×
login
കലകളുടെ അദ്വൈത സംഗമമായി കാലടിയിലെ നൃത്തോത്സവം

ചെന്നൈയില്‍ നിന്നുള്ള ശ്രീദേവി നൃത്ത്യാലയയുടെ 12 കലാകാരികളാണ് അദ്വൈത ഭൂമിയില്‍ നാട്യ വിസ്മയം തീര്‍ത്തത്. ശ്രീശങ്കരന്റെ ഷണ്‍മത തത്ത്വത്തില്‍ ആറു ഭഗവാന്‍മാരെക്കുറിച്ച് പ്രതിപാദിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി, സൂര്യന്‍, ഗണപതി, ഷണ്മുഖന്‍ എന്നീ ആറ് ആരാധന മൂര്‍ത്തികളും അടിസ്ഥാനപരമായി ഒന്നാണെന്ന അദ്വൈതമന്ത്രമാണ് നൃത്തത്തിന്റെ ഇതിവൃത്തം.

നേപ്പാളിന്റെയും മലേഷ്യയുടെയും ബംഗ്ലാദേശിന്റെയും തനത് നൃത്തങ്ങള്‍ക്കൊപ്പം ഭാരതീയ നൃത്തകലകളും സംഗമിച്ച അപൂര്‍വ്വ വേദിയായിരുന്നു കാലടിയില്‍ അഞ്ചുദിവസങ്ങളിലായി അരങ്ങേറിയ രണ്ടാമത് അന്തര്‍ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം. രാഷ്ട്രീയപരമായി നേപ്പാളും ബംഗ്ലാദേശുമെല്ലാം വ്യത്യസ്ത രാഷ്ട്രങ്ങളാണെങ്കിലും സാംസ്‌കാരികമായി ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്വൈതഭൂമിയിലെ നൃത്ത സംഗീതോത്സവം. ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ഷണ്‍മത തത്ത്വത്തെ ആസ്പദമാക്കിയുള്ള മെഗാ നൃത്തവും, കല നവോത്ഥാനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനുള്ളതുമാണെന്ന സന്ദേശം നല്‍കുന്ന നൃത്തപരിപാടികളും നൃത്തോത്സവത്തിന്റെ വേറിട്ട അനുഭവമായിരുന്നു.  

നേപ്പാളി കലാകാരന്‍ സോജന്‍ രഘുഭാന്‍ഷിയുടെ അഞ്ച് വ്യത്യസ്തമായ നേപ്പാളി നൃത്ത രൂപങ്ങള്‍ അവിടുത്തെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. നേപ്പാളിന്റെ തനത് കലകളും നാടോടികലകളുമാണ് സോജന്‍ അവതരിപ്പിച്ചത്. കൃഷ്ണ ചരിത്ര നൃത്തം, തളിക നൃത്തം, ഇന്ദ്രനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നൃത്തം എന്നിവ ശ്രദ്ധേയമായിരുന്നു. നേപ്പാളിന്റെ മൂല്യവും പാരമ്പര്യവും വിളിച്ചോതുന്ന മഞ്ജുശ്രീ നൃത്തമായിരുന്നു മറ്റൊരു പ്രത്യേകത.

മലയ നൃത്തത്തിന്റെ പുതുമകള്‍ മനസ്സിലാക്കുവാനുള്ള അവസരമായിരുന്നു ഇമ്രാന്‍ സയാഫിക് ബിന്‍ മുഹമ്മദ് അഫന്‍ഡി അവതരിപ്പിച്ച മലേഷ്യന്‍ നൃത്തം. രാജസദസ്സില്‍ അവതരിപ്പിച്ചു വന്ന ടെറിനയി നൃത്തം,  ഇപ്പോള്‍ മലേഷ്യയില്‍ പ്രസിദ്ധമായിട്ടുളള സാപ്പിന്‍ നൃത്തം എന്നിവ വേറിട്ട അനുഭവങ്ങളായിരുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള നര്‍ത്തകിയും അസിസ്റ്റന്റ് പ്രൊഫസറുമായ തമന്ന റഹ്മാന്‍ മണിപ്പൂരി നൃത്തം അവതരിപ്പിച്ചു. ബംഗ്ലാദേശിലെ ശാസ്ത്രീയ കലകളില്‍ ഒന്നാണ് ഭാരതത്തിന്റെ മണിപ്പൂരി നൃത്തം. മണിപ്പൂരില്‍ നിന്നുള്ള സിനാം ബസു സിങ്ങിന്റെ മണിപ്പൂരി നൃത്തം ശ്രീശങ്കരന്റെ കൃതികളുടെ ആവിഷ്‌കാരം കൊണ്ട് വേറിട്ട് നിന്നു.

ഡിംപിള്‍ സൈക്കിയ ആസാമിന്റെ തനത് നൃത്തമായ സത്രിയ  അവതരിപ്പിച്ചത് ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. കൊല്‍ക്കത്തയില്‍ നിന്നുള്ള സയാനി ചക്രബര്‍ത്തിയുടെ ശിവതാണ്ഡവമായിരുന്നു മറ്റൊരു സവിശേഷത. ദൃതഗതിയിലുള്ള ചലനങ്ങള്‍ ആസ്വാദകരുടെ മനം നിറച്ചു. ഇതിനോടകം യൂട്യൂബില്‍ ഒരു കോടി ആളുകള്‍ കണ്ട ഈ നൃത്തം ആസ്വാദകരെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. കുച്ചുപ്പുടിയുടെ തനതു പ്രയോക്താവായ പ്രശസ്ത നര്‍ത്തകി റെഡ്ഡി ലക്ഷ്മിയുടെ  അവതരണം ശ്രദ്ധേയമായിരുന്നു. ദുര്‍ഗ്ഗാസ്തുതിയോടെ ആരംഭിച്ച പരിപാടിയില്‍ ശ്രീശങ്കരാചാര്യ കൃതിയുടെ അവതരണവും നടന്നു. പ്രഹ്ലാദ നാടകത്തിലെ നരസിംഹാവതാരമാണ് വേദിയെ സമ്പന്നമാക്കിയത്.

