login
ആശയസംവാദങ്ങളെ കൈപിടിച്ച് നടത്തിയ ഒരാള്‍

കേരളത്തിന്റെ ബൗദ്ധികാന്തരീക്ഷത്തെ സൈദ്ധാന്തിക സംവാദങ്ങള്‍കൊണ്ട് സമ്പന്നമാക്കിയ പി. പരമേശ്വര്‍ജിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായിരുന്നു ഫെബ്രുവരി 9

.എം.എസ്. നമ്പൂതിരിപ്പാടിന്റെ വിയോഗം ആശയ സംവാദത്തിന്റെ ഇടങ്ങളെ വല്ലാതെ ചുരുക്കിക്കളഞ്ഞുവെന്ന് ഒരു അനുസ്മരണ ദിനത്തില്‍ പി.പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇരുവരും തമ്മില്‍ വ്യത്യസ്ത വിഷയങ്ങളില്‍ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും, ആനുകാലിക പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളിലൂടെയും നടന്ന ആശയസംവാദങ്ങളെ മുന്‍നി

ര്‍ത്തിയായിരുന്നു ഈ നഷ്ടബോധം പ്രകടിപ്പിച്ചത്. ഇഎംഎസുമായുള്ള അക്കാലത്തെ സംവാദങ്ങളെ ഓര്‍ത്തെടുക്കുന്ന ഒരാള്‍ക്ക് പി. പരമേശ്വരന്‍ ഇല്ലാത്ത കേരളത്തില്‍ ഈ നഷ്ടബോധം ഇരട്ടിക്കുന്നതായി അനുഭവപ്പെടും.

പരമേശ്വര്‍ജി ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന കാലത്ത് ആരംഭിച്ചതാണ് ഈ ആശയസംവാദം. 'ഗാന്ധി, ലോഹ്യ ആന്‍ഡ് ദീനദയാല്‍' എന്ന പുസ്തകം ഇതിന്റെ സാക്ഷ്യപത്രമാണ്. വിഭിന്ന വിചാരധാരകളെ പ്രതിനിധീകരിക്കുന്നവരുടെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വലിയ സോഷ്യലിസ്റ്റായിരുന്ന മധുദന്തെവദെയുടെ അവതാരികയോടെ പരമേശ്വര്‍ജി എഡിറ്റു ചെയ്ത ഈ പുസ്തകം ഇന്നും ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നതാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മാറ്റി ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചതോടെ ആശയ സംവാദങ്ങളുടെ ഒരു പൂക്കാലം തന്നെ കടന്നുവരികയായിരുന്നു.

കമ്യൂണിസത്തിന് ലോകമെമ്പാടും അപ്രമാദിത്യമുണ്ടായിരുന്ന, രാഷ്ട്രീയമായ ജയപരാജയങ്ങള്‍ക്കുമപ്പുറം ഇടതുപക്ഷ ചിന്താഗതികള്‍ സമൂഹത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ ഭാരതത്തിന്റെ  സാംസ്‌കാരിക ദേശീയതയിലൂന്നിയ വിചാര വിപ്ലവത്തിനാണ് പരമേശ്വര്‍ജി തുടക്കംകുറിച്ചത്. താരതമ്യേന സങ്കുചിതവും, ചിലപ്പോഴൊക്കെ അക്രമോത്സുകവുമായിത്തീര്‍ന്ന പാശ്ചാത്യ ദേശീയതയില്‍നിന്നും, ദേശരാഷ്ട്ര സങ്കല്‍പ്പത്തില്‍നിന്നും മൗലികമായി വ്യത്യസ്തമാണ് ഭാരതത്തിന്റെ ദേശീയതയും, അതിന്റെ വികാസപരിണാമങ്ങളും. ഈ വസ്തുത പരമേശ്വര്‍ജി ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.

വിചാരകേന്ദ്രത്തിന്റെ വേദികളില്‍ വന്ന് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാത്ത മലയാളികളായ ചിന്തകന്മാര്‍ ഇല്ലെന്നുതന്നെ പറയാം. ദലൈലാമ, മിഷേല്‍ ഡാനിനോ, ആചാര്യ ധരംപാല്‍, ഡി.ബി. ഠേംഗ്ഡി, അരുണ്‍ ഷൂരി എന്നിങ്ങനെ ദേശീയ-രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്നവരും അണിനിരന്നു. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, വിചാരസത്രങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ ധൈഷണിക മേഖലയെ പരമേശ്വര്‍ജി ഉന്മേഷഭരിതമാക്കി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കൗതുകകരമെന്നു തോന്നാം, ഇ.എം.എസ്. നമ്പൂതിരിപ്പാട് മാത്രമാണ് ഇതിന് ഒരു അപവാദം. ദല്‍ഹിയിലായിരിക്കുമ്പോള്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് ഇഎംഎസിനെ പലപ്പോഴും പ്രഭാഷണത്തിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും പി

ന്നീടാവാം എന്നുപറഞ്ഞ് നീട്ടിവയ്ക്കുകയായിരുന്ന കാര്യം പരമേശ്വര്‍ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊരു 'സ്റ്റാര്‍ട്ടിങ് ട്രബിള്‍' മാത്രമായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ എന്ന നിലയില്‍ പരമേശ്വര്‍ജിയും, സിപിഎം നേതാവും കമ്യൂണിസ്റ്റ് ആചാര്യനുമെന്ന നിലയ്ക്ക് ഇഎംഎസും തമ്മില്‍ പില്‍ക്കാലത്ത് നടന്ന ആശയസംവാദങ്ങള്‍ സാംസ്‌കാരികമായ ഉണര്‍വുകളുണ്ടാക്കി. ചരിത്രം, ദര്‍ശനം, സാഹിത്യം, രാഷ്ട്രീയം, വികസനം, പരിസ്ഥിതി എന്നിങ്ങനെ സമ്പന്നമായിരുന്നു ഈ സംവാദങ്ങളുടെ വിഷയവൈവിധ്യം.

