×
login
ഇതാ, ഒരു സ്‌നേഹഗ്രാമം

കേരളത്തില്‍ ഏത് തരം പ്രതിസന്ധികള്‍ വന്നാലും കൈത്താങ്ങായി ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് -കേരള മുന്നില്‍ തന്നെയുണ്ട്. ഓഖി, നിപ്പ, പ്രളയം തുടങ്ങി ഇപ്പോള്‍ ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ കൊവിഡ് എന്ന മഹാമാരി വന്നപ്പോഴും കേരളത്തിന് ജീവകാരുണ്യത്തിന്റെ കുടപിടിച്ച് ആശ്വാസമേകാന്‍ സായി ട്രസ്റ്റ് മുന്നില്‍

കെ.എന്‍ ആനന്ദകുമാര്‍ എന്ന മട്ടാഞ്ചേരിക്കാരന്‍ ശുഭ്രവസ്ത്രദാരി തലസ്ഥാനത്ത് ഒരു നന്മമരം നട്ടിട്ട് കാല്‍നൂറ്റാണ്ട്. ആ മരം ഇന്ന് ഒരു മാമരമായിരിക്കുന്നു-നിരാലംബര്‍ക്ക് തണലായി, തണുപ്പായി.  

ഒന്‍പതാം വയസിലാണ് ആനന്ദകുമാര്‍ അച്ഛനൊപ്പം സത്യസായി ബാബയെ ആദ്യമായി കാണുന്നത്. ആദ്യ ദര്‍ശനം സ്വന്തം അമ്മയെ മാറാവ്യാധിയില്‍ നിന്ന് മോചിപ്പിക്കണമെന്ന പ്രാര്‍ത്ഥനയോടെ ആയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ ആ അത്ഭുതം സംഭവിച്ചു. ഭഗവാന്‍ സത്യസായി ബാബ ആനന്ദന് സമ്മാനിച്ചത് രോഗമുക്തയായ അമ്മയെ. അന്നു മുതല്‍ ആനന്ദകുമാര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു ബാബയുടെ തിരുരൂപം. ആ ഭക്തിയും സ്‌നേഹവും ആനന്ദകുമാറിനൊപ്പം വളര്‍ന്നു. കുടുംബപരമായി ലഭിച്ച ബിസിനസ് ലോകത്തു നിന്ന് കാരുണ്യത്തിന്റെ വഴിയേ നടക്കാനായിരുന്നു ആനന്ദകുമാറിന് താല്‍പര്യം. പുട്ടപര്‍ത്തിയിലിരുന്ന് ലോകത്തിനാകെ നന്മ ചൊരിയുന്ന ഭഗവാന്റെ പാദങ്ങള്‍ പിന്‍തുടരാന്‍ ഉള്ളതെല്ലാം വലിച്ചെറിഞ്ഞ് ആനന്ദകുമാര്‍ ഇറങ്ങിപ്പുറപ്പെട്ടു. അടുത്തറിയുന്നവര്‍ മുഴുവട്ടെന്ന് പരിഹസിക്കുമ്പോഴും, ആനന്ദകുമാറിന് സഹജീവികളെ സാന്ത്വനിപ്പിക്കാന്‍ കിട്ടിയ അവസരം നല്‍കിയത് പരമാനന്ദം.

കെ.എന്‍ ആനന്ദകുമാര്‍ പുട്ടപര്‍ത്തിയില്‍ പോയി ഭഗവാന്‍ സത്യസായി ബാബയുടെ അനുഗ്രഹവും അനുവാദവും വാങ്ങി 1996 ജൂണ്‍ 17ന് തുറന്നിട്ടത് ശ്രീ സത്യസായി ഓര്‍ഫണേജ് ട്രസ്റ്റ് കേരള എന്ന മഹാപ്രസ്ഥാനം. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വച്ച് ജസ്റ്റിസ് ചന്ദ്രശേഖരമേനോനാണ് ട്രസ്റ്റിന്റെ പ്രഖ്യാപനം നടത്തിയത്. ട്രസ്റ്റിന്റെ ആദ്യ യോഗം 1996 ജൂണ്‍ 17 ന് കേരളത്തിലെ വിവിധ തലങ്ങളിലെ പ്രമുഖരും സേവന സന്നദ്ധരുമായ 21 ആളുകളെ സംഘടിപ്പിച്ച് നടന്നു. ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാനും ആയുഷ്‌കാല ചെയര്‍മാനുമായി ജസ്റ്റിസ് ടി.ചന്ദ്രശേഖരമേനോനേയും, ട്രസ്റ്റിന്റെ സ്ഥാപകനും  

എക്സിക്യൂട്ടീവ് ഡയറക്ടറുമായി കെ.എന്‍ ആനന്ദകുമാറിനേയും തീരുമാനിച്ചു. 1200 രൂപ വാടക കെട്ടിടത്തില്‍ കവടിയാര്‍ ഗാര്‍ഡന്‍സില്‍ അഞ്ച് അനാഥ കുട്ടികള്‍ക്ക് അഭയം നല്‍കി ആരംഭിച്ച പ്രസ്ഥാനം. ഇന്ന് ഏകദേശം 117 പദ്ധതികളും 200 പ്രോജക്ടുകളും 246 ജീവനക്കാരും ആയിരത്തിലധികം അന്തേവാസികളുമായി കേരളത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആയി ജൈത്രയാത്ര തുടരുന്നു.  

