×
login
പവിത്ര മോതിരം അണിയിച്ച ബാലകൃഷ്ണന്‍

ബാലകൃഷ്ണന്‍ പൊതുവെ സംഘവൃത്തങ്ങളിലും പുറമേയും അറിയപ്പെട്ടിരുന്നത് പയ്യന്നൂര്‍ പവിത്രമോതിരം നിര്‍മിക്കാന്‍ അധികാരമുള്ള കുടുംബത്തിലെ ആള്‍ എന്ന നിലയ്ക്കാണ്. പൂജാദി കര്‍മ്മങ്ങള്‍ വലതുകയ്യിലെ മോതിരവിരലില്‍ ദര്‍ഭകൊണ്ടുള്ള പവിത്രം അണിഞ്ഞാണ് കര്‍മികള്‍ ചെയ്യുന്നത്. സവിശേഷ തരത്തിലുള്ള പവിത്രക്കെട്ട് സ്വര്‍ണനൂല്‍കൊണ്ട് ചെയ്ത്, സ്വര്‍ണത്തില്‍ നിര്‍മിക്കുന്ന മോതിരമാണ് പവിത്രമോതിരം. അത് പണിതെടുക്കുവാനുള്ള അധികാരം പയ്യന്നൂരിലെ ഒരു വിശ്വകര്‍മ കുടുംബത്തിലെ അംഗങ്ങള്‍ക്കുമാണുള്ളത്.

പയ്യന്നൂരിലെ പഴക്കംചെന്ന സ്വയംസേവകന്‍ കെ. ബാലകൃഷ്ണന്‍ ഏറെ നാളത്തെ അസുഖത്തിനൊടുവില്‍ മാര്‍ച്ച് 30-ാം തീയതി പരലോക പ്രാപ്തനായ വിവരം ജന്മഭൂമിയുടെ കണ്ണൂരിലെ മുന്‍ ജില്ലാ ലേഖകന്‍ എ. ദാമോദരന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ആറുപതിറ്റാണ്ടു പഴക്കമുള്ള ബന്ധമാണ് ബാലകൃഷ്ണനുമായി എനിക്കുണ്ടായിരുന്നത്. ഏതാണ്ട് പത്തുവര്‍ഷമായി അതുവളരെ കുറഞ്ഞു എന്നേയുള്ളൂ. എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം യാത്രകള്‍ കുറഞ്ഞതാണ് അതിനു കാരണം. ബാലകൃഷ്ണന്‍ അവശനിലയിലാണെന്നും സാമ്പത്തികമായി തകര്‍ന്ന് തൊഴിലും, കടയും വീടുമൊക്കെ കൈവിട്ടുപോയി എന്നും ദാമോദരന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന് കണ്ണൂര്‍ ആയുര്‍വേദ ആസ്പത്രിയിലെ പഞ്ചകര്‍മ വിഭാഗത്തില്‍ പ്രവേശനം ലഭിച്ചുവെങ്കിലും സ്ഥിരമായി കൂടെ നില്‍ക്കാന്‍ ആളെ സംഘടിപ്പിക്കുന്നതിനു കഴിയായ്കയാല്‍ പയ്യന്നൂരിലേക്കു തന്നെ മടങ്ങി.

