×
login
സുധാകരസ്മരണ

തന്റെ വ്യാപാരത്തിരക്കിനിടയിലും കുശലം പറയാനും, വിശേഷങ്ങള്‍ അന്വേഷിക്കാനും സുധാകറിനു സന്തോഷമായിരുന്നു. വീട്ടിലെ മരാമത്തു പണികള്‍ക്കു വേണ്ട സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നതും അവിടെനിന്നുതന്നെ. നമ്മുടെ ആവശ്യങ്ങള്‍ വിവരിച്ചാല്‍ അതിനേറ്റവും അനുയോജ്യം എന്താണെന്നു വിവരിച്ചുതരുന്ന ശീലം ശ്രദ്ധേയമായിരുന്നു

റണാകുളത്തെ മുതിര്‍ന്ന സ്വയംസേവകന്‍ സുധാകര ഷേണായി അന്തരിച്ച വിവരം പത്രങ്ങളില്‍നിന്നറിഞ്ഞപ്പോള്‍ ഒട്ടേറെ സ്മരണകള്‍ മനസ്സിലൂടെ കടന്നുപോയി. അദ്ദേഹം എണ്‍പതുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. എനിക്ക് അടുത്തിടെയൊന്നും സുധാകരഷേണായിയെ കാണാന്‍ അവസരം വന്നിട്ടില്ല. രണ്ടായിരാമാണ്ടില്‍ ജന്മഭൂമിയില്‍നിന്നു വിരമിച്ചശേഷം എറണാകുളം വഴിയുള്ള വരവുകള്‍ കുറവായതാവാം കാരണം. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംയോജകനായി 2001 മുതല്‍ 2004 വരെ പ്രവര്‍ത്തിച്ച കാലത്ത് ടിഡി റോഡില്‍ ലക്ഷ്മീബായ് ട്രസ്റ്റിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തു അന്ന് അതിന്റെ സംസ്ഥാന കാര്യാലയം സ്ഥിതിചെയ്തിരുന്നു. വാസ്തവത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാന ആസ്ഥാനത്തിന്റെ ഒരു ഭാഗമായിരുന്നു അത്. അവിടേയ്ക്കു വരുന്ന അവസരങ്ങളില്‍ സുധാകര്‍ സാനിട്ടറീസ് എന്ന വ്യാപാരസ്ഥാപനത്തില്‍ കയറി സുധാകര്‍ ഷേണായിയെ കണ്ട് കുശലം പറയാന്‍ സമയം കണ്ടെത്തുമായിരുന്നു. തന്റെ വ്യാപാരത്തിരക്കിനിടയിലും കുശലം പറയാനും, വിശേഷങ്ങള്‍ അന്വേഷിക്കാനും അദ്ദേഹത്തിനു സന്തോഷമായിരുന്നു. വീട്ടിലെ മരാമത്തു പണികള്‍ക്കു വേണ്ട സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നതും അവിടെനിന്നുതന്നെ. നമ്മുടെ ആവശ്യങ്ങള്‍ വിവരിച്ചാല്‍ അതിനേറ്റവും അനുയോജ്യം എന്താണെന്നു വിവരിച്ചുതരുന്ന ശീലം ശ്രദ്ധേയമായിരുന്നു. വാട്ടര്‍ ടാങ്ക് നിര്‍മിച്ചപ്പോള്‍ അതിലൊട്ടിക്കാനുള്ള ടൈലുകള്‍ എങ്ങനെ വേണമെന്നു വിശദീകരിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. പുറമേ കാണുന്നിടം മാത്രം ഒരേ നിറത്തിലുള്ളവയും ഉള്‍ഭാഗം വിവിധ നിറങ്ങളിലുള്ളവയുമായാല്‍ നന്നായിരിക്കുമെന്നായിരുന്നു ഉപദേശം. അതിനു ചെലവു കുറയും. കാരണം ഒരേ നിറമല്ലാത്തതുതന്നെ. ഒട്ടിക്കുന്ന പണിക്കാരന്റെ മനോധര്‍മം പോലെ അതുപയോഗിക്കാമല്ലൊ.

