×
login
പാരീസ് പുസ്തകോത്സവത്തിന് പറയാനുള്ളത്

ഈഫല്‍ ടവറിനു ഒരു നൂറ്റാണ്ടേ പഴക്കമുള്ളൂ എങ്കിലും ഇന്നത് ഫ്രഞ്ച് ജനതയുടെ വികാരമാണ്. വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രവുമാണ്. നമ്മുടെ തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളിലെ ദാരുശില്‍പ്പങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. ഒരു ഫ്രഞ്ചുകാരന്‍ ആത്മാഭിമാനത്തോടെ ഇങ്ങനെ പറയും: ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ഞങ്ങളുടെ ഈഫല്‍ ടവര്‍. ടവറിന്റെ ഏഴയലത്തു പോലും, അതിനെ മറയ്ക്കുന്ന ഒരു കെട്ടിടവും ഫ്രഞ്ച് സര്‍ക്കാര്‍ അനുവദിക്കില്ല. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതുപോലും ടവറിന് മുന്നിലാണ്. ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയുണ്ടായല്ലോ. നമ്മുടെ നാട്ടിലെ പോലെ തെരഞ്ഞെടുപ്പ് അവര്‍ക്കൊരു ഉത്സവമല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് ടവറിന്റെ മുന്നില്‍ എത്തിയതിനേക്കാള്‍ അധികം ആളുകള്‍ പുസ്തകമേളക്കുണ്ടായിരുന്നു എന്നതാണ് വസ്തുത. പാരീസ് പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ലേഖകന്‍

പാരീസ് പുസ്തകമേളയില്‍ ലേഖകന്‍ സംസാരിക്കുന്നു

പാരീസ് പുസ്തകോത്സവം രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നില്‍ യാത്ര ചെയ്തു എന്നതിലുപരി, ചരിത്രമുറങ്ങുന്ന നഗരത്തിലൂടെ സഞ്ചരിക്കാനായി എന്നതും സന്തോഷമുള്ള കാര്യമാണ്. ഈ ചരിത്രപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഫ്രഞ്ച് ജനതയും സര്‍ക്കാരും കാണിക്കുന്ന ഔല്‍സുക്യം മാതൃകാപരമാണ്.

എം.എസ്. സ്റ്റീലില്‍ നെട്ടും ബോള്‍ട്ടും ഉപയോഗിക്കാതെ പണിത ഈഫല്‍ ടവറിനു ഒരു നൂറ്റാണ്ടേ പഴക്കമുള്ളൂ എങ്കിലും ഇന്നത് ഫ്രഞ്ച് ജനതയുടെ വികാരമാണ്. വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്. നമ്മുടെ തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളിലെ ദാരുശില്‍പ്പങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. ഒരു ഫ്രഞ്ചുകാരന്‍ ആത്മാഭിമാനത്തോടെ പറയും, ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ഞങ്ങളുടെ ഈഫല്‍ ടവര്‍! ടവറിന്റെ ഏഴയലത്തു പോലും, അതിനെ മറയ്ക്കുന്ന ഒരു കെട്ടിടവും ഫ്രഞ്ച് സര്‍ക്കാര്‍ അനുവദിക്കില്ല. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത് ടവറിന് മുന്നിലാണ്. ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയുണ്ടായല്ലോ. നമ്മുടെ നാട്ടിലെ പോലെ തെരഞ്ഞെടുപ്പ് അവര്‍ക്കൊരു ഉത്സവമല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് ടവറിന്റെ മുന്നില്‍ എത്തിയതിനേക്കാള്‍ അധികം ആളുകള്‍ പുസ്തകമേളക്കുണ്ടായിരുന്നു എന്നതാണ് വസ്തുത.

പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ 'ഗസ്റ്റ് ഓഫ് ഓണര്‍' ആയിരുന്നു. യഥാര്‍ത്ഥത്തില്‍ 2020ലെ മേളയില്‍ ഇന്ത്യയായിരുന്നു അതിഥി രാജ്യം. എന്നാല്‍ മഹാമാരി സകലതും തകിടം മറിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം, മറ്റു സാംസ്‌കാരിക പരിപാടികളെ പോലെ പാരീസ് പുസ്തകമേളയും നടന്നില്ല. അതിന്റെ കണക്കു തീര്‍ക്കാന്‍ എന്ന പോലെയായിരുന്നു മേളയിലെ ജനത്തിരക്ക്. നാലു ദിവസവും മേളനഗരിയിലേക്ക് ജനസഞ്ചയത്തിന്റെ ഒഴുക്കായിരുന്നു.

