×
login
വേദനയിലും വിരിയുന്ന കമനീയ ഗോപുരങ്ങള്‍

പേരറിയാത്ത രോഗം ശരീരത്തെ കീഴ്‌പ്പെടുത്തിയപ്പോഴും ഈര്‍ക്കില്‍ കമ്പുകളാല്‍ രോഗത്തോട് പട വെട്ടുകയാണ് രമേശന്‍. പേശികളില്‍ രോഗത്തിന്റെ വേദന വര്‍ദ്ധിക്കുമ്പോള്‍ ഈര്‍ക്കില്‍ കമ്പുകള്‍ കയ്യിലെടുക്കും. മനസ്സില്‍ വിരിയുന്ന ശില്‍പങ്ങളും ചിത്രങ്ങളും ഈര്‍ക്കില്‍കൊണ്ട് പണിയും. ഈ വേദനസംഹാരിയില്‍ ആരെയും കണ്ണഞ്ചിപ്പിക്കുന്ന ഈര്‍ക്കില്‍ ഗോപുരങ്ങളും വിളക്കുകളും ശംഖുകളും ജനിക്കും. വടകര മേപ്പയില്‍ പച്ചക്കറി മുക്കില്‍ മൂരിയോടന്‍ കണ്ടി രമേശന്‍ തന്റെ 47 വര്‍ഷത്തെ ജീവിതത്തില്‍ വേദനകള്‍ മാത്രമായിരുന്നു സമ്പാദ്യം.

എന്‍.കെ. നവനീത്

പേരറിയാത്ത രോഗം ശരീരത്തെ കീഴ്‌പ്പെടുത്തിയപ്പോഴും ഈര്‍ക്കില്‍ കമ്പുകളാല്‍ രോഗത്തോട് പട വെട്ടുകയാണ് രമേശന്‍. പേശികളില്‍ രോഗത്തിന്റെ വേദന വര്‍ദ്ധിക്കുമ്പോള്‍ ഈര്‍ക്കില്‍ കമ്പുകള്‍ കയ്യിലെടുക്കും. മനസ്സില്‍ വിരിയുന്ന ശില്‍പങ്ങളും ചിത്രങ്ങളും ഈര്‍ക്കില്‍കൊണ്ട് പണിയും. ഈ വേദനസംഹാരിയില്‍ ആരെയും കണ്ണഞ്ചിപ്പിക്കുന്ന ഈര്‍ക്കില്‍ ഗോപുരങ്ങളും വിളക്കുകളും ശംഖുകളും ജനിക്കും. വടകര മേപ്പയില്‍ പച്ചക്കറി മുക്കില്‍ മൂരിയോടന്‍ കണ്ടി രമേശന്‍ തന്റെ 47 വര്‍ഷത്തെ ജീവിതത്തില്‍ വേദനകള്‍ മാത്രമായിരുന്നു സമ്പാദ്യം.  

പാരമ്പര്യമായ സ്വര്‍ണ പണിയില്‍ കുടുംബത്തോടൊപ്പം പതിനഞ്ചാം വയസ്സ് മുതല്‍ രമേശനും മുഴുകിയെങ്കിലും ഭംഗിയാര്‍ന്ന ആഭരണങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കുലത്തൊഴില്‍ അധികകാലം മുന്‍പോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇരുപത്തിനാലാം വയസ്സോടെ വലതുകയ്യില്‍ ഉണ്ടായ കഠിനമായ വേദനയായിരുന്നു രോഗത്തിന്റെ ആദ്യലക്ഷണം. പതിയെ കൈകളും ഉയര്‍ത്താന്‍ കഴിയാതെയായി. ദിവസങ്ങള്‍ കഴിയുംതോറും രോഗത്തിന്റെ രൂപവും ഭാവവും മാറി വന്നു. ഇരുകാലുകളിലും രോഗത്തിന്റെ വേദന പടര്‍ന്നുകയറി. സന്ധികളില്‍ വേദനകള്‍ കൂടുകൂട്ടി. കാല്‍മുട്ടുകള്‍ വളഞ്ഞു. ജീവിതത്തെ മുഖാമുഖം നോക്കി ഒരു മനുഷ്യന്‍ നിസ്സഹായാവസ്ഥയില്‍ ആയ ദിവസങ്ങള്‍ ഇന്നും മായാതെ രമേശന്റെ മനസ്സിലുണ്ട്.

രോഗകാരണം ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. പല ഡോക്ടര്‍മാരുടെയും അനുമാനം സന്ധിവാതം എന്നാണ്. കാലങ്ങളായി ആരംഭിച്ച ചികിത്സ ഇന്നും നിര്‍ബാധം തുടരുകയാണ്. ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവാക്കി കഴിഞ്ഞു. സാമ്പത്തികമായി പിന്തുണ നല്‍കി വന്‍ സൗഹൃദ വലയങ്ങളും തുണയായി ബന്ധുക്കളും രമേശന് കൂടെയുണ്ട്. ഒരു മാസം 3000 രൂപയുടെ മുകളില്‍ പണം മരുന്നുകള്‍ക്ക് ചെലവഴിക്കണം. ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ പുറത്തിറങ്ങാനോ പരസഹായമില്ലാതെ കഴിയുകയുമില്ല.

