അഥവാ കേന്ദ്ര ബിന്ദുവാകാന്‍ സില്‍വര്‍ അയഡൈഡ് പരലുകള്‍ക്ക്  പകരക്കാരനില്ലാത്ത അവസ്ഥയായി പിന്നീട്.

അങ്ങനെ എത്രയോ മഴകള്‍ മണലാരണ്യങ്ങളിലും മാലിന്യഭൂമികളിലും വരള്‍ച്ച ബാധിച്ച ഇടങ്ങളിലുമൊക്കെ ക്ലൗഡ് സീഡിങ് നടത്തി മഴ പെയ്യിച്ചു തുടങ്ങി. ഇക്കാര്യത്തില്‍ ചൈന മേല്‍ക്കൈ നേടുകയും ചെയ്തു. വമ്പന്‍ കായികമേളകളും മറ്റും നടത്തി അന്തരീക്ഷം മലീമസമാകുമ്പോള്‍ അവര്‍ കൃത്രിമ മഴ പെയ്യിച്ച് ആശ്വാസംകൊണ്ടു. എന്നാല്‍ ശത്രുക്കളെ ഒതുക്കാനും ക്ലൗഡ് സീഡിങ് ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് അമേരിക്കയാണ്. വിയറ്റ്നാമില്‍ ഹോചിമിന്റെ നേതൃത്വത്തില്‍ പടപൊരുതിയ ജനകീയ സൈന്യത്തെ തളയ്ക്കാനാണ് അവര്‍ ക്ലൗഡ് സീഡിങ് നടത്തിയത്. കാടുകളില്‍ തമ്പടിച്ച്  പൊരുതിയ വിയറ്റ്നാം സേനയെ തളയ്ക്കാന്‍ അമേരിക്ക കാലവര്‍ഷം വലിച്ചു നീട്ടിയത്രേ. കൃത്രിമ മഴ പെയ്യിച്ച് ഒരു മാസത്തോളം വിയറ്റ്നാം സൈന്യത്തിന്റെ നീക്കം അവര്‍ വെള്ളത്തിലാക്കി. അമേരിക്കന്‍ വ്യോമസേനയുടെ 'ഓപ്പറേഷന്‍ പോപ്പി' കാലവര്‍ഷത്തെ വലിച്ചു നീട്ടിയെങ്കിലും വിയറ്റ്നാമില്‍നിന്ന് നാണംകെട്ട് പിന്‍വാങ്ങാനായിരുന്നു അവരുടെ വിധി.

ഈ സംഭവത്തില്‍ മനംമടുത്ത ഐക്യരാഷ്ട്രസഭ ക്ലൗഡ് സീഡ് ദുരുപയോഗത്തിനെതിരെ ഒരു അന്തര്‍ദേശീയ കരാര്‍ തന്നെ രൂപപ്പെടുത്തി. കണ്‍വന്‍ഷന്‍ ഓഫ് ദി പ്രൊഹിബിഷന്‍ ഓഫ് മിലിറ്ററി ഓര്‍ എനി അദര്‍ ഹോസ്‌റ്റൈല്‍ യൂസ് ഓഫ് എന്‍വയണ്‍മെന്റല്‍ മൊബിലൈസേഷന്‍ ട്രീറ്റി. 1976 ലാണ് ഈ കരാര്‍ നിലവില്‍ വന്നത്.


ഒരു നിശ്ചിത സ്ഥലത്ത് 15 ശതമാനം വരെ മഴയളവ് കൂട്ടുന്നതിന് കൃത്രിമ മഴയ്ക്ക് സാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടാവണം ചൈന, അമേരിക്ക, ആസ്ട്രേലിയ യുഎഇ, ജര്‍മ്മനി, റഷ്യ തുടങ്ങി അന്‍പതോളം രാജ്യങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തുന്നത്. ഇന്ത്യയില്‍ തമിഴ്നാടും കര്‍ണാടകവും മഴവിദ്യ പരീക്ഷിച്ചിട്ടുണ്ട്. ക്ലൗഡ് സീഡിങ്ങിലൂടെ കൊടുങ്കാറ്റിനെ നിയന്ത്രിക്കാനും ചില രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ചരിത്രം. ഹറിക്കേന്‍ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിങ് അമേരിക്ക പ്രയോഗിച്ചു. പക്ഷേ 1960 ല്‍ നടത്തിയ ഈ ശ്രമം പരാജയപ്പെട്ടു. എങ്കിലും ക്ലൗഡ് സീഡിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരുന്നു. 2017 ല്‍ ഇംഗ്ലണ്ടിലെ റീഡ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ വൈദ്യുത ഷോക്ക് നല്‍കി മഴ പെയ്യിക്കാമെന്ന് കണ്ടെത്തിയത്, ഇത്തരം ഗവേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു.

