×
login
സംസ്‌കൃതത്തിന്റെ സ്പാനിഷ് ആചാര്യന്‍

സംസ്‌കൃത ഭാഷയെ സ്‌പെയിനിനും ലോകത്തിനും പരിചയപ്പെടുത്താന്‍ ഒരു പുരുഷായുസ് മുഴുവന്‍ സമര്‍പ്പിച്ച ഓസ്‌കാര്‍ പുജോള്‍, പ്രണയം പിന്‍തുടര്‍ന്ന് ഇന്ത്യയിലെത്തിയ കാമുകന്‍ മാത്രമായിരുന്നു ഒരിക്കല്‍. എന്നാല്‍ കാശിയില്‍ അദ്ദേഹം തന്റെ കര്‍മപഥവും ജന്മോദ്ദേശ്യവും കണ്ടെത്തി. കാളപ്പോരിന്റെയും ഫ്‌ളെമിംഗോ നൃത്തത്തിന്റെയും ഫുട്‌ബോളിന്റെയും നാടായ സ്‌പെയിനില്‍ നിന്നെത്തി ഒരു നിയോഗമെന്ന പോലെ ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തില്‍ അലിഞ്ഞുചേര്‍ന്ന ഓസ്‌കാര്‍ പുജോളിനെ അടുത്തറിയാം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയ പുജോള്‍ ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വാചാലനായത് മൂന്നാം സംസ്‌കൃത വിപ്ലവത്തിലൂടെ വൈദികഭാഷ സാര്‍വലൗകികമാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്

ക്ലാസിക്കല്‍ ഡാന്‍സില്‍ ആകൃഷ്ടയായ മര്‍സെന്‍ എന്ന സ്പാനിഷ് യുവതി 1979ലാണ് ഭാരതം സന്ദര്‍ശിക്കാനെത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയായിരുന്നു ലക്ഷ്യം. ഭരതനാട്യം പഠിക്കണം. സ്‌പെയിനിലെ കാറ്റലന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനായിരുന്നു മര്‍സെനു കൂട്ട്. പ്രണയിനിയെ പിന്‍തുടര്‍ന്നെത്തിയതെന്നതൊഴിച്ചാല്‍ ഓസ്‌കാര്‍ പുജോളെന്ന ആ യുവാവിന് ഭാരതത്തെക്കുറിച്ച് യാതൊന്നുമറിയില്ലായിരുന്നു. മര്‍സെന് ഇഷ്ടപ്പെട്ട നാടെന്നതൊഴിച്ചാല്‍ ഇന്ത്യയോട് പ്രത്യേക മമതയൊന്നുമില്ല. ഏതായാലും മെര്‍സെന്‍, ബനാറസ് സര്‍വകലാശാലയില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്നു. പുജോള്‍ മടങ്ങിയില്ല. ഇരുവരും കാശിയില്‍ കൂടുകൂട്ടി. ചുറ്റുമുള്ള ലോകത്തെ പുജോള്‍ കൗതുകത്തോടെ നോക്കിക്കണ്ടു. ഇന്ത്യ എന്ന ഭാരതം ഒരു വിസ്മയം പോലെ ആ 'കാറ്റല'നു മുന്നില്‍ അനാവൃതമാകാന്‍ തുടങ്ങി. ആധുനിക സാഹിത്യത്തെയും സംഗീതത്തെയും ഇഷ്ടപ്പെട്ടിരുന്ന ആ മനസ്സിലേക്ക് ഭാരതീയ സംസ്‌കാരം ഗംഗാപ്രവാഹമായി ഒഴുകിച്ചെന്നു. അതിനൊരു നിമിത്തവുമുണ്ടായി...

