×
login
പുന്നപ്ര വയലാറിലെ ഉപ്പും മുതിരയും

ചരിത്രത്തിലെ വഞ്ചനകള്‍ മൂടിവയ്ക്കാനാവില്ല. ഓരോ കാലത്തും പല കാരണങ്ങളാല്‍ അവ പുറത്തുവന്നുകൊണ്ടിരിക്കും. ഇതാണ് പുന്നപ്ര വയലാര്‍ സമരത്തിന്റെയും വിധി. സ്വാതന്ത്ര്യസമരത്തിനെതിരെ പ്രവര്‍ത്തിച്ച് ഒറ്റപ്പെട്ടുപോയ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അത് മറച്ചുപിടിക്കാന്‍ പാവപ്പെട്ട തൊഴിലാളികളോടു ചെയ്ത കൊടുംവഞ്ചനയായിരുന്നു പുന്നപ്ര വയലാര്‍ സമരം. ഈ സത്യം മൂടിവച്ച് ഇപ്പോഴും രക്തസാക്ഷികളെ അവര്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രകാരനും, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫിലോസഫിക്കല്‍ റിസര്‍ച്ച്-ഐസിപിആര്‍ അംഗവുമായ ഡോ.ടി.എസ്. ഗിരീഷ് കുമാര്‍ ഇതിനോടു പ്രതികരിക്കുന്നു. 'സ്വാതന്ത്ര്യവും അന്യവല്‍കരണവും സംബന്ധിച്ച മാര്‍ക്‌സിയന്‍ സങ്കല്‍പ്പം' എന്നതില്‍ എംഫില്‍. 'പ്രത്യയശാസ്ത്രം സംബന്ധിച്ച മാര്‍ക്‌സിയന്‍ സങ്കല്‍പം: ആന്റോണിയോ ഗ്രാംഷിയും ലൂയി അല്‍ത്തൂസറും വിമര്‍ശിക്കപ്പെടുന്നു' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറും ഡയറ്കടറുമായിരുന്നു. ബറോഡയിലെ മഹാരാജാ സയാജി റാവു സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന ഗിരീഷ് കുമാറുമായുള്ള അഭിമുഖം.

 • കാര്‍ത്തികപ്പള്ളി സ്വദേശിയായ താങ്കള്‍ ജനിച്ചത് ആലപ്പുഴയിലാണെന്നു കേട്ടിട്ടുണ്ട്. അവിടെയാണ് പുന്നപ്ര വയലാര്‍ സമരം അരങ്ങേറിയത്. പുസ്തക ജ്ഞാനമല്ലാതെ പുന്നപ്ര വയലാറിനെക്കുറിച്ച് നേരിട്ടുള്ള അറിവുകളെന്തൊക്കെയാണ്?

പുന്നപ്ര വയലാറിലെ കൂട്ടക്കുരുതി കഴിഞ്ഞ് അധികനാളുകളാകുന്നതിനു മുന്‍പ് ഞാന്‍ ആലപ്പുഴയില്‍ ജനിച്ചു. അമ്മ വീടാണ് ആലപ്പുഴ. അതുകൊണ്ടുതന്നെ ബാല്യകാല ഓര്‍മ്മകളില്‍ അധികവും അവിടൊക്കെത്തന്നെ. വലിയ കുടുംബത്തില്‍, ഞങ്ങള്‍ ഏതാണ്ട് സമപ്രായക്കാരായ പതിനെട്ടോളം പേര്‍ കുട്ടികളായി ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍ ആ വീടിന്റെ ഒരവസ്ഥ ഊഹിക്കാനാകും. ശരിക്കും മുതലാളിമാരായിരുന്ന കാരണവന്മാരും, അതിന്റെ സമൃദ്ധിയും ധാരാളിത്തവും.

