login
കഥയ മമ, കഥയ മമ

കടന്നല്‍ക്കൂടിളകിയതുപോലെ പണ്ഡകള്‍ വന്നുപൊതിഞ്ഞു. നന്ദിത അവരെ ആട്ടിയകറ്റി. അവിടെ കാലെടുത്തുകുത്തിയാല്‍മതി നമ്മുടെ പണം ഏതെങ്കിലും വിധത്തില്‍ പണ്ഡകളുടെ കീശയിലെത്തും എന്നാണ് അട്ടകളെപ്പോലെ രക്തമൂറ്റിക്കുടിക്കുന്ന ഈ വര്‍ഗത്തെക്കുറിച്ച് വെട്ടൂര്‍ രാമന്‍നായര്‍ എഴുതിയത്

ലിംഗരാജക്ഷേത്രത്തിനു മുമ്പില്‍ വെയില്‍ പരന്നൊഴുകുകയാണ്. പൂജാസാമഗ്രികളും പഴങ്ങളും കൗതുകവസ്തുക്കളും വില്‍ക്കുന്ന കടകള്‍. ചായക്കടകള്‍. മുറുക്കാന്‍കടകള്‍. പെട്ടിക്കടകള്‍. ഭക്തരും യാചകരും തെരുവുകച്ചവടക്കാരും.

കടന്നല്‍ക്കൂടിളകിയതുപോലെ പണ്ഡകള്‍ വന്നുപൊതിഞ്ഞു. നന്ദിത അവരെ ആട്ടിയകറ്റി. അവിടെ കാലെടുത്തുകുത്തിയാല്‍മതി നമ്മുടെ പണം ഏതെങ്കിലും വിധത്തില്‍ പണ്ഡകളുടെ കീശയിലെത്തും എന്നാണ് അട്ടകളെപ്പോലെ രക്തമൂറ്റിക്കുടിക്കുന്ന ഈ വര്‍ഗത്തെക്കുറിച്ച് വെട്ടൂര്‍ രാമന്‍നായര്‍ എഴുതിയത്.

കിഴക്കു ഭാഗത്തുള്ള പ്രവേശന കവാടം. ദ്വാരപാലകരായി സിംഹപ്രതിമകളാണ്. 'സിംഹദ്വാരം' എന്നുപേര്‍. വാതിലിന്റെ ഒരു പകുതിയില്‍ ത്രിശൂലം. മറുപകുതിയില്‍ സുദര്‍ശനചക്രം.

"Lingaraja temple is the largest temple in Orissa.''  ക്ഷേത്രമതില്‍ക്കെട്ട് ചൂണ്ടി നന്ദിത പറഞ്ഞു. ക്യാമറ ഉള്ളില്‍ കടത്തില്ല. പുരിയിലേതുപോലെ തുകല്‍വസ്തുക്കളും പാടില്ല.

വാസ്തുകലയുടെ അമ്പരപ്പിക്കുന്ന  അതിസ്ഥൂലത. ശില്‍പ്പവിദ്യയുടെ അതിശയിപ്പിക്കുന്ന അതിസൂക്ഷ്മത. കാഴ്ചയിലും ഗന്ധത്തിലും പ്രാചീനതയുടെ ഇന്ദ്രിയാനുഭവം. ചാരനിറം കലര്‍ന്ന കൃഷ്ണശിലകള്‍.

എ.ഡി ആറാം നൂറ്റാണ്ടില്‍ ക്ഷേത്രം നിലനിന്നിരുന്നതായി ചില സംസ്‌കൃതഗ്രന്ഥങ്ങളിലെ പരാമര്‍ശം വിവരിച്ച നന്ദിതയെ ഞാന്‍ കൗതുകത്തോടെ കേട്ടു.  

സോമവംശജനായ യയാതികേസരി ക്ഷേത്രം പുതുക്കി പണിതു. സോമവംശറാണി ക്ഷേത്രത്തിനായി ഒരു ഗ്രാമം ദാനം നല്‍കുകയുണ്ടായത്രേ. ബ്രഹ്മപുരാണത്തില്‍ 'ഏകാമ്രദേശം' എന്നാണ് ഈ പ്രദേശത്തെ പരാമര്‍ശിക്കുന്നത്.

