login
തെഹ്‌രിയിലെ ഋഷിയെ നേരില്‍ കണ്ടപ്പോള്‍

ലോകത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ സുന്ദര്‍ലാല്‍ ബഹുഗുണ വിടപറഞ്ഞിരിക്കുന്നു. പ്രകൃതി സംരക്ഷണം ജീവിതവ്രതമാക്കുകയും, മണ്ണും വെള്ളവും വായുവും മരങ്ങളുമൊക്കെ സ്വന്തം ആത്മാവിന്റെ ഭാഗമായി കാണുകയും ചെയ്ത ആധുനിക ഋഷി തന്നെയായിരുന്നു ബഹുഗുണ. ചിപ്‌കോ പ്രസ്ഥാനത്തിലൂടെയും, തെഹ്‌രി അണക്കെട്ടിനെതിരായ പ്രക്ഷോഭത്തിലൂടെയും ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും കാതുകളും തന്നിലേക്ക് തിരിച്ച ബഹുഗുണയെ നേരില്‍ കണ്ടതിന്റെ ധന്യത പങ്കുവയ്ക്കുകയാണ് ലേഖകന്‍

എ. ജയകുമാര്‍ ഡറാഡൂണിലെ വീട്ടില്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ സന്ദര്‍ശിച്ചപ്പോള്‍

ഭാരതത്തെ ഒരു തീര്‍ത്ഥ ഭൂമിയായി നമ്മുടെ പൂര്‍വികര്‍ കരുതിയിരുന്നു. രണ്ടു തരം തീര്‍ത്ഥങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഒന്ന് ചര തീര്‍ത്ഥങ്ങളും മറ്റൊന്ന് അചര തീര്‍ത്ഥങ്ങളും. അതായത് ചലിക്കുന്ന തീര്‍ത്ഥങ്ങളും ചലിക്കാത്ത തീര്‍ത്ഥങ്ങളും. ചാതുര്‍ മഠങ്ങളെയും ജ്യോതിര്‍ ലിംഗങ്ങളെയും മറ്റു പുണ്യ സ്ഥലങ്ങളെയുമാണ് നാം പൊതുവെ അചര തീര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്. മഹാത്മാക്കളെയാണു ചരതീര്‍ത്ഥങ്ങള്‍ എന്നു വിളിച്ചിരുന്നത്. ജനങ്ങള്‍ അറിവിനും ആശയങ്ങള്‍ക്കുമായി സമീപിക്കുന്നവരും, നേര്‍വഴി കാണിച്ചു സമൂഹത്തിനു ജ്ഞാനം പകര്‍ന്നുകൊടുക്കുന്നവരും ചരതീര്‍ത്ഥന്മാരാണ്. സുന്ദര്‍ലാല്‍ ബഹുഗുണ ഭാരതത്തിന്റെ ഒരു ചരതീര്‍ത്ഥമായിരുന്നു.

പ്രകൃതിയോടു മനുഷ്യനെ ഇണക്കിച്ചേര്‍ത്ത വിശ്വപൗരനാണ് സുന്ദര്‍ലാല്‍ ബഹുഗുണ. ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ജാതി വിവേചനത്തിനെതിരെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും മദ്യ വര്‍ജ്ജനത്തിനുമൊക്കെ വളരെ ചെറുപ്പത്തില്‍ തന്നെ ഗ്രാമീണ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലകളും മരങ്ങളും നദികളും ബഹുഗുണയ്ക്ക് പ്രാണനു തുല്യമായിരുന്നു. മണ്ണും ജലവും വായുവും ജീവന്റെ ആധാരശിലകള്‍ ആണെന്ന് അദ്ദേഹം ലോകത്തോടു വിളിച്ചുപറഞ്ഞു. ഗ്രാമീണ ജനതയുടെ ജീവിതവും അവരുടെ ഉപജീവനമാര്‍ഗ്ഗവും പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യവും ഏഴു പതിറ്റാണ്ട് മുന്‍പ് ഹിമാലയന്‍ താഴ്‌വരയിലെ സാധാരണക്കാര്‍ക്ക് പറഞ്ഞുകൊടുത്തു.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും പ്രേരണയായിരുന്നു ബഹുഗുണ. 2002 ല്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കരമന ആറുമുതല്‍ കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴ വരെയുള്ള 41 നദീതീരങ്ങളിലൂടെയുള്ള 'നദീവന്ദനം' യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയത് സുന്ദര്‍ലാല്‍ ബഹുഗുണ ആയിരുന്നു. സുഗതകുമാരി ടീച്ചറും പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിയും പ്രൊഫ. സീതാരാമനും സി. എം. ജോയിയും അടക്കം കേരളത്തില്‍ പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും സുന്ദര്‍ലാല്‍ ബഹുഗുണ ഒരു ആവേശമായിരുന്നു. ''കാടും മലകളും ആദ്യം നിങ്ങള്‍ സംരക്ഷിക്കൂ. എങ്കിലേ നമുക്ക് നദികളെ സംരക്ഷിക്കുവാന്‍ കഴിയൂ.'' അന്ന് അദ്ദേഹം കേരള ജനതയോട് പറഞ്ഞു. സുന്ദര്‍ലാല്‍ ബഹുഗുണ നമുക്ക് നല്‍കിയ മുന്നറിയിപ്പ് ഉള്‍ക്കൊള്ളാത്തതിന്റെ ദോഷകരമായ പരിണിതഫലങ്ങളെയാണ് പിന്നീട് പ്രൊഫ. മാധവ് ഗാഡ്ഗില്‍ നമ്മോടു വീണ്ടും ചൂണ്ടിക്കാണിച്ചത്.

