×
login
വ്യാസഹൃദയത്തിലൂടെ ഭീഷ്മതത്വത്തിലേക്ക്

മഹാഭാരത കഥയിലുടനീളം നിറഞ്ഞു നില്‍ക്കുകയും, എന്നാല്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിദ്ധരിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന കഥാപാത്രമാണ് ഭീഷ്മ പിതാമഹന്‍. ആര്‍എസ്എസ് സൈദ്ധാന്തികനും പണ്ഡിതനുമായ ആര്‍. ഹരിയുടെ മഹാഭാരത ഗ്രന്ഥ പരമ്പരയില്‍ ഏറ്റവും പുതിയതാണ് വ്യാസഭാരതത്തിലെ ഭീഷ്മര്‍. ഭീഷ്മരുടെ ജീവിതവും മനോവ്യാപാരങ്ങളും ആവിഷ്‌കരിക്കുന്ന, കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് കവി വി. മധുസൂദനന്‍ നായര്‍ എഴുതിയ പ്രൗഢഗംഭീരമായ അവതാരികയില്‍നിന്ന്

സാരജ്ഞരും ജ്ഞാനവൃദ്ധരുമായവരെ കഴിവതും അനുസരിക്കുക ശീലമായതുകൊണ്ടാണ്, ഇങ്ങനെയൊന്ന് എഴുതാന്‍ മുതിരുന്നത്. കെല്പുണ്ടായിട്ടല്ല. ശ്രീ. ആര്‍. ഹരിയുടെ ഗ്രന്ഥങ്ങള്‍ പലതും വായിക്കാനിടവന്നു. അവയിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യവും ജ്ഞാനാന്വേഷണവ്യഗ്രതയും തപസ്തുല്യമായ കര്‍മ്മ പ്രവണതയും കുറെയൊക്കെ ബോദ്ധ്യമായി. അവയിലെ ചില സമീപനരീതികളും നിരീക്ഷണങ്ങളും ചിന്തകളെ കൂടുതല്‍ ഉന്മിഷത്താക്കുന്നു. യോജിക്കാനോ വിയോജിക്കാനോ ഉള്ള സ്വാതന്ത്ര്യത്തോടെ സ്വച്ഛന്ദം വായിക്കാവുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

'വ്യാസഭാരതത്തിലെ ഭീഷ്മര്‍' എന്ന ഈ ഗ്രന്ഥത്തിന്റെ രണ്ടാംഭാഗത്തിലെ പ്രവേശികയില്‍ ശ്രീ. ഹരി പറയുന്നു: ''കാലം മാറുംതോറും സമൂഹം മാറും. അവ മാറുംതോറും വാക്കുകളുടെ പൊരുളും മാറും. സ്ഥലകാലഭേദം വാക്കുകളെയും ബാധിക്കും. അതുകൊണ്ട് ഭീഷ്മരുടെ ഈ വിചാരലോകത്തിലെ പരമാര്‍ഥങ്ങള്‍ അര്‍ഥവത്തായി ഗ്രഹിക്കാന്‍ ആദ്യമേ ചെയ്യേണ്ടത്, മാനവികവും ധിഷണാപരവുമായി ഭീഷ്മരുടെയും വ്യാസരുടെയും കാലത്തില്‍ ചെന്നെത്തി നില്‍ക്കുക, അവര്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷി ച്ചവിധം (വിവക്ഷിച്ചവിധം) ധരിക്കുക, അന്നത്തെ കാലത്തില്‍ ഇന്നത്തെ കാലം കടന്നുകയറാതെ ശ്രദ്ധിക്കുക. അങ്ങനെ അര്‍ഥം ഗ്രഹിച്ചശേഷം ഇന്നിലേയ്ക്ക് തിരിച്ചുവരിക, അവിടെവച്ച് മനസ്സിലാ ക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ഇന്നിന്റെ ചുറ്റുവട്ടത്തില്‍ അയവിറക്കുക, ധരിക്കുക - ആ പുനര്‍ധാരണയ്‌ക്കൊത്ത് ഇന്നത്തെ ഭാഷയില്‍ അവ വിനിമയം ചെയ്യുക. അപ്പോള്‍ മാത്രമേ 'എന്നും മാറുന്ന സമൂഹത്തിന് എക്കാലവും മാറാത്ത മൂല്യങ്ങള്‍' സത്യമായനുഭവപ്പെടൂ.''

ഈ ഭൂമികയെ ആദരിക്കുന്നു. അറിയാനും അറിയിക്കാനും യത്‌നിക്കുന്നവര്‍ ആചരിക്കേണ്ടുന്ന നേരിന്റെ വഴിയാണിത്. ഏത് നാടിന്റേയും പൂര്‍വചരിതം, പൂര്‍വസാഹിത്യം, പൂര്‍വകാലദര്‍ശനങ്ങള്‍ തുടങ്ങിയവയെ അറിയാനും അപഗ്രഥിക്കാനും തുടങ്ങുമ്പോള്‍ ആ കാലത്തിലേയ്ക്കും അതിന്റെ ഭാഷാഘടനയിലേയ്ക്കും കല്പനാവിഷ്‌ക്കാരസങ്കേതങ്ങളിലേയ്ക്കുമെല്ലാം ഉദാരമനസ്സോടെ ചെല്ലണം. എന്നാലേ വസ്തുതാബോധമുണ്ടാവൂ.

