×
login
രണ്ടു തടവുകാര്‍

വീരസാവര്‍ക്കറും മണ്ഡേലയും എങ്ങനെയാണ് തങ്ങളെ കാരാഗൃഹത്തിലാക്കിയവരോട് പെരുമാറിയതെന്നതിന്റെ ഓരോ ഉദാഹരണം മാത്രം വിവരിക്കാം. വീരസാവര്‍ക്കര്‍ക്ക് തന്റെ ജയില്‍ജീവിതത്തില്‍ ഒരിക്കലും മണ്ഡേലയ്ക്ക് അനുവദിച്ച സൗകര്യങ്ങള്‍ ലഭിച്ചില്ല. കാല്‍ച്ചങ്ങലയും കോല്‍ച്ചങ്ങലയും, 1961 എന്ന് മോചനദിവസം കുറിച്ച വളയം കഴുത്തിലും. മണ്ഡേല പിന്നെ ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപതിയായി. വീരസാവര്‍ക്കറാകട്ടെ ദേശസ്‌നേഹികളുടെ ഹൃദയസാമ്രാട്ടും.

ലോക പ്രസിദ്ധരായ വിപ്ലവകാരികളും സ്വാതന്ത്ര്യപ്പോരാളികളുമായിരുന്നു ഭാരതത്തിലെ സ്വാതന്ത്ര്യ വീര വിനായക ദാമോദര്‍ സവര്‍ക്കറും, ദക്ഷിണാഫ്രിക്കയിലെ നെല്‍സണ്‍ മണ്ഡേലയും. ഇരുവരുടെയും ജീവിതങ്ങള്‍ക്ക് ഏതാണ്ട്  മൂന്നു ദശകക്കാലത്തെ വ്യത്യാസമുണ്ട്. മണ്ഡേല 1918 ല്‍ ജനിക്കുമ്പോള്‍ സാവര്‍ക്കര്‍ തന്റെ ഇരട്ട ജീവപര്യന്തം നാടുകടത്തലിന്റെ ഏഴ് വര്‍ഷങ്ങള്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹം 10 വര്‍ഷം ആന്‍ഡമാനിലും പതിനേഴു വര്‍ഷം ഭാരതത്തിലെ  വിവിധ ജയിലുകളിലും വീട്ടുതടങ്കലിലുമായി കഴിച്ചുകൂട്ടി. നെല്‍സണ്‍ മണ്ഡേലയ്ക്കും ഇരുപത്തെട്ടുവര്‍ഷം വിവിധ ജയിലുകളിലായി കഴിയേണ്ടിവന്നിട്ടുണ്ട്. ഭാരതത്തിന് ആന്‍ഡമാന്‍ ദ്വീപുകള്‍പോലെ ദക്ഷിണാഫ്രിക്കയ്ക്കും കേപ്ടൗണിനടുത്ത് റോബന്‍ ദ്വീപില്‍ നടുക്കം കൊള്ളിക്കുന്ന ഒരു കാരാഗൃഹം ഉണ്ട്. തന്റെ അവസാനത്തെ കാരാഗൃഹവാസം മണ്ഡേല അവിടെയാണ് കഴിച്ചത്. സവര്‍ക്കറുടെ ആന്‍ഡമാന്‍സിലെയും രത്‌നഗിരിയിലെയും യാര്‍വാഡായിലെയും അനുഭവങ്ങള്‍ നോക്കുമ്പോള്‍ റോബന്‍ ദ്വീപുകള്‍ വളരെ സുഖകരമായിരുന്നു. ഇരുവരും തങ്ങളുടെ ആത്മകഥാപരമായ അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്ര'യാണ് മണ്ഡേലയുടെ ആത്മകഥ. സവര്‍ക്കറാകട്ടെ കവിയും ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനും ചരിത്രാന്വേഷകനും ആയിരുന്നതിനാല്‍ ഒട്ടേറെ കൃതികള്‍ ഈ വകുപ്പുകളിലൊക്കെയായി രചിച്ചിട്ടുണ്ട്. ഏകാധിപത്യ പ്രവണവും വര്‍ണവെറി പൂണ്ടതുമായ ദക്ഷിണാഫ്രിക്കന്‍ വെള്ള വര്‍ഗാധികാരത്തിനെതിരെ നടത്തിയ സന്ധിയില്ലാത്തതും, വിശ്രമരഹിതവും വിജിഗീഷ നിറഞ്ഞതുമായിരുന്നു മണ്ഡേലയുടെ പോരാട്ടം. അതില്‍ അദ്ദേഹത്തിന് ലോകത്തിന്റെ പരിഷ്‌കൃത സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ കിട്ടി. ഐക്യരാഷ്ട്രസഭയും പൂര്‍ണമായി സഹായിച്ചു. വര്‍ണവെറിയന്മാരുടെ ഭരണത്തിന് അടിയറ പറഞ്ഞൊഴിയേണ്ടിവന്ന അവസ്ഥയുണ്ടായി.

