login
ഇനി നമുക്ക് ജ്ഞാനപ്രദക്ഷിണവും നടത്താം

വ്യക്തിജീവിതത്തില്‍ ശുദ്ധിയും സമൂഹജീവിതത്തില്‍ ശാന്തിയും വളര്‍ത്താന്‍ 'ജ്ഞാനപ്പാന'യിലെ വരികള്‍ ശക്തങ്ങളാണ്. ലളിത മലയാളത്തില്‍ ലഭിച്ച ഭഗവദ്ഗീതയാണ് എന്നു പറയാം. കൂടുതല്‍ ജനഹൃദയങ്ങളില്‍ അത് എത്തിക്കാന്‍ ഒരു ആശയം മുന്നോട്ടുവയ്ക്കട്ടെ. 'ജ്ഞാനപ്പാന' വായിച്ചും ഏറ്റുചൊല്ലിയും, അമ്മമാരും കുട്ടികളും മറ്റു മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘം പൂന്താന ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനെ പ്രദക്ഷിണം വെക്കുക. 'ജ്ഞാന പ്രദക്ഷിണം' എന്ന പേരിട്ടുകൊണ്ടു ആകാവുന്നത്ര ക്ഷേത്രങ്ങളിലും ഇതു നടക്കട്ടെ

ജീവിതാസക്തികളുടെ ആധിക്യം മൂലം സമൂഹത്തിലാകെ കാലുഷ്യവും ക്രൂരതകളും പെരുകിവരുന്ന ഇക്കാലത്ത് 'ജ്ഞാനപ്പാന' എന്ന ലഘുകൃതിയുടെ പ്രസക്തി വളരെ വലുതാണ്. പണ്ടൊക്കെ അതില്‍നിന്നുള്ള കുറച്ചുവരികളെങ്കിലും വിവിധ ക്ലാസ്സുകളില്‍ പഠിക്കാനുണ്ടായിരുന്നു. ആരുടെയൊക്കെയോ വികല വിദ്യാഭ്യാസ ചിന്തകളും നിര്‍ദ്ദേശങ്ങളും മൂലം ഏറെക്കുറെ ഇല്ലാതായിരിക്കയാണിപ്പോള്‍. ഫലമോ? ദുഷ്ചിന്തകളുടെയും ദുഷ്ട കൃത്യങ്ങളുടെയും വേലിയേറ്റം തന്നെ! അല്ല; പുതിയ ഭാഷയില്‍ സുനാമി എന്നോ കൊറോണ എന്നോ ആണ് പറയേണ്ടത്.

ഇതു പരിഹരിക്കാന്‍ അഥവാ പ്രതിരോധിക്കാന്‍, വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ചോദ്യം ചിലരില്‍ ഉയരാം. എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമാകുന്ന രീതിയില്‍ ധാര്‍മികബോധം വളര്‍ത്തുന്ന കവിതകളും കഥകളും കലകളും പാഠ്യപദ്ധതിയില്‍ ചെറിയ ക്ലാസ്സുകള്‍ മുതലേ ഉള്‍പ്പെടുത്തുക എന്നാണ് ഉത്തരം. സത്യം, ധര്‍മം, സ്‌നേഹം, വിനയം, സാമൂഹ്യ മര്യാദകള്‍, ലോകമാനവികത എന്നിവ അതിലൂടെ  പിഞ്ചുഹൃദയങ്ങളില്‍ ഉറപ്പിക്കണം. സാങ്കേതിക-ശാസ്ത്ര വിദ്യകളില്‍ എത്ര കേമത്തം വരിച്ചാലും, ഹൃദയം കെട്ടുപോയാല്‍ എല്ലാം പോയില്ലേ?