ഏവം പ്രവര്‍ത്തിതം ചക്രം

നാനുവര്‍ത്തയതീഹ യഃ

അഘായുരിന്ദ്രിയാരാമോ

മോഘം പാര്‍ത്ഥ സ ജീവതി

ഭഗവദ്ഗീതയിലെ മൂന്നാം അധ്യായത്തില്‍ കര്‍മയോഗം വിശദീകരിക്കുന്ന ഈ സംസ്‌കൃത ശ്ലോകം അവിചാരിതമായാണ് പുജോളിന്റെ കണ്ണില്‍ ഉടക്കിയത്. സ്വധര്‍മത്തെ നേരാംവണ്ണം അനുഷ്ഠിക്കാതെ ഇന്ദ്രിയ സുഖലോലുപതകളില്‍ അഭിരമിക്കുന്നവര്‍ ജീവിതം പാഴാക്കുന്നു എന്ന് അര്‍ത്ഥം വരുന്ന ശ്ലോകം പുജോളിനെ സ്പര്‍ശിച്ചു. ഭാരതീയ ചിന്താധാരയുടെ ആഴം മനസിലാക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃത ഭാഷയുടെ സൗന്ദര്യം ഒരു ലഹരിയായി പടരാന്‍ കാലവിളംബമുണ്ടായില്ല. തന്റെ ഹൃദയത്തിന്റെ ഒരു പാതി മര്‍സെനും മറുപാതി സംസ്‌കൃത ഭാഷയ്ക്കും സമര്‍പ്പിച്ച് അഗാധപ്രണയത്തിലലിഞ്ഞ പുജോളിനെയാണ് പിന്നീട് കാശി കണ്ടത്. ബനാറസ് സര്‍വകലാശാലയില്‍ സംസ്‌കൃത പഠനത്തിന് അദ്ദേഹം ചേര്‍ന്നു. ഒപ്പം കാശിയിലെ പ്രശസ്ത വ്യാകരണ പണ്ഡിതനായ വാഗീശ ശാസ്ത്രിയെ കണ്ട് ശിഷ്യത്വം സ്വീകരിച്ചു. നാരായണ്‍ മിശ്ര, വിദ്യനിവാസ് മിശ്ര തുടങ്ങി സംസ്‌കൃത പണ്ഡിതരുടെയും സഹായം പുജോളിന് ലഭിച്ചു.

പതിനേഴ് വര്‍ഷം പുജോള്‍ കാശി സര്‍വകലാശാലയുടെ അഭിന്ന അംഗമായി. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സ്പാനിഷ് ഭാഷ പഠിപ്പിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വിദേശ ഭാഷാ വിഭാഗത്തില്‍ സ്പാനിഷ് ഭാഷാ പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്ററും ഇന്‍സ്ട്രക്റ്ററുമായി സേവനമനുഷ്ഠിച്ചു. ഒപ്പം സംസ്‌കൃതത്തിന്റെ അമൃത് ആവോളം നുകര്‍ന്നു. സംസ്‌കൃതത്തിന്റെ ആഗോള പ്രയാണത്തെ അറിയാനും, നിരവധി വിദേശ ഭാഷകളും സംസ്‌കൃതവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം കണ്ടെത്താനും ആഴത്തില്‍ ഗവേഷണം ചെയ്തു. ദേവഭാഷയില്‍ ഡോക്റ്ററേറ്റ് നേടി. സംസ്‌കൃത ഭാഷയെയും തത്വചിന്തയെയും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്താന്‍ നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചു. കിഴക്കന്‍ സ്‌പെയിനിലെ മൂന്ന് വിഭാഗങ്ങളുടെ ഭാഷയായ കാറ്റലനെയും സംസ്‌കൃതത്തെയും ചേര്‍ത്തുവെച്ചുകൊണ്ട് ഒരു കാറ്റാലന്‍-സംസ്‌കൃതം നിഘണ്ടു തയാറാക്കി. 60,000 പദങ്ങള്‍ ഉള്‍പ്പെട്ട ബൃഹത്തായ ഈ പുസ്തകം പുജോളിന്റെ സ്വപ്‌ന സംരംഭമായിരുന്നു. 12 വര്‍ഷം കൊണ്ടാണ് അദ്ദേഹം ഇത് തയാറാക്കിയത്. സംസ്‌കൃതം-സ്പാനിഷ് നിഘണ്ടുവും അദ്ദേഹം ലോകത്തിന് സമ്മാനിച്ചു. 2000ത്തില്‍ ദല്‍ഹിയിലെ സ്‌പെയിന്‍ എംബസിയില്‍ സംസ്‌കൃത പഠനത്തിനു ശേഷം സ്‌പെയിനിലേക്ക് മടങ്ങിയെത്തിയ പുജോള്‍, 2002 ല്‍ ബാഴ്‌സിലോണയില്‍ കാസ ഏഷ്യ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കാസ ഏഷ്യയില്‍ എജുക്കേഷന്‍ പ്രോഗ്രാം ഡയറക്റ്ററായി നിയമിക്കപ്പെട്ട പുജോള്‍ നിരവധി ആളുകളെ സംസ്‌കൃതത്തിലേക്ക് അടുപ്പിച്ചു. 2007 ല്‍ ദല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍വന്റാസ് എന്ന സ്ഥാപനത്തിനും തുടക്കമിട്ടു.