അതിവിസ്തൃതമായ മതിലകം. പ്രധാനക്ഷേത്രത്തിന് ചുറ്റും നൂറ്റമ്പതോളം ഉപക്ഷേത്രങ്ങള്‍ ചിതറിക്കിടക്കുന്നു. പലതും ആരാധനയില്ലാതെ തകര്‍ന്നു കിടപ്പാണ്.

യജ്ഞശാല, ഭോഗമണ്ഡപം, നടനമണ്ഡപം, ഗര്‍ഭഗൃഹം എന്നിങ്ങനെ നാലുഭാഗങ്ങളുള്ളതാണ് പ്രധാനക്ഷേത്രം. ചിത്രത്തൂണുകളുള്ള നടനമണ്ഡപം  

വിശാലവും കമനീയവുമാണ്. ഇവിടെ ദേവദാസിനൃത്തം അരങ്ങേറിയിരുന്നതായി നന്ദിത വിവരിച്ചു. അവിടെനിന്നു കണ്ടെടുക്കപ്പെട്ട സംസ്‌കൃതഗ്രന്ഥങ്ങളില്‍ അതേക്കുറിച്ചു പറയുന്നത്രേ.

ജഗന്മോഹനമണ്ഡപത്തിന് അമ്പത്തഞ്ച് മീറ്റര്‍ ഉയരമുണ്ട്. പൂജിക്കപ്പെടുന്ന ദേവന്റെ ആയുധമാണ് ക്ഷേത്രഗോപുരത്തില്‍ സാധാരണയായി സ്ഥാപിക്കാറ്. എന്നാല്‍ ഇവിടെ ഗോപുരമുകളിലുള്ളത് ശ്രീരാമബാണമാണ്.

മുക്തേശ്വരക്ഷേത്രത്തിനു സമാനമായ വാസ്തുവിദ്യയും ശില്‍പ്പകൗതുകവുമാണ് ഇവിടെയും.

ദൂരെ മാറിനിന്നുനോക്കിയാല്‍ സൂചിസ്തംഭാകൃതിയിലുള്ള പ്രധാനഗോപുരം ചെത്തിപ്പൂമാലകള്‍ കുലകുലയായി ഒന്നിച്ച് കെട്ടിത്തൂക്കിയിട്ടപോലെ തോന്നും. മുകള്‍ഭാഗത്ത് വട്ടത്തൊപ്പി വച്ചതുപോലുള്ള മകുടം. അതിനുമുകളില്‍ ആകാശത്തെ ചൂണ്ടി മേലോട്ട് കൂര്‍ത്തുനില്‍ക്കുന്ന രാമബാണം.

സാളഗ്രാമശിലയിലുള്ള വിഷ്ണുവിഗ്രഹവും സ്വയംഭൂവായ ശിവലിംഗവുമാണ് ശ്രീകോവിലെ ആരാധനാമൂര്‍ത്തികള്‍. ഹരിഹരസങ്കല്‍പ്പം. ശൈവവൈഷ്ണമതങ്ങള്‍ സമന്വയിച്ചുചേര്‍ന്നതിന്റെ സാരള്യം. ശിവലിംഗത്തില്‍ പാലും ജലവും മാത്രമല്ല ഭാംഗും അഭിഷേകം ചെയ്യുന്നു.

ഭാരതത്തില്‍ അറുപത്തിനാല് സ്വയംഭൂശിവലിംഗങ്ങളാണുള്ളത്. ലിംഗം എന്നാല്‍ അടയാളം. തെളിവ്. ദൈവസാന്നിധ്യത്തിന്റെ ചിഹ്നം.

ആരാധനയ്ക്കായെത്തിവര്‍ ഏറെയുണ്ട്. തിക്കിത്തിരക്കലും ബഹളവുമില്ല. മാര്‍ക്കറ്റില്‍പ്പോയി മടങ്ങുംപോലെ തൊഴുതുമടങ്ങുന്നു ആളുകള്‍. ഇടയ്ക്ക് ചെറിയതോതില്‍ പണ്ഡകളുമായുള്ള വിലപോശലുണ്ടെന്നു മാത്രം. പുറംനാട്ടുകാരെയാണ് പണ്ഡകള്‍ കൊത്തിത്തിന്നുക.

വിസ്താരം കൂടിയ താലങ്ങളില്‍ കുമിഞ്ഞുകൂടിയ നാണയത്തുട്ടുകളും നോട്ടുകളും തടവി ചമ്രം പടിഞ്ഞിരിക്കുന്ന പൂജാരികള്‍. ദിവസം ആറായിരത്തോളം ആളുകള്‍ ഇവിടെ ആരാധനക്കായെത്തുമത്രേ.