ഫ്രഞ്ചുകാരുടെ ഭാഷാഭിമാനം അത്ഭുതപ്പെടുത്തുന്നതാണ്. ഇംഗ്ലീഷ് അറിയാവുന്നവര്‍ പോലും ഫ്രഞ്ച് ഭാഷയിലേ സംസാരിക്കൂ. ഞങ്ങള്‍ താമസിച്ച മെര്‍ക്യൂര്‍ ഹോട്ടലിലെ സ്വീപ്പര്‍ മുതല്‍ മാനേജര്‍ വരെ ഫ്രഞ്ച് ഭാഷയിലേ സംസാരിക്കൂ. മറ്റു ഹോട്ടലുകളിലെ സ്ഥിതിയും ഇങ്ങനെ തന്നെ. എന്നാല്‍ അടുത്ത കാലത്തായി ഹിന്ദിക്ക് വലിയ പ്രാധാന്യം വന്നിട്ടുണ്ട്. പുസ്തകമേളയിലെ ഹിന്ദി പ്രസംഗങ്ങള്‍ക്ക് ഫ്രഞ്ച്  പരിഭാഷയുണ്ട്.

ശ്രദ്ധ നേടി ഇന്ത്യന്‍ പവലിയന്‍

ഭാരത ഭാഷകളിലെ അക്ഷരങ്ങള്‍ ആലേഖനം ചെയ്തതായിരുന്നു ഇന്ത്യന്‍ പവലിയന്‍. ഇന്ത്യയുടെ ചരിത്രമഹിമയെ ഉയര്‍ത്തിപ്പിടിക്കുന്നതും, ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലെ താത്പര്യം പ്രകടിപ്പിക്കുന്നതുമായിരുന്നു പവലിയന്‍ ഉത്ഘാടനം ചെയ്തു കൊണ്ടുള്ള ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്റഫിന്റെ വാക്കുകള്‍.  എന്‍ ബി ടി ചെയര്‍മാന്‍ പ്രഫ. ഗോവിന്ദ് പ്രസാദ് ശര്‍മ്മ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ പുതിയ ഇന്ത്യയെ അവതരിപ്പിച്ചു. ഡയറക്ടര്‍ യുവരാജ് മാലിക്കും വേദി പങ്കിട്ടു. ഒരേസമയം പത്തിലധികം വേദികളില്‍ ചര്‍ച്ചകളും അഭിമുഖങ്ങളും. വിവിധ ഭാഷാ പുസ്തക പ്രകാശനങ്ങള്‍. നെടുങ്കന്‍ പ്രസംഗങ്ങളില്ല. പരമാവധി പത്തു മിനിറ്റില്‍ വിഷയം അവതരിപ്പിക്കാം. ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ ചോദ്യങ്ങളുണ്ടാകും. ഇല്ലെങ്കില്‍ അവതാരകന് ശാന്തനായിരിക്കാം. നാലുപേര്‍ വേദിയിലുള്ള  സെഷന്‍ അന്‍പത് മിനിറ്റാണ്. സംസ്‌കൃതഭാഷ ലോകത്തിനു നല്‍കിയ സംഭാവനയാണ് ച.മു കൃഷ്ണശാസ്ത്രി വിശദീകരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കൃതഭാഷണവും സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ആനന്ദ് നീലകണ്ഠനും വിക്രം സമ്പത്തും ആചാര്യ ബാലകൃഷ്ണയുമൊക്കെ വാഗ്വിലാസം കൊണ്ടും അനുഭവസമ്പത്തു കൊണ്ടും കേള്‍വിക്കാരെ കയ്യിലെടുത്തു. ലണ്ടനില്‍ നിന്നും പറന്നെത്തിയ സുധാമൂര്‍ത്തി മേളയില്‍ നിറഞ്ഞുനിന്നു. വ്യവസായ പ്രമുഖയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം ആദരവോടെ മാത്രമേ സ്മരിക്കാനാവൂ.