സംസ്‌കൃതത്തെക്കുറിച്ച് മാത്രമല്ല ഭാരതത്തെ കുറിച്ച് പറയാനും പുജോളിന് നൂറു നാവാണ്. എക്കാലവും വിശ്വഗുരുവായിരുന്ന ഭാരതത്തിന് ലോകത്തെ മുന്നില്‍നിന്നു നയിക്കാന്‍ സാധിക്കുമെന്ന കാഴ്ചപ്പാട് അദ്ദേഹം ആവേശത്തോടെ പങ്കുവയ്ക്കുന്നു. ഒരു യഥാര്‍ത്ഥ ഭാരതീയനില്‍ ദര്‍ശിക്കാവുന്ന ഭാരതീയത അതേ തുടിപ്പോടെ ഈ സ്‌പെയിന്‍കാരനിലും ദൃശ്യമാകുന്നത് അത്ഭുതത്തോടെയെ നോക്കിക്കാണാനാവൂ. വേദമന്ത്രങ്ങളും ഉപനിഷത്തുക്കളും ഗീതയുമെല്ലാം ആ വിജ്ഞാന നിറകുടം തുളുമ്പി പുറത്തേക്കു വരുന്നത് വിസ്മയിപ്പിക്കും. തന്നെ ഭാരതമാകുന്ന കര്‍മക്ഷേത്രത്തിലേക്ക് നയിച്ച പത്‌നി മെര്‍സനൊപ്പമാണ് അടുത്തിടെ കൊച്ചിയിലെത്തിയ അദ്ദേഹം ജന്മഭൂമിയോട് മനസ് തുറുന്നത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍...

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് സംസ്‌കൃതം ഒരു അപരിചിത ഭാഷയാണ്. ഇപ്പോഴും സംസ്‌കൃതത്തിന് പ്രസക്തിയുണ്ടെന്ന് കരുതാന്‍ കാരണം?

പല കാരണങ്ങളാല്‍ സംസ്‌കൃതം ഇപ്പോഴും പ്രസക്തമാണ്. ആത്മീയകാരണങ്ങളാല്‍ മാത്രമല്ലത്. സംസ്‌കൃതം ശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ദര്‍ശനങ്ങളുടെയും ഭാഷയാണ്. വൈദ്യത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ഭാഷയാണ്. യുക്തിയുടെയും രാഷ്ട്രീയത്തിന്റെയും ധര്‍മത്തിന്റെയും ഭാഷയാണ്. കാമശാസ്ത്രത്തിന്റെ ഭാഷയാണ്. ആത്യന്തികമായി, മോക്ഷത്തിന്റെ ഭാഷയാണ്.