കൃത്രിമ മഴ മനുഷ്യന് വലിയൊരു അനുഗ്രഹമാണ്. മരുഭൂമിയെ വിള ഭൂമിയാക്കാനും മഴയെ വഴിക്കു വരുത്താനുമൊക്കെ നല്ലതുമാണ്. പക്ഷേ വന്‍ പണച്ചെലവിലുള്ള ഏര്‍പ്പാടാണിത്. കൃത്രിമ മഴ പെയ്യിക്കാന്‍ പ്രതിവര്‍ഷം ചൈന ചെലവാക്കുന്നത് 500 ലക്ഷം ഡോളര്‍ ആണത്രേ. യുഎഇ പോലും 150 ലക്ഷത്തില്‍പരം ഡോളര്‍ ഇക്കാര്യത്തിന് ചെലവിടുന്നു. എങ്കിലും കൃത്രിമ മഴയുടെ നന്മയില്‍ സംശയിക്കുന്നവരുമുണ്ട്. മഴത്തുള്ളിയുടെ ന്യൂക്ലിയസ് ആവാനായി വാരിവിതറുന്ന സില്‍വര്‍ അയഡൈഡ് ജലജീവികള്‍ക്കും പ്രകൃതിയിലെ സൂക്ഷ്മജീവികള്‍ക്കും അപകടമുണ്ടാക്കുമെന്ന് ചില ഗവേഷകര്‍ പറയുന്നു. കൃത്രിമമഴ പ്രകൃതിദത്ത മഴയുടെ ചക്രം തകരാറിലാക്കുമെന്നും അമ്ലവത്കരണത്തിനും ഓസോണ്‍ പാളിയുടെ തകരാറിനും വഴിവയ്ക്കുമെന്നും ആശങ്കപ്പെടുന്നവരുമുണ്ട്.

ആകാശഗംഗയിലെ ഭീമന്‍ തമോഗര്‍ത്തം

ജ്യോതിശാസ്ത്ര ഗവേഷണത്തില്‍ വലിയൊരു കുതിച്ചു ചാട്ടം ഏപ്രില്‍ 12 വ്യാഴാഴ്ച സംഭവിച്ചു. നമ്മുടെ ഭൂമി അടക്കമുള്ള സൗരയൂഥത്തിനെ ഉള്‍ക്കൊള്ളുന്ന ആകാശഗംഗയില്‍ സ്ഥിതിചെയ്യുന്ന ഒരു അതിഭീമന്‍ തമോഗര്‍ത്തത്തിന്റെ (സൂപ്പര്‍ മാസീവ് ബ്ലാക്ക് ഹോള്‍) ചിത്രം എടുക്കുന്നതില്‍ ഗവേഷകര്‍  വിജയിച്ചു. ഭൂമിയില്‍നിന്ന് 2700 പ്രകാശവര്‍ഷം അകലെ സൂര്യനെക്കാള്‍ 40 ലക്ഷം ഇരട്ടി പിണ്ഡമുള്ള ഭീമാകാരനായ ഈ തമോഗര്‍ത്തത്തിന്റെ വിളിപ്പേര് 'സജിറ്റേറിയസ് എസ്റ്റാര്‍.' ലോകത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന നിരവധി ടെലിസ്‌കോപ്പ് ശൃംഖലകളുടെ സഹായത്തോടെ 'ഈവന്റ്  ഹൊറൈസണ്‍സ്' എന്ന ടെലിസ്‌കോപ്പ് സംഘടനയാണ് ഈ ചിത്രം തയ്യാറാക്കിയത്.

ഭൂമിയില്‍നിന്ന് 53 ദശലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഒരു തമോഗര്‍ത്തത്തിന്റെ ഫോട്ടോഗ്രാഫ് 2019 ല്‍ പുറത്തുവിട്ട് ഈവന്റ് ഹൊറൈസണ്‍സ് ചരിത്രം സൃഷ്ടിച്ചിരുന്നു. അതായിരുന്നു മാനവചരിത്രത്തിലെ ആദ്യ 'ബ്ലാക്ക് ഹോള്‍' അഥവാ 'തമോഗര്‍ത്ത' ചിത്രം. പ്രകാശം ഉള്‍പ്പെടെ ഒരു വസ്തുവിനെയും പുറത്തേക്ക് വിടാന്‍ അനുവദിക്കാത്ത വിധം ഭാരവും അതീവ ഗുരുത്വാകര്‍ഷണ ശക്തിയുമുള്ള വസ്തുക്കളാണ് തമോഗര്‍ത്തങ്ങള്‍. വികിരണമോ മറ്റ് ഏതെങ്കിലും തരംഗങ്ങളോ പുറത്തേക്ക് വരാത്തതുകൊണ്ട് തമോഗര്‍ത്തത്തെ നേരിട്ട് കാണാന്‍ കഴിയില്ല. അവ ചുറ്റുപാടുമുള്ള പദാര്‍ത്ഥങ്ങളില്‍ ചെലുത്തുന്ന സ്വാധീനമാണ് അവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ ശാസ്ത്ര ഉപകരണങ്ങളെ സഹായിക്കുന്നത്. സാധാരണഗതിയില്‍ നക്ഷത്ര തമോഗര്‍ത്തം (സ്റ്റെല്ലാര്‍ ബ്ലാക്ഹോള്‍), ആദിമ തമോഗര്‍ത്തം(പ്രൈമോര്‍ഡിയല്‍ ബ്ലാക്ക്ഹോള്‍) അതിഭീമാകാര തമോഗര്‍ത്തം (സൂപ്പര്‍മാസ്സീവ് ബ്ലാക്ക് ഹോള്‍) എന്നിങ്ങനെ തമോഗര്‍ത്തങ്ങളെ മൂന്നായി തരംതിരിക്കാറുണ്ട്. ഇവയില്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ മൂലം ഇന്ധനം മുഴുവന്‍ കത്തിത്തീര്‍ന്ന് ശൂന്യമായ നക്ഷത്രങ്ങളാണ് നക്ഷത്ര തമോഗര്‍ത്തങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്.

  comment
  • Tags:

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.