പല സ്രോതസ്സുകളില്‍നിന്ന് പലതവണ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഉപ്പിന്റെയും മുതിരയുടെയും കഥകള്‍. കുഞ്ഞുനാളുകളിലേ കേട്ടുവളര്‍ന്നതാണിത്. ഒന്നുമറിഞ്ഞുകൂടാത്ത തൊഴിലാളികളെ കമ്യൂണിസ്റ്റുകാര്‍ കള്ളംപറഞ്ഞ് പറ്റിച്ചു എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. രണ്ടു ഭാഗത്തും, എന്റെ അച്ഛന്റെ കുടുംബത്തിലും അമ്മയുടെ കുടുംബത്തിലും കമ്യൂണിസ്റ്റുകാര്‍ ആരുംതന്നെ ഇല്ലായിരുന്നു എന്നതൊക്കെക്കൊണ്ടാവാം, ഉപ്പും മുതിരയും കഥകള്‍ ഞങ്ങള്‍ കുട്ടികളെ രസിപ്പിച്ചിരുന്നു.  

 • പാവപ്പെട്ട തൊഴിലാളികളെ പാര്‍ട്ടിക്കുവേണ്ടി ക്രൂരമായി പറഞ്ഞുപറ്റിക്കുകയായിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. രാഷ്ട്രീയബോധമുള്ളവരാണ് കമ്യൂണിസറ്റുകള്‍ എന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ വൈകാരിക സ്പര്‍ശമുള്ള കപടവാഗ്ദാനങ്ങളാണ് അവര്‍ നല്‍കാറുള്ളത്. പുന്നപ്ര വയലാറിലും ഇങ്ങനെയായിരുന്നോ?

സായുധ വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം സ്ഥാപിച്ചെടുക്കുകയാണ് ആത്യന്തിക ലക്ഷ്യം എന്നൊക്കെയാണ് പാടത്തു പണിയെടുത്തു കഷ്ടപ്പെടുന്ന മനുഷ്യരെ പറഞ്ഞു പഠിപ്പിച്ചത്. ഇതിനു വളമായി ''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ'' എന്നു പാടിക്കൊടുക്കുവാന്‍ ഒരു കവിയും ഉണ്ടായി. പണിയെടുത്ത് പലവിധ കഷ്ടപ്പാടുകളാല്‍ നട്ടംതിരിയുന്ന ഒരു കൂട്ടം മനുഷ്യരുടെ മുന്നില്‍ വാഗ്ദാനങ്ങള്‍ നിരത്തപ്പെട്ടു. സെമിറ്റിക് മതങ്ങളുടെ ഒരു പൊതുസ്വഭാവം പോലെ ഒരുഭാഗത്ത് അതിമോഹന വാഗ്ദാനങ്ങളും, മറുഭാഗത്ത് അതിഭീകരമായ ഭീഷണികളും. ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ തോന്നിപ്പിക്കുന്ന ദൈവം എന്ന 'വ്യക്തി'യെ അനുസരിക്കുന്നവര്‍ക്ക് മരണശേഷം നിത്യജീവിതവും, സകല ഭൗതിക സുഖലോലുപതകളും. അനുസരണക്കേടു കാട്ടുകയാണെങ്കില്‍ നിത്യനരകത്തിലെ ഒരിക്കലും ശമിക്കാത്ത പീഡനങ്ങളും ദുഃഖങ്ങളും.

