×
login
എന്റെ സഹോദരനെപ്പറ്റി

തൃശ്ശിവപേരൂരില്‍ താമസിച്ചുകൊണ്ടാണ് എറണാകുളത്ത് വന്നത്. ഒരു ദിവസം ഞാന്‍ കാര്യാലയത്തില്‍നിന്ന് ജന്മഭൂമിയില്‍ എത്തിയപ്പോള്‍ അവിടെ വി.എം. കൊറാത്ത് സാറിന്റെ മുറിയില്‍ പ്രൊഫസര്‍ ഇരിക്കുന്നു. കുറേസമയം സംസാരിച്ചു. പഠിപ്പിച്ചുമടുത്തു, പ്രിന്‍സിപ്പല്‍സ്ഥാനം യൂണിവേഴ്‌സിറ്റി നല്‍കാന്‍ തയ്യാറാണ് പക്ഷേ വേണ്ടെന്നുപറഞ്ഞു. എന്നതായിരുന്നു വര്‍ത്തമാനത്തിന്റെ ചുരുക്കം

പി. നാരായണന്റെ സഹോദരന്‍ പ്രൊഫ. ആര്‍. രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചുവെന്ന് രണ്ടാഴ്ച മുന്‍പ് ജന്മഭൂമിയില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കുറെ ദിവസങ്ങള്‍ എനിക്ക് ധാരാളം സുഹൃത്തുക്കളും പഴയ സഹപ്രവര്‍ത്തകരും അനുശോചന സന്ദേശങ്ങള്‍ അയയ്ക്കുകയുണ്ടായി. അവരോടൊക്കെ ആളെപ്പറ്റി വിശദീകരണം നല്‍കാന്‍ സമയമെടുത്തു. അവര്‍ക്ക് എന്റെ സഹോദരീ സഹോദരന്മാരെ പരിചയമില്ലെങ്കിലും അറിവുണ്ടായിരുന്നു. ഞങ്ങള്‍ സഹോദരന്മാരായിരുന്നു. പക്ഷേ ഏകോദര സഹോദരന്മാരല്ല എന്നേ വ്യത്യാസമുള്ളൂ, സഹോദരിമാരുടെ മക്കളായിരുന്നു. ഒരുമിച്ചായിരുന്നു ഞങ്ങളുടെ ബാല്യം. ഒരേ സ്‌കൂളില്‍ കളിച്ചു വളരുകയും ചെയ്തതൊരുമിച്ചായിരുന്നു. എന്റെ അച്ഛന്‍ അധ്യാപകനായിരുന്നു. അധ്യാപക വൃത്തിക്കുശേഷം അദ്ദേഹം തൊടുപുഴയിലെ സംഘചാലകനായിരുന്നു. രാമകൃഷ്ണന്‍നായരുടെ അച്ഛന്‍ വളരെ പ്രശസ്തനായിരുന്ന ജോത്സ്യന്‍ രാമന്‍ നായരായിരുന്നു. പൂഞ്ഞാര്‍ കോവിലകത്തും വഞ്ഞിപ്പുഴ മഠത്തിലുമൊക്കെ ദൈവജ്ഞനെന്ന നിലയ്ക്കു അദ്ദേഹം പ്രശ്‌നവിചാരത്തിനു പോകുമായിരുന്നു. അച്ഛന്റെ ഗണിത ബുദ്ധി പകര്‍ന്നു കിട്ടിയ മകള്‍ സ്‌കൂളിലും കോളജിലുമൊക്കെ എന്നും മുന്‍നിരയില്‍ പഠിച്ചുവെന്ന വിദ്യാര്‍ത്ഥി ആയിരുന്നു. വിദ്യാഭ്യാസത്തില്‍ മറ്റഭ്യാസങ്ങള്‍ക്ക് സ്ഥാനമില്ലാതിരുന്ന കാലമായതുകൊണ്ട് അദ്ദേഹത്തിന് എന്നും മുന്‍നിരയില്‍ സ്ഥാനമുണ്ടായിരുന്നു. 1950 കളിലെ സ്‌കൂള്‍ ഫൈനല്‍ ക്ലാസ്സുകളില്‍ പ്രശസ്തമായി വിജയിച്ച രാമകൃഷ്ണന്‍ നായര്‍ എറണാകുളം മഹാരാജാസ് കോളജിലാണ് ഉപരിപഠനം നടത്തിയത്. എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബിരുദവും ബിരുദാനന്തര ബിരുദ പഠനവും അവിടെത്തന്നെയായിരുന്നു. ഇന്റര്‍മീഡിയറ്റിനും ഡിഗ്രിക്കുമായി എല്ലാ പരീക്ഷകള്‍ക്കും ഒന്നാം സ്ഥാനമാണദ്ദേഹം നേടിയത്. പില്‍ക്കാലത്ത് രാജ്യത്തെ പ്രഗത്ഭ ശാസ്ത്രജ്ഞനും,  

സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെയും മാര്‍ഗദര്‍ശനം നടത്തിയ കെ.ഐ. വാസുവും അദ്ദേഹവും മഹാരാജാസ് കോളജ് ഹോസ്റ്റലിലെ ഒരേ മുറിയിലാണ് കഴിഞ്ഞത്. അവര്‍ തമ്മിലുള്ള ആത്മീയബന്ധം പഠനത്തിനുശേഷവും വളരെക്കാലം തുടര്‍ന്നു. ഞാന്‍ സ്വദേശീ ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംയോജകനായിരുന്നകാലത്ത് യാദൃച്ഛികമായിട്ടാണ് ഇക്കാര്യം അറിഞ്ഞത്. എറണാകുളത്തു 'ഒരു നാളികേര മിഷന്‍' സമ്മേളനം വളരെ വിപുലമായി നടന്നപ്പോള്‍ അതിന്റെ മാര്‍ഗദര്‍ശിയായിരുന്ന ഡോ. വാസുവുമായുള്ള യാദൃച്ഛിക സംഭാഷണത്തിനിടെയാണ് ഇക്കാര്യം എനിക്ക് വെളിപ്പെട്ടത്.

മഹാരാജാസ് കോളജിലെ ഫിസിക്‌സ് വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയായിരുന്നു അദ്ദേഹം എംഎസ്‌സി പാസ്സായത്. അന്ന് ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് അധ്യാപക നിയമനത്തില്‍ മുന്‍ഗണനയുണ്ടായിരുന്നു. അയാള്‍ക്ക് അതില്‍ താല്‍പ്പര്യമില്ലെങ്കിലേ, മറ്റൊരാളെ അന്ന് സര്‍വകലാശാല നിയമിക്കുമായിരുന്നുള്ളൂ. എകെജി സെന്ററും പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ശുപാര്‍ശയും ഒന്നും കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. നടപടികള്‍ പൂ