കേരളത്തിലെ എല്ലാ ജില്ലകളിലും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മിക്കവാറും എല്ലാ ജില്ലയിലും ട്രസ്റ്റിന്റെ ജില്ലാ ഓഫീസും റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചു വരുന്നു. ശ്രീ സത്യസായി ഓര്‍ഫനേജിന് ഏറെ അഭിമാനമായി എടുത്തു പറയാവുന്ന കാര്യമാണ് നാല്‍പ്പത്തിനാലായിരം രൂപ ബാങ്കിലുള്ളപ്പോള്‍ നൂറ് കോടി രൂപയുടെ സായിഗ്രാമം പദ്ധതി പ്രഖ്യാപിക്കുന്നത്. സുനില്‍ ഗവാസ്‌ക്കര്‍ തറക്കല്ലിട്ട സായി ഗ്രാമം പതിനൊന്ന് വര്‍ഷം കൊണ്ട് തോന്നയ്ക്കലില്‍ ഇരുപത്തഞ്ച് ഏക്കര്‍ സ്ഥലത്ത് നൂറു കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി മുന്നേറുന്നു. അറുപത്തിമൂന്നോളം പദ്ധതികളാണ് സായിഗ്രാമം എന്ന സ്‌നേഹ ഗ്രാമത്തിലുള്ളത്. മണ്‍പാത്രങ്ങളുടെ നിര്‍മ്മാണം, കൈത്തറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, മുള കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മ്മാണം എന്നിങ്ങനെ പരമ്പരാഗത രീതിയില്‍ ചെയ്തിരുന്ന കുടില്‍ വ്യവസായങ്ങള്‍ സായിഗ്രാമത്തില്‍ മായാത്ത കാഴ്ചകളാകുന്നു.

വിദ്യാഭ്യാസ മേഖലയിലും വളരെ നൂതനമായ രീതിയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുവാന്‍ സായി ട്രസ്റ്റിന് കഴിഞ്ഞു. മോണ്ടിസോറി മുതല്‍ ഐഎഎസ് അക്കാദമി വരെ സായി ഗ്രാമത്തിലുണ്ട്. ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്ന ശ്രീ സത്യസായി വിദ്യാമന്ദിര്‍. ഇവിടെ സൗജന്യമായാണ് വിദ്യാഭ്യാസം നല്‍കുന്നത്. സ്‌കൂള്‍ യൂണിഫോം, നോട്ട് ബുക്ക്, പുസ്തകങ്ങള്‍ തുടങ്ങിയവയും സൗജന്യമാണ്. ഇതു മാത്രമല്ല സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പാലും മറ്റ് പോഷകാഹാരവും സൗജന്യമായി നല്‍കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സായിഗ്രാമത്തില്‍ സായിസ്പര്‍ശ് എന്ന പേരില്‍ സൗജന്യ ഓട്ടിസം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു. ഒക്കുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, അക്യുപങ്ചര്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് പുറമേ നല്‍കുന്നുണ്ട്. അതുപോലെ തന്നെ ഇവരുടെ അമ്മമാര്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനവും സായിഗ്രാമത്തില്‍ നല്‍കി വരുന്നു.  