പാതിതകര്‍ന്ന് ശൂന്യമായിക്കിടക്കുന്ന  ഒരു ചെറുക്ഷേത്രത്തിന്റെ കല്‍ത്തണലില്‍ ഇരുന്നു. നന്ദിത കഥ പറയാന്‍ തുടങ്ങി. ക്ഷേത്രൈതിഹ്യത്തിന്റെ കഥനം.

ഈ ഏകാമ്രദേശത്ത് പരമശിവന്‍ തടാകം നിര്‍മിച്ചത്രേ. അതിന്റെ കീര്‍ത്തി ചെവിക്കൊണ്ട പാര്‍വതി ഗോപാലികവേഷത്തില്‍ ജലധി കാണാനെത്തി. കാനനമധ്യത്തിലെ തടാകത്തിനരികില്‍ ഒറ്റയ്ക്കുനില്‍ക്കുന്ന മാവിന്‍ചുവട്ടില്‍ (ഏകമായ അമ്രം)- ഏകാമ്രഛായയില്‍ സ്വയംഭൂവായ ശിവലിംഗം. പശുക്കള്‍ മുലചുരത്തി അതില്‍ പാലഭിഷേകം ചെയ്യുന്നു. ദേവി അവിടെ ശിവപൂജചെയ്തു.  

ആ വഴിവന്ന കൃത്തിവാസര്‍ എന്ന അസുരന്മാര്‍ ദേവിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്രേ. ദേവിയൊരു സൂത്രം പ്രയോഗിച്ചു. തന്നെ തോളിലെടുത്ത് കൂടുതല്‍ ദൂരം നടക്കുന്നവരെ വിവാഹം ചെയ്യാമെന്നു പറഞ്ഞു. ദേവിയുടെ ഭാരം താങ്ങാനാവാതെ അസുരന്മാര്‍ ചത്തുവീണു. അസുരനിഗ്രഹം ചെയ്ത ദേവി ഭുവനേശ്വരിയായി ശിവലിംഗത്തോടൊപ്പം ഇവിടെ ഉപവിഷ്ഠയായി.

കഥ പറയുമ്പോള്‍ ആ കൊച്ചുകണ്ണുകള്‍ വിടരുന്നു. തുടുത്ത മുഖത്ത് ഭാവങ്ങള്‍ മിന്നിമറയുന്നു. കൈമുദ്രകളുടെ ചടുലത. ശബ്ദവിന്യാസത്തിന്റെ താളം. വാക്കുകളുടെ ലയം. നീട്ടിയും കുറുക്കിയും. വിസ്തരിച്ചും ചുരുക്കിയും. കഥനത്തിന്റെ മഹാചാരുത.

ആരാണിത്? വിക്രമാദിത്യനോട് കഥ പറയുന്ന സാലഭംജികയോ. എഴുത്തച്ഛന് കഥയോതുന്ന ശാരികപ്പൈതലോ. കൂത്തു പറയുന്ന ചാക്യാരോ. കുഞ്ഞുനാളില്‍ മടിയിലിരുത്തി കഥ പറഞ്ഞുതന്നിരുന്ന അമ്മമ്മയോ. നക്ഷത്രക്കണ്ണുള്ള കുഞ്ഞുങ്ങളിലേക്ക് കഥകളുടെ നൈവേദ്യവുമായി വേഷം കെട്ടിയെത്തുന്ന ഞാന്‍തന്നെയോ.

ദേവിയുടെ ഉപക്ഷേത്രത്തിലേക്ക് നന്ദിത എന്നെ നയിച്ചു. ഗണേശനും മുരുകനും അടുത്തടുത്തെ ക്ഷേത്രങ്ങളിലുണ്ട്. ക്ഷേത്രവളപ്പ് മുഴുവന്‍ ചുറ്റിനടക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം.

'ബിന്ദുസാഗരം'. ക്ഷേത്രത്തിനു സമീപമുള്ള തടാകസമാനമായ വലിയചിറ. സപ്തനദികളിലെ പുണ്യതീര്‍ഥംകൊണ്ട് പരമശിവന്‍ നിര്‍മ്മിച്ചത്. നടുവിലൊരു കൊച്ചുക്ഷേത്രം. ചെറുതോണിയില്‍ അങ്ങോട്ടുപോകാം.

