×
login
മുഖര്‍ജി സ്മരണയില്‍

ജനസംഘസ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വ ദിനം ജൂണ്‍ 23 നായിരുന്നു. ജൂലൈ 7 ന് അദ്ദേഹത്തിന്റെ ജന്മദിനവുമാണ്. മുന്‍കാലങ്ങളില്‍ ശ്യാം ബാബു ബലിദാന പാക്ഷികമായി ഈ രണ്ടാഴ്ചക്കാലം ആചരിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണയും ചിലയിടങ്ങളിലെങ്കിലും അതു നടക്കുന്നുവെന്നറിഞ്ഞത് സന്തോഷകരം തന്നെ. നമ്മുടെ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഓര്‍ക്കാനും അതിനായി പുനസ്സമര്‍പ്പണം നടത്താനും അതവസരം നല്‍കുമല്ലോ. രണ്ടാമത്തെ മഹാപുരുഷന്‍ കര്‍ണാടക കേസരി എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന ജഗന്നാഥ റാവു ജോഷിയാണ്.

ഭാരതീയ ജനതാ പാര്‍ട്ടിയേയും, അതിന്റെ പൂര്‍വരൂപമായിരുന്ന ഭാരതീയ ജനസംഘത്തെയും സംബന്ധിച്ചിടത്തോളം പരമപ്രധാനമായ പങ്കുനിര്‍വഹിച്ച രണ്ട് മഹാപുരുഷന്മാരെ ഓര്‍മിക്കേണ്ട കാലയളവാണ് പോയവാരം. ജനസംഘസ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വ ദിനം ജൂണ്‍ 23 നായിരുന്നു. ജൂലൈ 7 ന് അദ്ദേഹത്തിന്റെ ജന്മദിനവുമാണ്. മുന്‍കാലങ്ങളില്‍ ശ്യാം ബാബു ബലിദാന പാക്ഷികമായി ഈ രണ്ടാഴ്ചക്കാലം ആചരിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണയും ചിലയിടങ്ങളിലെങ്കിലും അതു നടക്കുന്നുവെന്നറിഞ്ഞത് സന്തോഷകരം തന്നെ. നമ്മുടെ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഓര്‍ക്കാനും അതിനായി പുനസ്സമര്‍പ്പണം നടത്താനും അതവസരം നല്‍കുമല്ലോ.

രണ്ടാമത്തെ മഹാപുരുഷന്‍ കര്‍ണാടക കേസരി എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന ജഗന്നാഥ റാവു ജോഷിയാണ്. ദക്ഷിണ ഭാരതത്തില്‍ ഭാരതീയ ജനസംഘത്തിന്റെ സംഘാടകനായി നിയോഗിക്കപ്പെട്ട സംഘപ്രചാരകനായിരുന്നു ആ ധാര്‍വാഡ്കാരന്‍. ഗോവാ വിമോചനത്തിനായി 1955 ല്‍ നടത്തപ്പെട്ട സത്യഗ്രഹത്തില്‍ ജനസംഘം, സോഷ്യലിസ്റ്റ് സത്യഗ്രഹികളെ നയിച്ചുകൊണ്ട് പറങ്കിപ്പട്ടാളത്തിന്റെ ഭീകര മര്‍ദ്ദനത്തിനു വിധേയനായ അദ്ദേഹം 15 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടുവെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്റെയും നയതന്ത്രനീക്കങ്ങളുടെയും ഫലമായി ഏതാനും നാള്‍ക്കുശേഷം വിട്ടയയ്ക്കപ്പെട്ടു. കേരളത്തില്‍നിന്ന് എ.കെ. ശങ്കരമേനോന്‍, ഇ.പി. ഗോപാലന്‍, ടി. സുകുമാരന്‍, പി. ഗോവിന്ദന്‍, പി. സുകുമാരന്‍ എന്നിവരും തുടര്‍ന്ന് സത്യഗ്രഹത്തിനു പോയിരുന്നു. ജോഷിജി ഹിന്ദി, ഇംഗ്ലീഷ്, മറാഠി, കന്നട ഭാഷകളില്‍ വശ്യവചസ്സായ പ്രഭാഷകനായിരുന്നു.

