login
ഭരണസിരാ കേന്ദ്രത്തില്‍ വീണ്ടും ഒരേഴുത്തുകാരന്‍

സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്ന വി.പി.ജോയ് ഐഎഎസ് അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നാണ്. ഉന്നതോദ്യോഗസ്ഥനായിരിക്കുമ്പോഴും അക്ഷരങ്ങളുമായും ആശയങ്ങളുമായും സല്ലപിക്കുന്ന ഒരാള്‍. ബ്യൂറോക്രസിയുടെ മാനുഷിക മുഖമാണ്

സ്വന്തം മകന്റെ കഴിവില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന ഒരു പിതാവ് യഥാസമയത്ത് കൈക്കൊണ്ട തീരുമാനമാണ് ഇന്ന് ഒരു സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നതിന്റെ നടുനായകത്വത്തിലേക്ക് ഡോ. വി. പി. ജോയിയെ എത്തിച്ചിരിക്കുന്നത്.  

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ മകന്‍ ജോയി കോളേജില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കട്ടെ എന്ന തീരുമാനമാണ് കുടുംബവരുമാനം തുച്ഛമായിരുന്നെങ്കിലും കര്‍ഷകനായ പിതാവ് പത്രോസ് കൈക്കൊണ്ടത്. ഉന്നത നിലയിലുള്ള വിജയങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് പഠനം തുടര്‍ന്ന ആ മകന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ ബി ടെക് പാസ്സായതിനു ശേഷം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ചേര്‍ന്ന് സയന്റിസ്റ്റ് ആയി പ്രവര്‍ത്തിച്ചു. 1987 ല്‍ ഐഎഎസ് ലഭിച്ച് പാലായില്‍ സബ് കളക്ടറായി ഔദ്യോഗിക സേവനരംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന് സ്വന്തം ജില്ലയില്‍ കളക്ടറായി എത്തുക എന്ന അപൂര്‍വ സൗഭാഗ്യം വഴി മാതാപിതാക്കളുടെ അഭിമാനം വാനോളം ഉയര്‍ത്തി. ഇപ്പോഴിതാ സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുകയും ചെയ്തിരിക്കുന്നു.  

കവിതയിലും ജീവിതത്തിലുമെല്ലാം പാരമ്പര്യ വഴിയിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. മലയാളത്തിലെ കവിത്രയങ്ങളുടെ കവിതകള്‍ മിക്കതും അദ്ദേഹത്തിന് മനഃപാഠമാണ്. എങ്കിലും കുമാരനാശാന്റെ കവിതകളോട് കൂടുതല്‍ ആരാധന പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ചിന്താവിഷ്ടയായ സീതയ്ക്ക് ഒരു മറുപടി എന്ന നിലയില്‍ 'രാമാനുതാപം' എന്ന ഖണ്ഡകാവ്യം അദ്ദേഹം രചിച്ചത്. ആ രചനയ്ക്ക് മനോഹരമായ ഒരു ഹിന്ദി പരിഭാഷയും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. കവിത വൃത്തനിബദ്ധമായിരിക്കണം എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. ഗദ്യകവിതകള്‍ എന്ന വിഭാഗം ഗവിത എന്നറിയപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ മതം. 'വീണക്കമ്പികള്‍' എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ കവിതാ സമാഹാരം ഇപ്പോള്‍ ഹിന്ദിയില്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ്.  

