×
login
ഋഗ്വേദത്തിന് ചന്ദ്രശേഖര ഭാഷ്യം

ജ്ഞാന വിജ്ഞാനങ്ങളുടെ കലവറയാണ് ആര്‍ഷമായ ചതുര്‍വേദങ്ങള്‍. അവയില്‍തന്നെ ഋഗ്വേദത്തിന്റെ മഹത്വം സഹസ്രാബ്ദങ്ങളായി പണ്ഡിതലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. സായണന്‍ മുതല്‍ മാക്‌സ്മുള്ളര്‍ വരെ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയൊക്കെ സമഗ്രമാണെന്ന് പറയാനാവില്ല. വള്ളത്തോളിന്റെയും ഒ.എം.സി. നമ്പൂതിരിപ്പാടിന്റെയുമടക്കം നിരവധി വ്യാഖ്യാനങ്ങള്‍ ഋഗ്വേദത്തിന് മലയാളത്തിലുമുണ്ടായിട്ടുണ്ട്. ഇവയില്‍നിന്നൊക്കെ വ്യത്യസ്തമായി ഋഗ്വേദ വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍. പതിറ്റാണ്ടുകളെടുത്ത് പൂര്‍ത്തിയാക്കിയ ഈ സപര്യ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തക രൂപത്തിലാക്കിയിരിക്കുന്നു

ചിത്രം; വി .വി. അനൂപ്‌

1951ല്‍ പൂനയില്‍ തുടക്കംകുറിച്ച സ്വാമി ചിന്മയാനന്ദന്റെ ഗീതാ ജ്ഞാനയജ്ഞം രാജ്യം മുഴുവന്‍ ശ്രദ്ധനേടി. 1956 ല്‍ ദല്‍ഹിയില്‍ നടന്ന ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്. രണ്ടു വര്‍ഷത്തിനുശേഷം 1958 ലാണ് തിരുവനന്തപുരത്തെ ആദ്യ ഗീതാജ്ഞാന യജ്ഞം. ഹൈന്ദവ സമൂഹത്തില്‍ പുത്തനുണര്‍വേകിയ പരിപാടിയുടെ നടത്തിപ്പിനുള്ള വ്യവസ്ഥകളെല്ലാം പൂര്‍ത്തിയാക്കി. യജ്ഞവേദിയില്‍ ഗീത ചൊല്ലാന്‍ കുട്ടികള്‍ വേണം. സംസ്‌കൃത സ്‌കൂളിലെ ഫിഫ്ത്ത് ഫോറം വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ് സെക്രട്ടറിയുമായ കെ. ചന്ദ്രശേഖരനാണ് ചുമതല കിട്ടിയത്. ചെറുപ്പം മുതല്‍ സംസ്‌കൃതം പഠിക്കുന്നയാള്‍ എന്നതുമാത്രമല്ല ഉയര്‍ന്ന ശബ്ദത്തില്‍ സ്ഫുടമായി ശ്ലോകങ്ങള്‍ ചൊല്ലുന്നതും നിയോഗത്തിന് കാരണമായി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഏതാനും കുട്ടികള്‍ യജ്ഞവേദിയിലെ സ്ഥിരം പാരായണക്കാരായി.

യജ്ഞത്തിന്റെ അവസാന ദിവസം സ്വാമി ചിന്മയാന്ദന്‍ കുട്ടികളെ കൂട്ടി തമിഴ്നാട്ടിലെ താമ്രപര്‍ണ്ണി പുഴയിലെത്തി. അവിടെ മുങ്ങിക്കുളിച്ചു. എന്തിനാണ് എല്ലാവരും ഇവിടെ എത്തി നീരാടുന്നതെന്ന് സ്വാമി ചിന്മയാനന്ദന്‍ കുട്ടികളെ മനസ്സിലാക്കിച്ചു. യജ്ഞം കഴിഞ്ഞ് നടത്തുന്ന 'അവഭൃത സ്നാനം' ആണിത്. വേദ കാലം മുതല്‍ യജ്ഞങ്ങളുടെ ഭാഗമാണ് അവസാന ദിനത്തിലെ മുങ്ങിക്കുളിയും, യജ്ഞവസ്തുക്കള്‍ ദഹിപ്പിക്കുന്ന ചടങ്ങും. കൊച്ചു ചന്ദ്രശേഖരന്റെ മനസ്സില്‍ വേദകാല ഭാവനകള്‍ വിടര്‍ന്നു.