പക്ഷേ, എന്തു ചെയ്യാം? നമ്മുടെ രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷണന്മാര്‍ സമ്മതിക്കില്ല! അവര്‍ക്കു പല സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളും ഉണ്ട്. അതിന്‍പ്രകാരം അടിക്കടി ഓരോ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. അക്കൂട്ടത്തിലാണ് മഹത്തായ പല പുരാണകഥകളും കവിതകളുമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്നു അപ്രത്യക്ഷമായത്. സര്‍വ്വധര്‍മ്മസമഭാവനയും മനുഷ്യത്വവും വളര്‍ത്തുന്ന ഭാരതീയ സാഹിത്യം മൊത്തത്തില്‍ തീവ്രഹിന്ദുത്വമായി ചിലര്‍ കാണുന്നുണ്ട്. ഈ കാഴ്ചപ്പാടു വിദ്യാലയങ്ങളില്‍നിന്നു മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്. അതു പക്ഷേ ഹിന്ദുക്കള്‍ക്കേ പറ്റൂ എന്ന പരിമിതിയുണ്ട്. എന്നാലും സാരമില്ല, തിന്മകളെ നന്മകള്‍കൊണ്ടു പ്രതിരോധിക്കാന്‍ കുറച്ചുപേര്‍ക്കെങ്കിലും ശ്രമിക്കാമല്ലോ.

എങ്ങനെയാണ് പ്രതിരോധമെന്നാവും അടുത്ത ചോദ്യം. വിദ്യാലയങ്ങള്‍ക്കു പകരം ദേവാലയങ്ങളെ ആശ്രയിച്ചുകൊള്ളുക എന്നാണ് ഉത്തരം. ദേവാലയങ്ങളോടു ചേര്‍ന്നു പുരാണ സാഹിത്യ-കലാ പഠനങ്ങള്‍ക്കുള്ള ഗ്രന്ഥാലയങ്ങളും പാഠശാലകളും സജീവമാകട്ടെ. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അവിടെ നിത്യസന്ദര്‍ശകരാകട്ടെ. ആനയും മേളവും സദ്യയും വെടിക്കെട്ടും പോലുള്ളവ കുറച്ചാല്‍ മതി; ആവശ്യമായ പണവും സമയവും സൗകര്യങ്ങളും തനിയെ വന്നുകൊള്ളും! സത്സംഗങ്ങളിലൂടെ ലഭിക്കുന്ന വെളിച്ചം ആര്‍ക്കും കെടുത്താന്‍ കഴിയാത്ത ആത്മശക്തിയാവും നമ്മില്‍ ജ്വലിപ്പിക്കുക.

കേരളീയ ക്ഷേത്രങ്ങള്‍ പലതും മഹത്ഗ്രന്ഥങ്ങളുടെ രചനാ മണ്ഡപങ്ങളായിരുന്നു എന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. കൂട്ടത്തില്‍ പ്രശസ്തം ഗുരുവായൂര്‍  ക്ഷേത്രം തന്നെ. ആ തിരുനടയില്‍ ഒരേ കാലത്തു രണ്ടു ഗ്രന്ഥപുഷ്പങ്ങള്‍ അര്‍ച്ചനയ്ക്കായി സമര്‍പ്പിക്കപ്പെട്ടു-മേല്‍പ്പുത്തൂരിന്റെ ''നാരായണീയ''വും പൂന്താനത്തിന്റെ 'ജ്ഞാനപ്പാന'യും. ഒന്നു കടുകട്ടി സംസ്‌കൃതത്തിലാണ്; വലുതാണ്. മറ്റേത് അതിലളിത മലയാളത്തിലാണ്; ചെറുതാണ്. ഭഗവാന് രണ്ടും പ്രിയങ്കരം. ഭാഗ്യവശാല്‍, നാരായണീയ ദിനവും പൂന്താനദിനവും ക്ഷേത്രത്തില്‍ ആഘോഷിക്കുന്നുമുണ്ട്.