ശ്യാമപ്രസാദ് മുഖര്‍ജി, പ്രസിദ്ധനായിരുന്ന സര്‍  ആശുതോഷ് മുഖര്‍ജിയുടെ പുത്രനായിരുന്നു. കല്‍ക്കത്ത ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപനായിരുന്ന അദ്ദേഹം കല്‍ക്കത്താ സര്‍വകലാശാലാ വൈസ് ചാന്‍സലറുമായി. മഹാനായ പിതാവിന്റെ മഹാനായ പുത്രന്‍ എന്നറിയപ്പെട്ടിരുന്ന ശ്യാമപ്രസാദ് പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സിന്‍ഡിക്കേറ്റംഗമായതോടെ അക്കാര്യത്തിലും ശ്രദ്ധേയനായി. അവിഭക്ത ബംഗാളിലെ അദ്വിതീയ നേതാവായി അദ്ദേഹം ജനങ്ങളെ അണിനിരത്തി. വീരസാവര്‍ക്കര്‍ ഹിന്ദു മഹാസഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞപ്പോള്‍ ഗാന്ധിജിയുടെ നിര്‍ദേശം സ്വീകരിച്ച് മുഖര്‍ജി മഹാസഭാധ്യക്ഷനായി. അദ്ദേഹത്തിന്റെ തീവ്രപ്രയത്‌നം കൊണ്ടാണ് ബംഗാള്‍ വിഭജന സമയത്ത് നടന്ന ഹിന്ദു നരസംഹാരത്തെ ചെറുക്കാനും, ആയിരക്കണക്കിനു ജീവനുകള്‍ രക്ഷിക്കാനും കഴിഞ്ഞത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രൂപീകൃതമായ കേന്ദ്ര മന്ത്രിസഭയില്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം നെഹ്‌റു അദ്ദേഹത്തെയും ഉള്‍പ്പെടുത്തി. വ്യവസായ വകുപ്പാണ് നല്‍കപ്പെട്ടത്. യുദ്ധകാലത്ത് വ്യവസായത്തിന്റെ അടിത്തറയാകെ ബ്രിട്ടീഷുകാര്‍ ഇളക്കി, 'മൂപ്പിറക്കി'യാണവര്‍ 1947 ആഗസ്റ്റില്‍ പോയത്. വ്യവസായത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ ബെംഗളൂരുവിലെ വിമാനശാലയും വാരാണസിയിലെ തീവണ്ടി യന്ത്ര ഫാക്ടറിയും സിന്ദ്രിയിലെ വള നിര്‍മാണശാലയും മറ്റും സ്ഥാപിക്കാന്‍ ഡോ. മുഖര്‍ജി മുന്‍കയ്യെടുത്തു. ഇന്നും വ്യവസായ ശൃംഖലയുടെ ശക്തമായ അടിക്കല്ലുകളായി അവ നിലനില്‍ക്കുന്നു.

വിഭജനത്തെത്തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹവും, കിഴക്കന്‍ ബംഗാളിലെ കൂട്ടക്കൊലകളും ഇല്ലാതാക്കാന്‍ ഉണ്ടാക്കിയ നെഹ്‌റു-ലിയാഖത്ത് അലി ഒത്തുതീര്‍പ്പില്‍, ഹിന്ദു രക്ഷ ഉറപ്പില്ലാതാക്കിയതില്‍ പ്രതിഷേധിച്ച് ഡോ. മുഖര്‍ജി മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. രാജി പ്രഖ്യാപിച്ചുകൊണ്ടദ്ദേഹം പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗം, സഭാതലത്തില്‍ മുഴങ്ങിയ ഏറ്റവും ഉജ്വല പ്രഭാഷണമായി ഇന്നും വിലയിരുത്തപ്പെടുന്നു.

