×
login
ഒളിമങ്ങാത്ത പടവാള്‍ത്തിളക്കം

നിര്‍ദയസ്വാര്‍ത്ഥഭരണത്തിന്റെ കൊടിയേറ്റത്തിനും കോലംകെട്ട വാഴ്ചയ്ക്കുമിടയില്‍ പിന്നെയും കേരളം അറുപത് കൊല്ലം തുഴഞ്ഞു നീങ്ങിയിരിക്കുന്നു. തലമുറകളിലേക്ക് പടരുമെന്ന് വേലുത്തമ്പി ആത്മവിശ്വാസം കൊണ്ട നിത്യസ്വതന്ത്രനായ ആ ആത്മാവ് പുനര്‍ജനിക്കുകയാണ്. അമരമായ ഓര്‍മ്മകളില്‍ ഒരു രാഷ്ട്രമാകെ ആത്മാഭിമാനത്തിന്റെ തേരിലേറുമ്പോഴാണ് മറവിയുടെ ആഴങ്ങളില്‍നിന്ന് 'സ്വരാജ്യാഭിമാനി'യുടെ പുനരുത്ഥാനം... ജന്മഭൂമിയിലൂടെ ജനങ്ങളിലേക്ക് ആ ജീവിതഗാഥ വീണ്ടുമെത്തുന്നു. അമൃതോത്സവകാലത്തിന്റെ വായനകളിലേക്ക് ചരിത്രത്തെ എല്ലാക്കാലത്തും ത്രസിപ്പിച്ച പടവാള്‍ത്തിളക്കം

''അനാദികാലം തൊട്ട് നിനക്ക് തങ്കക്കാപ്പും ചെത്തിമാലയും ചാര്‍ത്തി ആരാധന നടത്തുന്ന തറവാടാണ് തലക്കുളം. ആ തറവാട്ടിലെ കരുത്താര്‍ന്ന ആണ്‍പിറവി നിനക്കിതാ അവന്റെ കുടല്‍ മാല ചാര്‍ത്തുന്നു. പാതാളത്തെയും ചവിട്ടിത്താഴ്ത്തി നില്‍ക്കുന്ന അവിടുത്തെ പാദങ്ങള്‍ ഞാനിതാ എന്റെ ചോരകൊണ്ട് കഴുകുന്നു. അവിടുത്തെ തൃപ്പാദങ്ങള്‍ ശുദ്ധമാകാനല്ല, എന്റെ നാട്ടുകാരുടെ മനസ്സ് നന്നാകാന്‍.... അവരുടെ ഹൃദയം ദേശസ്‌നേഹം കൊണ്ട് ചുവന്നുതുടിക്കാനമ്മേ.... ഈ മണ്ണടിക്കാവ് കാണുമ്പോഴെങ്കിലും അവരെന്നെ ഓര്‍ക്കട്ടെ, ഇവിടെ തളം കെട്ടിയ ചോര ഒരു ചോദ്യചിഹ്നമായി ഉയരട്ടെ... അവര്‍ ചോദിക്കട്ടെ... വേലുത്തമ്പി ജീവിച്ചതെന്തിന്, മരിച്ചതെന്തിന്....''

മണ്ണടിക്കാവിലെ ചാമുണ്‌ഡേശ്വരിക്ക് മുന്നില്‍ ജീവരക്തം തര്‍പ്പണം ചെയ്ത ധീരദേശാഭിമാനി വേലുത്തമ്പി അഭ്രപാളിയില്‍ അരനൂറ്റാണ്ട് മുമ്പ് പുനര്‍ജനിച്ചപ്പോള്‍ ജ്വലിച്ചുയര്‍ന്ന വാക്കുകള്‍....