ഞാന്‍ പലപ്പോഴും പറയാറുണ്ട്, ഭാരതത്തെ പോലെ മനുഷ്യാത്മവിന്റെ സത്ത അറിയുന്ന മറ്റൊരു രാജ്യമില്ല. അതിന് കാരണം സംസ്‌കൃതമാണ്. ഭാരതത്തെ വിശ്വഗുരുവാക്കിയത് സംസ്‌കൃതമാണ്. ഭാരതം ഇപ്പോഴും വിശ്വഗുരു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാവിയിലും അങ്ങനെതന്നെയായിരിക്കും. സംസ്‌കൃത പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചതാണ് ഭാരതത്തിന്റെ അധഃപതനത്തിലേക്ക് നയിച്ചത്. എങ്കിലും ഇപ്പോള്‍ ശുഭകരമായ പലതും സംഭവിക്കുന്നു. പുതുതലമുറയിലുള്ളവരില്‍ പലരും സംസ്‌കൃതത്തോട് താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഭാരതത്തിന് പുറത്തും, അമേരിക്ക, മൗറീഷ്യസ് പോലുള്ള നിരവധി രാജ്യങ്ങളില്‍ ഇത് പ്രകടമാണ്.

സംസ്‌കൃതത്തെ ജീവവായുവായി കരുതുന്ന പരമ്പരാഗത പണ്ഡിറ്റുകളെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാകണം. അവരിലൂടെയേ ഈ പാരമ്പര്യം നിലനില്‍ക്കൂ. സംസ്‌കൃതം സജീവമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും വേണം. ഭാരത യുവത്വം തങ്ങളുടെ പൈതൃകത്തെ, പാരമ്പര്യത്തെ സംശയിക്കുന്ന സാഹചര്യമുണ്ടാകരുത്.

ഭാരതത്തെ നിര്‍വചിച്ച ഭാഷയാണല്ലോ സംസ്‌കൃതം. എന്നിട്ടും എന്തുകൊണ്ടാണ് സംസ്‌കൃതത്തിന് അതിന്റെ പ്രാധാന്യം നഷ്ടമായത്?

ചരിത്രപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് അത് സംഭവിച്ചത്. സംസ്‌കൃതത്തിന് അതിന്റെ രാഷ്ട്രീയ ശക്തി നഷ്ടമായി. വലിയ കഥയാണത്. എങ്കിലും ചരിത്രത്തിന് ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടെന്ന് ഓര്‍ക്കുക. ആധുനികതയെ പുല്‍കുമ്പോള്‍ നമ്മുടെ പൈതൃകം മറക്കാതിരിക്കുക. നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. പോയ 60-70 വര്‍ഷങ്ങളില്‍ അതാണ് സംഭവിച്ചത്. ഇനിയും അതാവര്‍ത്തിക്കപ്പെടരുത്. സംസ്‌കൃതത്തിന്റെ രാഷ്ട്രീയ ശക്തി തിരിച്ചുലഭിക്കാനുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഭാരതത്തിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

സംസ്‌കൃതത്തേയും ഭാരതദര്‍ശനങ്ങളെയും വിമര്‍ശിക്കുന്നവര്‍ പലപ്പോഴും ഉയര്‍ത്തുന്ന വാദമുണ്ട്-സ്ത്രീവിരുദ്ധതയും സകലരെയും ഉള്‍ക്കൊള്ളാത്തതുമാണ് സനാതന ധര്‍മമെന്ന്. ഇന്‍ക്ലൂസിവ് അല്ല ഇന്ത്യന്‍ പ്രത്യയശാസ്ത്രമെന്നാണ് ആരോപണങ്ങള്‍. എങ്ങനെ നോക്കിക്കാണുന്നു ഇതിനെ?


ആരോപണങ്ങളെ അതിന്റെ വഴിക്ക് വിടുക. അറിവിനെ ഉപാസിക്കുന്ന ദര്‍ശനമാണ് ഇവിടുത്തേത്. കേവലമായ എല്ലാ ഭേദചിന്തകള്‍ക്കും അതീതമാണത്. 'ഇന്‍ക്ലൂസിവ്‌നെസ്' അടിസ്ഥാനപരമായി തന്നെ ഭാരതദര്‍ശനങ്ങളുടെ ഭാഗമാണ്. പ്രശ്‌നം വന്നത് പടിഞ്ഞാറിനെ അന്തമായി അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ്. വര്‍ണങ്ങള്‍ക്കെല്ലാം അതീതമാണ് സനാതന ദര്‍ശനങ്ങള്‍. കര്‍മാധിഷ്ഠിതമാണ് സകലതും.

