×
login
അട്ടപ്പാടി‍യില്‍ അമ്പലം ഉയരുമ്പോള്‍

വികസനരാഹിത്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും പര്യായമാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്ന പ്രദേശം. സര്‍ക്കാരും സന്നദ്ധസംഘടനകളുമൊക്കെ വികസനത്തിന്റെ പേരില്‍ കാലങ്ങളായി വന്‍തോതില്‍ പണമൊഴുക്കിയിട്ടും അട്ടപ്പാടിയുടെ മുഖച്ഛായ മാറുന്നില്ല. ഇവിടെയാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നത്. ഊരിലെ ജനങ്ങളുടെ ഉത്സാഹത്തില്‍ അവിടെ ഒരു ഗണപതി ക്ഷേത്രം ഉയരുകയാണ്. മാറ്റത്തിന് മുഖംതിരിച്ചുനിന്ന പതിറ്റാണ്ടുകളുടെ ചരിത്രം ഒരുമയുടെ ചാലുകളിലൂടെ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു

പശ്ചിമഘട്ട പര്‍വത നിരയില്‍ നീലഗിരിക്കുന്നുകളുടെ താഴ്‌വാരത്ത് വനവാസികളുടെ ഹൃദയഭൂമി. വരണ്ട കോയമ്പത്തൂര്‍ സമതലങ്ങള്‍ക്കും, ഹരിതാഭമായ അട്ടപ്പാടി ചുരത്തിനും മഴക്കാട് മൂടിയ നിശബ്ദ താഴ്‌വരക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന അട്ടപ്പാടി. അവിടുത്തെ ഊരുകള്‍ക്കിടയില്‍ സന്നദ്ധ സേവനം നടത്തുന്ന  സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍. മിഷന്റെ പ്രവര്‍ത്തക ഇ.കെ. ഷൈനിയാണ് വച്ചപതി ഊരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രകൃതി ഭംഗിയുടെ മാസ്മരികത നിറഞ്ഞ, അട്ടപ്പാടിയുടെ എല്ലാ സൗന്ദര്യങ്ങളുമുള്ള സ്ഥലം. 360 ഡിഗ്രിയില്‍ അവിസ്മരണീയ കാഴ്ച നല്‍കുന്ന അതിമനോഹരമായ തടം. നാലു വശത്തേയ്ക്കു നോക്കിയാലും പച്ച പുതച്ചു കിടക്കുന്ന പര്‍വ്വതനിരകളുടെ സുന്ദര ദൃശ്യ വിസ്മയം. അങ്ങിങ്ങായി കൃഷിയിടങ്ങള്‍, കന്നുകാലികളുടെ മേച്ചില്‍പ്പുറങ്ങള്‍, പ്രകൃതിക്ക് ഇണങ്ങിയ ഓലകള്‍ മേഞ്ഞ കൊച്ചു കൂരകള്‍. അപാരമായ സൗന്ദര്യം കൊണ്ട് ദൈവം കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന പ്രകൃതിയുടെ ഒരു വരദാനം.

# അവിടെ ഒരു ക്ഷേത്രം ഉയരുകയാണ്

വച്ചപതി ഊരില്‍ ഒരു ക്ഷേത്രം ഉയരുകയാണ്. മനോഹരമായ  ഗണപതി ക്ഷേത്രം. കൊത്തുപണികള്‍ ഒഴികെ പണികളെല്ലാം തന്നെ ഊരിലുളളവര്‍ നേരിട്ടു നടത്തുന്നു. രണ്ടു മാസത്തിനകം പ്രതിഷ്ഠ നടത്താനാകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ ഇവിടെ ചെറിയൊരു  ഗ്രാമ ക്ഷേത്രമുണ്ടായിരുന്നു. ഉത്സവദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളുമൊക്കെയാണ് പൂജ നടത്തിയിരുന്നത്. 10 വര്‍ഷമായി ബാലസംസ്‌കാര കേന്ദ്രം നടന്നു വരുന്നുണ്ട്. 40ഓളം കുട്ടികള്‍. കുട്ടികളോടൊപ്പം അമ്മമാരും ആഴ്ചതോറും ഭജനയും സത്സംഗവും നടത്താന്‍ തുടങ്ങി. ക്ഷേത്രത്തിന്റെ മുന്നിലായിരുന്നു ഭജന. അപ്പോഴാണ് വിനായക ക്ഷേത്രം പുനരുദ്ധാരണം നടത്തണമെന്ന അഭിപ്രായം വന്നത്. ഊരിലെ ജനങ്ങള്‍ സ്വയം ധനസമാഹരണം നടത്തി ക്ഷേത്ര നിര്‍മ്മാണത്തിന് തയ്യാറായി. ഊരു ജനതയുടെ ആഗ്രഹം, സ്വാമി ചിദാനന്ദപുരിയുടെ നിര്‍ദ്ദേശം, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്തുണ, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ മേല്‍ നോട്ടം. എല്ലാമൊത്തപ്പോള്‍ അട്ടപ്പാടിയില്‍ ഉയരുന്നതാണ് ആദ്ധ്യാത്മികതയുടെ ദേവസ്ഥാനമായ ഗണപതി കോവില്‍. ഇത് വെറുമൊരു ക്ഷേത്ര നിര്‍മ്മാണമല്ല. റൊട്ടിയും വെള്ളവും കൊടുത്ത് വ്യാപകമായ മതം മാറ്റം നടന്ന മണ്ണില്‍ തിരിച്ചറിവു വന്ന ജനതയുടെ മോചനത്തിന്റെ സൂചികയാണ് ഈ അമ്പലം.

