×
login
അംബാ വനത്തിലെ ആത്മീയ പഥികന്‍!

മഴ ഏതു നിമിഷവും പൊഴിഞ്ഞുവീഴാം. അന്തരീക്ഷം മൂടിക്കെട്ടി കനം തൂങ്ങി നില്‍ക്കുന്നു. അതിനാല്‍ നടത്തത്തിന് വേഗംകൂട്ടി. അപ്പോഴാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. നഞ്ചുണ്ടേശ്വര ശ്രീകോവിലിനു മുന്നില്‍ പത്മാസനത്തിലിരിക്കുന്ന കറുത്തിരുണ്ട ജടാധാരി ആയ ഒരു സംന്യാസിവര്യനെ.

കുടജാദ്രി മലമുകളില്‍ മഴമേഘങ്ങളുരുണ്ടു കൂടിയത് പെട്ടെന്നായിരുന്നു. അകാലത്തിലൊരു വേനല്‍ മഴയ്ക്കുള്ള ഇരമ്പം കേട്ടുതുടങ്ങി. ഞങ്ങള്‍ ദേവീദര്‍ശനം കഴിഞ്ഞ് ചുറ്റമ്പല വരാന്തയിലെ ഉപദേവന്മാരെ തൊഴുന്ന പ്രദക്ഷിണ വഴിയിലായിരുന്നു.

മഴ ഏതു നിമിഷവും പൊഴിഞ്ഞുവീഴാം. അന്തരീക്ഷം മൂടിക്കെട്ടി കനം തൂങ്ങി നില്‍ക്കുന്നു. അതിനാല്‍ നടത്തത്തിന് വേഗംകൂട്ടി. അപ്പോഴാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. നഞ്ചുണ്ടേശ്വര ശ്രീകോവിലിനു മുന്നില്‍ പത്മാസനത്തിലിരിക്കുന്ന കറുത്തിരുണ്ട ജടാധാരി ആയ ഒരു സംന്യാസിവര്യനെ. മേലാകെ ഭസ്മം പൂശിയിരിക്കുന്നു. അരികില്‍ ഒരു ശൂലവും ഭിക്ഷാപാത്രവും. മുകളിലേക്കു വട്ടം ചുറ്റി കെട്ടിവച്ചിരിക്കുന്ന ജട ശിവലിംഗംപോലെ! കണ്ണുകളടച്ച് ഒരു ധ്യാനപൂര്‍ണതയില്‍ ലയിച്ചിരിക്കുന്ന അദ്ദേഹത്തോടാദരവു തോന്നിയതിനാല്‍ ഒന്നു തൊഴുത് വേഗം നടന്ന് ക്ഷേത്രത്തിനു പുറത്തിറങ്ങി.

മുറിയിലേക്കു നടക്കുന്നതിനിടയിലാണ് ഞാനോര്‍ത്തത്; ദക്ഷിണ ഒന്നും വച്ചില്ലല്ലോ എന്ന്. ഇനി ഇപ്പൊ തിരിച്ചു പോകുന്നതും വിഷമം. എന്തു ചെയ്യും? ഞാന്‍ കൂട്ടുകാരനോടു ചോദിച്ചു.

''അയാളവിടെ നാളെയും കാണും നാളെ കൊടുക്കാം.''

ശരി. നാളെയാവാം എന്നു സമാധാനിച്ച് വേഗം നടന്ന് ഞങ്ങള്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ മുറിയിലെത്തി. ഒന്നുകാലും മുഖവും കഴുകി കുറച്ചു കാത്തു നോക്കിയിട്ടും മഴ പെയ്തില്ല. മുറിയില്‍ നല്ലചൂട്. അപ്പോള്‍ ഒന്നുകൂടി പുറത്തിറങ്ങി നോക്കാമെന്ന് കരുതി വാതിലുചാരി ഞങ്ങള്‍ ആശ്രമത്തിനു വെളിയില്‍ നിരത്തിലേക്കിറങ്ങി. കാറ്റ് വീശുന്നുണ്ട്. അകലങ്ങളിലെവിടെയോ പെയ്ത മഴയുടെ കുളിരുമായി  അതു ഞങ്ങളെ തഴുകി കടന്നുപോയി.