പൂന്തുറയിലെ സിദ്ധന്‍

തിരുവനന്തപുരത്തിന്റെ കടലോര പ്രദേശമാണ് പൂന്തുറ. അവിടെ അവധൂതനായൊരു സ്വാമിയുണ്ടായിരുന്നു. പൂന്തുറ സ്വാമി. അത്ഭുതകരങ്ങളായ പല അനുഭവങ്ങളും ഭക്തജനങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റി പറയാനുണ്ട്. കടല്‍പ്പുറത്ത് പൊള്ളും വെയിലത്ത് കിടന്നിരുന്ന സ്വാമിയുടെ അത്ഭുത സിദ്ധികളെക്കുറിച്ച് നാടുമുഴുവന്‍ ചര്‍ച്ചയായി. സംസ്‌കൃത കോളജില്‍ എംഎ വിദ്യാര്‍ത്ഥിയായ ചന്ദ്രശേഖരന്‍, സഹോദരനൊപ്പം സ്വാമിയെ കാണാന്‍ പോയി. ദക്ഷിണയായി നല്‍കാന്‍ വെറ്റിലയും പാക്കും പുകയിലയും പൊതിഞ്ഞെടുത്തിരുന്നു.

കടല്‍ തീരത്ത് ഒരു മണല്‍ തിട്ട ഉണ്ടാക്കി അതിലിരിക്കുകയാണ്. ജട മൂന്നായി പിരിഞ്ഞ് പാദത്തോളം നീണ്ടു കിടപ്പുണ്ട്. അരുണ നേത്രങ്ങള്‍, അരയില്‍ മാത്രം നഗ്നത മറച്ചിട്ടുള്ള മനുഷ്യരൂപം. ചുറ്റും കുറെ ഭക്തര്‍. കിട്ടുന്ന മുറുക്കാന്‍ ചവച്ച ശേഷം സ്വാമി തുപ്പും. അത് പ്രസാദമായിട്ടാണ് ഭക്തര്‍ കരുതുന്നത്. പലരും മുറുക്കാന്‍ പൊതി നീട്ടി. എല്ലാം തട്ടിമാറ്റുകയാണ് സ്വാമി. ഒരാള്‍ രണ്ടാമതും നീട്ടിയപ്പോള്‍ വാങ്ങി മുഖത്തേക്കൊരേറ്. പേടി തോന്നിയ ചന്ദ്രശേഖരന്‍ കയ്യിലിരുന്ന പൊതി പതുക്കെ പിറകിലേക്ക് പിടിച്ചു. പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ചന്ദ്രശേഖരനെ നോക്കിയ സ്വാമി ചാടി എഴുന്നേറ്റ് കയ്യില്‍ നിന്ന് പൊതി പിടിച്ചു വാങ്ങി. അവിടെ കിടന്ന തുണിയില്‍ പൊതിഞ്ഞ് മാറോടു ചേര്‍ത്തു പിടിച്ചു. പിന്നീട് തുറന്ന് വായിലിട്ടു. ഭക്തര്‍ അത്ഭുത പ്രവര്‍ത്തികാണുന്നതുപോലെയാണ് നോക്കിയത്. മുറുക്കി തുപ്പുന്നത് സ്വീകരിക്കാന്‍ കൈ നീട്ടി നില്‍ക്കുകയാണ് എല്ലാവരും. സ്വാമി ഒന്നുകൂടി എഴുന്നേറ്റ് ചന്ദ്രശേഖരന്റെ വലതു കൈ നിവര്‍ത്തി അതിലേക്ക് തുപ്പി. കയ്യില്‍ വീണ തുപ്പല്‍ തട്ടിയെടുക്കാനായി മറ്റുള്ളവര്‍ ആവേശം കാട്ടി. ചന്ദ്രശേഖരന്‍ അപ്പോള്‍ അറപ്പാണ് തോന്നിയതെങ്കിലും തന്നോടു മാത്രം സ്വാമി എന്തുകൊണ്ട് അങ്ങനെ പെരുമാറി എന്ന ചിന്ത മനസ്സില്‍ കടന്നു.