ടിവിയുടെ രണ്ടു കണ്ണും നിറഞ്ഞുപോയി

സമരനേതാവായിരുന്ന വര്‍ഗീസ് വൈദ്യന്റെ ആത്മകഥയില്‍നിന്ന്

ഞാനും ടി.വിയും (പുന്നപ്ര വയലാറിന് ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.വി. തോമസ്) കൂടി കെ. സി. ജോര്‍ജിനെ കണ്ടിട്ട് നാല് മണിയോടുകൂടി വൈഎംസിഎ പാലത്തിനടുത്തുള്ള എന്റെ വീട്ടില്‍ വന്നു. ടി.വി തോമസുമായി എനിക്കുണ്ടായിരുന്ന 40 വര്‍ഷത്തിനുമേലുള്ള അടുത്ത ബന്ധത്തില്‍ ടി.വി ഇത്രയും വികാര വിക്ഷുബ്ധനായി ഞാന്‍ കണ്ടിട്ടില്ല. അയാളുടെ അമ്മ മരിച്ചപ്പോള്‍ മാത്രമാണ് കണ്ണുനിറഞ്ഞിട്ടുള്ളത്. എന്റെ വീട്ടിലുണ്ടായിരുന്ന ഫോറിന്‍ ബ്രാണ്ടിയും രണ്ടു ഗ്ലാസ് വെള്ളവും എടുത്ത് ഞാന്‍ മേശപ്പുറത്തുവച്ചു. ടി.വി അന്ന് ലിക്വര്‍ കുടിക്കുക പതിവില്ല. ഞങ്ങള്‍ ഗ്ലാസിലൊഴിച്ച് കുടിച്ചുകൊണ്ടിരുന്നു. ബുദ്ധിമാനും ധീരനുമായ ആ മഹാ മനുഷ്യന്‍ സംസാരിച്ചു തുടങ്ങി. ''എനിക്ക് വെടിയേല്‍ക്കുന്നതിനോ തൂക്കിലേറുന്നതിനോ യാതൊരു ഭയവുമില്ലായെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? ഞാന്‍ വികാരവിവശനാണ്. നിരപരാധികളായ അനേകം ആളുകളെ കൊലക്കളത്തിലേക്ക് ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.'' രണ്ട് കണ്ണും നിറഞ്ഞു. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ രംഗങ്ങളിലൊന്നായിരുന്നു അത്. ടി.വി എഴുന്നേറ്റു. ഞങ്ങള്‍ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. ടി.വി ഒരു റിക്ഷയില്‍ കയറി വീട്ടിലേക്കു പോയി. ഞാന്‍ എന്റെ അമ്മയോട് യാത്ര പറഞ്ഞ് ആദ്യ ബസ്സില്‍ കയറി എറണാകുളത്തേക്ക് പോയി.''

 • മാര്‍ക്‌സിസത്തെക്കുറിച്ച് സൈദ്ധാന്തികമായി പഠിച്ചിട്ടുള്ളയാളാണ് താങ്കള്‍. ജനങ്ങളെ കബളിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് ശൈലി ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം കാണാം.  എവിടെയാണ് ഇതിന്റെ വേരുകള്‍?

ഭയപ്പെടുത്തി വഴിക്കുകൊണ്ടുവരികയെന്ന പ്രാകൃതതന്ത്രം ആലങ്കാരികതയോടെ അവതരിപ്പിച്ച്, മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ അനുസരിപ്പിച്ച് ആജ്ഞാനുവര്‍ത്തികളാക്കുകയെന്നതാണ് സെമിറ്റിക് മതങ്ങളുടെ രീതിശാസ്ത്രം. തുടക്കത്തില്‍ അധികാരത്തിനു വേണ്ടി തുടങ്ങിവച്ച ഈ തന്ത്രം കാലക്രമേണ വലിയ ഘടനയും സ്വഭാവവും ആകുകയും ചെയ്തു. വാസ്തവത്തില്‍ കമ്യൂണിസത്തെ ഏറ്റവും സ്വാധീനിച്ചതും ഈ സെമിറ്റിക് പ്രവണത തന്നെയാണ്. മതത്തെ 'മയക്കുന്ന കറുപ്പ്' എന്ന് മാര്‍ക്‌സിസ്റ്റുകള്‍ വിളിക്കുമ്പോള്‍, മാര്‍ക്‌സിന്റെ അനുഭവത്തിലുള്ള ജര്‍മനിയില്‍ മതത്തിന്റെ അതിഭാവുകത്വം എത്രയായിരുന്നു എന്നൂഹിക്കാന്‍ കഴിയണം. 'വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം' എന്ന പേരില്‍ ഹേഗല്‍ എഴുതിയ പുസ്തകത്തിന് ഒരു വിമര്‍ശനം മാര്‍ക്‌സ് എഴുതിയതിലാണ് ജര്‍മനിയില്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു മാര്‍ക്‌സ് കുറിക്കുന്നത്.

 • കേരളീയ പരിസരങ്ങളില്‍ എങ്ങനെയായിരുന്നു ഈ മയക്കിയെടുക്കലിന്റെ മാര്‍ക്‌സിസ്റ്റ് രീതി?