 

വേദനയില്‍ നിന്ന്  വിസ്മയത്തിലേക്ക്

അഞ്ച് വര്‍ഷം മുന്‍പ് ഒരു ക്രിസ്മസ് കാലം. വീട്ടില്‍ നക്ഷത്രവിളക്ക് തൂക്കാന്‍ നക്ഷത്രം ഉണ്ടാക്കണം എന്ന ആവശ്യവുമായി ജ്യേഷ്ഠന്റെ മകള്‍ ദേവനന്ദ രമേശനെ സമീപിക്കുന്നു. എങ്ങനെ നക്ഷത്രം ഉണ്ടാക്കുമെന്ന് ഏറെ നേരം ആലോചിച്ചു. ആലോചനക്കൊടുവില്‍ മുന്‍പില്‍ കണ്ടത് ഈര്‍ക്കില്‍ ആയിരുന്നു. ആഭരണങ്ങള്‍ മാത്രം രൂപകല്പന ചെയ്തിരുന്ന രമേശന് ഇത് പുതു അനുഭവമായിരുന്നു. വിസ്മയം പോലെയായിരുന്നു ഈര്‍ക്കില്‍ കൊണ്ടുള്ള ആദ്യ ഉത്പന്നം ഉണ്ടായത്. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു അത്.  

വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ച് കൊണ്ട് ഭംഗിയാക്കാന്‍ ആയിരുന്നു തീരുമാനം എങ്കിലും ഈര്‍ക്കില്‍ ശില്പത്തിന്റെ മോടി കുറയുമോ എന്ന ആശങ്കയില്‍ മനോഹാരിത നിലനിര്‍ത്തി ആദ്യത്തെ വിസ്മയം വിരിയുകയായിരുന്നു. വീടിന് വരാന്തയില്‍ തൂക്കിയിട്ട നക്ഷത്രത്തെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. കണ്ടവരും കേട്ടവരും രമേശന്‍നില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ പാകി. ശരീരം തകര്‍ന്ന രമേശന് ഇത് പുതു പരീക്ഷണത്തിന് ഊര്‍ജ്ജം പകരുകയായിരുന്നു.

അന്നത്തെ സംഭവത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം പിന്നീടങ്ങോട്ടുള്ള ദിനരാത്രങ്ങള്‍ പുതു ശില്‍പങ്ങളാണ് ഒന്നൊന്നായി പിറവിയെടുത്തത്.

തെങ്ങോല കൊമ്പിലെ ഈര്‍ക്കിലുകള്‍ ശേഖരിച്ച് കൊണ്ട് മനസ്സിലെ രൂപം നിര്‍മിക്കാന്‍ ആവശ്യമാകുന്ന തരത്തില്‍ വളച്ചും ചെരിച്ചു ഒട്ടിച്ച് നിര്‍മാണത്തില്‍ മുഴുകുകയായിരുന്നു. നിലവില്‍ ഉണ്ടാക്കിയതില്‍ ഒരു മീറ്റര്‍ നീളമുള്ള നിലവിളക്കും, മിനാരവും ആണ് ഏറ്റവും വലുത്. കണ്ണഞ്ചിപ്പിക്കുന്ന ഈ രണ്ട് ഉത്പന്നങ്ങളും നാലുമാസവും മറ്റൊന്ന് അഞ്ച് മാസവും സമയമെടുത്തു കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

വേദന മറക്കും  നിര്‍മാണം

പഴുത്തു വീഴുന്ന തെങ്ങോലയിലെ ഈര്‍ക്കിലുകളാണ് കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ശേഖരിച്ച ഈര്‍ക്കിലുകള്‍ നന്നായി ഉണക്കി സൂക്ഷിച്ചു വയ്ക്കും. ഈര്‍ക്കിലുകളും പശയും ഉപയോഗിച്ച് ഏറെ ശ്രദ്ധയും ക്ഷമയും, മറ്റു ചിന്തകളും മാറ്റിവെച്ച് നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടും. ഉദ്ദേശിച്ച ശില്പത്തിന് രൂപപ്രാപ്തിയാവാന്‍ ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളും വേണ്ടിവരും. മനസ്സില്‍ കോറിയിട്ട ശില്‍പം നിര്‍മിക്കുന്ന സമയം വേദനകള്‍ ഒന്നും തന്നെ അന്വേഷിച്ചു എത്താറില്ല എന്ന് രമേശന്‍ പറയുന്നു. നിര്‍മ്മാണ സമയത്ത് ആവശ്യമായ ചെറിയ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നത് ജ്യേഷ്ഠന്റെ പുത്രി സൂര്യ നന്ദയാണ്. നിര്‍മാണം പൂര്‍ത്തിയായ ശില്പത്തിന്റെ പോളിഷിങ് ഉള്‍പ്പെടെ ചെയ്യുന്നതും രമേശന്‍ കൈകളാണ്.  