വെറുതെ ഒന്നു സൗപര്‍ണ്ണിക വരെ നടന്നുവന്നാലോ എന്നു സംശയിച്ചു നില്‍ക്കെ നേരത്തെ ക്ഷേത്രത്തില്‍ വച്ചുകണ്ട ആ സംന്യാസി അങ്ങോട്ടു നടന്നുവന്നു. വന്ന ഉടനെ അദ്ദേഹം ആശ്രമത്തിനും നിരത്തിനും ഇടയിലുള്ള ആ അരമതിലില്‍ ഇരുന്നു.  ഇതുതന്നെ നല്ല സമയം എന്നു കരുതി ഞാനടത്തു ചെന്നു തൊഴുതു. സ്വാമി ഒരു കൈ കൊണ്ടനുഗ്രഹ മുദ്ര കാട്ടി. ഞാനന്റെ പോക്കറ്റില്‍ നിന്നൊരു പത്തുരൂപ നോട്ടെടുത്ത് സ്വാമിക്കു നേരെ നീട്ടി. അദ്ദേഹം നിഷേധാര്‍ത്ഥത്തില്‍ കൈ ചലിപ്പിച്ചു. ''ഒരു ദക്ഷിണ; സ്വീകരിക്കണം'' ഞാന്‍ പറഞ്ഞു.

''ഇല്ല; പാടില്ല.'' സ്വാമി പറഞ്ഞു. ഞാന്‍ പരുങ്ങലിലായി. സാധാരണ ഭിക്ഷുക്കള്‍ കാശ് നീട്ടിയാല്‍ വാങ്ങാതിരിക്കുമോ? ഇതെന്താണിങ്ങനെ എന്ന ചിന്തയില്‍ ഞാന്‍ സംശയിച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:-

''സന്ധ്യ കഴിഞ്ഞാല്‍ ഭിക്ഷാടനം പാടില്ല. ഒന്നും വാങ്ങുകയും കൊടുക്കുകയും ഇല്ല. ഇനി എല്ലാം നാളെ.''

കൊള്ളാം. സ്വാമിയുടെ ഉത്തരം എന്നെ ഞെട്ടിച്ചു. ഞാനദ്ദേഹത്തിനരികിലിരുന്നു. അതിനു മുമ്പേ ചോദിച്ചു-

''ഇവിടെ ഇരുന്നോട്ടെ?''

''ഓ.'' അദ്ദേഹം കൈനീട്ടി അനുവാദം നല്‍കി.

''സംസാരിക്കുന്നതില്‍ വിരോധമുണ്ടോ?''

ഞാന്‍ ചോദിച്ചു.

''ഇല്ല. എന്താ സംസാരിക്കേണ്ടത്?''

എന്തൊക്കെയോ പ്രത്യേകതയുള്ള സംന്യാസിയാണെന്ന തോന്നലില്‍ ഞാന്‍ പറഞ്ഞു-''അങ്ങയെപ്പറ്റി; ഭൂതകാലത്തെപ്പറ്റി ഒക്കെ അറിഞ്ഞാല്‍ നന്നായിരുന്നു.''  

''എന്തറിയാന്‍? ഒന്നുമില്ല. ഒരു സംന്യാസിക്ക് ഭൂതകാലം എന്നൊന്നില്ല. സംന്യാസിമാര്‍ക്കെന്നല്ല ആര്‍ക്കും ഭൂതകാലംകൊണ്ടൊരു കാര്യവുമില്ല.''

''ഇപ്പോള്‍ ഈ സന്ധ്യ കഴിഞ്ഞ നേരത്ത് ദക്ഷിണ വാങ്ങില്ല എന്നു പറഞ്ഞില്ലെ? എന്താണതിനു കാരണം?''

''അതാണ് ഭിക്ഷാടനത്തിന്റെ ശാസ്ത്രം!

ഭിക്ഷാടനം വെറും ഒരു ഇരക്കലല്ല.

അതൊരു ആത്മീയ കര്‍മ്മമാണ്; ധര്‍മ്മമാണ്.'' അദ്ദേഹം മറുപടി പറഞ്ഞു.

''അതൊന്നു വിശദീകരിക്കാമോ?''

'അ', അദ്ദേഹം തുടര്‍ന്നു.

