×
login
കൊറോണയും പരിസ്ഥിതിയും

കൊറോണയെപ്പോലുള്ള മഹാമാരികള്‍ മനുഷ്യരാശിയെ വേട്ടയാടാതിരിക്കണമെങ്കില്‍ മൗലികമായ ചില തിരുത്തലുകള്‍ക്ക് മനുഷ്യന്‍ തയ്യാറാവേണ്ടതുണ്ട്. പ്രകൃതി നശീകരണത്തില്‍നിന്ന് പിന്തിരിഞ്ഞുകൊണ്ടല്ലാതെ ഇനി സുസ്ഥിര ജീവിതം സാധ്യമല്ലെന്ന് വ്യക്തമാക്കുകയാണ് ലേഖകന്‍.

ആത്യന്തികമായി കൊറോണയും ഒരു പരിസ്ഥിതി പ്രശ്‌നമാണ്. പരിസ്ഥിതിയെ കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യനു പറ്റിയ വീഴ്ചയുടെ ഫലം.

പരിസരം എന്ന പദത്തില്‍ നിന്ന് കുറെക്കൂടി ഉയര്‍ന്ന തലത്തിലുള്ള ആശയമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു പരിസ്ഥിതി. നമ്മുടെ നിത്യവ്യവഹാരത്തില്‍ പരിസ്ഥിതി ഇപ്പോള്‍ ഉണ്ടെങ്കിലും 1923 ല്‍ പുറത്തിറങ്ങിയ ശബ്ദതാരാവലിയില്‍ അങ്ങനെയൊരു പദമില്ല. നമ്മുടെ ഭാഷയിലേക്ക് അടുത്ത കാലത്ത് കടന്നുവന്ന പദമാണ് പരിസ്ഥിതി. പരിസ്ഥിതിക്ക് തുല്യമായ ഒരു പദം ഇംഗ്ലീഷിലില്ലെന്നതു മറ്റൊരു വസ്തുത. അവിടെ നേച്വര്‍ എന്നേ കാണൂ. അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്.  

വായു, ജലം, ഭൂമി, ആകാശം, തീ ഇങ്ങനെ പഞ്ചഭൂതങ്ങളും, അവയില്‍നിന്ന് ഉല്‍ഭൂതമായ ജീവാജീവവസ്തുക്കളും ചേര്‍ന്ന പ്രപഞ്ചത്തിന്റെ ഒരംശത്തെയാണ് നാം പ്രകൃതിയെന്നോ പരിസ്ഥിതിയെന്നോ വ്യവഹരിക്കുന്നത്. ഇതില്‍ ഏതെങ്കിലുമൊന്നിനോ ഒരു കൂട്ടത്തിനോ പരിസ്ഥിതിക്ക് അപ്പാടെ തന്നെയോ ഭീഷണി നേരിടുമ്പോഴാണ് അതിനെ പരിസ്ഥിതി പ്രശ്‌നമായി കാണുന്നത്.