സ്വാഭാവികമായും  ഈ സ്വാധീനങ്ങള്‍ മാര്‍ക്‌സില്‍ വന്നു ഭവിക്കുകയും, അറിഞ്ഞോ അറിയാതെയോ മാര്‍ക്‌സിനെ പിന്തുടര്‍ന്നവരതു പ്രായോഗികമാക്കുകയും ചെയ്തു. (കേരളത്തില്‍ ചിലര്‍ക്കൊക്കെ തങ്ങളുടെ പ്രതിക്രിയാ പ്രവര്‍ത്തികളും കുത്സിത മാര്‍ഗങ്ങളുമൊക്കെ കുറച്ചുകാലങ്ങളായി സ്വാഭാവികങ്ങളാണ്) അതോടുകൂടി, പാടങ്ങളില്‍ 'അജ്ഞരായ നിഷ്ണാദന്മാ'രെക്കൊണ്ട് സ്വപ്‌നങ്ങള്‍ വിതപ്പിച്ചു തുടങ്ങി. വെളുത്തയുടുപ്പിട്ടു വന്ന തമ്പ്രാക്കന്മാര്‍, പല പല ബിരുദങ്ങള്‍ നേടിയിട്ടുള്ള ഉന്നതകുലജാതരായ തമ്പ്രാക്കന്മാര്‍, ആര്‍ക്കും മനസ്സിലാകാത്ത പദപ്രയോഗങ്ങളിലൂടെ വര്‍ണിച്ചവതരിപ്പിച്ച കമ്യൂണിസം ഒന്നും സ്വപ്‌നം കാണുവാന്‍ ആവതില്ലാത്തവന്റെ ആശയും ആശ്രയവും  വാഗ്ദത്ത ഭൂമിയുമൊക്കെയായിത്തീര്‍ന്നു. കടുത്ത സെമിറ്റിക് മതവിശ്വാസം പോലെ കടുത്ത കമ്യൂണിസ്റ്റ് വിശ്വാസവും ഉരുത്തിരിഞ്ഞു.

 • എന്നിട്ടും മാര്‍ക്‌സിസം മഹത്തായ തത്വശാസ്ത്രമാണെന്ന് ഇപ്പോഴും ചിലര്‍ ആധികാരികമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്.

കമ്യൂണിസം എന്താണെന്ന് ആരറിഞ്ഞു? അഥവാ ആര്‍ക്കറിയാം? മാര്‍ക്‌സിസം പഠിക്കുന്നവര്‍ പറയുന്നത് ലെനിനും ഗ്രാംഷിക്കുമൊഴികെ മറ്റാര്‍ക്കും മാര്‍ക്‌സിനെ മനസ്സിലാക്കുവാനോ, മാര്‍ക്‌സിസം മനസ്സിലാക്കുവാനോ കഴിഞ്ഞിട്ടില്ല എന്നാണ്. അതിനു കാരണം, മാര്‍ക്‌സിസത്തിന്റെ കാഠിന്യമൊന്നുമല്ല. നേരെമറിച്ച്, ഒരുവിധപ്പെട്ട കമ്യൂണിസ്റ്റുകാരൊന്നും മാര്‍ക്‌സിസം പഠിക്കുവാനോ, മാര്‍ക്‌സിനെ അറിയുവാനോ ശ്രമിച്ചിട്ടില്ലെന്നതാണ്. കാരണം അവര്‍ക്കാര്‍ക്കും അതിന്റെ ഒരാവശ്യവും ഇല്ല. മാര്‍ക്‌സിനെയോ മാര്‍ക്‌സിസത്തെയോ അറിയേണ്ട, മാര്‍ക്‌സെന്നും മാര്‍ക്‌സിസമെന്നുമുള്ള ഒരു ബിംബം മതി. ആ പേരില്‍ എന്തു തന്നിഷ്ടങ്ങളും കാട്ടിക്കൂട്ടി പുതിയ കമ്യൂണിസ്റ്റു ബൂര്‍ഷ്വാകളാകുന്ന വിദ്യകളൊക്കെ ഇവര്‍ക്ക് നന്നായിട്ടറിയാം.