നിര്‍മാണത്തിലെ പൂര്‍ണതയുടെ അവസാനവാക്കാണ് രമേശന്‍. അത് അദ്ദേഹത്തിന്റെ  ഈര്‍ക്കില്‍ ശില്പങ്ങള്‍ നേരിട്ട് കണ്ട് ബോധ്യമാകുന്ന ഏതൊരാളിലും മനസ്സിലാകും.

 

മാലോകര്‍ അറിയണം കലാവൈഭവം

കൊച്ചു വീട്ടില്‍ നിന്നും നിസ്സഹായാവസ്ഥയുടെ കയങ്ങളില്‍ മുങ്ങിയപ്പോഴും ഈര്‍ക്കില്‍ കമ്പുകള്‍ വളച്ച് രമേശന്‍ ലക്ഷ്യമിട്ടത് ഗിന്നസ് ബുക്ക് ആയിരുന്നു. പക്ഷേ ഈര്‍ക്കില്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ കാറ്റഗറിയില്‍ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. വിളിപ്പുറത്ത് രമേശനുള്ള  നൂറുകണക്കിന് സൗഹൃദ വലയങ്ങള്‍ രമേശന്റെ  സ്വപ്‌നത്തെ വീണ്ടും ചിറകിലേറ്റുകയായിരുന്നു.  

ഒടുവില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നാലു മാസം നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ രമേശന്റെ കയ്യില്‍ പിറന്ന നിലവിളക്ക് അവര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. പരിശോധന നടപടികള്‍ക്കായി വടകരയില്‍ വേദി നിശ്ചയിച്ചുവെങ്കിലും കൊവിഡ് മഹാമാരിയുടെ കുത്തൊഴുക്കില്‍ അത് നീട്ടിവയ്ക്കുകയായിരുന്നു. പ്രതീക്ഷ കൈവെടിയാതെ ശുഭാപ്തി വിശ്വാസത്തോടെ പുതിയ വേദിക്കായി കാത്തിരിക്കുകയാണ്. ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കരകൗശല മത്സരവിഭാഗത്തില്‍ ദേശീയ അവാര്‍ഡിനും, സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ ഈ കഴിഞ്ഞ ഏപ്രില്‍ 15ന് അപേക്ഷ നല്‍കിയതിനും ഫല പ്രഖ്യാപനത്തിനും രമേശന്റെ കാത്തിരിപ്പ് വെറുതെയാകില്ല.

 

വേദനയില്‍ കൈവിടാത്ത ആത്മവിശ്വാസം...

കഠിനമായ വേദനയിലും മനോധൈര്യം കൈവിടാതെയായിരുന്നു രമേശന്‍ ജീവിതത്തോട് മല്‍പ്പിടുത്തം നടത്തിയത്. പിതാവ് കണ്ണന്‍ നേരത്തെ മരിച്ചു. ദീര്‍ഘകാലം കിടപ്പിലായ അമ്മയും കഴിഞ്ഞ മാസങ്ങള്‍ക്കു മുന്‍പേ വിടപറഞ്ഞു. വിവിധ ചികിത്സാ രീതികളും വിദഗ്ധരെയും ചികിത്സകളും നിരവധി ആശുപത്രികളും ഇതിനകം രമേശന്‍ കയറിയിറങ്ങി. രോഗശമനം ഉണ്ടായില്ലെന്ന് മാത്രമല്ല സാമ്പത്തികബാധ്യത മാത്രമായിരുന്നു മിച്ചം. സഹോദരനും വരുമാനമില്ലാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ ഓട്ടോറിക്ഷ ഡ്രൈവറായി വേഷമിട്ടു. വൈകല്യങ്ങളെ കീഴ്‌പ്പെടുത്തി കൊണ്ടുള്ള രമേശന്റെ ജീവിത പോരാട്ടം നിതാന്തം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കുടുംബ സാഹചര്യങ്ങളെ സാമ്പത്തിക പ്രതിസന്ധികള്‍  കീഴ്‌പ്പെടുത്തുമ്പോഴും നിര്‍മ്മാണത്തില്‍ ജീവിത വേദനകളെ സമര്‍പ്പിച്ച തളര്‍ന്ന ശരീരത്തില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് രമേശന്‍. നിര്‍മ്മിച്ച ശില്പങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളങ്ങള്‍ കണ്ടെത്താനുള്ള വിഷമങ്ങള്‍ ഉണ്ടെങ്കിലും ശില്പങ്ങളെ തേടി ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.  

ഓരോ ശില്പങ്ങളിലും 'രമേശന്‍ ഒട്ടിച്ചു വെക്കുന്ന ഈര്‍ക്കില്‍ കമ്പുകളില്‍ ശരീരത്തിലെ നീറുന്ന വേദനകളുടെ കഥ' പറയുകയാണ്. ആത്മവിശ്വാസത്തിന്റെ അത്യുന്നതങ്ങളില്‍ നിന്നുകൊണ്ട്  പേരില്ലാ രോഗത്തിനോട് ഈര്‍ക്കില്‍ കൊണ്ട് പട്ട വെട്ടുകയാണ് ഇദ്ദേഹം. രമേശന്റെ ഫോണ്‍ നമ്പര്‍. 95398 51585.

 

  comment
  • Tags:

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.