തുടര്‍ന്ന് ഭാരതീയ മൂല്യങ്ങളിലും സംസ്‌കാരത്തിലും ഊന്നിയ ഒരു പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കണമെന്ന അഭിലാഷം അദ്ദേഹത്തിലുദിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചുവന്ന അദ്ദേഹത്തിന്, അതിനെ രാഷ്ട്രീയ കക്ഷിയാക്കാന്‍ ആഗ്രഹമുണ്ടായി. അദ്ദേഹം ശ്രീഗുരുജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പക്ഷേ സംഘം രാഷ്ട്രീയത്തില്‍നിന്ന് അലിപ്തമായേ നില്‍ക്കൂ എന്ന ശ്രീഗുരുജിയുടെ നിലപാടിനെ മാറ്റാനായില്ല. ഏതാനും സംഘപ്രവര്‍ത്തകരുടെ സേവനം അദ്ദേഹത്തിന് നല്‍കാന്‍ ശ്രീഗുരുജി സമ്മതിച്ചു. ഏതാനും ഇരുത്തം വന്ന പ്രചാരകന്മാരെ ശ്രീഗുരുജി ഡോ. മുഖര്‍ജിയെ സഹായിക്കാനായി വിട്ടുകൊടുത്തു. അവരില്‍ പ്രമുഖന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ആയിരുന്നു. അദ്ദേഹമാകട്ടെ, അടല്‍ബിഹാരി വാജ്‌പേയി, നാനാജി ദേശ്മുഖ്, സുന്ദര്‍സിങ് ഭണ്ഡാരി, ഡോ. ഭായി മഹാവീര്‍, യജ്ഞദത്ത ശര്‍മ്മ, ജഗന്നാഥ റാവു ജോഷി മുതലായവരെ കൂടി സഹകരിപ്പിച്ചു. 1953 വരെ പാര്‍ട്ടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഒന്നാമത്തെ ദേശീയ കണ്‍വെന്‍ഷന്‍ കാണ്‍പൂരില്‍ നടത്തി. ആ സമ്മേളനത്തില്‍ ഡോ. മുഖര്‍ജി നയലക്ഷ്യപ്രഖ്യാപനം നടത്തി. ദീനദയാല്‍ജിയെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചു. സമ്മേളനത്തിന്റെ വിജയത്തോടെ സംതൃപ്തനായ ഡോ. മുഖര്‍ജി, ഇങ്ങനത്തെ രണ്ട് ദീനദയാല്‍മാര്‍കൂടിയുണ്ടെങ്കില്‍ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ജമ്മുകശ്മീര്‍ സംസ്ഥാനം ഏതാണ്ടൊരു സുല്‍ത്താനെപ്പോലെ ഭരിക്കുകയായിരുന്നു നെഹ്‌റുവിന്റെ അതിവിശ്വസ്തനായിരുന്ന ഷേക് അബ്ദുള്ള. അവിടെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ അനുമതിയില്ലായിരുന്നുവെന്നു മാത്രമല്ല, അതിനു തുനിഞ്ഞവരെ വെടിവെച്ചു കൊല്ലുകവരെയുണ്ടായി. സംസ്ഥാനത്തിന് പ്രത്യേകം കൊടിയും ഭരണഘടനയും നിയമസഭയുമായിരുന്നു. പ്രത്യേകം സൈന്യവും നിലനിര്‍ത്തി. സംസ്ഥാനത്ത് പുറത്തുനിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെയും പെര്‍മിറ്റ് ഇല്ലാതെയും പ്രവേശിക്കാന്‍ വിലക്കുണ്ടായി.

ഭാരതത്തില്‍ മറ്റു രാജഭരണ സംസ്ഥാനങ്ങളെപ്പോലെതന്നെയുള്ള സ്ഥാനം ജമ്മുകശ്മീരിനും നല്‍കണമെന്നാവശ്യപ്പെട്ട പ്രജാപരിഷത്തിനെതിരെ പട്ടാളത്തെ ഉപയോഗിച്ചു. അനവധിപേര്‍ കൊല്ലപ്പെട്ടു. നെഹ്‌റുവാകട്ടെ അവിടെയെല്ലാം സാധാരണനിലയിലാണെന്ന നിലപാടാണ് സ്വീകരിച്ചത്.

പഞ്ചാബിലും ദല്‍ഹിയിലും മറ്റും ജമ്മുകശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി നടത്തിയ പ്രക്ഷോഭങ്ങളെ നെഹ്‌റു ഭരണകൂടം സൈന്യത്തെ ഉപയോഗിച്ചുതന്നെ അമര്‍ച്ച ചെയ്തു. ജനസംഘം നേതാക്കളെ തടങ്കലില്‍ വെക്കാന്‍ 1818 ലെ കരിനിയമം എന്നു കുപ്രസിദ്ധമായ കരുതല്‍ തടങ്കല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ നടപടിയെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗവും തുല്യതയില്ലാത്തതായിരുന്നു. താന്‍ പെര്‍മിറ്റ് കൂടാതെ ജമ്മുവില്‍ പോകുകയാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ അേദ്ദഹം പ്രഖ്യാപിച്ചു.