ആചാര്യ ബാലകൃഷ്ണന്‍ യു.എന്‍. അംബാസഡര്‍ വിശാല്‍ വി. ശര്‍മയ്ക്ക് യോഗാ ഗ്രന്ഥം കൈമാറുന്നു. എന്‍ബിറ്റി ഡയറക്ടര്‍  യുവരാജ് മാലിക്, വിക്രം സമ്പത്ത്, അനില്‍ ദുബേ എന്നിവര്‍ക്കൊപ്പം ഇ.എന്‍. നന്ദകുമാര്‍

 


പാരീസില്‍ കാളിദാസ സാംസ്‌കാരിക കേന്ദ്രം

അതിഥി രാജ്യമെന്ന നിലയില്‍ നിന്ന് പാരമ്പര്യത്തിന്റെ നിറസാന്നിധ്യമുള്ള രണ്ടു രാജ്യങ്ങള്‍ക്ക് ഏറെ മുന്നോട്ടു പോകാനുണ്ട്. പാരീസില്‍ ഒരു കാളിദാസസാംസ്‌കാരികകേന്ദ്രം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു ഈ ലേഖകന്റെ പ്രതിപാദ്യവിഷയം. സൗഹൃദത്തിന്റെയും സംസ്‌കാരത്തിന്റെയും സ്ഥാപനവല്‍ക്കരണം അനിവാര്യമാണെന്ന അഭിപ്രായത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയുടെ 2020ലെ വിദ്യാഭ്യാസനയവും ചര്‍ച്ച ചെയ്യപ്പെട്ടു.

ഭാരതീയ നൃത്തരൂപങ്ങളുടെ ഫ്രഞ്ച് ആവിഷ്‌കാരവും രസകരമായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും ഫ്രഞ്ച് കലാകാരികള്‍ അവതരിപ്പിച്ചത് കണ്ടപ്പോള്‍ മലയാളികളടങ്ങുന്ന സദസ്സ് മൂക്കത്ത് വിരല്‍ വച്ചുപോയി. ഒരു കാലത്ത് ലോകചാമ്പ്യന്‍മാരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം, ഏറെ കാലത്തിനു ശേഷം ഇക്കഴിഞ്ഞ ഒളമ്പിക്‌സില്‍ മൂന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഉണ്ടായ ആഹ്ലാദം മറക്കാനാവില്ലല്ലോ. കര്‍ണാടകക്കാരിയായ ഭാവന പ്രദ്യുമ്‌നയുടെ കര്‍ണാടിക് സംഗീതാവിഷ്‌കാരം ആളുകളെ പിടിച്ചിരുത്തി.

പാരീസില്‍ കര്‍ണാട്ടിക് കോണ്‍സര്‍വേറ്ററി ഓഫ് പാരിസ് എന്നൊരു സംരംഭം തന്നെ ഭാവന ആരംഭിച്ചിട്ടുണ്ട്. ഭാരതീയ സംഗീതത്തിലും നൃത്തത്തിലും ഫ്രാന്‍സിലെ പുതുതലമുറയ്ക്ക് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്ന് ഭാവന അഭിപ്രായപ്പെട്ടു. പോണ്ടിച്ചേരിക്കാരനായ സന്തോഷിനും ഭാര്യ കണ്ണൂര്‍ സ്വദേശിനി സന്ധ്യയ്ക്കും മകന്‍ സിദ്ധാര്‍ഥിനും പുതിയ ഇന്ത്യയെക്കുറിച്ച് വലിയ അഭിമാനമാണ്. ഏഴരക്കോടി ജനങ്ങളുള്ള ഫ്രാന്‍സ് കോവിഡിനെ അതിജീവിക്കാന്‍ വലിയ ശ്രമമാണ് നടത്തിയത്. എന്നാല്‍ നൂറ്റിനാല്‍പ്പത് കോടി ജനങ്ങളുള്ള ഇന്ത്യ എങ്ങനെ അതിജീവിച്ചു എന്നത് ഫ്രഞ്ചുകാരെ പോലെ അവിടുത്തെ ഇന്ത്യക്കാരെയും അതിശയിപ്പിക്കുന്നു. ഫ്രഞ്ച് എഴുത്തുകാരന്‍ വിന്‍സെന്റ് മോന്റെഗ്‌നെക്കിത് വെളിപ്പെടുത്താന്‍ ഒരു സങ്കോചവും ഉണ്ടായില്ല.