മനുഷ്യന്‍ പ്രകൃതിയെ ഉപാസിക്കുകയും  ആരാധിക്കുകയുമൊക്കെ ചെയ്ത കാലമുണ്ടായിരുന്നു. പ്രാചീന ഭാരതത്തിലും റോമിലും ഗ്രീസിലും പ്രകൃതിയെ ആരാധിച്ചിരുന്നു. പ്രകൃതിദേവി എന്നൊരു സങ്കല്‍പം തന്നെ നമുക്കുണ്ടല്ലോ. മഴ, കാറ്റ്, ഇടിമിന്നല്‍, നീരൊഴുക്ക് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ ഭയപ്പാടോടെ മാത്രം മനുഷ്യന്‍ കണ്ടിരുന്ന കാലമാണത്. ഇതെല്ലാം മനുഷ്യനുവേണ്ടി മാത്രമാണ് എന്ന വിചാരം അവര്‍ക്കില്ലായിരുന്നു. അങ്ങനെ കാണാന്‍ തുടങ്ങിയതു മുതലാണ് പ്രകൃതിയെ, പരിസ്ഥിതിയെ വരുതിയിലാക്കാന്‍ മനുഷ്യന്‍ ശ്രമമാരംഭിച്ചത്.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണിത്. ഇറ്റലിയില്‍ ഗലീലിയോ ഗലീലിയും (1564-1642) ബ്രിട്ടനില്‍ ഫ്രാന്‍സിസ് ബേക്കണും (1561-1642) ആധുനിക ശാസ്ത്രവിശാരദന്മാരായി ഒരേസമയം തലയെടുപ്പോടെ ഉയര്‍ന്നുവന്നു. ശാസ്ത്രത്തെ ഗണിതവുമായി ബന്ധിപ്പിക്കുന്നത് ഗലീലിയോ ആണ്. പ്രകൃതിയെ ഗണിതപരമായി വ്യാഖ്യാനിക്കാം എന്നദ്ദേഹം സമര്‍ത്ഥിച്ചു. ഗണിതത്തിന്റെ പരിധിയില്‍പ്പെടാത്ത ഒന്നും പ്രകൃതിയിലില്ല എന്നു തീര്‍ത്തുപറഞ്ഞു. അളക്കാന്‍ കഴിയുന്ന ഗുണങ്ങള്‍ മാത്രമേ പ്രകൃതിക്കുള്ളൂ എന്നു സിദ്ധാന്തിച്ചു. ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്ന് ഐന്‍സ്റ്റീന്‍ പില്‍ക്കാലത്തു വിശേഷിപ്പിച്ച ഗലീലിയോയുടെ വാക്കുകള്‍ പാശ്ചാത്യലോകത്തെ ആഴത്തില്‍ സ്വാധീനിച്ചു. അപരിമിതമെന്നും അന്ത്യമില്ലാത്തതെന്നും അതുവരെ കരുതിപ്പോന്ന പ്രകൃതി വിഭവങ്ങള്‍ പരിമിതമാണെന്ന തോന്നല്‍ ആദ്യമായി മനുഷ്യരിലുണ്ടായി. അളക്കാവുന്നതെന്തും പരിമിതമായിരിക്കുമല്ലോ.

ഇതേ കാലത്തുതന്നെയാണ് ബ്രിട്ടനില്‍ അവിടത്തെ അറ്റോര്‍ണി ജനറല്‍ കൂടിയായിരുന്ന ഫ്രാന്‍സിസ് ബേക്കണ്‍ അനുഭവവാദത്തിന്റെ പിതാവ് എന്ന തലത്തിലേക്ക് ഉയര്‍ന്നുവന്നത്. നാട്ടിലെ വിപുലമായ സ്വാധീനശക്തിയുള്ള ഭരണാധികാരി എന്ന നിലയില്‍ ബേക്കന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ഏറെയായിരുന്നു. മനുഷ്യമുന്നേറ്റത്തിനായി പ്രകൃതിയെ എങ്ങനെയും ചൂഷണം ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രകൃതി ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണെന്ന ബേക്കന്റെ വാക്കുകള്‍ യുവതലമുറയെ ത്രസിപ്പിച്ചു.