നെഞ്ച് പിളരുന്ന വേദനയോടെ മാത്രം ദേശാഭിമാനികള്‍ കണ്ടിരുന്ന ആ അന്ത്യരംഗം. 'തലക്കുളത്ത് ഞാന്‍ പിറന്നത് തടവുകാരനായി മരിക്കാനല്ല, സ്വതന്ത്രനായി മരിക്കാനാണെ'ന്ന് ഗര്‍ജ്ജിച്ച വേലുത്തമ്പിയുടെ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പുനര്‍ജനിക്കുകയാണ്... മേലോട്ട് പിരിച്ചുവച്ച മീശയും താഴോട്ടൊഴുകുന്ന കണ്ണീരും കടമ ചെയ്യുന്നവന് ഭൂഷണമല്ലെന്ന് അനുജന്‍ പത്മനാഭന്‍ തമ്പിയെ ഓര്‍മ്മിപ്പിക്കുന്ന വേലുത്തമ്പിയുടെ ജീവന്‍ തുടിക്കുന്ന ആ ചിത്രം അഭിമാനിയായ മലയാളിക്ക് മറക്കാനാവില്ല. ''അടര്‍ക്കളത്തില്‍ മരിച്ചുവീണാല്‍ അതാണേറ്റവും വലിയ പെരുമ. അതിനുവേണ്ടി ഞാന്‍ വെള്ളക്കാരന്റെ വെങ്കലപ്പീരങ്കികള്‍ക്കുമുന്നില്‍ എത്ര തവണ നിവര്‍ന്നുനിന്നു. എന്നിട്ടും ആ മെക്കാളെ എന്നെ കൊന്നില്ല. അവനെന്റെ പ്രേതമല്ല വേണ്ടത്. ജീവനോടെ പിടിക്കണമത്രെ. എന്നിട്ട് എന്തിന്... പരസ്യമായി അപമാനിച്ച്, ചിത്രവധം ചെയ്ത് പകവീട്ടാനുള്ള ദുര്‍മ്മോഹമാണ് ആ കാപ്പിരിക്ക്... ആത്മാവ് തോല്‍ക്കുന്നതല്ലെന്ന് അവന് അറിയില്ല. നിത്യസ്വതന്ത്രനായ ആത്മാവ് അനീതിക്കെതിരെ പിന്നെയും പോരാടും. അഭിമാനികളായ തലമുറകളിലേക്ക് എന്റെ ആത്മാവ് പകര്‍ന്നാടുക തന്നെ ചെയ്യും....

ആറ് പതിറ്റാണ്ട് മുമ്പാണ് 1962ല്‍ കേരളത്തിന്റെ വെള്ളിത്തിരയില്‍ ജഗതി എന്‍.കെ ആചാരിയുടെ തിരക്കഥയില്‍ വേലുത്തമ്പിദളവ പുനര്‍ജനിച്ചത്. കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു ഭാര്‍ഗവകേരളത്തിന്റെ വീരപൗരുഷത്തെ നാടകത്തിലും പിന്നെ സിനിമയിലും അവതരിപ്പിച്ചത്... അതിനും ഏഴ് കൊല്ലം മുമ്പ് 1955ലാണ് എന്‍. ബാലകൃഷ്ണന്‍നായര്‍ വേലുത്തമ്പിയുടെ ജീവചരിത്രം 'സ്വരാജ്യാഭിമാനി വേലുത്തമ്പിദളവ' എഴുതി പ്രസിദ്ധം ചെയ്തത്. സര്‍ദാര്‍ കെ.എം. പണിക്കരുടെ ആമുഖത്തോടെ പുറത്തുവന്ന ആ പുസ്തകം സൃഷ്ടിച്ച ജനപ്രീതിയുടെ ഫലമായിരുന്നു അരങ്ങിലും വെള്ളിത്തിരയിലും നിറഞ്ഞ, സദസ്സിനെയും നാടിനെയും ആവേശത്തിരയിലാഴ്ത്തിയ നാടകവും സിനിമയുമൊക്കെ.

'സ്വരാജ്യാഭിമാനി'യില്‍ വേലുത്തമ്പിയോട് മരണാനന്തരം വെള്ളക്കാര്‍ കാട്ടിയ നെറികേട് വിവരിക്കുന്നത് ഇങ്ങനെയാണ്, ''മണ്ണടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവരപ്പെട്ട ആ ശവശരീരം, തെരുവുകള്‍ തോറും നഗ്നമായി ചുമന്നുകൊണ്ടുനടന്നു. നഗരിയുടെ വടക്കുപടിഞ്ഞാറുള്ള കണ്ണമ്മൂലക്കുന്നില്‍ കൊണ്ടുപോയി, ചില മൃഗങ്ങള്‍ ചീഞ്ഞളിഞ്ഞതിനുശേഷം ഭക്ഷിക്കുന്നതിനായി മാംസം കരുതിവയ്ക്കുന്ന പ്രതീതിയെ ഉളവാക്കുമാറ്, ഒരു ഇരുമ്പു ചട്ടക്കൂട്ടിലാക്കി പ്രദര്‍ശിപ്പിച്ചു; നാഗരികര്‍ ഏങ്ങിഏങ്ങി കരഞ്ഞു; രാജ്യമെങ്ങും മൂകതകൊണ്ടുള്ള ഒരു തമഃപടലം ബാധിച്ചു... അങ്ങനെ ആ ശവശരീരത്തില്‍ കാട്ടാവുന്ന പക അത്രയും ജേതാക്കള്‍ കാട്ടി; അതിനുശേഷം അതിനെ ഉള്ളൂര്‍ കുന്നില്‍, കൊലപ്പുള്ളികളുടെ ശവങ്ങള്‍ മണ്‍മറയ്ക്കുന്ന രീതിയില്‍ കുഴിച്ചുമൂടി. കണ്ണമ്മൂലക്കുന്നില്‍ വേലുത്തമ്പിയുടെ പ്രേതം പ്രദര്‍ശിപ്പിച്ച സ്ഥലത്ത് പിന്നീട് ബ്രിട്ടീഷാധിപത്യം മിഷണറിമാരെക്കൊണ്ട് ഒരു ക്രിസ്തീയമന്ദിരം പണിയിച്ചു.''  