1957 ല്‍ പ്രചാരകനായി എറണാകുളത്ത് പരമേശ്വര്‍ജിയെ കാണാന്‍ വന്നപ്പോള്‍, അവിടെ പത്മാ സിനിമാ തീയറ്ററിന്റെ എതിര്‍വശത്ത് എംജി റോഡിലെ മാധവനിവാസ് കാര്യാലയത്തില്‍ ഒരാഴ്ച താമസിച്ചിട്ടാണ് കാര്യക്ഷേത്രമായ ഗുരുവായൂര്‍ക്ക് പോയത്. ആ ഇടവേളകളില്‍ എറണാകുളത്തെയും കൊച്ചിയിലേയും ശാഖകളില്‍ അദ്ദേഹംതന്നെ എന്നെ കൊണ്ടുപോകുമായിരുന്നു. ടിഡി ഭാഗത്തെ സായാഹ്‌നശാഖയിലാണ് ഒരു വൈകുന്നേരം പോയത്. ഇന്നു സുധീന്ദ്ര കല്യാണമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലം അന്നു വെറുതെ കിടക്കുകയായിരുന്നു. അവിടമാണ് സായംശാഖയുടെ സംഘസ്ഥാന്‍. 20-30 പേര്‍ ശാഖയിലുണ്ടാകുമായിരുന്നു. തരുണ, ബാല സ്വയംസേവകര്‍ കളികള്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങള്‍ ഏറ്റവും വാശിയോടെ വാദിക്കുന്ന ഒരാളായിരുന്നു സുധാകരന്‍. അതാണദ്ദേഹത്തെ ഓര്‍മയില്‍ നിലനിര്‍ത്തിയ ഒരു ഘടകം. താര്‍ക്കികന്മാര്‍ വേറെയും ഏറെപ്പേരുണ്ടായിരുന്നു. അവരെല്ലാവരുംതന്നെ ഇപ്പോള്‍ വളരെ ഉയര്‍ന്ന നിലയിലുള്ള ബിസിനസ്സുകാരോ ഉദ്യോഗസ്ഥരോ മറ്റു തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരോ ആണ്.

സംഘപരിവാര്‍ സംഘടനകളിലെ നീക്കങ്ങളൊക്കെ അദ്ദേഹം കൃത്യമായി അറിയുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ പതിറ്റാണ്ടുകള്‍ കഴിഞ്ഞശേഷമാണ് സ്വന്തമായി സുധാകര്‍ സാനിട്ടറീസ് ആരംഭിച്ചത്. ടിഡി റോഡില്‍ ഹിന്ദുക്കള്‍ മാത്രം താമസിച്ചുവരുന്ന ഭാഗത്ത് ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. ഒരു മാന്യവ്യക്തി സ്വന്തം നിലയ്ക്കു നടത്തിവന്നത്. അദ്ദേഹം സ്‌കൂള്‍ നടത്താനാവാത്ത സ്ഥിതിയിലെത്തിയിരുന്നു. അവിടെ ഒരു അവധിക്കാലത്തു ക്രിസ്തുമത പ്രഭാഷണം നടത്താന്‍ ഒരു സായിപ്പും അനുചരസംഘവും എത്തി സുവിശേഷ പ്രഭാഷണങ്ങളും താളമേളങ്ങളോടെയുള്ള പാട്ടുകളുമൊക്കെ ആരംഭിച്ചു. സ്വയംസേവകര്‍ വിവരം പരമേശ്വര്‍ജിയെ അറിയിക്കുകയും, ക്ഷേത്രസങ്കേതത്തില്‍ ഇത്തരം തോന്ന്യാസങ്ങള്‍ അനുവദിക്കരുതെന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം കുറേ യുവാക്കളുടെ സംഘം സ്‌കൂളിലെത്തി പരിപാടി നിര്‍ത്തണമെന്നാവശ്യപ്പെട്ടു. പരമേശ്വര്‍ജിയും കൂടെയുണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂര്‍ സായിപ്പുമായി അദ്ദേഹം സംസാരിച്ചു. ബ്രിട്ടീഷ് ഭരണമല്ല ഇപ്പോഴെന്ന് ഓര്‍ക്കണമെന്നും ഒരൊറ്റ ക്രൈസ്തവ ഭവനവുമില്ലാത്ത ഈ ഭാഗത്ത് ഇത്തരം സമ്മേളനം നടത്തുന്നത് പ്രകോപനപരമാണെന്നും പരമേശ്വര്‍ജി പറഞ്ഞു. പിറ്റേന്ന് 'ദൈവവിളി' വന്ന ഒരു ഹിന്ദുസ്ത്രീയെ മാര്‍ഗംകൂടി അത്തരം ഒരു പുരുഷനുമായി വിവാഹം നടത്താനുള്ളതാണെന്ന് സായിപ്പ് പറഞ്ഞു, അതിന് സമ്മതിക്കില്ലെന്നു നാട്ടുകാരും പ്രഖ്യാപിച്ചു. ഏതായാലും സുവിശേഷ സമ്മേളനവും പ്രവചനഘോഷണങ്ങളും മതിയാക്കി അന്നുതന്നെ സായിപ്പും കൂട്ടരും സ്ഥലമൊഴിഞ്ഞു. ഈ സമയത്ത് സുധാകര്‍ ഷേണായി സജീവമായി മുന്നിലുണ്ടായിരുന്നു.