ബാലകൃഷ്ണന്‍ പൊതുവെ സംഘവൃത്തങ്ങളിലും പുറമേയും അറിയപ്പെട്ടിരുന്നത് പയ്യന്നൂര്‍ പവിത്രമോതിരം നിര്‍മിക്കാന്‍ അധികാരമുള്ള കുടുംബത്തിലെ ആള്‍ എന്ന നിലയ്ക്കാണ്. പൂജാദി കര്‍മ്മങ്ങള്‍ വലതുകയ്യിലെ മോതിരവിരലില്‍ ദര്‍ഭകൊണ്ടുള്ള പവിത്രം അണിഞ്ഞാണ് കര്‍മികള്‍ ചെയ്യുന്നത്. സവിശേഷ തരത്തിലുള്ള പവിത്രക്കെട്ട് സ്വര്‍ണനൂല്‍കൊണ്ട് ചെയ്ത്, സ്വര്‍ണത്തില്‍ നിര്‍മിക്കുന്ന മോതിരമാണ് പവിത്രമോതിരം. അത് പണിതെടുക്കുവാനുള്ള അധികാരം പയ്യന്നൂരിലെ ഒരു വിശ്വകര്‍മ കുടുംബത്തിലെ അംഗങ്ങള്‍ക്കുമാണുള്ളത്. പ്രത്യേക വ്രതമനുഷ്ഠിച്ച് മന്ത്രപൂരിതമായ അനുഷ്ഠാനങ്ങളോടുകൂടി വേണം അതിനാവശ്യമായ സ്വര്‍ണം തൂക്കിയെടുത്ത് ഉരുക്കി പണിയാരംഭിക്കാന്‍. മോതിരം ലഭിക്കണമെങ്കില്‍ പേരും പക്കവും, നക്ഷത്രവുമൊക്കെ ശില്‍പ്പിക്കു നല്‍കേണ്ടതാവശ്യമാണ്. ഇതിനെല്ലാം അധികാരമുണ്ടായിരുന്ന പയ്യന്നൂരിലെ ഒരു ശില്‍പ്പിയായിരുന്ന പരേതനായ ബാലകൃഷ്ണന്‍.

ഞാന്‍ പ്രചാരകനായി കണ്ണൂരിലെത്തിയ 1958 ല്‍ വി.പി. ജനാര്‍ദ്ദനനായിരുന്നു ജില്ലാ പ്രചാരകന്‍. ഇന്നത്തെ കാസര്‍കോടു ജില്ലയും അന്നു കണ്ണൂരിന്റെ ഭാഗമാണ്. എന്നാല്‍ പയ്യന്നൂരില്‍ നിന്ന് ഏതാനും കി.മീ. വടക്കുള്ള തൃക്കരിപ്പൂര്‍ വരെ (അവിടം കാസര്‍കോടു താലൂക്കിലായിരുന്നെങ്കിലും) അദ്ദേഹം നോക്കിയിരുന്നു. പയ്യന്നൂരില്‍ പ്രചാരകനായി കെ.ജി. മാരാര്‍ തന്റെ ആദ്യകാലം വിനിയോഗിച്ചിരുന്നു.  അദ്ദേഹമാണ് ബാലകൃഷ്ണനെ ശാഖയില്‍ നിലയുറപ്പിക്കാന്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി.  മാരാര്‍ തുടര്‍വിദ്യാഭ്യാസം മുഴുമിക്കാനും, അധ്യാപകവൃത്തിക്കും പോയപ്പോള്‍ പയ്യന്നൂര്‍ ശാഖയ്ക്കു ജനേട്ടന്‍ തന്നെ ഊര്‍ജം പകര്‍ന്നു.

അദ്ദേഹത്തോടൊപ്പം അവിടത്തെ ശാഖയില്‍ പോയപ്പോള്‍ പരിചയപ്പെട്ടവരില്‍ മനസ്സില്‍ പതിഞ്ഞമുഖങ്ങളിലൊന്നായിരുന്നു ബാലകൃഷ്ണന്റെത്. പിന്നെ 1960 ല്‍ മാധവജി ജില്ലാ പ്രചാരകനായപ്പോള്‍ പയ്യന്നൂരിലേക്കു എം.എസ്. ശിവാനന്ദ് വരികയും,  അവിടത്തെ തളര്‍ന്നുകിടന്ന സംഘപ്രവര്‍ത്തനം സജീവമാകുകയും ചെയ്തു.  