കാലമാണ് വീണ്ടും ഉയിര്‍ക്കുന്നത്.. സ്വാഭിമാനത്തിന്റെ പ്രകാശം ദിക്കത്രയും ചൊരിഞ്ഞ് പകലാകെ എരിഞ്ഞുകത്തിയ സൂര്യന്‍ തെങ്കടലിനെ ചോര കൊണ്ട് ചുവപ്പിച്ച് മറഞ്ഞുപോയിട്ട് രണ്ട് നൂറ്റാണ്ടും ഒരു ദശകവും പിന്നിട്ടിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ജനകീയനായ സ്വാതന്ത്ര്യസമരനായകന്റെ ധീരസ്മൃതികളില്‍ ഒരു നാടിതാ അഭിമാനത്തിന്റെ തിരത്തള്ളലില്‍ ശിരസ്സ് കുനിക്കുന്നു. തലക്കുളത്തെ വലിയവീട്ടില്‍ നിന്ന് ഇരണിയലിലെ സിംഹനല്ലൂര്‍ പടവീടിന് മുന്നില്‍ വിളിച്ചുകൂട്ടിയ ഹിരണ്യസിംഹനല്ലൂര്‍ കൂട്ടത്തിലൂടെ ജനകീയപോരാളിയായി തിരുവിതാംകൂറിന്റെ കാര്യക്കാരനായും ധനകാര്യമന്ത്രിയായും ദളവയായും പോരാട്ടത്തിന്റെ മാത്രം ജീവിതമാടിയ 34 വര്‍ഷം... 1765ല്‍ ജനനം... 1809ല്‍ അമരത്വം... മ്ലേച്ഛന്മാരായ വെള്ളക്കാര്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാന്‍ സ്വയം ജീവിതമൊടുക്കുമ്പോള്‍ പ്രായം വെറും നാല്പത്തിനാല്.  

താന്‍ ദുഃഖിച്ചും കുടികള്‍ക്ക് സുഖം വരുത്താനുള്ള ജീവിതമായിരുന്നു വേലുത്തമ്പിയുടേതെന്ന് ചരിത്രകാരന്മാര്‍. ആ ജീവിതം നാടിന് വേണ്ടിയായിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയായിരുന്നു. അവരുടെ ജീവിതസുരക്ഷിതത്വത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടിയായിരുന്നു. അതിനായി വേലുത്തമ്പി ഭരണകൂടങ്ങളോട് കലഹിച്ചു, പൊന്നുതമ്പുരാനോടും പിണങ്ങി, ഉപജാപകരോട് പൊരുതി, വെള്ളക്കാരോട് യുദ്ധം ചെയ്തു. ഇരണിയല്‍ പ്രഭുക്കന്മാരുടെ കൊട്ടാരക്കെട്ടുകള്‍ക്ക് മുന്നില്‍ക്കൂടി മറ്റൊരാള്‍ക്ക് കുതിരപ്പുറത്ത് സവാരി പാടില്ലെന്ന അധികാരം തീര്‍ത്ത അയിത്തത്തിന്റെ തിട്ടൂരങ്ങള്‍ വേലുത്തമ്പി വലിച്ചെറിഞ്ഞു. ആറടി പൊക്കവും വിരിമാറും ഉള്ള കരുത്തനായ വേലുത്തമ്പി കുതിര ഒാടിച്ചുപോകുന്നതു നോക്കിനിന്ന ജനം അന്തസ്സോടെ, ആരാധനയോടെ 'തലക്കുളത്തെ കുതിരപ്പക്ഷി' എന്ന് മന്ത്രിച്ചു.  

