×
login
കോംഗോയിലെ കുഴിവെട്ടുകാര്‍

'ക്രൂസര്‍' എന്ന പേരില്‍ അറിയപ്പെടുന്ന പ്രാദേശിക കുഴിവെട്ടുകാര്‍ രാപകലില്ലാതെ അധ്വാനിക്കുന്നത് അന്നന്നത്തെ അന്നംമുട്ടാതിരിക്കാനാണ്. പക്ഷേ ദാരിദ്ര്യം അകറ്റാനുള്ള ആ തത്രപ്പാടില്‍ കോംഗോയിലെ ബാല്യവും യൗവ്വനവുമാണ് ഹോമിക്കപ്പെടുന്നത്. ഇവിടെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു

കോംഗോയിലെ കാസുലോ ജില്ലയിലെ ഒരു ചെറുപട്ടണത്തിലായിരുന്നു നാടിന്റെ ജാതകം തിരുത്തിയ ആ സംഭവം നടന്നത്. വീടിനു ചേര്‍ന്ന തൊടിയില്‍ കുഴിയെടുക്കുകയായിരുന്നു ആ നാട്ടിന്‍പുറത്തുകാരന്‍. കഷ്ടിച്ച് മൂന്ന്-നാലടി കുഴിച്ചുകാണും, അയാളുടെ തുമ്പ ഒരു വമ്പന്‍ പാറയില്‍ തെട്ടിത്തെറിച്ചു തിളങ്ങുന്ന ചാരനിറത്തില്‍ പല പ്രത്യേകതകളും ഉള്ള ഒരു കൂറ്റന്‍ പാറ. സംശയം തോന്നിയ കര്‍ഷകന്‍ പാറക്കഷണവുമായി നഗരത്തിലെ പരീക്ഷണശാലയിലെത്തി. ഫലം വന്നപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. അമൂല്യമായ കോബോള്‍ട്ടിന്റെ അയിരാണ് അയാളുടെ പറമ്പിലെ പാറകളില്‍ നിറയെ. സാക്ഷാല്‍ ഹെട്രോജിനൈറ്റ്. വീട്ടില്‍ മടങ്ങിയെത്തിയ ആ കര്‍ഷകന്‍ വീണ്ടും കുഴിക്കല്‍ തുടങ്ങി. ആരെയും അറിയിക്കാതെ, സ്വന്തം വീട്ടിലെ ബെഡ്‌റൂമിലായിരുന്നു ഇക്കുറി അയാള്‍ കുഴികുത്തിത്തുടങ്ങിയത്. രാത്രിയില്‍ അപരിചിതമായ ശബ്ദങ്ങള്‍ കേട്ട നാട്ടുകാര്‍ ഒടുവില്‍ അയാളുടെ വീട് കയ്യേറി. അവിടെ അവര്‍ കണ്ടത് ആഴത്തിലുള്ള കുഴികളും തുരങ്കങ്ങളും. ചില തുരങ്കങ്ങള്‍ അവസാനിക്കുന്നത് അയല്‍ക്കാരന്റെ വീടിന്നടിയില്‍...

അങ്ങനെയാണ് കോംഗോക്കാര്‍ ആ നിധിയുടെ കഥയറിഞ്ഞത്. സ്വന്തം പറമ്പിലും പൊതുസ്ഥലത്തും സെമിത്തേരിയിലുമൊക്കെ മണ്ണിനടിയില്‍ ഒളിച്ചുകിടന്ന കോബാള്‍ട്ടിന്റെ കഥയറിഞ്ഞത്. ആളുകള്‍ ഓടി നടന്ന് കുഴിച്ചു. വീട്ടിലും തൊടിയിലും പള്ളിയിലും  പഞ്ചായത്തിലുമൊക്കെ. കുഴിച്ച് കുഴിച്ച് നാട് പാതാളമാകുന്ന അവസ്ഥ വന്നപ്പോള്‍ സ്ഥലത്തെ മേയര്‍ ഇടപെട്ട് കുഴിവെട്ട് തടഞ്ഞു. പക്ഷേ ആര്‍ത്തിപെരുത്ത നാട്ടുകാര്‍ മേയറെ തല്ലി ഓടിച്ചു. പട്ടിണിയും പരിവെട്ടവുമായി കഴിഞ്ഞ നാട്ടുകാര്‍ നിയമം മനസ്സിലാക്കാവുന്ന അവസ്ഥയിലായിരുന്നില്ല. മണ്ണിനെക്കാളും അവര്‍ക്ക് വലുത് മണ്ണുമാന്തിക്കിട്ടുന്ന ഡോളര്‍ തുട്ടുകളായിരുന്നു.