വാജ്‌പേയി സെക്രട്ടറിയായി ഒരുമിച്ചുണ്ടായിരുന്നു. സമരവീര്യം തുളുമ്പിയ കാശ്മീര്‍ യാത്ര അതിര്‍ത്തിയായ പഠാന്‍കോട്ടിലെ 'രാവി' നദിക്കുമേലുള്ള പാലത്തിലെത്തി. പാലം കടക്കുന്നതിനിടെ പെര്‍മിറ്റില്ലാതെ സംസ്ഥാനത്തു പ്രവേശിച്ചതിന് അദ്ദേഹത്തെ 1953 മെയ് 11ന് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും പാലത്തില്‍ അറസ്റ്റുവരിച്ചു. വെടിവെപ്പില്‍ ഒരാള്‍ മരിച്ചുവീണു.

ഒരു ലൊഡുക്ക് വാഹനത്തില്‍ അദ്ദേഹത്തെ ശ്രീനഗറിലേക്കു കൊണ്ടുപോയി. അവിടെ വേണ്ടത്ര പരിചരണമോ ഔഷധമോ നിഷേധിക്കപ്പെട്ടു. പ്ലൂറസി രോഗത്തിന് പതിവായി കഴിച്ചുവന്ന മരുന്നുപോലും നല്‍കപ്പെട്ടില്ല. എംപിമാരുടെ സംഘത്തിന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ നെഹ്‌റു അനുമതിയും കൊടുത്തില്ല. പാര്‍ലമെന്റംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നിഷേധരൂപത്തില്‍ നിര്‍വികാരമായ മറുപടിയാണ് നല്‍കിയത്.

ഈ സംഭവത്തെയും പരിതസ്ഥിതികളെയുംകുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ അഭിവന്ദ്യ മാതാവ് യോഗമായാദേവി നെഹ്‌റുവിനയച്ച ഹൃദയഭേദകമായ കത്തിന് തീരെ അനുഭാവശൂന്യമായ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പ്രധാനമന്ത്രി അയച്ചത്.

ശ്യാംബാബുവിന്റെ ഭൗതികശരീരം സ്വന്തം നാടായ കല്‍ക്കത്തയില്‍ എത്തിച്ചപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ 20 ലക്ഷം പേര്‍ എത്തിയതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ ജനഹൃദയങ്ങൡലെ സ്ഥാനം മനസ്സിലാകും.

പിന്നീട് ജനസംഘത്തിന്റെ സാരഥ്യം വഹിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ 15 വര്‍ഷംകൊണ്ട് ആ പ്രസ്ഥാനത്തെ ലോകശ്രദ്ധയാകര്‍ഷിക്കത്തവിധം, ചിരപുരാതനവും നൂതനവുമായൊരു തത്വസംഹിതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തു. എത്ര വലിയ ആഘാതങ്ങള്‍ എവിടന്നുണ്ടായാലും അവയെയെല്ലാം തരിപ്പണമാക്കാന്‍ പോന്ന ആര്‍ജവത്തോടെ ആ പ്രസ്ഥാനം ഇന്ന് ഭാരതത്തില്‍ വേരൂന്നിക്കഴിഞ്ഞു.

''ജഹാം ഹുവാ ബലിദാന്‍ മുഖര്‍ജികാ

വഹ് കശ്മീര്‍ ഹമാരീ ഹൈ''

എന്നത് പിന്നീജ് ജനസംഘ-ബിജെപി സമ്മേളനങ്ങളിലെ മുദ്രാവാക്യമായിത്തീര്‍ന്നു. 2019ല്‍ നേടിയ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പാര്‍ലമെന്റില്‍ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി തുല്യം ചാര്‍ത്തിയ നിയമനിര്‍മാണത്തിലൂടെ അത് സാര്‍ഥകവും യാഥാര്‍ഥ്യവുമാക്കി. അതിന്റെ പൂരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഇതെഴുതുന്ന വേളയില്‍ സര്‍വകക്ഷി യോഗവും നടക്കുകയാണ്.

comment
  • Tags:

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.