1927 ജനുവരി 9 നു തെഹ്‌രി ഗ്രാമത്തില്‍ ജനിച്ച സുന്ദര്‍ലാല്‍ ഏഴു പതിറ്റാണ്ടോളം ലക്ഷോപലക്ഷം ഗ്രാമീണരെ പരിസ്ഥിതി സംരക്ഷകരാക്കുകയും, പ്രകൃതി ചൂഷകര്‍ക്കെതിരെ പോരാടുവാനുള്ള ഊര്‍ജം പകരുകയും ചെയ്തു. 24 വര്‍ഷം അദ്ദേഹം തെഹ്രി ഡാമിനെതിരെ സമരം നടത്തി. അതിനിടെ 1996ല്‍ നടത്തിയ 74 ദിവസത്തെ നീണ്ട നിരാഹാര സത്യഗ്രഹവും, അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡയുമായുള്ള സന്ധി സംഭാഷണവുമൊക്കെ സുന്ദര്‍ലാല്‍ജിയുടെ ജീവിതത്തിലെ അവിസ്മരണീയ സന്ദര്‍ഭങ്ങളാണ്.

1970 കാലഘട്ടത്തില്‍ നടത്തിയ ചിപ്‌കോ സമരമാണ് സുന്ദര്‍ലാല്‍ജിയിലേക്ക് ലോകശ്രദ്ധ പതിയാന്‍ കാരണമായത്. മരങ്ങള്‍ മുറിക്കുന്നതിനെതിരെ അവയെ കെട്ടിപ്പിടിച്ചുകൊണ്ട് ആയിരക്കണക്കിന് ഗ്രാമീണ സ്ത്രീകളെ ഹിമാലയന്‍ താഴ്‌വരകളില്‍ അണിനിരത്തിയതുവഴി പരിസ്ഥിതി സംരക്ഷണ സമര ചരിത്രത്തില്‍ ഒരു പുതു അധ്യായം സുന്ദര്‍ലാല്‍ജി എഴുതിച്ചേര്‍ക്കുകയായിരുന്നു. നൂറു വര്‍ഷം തികഞ്ഞ ഏതൊരു വൃക്ഷത്തെയും പൈതൃക വൃക്ഷമായി പ്രഖ്യാപിച്ച് അവയെ സംരക്ഷിക്കണമെന്ന് അദ്ദേഹം ജനങ്ങളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

സുന്ദര്‍ലാല്‍ ബഹുഗുണ ആധുനിക സമൂഹത്തിന് വിശ്വസിക്കാന്‍ സാധിക്കാത്ത ഒരു സാമൂഹ്യ ചുറ്റുപാടിലാണ് ഏഴു പതിറ്റാണ്ട് കാലം പ്രകൃതിക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്. തന്റെ പതിനേഴാമത്തെ വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ് ബഹുഗുണ ജയിലില്‍ പോയതെങ്കില്‍, എഴുപത്തി നാലാമത്തെ വയസ്സില്‍ തെഹ്രി ഡാമിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജയില്‍വാസം വേണ്ടിവന്നത്. മഹാത്മാ ഗാന്ധി ഉപ്പുസത്യഗ്രഹത്തിനു താണ്ടിയത് 450 കിലോമീറ്റര്‍ ആണെങ്കില്‍ സുന്ദര്‍ലാല്‍ ബഹുഗുണ ഹിമാലയന്‍ താഴ്‌വരകളെ സംരക്ഷിക്കുവാനായി ഗ്രാമീണ ജനതയോടൊപ്പം നടന്നുനീങ്ങിയത് 4500 കിലോമീറ്റര്‍ ആണ്. കൊടിയ തണുപ്പിലും കടുത്ത എതിര്‍പ്പിലും സമരം ചെയ്യുവാനുള്ള ആത്മവിശ്വാസവും ധൈര്യവും എവിടെനിന്നാണ് അങ്ങ് ആര്‍ജ്ജിക്കുന്നത് എന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഭക്തി, സമര്‍പ്പണം, ദൃഢനിശ്ചയം ഇവ മൂന്നും തന്നിലുണ്ട് എന്നാണ്. ഈ മൂന്നു ഗുണങ്ങള്‍ ഏതൊരു സാമൂഹ്യ പ്രവര്‍ത്തകന്റെയും ജീവിതത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ടതാണ്.