ര്‍ത്തീകരിക്കാനുള്ള കാലതാമസമേ പ്രശ്‌നമായുണ്ടായിരുന്നുള്ളൂ. അതിനിടെ തൃശ്ശിവപേരൂരിലെ സെന്റ് തോമസ്  കോളജിന്റെ മാനേജ്‌മെന്റ് അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിച്ചു. അവിടെ ജോലി ചെയ്യുമ്പോഴാണ് സര്‍വകലാശാലയുടെ നിയമനം വന്നത്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജിലായിരുന്നു നിയമനം. അന്നു ഞാന്‍ കണ്ണൂര്‍ ജില്ലാ പ്രചാരകനായിരുന്നു. ആ കലാലയത്തില്‍ അന്നു പരിമിതമായ സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. കോളജിന് സമീപമുള്ള ഒരു വീട് വാടകയ്‌ക്കെടുത്ത് കുറേ അധ്യാപകരോടൊപ്പം താമസിക്കുകയായിരുന്നു. ഞാന്‍ അവിടെപ്പോയി കണ്ടു. കോളജിന് സമീപത്ത് കച്ചവടം നടത്തി വന്ന വാസു എന്ന സ്വയംസേവകനാണ് ആ അധ്യാപകര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുവന്നത്. അക്കാലത്ത് അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ ശാസ്ത്ര വിഷയമല്ലാത്തതിനാല്‍ അവര്‍ പരിചയപ്പെട്ടിട്ടില്ല. ''ഊരിപ്പിടിച്ച കഠാരകള്‍ക്കും വാളുകള്‍ക്കുമിടയിലൂടെ നെഞ്ചുവിരിച്ചു നടന്നുവെന്ന്'' പിന്നീട് പൊതുയോഗങ്ങളില്‍ പരാമര്‍ശിച്ച കാലമായിരുന്നു അത്. കണ്ണൂരിലെ പോളിടെക്‌നിക്കിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ കൂറേക്കൂടി പ്രയാസമായി. അക്കാലത്ത് കണ്ണൂരില്‍ അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവായിരുന്ന വി. ദാമോദരന്‍ നായര്‍ ധന്വന്തരി വൈദ്യശാലയുടെ ബ്രാഞ്ചു മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. വൈദ്യശാലയുടെ മന്ദിരത്തില്‍ താമസിച്ചുകൊണ്ടാണ് രാമകൃഷ്ണന്‍ നായര്‍ പോളിടെക്‌നിക്കിലെ ജോലി ചെയ്തത്.


പിന്നീട് പാലക്കാട് വിക്‌ടോറിയ കോളജിലേക്കു മാറ്റമായി. അവിടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ കാലഘട്ടം അതായിരുന്നുവെന്നു പറയാം. പ്രശസ്തരായ അദ്ധ്യാപകരും ശിഷ്യന്മാരും അവിടെയായിരുന്നു. അക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന എനിക്ക് അടിക്കടി അവിടെ പോകേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ മിക്കപ്പോഴും രാത്രി കൂടാറുണ്ട്. നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും കൈമാറിവന്നു. അവര്‍ വടക്കന്തറയില്‍ താമസിച്ചിരുന്നപ്പോള്‍ ധാരാളം സംഘ പ്രവര്‍ത്തകര്‍ പരിചയപ്പെടാന്‍ ചെന്ന വിവരം പറയുമായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ധാരാളം സ്വയംസേവകരുമുണ്ടായിരുന്നു. ഒ. രാജഗോപാലിന്റെ രണ്ടു പുത്രന്മാരും അക്കൂട്ടത്തിലുണ്ട്. വിവേകാനന്ദനും ശ്യാമപ്രസാദും. പഠിപ്പിക്കുന്നതിന്റെ സവിശേഷത അവിസ്മരണീയമാംവിധം ഹൃദ്യമായിരുന്നുവെന്നാണവരുടെ അനുസ്മരണം. അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് താമസിക്കേണ്ടി വന്ന അവസരങ്ങളില്‍ ഞാന്‍ മനപൂര്‍വം അദ്ദേഹത്തിന്റെ വീടിനെ ഒഴിവാക്കിവന്നു. സംഘത്തിന്റെ തീരുമാനപ്രകാരമല്ലാതെ ഒരിടത്തും ഞാന്‍ താമസിച്ചില്ല.