ശ്രീ. ഹരിയുടെ 'വ്യാസഭാരതത്തിലെ ഭീഷ്മര്‍' എന്ന ഈ കൃതി ഒരു നവീനാഖ്യായികയല്ല. മഹാഭാരതമെന്ന ആധാരത്തിലൂന്നിനിന്നുകൊണ്ട്, വ്യാസഹൃദയത്തിലൂടെ ഭീഷ്മതത്ത്വത്തിലേയ്ക്കുള്ള നവകാലസഞ്ചാരമാണ്. വ്യാസന്‍ ദര്‍ശിച്ചരീതിയില്‍ ഭീഷ്മരെക്കാണുക- ഭീഷ്മര്‍ എന്ന മഹാപുരുഷനിലൂടെ വ്യാസന്‍ ഭാരതമനസ്സിലേയ്ക്ക്, ലോകജീവിതത്തിന്റെ അനന്തരകാലങ്ങളിലേയ്ക്ക്, പ്രക്ഷേപിക്കാനുദ്ദേശിച്ച വ്യക്തി-സമൂഹ-രാഷ്ട്രദര്‍ശനങ്ങളെയും ധര്‍മ്മജീവിതത്തെയും പുതുകാലത്തിന്റെ രസനാപാകത്തിനൊത്ത് പുനര്‍വചിക്കുക.- താന്‍തന്നെ സ്ഫുടം ചെയ്ത നിരീക്ഷണങ്ങളെ അവതരിപ്പിക്കുക - ഇതാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. അതിനാല്‍, നവീനലോകത്തിന് ഇതൊരു ഭൈഷജ്യഗ്രന്ഥവുമാണ്.

അതേ 'ശാന്തിഃ ശാന്തിഃ ശാന്തിഃ' എന്ന് ഭൗതികവും ദൈവികവും ആദ്ധ്യാത്മികവുമായ ശാന്തി എന്നും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു ശീലിച്ച  ഒരു നാടിന് അഗ്നിസ്‌ഫോടനപ്രവണമായി പുകയുന്ന ലോകത്തിന്റെ 'അശാന്തിപര്‍വ'ത്തില്‍നിന്ന് 'ശാന്തിപര്‍വ'ത്തിലേക്ക് നിരായാസം നീങ്ങാനുള്ള മന്ത്രസേതുവാണ്, ഇന്നും, വ്യാസമഹര്‍ഷിയുടെ മഹാഭാരതം. എല്ലാക്കാലത്തിലെയും എവിടത്തെയും എല്ലാമടങ്ങുന്ന കാര്‍മ്മിക ശാന്തിയുടെയും ധാര്‍മിക ശാന്തിയുടെയും മഹാഗ്രന്ഥമായ മഹാഭാരതത്തിന്റെ സാരമായൊരു ഭാഗത്തെയാണ് ഭീഷ്മപിതാമഹന്റെ ജീവിതത്തിലൂടെ ശ്രീ. ഹരി കര്‍പ്പൂരപ്രഭപോലെ പ്രകാശിപ്പിക്കുന്നത്.  

സര്‍വലോകാശ്രയവും സര്‍വകാലാശ്രയവുമായ ധര്‍മ്മഗ്രന്ഥമാണ് മഹാഭാരതം. ഭാരതകഥാമദ്ധ്യത്തില്‍, അന്തരാത്മാവായ പുരുഷനെന്നപോലെ, സ്ഥിതിചെയ്യുന്ന ഭഗവദ്ഗീത തന്നെയാണ് അതില്‍ സര്‍വസാഗരമഥനം ചെയ്തുവച്ചിരിക്കുന്ന അമൃതം. കൃഷ്ണന്‍, വ്യാസന്‍, ഭീഷ്മന്‍- ഈ മൂവരുമാണ് മഹാഭാരതത്തിലെ ത്രികാണ്ഡ ങ്ങള്‍ എന്ന് ഈയുള്ളവന് തോന്നുന്നു. മൂവരിലും കാണാവുന്ന ശരീരം, സത്ത്വം, ആത്മാവ്- ഇവയുടെ യോഗംതന്നെ മഹാഭാരതം.

ധാര്‍ത്തരാഷ്ട്രന്മാരുടെ കലഹകഥയാണിതിന്റെ പ്രധാന കാണ്ഡമെന്ന് പൊതുവേ കരുതപ്പെടുന്നുവെങ്കിലും അത് മഹാഭാരതത്തിന്റെ കാതലിലേയ്ക്കുള്ള ഭൗതികാകര്‍ഷണഗോപുരം മാത്രമാണെന്ന് പറയാം. തീര്‍ച്ചയായും, ഈ ആരും ജയിക്കാത്ത, എല്ലാവരും തോല്‍ക്കുന്ന, നിറുത്തില്ലാത്ത യുദ്ധവും പകയും ആര്‍ത്തിയും ദുഃഖവും ഒക്കെത്തന്നെയാണ് ജീവിതം. അതിനെല്ലാമപ്പുറത്ത് ഒരു ശാന്തിഭൂമിയുണ്ട്. അതാണ് കാതല്‍. അതിലേക്കാണ് യുദ്ധഭൂമിയിലൂടെ, സംഗരാരവങ്ങള്‍ക്കും ചോരക്കൂഴുകള്‍ക്കും നിലവിളികള്‍ക്കും അനാഥത്വങ്ങള്‍ക്കുമിടയിലൂടെ വ്യാസമഹര്‍ഷി പ്രശാന്തചിത്തനായി നമ്മെ നയിക്കുന്നത്. അതുകൊണ്ടല്ലേ 'സേനയോരുഭയോര്‍മധ്യേ' നിന്ന് സര്‍വകാലങ്ങളിലെയും അര്‍ജ്ജുനവിഷാദങ്ങളെ കെടുത്തുമാറ് 'തസ്മാദ് യോഗീ ഭവാര്‍ജുന' എന്ന് കൃഷ്ണന്‍ തേജോവചനം ഉരിയാടിയത്?