വര്‍ണവ്യവസ്ഥയും അങ്ങനെയാണെന്നാണോ പറഞ്ഞുവരുന്നത്?

തീര്‍ച്ചയായും. ഒന്നും ജന്മാധിഷ്ഠിതമാകുന്നില്ല. എല്ലാം കര്‍മാനുസൃതമാണ്. ഗുണാധിഷ്ഠിതമാണ്. ഗീതയില്‍ പറയുന്നത് തന്നെ 'ഗുണ കര്‍മ വിഭാഗശഃ' എന്നല്ലേ. കര്‍മമാണ് വര്‍ണം തീരുമാനിക്കുന്നത്. നമ്മുടെ പാരമ്പര്യവും പൈതൃകവും പറയുമ്പോള്‍ നാണിക്കേണ്ട കാര്യമില്ല. നേരത്തെ പറഞ്ഞ പോലെ അന്ധമായ അനുകരണം അരുത്. ആധുനികതയോട് സമ്മേളിച്ച് തന്നെ പൈതൃകം പേറണം. ജാപ്പനീസ് സംസ്‌കാരത്തിന് അത് സാധിക്കുന്നുണ്ട്. ചൈനക്കാരും അതിന് ശ്രമിക്കുന്നു.

സംസ്‌കൃതം പഠിച്ചെടുക്കുകയെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണോ?

ഒരിക്കലും അല്ല. യാതൊരു ഭരതീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത എനിക്കത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കെല്ലാം നിഷ്പ്രയാസം കഴിയും. സംസ്‌കൃത പഠനം എളുപ്പമാക്കുന്നതിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊണ്ടുവരാവുന്നതുമാണ്. ഭാരതത്തിന്റെ ദര്‍ശനങ്ങള്‍ കലര്‍പ്പില്ലാതെ മനസ്സിലാക്കണമെങ്കില്‍ സംസ്‌കൃതം പഠിച്ചേ മതിയാകൂ. വിവര്‍ത്തനങ്ങള്‍ക്കെല്ലാം അതിന്റേതായ പരിമിതികളുണ്ട്. ശാസ്ത്രമാണ് അറിവിന്റെ പാരമ്യമെന്ന പടിഞ്ഞാറന്‍ ചിന്തയില്‍ വീഴരുത്. അതേസമയം തന്നെ സംസ്‌കൃതത്തെ മുന്‍നിര്‍ത്തിയുള്ള വ്യാജ അവകാശവാദങ്ങള്‍ ആഘോഷിക്കയുമരുത്.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മനുഷ്യകേന്ദ്രീകൃതമായാണ് ലോകത്തെ കാണുന്നത്. എന്നാല്‍ ജീവനില്‍ (ലൈഫ്) കേന്ദ്രീകരിച്ചുള്ളതാണ് ഭാരതത്തിന്റെ ദര്‍ശനങ്ങള്‍. ലോകത്തെ നയിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ രാജ്യമായി ഭാരതത്തെ മാറ്റുന്നതും അതാണ്. ഭാരതത്തെ ലോകനേതാവാക്കുന്ന ശക്തി ഒരിക്കലും സൈനികപരമല്ല. മറിച്ച് അറിവില്‍ കേന്ദ്രീകൃതമാണത്. ഭാരത മനസ്സുകളിലെ കോളനിവല്‍ക്കരണശേഷിപ്പുകള്‍ തുടച്ചുനീക്കാനുള്ള ഏറ്റവും മികച്ച ആയുധമാണ് സംസ്‌കൃതം.