ഞാന്‍ ഗുരുവായൂര്‍നിന്നു തലശ്ശേരിക്കും അവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കും സംഘനിയോഗമനുസരിച്ചു പോയശേഷം ഭാരതീയ ജനസംഘത്തിന്റെ ഉത്തരവാദിത്തവുമായി എറണാകുളം ആസ്ഥാനമാക്കിയപ്പോഴാണ് വളരെ നാളത്തെ ഇടവേളക്കുശേഷം സുധാകര ഷേണായിയുമായി ബന്ധം പുതുക്കിയത്. ജനസംഘ കാര്യാലയത്തിനടുത്തുതന്നെയുള്ള ഒരിടവഴിയിലായിരുന്നു അദ്ദേഹം കുടുംബസഹിതം വസിച്ചത്. ജനസംഘ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായി. 1970 ല്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ അതിന്റെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഊര്‍ജസ്വലനായിരുന്നു.


ജന്മഭൂമിയുടെ എംഡി ആയിരുന്ന ടി.എം.വി. ഷേണായിയുടെ കുടുംബത്തിലെ മറ്റൊരു ശാഖയില്‍പ്പെട്ടയാളായിരുന്നു സുധാകര്‍. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിനും മറ്റനേകം പേര്‍ക്കും ജീവിതം ഞാണിന്മേല്‍ കളിപോലെയായിരുന്നല്ലൊ. തമ്മനം എന്ന സ്ഥലത്ത് ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങള്‍ക്കു സങ്കേതമായി  രാമന്‍പിള്ളയും ഏറ്റുമാനൂര്‍ രാധാകൃഷ്ണനും മറ്റും ഒരുമിച്ചു വരാറുണ്ടായിരുന്ന വീട് പോലീസ് വളഞ്ഞു ചിലരെ പിടികൂടുകയും, പോലീസ് മിസാ തടവുകാരനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീട് ടിഡി ക്ഷേത്രത്തിനു സമീപമായിരുന്നതിനാലും ആ ഭാഗം സംഘത്തിന്റെ ശക്തികേന്ദ്രമാണെന്നു സര്‍വിദിതമായതിനാലും അവിടം ശക്തമായ നിരീക്ഷണത്തിലായി.

അങ്ങനെയിരിക്കെ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയും, അഖിലേന്ത്യാ സമ്മേളനത്തിന്റെ ചുമതലക്കാരനുമായിരുന്ന രാംഭാവു ഗോഡ്‌ബോലേ കേരളത്തിലെത്തി. സംസ്ഥാനത്തെ പ്രധാന ജനസംഘ നേതാക്കളുടെ യോഗം, ഇതര നേതാക്കന്മാരുമായി  സമ്പര്‍ക്കം മുതലായ പരിപാടികളായിരുന്നു അദ്ദേഹത്തിന്.

നിലമ്പൂര്‍, പാലക്കാട്, തൃശ്ശിവപേരൂര്‍ വഴി ഏലൂരിലെത്തി. ഏലൂരില്‍ മിസാ തടവുകാരനായി പരോളില്‍ വന്ന ടി.ആര്‍. സോമശേഖരനുമായി സംസാരിച്ചു വൈകുന്നേരം എറണാകുളത്തെത്തി. രാമന്‍ പിള്ളയ്ക്കും ഗോഡ്‌ബോലേജിക്കും എനിക്കും താമസിക്കാനുള്ള വ്യവസ്ഥ വേണമായിരുന്നു. അദ്ദേഹത്തിന് ബോംബേയിലും ദല്‍ഹിയിലുമുള്ള ചില മുഖ്യന്മാരുമായി സുപ്രധാന കാര്യങ്ങള്‍ സംസാരിക്കേണ്ടിയിരുന്നു. സുധാകര്‍ ഷേണായി അദ്ദേഹത്തെ തന്റെ വീട്ടില്‍ കൊണ്ടുപോയി. ബിസിനസ്സ് ആവശ്യത്തിന് താന്‍ ഈ സ്ഥലങ്ങളുമായി രാത്രി സംസാരിക്കാറുണ്ടായിരുന്നതിനാല്‍ സംശയമുണ്ടാവില്ല എന്നു പറഞ്ഞു. ഗോഡ്‌ബോലേജിക്ക് തന്റെ കാര്യങ്ങള്‍ നടന്നു. രാത്രിയില്‍ തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ ഉറങ്ങാനും ഏര്‍പ്പാടാക്കിയിരുന്നു.

പ്രാന്തകാര്യാലയം എളമക്കരയിലേക്കു മാറ്റിയപ്പോള്‍ ടിഡി ഭാഗത്തേക്ക് മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സ്വയംസേവകരുടെ പോക്കുവരവില്‍ കുറവുണ്ടായി.  ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും ആസ്ഥാനവും ഇപ്പോള്‍ പുതിയ സ്ഥലങ്ങളിലായി. പഴയ സൗഹൃദങ്ങളും ബന്ധങ്ങളും ഓര്‍മയില്‍ ഒതുങ്ങുന്നു.

comment
  • Tags:

LATEST NEWS


നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.