ഈ ശാന്തിയാണ് മഹാഭാരതത്തിലെ അങ്ഗിയായ ഭാവം. തൃഷ്ണാക്ഷയസുഖപരിപോഷരൂപമായ ശാന്തിയാണ് മഹാഭാരതത്തില്‍ അങ്ഗിയായ രസമെന്ന് അഭിനവഗുപ്താചാര്യന്‍ 'ധ്വന്യാലോകലോചന'ത്തില്‍ പറയുന്നു. കലഹരസങ്ങള്‍ക്കും ദുഃഖരസ ങ്ങള്‍ക്കും വിദ്വേഷവിച്ഛേദവര്‍ധനാരസങ്ങള്‍ക്കുമെല്ലാമപ്പുറം, ഇവയെല്ലാം നീന്തിക്കടന്ന് എത്തേണ്ടത് ആ ശാന്തിയിലേയ്ക്കാണ്. 'കാവ്യനയേ ച തൃഷ്ണാക്ഷയസുഖപരിപോഷലക്ഷണഃ ശാന്തരസോ മഹാഭാരതസ്യ അങ്ഗിത്വേന വിവക്ഷിത ഇതി....' (ധ്വന്യാലോകം, നാലാം ഉദ്യോതം.)

പാണ്ഡവാദികളുടെ ചരിതം വര്‍ണിക്കുന്നതും മറ്റസംഖ്യം ഉപാഖ്യാനങ്ങള്‍ പറയുന്നതും ആത്യന്തികമായി വൈരാഗ്യം ഉദിപ്പിക്കാനുദ്ദേശിച്ചാണെന്ന് അഭിനവഗുപ്തന്‍. 'പാണ്ഡവാദി- ചരിതവര്‍ണനസ്യാപി വൈരാഗ്യജനനതാത്പര്യാത്.'

ഈ വൈരാഗ്യം സമ്പൂര്‍ണമായ ലോകജീവിതത്യാഗമല്ല. ഇതേപ്പറ്റി നന്നായി അറിയാന്‍ തന്നെയാണ് ഭഗവദ്ഗീതയും ശാന്തിപര്‍വവും അനുശാസനപര്‍വവും. ''ഇല്ലാ രാഗസമം ദുഃഖം ഇല്ലാ ത്യാഗസമം സുഖം'' എന്ന് ഭീഷ്മപിതാമഹന്‍ തന്നെ പറയുന്നു. (മഹാഭാരതം- മോക്ഷധര്‍മാനുശാസനപര്‍വം.) ലോകശാന്തിയുടെ ഈ പ്രവാചകനെയാണ് ശ്രീ. ഹരി വ്യാസപാദങ്ങളും വ്യാസപദങ്ങളും പിന്‍തുടര്‍ന്ന് മിതാക്ഷരകാന്തിയോടെ അവതരിപ്പിക്കുന്നത്.

ഗംഗാദത്തനും ശാന്തനുപുത്രനുമായ ദേവവ്രതന്‍ എന്ന പില്ക്കാലഭീഷ്മരുടെ ഭൂവവതാരം മുതലുള്ള കഥ വ്യാസാഖ്യാനത്തിന്റെ രേഖാമാര്‍ഗമനുസരിച്ചുതന്നെ ഗ്രന്ഥകാരന്‍ ശോഭനവര്‍ണങ്ങളില്‍ സംഗ്രഹിച്ചു വയ്ക്കുന്നു. അത്യുക്തികളൊന്നുമില്ല. മഹാഭാരതം ആദിപര്‍വം 97 മുതല്‍ 99 വരെ മൂന്ന് അധ്യായങ്ങളിലായി (ചില പാഠങ്ങളില്‍ അധ്യായവ്യത്യാസം വന്നേക്കാം.) ഭഗവാന്‍ വ്യാസന്‍ ആഖ്യാനം ചെയ്ത, പ്രദീപരാജാവ് മുതല്‍ ഗംഗാദത്തനായ ദേവവ്രതന്‍ വരെയുള്ളവരുടെ സംഭവകഥ ആവുന്നത്ര ഉചിതമായും നാടകീയമായും സംക്ഷേപിച്ചിരിക്കുന്നു. അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ചില കാര്യങ്ങള്‍ ഇതിനിടെ എടുത്തുകാട്ടുകയും ചെയ്യുന്നു. ദേവവ്രതന് ഭൂവാസമുണ്ടാകാന്‍ 18 പേരുടെ സഹായമോ സാഹചര്യമോ ഉണ്ട്. ബ്രഹ്മാവുംവരുണ പുത്രനായവസിഷ്ഠ

മഹര്‍ഷിയും സുരഭിയായ കാമധേനുവുമുള്‍പ്പെടെ അവരില്‍ പത്തുപേര്‍ ദേവവ്രതജനനസംബന്ധമായി ശാപമേറ്റവരാണ്. ദേവവ്രതനായിപ്പിറന്ന 'ദ്യോവ്' എന്ന വസുവും ദേവവ്രതമാതാവായ സ്വര്‍ഗംഗയും ഉള്‍പ്പെടെ. ഇത് ചിന്താദ്യോതകം തന്നെ. മഹാഭാരതപര്‍വങ്ങള്‍ 18, കുരുക്ഷേത്രയുദ്ധദിനങ്ങള്‍ 18, പങ്കെടുത്ത അക്ഷൗഹിണി 18, ഭഗവദ്ഗീതാധ്യായങ്ങള്‍ 18, ഗീതോക്തമായ യോഗങ്ങള്‍ 18- കൂടുതല്‍ കൂടുതല്‍ പഠിക്കേണ്ടുന്ന ഒരു ഗുപ്തഗണിതമാണിത്.  