''അങ്ങനെയാണ് പൗരാണിക ഭാരതത്തിന്റെ ഭിക്ഷാടനശാസ്ത്രം പറയുന്നത്. ഒരു ഭിക്ഷു അതിരാവിലെ പ്രഭാതകൃത്യങ്ങളും ജപധ്യാനവും കഴിഞ്ഞ് പുറത്തിറങ്ങി ആദ്യം ഒരു വീട്ടില്‍ കയറുന്നു എന്നു കരുതുക. ആ വീട്ടില്‍ കയറി ഒരു നാലഞ്ചു വിനാഴിക വരെ (ഏതാണ്ട് മൂന്നു നാലു മിനിറ്റ്) മാത്രമേ കാത്തുനില്‍ക്കാവൂ.

അതിനിടയില്‍ അവര്‍ ഭിക്ഷ തരണം. ഇല്ലെങ്കില്‍ ആ വീട്ടില്‍ ഒന്നും ഇല്ലെന്നാണ് ഭിക്ഷു മനസ്സിലാക്കേണ്ടത്.

അതോടെ അവിടെനിന്നിറങ്ങണം.


എന്നിട്ട് രണ്ടാമത്തെ വീട്ടില്‍ കയറണം. അവിടെയും അത്ര സമയം കാത്തുനിന്നിട്ടൊന്നും കിട്ടുന്നില്ല എങ്കില്‍ മൂന്നാമത്തെ വീട്ടില്‍ കയറണം. അവിടെനിന്നും ഒന്നും കിട്ടിയില്ല എങ്കില്‍ മൂന്നാമത്തെ വീട്ടില്‍ കയറണം. അവിടെനിന്നും ഒന്നും കിട്ടിയില്ല എങ്കില്‍ പിന്നെ അന്ന് ഭിക്ഷയ്ക്ക് യോഗമില്ല എന്നാണ്. ശേഷം ഏതെങ്കിലും ആല്‍മരച്ചുവട്ടിലോ, നദീതീരത്തോ വിശ്രമിക്കുകയോ കരണീയമായിട്ടുള്ളൂ. ആരെങ്കിലും എന്തെങ്കിലും കൊണ്ടുതന്നാല്‍ മാത്രം കഴിക്കുക. ഇനി മൂന്നാമത്തെ വീട്ടില്‍നിന്നും വല്ലതും കിട്ടിയാല്‍ അത് ഒന്നാമത്തെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കണം. എന്നിട്ട് നാലാമത്തെ വീട്ടില്‍ കയറി അവിടെനിന്നു കിട്ടുന്നത് രണ്ടാമത്തെ വീട്ടില്‍ കൊടുക്കണം. അതിനുശേഷം അഞ്ചാമത്തെ വീട്ടില്‍ നിന്നു കിട്ടുന്നതുകൊണ്ടു മാത്രമേ ഭിക്ഷു ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇനി സമ്പന്നമായ ഒരു ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ അവിടന്ന് കിട്ടുന്നതെല്ലാം ശേഖരിച്ച് യാത്രക്കിടയില്‍ എത്തിപ്പെടുന്ന ക്ഷാമബാധിത ഗ്രാമങ്ങളില്‍ വിതരണം ചെയ്യണം. എന്നിങ്ങനെ ആയിരുന്നു പുരാതന ഭാരതത്തിലെ ഭിക്ഷാടന ശാസ്ത്രം! അദ്ദേഹം പറഞ്ഞുനിര്‍ത്തി.

ഞാനെന്തു പറയണമെന്നറിയാതെ കുഴങ്ങി. ഡി.ഡി. കൊസാംബിയുടെ 'മിത്തും യാഥാര്‍ത്ഥ്യവും' എന്ന ചരിത്രഗ്രന്ഥത്തില്‍ പുരാതന ഭാരതത്തിലെ സംന്യാസിമാര്‍ ഇന്നത്തെ ബാങ്കിങ്ങിനു തുല്യമായി സമ്പത്ത് ശേഖരണ വിതരണ പ്രക്രിയയില്‍ വഹിച്ചിരുന്ന പങ്കിനെപ്പറ്റി എഴുതിയത് വായിച്ച ഓര്‍മ എന്റെ ഉള്ളില്‍ പൊങ്ങിവന്നു. ഇദ്ദേഹം ആ പുസ്തകം വായിച്ചിരിക്കാനിടയില്ല. ഇത് സംന്യാസിമാര്‍ക്കിടയില്‍ തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നുകിട്ടിയ അറിവാകാം.