ഔദ്യോഗിക രംഗത്ത് വി. പി. ജോയിയുടെ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അതിന് സാക്ഷ്യം വഹിക്കുന്നത് അദ്ദേഹത്തോടൊപ്പം മന്ത്രിമാരായി പ്രവര്‍ത്തിച്ചവര്‍ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ താന്‍ ഔദ്യോഗിക ചുമതല ഏറ്റെടുത്തതിനു ശേഷം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നുള്ള പ്രതിമാസ പെന്‍ഷന്‍ സംഖ്യ പത്തും പതിനഞ്ചും ഇരുപതും പോലെയുള്ള തുച്ഛമായ സംഖ്യയാണെന്ന് കണ്ടെത്തുകയും, അത് വാങ്ങാന്‍ പോകുന്നതിന് മുടക്കേണ്ടി വരുന്ന സംഖ്യ അതിലും എത്രയോ വലുതാണെന്ന് മനസ്സിലാക്കി ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പ്രതിമാസ പെന്‍ഷന്‍ കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്യാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തി കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണറായി നിയമിച്ചത് അന്ന് ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോയന്റ് സെക്രട്ടറിയായിരുന്ന ഡോ. ജോയിയെയാണ്. ഒരാള്‍ ജോലിയില്‍ നിന്നു വിരമിച്ച് ആറുമാസം കഴിഞ്ഞാല്‍ മാത്രമേ പ്രോവിഡന്റ് ഫണ്ടില്‍ നിന്നുള്ള സംഖ്യ പിന്‍വലിക്കാന്‍ കഴിയൂ. തൊഴില്‍ ദാതാവ് മേലൊപ്പ് വച്ചില്ലെങ്കില്‍ പ്രോവിഡന്റ് ഫണ്ട് സംഖ്യ പിന്‍വലിക്കാന്‍ കഴിയില്ല എന്നും മറ്റുമുള്ള തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ മൂലവും തൊഴില്‍ദാതാവിലൂടെ മാത്രം വാര്‍ഷിക പിഎഫ് സ്റ്റേറ്റ്‌മെന്റ് നല്‍കുക എന്ന അതാര്യമായ നയം മൂലം തൊഴിലാളികളില്‍ നിന്ന് ശേഖരിക്കുന്ന സംഖ്യ യഥാസമയം അടയ്ക്കാതിരിക്കുക, ഒരിക്കലും അടയ്ക്കാതിരിക്കുക തുടങ്ങിയ ഹീനമാര്‍ഗ്ഗങ്ങള്‍ തൊഴില്‍ദാതാവ് സ്വീകരിച്ചിരുന്നു. ഇതെല്ലാം അര്‍ഹതപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് വാര്‍ദ്ധക്യത്തില്‍ ഉപകാരപ്പെടേണ്ട ഒരു അത്താണി എന്ന നിലയില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ കാലുപിടിച്ചും കൈക്കൂലി കൊടുത്തും പിഎഫ് അക്കൗണ്ടില്‍ അതുവരെ എത്തിച്ചേര്‍ന്ന പണം എങ്ങനെയും പിന്‍വലിച്ച് പെന്‍ഷന്‍ വേണ്ടെന്ന് വയ്ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന നിലയില്‍ കുത്തഴിഞ്ഞ തൊഴിലാളിവിരുദ്ധ പ്രസ്ഥാനമായി ഇപിഎഫ്ഒ യെ എത്തിക്കുന്നതില്‍ 2014 വരെ ഭാരതം ഭരിച്ചിരുന്നവര്‍ വിജയിച്ചിരുന്നു എന്നതാണ് വാസ്തവം.  