തൊട്ടുപിറകെ വരുന്ന ഫ്രഞ്ചുകാരന്‍ റെനെ ദെക്കാര്‍ത്തെ (1596-1650) ബീജഗണിതത്തെ ജ്യോമട്രിയുമായി ബന്ധിപ്പിച്ച് അനലിറ്റിക്കല്‍ ജ്യോമട്രി ആവിഷ്‌കരിച്ചു അതുല്യനായ ഗണിതശാസ്ത്ര പ്രതിഭ എന്ന നിലയില്‍ പ്രസിദ്ധനായ ദെക്കാര്‍ത്തെയുടെ പ്രകൃതിസംബന്ധമായ നിരീക്ഷണങ്ങള്‍ പരിസ്ഥിതിയുടെ അകം പിളര്‍ക്കുന്നതായിരുന്നു. മനസ്സും ശരീരവും ഭിന്നമാണ് എന്ന വാദത്തിലൂടെ പ്രകൃതിയെയും  പ്രകൃതിവിഭവങ്ങളെയും രണ്ടുതട്ടില്‍ നിര്‍ത്തുന്നതില്‍ ദെക്കാര്‍ത്തെ വിജയിച്ചു. ഘടകങ്ങളുടെ സ്വഭാവത്തില്‍നിന്ന് വസ്തുവിനെ അറിയാം എന്ന വാദവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിഷേധിക്കുന്നതായിരുന്നു. അവിടെയും നിര്‍ത്താതെ പ്രപഞ്ചം യന്ത്രമാണ് എന്നുതന്നെ ദെക്കാര്‍ത്തെ സിദ്ധാന്തിച്ചു. മനുഷ്യന് തന്റെ സുഖത്തിനും സൗന്ദര്യത്തിനുമായി അതിനെ പ്രവര്‍ത്തിപ്പിക്കാം!

ഐസക് ന്യൂട്ടന്റെ കാലമാണിനി(1643-1727). ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ച ന്യൂട്ടന്‍ വ്യവസായ വിപ്ലവത്തിനു സജ്ജമായിരുന്ന ബ്രിട്ടീഷ് ജനസമൂഹത്തിന് ആശയപരമായ കരുത്തു നല്‍കുന്നതില്‍ മുന്നില്‍ നിന്നു. ലാഭം, കൂടുതല്‍ ലാഭം എന്നതായി മുദ്രാവാക്യം. ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കുക മാത്രമായി ലക്ഷ്യം. സമസ്ത മേഖലകളിലും യന്ത്രവല്‍ക്കരണത്തിനുള്ള ശ്രമം തുടങ്ങി. കൈത്തൊഴില്‍ എന്ന നിലയില്‍ വീടുകളിലെല്ലാം ചെയ്തുവന്ന തുണിനെയ്ത്തിനെയാണ് വ്യവസായ വിപ്ലവം ആദ്യം പിടികൂടിയത്. വന്‍കിട യന്ത്രങ്ങളുടെ സഹായത്തോടെ ടെക്സ്റ്റയില്‍ വ്യവസായം ശക്തമായി. ഈസ്റ്റിന്ത്യാ കമ്പനി വഴി കോളനി രാജ്യങ്ങളിലേക്ക് വസ്ത്രക്കയറ്റുമതി പൊടിപൊടിച്ചു. അതോടൊപ്പം മറ്റുല്‍പ്പന്നങ്ങളുമായതോടെ ബ്രിട്ടന്റെ പ്രതിശീര്‍ഷവരുമാനം കൂടി. ജീവിതനിലവാരമുയര്‍ന്നു. കൃഷി തല്‍ക്കാലം വിസ്മരിക്കപ്പെടുകയും, കൃഷിയില്‍നിന്നു വ്യവസായത്തിലേക്കുള്ള ഘടനാമാറ്റം സമൂഹത്തില്‍ വേരുപിടിക്കുകയും ചെയ്തു. ജീവിതം സുഖകരമായി. സ്വാഭാവികമായും ജനസംഖ്യാ വര്‍ധനവുണ്ടായി. അവരുടെ കണ്ണുകള്‍ വീണ്ടും കൃഷിയിടങ്ങളിലേക്കു നീണ്ടുചെന്നു. ഒരു തവണത്തെ കൃഷിക്കുശേഷം വയലുകള്‍ തരിശിടുന്ന