ഉപ്പും മുതിരയുമാണെങ്കിലും വെടികൊള്ളുന്നത് നല്ലതല്ലല്ലോ


രവിവര്‍മ തമ്പുരാന്‍ എഴുതിയ പുന്നപ്ര വയലാര്‍  അപ്രിയ സത്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് 

''ഉപ്പും മുതിരയും നിറച്ച തോക്കുകള്‍കൊണ്ടാണ് പട്ടാളക്കാര്‍ വെടിവയ്ക്കുന്നതെന്ന്'' നേതാക്കള്‍ തങ്ങളെ പഠിപ്പിച്ചിരുന്നതായി സമരഭടനായ പുതുമനച്ചിറ നികര്‍ത്തില്‍ ഗംഗാധരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ''ഉപ്പും മുതിരയുമാണെങ്കിലും വെടികൊള്ളുന്നത് നല്ലതല്ലല്ലോ? വെടികൊള്ളാതിരിക്കാന്‍ കമഴ്ന്നുകിടന്ന് നീന്തിയാല്‍ മതി, തല പൊക്കരുത് എന്നാണ്  ആദ്യ ദിവസങ്ങളില്‍ പറഞ്ഞിരുന്നത്. അങ്ങനെ നീന്തി അടുത്തെത്തുമ്പോള്‍ പട്ടാളക്കാരന് വെടിവയ്ക്കാന്‍ കഴിയില്ല. പകരം ബയണറ്റുകൊണ്ട് കുത്താന്‍ നോക്കും. പക്ഷേ അതിനു മുമ്പ് ചാടിയെഴുന്നേറ്റ് വാരിക്കുന്തംകൊണ്ട് പട്ടാളക്കാരനെ കുത്തിക്കൊല്ലണം. പട്ടാളക്കാരന്റെ തൊട്ടടുത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മെറ്റലുപയോഗിച്ച് എറിഞ്ഞു വീഴ്ത്തുകയും ചെയ്യാം.''

 • ഇതൊക്കെയാണോ പുന്നപ്ര വയലാറിലും നടന്നിട്ടുണ്ടാവുക. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെയൊരു വഞ്ചനയില്‍ ചെന്നുപെടാതിരിക്കാന്‍ സാമാന്യബുദ്ധിമാത്രം മതിയായിരുന്നല്ലോ.  

പ്രിന്‍സ് ആന്‍ഡ് അദര്‍ റൈറ്റിങ്‌സ് എന്ന പുസ്തകത്തില്‍ മാക്യവെല്ലി പറഞ്ഞിരിക്കുന്നതൊക്കെത്തന്നെയാണ് പുന്നപ്രയിലും വയലാറിലും നടന്നിരിക്കുക-കമ്യൂണിസം എന്ന മോഹന വാഗ്ദാനം. തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമാണെന്നും, കമ്യൂണിസം (ശരിക്ക് തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യമല്ല കമ്യൂണിസം) അവരുടെ സര്‍വാധിപത്യമെന്നുമുഉള്ള വാഗ്ദാനം. ചിലരൊക്കെ കരുതിയിരിക്കുന്നത് ഉള്ളവന്റെ കൈയിലിരിക്കുന്നതെടുത്ത് ഇല്ലാത്തവര്‍ക്ക് അങ്ങു വെറുതെ വിതരണം ചെയ്യുന്നതാണ് കമ്യൂണിസം എന്നാണ്. ഇതു കരുതിയായിരിക്കും ചിലരൊക്കെ അഹങ്കാരത്തോടെ, അവകാശത്തോടെ നോക്കുകൂലികള്‍ വാങ്ങുന്നതും. എന്നാല്‍ ഇതൊന്നുമല്ല കമ്യൂണിസം എന്നത് വേറൊരു കാര്യം.