മൂന്നാം സംസ്‌കൃത വിപ്ലവത്തിന്റെ അനിവാര്യതയെ കുറിച്ച് താങ്കള്‍ എഴുതിയിട്ടുണ്ട്. ആദ്യ രണ്ട് വിപ്ലവങ്ങളെ കുറിച്ച് ഇവിടുത്തെ ബുദ്ധിജീവികളും ചരിത്രകാരന്മാരുമെല്ലാം അജ്ഞരാണ്, അല്ലെങ്കില്‍ അജ്ഞത നടിക്കുന്നു. മൂന്ന് സംസ്‌കൃത വിപ്ലവങ്ങളുടെയും പശ്ചാത്തലത്തെ കുറിച്ച് വിശദമാക്കാമോ?

മധ്യകാലഘട്ടത്തിലാണ് ആദ്യ സംസ്‌കൃത വിപ്ലവം നടക്കുന്നത്. മുസ്ലിം പണ്ഡിതരിലൂടെ ഭാരതത്തിലെ അറിവിന്റെ രശ്മികള്‍ പടിഞ്ഞാറിലെത്തിയ കാലം. സ്പാനിഷ് നാട്ടില്‍ അതെത്തിയതും അങ്ങനെയാണ്. അല്‍-അന്തലൂസ് കാലഘട്ടത്തിലൂടെയാണ് അത് പടിഞ്ഞാറിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. ദശകഗണനം (ഡെസിമല്‍ സിസ്റ്റം) പോലുള്ള സംവിധാനങ്ങള്‍ ലോകത്ത് അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. യൂറോപ്പിന്റെ ബൗദ്ധിക കാഴ്ച്ചപ്പാടിനെ വലിയ തോതില്‍ മാറ്റി മറിച്ചു സംസ്‌കൃതം. യൂറോപ്യന്‍ ഭാഷകളില്‍ സംസ്‌കൃതം ചെലുത്തിയ സ്വാധീനമാണ് അവിടത്തെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കുള്ള അടിത്തറ പാകിയത്.

പടിഞ്ഞാറിലെ പണ്ഡിതര്‍ 19-ാം നൂറ്റാണ്ടില്‍ സംസ്‌കൃതം പഠിക്കാന്‍ ആരംഭിച്ചതോടെയാണ് രണ്ടാം വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. യൂറോപ്പിലെ ഭാഷാ പഠനത്തെ അടിമുടി മാറ്റിമറിച്ചു അത്. സ്വരശാസ്ത്രം അല്ലെങ്കില്‍ ഉച്ചാരണശാസ്ത്രം(ഫൊണറ്റിക്സ്) തന്നെ സംസ്‌കൃത്തിന്റെ സംഭാവനയാണ്. സംസ്‌കൃതത്തെ ആഗോളമാക്കി മാറ്റുന്നതാകണം മൂന്നാം വിപ്ലവം. അതാരംഭിക്കേണ്ടത് ഭാരതത്തില്‍ നിന്നുതന്നെയാണ്, മറ്റാര്‍ക്കും മൂന്നാംവിപ്ലവത്തിന്റെ പതാകവാഹകരാകാന്‍ സാധിക്കില്ല.

സംസ്‌കൃതത്തെ ജനാധിപത്യവല്‍ക്കരിക്കുകയാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്നാണോ പറഞ്ഞുവരുന്നത്? അതിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കും?

തീര്‍ച്ചയായും. സംസ്‌കൃതം ജനാധിപത്യവല്‍ക്കരിക്കുക തന്നെയാണ് വേണ്ടത്. അതാണ് നേരത്തെ പറഞ്ഞ, ഭാരതം നേതൃത്വം നല്‍കേണ്ട മൂന്നാം സംസ്‌കൃത വിപ്ലവം. ഹൈന്ദവതയില്‍ ഊന്നി നിന്നുകൊണ്ടുതന്നെ 'യൂണിവേഴ്സല്‍ ലാംഗ്വേജ്' ആയി സംസ്‌കൃതത്തെ മാറ്റുന്ന പ്രക്രിയയാകണം നടക്കേണ്ടത്. അതിനുവേണ്ടി സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടതുമുണ്ട്. ഇംഗ്ലീഷ് സംസാരിച്ചാല്‍ അയാളെ ശ്രേഷ്ഠനായും പുരോഗമനക്കാരനായുമെല്ലാം കാണുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. സംസ്‌കൃതം അറിയുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. അത് മാറണം. സംസ്‌കൃതം ജനാധിപത്യവല്‍ക്കരിക്കാന്‍ ആദ്യം ചെയ്യേണ്ടത് വളരെ എളുപ്പത്തില്‍ അത് പഠിച്ചെടുക്കാനുള്ള രീതികള്‍ വ്യാപകമാക്കുകയാണ്. സംസ്‌കൃത ഭാരതി പോലുള്ള പ്രസ്ഥാനങ്ങള്‍ ഇതില്‍ വ്യാപൃതമാകുന്നുണ്ട്.