ഭീഷ്മരുടെ ഈ ധ്വനിഗംഭീരമായ മഹത്വത്തെ ഉടനീളം സ്ഫുരിപ്പിക്കുംവിധമാണ് ശ്രീ. ഹരിയുടെ ഭീഷ്മചരിതവിചാരം. ആ മഹാമനസ്സായ ധീരചരിതന്റെ ജീവിതത്തിലൂടെ, അന്യഥാ ഗഗനവിസ്തൃതമായ മഹാഭാരതപ്രവാഹങ്ങളെ, ഗംഗയെ കമണ്ഡലുവിലെന്നപോലെ, സംഗ്രഹിച്ചും സംഗ്രഥിച്ചും ദീപ്തരസമാക്കുകയാണ് ഗ്രന്ഥകാരന്‍. ശാന്തനു, ശാന്തനുപുത്രന്‍ വിചിത്രവീര്യന്‍, വൈചിത്ര്യ വീര്യന്മാരായ ധൃതരാഷ്ട്രനും പാണ്ഡുവും - ഈ മന്നു തലമുറകളെയും വിവാഹം കഴിപ്പിച്ചത് ഭീഷ്മരാണ്. അവരുടെ രാജ്യഭാര നിര്‍വാഹകനായി പ്രവര്‍ത്തിച്ച് സകലപ്രജാക്ഷേമവും രാജൈ്യശ്വര്യവും സാധിച്ച് രാജധര്‍മ്മമെന്തെന്ന് തെളിയിച്ചതും ഭീഷ്മരാണ്. ശരിക്കും രാജപക്ഷത്തല്ല, രാജ്യപക്ഷത്താണ് ഭീഷ്മര്‍. രാജ്യത്തിനുവേണ്ടി, രാജ്യപാലനത്തിനുവേണ്ടി, കുലതന്തുവിച്ഛേദം വരാതെ നോക്കാനുള്ള ഒരു മഹാവ്രതം കൂടെയായിരുന്നില്ലേ ഭീഷ്മരുടെ സമര്‍പ്പിതജീവിതമെന്ന് ശ്രീ. ഹരിയുടെ ഭീഷ്മകഥാഖ്യാനം വായിക്കവേ തോന്നിപ്പോകുന്നു.  

യുവരാജാവായിക്കഴിഞ്ഞശേഷം ഉടനീളം ധര്‍മ്മപ്രശ്‌നങ്ങളെ നേരിട്ട കൃതനിശ്ചയനായ ഭീഷ്മരുടെ പ്രത്യയസ്ഥൈര്യവും ഔചിത്യപൂര്‍വം സംഗ്രഹിച്ചു പറഞ്ഞ് ഭീഷ്മരുടെ ധര്‍മ്മജീവിതത്തിന്റെ സൂക്ഷ്മാന്തരംഗങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുത്തുമ്പോള്‍ ശ്രീ. ഹരി നിര്‍വഹിക്കുന്നത് മികച്ച രാഷ്ട്രധര്‍മ്മവിചാരംകൂടെയാണ്. വിചിത്രവീര്യനുവേണ്ടി കാശിരാജപുത്രിമാര്‍ മൂന്നുപേരെ ബാഹുവീര്യത്താല്‍ പിടിച്ചുകൊണ്ടുവരുന്നതും അവരില്‍ അംബ, തന്റെ പ്രണയവൃത്താന്തം അറിയിക്കവേ മന്ത്രജ്ഞന്മാരോടും വിദ്വജ്ജനങ്ങളോടും പര്യാലോചിച്ച് അവളെ ഇഷ്ടാനുസാരം തിരിച്ചു പോകാനനുവദിക്കുന്നതും ശ്രദ്ധിക്കണം. അംബയെ തിരിച്ചയയ്ക്കുന്നത് സ്ത്രീയോടുള്ള ഭീഷ്മരുടെ മനോഭാവത്തെക്കാട്ടുന്നു. എന്നാല്‍, ഈ വിഷയത്തിലാരംഭിക്കുന്നു ഭീഷ്മര്‍ക്കുള്ള മറ്റ് പരീക്ഷണങ്ങള്‍.  

പല സന്ദര്‍ഭങ്ങളിലും ഭീഷ്മര്‍ യഥാസ്ഥിതികതയില്‍ ഉറച്ചുനിന്നയാളാണെന്നാണ് ഗ്രന്ഥകാരന്റെ നിരീക്ഷണം. അധികാരിയായ ദുര്യോധനന്റെ ചോറുതിന്നുന്നതിനാല്‍ അതിനോടുള്ള കൂറ് ഭീഷ്മര്‍ക്കുമുണ്ട് എന്ന് പ്രത്യക്ഷത്തില്‍ അനുഭവപ്പെടും. നാരിമാരുടെ പ്രതിസന്ധികളില്‍ ഭീഷ്മനെടുത്ത നിലപാടുകളില്‍ ഏറ്റവും ഗൗരവമുള്ളതാണല്ലോ പഞ്ചാലീവസ്ത്രാക്ഷേപരംഗത്തുണ്ടായത്. വസ്ത്രാക്ഷിപ്തയായ ദ്രൗപദിയുടെ അശരണവും എന്നാല്‍ നിശിതവുമായ ചോദ്യങ്ങള്‍ക്ക് ഭീഷ്മര്‍ നല്കുന്ന ഉത്തരം ഗ്രന്ഥകാരനെയും തൃപ്തനാക്കുന്നില്ല. അങ്ങനെയല്ലാ വേണ്ടിയിരുന്നത് എന്ന സൂചന നല്‍കുന്നുണ്ടദ്ദേഹം.