1917 ല്‍ ലെനില്‍ നടത്തിയ ബോള്‍ഷെവിക്ക് വിപ്ലവവും, പിന്നീട് മാവോയുടെ നൂറു പൂക്കള്‍ വിരിയിക്കലുമൊക്കെ ധാരാളം പേര്‍ക്ക് ആവേശം പകര്‍ന്നിരിക്കണം. പിന്നീട് ഇതേ ആവേശമാണ് പോള്‍പോട്ട് പ്രാകൃതമായി കാംബോജദേശത്ത് (കമ്പോഡിയയില്‍)അവതരിപ്പിച്ചത്. വിപ്ലവകഥകളും സായുധ പോരാട്ടകഥകളും അധികാരം പിടിച്ചെടുക്കല്‍ സ്വപ്നങ്ങളുമൊക്കെ കുട്ടനാട്ടെ പാടത്ത് നന്നായി വിതയ്ക്കപ്പെട്ടു. കവുങ്ങിന്റെ അലകുകൊണ്ടുള്ള വാരിക്കുന്തം വളരെ ശക്തമായ ആയുധമാണെന്ന് ആരൊക്കെയോ കണ്ടുപിടിച്ചു! കൂട്ടത്തില്‍ കരിങ്കല്‍ച്ചീളുകളും. സിപി രാമസ്വാമിയുടെ തോക്കുകളില്‍ ഉണ്ടകളൊന്നുമില്ലെന്നും, അതൊക്കെ ഭയപ്പെടുത്തുവാന്‍ മാത്രം കൊണ്ടുനടക്കുന്നതാണെന്നും ആരോ അതിസമര്‍ത്ഥമായി കഥകളിറക്കി. ശബ്ദവും പുകയും വരുന്നതിനായി തോക്കിനകത്ത് ഉപ്പും മുതിരയും നിറയ്ക്കുകയാണെന്നും, അത് വലിയ ശബ്ദമുണ്ടാക്കി പൊട്ടുമ്പോള്‍ ഭയപ്പെടരുതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അതുകൊണ്ട് വാരിക്കുന്തവുമേന്തി സിപി രാമസ്വാമിയുടെ പോലീസിനു നേരെ ചാടിയടുക്കുക, അവര്‍ പിന്തിരിഞ്ഞ് ഓടിക്കൊള്ളും. ഇതൊക്കെയാണ് ഞാന്‍ അമ്മ വീട്ടിലായിരുന്നപ്പോള്‍ കേട്ടിട്ടുള്ള അനേകം കഥകളുടെ ചുരുക്കം.  

 • വലിയ അടിച്ചമര്‍ത്തലും വെടിവെപ്പുമൊക്കെ നടന്നിട്ടും ഒരൊറ്റ കമ്യൂണിസ്റ്റ് നേതാവുപോലും കൊലചെയ്യപ്പെട്ടിട്ടില്ല എന്നതാണ് അതിശയകരം. സമരം തുടങ്ങാന്‍ നിര്‍ബന്ധം കാണിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട് ആ പരിസരത്തുപോലും വന്നില്ല. സമരം നടക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ മറ്റെവിടെയോ ഒളിവില്‍ പാര്‍ക്കുകയായിരുന്നു.

വെളുത്ത കുപ്പായമിട്ട അഭ്യസ്ത വിദ്യരായ തമ്പുരാന്‍ നേതാക്കളെ വിശ്വസിച്ച് വാരിക്കുന്തവുമായി പോലീസിന്റെ നേരെ ചാടിച്ചെന്ന് ആത്മഹത്യ ചെയ്ത ചിലരുടെയൊക്കെ കുടുംബാംഗങ്ങള്‍ സംസാരിക്കുന്നതും പിന്നീട് ഞാന്‍ ധാരാളം കേട്ടിരുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ 'ആഘോഷ'ങ്ങളരങ്ങേറുന്നതിനു മുന്‍പേ വെളുത്ത കുപ്പായമിട്ട സൈദ്ധാന്തിക നേതാക്കളൊക്കെ എവിടെയ്‌ക്കൊക്കയോ വളരെ ബോധപൂര്‍വം രക്ഷപ്പെട്ടിരുന്നു എന്നതാണ്. ആവേശംകൊണ്ട് എടുത്തുചാടിയവര്‍ക്കൊക്കെ ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ കുടുംബാംഗങ്ങള്‍ക്ക് നാഥനില്ലാതായി. വലിയ ചുടുകാടിലെ ചുവന്ന സ്തൂപം അവരുടെ കുടുംബാംഗങ്ങളിലെ പട്ടിണി മാറ്റിയില്ല. പകരം അതില്‍നിന്നൊക്കെ മുതലെടുത്തുകൊണ്ടൊരു പുതിയ 'വര്‍ഗ്ഗം' നിലവില്‍ വന്നു. നമുക്കവരെ കമ്യൂണിസ്റ്റു ബൂര്‍ഷ്വാകളെന്നും, അവരുടെ പിണിയാളുകളെ കമ്യൂണിസ്റ്റ് പെറ്റി ബൂര്‍ഷ്വാകളെന്നും വിളിക്കാം.