''അങ്ങ് മലയാളിയാണല്ലേ?''

''ഭാഷ കേട്ട് വിലയിരുത്തണ്ട. ഞാന്‍ പല ഭാഷകളും പറയും. പക്ഷേ നിങ്ങള്‍ പറഞ്ഞതു ശരിയാണ്. തിരുവനന്തപുരത്തുനിന്ന് ബാല്യത്തിലേ നാടുവിട്ട ഒരാളാണു ഞാന്‍. വര്‍ഷങ്ങളായി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയ്ക്കകത്തും പു

റത്തും. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളിലൊക്കെ കറങ്ങി. ഇപ്പോഴും യാത്ര തുടരുന്നു.

കൊല്ലത്തിലൊരിക്കല്‍ ഓച്ചിറവേല നടക്കുന്ന സമയത്ത് മൊണ്ടിക്കാവില്‍ ഞാന്‍ വരും. അവിടെ വന്നാല്‍ കാണാം.''

കുറച്ചുനേരം ഒന്നും മിണ്ടാതെ ഞങ്ങളിരുന്നു.

അലഞ്ഞുതിരിഞ്ഞൊരു യാത്ര എന്റെയും ഉള്ളിലെ മോഹമായിരുന്നു.

അതിവിദൂര സ്ഥലങ്ങളുടെ അഞ്ജതയിലേക്കുള്ള ഒരു യാത്ര!

എന്റെ ചിന്ത വായിച്ചെടുത്തപോലെ അദ്ദേഹം ചോദിച്ചു-

''എന്താ വരുന്നോ? ഈ അംബാവനത്തിലൂടെ അങ്ങു പോകാം.''

ഒരു മറുപടി പറയാനാവാതെ ഞാന്‍ കുഴങ്ങി.

പകരം എന്റെ ഉള്ളിലെ ബാലിശമായൊരു സംശയമാണ് പുറത്തുവന്നത്.

''കാട്ടില്‍ മൃഗങ്ങളുണ്ടാവില്ലേ?''

''ഉണ്ടാവും. ഞാന്‍ പോകുന്ന വഴിയില്‍ അവ വന്നാല്‍ അവ അവയുടെ വഴിക്കും ഞാനെന്റെ വഴിക്കും പോവും. പുലി വന്നാലും ആന വന്നാലും ഒക്കെ അങ്ങനെതന്നെ.''

അവരാരെയും ഒന്നും ചെയ്യില്ല.

ഭയപ്പെടാതിരുന്നാ മതി.

പക്ഷേ ഫോറസ്റ്റുകാരുടെ ആനയുടെയും പുലിയുടെയും ചിത്രങ്ങളുള്ള പരസ്യപ്പലക കണ്ടാല്‍ എനിക്ക് ഭയം വരുംകെട്ടോ! എനിക്കെന്നെത്തന്നെ പിടികിട്ടാത്ത ഒരു ഭയം.

അ, അതങ്ങനെ ഒരു തമാശ!

ഇതു പറഞ്ഞുറക്കെ ചിരിച്ചുകൊണ്ടദ്ദേഹം എഴുന്നേറ്റു.

ക്ഷേത്രത്തിലേക്കുള്ള ഇറക്കത്തിലെ മണ്ഡപത്തിലാണുറക്കം.

പിന്നൊന്നും പറയാതെ അദ്ദേഹം നേരെ അങ്ങോട്ടു നടന്നു.

കൂടെ ചെല്ലാന്‍ എന്റെ കാലുകള്‍ക്കിപ്പോഴും ബലം വന്നിട്ടില്ലെന്ന് ഉള്ളില്‍ ഞാനറിഞ്ഞു.

കൂപ്പുകയ്യുമായി ദൂരെനിന്ന് തലകുനിച്ചു വണങ്ങാനെ എനിയ്ക്കാവൂ...

''ശംഭോ മഹാദേവ!''

    comment
    • Tags:

    LATEST NEWS


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.