പതിവ് അവസാനിപ്പിച്ചു. നാലു തവണ കൃഷി തുടങ്ങി. ധാന്യങ്ങളും പയറിനങ്ങളും മറ്റു കാര്‍ഷിക വിഭവങ്ങളും ആവര്‍ത്തിത കൃഷിയിലൂടെ പരമാവധി വര്‍ധിപ്പിക്കുകയായി ലക്ഷ്യം. രാസവളങ്ങളുടെ വ്യാപകമായ ഉപയോഗം വേണ്ടിവന്നു. കാര്‍ഷിക വിപ്ലവം എന്നറിയപ്പെട്ട ഈ പ്രതിഭാസം 19-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ തുടര്‍ന്നുപോന്നു എന്നു മറക്കരുത്. കൂടുതല്‍ ഉല്‍പ്പാദനം, കൂടുതല്‍ ലാഭം-അതിനുവേണ്ടി എന്തു സഹായവും ചെയ്യുന്ന ഭരണകൂടം. ഇതായി ലോകഗതി. ലാഭ നഷ്ടക്കണക്കുകള്‍ക്കൊത്ത് യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനങ്ങള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവിക പാരസ്പര്യത്തെ വിസ്മരിച്ചു.  അതോടൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. മൃഗസഞ്ചയത്തിന്റെയും കാര്‍ഷിക സഞ്ചയത്തിന്റെയും സ്വദേശിവല്‍ക്കരണം. ഓരോ രാഷ്ട്രവും അതിന്റെ അതിര്‍ത്തികള്‍ക്കുള്ളിലേക്കു ചുരുങ്ങുകയും, പരമാവധി ലാഭമുണ്ടാക്കാന്‍ മത്സരിക്കുകയും ചെയ്തു. വന്‍തോതിലുള്ള പരിസ്ഥിതി നാശമായിരുന്നു ഇതിന്റെയെല്ലാം ഫലം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പ്രകൃതിയുമായി സമരസപ്പെട്ടു പോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് പ്രതിഭകള്‍ പലരും രംഗത്തുവന്നു. ഇക്കാലത്ത് ഗാന്ധിജിയെ ആദ്യം പരാമര്‍ശിക്കണം. കോളനി ഭരണത്തില്‍നിന്നു  മുക്തി നേടുക മാത്രമായിരുന്നില്ല ഗാന്ധിജിയുടെ ലക്ഷ്യം. ഇന്ത്യയെയും ലോകത്തെയും കാര്‍ന്നുതിന്നു തുടങ്ങിയ ഉപഭോഗതൃഷ്ണയെ എങ്ങനെ ശമിപ്പിക്കാം എന്ന അന്വേഷണത്തിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ മഹിതസന്ദേശത്തിലേക്ക് ലോകത്തെ ഉണര്‍ത്താന്‍ ഗാന്ധിജി ശ്രമിച്ചു. എല്ലാ മനുഷ്യരുടെയും അത്യാവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ടെന്നും, ഒരാളുടെപോലും അത്യാഗ്രഹത്തിനുള്ളതില്ലെന്നും പറഞ്ഞതിലൂടെ മനുഷ്യന്റെ അത്യാഗ്രഹം തന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍ എന്ന് ഗാന്ധിജി വ്യക്തമാക്കി. പരിമിത വിഭവങ്ങളോടെ  സന്തുഷ്ട ജീവിതം എന്ന മുദ്രാവാക്യത്തിന്റെ ലോകഅമ്പാസഡറായി ഗാന്ധിജി ഉയര്‍ന്നുനിന്നു.