കാരണം കോബോള്‍ട്ട് എന്ന വാക്കിന്റെ അര്‍ത്ഥം ഡോളര്‍ എന്നാകുന്നു. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും തുടങ്ങി ചാര്‍ജ് ചെയ്ത് വൈദ്യുതി ശേഖരിക്കുന്ന ഉപകരണങ്ങളുടെയൊക്കെ നിര്‍മാണത്തിന് കോബോള്‍ട്ട് വേണം. അവയില്‍ അത്യാവശ്യമായ ലിതിയം-അയോണ്‍ ബാറ്ററികളുടെ നിര്‍മാണത്തിന് കോബോള്‍ട്ട്. തുരുമ്പ് തടയാനും താപക്ഷമത വര്‍ധിപ്പിക്കാനും ഈ ലോഹം വേണം. കോബോള്‍ട്ട്-ടങ്സ്റ്റണ്‍-കാര്‍ബൈഡ് സങ്കരലോഹത്തിന്റെ കരുത്തും മറ്റൊന്നല്ല. പെയിന്റുകള്‍, പിഗ്‌മെന്റുകള്‍, സര്‍ജിക്കല്‍ ഇംപ്ലാന്റുകള്‍, ഇലക്‌ട്രോ പ്ലേറ്റിങ്, ബാറ്ററി നിര്‍മാണം എന്നീ പ്രക്രിയകളിലെല്ലാം കോബോള്‍ട്ടിന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. വ്യവസായശാലകളിലെ രാസത്വരകം(കാറ്റലിസ്റ്റ്)ആയും ഉപയോഗിക്കുന്നു.

കയ്യിലൊതുങ്ങുന്ന ചെറുതൂമ്പകള്‍കൊണ്ട് കിളച്ച്  ഇളക്കി എടുക്കുന്ന കോബോള്‍ട്ട് കല്ലുകള്‍ ശേഖരിച്ച് പുഴയില്‍ കഴുകി ഉണക്കി ചൈനീസ് കച്ചവടക്കാര്‍ക്ക് വിറ്റാല്‍ പാവം കോംഗോക്കാരന് ലഭിക്കുക ചാക്ക് ഒന്നിന് ഒരു ഡോളറില്‍ താഴെ മാത്രം. ആഭ്യന്തര യുദ്ധവും അഴിമതിയും പട്ടിണിയും മൂലം കശക്കി എറിയപ്പെട്ട ഡാമാക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ശരാശരി പൗരന് അതുതന്നെ ധാരാളം. അയിര് വിറ്റു കിട്ടുന്ന പണമത്രയും തട്ടിയെടുക്കുന്നത് ലാഭക്കണ്ണുമായി കറങ്ങി നടക്കുന്ന ചൈനീസ് കച്ചവടക്കാരും കുഴിച്ചു കിട്ടിയ കോബോള്‍ട്ട് അയിര് നാട്ടുകാരുടെ ദാരിദ്ര്യം താല്‍ക്കാലികമായി ശമിപ്പിച്ചു. പക്ഷേ പ്രകൃതിയുടെ ജൈവ ഘടന തകര്‍ന്നു തരിപ്പണമായി. വായുവും വെള്ളവും അമ്പേ മലിനമായി. നിരവധി വെള്ളച്ചാലുകള്‍ തൂര്‍ന്നു. അവിടെയെല്ലാം അയിര്‍ കഴുകിയ മാലിന്യം അടിഞ്ഞുകൂടി. മണ്ണിടിച്ചിലും മണ്ണൊലിപ്പും അവിടെ നിത്യസംഭവമായി. കുഴിവെട്ടാന്‍ ഇടംതേടി മനുഷ്യന്‍ കൊടുംകാടുകളിലേക്കും കയറിയപ്പോള്‍ വനത്തിലെ സസ്യസമ്പത്തും മൃഗസമ്പത്തും നശിച്ചു. കഹൂസി-ബിഗാ വന്യമൃഗ സങ്കേതത്തിലെ ആള്‍ക്കുരങ്ങുകളില്‍ 90 ശതമാനവും  കൊല്ലപ്പെട്ടുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കോബോള്‍ട്ടു തേടി കാടു കയറിയ കുഴിവെട്ടുകാര്‍ അവയെ തല്ലിക്കൊന്ന് ഇറച്ചിയാക്കി വിറ്റതാണത്രേ.