വീരസാവര്‍ക്കറും മണ്ഡേലയും എങ്ങനെയാണ് തങ്ങളെ കാരാഗൃഹത്തിലാക്കിയവരോട് പെരുമാറിയതെന്നതിന്റെ ഓരോ ഉദാഹരണം മാത്രം ഇത്തവണത്തെ സംഘപഥത്തില്‍ ഉള്‍പ്പെടുത്താമെന്നു വിചാരിക്കുന്നു.  

ആന്‍ഡമാന്‍ ജയിലിലെ കാര്‍ക്കശ്യം പിടിമുറുക്കിയ അവസ്ഥയില്‍ നരകിക്കവേ വീരസാവര്‍ക്കറുടെ കുശാഗ്രബുദ്ധിയില്‍ വിരിഞ്ഞ അടവുകളിലൂടെ കല്‍ക്കത്തയിലെയും ലണ്ടനിലെയും പത്രങ്ങളില്‍ അവിടുത്തെ നാരകീയ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരികയും, 1913-ല്‍ ആഭ്യന്തര സെക്രട്ടറി സര്‍ റജിനോള്‍ഡ് കാഡോക്ക് തന്നെ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു. സാമ്രാജ്യസര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആപല്‍കാരികളായ അട്ടിമറിക്കാരുമായി ഒരു കൂടിയാലോചനയും പാടില്ലെന്നായിരുന്നു ഉന്നതരുടെ അഭിപ്രായം. എന്തായാലും സര്‍ റജിനാള്‍ഡ്, സവര്‍ക്കറെ സന്ദര്‍ശനത്തിനു വിളിച്ചു.

''നിങ്ങളുടെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. ഉന്നത ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്താന്‍ കഴിയാത്ത ഒരു പദവിയുമുണ്ടാവില്ല. എന്നിട്ടും ഈ കെട്ട നിലയാണ് നിങ്ങള്‍ സ്വീകരിച്ചത്. സവര്‍ക്കര്‍ ഉത്തരം കൊടുത്തു. നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുകയും, അവര്‍ക്ക് അവസരം ലഭ്യമാക്കുകയും ചെയ്താല്‍  എന്റെ നാട് രാഷ്ട്രമായി ഉയരും. അപ്പോള്‍ ഞാന്‍ മാത്രമല്ല വിപ്ലവകാരികളെല്ലാം ശാന്തിമാര്‍ഗം സ്വീകരിക്കും. എന്നെപ്പോലെ തന്നെയാവും അവരും ചിന്തിക്കുക. സര്‍ റജിനാള്‍ഡ്: നിങ്ങള്‍ക്കെങ്ങനെ അതറിയാം. ഇപ്പോള്‍ അവരെവിടെയാണ്.

ഞാന്‍: അതെങ്ങനെ സാധിക്കും. ഞാനിവിടെ നിങ്ങളുടെ കാവലിലും നിരീക്ഷണത്തിലുമല്ലേ? എനിക്കവരുടെ മനസ്സറിയാം, അവര്‍ക്കെന്റെയും. സര്‍ റജിനാള്‍ഡ്: അവിടെ നിങ്ങള്‍ക്കു പിഴച്ചു. അവര്‍ ഇപ്പോഴും ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി വാദിക്കുന്ന നിങ്ങളെച്ചൊല്ലി ആണയിട്ട്.

ഞാന്‍: ഞാനിതാദ്യം അറിയുകയാണ്. അതും താങ്കളില്‍നിന്ന്. എനിക്കെങ്ങനെ ഇവിടെനിന്നവരെ നിയന്ത്രിക്കാന്‍ കഴിയുക?