1907 ല്‍ അമേരിക്കയില്‍ ജനിച്ച റേച്ചല്‍ കാര്‍സന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ നൂതനവഴികളിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി.  അവരുടെ 'നിശ്ശബ്ദത വസന്തം' എന്ന അനുഭവകൃതി മാറിച്ചിന്തിക്കാന്‍ ലോകത്തിനു പ്രേരണയായി. ജര്‍മനിയില്‍ ജനിച്ച ബ്രിട്ടീഷുകാരന്‍ ഇ.എഫ്. ഷുമാക്കര്‍ 'ാെമഹഹ ശ െയലമൗശേളൗഹ' എന്ന കൃതിയിലൂടെ ആഗോളതലത്തില്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ആശയാടിത്തറ നല്‍കി. ഗാന്ധിജിക്കും ഏറെ ഇഷ്ടപ്പെട്ട കൃതിയും സങ്കല്‍പ്പവുമായിരുന്നു ചെറുതാണ് സുന്ദരം എന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകങ്ങളിലൊന്നാണിത്.

ജപ്പാനിലെ  മസനോബു ഫുക്കുവോക്ക(1913-2008) കാര്‍ഷിക മേഖലയില്‍ നടത്തിയ വിപ്ലവകരമായ ഇടപെടലുകള്‍ ലോകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രകൃതിദത്ത ആഹാരം, ജീവിത രീതി എന്നതായിരുന്നു   ആ കാര്‍ഷിക ശാസ്ത്രജ്ഞന്റെ സന്ദേശം. രാസവളപ്രയോഗത്തിനെതിരെ ഫുക്കുവോക്ക നടത്തിയ പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ വ്യക്തികളെയും സമൂഹങ്ങളെയും സ്വാധീനിച്ചു. 1975 ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ കൃഷി അനുഭവകൃതിയായ ഒറ്റവൈക്കോല്‍ വിപ്ലവം (ീില േെൃമം ൃല്ീഹൗശേീി) അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിസംരക്ഷകരെ ആവേശംകൊള്ളിച്ചു. ചര്‍ച്ചകളും സംവാദങ്ങളുമായി ലോകമാകെ അദ്ദേഹം സഞ്ചരിച്ചു.

പരിസ്ഥിതി വിശകലന വിഭാഗങ്ങള്‍ എന്ന നിലയില്‍ ഇതിനിടെ പ്രസിദ്ധനായ അമേരിക്കക്കാരന്‍ ലെസ്റ്റര്‍ ആര്‍. ബ്രൗണ്‍ വേള്‍ഡ്‌വാച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാചിച്ച് ലോകമാകെ പരിസ്ഥിതി സംരക്ഷണത്തിനു നേതൃത്വം നല്‍കി. നിയന്ത്രണമില്ലാത്ത മീന്‍പിടുത്തം, പരിധിയില്ലാത്ത കാടുകയറ്റം, രാസവള പ്രയോഗത്തിലൂടെ കൃഷിഭൂമി മരുഭൂമിയാക്കല്‍ എന്നിവയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള ബ്രൗണിന്റെ ഠവല 29വേ ഉമ്യ എന്ന കൃതി വലിയ  ചര്‍ച്ചയായി. നാല്‍പതിലധികം ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ട, അമ്പതിലധികം പരിസ്ഥിതി വിശകലന കൃതികളുടെ കര്‍ത്താവായ ബ്രൗണിന്റെ 'ഇക്കോ ഇക്കണോമി' പരിസ്ഥിതിയെ ഗൗരവമായി കണ്ടു സംരക്ഷിച്ചില്ലെങ്കില്‍ ലോകത്തിന്റെ സാമ്പത്തിക ക്രമം എങ്ങനെ താളംതെറ്റുമെന്നു വിശദീകരിക്കുന്ന കൃതിയാണ്. പരിസ്ഥിതിരംഗത്തെ ക്ലാസിക് എന്നാണ് ഈ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. എണ്‍പത്താറാം വയസ്സില്‍ ഇപ്പോഴും പൊതുരംഗത്ത് സജീവമാണ് ബ്രൗണ്‍.


കേരളീയനായ ഡോ. അഹമ്മദ് ബാവപ്പയെയും ഓര്‍ക്കാതെ പറ്റില്ല. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്‍ ഉദ്യോഗസ്ഥനായ ഈ പാലക്കാട്ടുകാരന്‍ ആഗോളതാപനത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പു നല്‍കിയ മനീഷിയാണ്. ഇങ്ങനെ പോയാല്‍ 30 ശതമാനം ചെടികള്‍ നശിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു തന്നത് രണ്ടു ദശകങ്ങള്‍ക്കു മുന്‍പാണ്.