ആദ്യ വെടിയൊച്ച കേള്‍ക്കും മുമ്പ് അവര്‍ കടന്നുകളഞ്ഞു

ഞാന്‍ എന്ന പേരിലുള്ള ആത്മകഥയില്‍ നാടകാചാര്യന്‍ എന്‍.എന്‍ പിള്ള

''വയലാറിലെ  പൊരിമണലില്‍, ഓടാന്‍ പോലും ഇടംകിട്ടാതെ നൂറുകണക്കിന് പാവപ്പെട്ടവര്‍ കരഞ്ഞുവിളിച്ച് ചത്തുമലച്ചപ്പോള്‍ അവര്‍ക്ക് മരണമന്ത്രം ഓതിക്കൊടുത്ത ഒരു നേതാവുപോലും ആ പ്രദേശത്തെങ്ങുമില്ലായിരുന്നു. ആദ്യ വെടിയൊച്ച കേള്‍ക്കുന്നതിന് മുമ്പ് തന്നെ കായലിനക്കരെ പറ്റിയിരുന്നു. അന്നത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ തലമുതിര്‍ന്ന ഒരു നേതാവ് പോലും പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നതായി അറിവില്ല.''

 • യന്ത്രത്തോക്കുകളും വാരിക്കുന്തവും തമ്മിലായിരുന്നു പുന്നപ്ര വയലാറില്‍ ഏറ്റുമുട്ടിയത്. വിജയവും പരാജയവും ഏതു പക്ഷത്തിനെന്ന് സുനിശ്ചിതമായിരുന്നു. എന്നിട്ടും പാവപ്പെട്ട തൊഴിലാളികളെ മരണത്തിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

പുന്നപ്ര വയലാര്‍ വെടിവയ്പ്പിന്റെ സമയം ഓര്‍ക്കുക-അപ്പോഴേക്കും രണ്ടു ലോകയുദ്ധങ്ങളും കഴിഞ്ഞിരുന്നു. 303 റൈഫിളുകള്‍ പല രീതിയില്‍ ആധുനികവല്‍കരിക്കപ്പെട്ടിരുന്നു. യന്ത്രത്തോക്കുകള്‍ നിരവധി രൂപത്തിലിറങ്ങിയിരുന്നു. ഒന്നുകില്‍ ആ  കമ്യൂണിസ്റ്റു നേതാക്കള്‍ക്ക് ഇതൊന്നുമറിയില്ലായിരുന്നു. അല്ലെങ്കില്‍ എല്ലാം അറിഞ്ഞുകൊണ്ട് അവര്‍ അജ്ഞരായ സാധുക്കളെ വച്ച് ഒരു പരീക്ഷണം നടത്തി അവരെ ചതിച്ചു.

ഇതിനൊക്കെ ചരിത്രപരമായ തെളിവുകളുണ്ടോ എന്നാരോ ചോദിക്കുന്നത് ഈയിടെ കേട്ടു. തെളിവുകളെങ്ങനെ കാണാന്‍? ആരാണ് ചരിത്രമെഴുതിയവരൊക്കെ? എന്തിനുവേണ്ടി, ആരൊക്കെ, എങ്ങനെയൊക്കെയാണ് ചരിത്രങ്ങളെഴുതിയിട്ടുള്ളതെന്ന് അന്വേഷിച്ചാല്‍ അറിയുവാന്‍ കഴിയും. എന്നിട്ടും പലരും പറയുന്നത് കാലം സാക്ഷി, ചരിത്രം സാക്ഷി, ജനങ്ങള്‍ സാക്ഷി എന്നൊക്കെയാണ്.

  comment
  • Tags:

  LATEST NEWS


  തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ...ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോയിലേക്ക് കൊണ്ടുപോകും...


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.