തുടര്‍ന്ന് വീക്ഷണം വ്യക്തമാക്കുന്ന കത്തെഴുതാന്‍ റജിനാള്‍ഡ് നിര്‍ദേശം വച്ചു. സ്വതന്ത്രമായി അയയ്ക്കാന്‍ അനുവദിച്ചാല്‍ അപ്രകാരം ചെയ്യാമെന്നു സവര്‍ക്കര്‍ പറഞ്ഞു. പക്ഷേ അതു തന്നിലൂടെ മാത്രമേ അയയ്ക്കാവൂ എന്ന് റജിനോള്‍ഡ് നിര്‍ബന്ധിച്ചു. അങ്ങനെയാണെങ്കില്‍ കത്തെഴുതുകയില്ലെന്നു വീരസാവര്‍ക്കര്‍.

സെല്ലുലാര്‍ ജയിലിലെ ക്രൂരതകളെ അദ്ദേഹം വിവരിച്ചപ്പോള്‍ രാഷ്ട്രീയ തടവുകാരുടെ ക്രൂരകൃത്യങ്ങള്‍ ചീഫ് കമ്മീഷണര്‍ എടുത്തിട്ടു. അധികാരത്തിലുള്ള സര്‍ക്കാരിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി. റഷ്യയിലായിരുന്നെങ്കില്‍ നിങ്ങളെ സൈബീരിയയിലേക്കയച്ചേനെ എന്നുംകൂടി ചേര്‍ത്തു.


ബ്രിട്ടീഷുകാരുടെ പെരുമാറ്റത്തേക്കാള്‍ ക്രൂരമായിരുന്നില്ലേ ഹിന്ദുരാജാക്കന്മാരുടെ ശിക്ഷാ രീതികള്‍. കലാപകാരികളെ ആനക്കാലില്‍ കെട്ടിവലിച്ചു കൊന്നില്ലേ എന്നായി റജിനാള്‍ഡ്.

ഇംഗ്ലണ്ടില്‍ പാതകം ചെയ്ത തടവുകാരനെ തെരുവിലൂടെ വലിച്ചിഴച്ചശേഷം തൂക്കിക്കൊന്നിരുന്നത് സവര്‍ക്കര്‍ ഓര്‍മിപ്പിച്ചു. അത്തരം സംഭവങ്ങള്‍ നാഗരികതയുടെ ഓരോ കാലത്തെയും പ്രതികരണങ്ങളാണ്. അതുപിടിച്ച് ഇന്നാരും ആണയിടാറില്ല. ചാള്‍സ് ഒന്നാമനും ഇംഗ്ലീഷ് കലാപവും ഇക്കാര്യത്തിനു തെളിവാണ്. ഇരുഭാഗവും ഇക്കാലത്തെ നിയമം നാഗരികരീതികള്‍ പിന്തുടരാന്‍ വേണ്ടിയാകുന്നു. അതനുസരിച്ചുള്ള പരിഗണന കിട്ടണമെന്നാണ് ഞങ്ങളുടെ ആവശ്യം. അല്ല, നിങ്ങള്‍ ഞങ്ങളെ ബര്‍ബരത്വത്തോടെയേ പരിഗണിക്കൂ എന്നു വന്നാല്‍ ആ പരിതസ്ഥിതിയെ ഞങ്ങള്‍ കഴിയുന്നത്ര ഭംഗിയായി നേരിടും. അതിന്‍പ്രകാരം തടവുകാരുടെ ആവശ്യങ്ങള്‍ അക്കമിട്ട് എഴുതിക്കൊടുത്തു. അതിനു മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. അത് ആന്‍ഡമാന്‍ ജയിലില്‍ പണിമുടക്കിനു വഴിതെളിച്ചു. വീരസവര്‍ക്കര്‍ നടത്തിയ ബഹുമുഖമായ നിരന്തര പ്രവര്‍ത്തനങ്ങളും, ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച പുതിയ പരിതസ്ഥിതികളും ആന്‍ഡമാന്‍സിലേക്കു രാഷ്ട്രീയത്തടവുകാരെ അയയ്ക്കാതിരിക്കാന്‍ സര്‍ക്കാരിനു പ്രേരണയായി. വീരസവര്‍ക്കര്‍ക്ക് അതിന്റെ പ്രയോജനം നല്‍കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ തയ്യാറായില്ലെന്നു മാത്രം.

ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ മോചനത്തിനും വര്‍ണവിവേചനത്തിനുമെതിരായ സമരം നെല്‍സണ്‍ മണ്ഡേല അതിശക്തമായി മുന്നോട്ടു കൊണ്ടുപോയി. തെംബു നാടുവഴി കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് സ്വതേതന്നെ സ്വവര്‍ഗത്തിന്റെ നേതൃത്വമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ, സ്വര്‍ണ, രത്‌നങ്ങള്‍ മുതലായ ധാതുക്കളുടെ ചൂഷണമാണ് വെള്ളക്കാരെ അവിടേക്കാകര്‍ഷിച്ചത്. മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യക്കാരുമുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ഏറെയുണ്ട്. അവര്‍ ഇന്ത്യയില്‍നിന്ന് കൊണ്ടുപോയ തൊഴിലാളികള്‍ ലക്ഷണക്കിനുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ പൊതുജീവിതം തുടങ്ങിയത് അവര്‍ക്കിടയിലായിരുന്നല്ലോ.

കറുത്ത വര്‍ഗക്കാരുടെ ഉയര്‍ച്ചക്കു പ്രതിജ്ഞാബദ്ധനായി പ്രവര്‍ത്തിച്ച നെല്‍സണ്‍ മണ്ഡേല അഭിഭാഷകവൃത്തി സ്വീകരിച്ചു. സമരപാതയില്‍ പതറാതെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഭൂഗര്‍ഭവാസം വേണ്ടിവന്നു. ആ്രഫിക്കയിലാകെയുള്ള സ്വാതന്ത്ര്യപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആവേശം പകര്‍ന്ന ആദര്‍ശവാനായി. പില്‍ക്കാലത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റിയായി മാറിയ കിഴക്ക്, മധ്യ, തെക്കന്‍ ആഫ്രിക്കയുടെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് ആഡിസ് അബാബയില്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയിലി സെലാസി ആതിഥേയനായി 1962 ഫെബ്രുവരിയില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി മണ്ഡേലയും പത്‌നി വിന്നി മണ്ഡേലയും സ്വരാജ്യത്തില്‍നിന്ന് രഹസ്യമായി പുറത്തുകടന്നു പങ്കെടുത്തു. സമ്മേളന വിജയം ദക്ഷിണാഫ്രിക്കന്‍ വര്‍ണവെറിയന്‍ ഭരണത്തിന് മരണമണി മുഴക്കി. സമ്മേളനം കഴിഞ്ഞ് ഒളിവില്‍തന്നെ സ്വരാജ്യത്ത് തിരിച്ചെത്തിയെങ്കിലും അറസ്റ്റിലായി.

പ്രിട്ടോറിയയിലെ കോടതിയില്‍ കേസ് വിചാരണവേളയില്‍ നല്‍കിയ പ്രസ്താവനയില്‍, വെള്ളക്കാര്‍ വരുന്നതിന് മുമ്പ് തന്റെ നാടും നാട്ടാരും എത്ര ശാന്തരും സ്വതന്ത്രരുമായി സമൃദ്ധജീവിതം നയിച്ചിരുന്നു എന്നും, എങ്ങനെ വെള്ളക്കാര്‍ അതു കയ്യടക്കി തങ്ങളെ അടിമകളാക്കിയെന്നും വിവരിച്ചു.