'ക്രൂസര്‍' എന്ന പേരില്‍ അറിയപ്പെടുന്ന പ്രാദേശിക കുഴിവെട്ടുകാര്‍ രാപകലില്ലാതെ അധ്വാനിക്കുന്നത് അന്നന്നത്തെ അന്നംമുട്ടാതിരിക്കാനാണ്. പക്ഷേ ദാരിദ്ര്യം അകറ്റാനുള്ള ആ തത്രപ്പാടില്‍ കോംഗോയിലെ ബാല്യവും യൗവ്വനവുമാണ് ഹോമിക്കപ്പെടുന്നത്. ഇവിടെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. കേവലം അഞ്ച് വയസ്സ് തികയുമ്പോള്‍ മുതല്‍ കുട്ടികള്‍ അവിടെ അയിര് തേടുകയാണ്. അക്കൂട്ടരില്‍ പൂര്‍ണ ഗര്‍ഭിണികളുണ്ട്. മുലകുടി മാറാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിന്‍മാറാപ്പിലിട്ട് പൊരിവെയിലില്‍ തൂമ്പാപ്പണി ചെയ്യുന്ന അമ്മമാരുടെ കദനകഥകളും കോംഗോയില്‍ സുലഭം. മണ്ണും ചെളിയും പൊടിപടലങ്ങളും നിറഞ്ഞ ചെമ്മണ്‍ തുരങ്കങ്ങളില്‍ മുഖാവരണങ്ങളോ കയ്യുറകളോ പാദരക്ഷകളോ പോലുമില്ലാതെയാണ് ഇവരൊക്കെ പണിയെടുക്കുന്നതെന്നും നാം ഓര്‍ക്കണം. അയിര് കുഴിച്ചെടുക്കാന്‍ അശാസ്ത്രീയമായി മണ്ണ് തുരന്നുണ്ടാക്കുന്ന കുഴികള്‍ ഇടിഞ്ഞുവീഴുക സര്‍വസാധാരണമാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവയില്‍ അയിരുകോരാന്‍ ഇറക്കിവിടുന്നത് പിഞ്ചുകുഞ്ഞുങ്ങളെയാണെന്നതും നാം മറക്കരുത്. ഗാര്‍ഡിയന്‍ പത്രം 2018 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടരലക്ഷം നാട്ടുകാരില്‍ 35000 പേരും പിഞ്ചുകുഞ്ഞുങ്ങളാണത്രെ പലപ്പോഴും 24 മണിക്കൂര്‍ വരെ തുരങ്കത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍. ബാലവേല നിരോധന നിയമത്തിന്റെ പേരില്‍ അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പിച്ചക്കാശില്‍ നിന്ന് കൈക്കൂലി കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍. ആസ്ത്മയും ശ്വാസതടസവും നിരവധി പേരറിയാ രോഗങ്ങളും മൂലം ജീവിതം ഒടുങ്ങുന്നവര്‍.

കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍ വിടാന്‍ ആഗ്രഹമുള്ള മാതാപിതാക്കള്‍ക്കുപോലും അത് സാധിക്കുന്നില്ലെന്നതാണ് കോംഗോയുടെ ദുരവസ്ഥ. പള്ളിക്കൂടത്തില്‍ വിട്ടാല്‍ പള്ളനിറയ്ക്കാനുള്ള വഹ ആരുണ്ടാക്കുമെന്നാണവരുടെ ചങ്കില്‍ത്തട്ടിയ ചോദ്യം. വിഷമയമായ കോബോള്‍ട്ട് അയിരിന്റെ സാന്നിധ്യം ഗര്‍ഭം അലസുന്നതിനു കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഗര്‍ഭത്തിലെ കുഞ്ഞുങ്ങള്‍ക്ക് ജനിതക തകരാറുകള്‍ സംഭവിച്ചേക്കാം. അയിരില്‍ പണിയെടുക്കുന്ന പിതാക്കന്മാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കുപോലും ജനന വൈകല്യങ്ങള്‍ ഉണ്ടാകാമെന്ന് 'ലാന്‍സൈറ്റ്' മാസികയിലെ പഠനം പറയുന്നു. പക്ഷേ മൂന്നാംലോകത്തെ ബാലവേലയെക്കുറിച്ച് വായ്ത്താരിയിടുന്ന ആഗോള ഭീമന്മാരൊന്നും ഇക്കാര്യം അറിഞ്ഞ മട്ടില്ല. കാരണം ലളിതം. ആപ്പിള്‍, മൈക്രോസോഫ്ട്, ടെസ്‌ല, സാംസങ് തുടങ്ങിയവര്‍ക്കെല്ലാം കോബോള്‍ട്ട് വേണം. തങ്ങളുടെ ലിതിയം-അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍. അതും തീരെ ചെലവ് കുറഞ്ഞ രീതിയില്‍.

ലോക കോബോള്‍ട്ട് ശേഖരത്തിന്റെ 80 ശതമാനവും സ്വന്തമാക്കിയ ഈ മധ്യ ആഫ്രിക്കന്‍ രാജ്യം ചെമ്പ്, വജ്രം, നാകം, ടാന്‍ടലം എന്നീ ലോഹങ്ങള്‍ കൊണ്ടും സമ്പന്നമാണ്. കോബോള്‍ട്ട് കഴിഞ്ഞാല്‍ കോംഗോക്കാരന്‍ തേടുന്ന പ്രിയ ലോഹ അയിരാണ് 'കോള്‍ട്ടന്‍' എന്ന വിളിപ്പേരുള്ള ടാന്‍ടലൈറ്റ്. അതിനുള്ളിലാണ് 'ടാന്‍ടലം' ഒളിച്ചിരിക്കുന്നത്. വൈദ്യുത ചാര്‍ജ് നിലനിര്‍ത്തുന്നതിനുള്ള ക്ഷമതയാണ് ടാന്‍ടലത്തിന്റെ പ്രത്യേകത. സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ മുതല്‍ ജെറ്റ് എഞ്ചിനുകളുടെയും അത്യാധുനിക ആയുധങ്ങളുടെയും നിര്‍മാണത്തില്‍ അവശ്യവസ്തു. മുഷിഞ്ഞ ഇരുണ്ട നിറമുള്ള ഈ അയിര് കൂടുതലും കാണുക കോംഗോയുടെ കിഴക്കന്‍ തീരത്താണ്. ശുദ്ധി ചെയ്ത അയിരിന് കിലോഗ്രാമിന് നൂറ് ഡോളര്‍ വരെ വില ലഭിക്കുമത്രേ.

കോബോള്‍ട്ടും ടാന്‍ടലവും ചേര്‍ന്ന് മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം തകര്‍ത്തുകളഞ്ഞ ഈ ദരിദ്ര്യരാജ്യത്തിന് എന്നാണാവോ മോചനം ലഭിക്കുക?

  comment

  LATEST NEWS


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


  പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.