അവകാശികളില്ലാത്ത ഒരു വലിയ സംഖ്യ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കൈവശം ഉള്ളതായി കണ്ടെത്തിയ ജോയി പ്രസ്തുത സംഖ്യയുടെ ഒരു ഭാഗം ഓഹരി വിപണിയില്‍ നിക്ഷേപിച്ച് അതിലൂടെ ഫണ്ടിന്റെ ആദായം വര്‍ദ്ധിപ്പിക്കാന്‍ ഒരു ഭാഗത്ത് ശ്രമിച്ചപ്പോള്‍ മറുഭാഗത്ത് മുഴുവന്‍ രേഖകളും കംപ്യൂട്ടറില്‍ രേഖപ്പെടുത്തി പ്രോവിഡന്റ് ഫണ്ടില്‍ പണമടയ്ക്കുന്ന ഓരോ തൊഴിലാളിക്കും തന്റെ അക്കൗണ്ട് സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങള്‍ ഓരോ ദിവസവും അറിയാന്‍ കഴിയുന്ന നിലയിലെത്തിച്ചു. എല്ലാ മേഖലകളിലുമുള്ള ഓഫീസുകളുടെ സഹകരണം ഇതിന് അനിവാര്യമായിരുന്നു. നിരന്തരം യാത്രകള്‍ നടത്തി എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഓഫീസുകളെ പുതിയ രീതിയിലേക്കു മാറാന്‍ പ്രേരിപ്പിക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. എങ്കിലും എല്ലാ കടമ്പകളും കടന്ന് ഇന്നിപ്പോള്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഒരു ലളിത സൗകര്യമായി ഇപിഎഫ്ഒ മാറിക്കഴിഞ്ഞു, ഒപ്പം അന്‍പത്തിയെട്ട് വയസ്സു തികഞ്ഞു കഴിഞ്ഞാല്‍ അടുത്ത മാസം മുതല്‍ കൃത്യമായി പെന്‍ഷന്‍ ബാങ്കിലെത്തുന്ന സംവിധാനവും നടപ്പിലായിട്ടുണ്ട്. ഈ ഭഗീരഥപ്രയത്‌നം ഏതാണ്ട് രണ്ടരവര്‍ഷത്തില്‍ കുറഞ്ഞ കാലംകൊണ്ട് പൂര്‍ത്തിയാക്കാനായി എന്നിടത്താണ് വി. പി. ജോയി എന്ന ഭരണകര്‍ത്താവിന്റെ നേതൃപാടവം തെളിയുന്നത്.        

2014 ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതു മുതല്‍ അഭിവൃദ്ധിയുടെയും വികസനത്തിന്റെയും കാര്യത്തില്‍ ഒരു തരംതിരിവും കൂടാതെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാകാന്‍ ശ്രമിച്ചുപോരുന്നത് സൂക്ഷ്മദൃക്കുകള്‍ക്ക് കാണാന്‍ കഴിയും. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ജില്ലകളും തമ്മിലും വികസനത്തിന്റെ കാര്യത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍, പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലും വികസനമെത്തിക്കുന്നത് ലക്ഷ്യമാക്കി 2017 നവംബറില്‍ ശ്രമം തുടങ്ങിയപ്പോള്‍ കേരളത്തിലെ ഏക പിന്നാക്ക ജില്ല എന്നു കണ്ടെത്തിയ വയനാടിന്റെ പ്രഭാരിയായി നിയമിച്ചത് ഡോ. ജോയിയെയാണ്. ആ ചുമതല തന്നില്‍ അര്‍പ്പിതമായതിന്റെ തൊട്ടടുത്തദിവസം തന്നെ അദ്ദേഹം കേരള ക്ലബ്ബിലെത്തി വയനാടിനെപ്പറ്റി വല്ല പുസ്തകവുമുണ്ടോ എന്ന് അന്വേഷിക്കുകയും, ജില്ലയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം കരസ്ഥമാക്കുകയും ചെയ്തു.  

ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് വികസനപ്രവര്‍ത്തനങ്ങള്‍ ആവശ്യമായത് ഏതെല്ലാം മേഖലകളിലാണെന്ന് മനസ്സിലാക്കി കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും സൗകര്യവും ചെയ്തുവരുന്നുണ്ട്. യൂണിസെഫിന്റെ സഹായത്തോടെ വനിതാശിശുവികസന പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസരംഗത്തും ജില്ല ഇപ്പോള്‍ എഴുപത് ശതമാനത്തിലധികം ലക്ഷ്യം പിന്നിട്ടിരിക്കുന്നു എന്നാണ് 2020 ല്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്തു നടപ്പാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നയം സ്വീകരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിനു കീഴില്‍പ്പോലും 2017 നവംബറിലെ സ്ഥിതിയില്‍ നിന്ന് 2020 ഡിസംബര്‍ വരെ 25 ശതമാനത്തിലധികം വളര്‍ച്ച വയനാട് ജില്ലയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞു എന്നു പറയുമ്പോള്‍, അതില്‍ ഡോ. വി. പി. ജോയിയുടെ സംഭാവന ചെറുതല്ലെന്നു സമ്മതിക്കേണ്ടി വരും.    