കേരളത്തിലേക്കു വന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തനം ജീവിതവ്രതമായി കണ്ട ഒട്ടേറെ പേരെ കാണാം. സൈലന്റ്‌വാലി, ഗ്വാളിയോര്‍ റയോണ്‍സ്, അതിരപ്പള്ളി പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കുന്നതിനു മുന്നിട്ടിറങ്ങിയ പ്രസ്ഥാനങ്ങളുമുണ്ട്. കവികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍. നിതാന്ത ജാഗ്രതയോടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനം നടത്തിയ  ഒട്ടേറെ പേരുണ്ടിവിടെ. കൈവിട്ടുപോയെന്നു കരുതിയ അട്ടപ്പാടിയില്‍ വനവും നീരൊഴുക്കു പുനഃസൃഷ്ടിക്കാനായതിലൂടെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയും ഇപ്പോള്‍ നമുക്കുണ്ട്. എല്ലാം നഷ്ടപ്പെട്ടു, നശിച്ചുപോയി എന്നു നിരാശപ്പെട്ട് പിന്‍തിരിയാതെ ശുഭപ്രതീക്ഷയോടെ മണ്ണിലേക്കിറങ്ങാന്‍ തയ്യാറുണ്ടോ എന്നതാണു ചോദ്യം.

പരിസ്ഥിതി പ്രശ്‌നം നമ്മുടെ സ്വകാര്യ പ്രശ്‌നമല്ല. അതൊരാഗോള പ്രശ്‌നമാണ്. എന്നാല്‍ നമ്മുടെ പരിസ്ഥിതിയെ തിരിച്ചുപിടിക്കേണ്ടത്, പുനസൃഷ്ടിക്കേണ്ടത് നമ്മുടെ കടമയാണ്. എന്തൊക്കെയാണ് നമ്മുടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍? വ്യക്തികളെയും സമൂഹത്തെയും അതെങ്ങനെ ബാധിക്കുന്നു? നമ്മുടെ സാമ്പത്തികാവസ്ഥയെ അതെങ്ങനെ തകിടം മറിക്കും? ഭാവിതലമുറയ്ക്ക് എങ്ങനെയെല്ലാം ഭീഷണി സൃഷ്ടിക്കും? തുടര്‍ച്ചയായ രണ്ടു പ്രളയങ്ങള്‍ക്കുശേഷം കോവിഡിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കു മറുപടി കണ്ടെത്താന്‍ മറ്റാരെക്കാളും നമുക്ക് ബാധ്യതയുണ്ട്.

കേരളം ദൈവത്തിന്റെ നാടായി വേറിട്ടു നില്‍ക്കുന്നതിന്റെ മുഖ്യകാരണം പശ്ചിമഘട്ട മലനിരകളാണെന്ന് വിശേഷബുദ്ധിയുള്ള എല്ലാവര്‍ക്കുമറിയാം. പരിസ്ഥിതി നാശം പശ്ചിമഘട്ടത്തെ വീര്‍പ്പുമുട്ടിക്കുന്നു എന്നു വന്നപ്പോഴാണ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്താന്‍ അധികൃതര്‍ തയ്യാറായത്. മലനിരകളുടെ 64 ശതമാനം പരിസ്ഥിതിലോല പ്രദേശമാണെന്നുതുള്‍പ്പെടെ നിര്‍ണായക വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതോടെ (31-08-2011) വിശകലനങ്ങളല്ല പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. നിവൃത്തിയില്ലാതെ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തീര്‍ണം വെറും 37 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള പ്രസ്തുത റിപ്പോര്‍ട്ടും പ്രതിഷേധ വേലിയേറ്റത്തില്‍ നടപ്പാക്കാനാതെ മാറ്റിവച്ചിരിക്കുകയാണ്. വരുന്നത് മൂന്നാമത്തെ  പ്രളയമാകുമോയെന്ന് ആശങ്കപ്പെടുമ്പോഴും, ജനാധിപത്യ വിരുദ്ധമെന്നും പ്രകൃതിവിരുദ്ധമെന്നും വിദഗ്ദ്ധ സമിതി അംഗമായിരുന്ന ഡോ. വി.എസ്. വിജയന്‍ വിശേഷിപ്പിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെങ്കിലും നടപ്പാക്കുന്നതിനെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചയും എവിടെയും നടക്കുന്നില്ലെന്നോര്‍ക്കണം.