'ബലവാംശ്ച യഥാ ധര്‍മം

ലോകേ പശ്യതി പൂരുഷഃ  

സ ധര്‍മോ ധര്‍മവേലായാം

ഭവത്യഭിഹതഃ പരഃ'' എന്ന ഭീഷ്മവചനം അധികാരിക്ക് കീഴമര്‍ന്നതാണെന്നു തോന്നാം. എന്നാല്‍, ബലപ്രയോഗത്തിന് യുധിഷ്ഠിരാദികള്‍ക്കു നല്കുന്ന മൂകാഹ്വാനമായോ, ആസന്നമായ യുദ്ധവും വിനാശവും അനിവാര്യമെന്ന ദൂരക്കാഴ്ചയായോ ഒക്കെ അതിനെ കാണാനും ഇടമില്ലേ? ലോഭമോഹപരായണരായവര്‍ക്ക് വംശനാശം വരുമെന്നും

'യുധിഷ്ഠിരസ്തു പ്രശ്‌നേളസ്മിന്‍  

പ്രമാണമിതി മേ മതിഃ

അജിതാം വാ ജിതാം വേതി

സ്വയം വ്യാഖ്യാതുമര്‍ഹതി''എന്നും പാഞ്ചാലിയോടെന്ന മട്ടില്‍ ഭീഷ്മര്‍ പറയുന്ന വാക്യങ്ങള്‍ക്കുള്ളില്‍ എന്തോ സൂചനകളില്ലേ? ''നീ ജിതയോ അജിതയോ എന്നു നിര്‍ണയിക്കേണ്ടത് യുധിഷ്ഠിരനാണ്'' എന്ന വാക്യത്തില്‍ വിശേഷിച്ചും?

ഇതെല്ലാം കണക്കിലെടുത്താണ്, ഗ്രന്ഥത്തിലെ പൂര്‍വഭാഗത്തിന്റെ അവസാനം, മഹാഭാരതത്തിലെ 'അപരാജിതന്‍' എന്നും 'ധര്‍മ്മമൂര്‍ത്തി' എന്നും ഗ്രന്ഥകാരന്‍ ഭീഷ്മരെ കീര്‍ത്തനം ചെയ്യുന്നത്. ഗ്രന്ഥകാരന്‍ അവിടവിടെ തെളിക്കുന്ന ഗീതാവചനദീപ പ്രകാശത്തില്‍ നോക്കുമ്പോള്‍, ഭഗവദ്ഗീത കഴിവതും ആഴത്തില്‍  വായിച്ചു ഗ്രഹിച്ചശേഷം ഭീഷ്മചരിതത്തിലൂടെ വീണ്ടും സഞ്ചരിക്കുന്നത് സഞ്ജീവനമായിരിക്കുമെന്ന് തോന്നുന്നു. അതിനായുള്ള ഒരു ആഹ്വാനമാണ് ഈ ഗ്രന്ഥം നല്കുന്നത്. അതുമല്ല, വിശാലബുദ്ധിയായ വ്യാസമഹര്‍ഷി ഭാരതതൈലപൂര്‍ണമായി പ്രജ്വലിപ്പിച്ച ആത്മജ്ഞാനതേജസ്സ് തന്നെയാണ് ഭഗവദ്ഗീത എന്ന് തിരി ച്ചറിയണമെങ്കില്‍ മഹാഭാരതത്തിലൂടെ പല ആവൃത്തി സഞ്ചരിച്ചേ മതിയാവൂ. ഈ ഗ്രന്ഥകാരന്‍ തന്റെ ഭീഷ്മചരിതാഖ്യാനത്തില്‍ ഭാരതസാരസംഗ്രഹണം നിര്‍വഹിക്കുമ്പോള്‍ അവിടവിടെ വ്യാസവചനങ്ങള്‍ അതേപടി അര്‍ഥവ്യക്തിയോടെ നല്കിയിരിക്കുന്നത് പിന്തുടരവേ മനസ്സിലായി - വ്യാസമഹാഭാരതം അതേപടി അബദ്ധം കൂടാതെ, ഗ്രന്ഥഗ്രന്ഥികള്‍ ആവതും അഴിച്ച്, വായിച്ച് ഗ്രഹിച്ചില്ലെങ്കില്‍ മറ്റ് പാരായണങ്ങള്‍ കൊണ്ടറിയുന്നതെല്ലാം അപഥദീപങ്ങളും അപഥ്യദീപങ്ങളുമായിപ്പോകുമെന്ന്. അവ, ധൃതരാഷ്ട്രമഹാബലന്റെ അന്ധമായ മനസ്സില്‍ സഞ്ജയന്‍ ഭഗവദ്ഗീത ഓതിക്കൊടുത്തതുപോലെയേ വരൂ.


ധര്‍മ്മകാവ്യം മാത്രമല്ല, ധര്‍മ്മതത്ത്വാന്വേഷണവുമാണല്ലോ മഹാഭാരതം. ഗുഹാനിഹിതമായ ധര്‍മ്മതത്ത്വത്തെപ്പറ്റിയുള്ള ചിന്തകൊണ്ട് നിബിഡമാണ് ഈ കാവ്യം. ഓരോ ഉപകഥയും ധര്‍മ്മവിചിന്തനമാണ്. 'സൂക്ഷ്‌മോ ഹി ഭഗവാന്‍ ധര്‍മഃ' എന്നു തന്നെ, ധര്‍മ്മവേദിയായ വ്യാസമഹര്‍ഷി. ആ മഹാത്മാവ് ഊര്‍ധ്വബാഹുവായി വിളിച്ചുചോദിക്കുന്നത് നമുക്കറിയാം. ''ധര്‍മ്മത്തിലൂടെത്തന്നെ അര്‍ഥവും കാമവും സിദ്ധിക്കുമെന്നിരിക്കേ, എന്തുകൊണ്ട് ആരും ധര്‍മ്മത്തെ സേവിക്കുന്നില്ല?'' ('ധര്‍മാദര്‍ഥശ്ച കാമശ്ച സ കിമര്‍ഥം ന സേവ്യതേ.') ജഗദ്ധര്‍മ്മത്തിന് അവിരുദ്ധമായ കാമവും ഭഗവാന്‍തന്നെ എന്ന് ഭഗവാന്‍ കൃഷ്ണന്റെ വചനവുമുണ്ട്. ('ധര്‍മാവിരുദ്ധോ ഭൂതേഷു കാമോളസ്മി ഭരതര്‍ഷഭ') കാമമത്രേ ആദ്യമുണ്ടായത് എന്ന് വേദംതന്നെ ബോധി പ്പിക്കുന്നു. ('കാമസ്തദഗ്രേ.....') അതിനാല്‍ കാമം ലോകജീവിതത്തിന്റെ ആദ്യാധാരം തന്നെ. ധര്‍മ്മവിരുദ്ധമായ കാമമാണ് ലോകത്തിന്റെ അശാന്തി. കാമത്തെയും ധര്‍മ്മാനുസൃതമാക്കുക എന്ന മഹല്ലക്ഷ്യം മഹാഭാരതത്തിനുണ്ട്. എങ്കിലും അത് ഏറെപ്പേരും ഉള്‍ക്കൊള്ളുന്നില്ല. ധര്‍മ്മമൂര്‍ത്തിയായ ഭീഷ്മപിതാമഹനില്‍ പ്പോലും ധര്‍മ്മശങ്ക കല്പിക്കും വിധമാണ് ലോകവിചാരഗതി.