കൊല്‍ക്കത്തയില്‍ നിന്നുള്ള നൃത്യാംഗന്‍ കഥക് കേന്ദ്രത്തിന്റെ ഏഴ് കലാകാരികള്‍ കഥകിലെ ചലനങ്ങളുടെ മാസ്മരികതകൊണ്ട് കാണികളെ വിസ്മയിപ്പിച്ചു. പ്രശസ്ത നര്‍ത്തകി പരാമിത മൈത്രയും സംഘവുമാണ് കഥക് അവതരിപ്പിച്ചത്.  


സന്ധ്യാ മനോജ് അവതരിപ്പിച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും പ്രാര്‍ത്ഥനാ രീതി വിശദമാക്കുന്ന ഒഡിസ്സി നൃത്തവും അരങ്ങേറി. മലേഷ്യയില്‍ ഒഡിസ്സി നൃത്തം പരിശീലിപ്പിക്കുന്ന ചുരുക്കം ചില കലാകാരികളില്‍ ഒരാളാണ് ഇപ്പോള്‍ ബിഗ് ബോസ് എന്ന പരമ്പരയിലൂടെ പ്രശസ്തയായ പറവൂര്‍ സ്വദേശിനി കൂടിയായ സന്ധ്യാ മനോജ്.

പ്രശസ്ത നര്‍ത്തകി സുധാ പീതാംബരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം, ഇതിവൃത്തത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധേയമായി.  ഡോ. സി.പി. ഉണ്ണികൃഷ്ണന്‍ നൃത്തസംവിധാനവും ബാബുരാജ് പെരുമ്പാവൂര്‍ സംഗീതസംവിധാനവും നിര്‍വഹിച്ച ദൈവദശകം ആദ്യമായിട്ടാണ് അദ്വൈതഭൂമിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നവോത്ഥാന ആശയങ്ങളുടെ നൃത്താവിഷ്‌കാരം അരങ്ങേറി. കേരളത്തിലാദ്യമായി പണ്ഡിറ്റ് കറുപ്പന്റെ നവോത്ഥാന ആശയങ്ങള്‍ നര്‍ത്തകി രശ്മി നാരായണന്‍ വേദിയില്‍ എത്തിച്ചു. അധഃസ്ഥിതര്‍ക്ക് കൊച്ചി നഗരത്തിലെ റോഡുകളിലൂടെ നടക്കുവാനുള്ള അവകാശം നേടിയെടുത്തത്, കൊച്ചി കായല്‍  സമ്മേളനം, ജാതിക്കുമ്മി എന്നിവ ദൃശ്യവല്‍ക്കരിച്ചു. എകെജിയുടെ പോരാട്ടങ്ങളും മന്നത്ത് പദ്മനാഭന്‍, അയ്യന്‍കാളി എന്നിവരുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നൃത്തവല്‍ക്കരിക്കപെട്ടു.

സാമൂഹിക പ്രശ്‌നമായ മുല്ലപ്പെരിയാറും നാട്യഭാഷയിലൂടെ ശ്രദ്ധേയമായി. മലപ്പുറത്ത് നിന്നുള്ള മഞ്ജു വി. നായരുടെ ചടുലചലനങ്ങളുള്ള  ഭരതനാട്യം അരങ്ങേറി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്റെ നൃത്ത പരിപാടി വേറിട്ട അനുഭവമായി.  

 'ബ്രഹ്മാസ്മി' നൃത്തപരിപാടി ആണ് അരങ്ങേറിയത്. ബ്രഹ്മമാണ്  ശാശ്വതമെന്നും  ജഗത് മിഥ്യയാണെന്നുമുള്ള  ശങ്കര  തത്വമാണ് പ്രത്യേക ശബ്ദവെളിച്ച വിന്യാസത്തിന്റെ സഹായത്തോടുകൂടി വേദിയില്‍ അരങ്ങേറിയത്. മലയാളിയായ  ഷീല  ഉണ്ണികൃഷ്ണന്റെ  നേതൃത്വത്തിലുള്ള  കലാകാരികളാണ് നൃത്തപരിപാടി വേദിയില്‍ എത്തിച്ചത്. കണ്ണൂരില്‍ നിന്നുള്ള ദേവിക സജീവന്റെ  ഭരതനാട്യവും  കാണികള്‍ക്ക്  വിസ്മയമായി.  ദൃതഗതിയിലുള്ള  ചലനവും  അടവുകളുടെ  ശുദ്ധിയും ഇവരുടെ  നൃത്തത്തെ ആകര്‍ഷകമാക്കി.  

യുവ നര്‍ത്തകി പാര്‍വ്വതി മേനോന്റെ കുച്ചിപ്പുടിയും അരങ്ങേറി. സോപാന ലാസ്യം എന്ന വേറിട്ട ആവിഷ്‌കാരം ആസ്വാദകര്‍ക്ക് ദിവ്യാനുഭൂതി നല്‍കി. അനുപമ മേനോനാണ് ഈ നൃത്തം വേദിയിലവതരിപ്പിച്ചത്. ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ഥിനികളുടെ മെഗാ ഗ്രൂപ്പ് ഇനങ്ങളും അരങ്ങേറി.

പ്രൊഫ. പീ.വി. പീതാംബരന്‍, സുധാ പീതാംബരന്‍, കെ. ടി. സലിം, എ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

  comment

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.