തികഞ്ഞ അരാഷ്ട്രീയക്കാരനാണ് ഡോ. ജോയ്. ബൈബിള്‍ പശ്ചാത്തലത്തെ ആസ്പദമാക്കി ന്യായാധിപന്‍, അറിവാഴം എന്നീ രണ്ടു നോവലുകളും മാതൃവിലാപം എന്ന ഖണ്ഡകാവ്യവും രചിച്ചിട്ടുണ്ടെങ്കിലും പള്ളിയില്‍ പോകുന്നതും മറ്റു മതാനുഷ്ഠാനങ്ങളുമൊന്നും ശീലമാക്കാന്‍ അദ്ദേഹം മിനക്കെട്ടു കാണാറില്ല. ക്രിസ്തുവിന്റെ കുരിശ് മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെയുള്ള മണിക്കൂറുകളില്‍ മാതാവായ മറിയമിന്റെ മനസ്സ് സഞ്ചരിക്കുന്ന വഴികളാണ് 'മാതൃവിലാപം' എന്ന ഖണ്ഡകാവ്യത്തിന്റെ പ്രമേയം. ഏതൊരു അമ്മയുടെയും വിഹ്വലതകള്‍ ആവിഷ്‌കരിക്കപ്പെടുന്ന മൂന്നു ഖണ്ഡങ്ങളുള്ള ഈ കൃതി പക്ഷേ ആധുനികതയുടെ ആലിപ്പഴം പൊഴിച്ചിലിന്റെ പിന്നാലെ പായുന്ന നിരൂപകരുടെയൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല എന്നത് ഇന്ന് മലയാളസാഹിത്യം എത്തിനില്‍ക്കുന്ന മൂല്യച്യുതിക്ക് ഉത്തമോദാഹരണമാണ്.  

അക്ഷരശ്ലോകം ഡോ. ജോയിയുടെ പ്രിയ വിനോദമാണ്. ദല്‍ഹിയില്‍ മയൂര്‍ വിഹാറിലെ ശേഖര വാര്യരുടെ അക്ഷരശ്ലോക കൂട്ടായ്മയില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന് ഒരിക്കലും 'അച്ചുമൂളേണ്ട' അവസരം വന്നിട്ടില്ല എന്നു മാത്രമല്ല, മറ്റാരെങ്കിലും ഒരു ശ്ലോകം തെറ്റിച്ചാല്‍ അദ്ദേഹം അത് തിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്‍ജിനീയറിങ് പശ്ചാത്തലം വൃത്തങ്ങളെ സംബന്ധിച്ച കൃത്യമായ അറിവിനും സഹായിച്ചിട്ടുണ്ടെന്ന് സ്വയം സമ്മതിക്കുന്ന അദ്ദേഹത്തിന് ഒരു ശ്ലോകം കേട്ടാല്‍ അത് ഏത് വൃത്തത്തിലുള്ളതാണെന്ന് നിഷ്പ്രയാസം പറയാന്‍ സാധിക്കും.  

ഡോ. ജോയിയുടെ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ പ്രസാധകര്‍ക്കു മടിയില്ലെങ്കിലും കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് അദ്ദേഹത്തിന് നേരിട്ട ഒരു തിക്താനുഭവം ഇവിടെ കുറിക്കട്ടെ.  കേരള സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ മുഴുവനും ഇടതുപക്ഷവത്കരണത്തിനു വിധേയമാക്കിയ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കീഴിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് കുട്ടികള്‍ക്കു വേണ്ടി എഴുതിയ അദ്ദേഹത്തിന്റെ കുറെ കവിതകള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്താമെന്ന് അറിയിച്ചതനുസരിച്ച് ഡോ. ലീലാ ഓംചേരിയുടെ അവതാരിക സഹിതം 'ബാല്യമധുരങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ 42 കവിതകള്‍ പുസ്തകമാക്കുന്നതിന് 2018 ഏപ്രിലിലോ മറ്റോ അദ്ദേഹം അയച്ചുകൊടുത്തു. ഏറെക്കാലത്തിനു ശേഷവും ആ പുസ്തകം പുറത്തു വരാതിരുന്നതിനെത്തുടര്‍ന്ന് ഒരിക്കല്‍ പലതും സംസാരിച്ച കൂട്ടത്തില്‍ ആ പുസ്തകത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവതാരിക ചേര്‍ക്കുകയില്ല എന്നുള്ള നിലപാടിനും പു