വേദവ്യാഖ്യാനത്തിന്റെ തുടക്കം ഇങ്ങനെ

ചെങ്കോട്ടുകോണത്തെ സ്വാമി സത്യാനന്ദ സരസ്വതി പുണ്യഭൂമി പത്രം തുടങ്ങിയ സമയം. സംസ്‌കൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പറയുന്ന സനാതനം എന്ന പ്രത്യേക പേജ് ഇറക്കാന്‍ തീരുമാനിച്ചു. കാലടി സര്‍വകലാശാലയിലെ ഡീന്‍ ആയിരുന്ന പ്രൊഫ. കെ. ചന്ദ്രശേഖരന്‍ നായരെ സ്വാമി വിളിപ്പിച്ചു. സനാതനം പേജിന്റെ എഡിറ്റര്‍ ചുമതല ഏറ്റെടുക്കണം എന്നു നിര്‍ദ്ദേശിച്ചു. ഒപ്പം ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. എല്ലാ ദിവസവും വേദത്തിലെ ഒരു ശ്ലോകത്തിന്റെ വീതം വ്യാഖ്യാനവും പത്രത്തില്‍ എഴുതണം. എനിക്കതു സാധിക്കുമോ എന്ന സംശയമാണ് മൂന്നു പതിറ്റാണ്ടിലേറെ സംസ്‌കൃതം അധ്യാപകനായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്വാമിയോട് പ്രകടിപ്പിച്ചത്.

''എന്റെ ഗുരുനാഥന്‍ നീലകണ്ഠപാദര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സാരമായ കാര്യം ചെയ്യാന്‍ ആവശ്യം വരുമ്പോള്‍ യോഗ്യനായ ആള്‍ മുന്നില്‍ വന്നു നില്‍ക്കുമെടോ'' എന്ന് സ്വാമി സത്യാനന്ദ സരസ്വതി മറുപടി പറഞ്ഞപ്പോള്‍ മറുത്തൊന്നും പറഞ്ഞില്ല. രണ്ടു ദിവസം കൊണ്ട് അഞ്ച് ശ്ലോകങ്ങള്‍ വ്യാഖ്യാനിച്ച് സ്വാമിയ്ക്ക് നല്‍കി. ഇതിലും മികച്ചതായി വേദം വ്യാഖ്യാനിക്കാന്‍ ആര്‍ക്കാകും എന്ന സ്വാമിയുടെ പ്രതികരണം മൂന്ന് വര്‍ഷത്തോളം മുടങ്ങാതെ വേദഭാഷ്യം പത്രത്തിലെഴുതാന്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് പ്രേരണയായി.

പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ പേപ്പര്‍ കെട്ട് മാറോടണച്ച് വൃദ്ധന്‍ ഹരിദ്വാറില്‍ ഗംഗയില്‍ മൂന്നു തവണ മുങ്ങി നിവര്‍ന്നു. സംസ്‌കൃതപണ്ഡിതന്‍ ശ്രീവരാഹം ചന്ദ്രശേഖരന്‍നായര്‍ ആയിരുന്നു ആ വൃദ്ധന്‍. ഋഗ്വേദത്തിലെ 10,542 മന്ത്രങ്ങള്‍ക്ക് മലയാളത്തില്‍ ചമച്ച ഭാഷ്യത്തിന്റെ പ്രതിയായിരുന്നു കയ്യിലുണ്ടായിരുന്നത്. പതിന്നാലുവര്‍ഷം നീണ്ട യജ്ഞത്തിന്റെ ഫലം. സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞുകൊടുത്ത 'അവഭൃത സ്നാനം.' ഹരിദ്വാറില്‍ നിന്ന് തിരിച്ചെത്തിയ ചന്ദ്രശേഖരന്‍നായര്‍ മണക്കാട്ടെ വീടായ 'കൗസ്തുഭ'ത്തിന്റെ മുറ്റത്ത് അഗ്നികുണ്ഡം ഒരുക്കി. ഋഗ്വേദ ഭാഷ്യത്തിന്റെ പരിഭാഷയുടെ കയ്യെഴുത്തു പ്രതിയും പ്രൂഫിന്റെ പ്രിന്റുകളും ഉള്‍പ്പെടെ അരലക്ഷത്തിലധികം പേപ്പറുകള്‍ ഹോമിച്ചു. യജ്ഞാവശിഷ്ട ആഹുതി. അച്ചടി മഷി പുരളാന്‍ പിന്നെയും ഏറെ കടമ്പ. അവസാനം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ആയിരം പേജുകള്‍ വീതമുള്ള എട്ടു വാള്യങ്ങളിലായി ഭാഷ്യം പ്രസിദ്ധീകരിച്ചു. ദിവസം 15 മണിക്കൂര്‍ വീതം 14 വര്‍ഷമാണ് ഭാഷ്യ രചനയ്ക്കായി പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍ ചെലവിട്ടത്.

അബ്രാഹ്മണന് വേദവ്യാഖ്യാനമോ!

''ഭാഷ്യ രചനയ്ക്ക് അനവധി കടമ്പകളുണ്ടായി. അബ്രാഹ്മണന് വേദ വ്യാഖ്യാനം നിഷിദ്ധമാണ് എന്ന ചിന്ത തന്നെയായിരുന്നു ആദ്യ തടസ്സം. ചട്ടമ്പി സ്വാമികളുടെ 'വേദാധികാര നിരൂപണം' വായിച്ചതോടെ ആര്‍ക്കും വേദ ഭാഷ്യം രചിക്കാന്‍ കഴിയുമെന്ന ബോധ്യം വന്നു. പുണ്യഭൂമിക്കുവേണ്ടി ഭാഷ്യം എഴുതികൊണ്ടിരുന്നപ്പോഴും സഹപ്രവര്‍ത്തകരായിരുന്ന ചിലര്‍ വേദ ഭാഷ്യം ബ്രാഹ്മണര്‍ക്ക് മാത്രം എന്നു പറഞ്ഞ് വിലക്കാന്‍ ശ്രമിച്ചു. അച്ചടിച്ച് പുറത്തിറക്കാതിരിക്കാനും പാരകള്‍ വന്നു'' ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.

''ഇനി ഇതിന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടാകണം. അതിനുള്ള ശ്രമത്തിലാണിപ്പോള്‍. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഇ. എന്‍. നന്ദകുമാര്‍ എന്നിവര്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഹരിയേട്ടനേയും (ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി) പുസ്തകം കാണിക്കണം'' ബാല സ്വയംസേവകനായി ശാഖയില്‍ പോയിതുടങ്ങിയതാണെന്ന് അഭിമാനത്തോടെ പറഞ്ഞ് തന്റെ ആര്‍എസ്എസ് ബന്ധം ചന്ദ്രശേഖരന്‍ നായര്‍ വിശദീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിചാരിതമായി രണ്ട് അതിഥികള്‍ എത്തി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രചാരകന്‍ എ. ജയകുമാറും സഹ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനും. എണ്‍പത് വയസ്സിലെത്തിയ സംസ്‌കൃത പണ്ഡിതന് ആശംസ നേരാനെത്തിയതാണ് ഇരുവരും.

അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ വേദങ്ങളെ വ്യാഖ്യാനിക്കുക എന്നത് പ്രാചീന കാലം മുതല്‍ പണ്ഡിത സപര്യയായിരുന്നു. വൈദികഭാഷ്യകാരന്മാരില്‍ വിശിഷ്ടസ്ഥാനം സായണന്‍ അലങ്കരിക്കുന്നു. സായണന്റെ ഭാഷ്യം വ്യാപ്തിയും അഗാധതയും കൊണ്ട് മറ്റു ഭാഷ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ മന്ത്രിയായിരുന്ന സായണന്‍ (എ.ഡി. 1335-1387) വിജയനഗരരാജാവായ ബുക്കന്റെ കാലത്താണ് ഋഗ്വേദഭാഷ്യം രചിച്ചത്. മഹര്‍ഷി ദയാനന്ദ സരസ്വതിയില്‍നിന്നാണ് ആധുനിക ഭാരതത്തിലെ വേദഭാഷ്യചരിത്രം ആരംഭിക്കുന്നത്. സായണന്റെ വേദഭാഷ്യപ്രക്രിയയുടേയും അതിനെ പിന്‍തുടര്‍ന്ന വിദേശ വേദതര്‍ജമക്കാരുടേയും പോരായ്മകളെ ദയാനന്ദന്‍ ചൂണ്ടിക്കാട്ടി. അരവിന്ദഘോഷിനെപ്പോലുളളവര്‍ ദയാനന്ദന്റെ വേദഭാഷ്യപദ്ധതിയെ വാഴ്ത്തി. മലയാളത്തില്‍ ഋഗ്വേദത്തിന് പ്രധാനമായും രണ്ട് തര്‍ജ്ജമകളാണ് ഉള്ളത്. ആദ്യത്തേത് വള്ളത്തോളിന്റെ പദ്യരൂപത്തിലുള്ള തര്‍ജ്ജമ. രണ്ടാമത്തേത് സായണഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി ഒ. എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ലളിതവ്യാഖ്യാനം. മാക്സ് മുള്ളര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

പൂര്‍വികപക്ഷത്തെ തള്ളിപ്പറയാതെ

സായണന്റേയും ദയാനന്ദ സരസ്വതിയുടേയും വ്യാഖ്യാനങ്ങളെ ആശ്രയിക്കാത്ത സ്വതന്ത്ര ഭാഷ്യമാണ് ചന്ദ്രശേഖരന്‍ നായരുടേത്.

''പൂര്‍വികരുടെ ഭാഷ്യത്തെ തള്ളി പറയുന്നില്ല. പക്ഷേ അവര്‍ അറിഞ്ഞോ അറിയാതെയോ വിട്ടുകളഞ്ഞ കാര്യങ്ങളും കുറവുകളും വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന സായണന്റെ വ്യാഖ്യാനത്തില്‍, ഭരണവര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. ക്ഷേത്രങ്ങളേയും പൂജകളേയും ഒക്കെ തള്ളിപറയുന്ന വ്യാഖ്യാനമാണ് ദയാനന്ദന്‍ നടത്തിയത്. രണ്ടു പേരുടേയും ജീവിത കാലഘട്ടവും ആശയതലവും വ്യാഖ്യാനങ്ങളെ സ്വാധീനിച്ചു. ഇവരില്‍ നിന്ന് വ്യത്യസ്ഥമായി സനാതന ധര്‍മ്മത്തിന്റെ ശാക്തീകരണത്തിന് സഹായകമാകുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്റെ രചന'' ചന്ദ്രശേഖരന്‍ നായര്‍ വിശദീകരിച്ചു. അര്‍ത്ഥമറിയാതെ ഋഗ്വേദമന്ത്രങ്ങള്‍ പാരമ്പര്യമായി പഠിച്ച ബ്രാഹ്മണരുടെയും, അതിന്റെ അര്‍ത്ഥം ഗ്രഹിച്ച അല്‍പ്പം ചില വേദപണ്ഡിതരുടെയും കൈകളില്‍നിന്ന് ഋഗ്വേദത്തെ സാധാരണക്കാരന്റെ ബുദ്ധിയിലേക്കും ഹൃദയത്തിലേക്കും എത്തിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഇതിലൂടെ സഫലമാകുന്നത്.