തൊട്ടുത്ത ഊരില്‍ പൂട്ടിയിട്ടിരിക്കുന്ന ക്രൈസ്തവ ആരാധനാലയം കൂടി കാണുമ്പോള്‍ അട്ടപ്പാടിയില്‍ നടക്കുന്ന ഘര്‍വാപ്പസിയുടെ നേര്‍ക്കാഴ്ചയാകും. അട്ടപ്പാടിയിലെ ഏറ്റവും വരണ്ട മേഖലകളില്‍ ഒന്നാണ് ഷോളയൂര്‍ പഞ്ചായത്തിലെ കീരിപ്പതി. മഴക്കാലത്ത് പോലും ഇവിടെ കുടിവെള്ളം കിട്ടാക്കനി. ഊരില്‍ നിന്നും അര കിലോമീറ്ററിലധികം കാട്ടിലൂടെ നടന്നാല്‍ ഒരു ചെറിയ നീരുറവ ഉണ്ട്. 30 കുടുംബങ്ങള്‍ക്ക് ദാഹജലം കിട്ടുന്നത് ഇവിടെനിന്ന്. വേനല്‍ക്കാലമായാല്‍ അതും നിലയ്ക്കും. വന്യമൃഗശല്യം രൂക്ഷമായ വനത്തിലൂടെ കുത്തനെയുള്ള കയറ്റത്തിലൂടെ കുടിവെള്ളം ചുമന്ന് കൊണ്ട് വരുന്നത് നിത്യ ദുരിതം.

പെന്തക്കോസ് സംഘടന എത്തി കുടിവെള്ളം തരാമെന്ന് ഏറ്റു. അതിനായി കിണറും കുഴിച്ചു. സര്‍ക്കാര്‍ ടാങ്കും പൈപ്പ് ലൈനും ടാപ്പുകളും ഇട്ടു. വെള്ളം നല്‍കുന്നതിന്റെ ഉപകാരസ്മരണ എന്ന നിലയില്‍ ഊരിലുള്ളവരെല്ലാം ആഴ്ചയില്‍ ഒന്ന് പ്രാര്‍ത്ഥനയക്ക് എത്തണം എന്നതുമാത്രമായിരുന്നു ആവശ്യം. ഊരുവാസികള്‍ക്ക് അതിന് മടിയുണ്ടായില്ല. ഊരിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് പ്രാര്‍ത്ഥനാലയവും ഉയര്‍ന്നു. പ്രാര്‍ത്ഥനെക്കെത്താത്തവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് മാറി കാര്യങ്ങള്‍.

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് പോകുമെങ്കിലും ഊരു ദൈവമായ മല്ലീശ്വരനെ പൂജിക്കുന്നതില്‍ ഊരുവാസികള്‍ മടികാണിച്ചിരുന്നില്ല. ഉപദേശിച്ച് മല്ലീശ്വരന്റെ പൂജ തടയാന്‍ പല തരത്തില്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സഹികെട്ട് ഒരു ദിവസം മല്ലീശ്വരന്റെ ചിത്രം പാസ്റ്റര്‍ തീയിട്ടു. ദൈവമാണെങ്കില്‍ ചിത്രം കത്തില്ലല്ലോ എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. വെളുക്കാന്‍ തേച്ചത് പാണ്ടായി. മല്ലീശ്വരനെ കത്തിച്ചവര്‍ക്ക് ഊരുവിലക്കേര്‍പ്പെടുത്തി. പ്രാര്‍ത്ഥനാ സംഘം മലയിറങ്ങി. പള്ളിക്കെട്ടിടം അനാഥ സ്മാരകമായി.