'മഹാരാജാക്കന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും പ്രഭുജനങ്ങളും മാത്രം ഉപയോഗിക്കാറുള്ള നിലയങ്കി അണിഞ്ഞ് ഗൂഢമായി ഒരു അരവാള്‍ അരയില്‍ തിരുകി, മറ്റൊരു പടവാള്‍ പുറത്തുകാണത്തക്കവണ്ണം തൂക്കിയിട്ട്, അഗ്രം മേല്‍പോട്ടു തെല്ലുവളഞ്ഞിട്ടുള്ള പാദുകങ്ങള്‍ ധരിച്ച്, പട്ടുനൂലും കസവും കലര്‍ത്തി നെയ്തിട്ടുള്ള പതിനാറുമുഴം വീരാളിപ്പട്ട് തലയില്‍ കെട്ടി കുതിക്കുന്ന കുതിരയില്‍ വേലുത്തമ്പി സവാരി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ജനങ്ങള്‍ അദ്ദേഹത്തെ ഒരു അസാധാരണ യുവകേസരിയെന്ന് വര്‍ണ്ണിച്ചുപോന്നു.'' (സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവ).  

കൊല്ലവര്‍ഷം 984, മകരം ഒന്നിനാണ് (1809 ജനുവരി 11) കുണ്ടറയിലെ ഇളമ്പള്ളൂര്‍ കാവില്‍ വിശ്രുതമായ ആ വിളംബരം മുഴങ്ങിയത്. ഇരുപതാം വയസ്സില്‍ ഇരണിയലില്‍ നാട്ടുകൂട്ടത്തിന് മുന്നില്‍ നടത്തിയ ഗര്‍ജ്ജനത്തിന്റെ ചടുലത  ചോരാതെ, മലയാള ഭാഷയുടെ എല്ലാ പ്രൗഢിയും തിളച്ചുനിന്ന വിളംബരം...   സ്വധര്‍മ്മസംരക്ഷണത്തിനായുള്ള പോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നു അത്. ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും കണ്ടുകെട്ടി, തിരുവിതാംകൂറിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത്, അടിമത്തം അടിച്ചേല്‍പ്പിച്ചുകളയാമെന്ന ബ്രിട്ടീഷ് ധാര്‍ഷ്ട്യത്തെ അധികാരത്തിനുള്ളില്‍ നിന്നും പുറത്തും നിന്നും ചോദ്യം ചെയ്യുകയായിരുന്നു ധീരദേശാഭിമാനിയായ വേലുത്തമ്പിദളവ.

''ഉപ്പ് മുതല്‍ സര്‍വസ്വവും കുത്തകയാക്കിത്തീര്‍ത്ത്, തരിശു കിടക്കുന്ന നിലവും പുരയിടവും ഇന്നുകൂടി കുത്തകയാക്കിയിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉള്‍പ്പെട്ട അധികാരങ്ങളും കുടികളില്‍ കൂട്ടിവെച്ച്....'' അത്യാര്‍ത്തി മൂത്ത ബ്രിട്ടീഷുകാരന്റെ സര്‍വാധിപത്യം സംഭവിച്ചാല്‍ കഞ്ഞിക്ക് ഉപ്പിനും പൂജയ്ക്ക് കര്‍പ്പൂരത്തിനും വരെ അവരെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകുമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ജനദ്രോഹികള്‍ക്കെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങാന്‍ വേലുത്തമ്പി ആഹ്വാനം ചെയ്തത്. രാജ്യത്ത് ആദ്യമായി ഉപ്പിന് വേണ്ടി നടന്ന സമരാഹ്വാനമാണ് കുണ്ടറ വിളംബരമെന്ന് എസ്. ഗുപ്തന്‍ നായര്‍ നിരീക്ഷിച്ചിട്ടുണ്ട്.