പരിസ്ഥിതി ചര്‍ച്ച മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പരിസ്ഥിതി നാശം മനുഷ്യരെക്കാള്‍ പ്രയാസമുണ്ടാക്കുന്നത് മറ്റു ജീവജാലങ്ങള്‍ക്കാണ്. നമുക്ക് മാറി താമസിക്കാം. മറ്റു രാജ്യത്തേക്കോ സംസ്ഥാനത്തേക്കോ നാട്ടിലേക്കോ പോകാം. ഒന്നുമില്ലെങ്കില്‍ നാംതന്നെ സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തല്‍ക്കാലത്തേക്കെങ്കിലും കഴിയാം. പ്രളയകാലങ്ങളില്‍ അതൊക്കെ നാം കണ്ടിട്ടുണ്ട്. മറ്റു ജീവികളോ? എത്രയെങ്കിലും ജീവിവംശം പരിസ്ഥിതി നാശം കാരണം  ലോകത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. നോക്കൂ, നമ്മളെല്ലാം വീട്ടിലിരിക്കുകയും, നമ്മുടെ വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഭയലേശമില്ലാതെ ആരെല്ലാമാണ് പുറത്തിറങ്ങുന്നത്! കാടുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആനകളും മറ്റു വന്യജീവികളും സൈ്വരവിഹാരം നടത്തുന്നു. ആനത്താരകള്‍ വീണ്ടും സജീവമാകുന്നു. അങ്ങാടികളില്‍ പലതരം പക്ഷികള്‍ പാറിപ്പറക്കുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത്തരം കാഴ്ചകള്‍ നാം കണ്ടിട്ടുണ്ടോ?

അടച്ചിടല്‍ കാലത്ത് ഒരു ഗ്രൂപ്പില്‍ കണ്ട വീഡിയോ അവിശ്വസനീയമായി തോന്നി. വിശാലമായ പുരി കടപ്പുറത്ത് ഒരു മാന്‍ കുഞ്ഞ് തിരമാലകളില്‍  കുത്തിമറിഞ്ഞു കളിക്കുന്നു. ഒരു മധ്യാഹ്നം മുഴുവന്‍ അവിടെ ചെലവഴിച്ച എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ഏഷ്യയിലെ ഏറ്റവും വിശാലമായ വെള്ള മണല്‍ത്തീരമാണ് പുരി. പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രവും ശങ്കരാചാര്യരുടെ മഠവും അടുത്തുതന്നെ. പതിനായിരക്കണക്കിന് ആളുകളാണ്, സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ദിവസവും അവിടെയെത്തുന്നത്. ഒട്ടക സവാരിയും കുതിര സവാരിയുമൊക്കെയുണ്ടാവും. ആകെക്കൂടി ഉത്സവ പ്രതീതി. അതിനിടയില്‍ ഒരു മാന്‍ കുഞ്ഞിനെ കാണുക തീര്‍ത്തും അസാധ്യം.

അങ്ങേയറ്റം വേദനിപ്പിക്കുന്ന മറ്റൊരു ചിത്രവും ഈയിടെ കണ്ടു. രണ്ടു വര്‍ഷം മുന്‍പ് വയനാട്ടിലെ കാടുകള്‍ക്ക് ചില സാമൂഹ്യദ്രോഹികള്‍ തീയിട്ടപ്പോള്‍ കത്തിക്കരിഞ്ഞ കാട്ടിനരികെ നിരത്തില്‍ കെട്ടിപ്പിടിച്ചു കരയുന്നു ഒരു കൂട്ടം കുരങ്ങുകള്‍. ചക്ക കുട്ടിയിട്ടാലെന്നപോലെ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നു. നിസ്സഹായരായ ഈ വാനരന്മാരുടെ ദയനീയമായ കാഴ്ച പെട്ടെന്നൊന്നും മറക്കാനാവില്ല.