എന്നാല്‍ ഒരു സംശയം തോന്നാം. നാരായണീയത്തിന് കൂടുതല്‍ ആഢ്യത്തം കല്‍പ്പിക്കുന്നില്ലേ? ജ്ഞാനപ്പാനയോടു നേരിയ അവഗണനയും!  നാട്ടിലെങ്ങും അമ്മമാരുടെ വക നാരായണീയ സമിതികളും പാരായണങ്ങളുമുണ്ട്. അതിനു മേമ്പൊടിയെന്ന നിലയില്ലെങ്കിലും അവര്‍ക്ക് എന്തുകൊണ്ടു 'ജ്ഞാനപ്പാന' കൂടി ചൊല്ലിക്കൂടാ?

'ജ്ഞാനപ്പാന' ചെറുതാണ്. ഈണത്തില്‍ ചൊല്ലാവുന്നതാണ്. ചൊല്ലുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അര്‍ത്ഥമറിഞ്ഞ് അതില്‍ അലിഞ്ഞു ചേരാം. വ്യക്തിജീവിതത്തില്‍ ശുദ്ധിയും സമൂഹജീവിതത്തില്‍ ശാന്തിയും വളര്‍ത്താന്‍ 'ജ്ഞാനപ്പാന'യിലെ വരികള്‍ ശക്തങ്ങളാണ്. ലളിത മലയാളത്തില്‍ ലഭിച്ച ഭഗവദ്ഗീതയാണ് എന്നു പറയാം. കൂടുതല്‍ ജനഹൃദയങ്ങളില്‍ അത് എത്തിക്കാന്‍ ഒരു ആശയം മുന്നോട്ടുവയ്ക്കട്ടെ. 'ജ്ഞാനപ്പാന' വായിച്ചും ഏറ്റുചൊല്ലിയും, അമ്മമാരും കുട്ടികളും മറ്റു മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘം പൂന്താന ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനെ പ്രദക്ഷിണം വെക്കുക. 'ജ്ഞാന പ്രദക്ഷിണം' എന്ന പേരിട്ടുകൊണ്ടു ആകാവുന്നത്ര ക്ഷേത്രങ്ങളിലും ഇതു നടക്കട്ടെ.

'ജ്ഞാനപ്രദക്ഷിണം' ഗീതാദിനം വരുമ്പോള്‍ തിരഞ്ഞെടുത്ത അദ്ധ്യായങ്ങള്‍ ചൊല്ലിയും, രാമായണ മാസത്തിലും രാമനവമിയിലും രാമായണവരികള്‍ ചൊല്ലിയും, ശങ്കരജയന്തിയില്‍ 'ഭജഗോവിന്ദം' ആലപിച്ചും തുടരാവുന്നതാണ്. നല്ല ജീവിത സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കലാണ് ലക്ഷ്യം. വിദ്യാലയങ്ങള്‍ ചെയ്യേണ്ടത് ദേവാലയങ്ങള്‍ ചെയ്യട്ടെ. മൂവാറ്റുപുഴ തിരുവുംപ്ലാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജ്ഞാനപ്രദക്ഷിണം നടത്തിവരുന്നുണ്ട്.

കാര്യങ്ങള്‍ സാധിക്കാനും സാധിച്ചതിനുമൊക്കെ  സാഹസികമായി പലരും ശയനപ്രദക്ഷിണങ്ങള്‍ ചെയ്യാറുണ്ടല്ലോ. എന്തുകൊണ്ടു എല്ലാവരിലും ആത്മീയസമ്പത്ത് വര്‍ധിപ്പിക്കാനുള്ള 'ജ്ഞാനപ്പാന പ്രദക്ഷിണ'ത്തെപ്പറ്റി ചിന്തിച്ചുകൂടാ? 'ജ്ഞാനപ്പാന'  രചിച്ച പൂന്താന സ്മരണയില്‍ ആ പുതിയ യജ്ഞത്തിനു നമുക്കു തുടക്കം കുറിക്കാം. ''മത്സരിക്കുന്നതെന്തിനു നാം വൃഥാ?''

പി.ഐ. ശങ്കരനാരായണന്‍

  comment
  • Tags:

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.