പൂട്ടിയിട്ടിരിക്കുന്ന ക്രൈസ്തവ ആരാധനാലയം

# ഊരുകാരുടെ  മനസ്സു മാറുന്നു

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍, അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതു സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്തുണയോടെ കീരിപ്പതി ഊരില്‍ നടപ്പിലാക്കിയ ശുദ്ധജലം പദ്ധതിയുടെ ഉദ്ഘാടനം അടുത്തിടെ നടന്നു. തിളങ്ങുന്ന മുഖവുമായി കുളിച്ച് കുറിതൊട്ട് പരമ്പരാഗത രീതിയില്‍ ആട്ടും പാട്ടുമായിട്ടാണ് അതിഥികള്‍ക്ക് ഊരുവാസികള്‍ സ്വീകരണം ഒരുക്കിയത്. അടിയന്തരമായി അടുത്ത ആവശ്യം എന്ത് എന്ന് ചോദിച്ചപ്പോള്‍, ഊരുമൂപ്പന്‍ വെള്ളിയന്‍കിരിക്ക് ഉത്തരം നല്‍കാന്‍ താമസം വന്നില്ല. ദേവന് ഒരു മേല്‍ക്കൂര. ഊരുകാരുടെ ദൈവത്തിന് ചുറ്റമ്പലമോ മേല്‍ക്കൂരയോ ഒന്നും ഇപ്പോഴില്ല. ഒരു തറയില്‍ വച്ചിരിക്കുന്ന വിഗ്രഹം മാത്രം. അതൊരു ക്ഷേത്രമാക്കണമെന്നാണ് ഊരിന്റെ പൊതു ആവശ്യമായി വെള്ളിയന്‍കിരി പറഞ്ഞത്.

പള്ളി മാറി അമ്പലം വരുന്നതല്ല ഊരിലെ മാറ്റം. ഊരു നിവാസികളുടെ മനസ്സില്‍ വന്ന മാറ്റമാണ് പ്രധാനം. നേരത്തെ വിവിധ സംഘടനകള്‍ സഹായങ്ങളും സേവനങ്ങളുമായി എത്തും. വെള്ളവും ഭക്ഷണവും വീടും ഒക്കെ നല്‍കും. ലഭിക്കുന്നവര്‍ എന്നതില്‍ കവിഞ്ഞ് ഇവിടുത്തെ മനുഷ്യര്‍ക്ക് ഇതിലൊന്നും പങ്കാളിത്തമുണ്ടായിരുന്നില്ല.  ഇന്ന് അതല്ല സ്ഥിതി. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം ഊരുകൂട്ടത്തിന്റെ മേല്‍നോട്ടത്തിലും പങ്കാളിത്വത്തിലുമാണ് നടക്കുന്നത്. മാറ്റത്തിന് ചാലക ശക്തിയാകാന്‍ ഒന്നര പതിറ്റാണ്ടു പിന്നിട്ട മിഷന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞു എന്നതാണ് സത്യം.

''ശുദ്ധജലം പദ്ധതി ഉദ്ഘാടന വേദിയില്‍ നല്‍കിയ പൂച്ചെണ്ട് ഊരിലെ വനിതകള്‍ സ്വയം കൊരുത്തതാണ്. വിളമ്പിയ നെയ്ച്ചോറ് അവര്‍ പാകം ചെയ്തതും. അതുകൊണ്ടുതന്നെ പരിപാടി തങ്ങളുടേത് എന്ന തോന്നല്‍ അവരിലുണ്ടായി. പരിപാടി വിജയിപ്പിക്കാനായി സ്വയം ഓരോരുത്തരും മുന്നോട്ടു വന്നു. പണ്ട് പരിപാടി നടത്തണമെങ്കില്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാം സംഘാടകര്‍ കൊണ്ടുചെല്ലണമായിരുന്നു.'' വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. നാരായണന്റെ വാക്കുകള്‍ അട്ടപ്പാടിയിലെ ഊരുകളില്‍ നടക്കുന്ന ക്രിയാത്മക മാറ്റത്തിന്റെ സാക്ഷ്യമാണ്.

അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാകാറായി. തുടക്കകാലത്തുതന്നെ മിഷന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണ് നാരായണന്‍. തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറിയായിരുന്നു. പീഡിയാട്രിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2002ല്‍ വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വീടു വിട്ടിറങ്ങുകയായിരുന്നു. രാജ്യത്തെ വിദൂരഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കും നിര്‍ധനര്‍ക്കും വൈദ്യസഹായം നല്‍കാനുള്ള തീവ്രമായ ആഗ്രഹത്തിനു പിന്നില്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകളും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.  പരമേശ്വരന്റെ പ്രേരണയും ഉണ്ടായിരുന്നു. എല്‍ഐസിയിലെ ഉന്നത ഉദ്യോഗസ്ഥനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വെങ്കിട സുബ്രമണി സ്വാമി, ഏകമകനായ നാരായണനെ സന്നദ്ധ പ്രവര്‍ത്തനത്തിനായി ആശീര്‍വദിച്ച് വിട്ടത് അഭിമാനത്തോടെയായിരുന്നു.

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി


# ആരോഗ്യരംഗത്തെ  പുതുചക്രവാളങ്ങള്‍

2002 നവംബറില്‍ അട്ടപ്പാടിയില്‍ തന്നെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചുകൊണ്ടായിരുന്നു നാരായണന്റെ തുടക്കം. ക്യാമ്പുകള്‍ക്കൊപ്പം നിരവധി ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാനും അവിടത്തെ ആളുകളുമായി കൂടിക്കാഴ്ച നടത്താനും അവരുടെ വീടുകളില്‍ കഴിയാനും ഭക്ഷണം പങ്കിടാനും സമയം കണ്ടെത്തി. വനവാസി ജനങ്ങളുമായുള്ള അത്തരം അടുത്ത ബന്ധം നാരായണനെ അവരുടെ ഹൃദയത്തോട് അടുപ്പിച്ചു.  അവരുടെ ആവശ്യങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായ ഒരു ദൗത്യം വികസിപ്പിക്കാന്‍ പ്രാപ്തനാക്കി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു.

2003 ജൂണ്‍ 13ന് അഗളിയില്‍  ഡിസ്പെന്‍സറിയോടുകൂടിയ മെഡിക്കല്‍ ഒപി ആരംഭിച്ചു. അത് ആശുപത്രിയായി വികസിച്ചു. 2006 ജൂണ്‍ 5 നായിരുന്നു ഉദ്ഘാടനം.  മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നു, സമൂഹത്തിലെ നിരവധി സാധ്യതകള്‍ക്കു പുറമേ വികസനവും വിദ്യാഭ്യാസവും ലക്ഷ്യംവച്ചു. ഗുണനിലവാരമുള്ള പരിചരണം സൗജന്യമായി നല്‍കി. നേരത്തെയുള്ള രോഗനിര്‍ണയവും ഫലപ്രദമായ ഇടപെടലുകളും ഗുരുതരമായ രോഗങ്ങളില്‍പ്പോലും ആശുപത്രിവാസവും രോഗാവസ്ഥയും കുറച്ചു.

മിഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ നേത്രക്യാമ്പുകളില്‍ 500 ലധികം രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയിലൂടെ അവരുടെ കാഴ്ചശക്തി വീണ്ടെടുത്തു. കടുത്ത പോഷകാഹാരക്കുറവുള്ള എണ്ണമറ്റ കുട്ടികള്‍ ശ്രദ്ധിക്കപ്പെടുകയും പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തു. റുമാറ്റിക് ഹൃദ്രോഗം, കൊറോണറി ഹൃദ്രോഗം, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ്, പ്രമേഹം, അതിന്റെ സങ്കീര്‍ണതകള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുള്ള നിരവധി രോഗികള്‍ക്ക് ആനുകാലിക വൈദ്യസഹായവും ആശുപത്രിയില്‍ നിന്ന് സൗജന്യ മരുന്നുകളും ലഭിക്കുന്നു. അട്ടപ്പാടിയിലെ ജനങ്ങള്‍ നേരിടുന്ന പ്രത്യേക ആരോഗ്യപ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, പ്രത്യേകിച്ച് മാനസികാരോഗ്യ പദ്ധതി, മാതൃ ശിശു ആരോഗ്യ പദ്ധതി, അരിവാള്‍ കോശ രോഗ പരിപാലന പദ്ധതി തുടങ്ങിയവ നൂറുകണക്കിന് പേര്‍ക്ക് പ്രയോജനം ചെയ്തു. ഈ സംരംഭങ്ങളുടെ ലക്ഷ്യം ആരോഗ്യമുള്ള ശരീരവും നല്ല മനസ്സുമുള്ള വനവാസി ജനതയുടെ വികസനം എന്നതുമാത്രമായിരുന്നു.