മര്‍ത്ത്യതയും അമര്‍ത്ത്യതയും ഒന്നാവുന്ന ഒരു അതീത ഗംഗയെ മഹാഭാരതഹൃദയത്തില്‍ കാണാവുന്നതാണ്. അതിന് അധ്യാത്മധര്‍മ്മമാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അധ്യാത്മധര്‍മ്മമാര്‍ഗം മതജാതിബന്ധങ്ങള്‍ക്കതീതമാണെന്നും ധരിക്കണം.

ആ മാര്‍ഗം കൈവരുവോളം മഹാഭാരതതത്ത്വം ദുര്‍വിജ്ഞേയമായിരിക്കും. ആനന്ദതീര്‍ഥന്‍ എന്ന മധ്വാചാര്യര്‍ മഹാഭാരതതാത്പര്യനിര്‍ണയത്തില്‍ ഇത് വെളിപ്പെടുത്തുന്നുണ്ട്.

'ഏവം അധ്യാത്മനിഷ്ഠം ഹി

ഭാരതം സര്‍വമുച്യതേ

ദുര്‍വിജ്ഞേയം അതഃ സര്‍വൈര്‍

ഭാരതം തു സുരൈരപി.'

അധ്യാത്മമായ ചിത്പ്രകാശത്തോടുകൂടി ഭീഷ്മപിതാമഹനെ കാണാന്‍ ശ്രമിക്കുമ്പോള്‍, ഭദ്രാക്ഷരമായ ഈ ഗ്രന്ഥത്തിന്റെ പൂര്‍വഭാഗാന്ത്യത്തില്‍ ശ്രീ. ഹരി ഉദീരണം ചെയ്യുന്ന വാക്യങ്ങളുടെ പൊരുള്‍ ബോധ്യമാവും.

''ഭീഷ്മപിതാമഹന്റെ വൈയക്തികജീവിതത്തില്‍ കണ്ണോടിക്കുമ്പോള്‍ അദ്ദേഹം ഭഗവദ്ഗീതയില്‍ പറഞ്ഞ ദൈവികഗുണങ്ങളുടെ കേദാരമായിരുന്നു എന്ന് ബോധ്യപ്പെടും. അഭയം, ജീവിത ശുദ്ധി, ഇന്ദ്രിയദമനം, അഖണ്ഡകര്‍മ്മണ്യത, ആര്‍ജവം, സത്യം, അപൈശുനം, അലോലുപ്ത്വം, ക്ഷമ, തേജസ്വിത, നിരഹങ്കാരത, ത്യാഗം, ധൈര്യം മുതലായ ഉത്കൃഷ്ടഗുണഗണങ്ങളുടെ സാകാരമൂര്‍ത്തിയായിരുന്നു അദ്ദേഹം. ഭൂമണ്ഡലത്തില്‍ താദൃശക്കാര്‍ ദുര്‍ലഭരാണ്.

വിണ്ണില്‍ വീണ ശാപം മണ്ണിലെത്തിയപ്പോള്‍ അനുഗ്രഹമായി മാറിയ അനുപമകഥയാണ് ഭീഷ്മരുടേത്. വാനവന്‍ മാനവനായി വന്ന ആ വസുവിനെ പുരുഷായുസ്സിലധികംനാള്‍ ധരിച്ചുപോന്ന വസുംധര അതുമൂലം സ്വനാമധന്യയായി.''

ഇതുമതി, വസുവിനെയും വസുംധരയെയും മനസ്സിലാക്കാന്‍. ഇതുതന്നെ മതി മാനവനെയും മാനവനിലെ വാനവനെയും മനസ്സിലാക്കാന്‍. ഈ ഗ്രന്ഥതീര്‍ഥം ശ്രദ്ധയോടെ ആചമിച്ചാല്‍ വസുംധരയെ വീണ്ടും വസുമതിയാക്കാന്‍ പുതിയ തലമുറകളില്‍ നിന്ന് വീണ്ടും പുതിയ വസുക്കള്‍ അവതരിക്കാതിരിക്കില്ല.