1941 ആഗസ്റ്റ് 28ന് തിരുവനന്തപുരത്തെ സാധാരണകുടുംബത്തില്‍ കുട്ടന്‍പിള്ളയുടെ മകനായി ജനിച്ച ചന്ദ്രശേഖരന്‍ നായര്‍, എംഎ സംസ്‌കൃതം റാങ്കോടെ പാസ്സായ ശേഷം 1966 ല്‍ തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ലക്ചറര്‍ ആയി ഔദ്യോഗികജീവിതം ആരംഭിച്ചു. 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം 1997 ല്‍ അദ്ദേഹം ഡീന്‍ ആയി വിരമിച്ചു. നാലുവര്‍ഷം എന്‍സിസിയില്‍ കമ്മീഷന്‍ഡ് ഓഫീസറായും സേവനം അനുഷ്ഠിച്ചു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ ആശ്രമത്തിന്റെ ആചാര്യപദവി ഏറ്റെടുത്തു. പുണ്യഭൂമി പത്രത്തില്‍ എഡിറ്ററായിരുന്നു. എറണാകുളത്തെ സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹോണററി പ്രൊഫസറാണ്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന് കീഴിലുള്ള കോഴിക്കോട് ബാലുശ്ശേരി സംസ്‌കൃത വിദ്യാപീഠത്തില്‍ ചെയര്‍മാനായിരുന്ന ചന്ദ്രശേഖരന്‍നായര്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറും ആയിരുന്നു. ഒന്‍പത് പേര്‍ ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പിഎച്ച്ഡി എടുത്തു.

എ. ജയകുമാര്‍, എസ്. സുദര്‍ശന്‍, ചന്ദ്രശേഖരന്‍ നായര്‍, പി ശ്രീകുമാര്‍

മഹാഭാരതത്തിന്റെ വിശകലനവും

മഹാഭാരതത്തെ അധികരിച്ച് വ്യാഖ്യാനസഹിതം 'മഹാഭാരതകഥകള്‍ വീക്ഷണവും വിശകലനവും' എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ പഠനസഹിതം ശാങ്കരദര്‍ശനവും അദ്ദേഹം പുസ്തകരൂപത്തിലാക്കി. എട്ടു വാള്യങ്ങളിലായി രചിച്ച വാല്മീകി രാമായണത്തിന്റെ മലയാളഭാഷ്യം അച്ചടിയിലാണ്. കൂടാതെ സനാതനധര്‍മത്തിലധിഷ്ഠിതമായ സംസ്‌കാരം, നാഗരികത, സാഹിത്യം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന 12 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സംസ്‌കൃതസാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2012ല്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നല്‍കി ആദരിച്ചു. 2010ല്‍ വിശ്വസംസ്‌കൃതപ്രതിഷ്ഠാനം പണ്ഡിതരത്നം പുരസ്‌കാരം നല്‍കി. ശ്രീരാമദാസമിഷന്റെ വേദശ്രീ പുരസ്‌കാരം (2006), തന്ത്രവിദ്യാപീഠത്തിന്റെ ആചാര്യപുരസ്‌കാരം (2016), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിട്ടേജിന്റെ വേദരത്നപുരസ്‌കാരം (2017), അവിട്ടം തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കള്‍ച്ചറിന്റെ ഭരതശ്രീ പുരസ്‌കാരം (2018) മഹാത്മാഗാന്ധി സ്മാരക ദേശീയ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ ഗാന്ധിയന്‍ സേവാ പുരസ്‌കാരം (2018), സേവാഭാരതിയുടെ സേവാഭാരതി പുരസ്‌കാരം (2017) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍


  ഓര്‍ജിനലിനെ വെല്ലുന്ന വ്യാജന്മാര്‍; വഴിയോരത്ത് നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ് സുലഭം; പ്രതികരിക്കാതെ സര്‍ക്കാര്‍; ഏലത്തിലും വ്യാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.