വെള്ളക്കാരന്‍ നിലവും പുരയിടവും കവര്‍ന്നെടുത്ത് തെങ്ങുവരിയും നിലവരിയും ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പോടെ കൃഷിക്കാരന്റെ അസ്വസ്ഥതകളെ കുണ്ടറ വിളംബരം പ്രകടമാക്കി. സ്വധര്‍മ്മാഭിമാനത്തിന്റെയും സ്വരാജ്യസ്നേഹത്തിന്റെയും ഉജ്ജ്വലപ്രഖ്യാപനമായിരുന്നു അത്. ''തൊള്ളായിരത്തി മുപ്പത്തി മൂന്നാമാണ്ട് നാടു നീങ്ങിയ തിരുമനസ്സു കൊണ്ട് കല്‍പ്പിച്ച്, നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്‍മാരും അവിടത്തെ ആളായിട്ടിരുന്ന് കാര്യം വിചാരിക്കുകയും അവര്‍ക്ക് രാജ്യഭോഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദുഃഖിച്ചും കുടികള്‍ക്ക് സുഖം വരുത്തിയും അതിന് ഒരു കുറവും വരുത്താതെ ഇരിക്കേണ്ടുന്നതിന് മേല്‍ രക്ഷയായിട്ട് ഈശ്വരസേവ, ഭദ്രദീപം, മുറജപം, അന്നസത്രം ആദിയായിട്ടുളള സല്‍ക്കര്‍മ്മങ്ങളെ നടത്തി കാലം കഴിച്ചു കൊള്ളുകയെന്നും വച്ചു ചട്ടം കെട്ടി കുട്ടികള്‍ക്ക്, സുഭിക്ഷതമായിട്ടു കഴിഞ്ഞു വരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവല്‍സേതുപര്യന്തം ഇതുപോലെ ധര്‍മ്മ സംസ്ഥാനം ഇല്ലെന്നുളള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വ പേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ'' എന്ന അഭിമാനകരമായ രാജ്യചരിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വേലുത്തമ്പി ദളവ ബ്രിട്ടീഷ് കടന്നുകയറ്റത്തെയും ടിപ്പു സുല്‍ത്താന്റെ ഭീഷണിയെപ്പെറ്റിയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്.

''ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം പോലെ അധര്‍മങ്ങളായിട്ടുളള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യു''  മെന്ന ഘോരാപരാധമുണ്ടാകാതിരിക്കാനുള്ള പ്രതിക്രിയ ഉണ്ടാകണമെന്നതാണ് വിളംബരത്തിന്റെ കാതല്‍.

സര്‍വസാധാരണക്കാരന്റെ ജിവിതത്തെ സമഗ്രമായി പ്രതിപാദിക്കുന്ന കുണ്ടറ വിളംബരം പിറക്കുന്നത് വേലുത്തമ്പിയുടെ പോരാട്ടത്തിന്റെ അന്തിമഘട്ടത്തിലാണ്. എല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലും ജനശക്തിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.  താനില്ലാതായാലും ജനം പൊരുതിക്കൊണ്ടേയിരിക്കുമെന്ന പ്രതീക്ഷയും വിശ്വാസവും നെഞ്ചേറ്റിയാണ് ആ വീരന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മണ്ണടിക്കാവില്‍ ജീവിതം ആഹുതി ചെയ്തത്. ഇരണിയലില്‍ നിന്നുയര്‍ന്ന ജനനായകനായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമുതല്‍ മണ്ണടിക്കാവിലെ മണല്‍ത്തരികളില്‍ ആ ഹൃദയരക്തം വാര്‍ന്നൊഴുകുന്നതുവരെ  വിശ്രമമെന്തെന്നറിയാത്ത ജീവിതമായിരുന്നു അത്. മണ്ണടിക്കാവിന്ത്യ താന്‍ അഭിമാനമോടറിവേന്‍ എന്ന് കവികള്‍ പാടിയത് ആ മണ്ണിന്റെ ചൂട് അറിഞ്ഞുതന്നെയാണ്.  


''ഇങ്ങ് തെക്കൊരിടത്തിലാദ്യം

സിന്ധുവാരിധിയലയടിച്ചു

ഇശൈ പാടിയ വില്ലിലാദ്യം

ഇന്ത്യ തന്‍ രണഭേരികേട്ടു

ഇങ്ങ് തെക്കൊരിടത്തിലാദ്യം

ഹൈമശിഖരം പ്രതിഫലിച്ചു

ഈഷല്‍ വിട്ടുണരാ, നുണര്‍ത്താന്‍

കാഹളധ്വനിയലടിച്ചു

ഇങ്ങു തെക്കൊരിടത്തിലാദ്യം  

വിടുതലെന്ന വിളംബരത്തിന്‍

ഇടിനിനാദമതെന്റെ ഭാഷയില്‍  

എന്റെ ശ്വസിതത്തില്‍....''

പി. നാരായണക്കുറുപ്പ്

(തലക്കുളം മണ്ണടി)

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.