കോളജ് വിദ്യാഭ്യാസ മേഖലയിലും സായിഗ്രാമത്തിന്റെ പങ്ക് വളരെ വലുതാണ്. 2018 ജൂലൈ രണ്ടിന് ശ്രീ സത്യസായി ആര്‍ട്ട്സ് & സയന്‍സ് എയ്ഡഡ് കോളജ് സായി ഗ്രാമത്തിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നു. അനുമതിപത്രം കൈയില്‍ കിട്ടിയയുടന്‍ ആനന്ദകുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കോളജിനുള്ള മാനേജ്മെന്റ് സീറ്റുകള്‍ കൂടി മെരിറ്റിലേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി ആ തീരുമാനത്തെ അതിശയപൂര്‍വ്വം അഭിനന്ദിച്ചു. ഇന്ത്യയില്‍ ആദ്യമായി മാനേജ്മെന്റ് സീറ്റ് വേണ്ട എന്നു പറഞ്ഞ ഏക കോളജ്. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കേരളത്തിലെ ഓര്‍മകള്‍ മാത്രമായി കൊണ്ടിരിക്കുന്ന തനത് കലാരൂപങ്ങളുടെ ക്ലാസ്സും നല്‍കി വരുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനും പിരിമുറുക്കങ്ങള്‍ പരിഹരിക്കുവാനും സൈക്കോളജിസ്റ്റിന്റെ സേവനവും ട്രസ്റ്റ് നല്‍കുന്നു. കെ. ജയകുമാര്‍ ഐഎഎസ് ആണ് സായി ഗ്രാമത്തിലെ ഐഎഎസ് അക്കാദമിയുടെ ചെയര്‍മാന്‍. തികച്ചും സൗജന്യമായി നല്‍കുന്ന ഈ കോച്ചിങ് സെന്ററില്‍ നിന്നും രണ്ട് ബാച്ചിലെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി.  

സായി ഗ്രാമത്തിലെ സായിഗണേഷ് ഹാളില്‍ 2000 വിദ്യാര്‍ത്ഥികളുമായി ഒരിക്കല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സംവദിച്ചിരുന്നു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കിയ അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത് ലോകത്തെവിടെയും ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പ്രസ്ഥാനത്തെ കണ്ടിട്ടില്ലെന്നാണ്.  

ആരോഗ്യ മേഖലയിലും വിപ്ലവകരമായ സംഭാവനയാണ് സായി ട്രസ്റ്റ് നവജീവനം സൗജന്യ ഡയാലിസിസ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. 2005 മേയ് മാസത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം ആണ് കൊച്ചിയില്‍ ട്രസ്റ്റിന്റെ നവജീവനം എന്ന സ്വപ്‌ന പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ നവജീവനം പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്റിന്റെ ആറ് ജില്ലാ ആശുപത്രികളില്‍ സായി ട്രസ്റ്റാണ് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തിവരുന്നത്. ഡയാലിസിസ് ചരിത്രത്തില്‍ വലിയ ഒരു മാറ്റമാണ് സായി ട്രസ്റ്റ് കൊണ്ടുവന്നത്. ആഗസ്റ്റ് പതിനഞ്ച് ആകുമ്പോള്‍ അഞ്ച് ലക്ഷം ഡയാലിസിസുകള്‍ ഒരു രൂപ പോലും വാങ്ങാതെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് നല്‍കിയ സംഘടനയായി ട്രസ്റ്റ് മാറുന്നു. ഇതുവരെ നൂറ് കോടി രൂപയാണ് ട്രസ്റ്റ് ഈ പദ്ധതിക്ക് വേണ്ടി ചെലവഴിച്ചത്. ലോകാരോഗ്യ സംഘടന സായി ട്രസ്റ്റിന്റെ ഈ സൗജന്യ ഡയാലിസിസ് പദ്ധതിയില്‍ അത്ഭുതപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുവാനായി കെ.എന്‍ ആനന്ദകുമാറിനെ ക്ഷണിക്കുകയും ചെയ്തു.  

നാളിതുവരെ ഇരുനൂറ്റി അറുപത്തി ഏഴ് സമൂഹ വിവാഹങ്ങള്‍ സായി ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വീടുകള്‍ ഇല്ലാത്ത പാവപ്പെട്ട ആളുകള്‍ക്ക് വീടുകള്‍ വച്ചുനല്‍കുന്ന ട്രസ്റ്റിന്റെ പദ്ധതിയാണ് സായിപ്രസാദം. ഈ പദ്ധതിയിലൂടെ ട്രസ്റ്റ് ഇരുന്നൂറ്റി ഇരുപത്തി ഏഴ് വീടുകള്‍ വച്ചു നല്‍കി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായും ട്രസ്റ്റിന്റെ ഈ ഭവന പദ്ധതി തണലായി. അന്തിയുറങ്ങാന്‍ ഇടമില്ലാതെ ദുരിതം അനുഭവിക്കുന്ന പാവങ്ങളുടെ പ്രതീക്ഷയാണ് ഇന്ന് സായിപ്രസാദം.  

പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 8 കോടി മുടക്കി സത്യസായിഗ്രാമം എന്ന പേരില്‍ സോളാര്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കി. ആയുഷ് ഹോസ്പിറ്റല്‍, സോളാര്‍ ടൗണ്‍ഷിപ്പ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, 50000 ലിറ്റര്‍ വാട്ടര്‍ ടാങ്ക് തുടങ്ങി അനുബന്ധ സൗകര്യങ്ങളും അവിടെ ഉണ്ടാക്കി. 20 വര്‍ഷമായി ദുരിതം അനുഭവിച്ച എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സായി ട്രസ്റ്റിന്റെ ബൃഹത് പദ്ധതി ആയിരുന്നു അത്. പക്ഷേ ജില്ലാ ഭരണാധികാരി ആ പദ്ധതിക്ക് തുരങ്കം വച്ച് നശിപ്പിക്കുന്നതില്‍ വേദനയുണ്ടെന്ന് ആനന്ദകുമാര്‍. ഉദ്ഘാടന വേളയില്‍ കുറച്ച് വീടുകളുടെ താക്കോല്‍ ദാനം നടത്തിയ ശേഷം പിന്നീട് ഒരു വീട് പോ

ലും കൊടുക്കാതെ സായി ട്രസ്റ്റിന്റെ 59 വീടുകള്‍ ഇപ്പോള്‍ നശിക്കുകയാണ്. 5 കോടി രൂപയുടെ മുതലാണ് ഒരു ജില്ലാ ഭരണാധികാരി കാരണം നശിക്കുന്നത്. കേരളത്തില്‍ 14 ജില്ലയിലും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ദുരന്തം ട്രസ്റ്റിന് ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനന്ദകുമാര്‍.

വിശക്കുന്ന വയറിന്റെ തീയണയ്ക്കുവാനും  സായി ഗ്രാമം മറന്നില്ല. സായി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സായി നാരായണാലയത്തില്‍ ഇതുവരെ നാല് കോടിയിലധികം പേരാണ് സൗജന്യമായി ഭക്ഷണം കഴിച്ചത്. സായി ട്രസ്റ്റിന്റെ അക്ഷയ പാത്രമാണ് സായി നാരായണാലയം. സായി ഗ്രാമത്തില്‍ എത്തുന്നവര്‍ക്ക് എപ്പോഴും ആഹാരം നല്‍കുന്നു. ലോകത്തിലെ ആദ്യത്തെ സത്യസായിബാബ ക്ഷേത്രവും സായി ഗ്രാമത്തിലാണ്. ഷിര്‍ദ്ദി ബാബ ക്ഷേത്രം, സായി ഗായത്രി ദേവീ ക്ഷേത്രം, ശ്രീ ബുദ്ധ ക്ഷേത്രം എന്നിവയ്‌ക്കൊപ്പം ശിവപാര്‍വ്വതി, ഗണപതി, മുരുകന്‍, അയ്യപ്പന്‍ എന്നീ ദേവഗണങ്ങള്‍ക്കും പ്രതിഷ്ഠയുണ്ട് സായി ഗ്രാമത്തില്‍. ക്ഷേത്രമുണ്ടെങ്കിലും വഴിപാടുകള്‍ക്ക് രസീതോ ഭണ്ഡാരപെട്ടികളോ സായിഗ്രാമത്തിലില്ല.  

ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് സായിഗ്രാമം കൈവരിച്ചു കഴിഞ്ഞു. അരി, പാല്‍, പച്ചക്കറികള്‍ മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയെല്ലാം സായി ഗ്രാമത്തില്‍ തന്നെ ജൈവമായ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച് വരുന്നു. സായിഗ്രാമം ഗ്രാമസ്വരാജ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം 2018 ജൂലൈ ഒന്നിന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് നിര്‍വ്വഹിച്ചത്. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സോളാര്‍ പാനലുകള്‍ ഇതിനകം സായി ഗ്രാമത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുവാനായി ശ്രീ സത്യസായി സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രം 10 ഇടങ്ങളിലായി നടത്തിവരുന്നു.  

കേരളത്തില്‍ ഏത് തരം പ്രതിസന്ധികള്‍ വന്നാലും കൈത്താങ്ങായി ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് -കേരള മുന്നില്‍ തന്നെയുണ്ട്. ഓഖി, നിപ്പ, പ്രളയം തുടങ്ങി ഇപ്പോള്‍ ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ കൊവിഡ് എന്ന മഹാമാരി വന്നപ്പോഴും കേരളത്തിന് ജീവകാരുണ്യത്തിന്റെ കുടപിടിച്ച് ആശ്വാസമേകാന്‍ സായി ട്രസ്റ്റ് മുന്നില്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രം 72 പ്രോജക്ടുകള്‍ സായി ട്രസ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. 108 പദ്ധതികളാണ് ട്രസ്റ്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 2019 ഡിസംബര്‍ 30 ന് ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം 2021 ഡിസംബറില്‍ സമാപിക്കും. ആരോഗ്യ പരിപാലനം, സാധുജന സംരക്ഷണം, രോഗികള്‍ക്കും അവശര്‍ക്കും സാന്ത്വനം എന്നിങ്ങനെ നിരവധി പദ്ധതികള്‍.  

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.