കോടതി എന്തു ശിക്ഷ വിധിച്ചാലും,  ആ കാലാവധി തീര്‍ന്നാല്‍ എന്റെ മനസ്സാക്ഷിക്കനുസരിച്ചുതന്നെ പ്രവര്‍ത്തിക്കും. വര്‍ണവിവേചനമെന്ന അനീതിക്കെതിരെ പൊരുതും. അതെന്നേന്നേക്കുമായി ഇല്ലാതാകുംവരെ. എന്റെ ജനങ്ങളോടുള്ള കടമയാണ് ഞാന്‍ ചെയ്തത്. ഞാന്‍ നിരപരാധിയാണെന്ന് വരുംതലമുറ വിധി കല്‍പ്പിക്കുമെന്നും, നീതിപീഠത്തിനു മുമ്പില്‍ കുറ്റവാളികളായി അന്ന് ഹാജരാക്കപ്പെടുക ഇന്നത്തെ ഭരണാധികാരികളായിരിക്കുമെന്നെനിക്കുറപ്പുണ്ട്. മൂന്നു കൊല്ലം ജനങ്ങളെ അക്രമത്തിന് പ്രകോപിപ്പിച്ചതിനും, രണ്ടു കൊല്ലം പാസ്‌പോര്‍ട്ടില്ലാതെ രാജ്യത്തിനു പുറത്തു പോയതിനും, അങ്ങനെ അഞ്ചു കൊല്ലത്തെ തടവുശിക്ഷയാണ് അദ്ദേഹത്തിനു കോടതി വിധിച്ചത്.

ജയില്‍വാസത്തിന് റോബന്‍ ദ്വീപിലേക്കാണയയ്ക്കപ്പെട്ടത്. ആന്‍ഡമാനിലെ മി. ബാരിയെപ്പോലുള്ള ക്രൂരനായ ക്ലെയന്‍ ഹാന്‍സ് ആയിരുന്നു ജയിലര്‍. തടവുകാരെയാകെ ഭീഷണിപ്പെടുത്തിക്കൊണ്ടയാള്‍ പാഞ്ഞുനടന്നു. പ്രഹരിക്കാനും മടിയുണ്ടായിരുന്നില്ല. തലമുടിയുടെ നീളത്തെച്ചൊല്ലി അയാള്‍ സഹതടവുകാരനെ ഭീഷണിപ്പെടുത്തിയപ്പോള്‍ ''പേടിപ്പിക്കേണ്ട മുടിയുടെ നീളമെത്ര വേണമെന്നതിന് ചട്ടമുണ്ട്'' എന്നദ്ദേഹം പറഞ്ഞു.  അയാള്‍ മണ്ഡേലയെ അടിക്കാന്‍ നീങ്ങിയപ്പോള്‍ കര്‍ക്കശമായിത്തന്നെ പറഞ്ഞു: ''എന്റെ മേല്‍ താന്‍ കൈ വച്ചാല്‍ ഈ നാട്ടിലെ ഏറ്റവും ഉയര്‍ന്ന കോടതി കയറ്റും,. ഞാന്‍ കേസ് അവസാനിപ്പിക്കുമ്പോള്‍ താന്‍ പള്ളിയിലെ ചുണ്ടെലിപോലെയാകും.'' അയാള്‍ അടങ്ങി. ടിക്കറ്റ് ആവശ്യപ്പെട്ടു, കൊടുത്തു. പേരെന്ത്, എത്ര കൊല്ലത്തെയാണ് ശിക്ഷ തുടങ്ങിയ ചോദ്യങ്ങള്‍ക്ക്,  എല്ലാം അതിലുണ്ട് എന്നു മാത്രം മറുപടി കൊടുത്തു.

പിന്നെ ലഫ് പ്രിട്ടോറിയസ് വന്ന് ഞങ്ങളുടെ ഖോസാഭാഷയില്‍ സംസാരിച്ചു. എന്തായാലും ഞങ്ങള്‍ക്ക് വിശാലമായ മുറിയും കസാലകളും കിടക്കയും കിട്ടി. അതില്‍ത്തന്നെ വൃത്തിയുള്ള ടോയ്‌ലറ്റുമുണ്ടായിരുന്നു. സമൃദ്ധമായി വെള്ളവും ഇസ്തിരിയിട്ട വസ്ത്രങ്ങളും. വീരസാവര്‍ക്കര്‍ക്ക് തന്റെ ജയില്‍ജീവിതത്തില്‍ ഒരിക്കലും ആ സൗകര്യങ്ങള്‍ ലഭിച്ചില്ല. കാല്‍ച്ചങ്ങലയും കോല്‍ച്ചങ്ങലയും, 1961 എന്ന് മോചനദിവസം കുറിച്ച വളയം കഴുത്തിലും.മണ്ഡേല പിന്നെ ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപതിയായി. വീരസാവര്‍ക്കറാകട്ടെ ദേശസ്‌നേഹികളുടെ ഹൃദയസാമ്രാട്ടും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.