തെഹ്‌രി ഡാമിനെതിരെയുള്ള പ്രക്ഷോഭ കാലത്ത് ഈ ലേഖകന്‍ ബഹുഗുണയെ കാണുവാനായി ബസ്സിലും കാല്‍നടയായും വളരെ പണിപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി. അന്ന് ആ വീടും പരിസരവും എന്നെ സ്തബ്ധനാക്കി. ലോകപ്രശസ്തനായ പരിസ്ഥിതി സംരക്ഷകന് തന്റെ ഒറ്റമുറി വീട്ടില്‍ ഇരിക്കുവാന്‍ ഒരു കസേര പോലും ഇല്ലായിരുന്നു. ഒരു കട്ടിലും ഏതാനും കമ്പിളി വസ്ത്രങ്ങളും കുറച്ചു പാത്രങ്ങളും മാത്രം. കട്ടിലിന്റെ ഒരറ്റത്ത് ഒരു ടെലിഫോണ്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് സംവദിക്കുവാനും ആശയവിനിമയം നടത്തുവാനുമായി നാട്ടുകാര്‍ ചേര്‍ന്നു സംഘടിപ്പിച്ചു കൊടുത്തതായിരുന്നു ആ ടെലിഫോണ്‍. പില്‍ക്കാലത്തു 2009 ല്‍ ചന്ദ്രയാന്റെ നിറവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ക്കൊപ്പം സുന്ദര്‍ലാല്‍ ബഹുഗുണയെയും പത്മവിഭൂഷണ്‍ നല്‍കി ഭാരതം ആദരിച്ചു.

ശാസ്ത്ര രംഗത്ത് പ്രര്‍ത്തിക്കുന്ന 'വിജ്ഞാന ഭാരതി' എന്ന സംഘടനയ്ക്ക് മൂന്നുവര്‍ഷം മുന്‍പ് സുന്ദര്‍ലാല്‍ ബഹുഗുണ ഒരു സന്ദേശം അയച്ചിരുന്നു. അത് ഇപ്രകാരമാണ്:

''ശാസ്ത്രം ജനങ്ങള്‍ക്കിടയില്‍ എത്തിച്ചു രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിക്കുക. ഭാരതീയ സംസ്‌കൃതി -വസുധൈവ കുടുംബകം (ലോകം മുഴുവന്‍ ഒരു കുടുംബം)എന്നതാണ്. ഈ സന്ദേശം കാരണം ലോകത്തു സുഖവും ശാന്തിയും ക്ഷേമവും എത്തിച്ചേരും. നമ്മുടെ മൂന്നു മൂലധനങ്ങളായ മണ്ണ്, വെള്ളം, വായു എന്നിവ സംരക്ഷിക്കപ്പെടണം. മരം വച്ചുപിടിപ്പിക്കുന്നതു വഴി ഭൂമിയുടെ സംരക്ഷണം സാധ്യമാണ്. നമ്മള്‍ മണ്ണിനെ വിഷലിപ്തമാക്കിയിരിക്കുകയാണ്. മണ്ണ് നമ്മുടെ അമ്മയാണ്. അതിനു നേരെയുള്ള അന്യായങ്ങള്‍ തടയാനുള്ള കര്‍ത്തവ്യം ഭൂമിയുടെ എല്ലാ മക്കളുടേതുമാണ്.''

2018 ന്റെ ആദ്യ ദിവസം, ജനുവരി ഒന്നിനു വീണ്ടും ഞാന്‍ ബഹുഗുണയെ കാണാന്‍ പോയി. ഏഴു പതിറ്റാണ്ടിന്റെ പോരാട്ടത്തിന്റെ തിളക്കം നവതി ആഘോഷിക്കാനൊരുങ്ങുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. ഞാന്‍ കാല്‍തൊട്ടു വന്ദിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കൈകള്‍ എന്റെ ശിരസ്സിലമര്‍ന്നു. എന്റെ ജീവിതയാത്രയിലെ ഒരു ഈശ്വര സ്പര്‍ശമായി ഇന്നും അത് പ്രേരണയാകുന്നു.

എ. ജയകുമാര്‍

  comment

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.