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. ചൈനയില്‍ കൊറോണ പ്രത്യക്ഷപ്പെട്ടത് മാര്‍ക്കറ്റിലാണ്. കാട്ടുജീവികളാണ് അവരുടെ പ്രധാന ആഹാരം. അവിടെ മാത്രമാണോ അങ്ങനെ? അല്ല. നാഗാലാന്റിലെ മാര്‍ക്കറ്റില്‍ പട്ടി, പൂച്ച, പാമ്പ്, പല്ലി, ഓന്ത് തുടങ്ങി സര്‍വജീവികളെയും കൊന്നു നിരത്തിയതു കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ ജീവികളെ തിന്നുന്നതെന്നു ചോദിച്ചപ്പോള്‍ പണ്ടൊന്നും ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണവര്‍ പറഞ്ഞത്. ആടും പോത്തും കോഴിയുമൊക്കെ വംശനാശം നേരിട്ടപ്പോള്‍ നിവൃത്തിയില്ലാതെ മറ്റുള്ളവയെ പിടിക്കാന്‍ തുടങ്ങിയതാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കതിലും വളര്‍ത്തു ജന്തുക്കളെയല്ലാതെ മറ്റു ജീവികളെയൊന്നും കാണാനില്ലാത്ത സ്ഥിതിയാണ്. ലോകത്താകെ മത്സ്യസമ്പത്തും വല്ലാതെ കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തപ്പോഴുള്ള ഭവിഷ്യത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ജന്തുക്കള്‍, വിശിഷ്യാ വന്യജന്തുക്കളാണല്ലോ വൈറസുകളുടെ പ്രഭവകേന്ദ്രങ്ങള്‍. ആഹാരത്തിനായി കാടുതേടിപ്പോകുന്നവര്‍ മഹാമാരികളുമായി മടങ്ങിവരുന്നു. കോവിഡ് അതു കൃത്യമായി സാക്ഷ്യപ്പെടുത്തുന്നു.

പ്രകൃതിജന്യ ദുരന്തങ്ങളെ പരിസ്ഥിതിയുമായി ചേര്‍ത്തു വായിക്കേണ്ടതിലെ അനിവാര്യത കൊറോണ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രാദേശിക തലത്തില്‍, സമാനഹൃദയരുടെ കൂട്ടായ്മകള്‍ക്ക് ഇടപെടാവുന്ന ഒട്ടേറെ മേഖലകളുണ്ട്. അടച്ചിടല്‍  അവസാനിക്കുകയും, എല്ലാവും പുറത്തിറങ്ങുകയും ചെയ്യുമ്പോള്‍ അടിയന്തരമായി ഇടപെടാവുന്ന മേഖലകള്‍. ഓരോ പ്രദേശത്തും എന്തെല്ലാം പരിസ്ഥിതി പ്രശ്‌നങ്ങളുണ്ട്? എങ്ങനെ ഇടപെടാനാവും? ജനകീയ പ്രശ്‌നമായി ഓരോന്നിനെയും എങ്ങനെ മാറ്റിയെടുക്കും? ഒരു ദേശത്തെ ഒരങ്ങാടിയെ, ഒരു നീരൊഴുക്കിനെ, ഒരു വയല്‍ പ്രദേശത്തെ ഒരു കുന്നിനെ-എങ്ങനെ പാരിസ്ഥിതികമായ തനിമയോടെ നിലനിര്‍ത്താനാവും? ഒരു സാംക്രമികരോഗവും നമ്മുടെ ദേശത്തുനിന്ന് ഉത്ഭവിക്കുകയില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താനാവും?

ചെറിയ ചിന്തകള്‍, ചെറിയ പ്രവര്‍ത്തനങ്ങള്‍, അതിന്റെ ഫലം പക്ഷേ, മഹത്തരമായിരിക്കും. 'ചെറുതാണു സുന്ദരം' എന്നതിന്റെ അന്തസത്തയും ഇതുതന്നെ.

 

ഡോ. ഗോപി പുതുക്കോട്

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.