പാലക്കാടുനിന്ന് ഒന്നാം ഗ്രേഡ് പ്രൊഫസറായി തൃശ്ശിവപേരൂര്‍ എഞ്ചിനീയറിങ് കോളേജിലായിരുന്നു അവസാനകാലം ജോലി ചെയ്തത്. അതിനിടെ എറണാകുളം മഹാരാജാസിലും ജോലി ചെയ്തു. ജന്മഭൂമിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെട്ട് കഴിയുന്ന കാലങ്ങളില്‍ എനിക്ക് അവരെ കാണാനും  മറ്റുമുള്ള അവസരങ്ങള്‍ കുറഞ്ഞുവന്നു. തൃശ്ശിവപേരൂരില്‍ താമസിച്ചുകൊണ്ടാണ് എറണാകുളത്ത് വന്നത്. ഒരു ദിവസം ഞാന്‍ കാര്യാലയത്തില്‍നിന്ന് ജന്മഭൂമിയില്‍ എത്തിയപ്പോള്‍ അവിടെ വി.എം. കൊറാത്ത് സാറിന്റെ മുറിയില്‍ പ്രൊഫസര്‍ ഇരിക്കുന്നു. കുറേസമയം സംസാരിച്ചു. പഠിപ്പിച്ചുമടുത്തു, പ്രിന്‍സിപ്പല്‍സ്ഥാനം യൂണിവേഴ്‌സിറ്റി നല്‍കാന്‍ തയ്യാറാണ് പക്ഷേ വേണ്ടെന്നുപറഞ്ഞു. എന്നതായിരുന്നു വര്‍ത്തമാനത്തിന്റെ ചുരുക്കം. താന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെ പ്രശാന്തമായ, അക്കാദമിക അന്തരീക്ഷത്തിന്റെ സ്ഥാനത്ത്, മാര്‍ക്കറ്റിലെ നോക്കുകൂലിക്കാര്‍ വിളയാടുന്ന സംഘര്‍ഷാന്തരീക്ഷമാണുണ്ടായിരുന്നതെന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. ഇടയ്ക്കിടെ പ്രിന്‍സിപ്പലിന്റെ ചുമലയും വഹിക്കേണ്ടിവന്നിട്ടുണ്ട്.

തൃശ്ശിവപേരൂരില്‍ താമസിക്കവേ റിട്ടയര്‍ ചെയ്ത് നാട്ടിലേക്കു മടങ്ങി. ഒരിക്കല്‍ക്കൂടി കോളേജില്‍  പോകേണ്ടിവന്നു. അവിടത്തെ ഫിസിക്‌സ് എംഎസ്‌സിക്ക് അരനൂറ്റാണ്ട് തികയുന്ന അവസരത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍. ആ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യപേരുകാരന്‍ എന്ന ബഹുമതിയുമായി മടങ്ങിയെത്തി. തൊടുപുഴ മണക്കാട്ട് കുടുംബത്തോടൊപ്പം താമസിച്ചുവരവെയാണ് അന്ത്യം. മക്കള്‍ രണ്ടുപേരും അധ്യാപക പരിശീലനം പ്രശസ്തമായി വിജയിച്ചു. പക്ഷേ മൂത്തയാള്‍ എല്‍ഐസിയില്‍ ഉയര്‍ന്ന പദവിയില്‍ കോഴിക്കോട്ടും, രണ്ടാമത്തെയാള്‍ പാലക്കാട് ജില്ലാ ജഡ്ജിയുടെ പത്‌നിയുമാണ്. ഒ. രാജേട്ടന്റെ പുത്രന്‍ വിവേകാനന്ദന്‍ (ബാബു) ഇടയ്ക്ക് സുഹൃത്തുക്കളുമൊത്ത് മൂന്നാറില്‍ പോകുന്ന വഴിയില്‍ അദ്ദേഹത്തെ അറിയിച്ചശേഷം വീട്ടില്‍ ചെന്നു കണ്ട് ആദരവ് അര്‍പ്പിച്ച വിവരം അറിഞ്ഞു.

എന്റെ സഹോദരന്‍ എന്ന പരാമര്‍ശം ജന്മഭൂമിയില്‍ വന്നതുകൊണ്ടും പലരും വിൡച്ച് അന്വേഷിച്ചതുകൊണ്ടും ഈ കുറിപ്പ് ആവശ്യമാണെന്നു തോന്നി.

comment
  • Tags:

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.