 

ഭീഷ്മരുടെ ജന്മത്തെക്കുറിച്ചും അതിമഹത്തായ  ആ വ്യക്തിത്വത്തെക്കുറിച്ചും പറയുന്ന പുസ്തകത്തിലെ  പതിനാറാം അധ്യായത്തില്‍നിന്ന്

വേദങ്ങള്‍ വിധിച്ച പുരുഷായുസ്സ്

 

സ്വര്‍ഗത്തില്‍ സ്ഫുരിച്ച പ്രേമം ഭൂമിയിലെത്തി വിരിഞ്ഞ കഥയാണ് ദേവവ്രതനെന്ന ഭീഷ്മരുടേത്. ഭൂമിയിലെ മഹാഭിഷമഹീപതി പുണ്യം നേടി സ്വര്‍ഗത്തിലെ ദേവസഭയിലെത്തിയപ്പോള്‍ അവിടെ സന്നിഹിതയായിരുന്ന ദേവഗംഗയില്‍ മോഹിതനായി. കണ്ട് മനസ്സിലാക്കിയ ദേവമുഖ്യന്‍ രണ്ടുപേരും ഭൂമിയിലെത്തി പ്രേമം സഫലമാക്കാന്‍ ആദേശം നല്‍കി. മഹാഭിഷന്‍ ശാന്തനുവായി. ദേവഗംഗാ ഭാഗീരഥിയായി. ഭൂമിയിലെ ഹസ്തിനപുരത്തില്‍ ആ ദമ്പതികള്‍ക്ക് ദേവവ്രതന്‍ ജനിച്ചു. ദേവവ്രതനും അമ്മയെപ്പോലെ വാനവനായിരുന്നു. എട്ട് വസുക്കളില്‍ 'ദ്യോവാ'യിരുന്നു. കൃത്യവിലോപത്തെ തുടര്‍ന്ന്, ഭൂമിയില്‍പോയി നടപടി ദൂഷ്യം അനുഭവങ്ങളില്‍ക്കൂടി തിരുത്തി മടങ്ങിവരാനുള്ള ആദേശം മൂലം മാനവനായി.

എന്തായിരുന്നു കൃത്യവിലോപം? എട്ടുവസുക്കളും വസിഷ്ഠാ ശ്രമം സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അവിടെ ഉണ്ടായിരുന്നില്ല. അവിടെ വിഹരിച്ചുകൊണ്ടിരുന്ന നന്ദിനിയെ ദ്യോവെന്ന വസു ഭാര്യാമോഹം സാധിപ്പിക്കാന്‍ സ്വന്തം നിലയത്തില്‍ കൊണ്ടുവന്നു. തിരിച്ചുവന്ന മഹര്‍ഷി നന്ദിനിയെ കാണാത്തപ്പോള്‍ വിവരമന്വേഷിച്ചു മനസ്സിലാക്കുകയും എട്ടുപേരും ഭൂമിയില്‍ ഒരു ജന്മം തീര്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ദ്യോവൊഴികെ ഏഴുപേര്‍ ഭാഗീരഥിയുടെ ഗര്‍ഭത്തില്‍ ജനിച്ചു ഭൂമിതൊട്ടു മടങ്ങിവന്നു. കൃത്യവിലോപി എന്നതുകൊണ്ട് ദ്യോവിനു മാത്രം ദീര്‍ഘകാലം ദേവവ്രതനായി ഭൂമിയില്‍ ജീവിക്കേണ്ടി വന്നു.  

ചുരുക്കത്തിലിതാണ് ഭീഷ്മജന്മകഥ. തുടക്കത്തില്‍തന്നെ ഈ പ്രകരണത്തിലൂടെ വ്യാസദൈ്വപായനന്‍ നമ്മെ നല്ലൊരു പാഠം പഠി പ്പിക്കുന്നു. കൂട്ടത്തോടെ പോകുമ്പോള്‍ ഒരാള്‍ തെറ്റ് ചെയ്താലും കൂട്ടം മുഴുവന്‍ തെറ്റുചെയ്തതായി കരുതപ്പെടും. അതിനു ശിക്ഷയും മൊത്തം കൂട്ടത്തിനു കിട്ടും. ഇവിടെ ഒരു സുഭാഷിതം ഓര്‍മ്മവരുന്നു. ലങ്കാനിവാസിയായ ഒരു വ്യക്തിയാണ് സീതയെ ഹരിച്ചതെങ്കിലും ദഹിപ്പിക്കപ്പെട്ടത് മുഴുവന്‍ ലങ്കയാണ് എന്ന ഉദാഹരണത്തോടെയുള്ള സുഭാഷിതം ഇതാണ്.

'ഏകഃ കരോതി ദുഷ്‌കൃത്യം

ഫലം ഭുങ്‌ക്തേ ച സംഹതിഃ

ലങ്കേശേന ഹൃതാ സീതാ

ദഗ്ധാ ലങ്കാ പ്രജാന്വിതാ.'

അഷ്ടവസുക്കളില്‍ ഒരാള്‍ ചെയ്ത തെറ്റിന് എല്ലാവരും ശിക്ഷിക്കപ്പെട്ടു. പ്രിയതമയില്‍ താന്‍ മൂലമുണ്ടായ ഒരു കുട്ടിയെങ്കിലും ജീവിതം തുടരണമെന്ന മോഹം ശാന്തനുവിനുണ്ടായിരുന്നു. അതുതന്നെ ഗംഗയ്ക്കുമുണ്ടായിരുന്നു. ഗംഗയ്ക്കാണെങ്കില്‍ അവനെ എങ്ങനെ നൈസര്‍ഗികമായ ദേവത്വത്തിന് അനുരൂപമായി വളര്‍ത്തണം എന്ന ദീര്‍ഘദൃഷ്ടിയുമുണ്ടായിരുന്നു. അതുകൊണ്ടവനെ ആ ദിവ്യമാതാവ് യഥാകാലം ഭാര്‍ഗവരാമന്‍, ബൃഹസ്പതി, ശുക്രന്‍ എന്നീ വിഭൂതികളുടെ ശിക്ഷണത്തിന് പാത്രീഭൂതനാക്കി. പരിപൂര്‍ണ്ണ വിദ്യാസമ്പന്നനാക്കി യഥാസന്ദര്‍ഭം രാജാവായ പ്രിയതമനെ ഏല്‍പ്പിച്ചു. അവിടെ തൊട്ടാണ് ദേവവ്രതനെന്ന രാജകുമാരന്റെ ഭൗമികജീവിതം ആരംഭിക്കുന്നത്.