വിവിധ ഗ്രാമങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വില്ലേജ് ഹെല്‍ത്ത് വര്‍ക്കര്‍ പ്രോഗ്രാം ആരംഭിച്ചു. നൂറോളം ഗ്രാമങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. ഈ സന്നദ്ധപ്രവര്‍ത്തകര്‍ മിഷന്റെ എല്ലാ ആരോഗ്യ പരിപാടികളും ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നു.

അട്ടപ്പാടി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാനസിക രോഗങ്ങള്‍ വളരെ സാധാരണമാണെന്ന് കണ്ടെത്തി. അവരില്‍ പലര്‍ക്കും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിഷാദവും ഉത്കണ്ഠയും സാധാരണമാണ്.  ബന്ധുക്കള്‍ക്ക് ഒരു മനോരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പോകാനോ രോഗികള്‍ക്ക് ചെലവേറിയ മനോരോഗ മരുന്നുകള്‍ വാങ്ങാനോ സാധിച്ചില്ല.

 ഡോ. വി.  നാരയണന്‍

# കമ്യൂണിറ്റി മെന്റല്‍  ഹെല്‍ത്ത് പ്രോഗ്രാം

സങ്കീര്‍ണമായ ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയില്‍ കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിച്ചു.  200 ലധികം വനവാസി രോഗികള്‍ സാധാരണ ജീവിതം പുനരാരംഭിച്ചു.

വ്യാപകമായിരുന്ന മദ്യപാനത്തിന്റെ സാമൂഹിക തിന്മയ്ക്കെതിരെ ഡിഅഡിക്ഷന്‍ പ്രോഗ്രാം ആരംഭിച്ചു. ആല്‍ക്കഹോള്‍ ആശ്രിതത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, ആശുപത്രിയിലെ ലഹരിവിമുക്തരായ വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ എന്നിവയാണ് പരിപാടിയുടെ ഘടകങ്ങള്‍.

മെഡിക്കല്‍ മിഷന്‍ 100 ഗ്രാമങ്ങളില്‍ വില്ലേജ് കമ്മിറ്റികള്‍ രൂപീകരിച്ചു. കൃഷി, ഉപജീവനമാര്‍ഗം, വിദ്യാഭ്യാസ റിസോഴ്സ് സെന്ററുകള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയിലൂടെ ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു.

രണ്ടു പതിറ്റാണ്ടു തികയുന്ന തന്റെ അട്ടപ്പാടി ജീവിതത്തെ അഭിമാനത്തോടെ കാണുന്ന ഡോ. നാരയണന്‍, അവിടുത്തെ സാമൂഹ്യ ജീവിതം അടിമുടി മാറിയെന്നാണ് പറയുന്നത്.

''ആദിവാസി പ്രദേശങ്ങളിലെ ജീവിതങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റാത്ത വിധം മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. പുറമേ നിന്ന് നോക്കുന്ന കാഴ്ചയല്ല അട്ടപ്പാടി ഇപ്പോള്‍ നല്‍കുന്നത്. അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തിയിരുന്നത് കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ്. സര്‍ക്കാര്‍ പദ്ധതികള്‍ക്കു പുറമെ, നിരവധി മത, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകള്‍ ഊരുകള്‍ കേന്ദ്രീകരിച്ച് അരി മുതല്‍ വസ്ത്രങ്ങള്‍ വരെ വിതരണം നടത്തി. പക്ഷേ വനവാസികള്‍ക്ക് എന്തു വേണം എന്നു മനസ്സിലാക്കിയായിരുന്നില്ല പല പദ്ധതികളും ആവിഷ്‌ക്കരിച്ചത്. അവര്‍ക്ക് പങ്കാളിത്തമില്ലാത്തവയായിരുന്നു പദ്ധതികള്‍.  വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തുന്ന എല്ലാ പരിപാടിയിലും പദ്ധതിയിലും വനവാസി സമൂഹത്തിന്റെ പങ്കാളിത്തമാണ് ആദ്യം ഉറപ്പാക്കുക. ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. പരമ്പരാഗത കൃഷിയിറക്കാനും മാതൃകാ ഊരുകളുടെ നിര്‍മാണത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അതൊക്കെ ഫലം കാണുന്നു.'' ഡോ. വി. നാരായണന്റെ വാക്കുകളിലെ ആത്മവിശ്വാസം ചെറുതല്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.