ആശയപരമായി കടന്നാക്രമിക്കുമ്പോഴും ഇഎംഎസിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ പരമേശ്വര്‍ജി അംഗീകരിക്കുന്നു. ''നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലില്‍ ദല്‍ഹിയിലെ രാജവീഥിയില്‍ കൂടി ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാര്‍ധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സില്‍ ഇന്നും മായാതെയുണ്ട്.'' ഈ വാക്കുകളില്‍ തെളിയുന്ന ആര്‍ജവം അത്യപൂര്‍വമായേ കാണാറുള്ളൂ.

സഹകരണവും സമന്വയവുമാണ് സാമൂഹ്യ പുരോഗതിയുടെ ചാലകശക്തിയെന്ന് പരമേശ്വര്‍ജി വിശ്വസിച്ചു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനത്തെ മുന്‍നിര്‍ത്തി ഈ വാദഗതി തൃപ്

തികരമായി വിശദീകരിക്കാനും കഴിഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയില്‍ ആരംഭിച്ച കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴി കൃത്യമായി രേഖപ്പെടുത്തുകയും, ഈ മുന്നേറ്റം ചരിത്രപരമായും സാംസ്‌കാരികമായും ആത്മീയമായും ഭാരതമെന്ന വിശാലതയുമായി കണ്ണിചേരുന്നത് എങ്ങനെയെന്നും പ്രതിപാദിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നു. കേരളത്തിന്റെ മണ്ണില്‍ പിറന്ന ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും അയ്യങ്കാളിയെയും ഭാരതത്തിന് പരിചയപ്പെടുത്തിയതുപോലെ, സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ഗാന്ധിജിയുടെയും ബി.ആര്‍. അംബേദ്കറുടെയും മൗലിക ചിന്താധാരകളെയും സംഭാവനകളെയും മൂല്യബോധത്തോടെ ഉള്‍ക്കൊള്ളുകയും, കേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

പരമേശ്വര്‍ജിയുടെ 'വിവേകാനന്ദനും മാര്‍ക്സും' എന്ന പുസ്തകം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. സോഷ്യലിസത്തെക്കുറിച്ചും ശൂദ്രരാജിനെക്കുറിച്ചുമുള്ള സ്വാമി വിവേകാനന്ദനന്റെ സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രമായ ഒരു സംവാദ പരമ്പരയ്ക്ക് കേരളത്തിലെ ഒരു പ്രമുഖ പത്രം  വേദിയൊരുക്കുകയുണ്ടായി. പ്രമുഖ ചിന്തകന്മാരെല്ലാം അണിനിരന്ന ഈ ചര്‍ച്ച അവതരിപ്പിച്ചതും ഉപസംഹരിച്ചതും പരമേശ്വര്‍ജിയായിരുന്നു. വിവേകാനന്ദ ചിന്തകളുടെ ശക്തിയും സൗന്ദര്യവും കേരളത്തിനകത്തും പുറത്തും, വിദേശരാജ്യങ്ങളില്‍പ്പോലും സമഗ്രമായി പ്രതിപാദിക്കാന്‍ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പരമേശ്വര്‍ജിക്കു കഴിഞ്ഞു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനെന്ന നിലയ്ക്ക് സേവനത്തെക്കുറിച്ചുള്ള സ്വാമികളുടെ ആദര്‍ശം രാജ്യത്തിന്റെ വിദൂരകോണുകളില്‍പ്പോലും പ്രാവര്‍ത്തികമാക്കുന്നതിന് മാര്‍ഗദര്‍ശനം നല്‍കി.

ആര്‍എസ്എസ് പ്രചാരകന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലുടനീളം പുലര്‍ത്തിയ പരമേശ്വര്‍ജി അധികാര രാഷ്ട്രീയത്തില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. കക്ഷി രാഷ്ട്രീയ മേഖല തന്റെ അഭിരുചിക്ക് ചേരുന്നതല്ലെന്ന് ഹ്രസ്വകാലത്തെ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. അതേസമയം രാഷ്ട്രീയ നിലപാടുകള്‍ എടുക്കേണ്ടിവന്നപ്പോള്‍ മടിച്ചതുമില്ല. വ്യക്തിത്വത്തിലെ ഈ സവിശേഷത രാഷ്ട്രീയ പ്രതിയോഗികളില്‍പ്പോലും ആദരവ് സൃഷ്ടിച്ചു.  

'സമാനതകളില്ലാത്ത വ്യക്തിത്വമാണ് പരമേശ്വര്‍ജിയുടേത്. വ്യക്തിപരമായ വിയോജിപ്പുകളില്‍നിന്ന് സ്വയം ഉയര്‍ന്നുനിന്നു. വിയോജിപ്പിന്റെ ശബ്ദത്തെ ബഹുമാനിച്ചു. തന്റെ വീക്ഷണങ്ങള്‍ ഒരിക്കലും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചില്ല.'' ഡോ. എം.ജി.എസ്. നാരായണന്റെ വാക്കുകളില്‍ പരമേശ്വര്‍ജി എന്ന പൊതുപ്രവര്‍ത്തകന്റെയും ചിന്തകന്റെയും വൈശിഷ്ട്യം തെളിയുന്നുണ്ട്.

  comment
  • Tags:

  LATEST NEWS


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.