അച്ഛന്റെ കയ്യിലേല്‍പിച്ചു കഴിഞ്ഞ് അമ്മ രംഗം വിട്ടു പിന്മാറിയെങ്കിലും ആ വത്സല മകന്റെ ജീവിതത്തിലെ നിര്‍ണ്ണായകനിമിഷങ്ങളില്‍ മകനെ തലോടി വഴി കാട്ടാന്‍ മറന്നില്ല. വ്യാസഭഗവാന്‍  അത് കൃത്യമായി പകര്‍ത്തിയിട്ടുമുണ്ട്. പ്രചണ്ഡവിക്രമനായ തന്റെ മകന്‍ ശരശയ്യയില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ആ അമ്മയുടെസങ്കടം 'ഇവന്‍ ആ ശിഖണ്ഡിയുടെ അമ്പുകളേറ്റു ഇവ്വിധം കിടക്കേണ്ടി വന്നല്ലോ' എന്നായിരുന്നു. അമ്പുകള്‍ ശിഖണ്ഡിയുടെയല്ല, വീരഅര്‍ജ്ജുനന്റെ ഗാണ്ഡീവത്തില്‍നിന്ന് പാഞ്ഞവയായിരുന്നു എന്ന് കേട്ടപ്പോള്‍ മാത്രമായിരുന്നു ആ വീരപ്രസു ശമിച്ചത്. ഉത്തരായണം ആരംഭിച്ചപ്പോള്‍ ശരതല്‍പം വിട്ട് സ്വധാമത്തില്‍ ദ്യൗവസുവിന്റെ ആത്മാവ് തിരിച്ചുപോയപ്പോള്‍ ആ വത്സല സ്വന്തം മകനെ ഓര്‍ത്തു വാവിട്ടു വിലപിച്ചു. ശ്രീകൃഷ്ണന്‍ തന്നെ വേണ്ടിവന്നു ആശ്വസിപ്പിക്കാന്‍. ഇതിന്നിടയ്‌ക്കൊരിക്കല്‍ ദേവവ്രതന്‍ അച്ഛന് ശ്രാദ്ധമൂട്ടിക്കൊണ്ടിരുന്നപ്പോള്‍ പിണ്ഡം ഏറ്റുമേടിക്കാന്‍ നിലംപിളര്‍ന്നൊരു ദക്ഷിണഹസ്തം വെളിപ്പെട്ടു. അതില്‍ രാജകങ്കണമുണ്ടായിരുന്നു. പതിവില്ലാത്ത പ്രതിഭാസം ദര്‍ശിച്ചു ശ്രദ്ധാലു സ്വല്പമൊന്ന് പകച്ചുനിന്നപ്പോള്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് മാതാവ് പറഞ്ഞു. '' ഉണ്ണീ! അതച്ഛന്റെ കയ്യാണ്. നീ കൊടുക്കുന്ന പിണ്ഡം നേരിട്ടുകൈപ്പറ്റാന്‍ പിതൃലോകത്തില്‍ നിന്ന് നീട്ടിയതാണ്.'' സ്വര്‍ഗ്ഗത്തിലുല്‍ഭവിച്ചും ഭൂതലത്തിലമര്‍ന്നും മാനവമന്നവന്‍ മറഞ്ഞിട്ടും മങ്ങാത്ത കുടുംബബന്ധങ്ങളുടെ സൂക്ഷിപ്പുകാരി! മകന് തെറ്റ് പറ്റരുതെന്ന് നിഷ്‌കര്‍ഷയുള്ളവള്‍! മകനു പിന്നില്‍ സദാനേരം അദൃശ്യയായി വര്‍ത്തിച്ചവള്‍!

വേദങ്ങള്‍ വിധിച്ച പുരുഷായുസ്സ് പൂര്‍ണ്ണമായും ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ശുദ്ധചരിതനായിരുന്നു ഭീഷ്മര്‍. തന്റെ സഹോദരന്മാരായ ചിത്രാംഗദനും വിചിത്രവീര്യനും ആ ഭാഗ്യമുണ്ടായിരുന്നില്ല. പിന്‍തലമുറയില്‍പ്പെട്ട പാണ്ഡുവിനുമുണ്ടായിരുന്നില്ല, ധൃതരാഷ്ട്രര്‍ക്കുമുണ്ടായില്ല. ഭീഷ്മര്‍ പൂര്‍ണ്ണാരോഗ്യത്തോടെ നിരാമയനായി ജീവിച്ചു. എന്നാല്‍ അദ്ദേഹം ആദ്യാവസാനം ഒറ്റയ്ക്കായിരുന്നു. സ്വഭാവത്തില്‍ അദ്ദേഹം ഏകാകിയായിരുന്നു. ആദ്യന്തം ജീവിച്ചത് കൂട്ടത്തിലാണെങ്കിലും ഉടനീളം പെരുമാറിയത് ഒറ്റയ്ക്കായിരുന്നു. സ്വഭാവവും സാഹചര്യവും അവിടെ കൈകോര്‍ത്തു. വളര്‍ത്തി വലുതാക്കാന്‍ അമ്മ കൂട്ടിക്കൊണ്ടുപോയ ബാല്യത്തിലും കൗമാരത്തിലും ആരെല്ലാമായിരുന്നു അദ്ദേഹത്തിന്റെ മിത്രങ്ങള്‍, സഹചാരികള്‍? തേടിപ്പിടിക്കുക വിഷമമാണ്. ഭാരതകര്‍ത്താവ് ഇവിടെ മൗനിയാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.