ചിറയിലിറങ്ങി കൈകാലുകളും മുഖവും കഴുകി. പുണ്യവാഹിനികളെ നമിച്ചു. ശിവനെയും ശക്തിയെയും വണങ്ങി. സൂര്യനെ പ്രാര്‍ഥിച്ചു. ച്ചത്തിരക്കിലൂടെ ശ്യാമിന്റെ ഓട്ടോ പതുക്കെ നീങ്ങുകയാണ്. നഗരക്കാഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാണിച്ച് നന്ദിത വിവരിച്ചുകൊണ്ടേയിരിക്കുന്നു.

തിരക്കുപിടിച്ച ഒരു തെരുവിലേക്കുള്ള വളവില്‍ ശ്യാം വണ്ടി നിര്‍ത്തി. ഭുവനേശ്വറിലെ പ്രസിദ്ധമായ നമ്പര്‍ വണ്‍ മാര്‍ക്കറ്റ്. വിലപേശി കുറഞ്ഞവിലയ്ക്കു വാങ്ങാം. എന്തും. നന്ദിതയ്ക്കവിടെയിറങ്ങണം.

ഒരു കൂള്‍ബാറിലേക്കു കയറി. ''മൂന്ന് ഓറഞ്ച് ജ്യൂസ്.'' ജ്യൂസ് കഴിച്ചുകൊണ്ടിരിക്കെ ഞാന്‍ അഞ്ഞൂറ് രൂപ നന്ദിതയുടെ കൈയില്‍ വച്ചുകൊടുത്തു. അവള്‍ പണം വാങ്ങിയില്ല.

"Thank you sir. I don't need money.''

ഉടുപ്പോ ആഭരണമോ ഒന്നും വേണ്ട. എല്ലാം അവള്‍ നിരസിച്ചു.

""My brother will give whatever I need.''

ഈശ്വരാ ഈ കൊച്ചുമിടുക്കിക്ക് ഞാന്‍ എന്തുകൊടുക്കും. തോള്‍സഞ്ചിയിലെ നോട്ടുപുസ്തകത്തില്‍നിന്ന് ഒരേടുകീറി. പേനയെടുത്ത് ഒരു ചിത്രം വരച്ചു. നന്ദിതയുടെ മുഖം. ഇരുവശത്തും അലങ്കാരച്ചിറകുകള്‍. മാലാഖപോലൊരു ശലഭം.  

നിലാവുദിച്ച കണ്ണുകളോടെ അവള്‍ അതുവാങ്ങി പുറത്തിറങ്ങി. ചിത്രക്കടലാസുയര്‍ത്തിപ്പിടിച്ച് കൈവീശി കുലുങ്ങിച്ചിരിച്ച് തെരുവിലേക്ക് ഓടി മറഞ്ഞു.

വീശിക്കടന്നുപോയ കുളിര്‍കാറ്റുപോലെ. അലിഞ്ഞു നീങ്ങിയ ചന്ദനഗന്ധംപോലെ.  

കുട്ടി, നടന്നുപോകുന്ന വഴികളില്‍ കണ്ടുമുട്ടുന്ന ശലഭങ്ങളില്‍, കിളികളില്‍, തുമ്പികളില്‍, പുല്‍ക്കൊടികളില്‍, കല്ലില്‍ക്കൊത്തിയ പ്രാകാരങ്ങളില്‍, ചരിത്രശേഷിപ്പുകളില്‍, മലമുകളിലും നദീപ്രവാഹത്തിലും നിന്റെ കഥനത്തിന് കാതോര്‍ക്കാം. ഈ യാത്രികന്‍.

കഥയ മമ, കഥയ മമ.

ആ അഞ്ഞൂറ് രൂപ ഞാന്‍ ശ്യാമിനു കൊടുത്തു. ഓട്ടോചാര്‍ജായി ഇരുന്നൂറ് രൂപയെടുത്ത് ബാക്കി അയാള്‍ എന്റെ പോക്കറ്റിലിട്ടു.

എന്റെ കവിളു നനച്ചത് മഴത്തുള്ളിയായിരുന്നോ!

എം. ശ്രീഹര്‍ഷന്‍

comment
  • Tags:

LATEST NEWS


ശ്രീനാരായണ ഗുരുവും കുമാരനാശാനും


ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


ജലീലിന്റെ രാജി അനിവാര്യം


ലിവര്‍പൂളിന് വിജയം


വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.