പാരീസിലെ ജനസംഖ്യയേക്കാള്‍ അധികം സന്ദര്‍ശകരാണ് ഒരു വര്‍ഷം അവിടെ എത്തുന്നത്. പാരീസിന്റെ ഹൃദയഭാഗത്തുള്ള തടാകത്തിലൂടെയുള്ള യാത്ര വളരെ രസകരവും കൗതുകമുണര്‍ത്തുന്നതുമാണ്. തടാകത്തിന്റെ ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങള്‍. കെട്ടിടങ്ങളൊക്കെ ഒരേ കളര്‍ പെയിന്റ്. ബാല്‍ക്കണിയില്‍ പൂന്തോട്ടം. ഇതിന് പാരീസ് കോര്‍പ്പറേഷന്റെ ധനസഹായവുമുണ്ട്. പൗരാണികം മാത്രമല്ല ചരിത്രത്തിന്റെ പിന്‍ബലമുള്ളതൊക്കെ മ്യൂസിയത്തിന്റെ ഭാഗമാക്കി സന്ദര്‍ശകര്‍ക്കായി ഒരുക്കിവയ്ക്കുക. അതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന നയം അഭിനന്ദനാര്‍ഹമാണ്. കൊച്ചിയിലും തൃപ്പൂണിത്തുറയിലും എറണാകുളത്തും, വീക്ഷണമുള്ള ഒരു ഭരണാധികാരിയുണ്ടെങ്കില്‍ ഇതു പ്രയോഗത്തില്‍ വരുത്താം.

1793 ല്‍ സ്ഥാപിച്ച ലാവ്‌റെ മ്യൂസിയം വിശ്വപ്രസിദ്ധമാണല്ലോ. ഡാവിഞ്ചിയും മൈക്കല്‍ ആഞ്ചലോയും ഇവിടെ ജീവിക്കുന്നു. മൊണാലിസയുടെയും വീനസ് ദേവതയുടെയും മാസ്മരിക ചിത്രങ്ങള്‍ എത്രകണ്ടാലാണ് മതിവരുക! ഒരാഴ്ചയെടുത്തു കാണേണ്ട മ്യൂസിയം മണിക്കൂറുകള്‍കൊണ്ടു ഓടിതീര്‍ത്തപ്പോള്‍ ഒരു കുറ്റബോധം. സമയം നമ്മുടെ കയ്യിലല്ലല്ലോ എന്ന തിരിച്ചറിവാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചത്.

നേത്രഡാമിലെ കത്തോലിക്കാ കത്തിഡ്രല്‍ നാലാം നൂറ്റാണ്ടില്‍ പണിതതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ അതു പുതുക്കിപ്പണിതു. അടുത്തിടെ പള്ളിയുടെ പ്രധാനഭാഗങ്ങള്‍ കത്തിനശിച്ചു. 2024 ലെ ഒളംബിക്‌സ് പാരീസിലാണ്. അതിനു മുമ്പായി സര്‍ക്കാര്‍ പള്ളി പുതുക്കിപ്പണിയും. ശീഘ്രഗതിയില്‍ പണി തീര്‍ത്ത് വിശ്വാസികള്‍ക്കും ലോകസഞ്ചാരികള്‍ക്കുമായി തുറന്നു കൊടുക്കും. ഇന്ത്യയ്ക്കും ഫ്രാന്‍സിനും വികസനത്തിനു തടസ്സം ചില ആഭ്യന്തരശക്തികളാണ്. അത്തരം തീവ്രവാദശക്തികളെ നിലയ്ക്കു നിര്‍ത്താനുള്ള അധികാരമാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടത്. അതെ. ഫ്രാന്‍സ് അതിന്റെ വഴി തെരഞ്ഞെടുത്തു കഴിഞ്ഞു.

  comment
  • Tags:

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.