അതിനിടെ ബാലകൃഷ്ണന്‍ സ്വന്തമായ വ്യാപാരം ആരംഭിച്ചു. ജനസംഘം, സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമായി. പയ്യന്നൂര്‍ സന്ദര്‍ശിക്കുന്ന പ്രശസ്ത വ്യക്തികള്‍ക്ക് പവിത്രമോതിരം ഉപഹാരമായി നല്‍കുന്ന പതിവ് ആരംഭിച്ചു. മോതിരത്തെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശങ്കുണ്ണിയവര്‍കള്‍ ചിറയ്ക്കല്‍ രാജാവിനെ സന്ദര്‍ശിച്ചപ്പോള്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹത്തിന് തമ്പുരാന്റെ വകയായി അവിടെനിന്നു പവിത്രമോതിരം നല്‍കപ്പെട്ടതായാണ് കഥ. 'മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍' എന്ന നാലാങ്കല്‍ കൃഷ്ണപിള്ളയുടെ പുസ്തകത്തിലും മോതിര വിവരണമുണ്ട്.

സംഘത്തിന്റെയും ജനസംഘത്തിന്റെയും പില്‍ക്കാലത്തു ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും സമുന്നത നേതാക്കള്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ച വേളയില്‍ അവര്‍ക്ക് ബാലകൃഷ്ണന്‍ പവിത്രമോതിരം നല്‍കിയിട്ടുണ്ട്. അതിനായി മുന്‍കൂട്ടി അവരുടെ വലതു കയ്യിലെ മോതിര വിരലിന്റെ അളവും നാളും പക്കവും ജനനത്തീയതിയും മറ്റും ശേഖരിച്ചുവച്ചു.

അടല്‍ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ക്ക് മോതിരം സമര്‍പ്പിച്ചിരുന്നു. കെ.ജി. മാരാര്‍ ബിജെപി സംസ്ഥാനാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം നയിച്ച യാത്ര പയ്യന്നൂരെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ സുവര്‍ണ വിജയഹാരമണിയിച്ചിരുന്നുവത്രേ. മാരാര്‍ പിന്നീട് അധ്യക്ഷസ്ഥാനം കെ. രാമന്‍പിള്ളയ്ക്കു കൈമാറിയപ്പോള്‍, അതേ ഹാരം അദ്ദേഹത്തെ അണിയിച്ചുവത്രേ.

അടിയന്തരാവസ്ഥയ്ക്കുശേഷം ഒരിക്കല്‍ പയ്യന്നൂര്‍ പോയപ്പോള്‍ അദ്ദേഹത്തെ കാണുകയും 'ജന്മഭൂമി'യുടെ ഓഹരിയെടുപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം അപ്പോള്‍ പുതിയ വീട് നിര്‍മ്മിച്ച് താമസം അവിടെയാക്കിയിരുന്നു. അന്നവിടെ കൂടണമെന്ന നിര്‍ബന്ധത്തിനു വഴങ്ങി. ആ സമയത്ത് തന്റെ വ്യാപാരവും മറ്റും നന്നായി നടക്കുന്നുണ്ടെന്നു മനസ്സിലായി. പിന്നീട് വളരെ നാളുകളായി ഞങ്ങള്‍ക്കു ബന്ധമുണ്ടായില്ല. ജന്മഭൂമിയുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ യാത്രകളും കുറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ക്കായി കത്തെഴുതിവന്ന എന്റെ സ്വഭാവവും മാറി.