സ്തകത്തിനു വേണ്ടി യാതൊരു സംഭാവനയും നല്‍കാത്ത ഒരാളുടെ പേര് ഡിസൈനര്‍ എന്ന പേരില്‍ ചേര്‍ക്കണമെന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശാഠ്യത്തിനും

വഴങ്ങാന്‍ തയ്യാറാകാതെ അത് പ്രസിദ്ധീകരിക്കേണ്ട എന്ന നിലപാട് താന്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ടിനെപ്പറ്റി ഉയരുന്ന മറ്റു പല ആക്ഷേപങ്ങള്‍ക്കും ഒപ്പം ഇതും ചേര്‍ത്തുവായിക്കാം.  

'ഉപനിഷദ് കാവ്യതാരാവലി'യാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. ദശോപനിഷത്തുകളും ശ്വേതാശ്വതരവും കൗഷീതകിയും രണ്ടു ലഘുപനിഷിത്തുകളും ഉള്‍പ്പെടെ പതിനാല് ഉപനിഷത്തുകള്‍ ഹൃദ്യവും ലളിതവുമായ മലയാള കാവ്യഭാഷയില്‍ അവതരിപ്പിക്കുന്നതില്‍ ഡോ. ജോയ് പ്രകടമാക്കുന്ന കൃതഹസ്തത മുന്‍പ്  

ഖലീല്‍ ജിബ്രാന്റെ 'പ്രവാചകന്‍', അലക്‌സാണ്ടര്‍ പുഷ്‌കിന്റെ 'വെങ്കലരൂപിയായ അശ്വാരൂഢന്‍' എന്നീ ലഘുരചനകളുടെ കാവ്യപരിഭാഷയിലൂടെ അദ്ദേഹം പരീക്ഷിച്ചു തെളിയിച്ചതാണ്. ഉപനിഷദ് കാവ്യതാരാവലിയുടെ ആദ്യപ്രതി ഗ്രന്ഥകാരനി

ല്‍ നിന്ന് ഏറ്റുവാങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന കാര്യവും ആ കൃതിയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു.

ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഏകോപന ചുമതലയുള്ള സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് സംസ്ഥാന ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നതിന് അദ്ദേഹം എത്തിച്ചേരുന്നത്.  കേന്ദ്രത്തിലെ എല്ലാ വകുപ്പുകളുമായും അനായാസം ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. കേന്ദ്രത്തിന്റെ വിഭിന്ന പദ്ധതികളെപ്പറ്റി സംസ്ഥാന മന്ത്രിസഭയെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനു കഴിയുമെന്ന് പ്രത്യാശിക്കാം. ഇരുപത്തിയെട്ടു മാസത്തെ സുദീര്‍ഘ സേവന കാലയളവാണ് ചീഫ് സെക്രട്ടറി പദവിയില്‍ ഡോ. ജോയിക്ക് ഉള്ളത് എന്നത് താന്‍ സ്വപ്‌നം കാണുന്ന പല പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ പര്യാപ്തമായ അവസരം അദ്ദേഹത്തിനു നല്‍കുമെന്നു പ്രത്യാശിക്കാം.

രാധാകൃഷ്ണന്‍ അയിരൂര്‍

  comment
  • Tags:

  LATEST NEWS


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.