ദേവഭാഷ ജനകീയവല്‍ക്കരിക്കുന്നതിന് ഈ അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളാകണം വേണ്ടത്. ഒന്ന്, പരമ്പരാഗത സംസ്‌കൃത പണ്ഡിതരെ സംരക്ഷിക്കുക. അവര്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ നശിച്ചാല്‍ സംസ്‌കൃതമെന്ന അക്ഷയഖനി മനസ്സിലാക്കിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടാകും. രണ്ട്, സംസ്‌കൃതം കാലഹരണപ്പെട്ട ജീവിതരീതിയാണെന്ന 'നറേറ്റീവ്' മാറ്റിയെഴുതണം. ഏറ്റവും ഉദാരമായ ആശയങ്ങളുള്ളതും തുറന്ന മനോഭാവമുള്ള ദര്‍ശനങ്ങളുള്ളതും സംസ്‌കൃതത്തിലാണ്. സംസ്‌കൃതം ആയുധമാക്കി നിങ്ങളുടെ മനസ്സിലെ കോളനിവല്‍ക്കരണശേഷിപ്പുകള്‍ തുടച്ചുനീക്കിയിട്ടാകണം ആധുനികനാകേണ്ടത്. മൂന്ന്, എല്ലാവര്‍ക്കും സംസ്‌കൃതം ലഭ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നയപരമായ തീരുമാനങ്ങളെടുക്കുക. നാല്, വിദേശ പണ്ഡിതരെ ഉള്‍പ്പെടുത്തി ആഗോളതലത്തില്‍ ശക്തമായ ശൃംഖല വികസിപ്പിക്കുക. ജപ്പാന്‍ മുതല്‍ അര്‍ജന്റീന വരെയും യുഎസ് മുതല്‍ റഷ്യ വരെയും ചെറിയ തോതിലാണെങ്കിലും ഇന്നത് സംഭവിക്കുന്നുണ്ട്. അഞ്ച്, യോഗ സാര്‍വലൗകികമായി മാറിയതുപോലെ സംസ്‌കൃതത്തെയും മാറ്റുക. ലോകത്തിന്റെ ഭാഷയാക്കുക.

സംസ്‌കൃതത്തെ ആഗോളമാക്കുന്നതിന് സഹായിക്കുന്ന രാഷ്ട്രീയകാലാവസ്ഥയാണോ ഇപ്പോള്‍, അത് പ്രായോഗികമാണോ?

വളരെ ശക്തമാണ് ഇന്നത്തെ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ. എന്തും നടപ്പാക്കാനുള്ള ശേഷിയും രാഷ്ട്രീയ ഇച്ഛാശക്തിയും രാജ്യത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഏറ്റവും മികച്ച അവസ്ഥയിലാണ് എല്ലാംകൊണ്ടും രാജ്യം നില്‍ക്കുന്നത്. അത് തുടരാന്‍ തന്നെയാണ് സാധ്യത.

ദിപിന്‍ ദാമോദരന്‍/ ശ്രീകാന്ത് കെ. എസ്

  comment
  • Tags:

  LATEST NEWS


  വിഴിഞ്ഞം വിഷയത്തിലെ സര്‍വ്വ കക്ഷിയോഗം പ്രഹസനം; തുറമുഖ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജില്ലാഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെട്ടു: ബിജെപി


  അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.