അങ്ങനെ 2000 ജനുവരിയില്‍ ജന്മഭൂമിയില്‍നിന്ന് വിരമിച്ചു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ചുമതല വഹിച്ചിരുന്ന 2002-2004 കാലത്ത് എറണാകുളത്തെ സ്‌റ്റേഡിയം മൈതാനത്ത് നടന്ന ഒരു പ്രദര്‍ശനം കാണാന്‍ പോയിരുന്നു. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന് പങ്കാളിത്തമുള്ളതായിരുന്നു അതെന്നാണോര്‍മ. അവിടം കണ്ടു നടക്കവെ, പുരാതന കൗതുകവസ്തുക്കളുടെ ഒരു സ്റ്റാള്‍ കണ്ടു. പഴയ നാണയങ്ങള്‍, അളവ്, തൂക്ക ഉപകരണങ്ങള്‍ മുതലായവയാണ് വസ്തുക്കള്‍. എന്നെ പേരെടുത്തു വിളിച്ച ആളെ നോക്കിയപ്പോള്‍ അതു പയ്യന്നൂര്‍ ബാലകൃഷ്ണനാണെന്ന് തിരിച്ചറിയാന്‍ വിഷമിക്കേണ്ടിവന്നു. അത്തരം സാധനങ്ങള്‍ വില്‍ക്കാനും കൈമാറാനും ധാരാളം പേര്‍ ചെല്ലുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഭരണക്കടയിലെ വ്യാപാരം കുറഞ്ഞുവരികയാണ്. വന്‍കിട ജ്വല്ലറികളും കള്ളക്കടത്തു സ്വര്‍ണവും വിപണി പിടിച്ചടക്കി വരികയാണ് എന്നും ചെറിയ തോതില്‍ മാത്രമാണ് കട എന്നും അറിഞ്ഞു. പവിത്രമോതിരത്തിന് ആവശ്യക്കാരുണ്ടത്രേ. എന്റെ പേരും നാളും ജനനത്തീയതിയും വിരലിന്റെ അളവും എടുത്ത് തന്റെ ഡയറിയില്‍ ചേര്‍ത്തു. പിന്നെ ഒരു പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും കാണാനവസരമുണ്ടായി.

പഴയകാല കണ്ണൂര്‍ ജില്ലയിലെ ജനസംഘം പ്രവര്‍ത്തകരുടെയും ദീനദയാല്‍ജിയെ നേരിട്ടു കണ്ടിട്ടുള്ളവരുടെയും ഒരു സംഗമം കൂത്തുപറമ്പില്‍ ചേരാന്‍ നിശ്ചയിക്കുകയും, ജനസംഘത്തിന്റെ മുന്‍ സംഘടനാ കാര്യദര്‍ശിയായിരുന്ന എന്നെ അതിലേക്ക് ക്ഷണിക്കുകയുമായിരുന്നു. അന്നു ജില്ലാ സംഘചാലകനായിരുന്ന ബി. ചന്ദ്രേട്ടനും അതില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചു. ഇന്ന് ചിതി വാരികയുടെ ചുമതല വഹിക്കുന്ന കൂത്തുപറമ്പുകാരന്‍ പി.  രാഘവനാണ് എന്നെ വിളിച്ച് വിവരമറിയിച്ചത്. പഴയ സഹപ്രവര്‍ത്തകരെ ഒരിക്കല്‍ക്കൂടി കാണാനുള്ള ആ അവസരം ഞാന്‍ കൈവിട്ടില്ല. ആ സംഗമത്തില്‍വച്ച് ബാലകൃഷ്ണന്‍ എനിക്ക് പവിത്രമോതിരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ആകൃതിയും പ്രകൃതിയും മാറിപ്പോയിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ട അവസാനത്തെ അവസരം അതായിരുന്നു. കാഞ്ഞങ്ങാട് മുതല്‍, അവിടം അപ്പോള്‍ കാസര്‍കോട് ജില്ലയിലായിരുന്നിട്ടും പഴയ ഏതാനും ജനസംഘ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

പിന്നീട് അദ്ദേഹത്തെ കാണാനവസരമുണ്ടായിട്ടില്ല. ബാലകൃഷ്ണനെപ്പോലുള്ള പ്രവര്‍ത്തകരാണ് സംഘപ്രസ്ഥാനങ്ങളെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതിന്റെ അറിയപ്പെടാത്ത അടിക്കല്ലുകളിലുള്ളതെന്ന് ഓര്‍ത്തുപോകുന്നു.

 

 

 

 

  comment
  • Tags:

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.