×
login
ദീനദയാല്‍ജിയുടെ സഹപാഠിയും സഹവാസിയും

ദാദാജി ആത്മീയതയിലേക്കു തിരിഞ്ഞ് പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ താമസമാക്കിയെന്നറിഞ്ഞു. പക്ഷേ മുതിര്‍ന്ന സ്വയംസേവകരുടെ ഓര്‍മയില്‍ ദാദാജി ചൈതന്യവത്തായ ഓര്‍മയായി നിന്നിരുന്നു. ത്രിശ്ശിവപേരൂരിലേക്കു വിസ്താരകനായിട്ടായിരുന്നു പില്‍ക്കാലത്ത് പ്രാന്തപ്രചാരകനുംവിദ്യാര്‍ത്ഥി പരിഷത്തിന്റെ അധ്യക്ഷനുമായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ ചെന്നൈയിലെത്തിയത്. അന്ന് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞതേയുള്ളൂ. ത്രിശ്ശിവപേരൂരില്‍ എങ്ങനെ പോകണം, ആരെ കാണണം എന്നു ദാദാജിയോട് ആ യുവ വിസ്താരകന്‍ അന്വേഷിച്ചു. ''ഇഫ് യു നോ വെയര്‍ ടു ഗോ, യു നോ ഹൗട്ടു ഗോ, ആന്‍ഡ് ഹും ടു മീറ്റ്'' എന്നായിരുന്നു പടക്കം പോലത്തെ മറുപടിയെന്നു ദത്താജി പറഞ്ഞു.

ഭാവി മാനവതയ്ക്ക് അമൃതനിഷന്ദിയായ ഏകാത്മ മാനവ ദര്‍ശനമെന്ന സിദ്ധൗഷധം ആവിഷ്‌കരിച്ച ദീനദയാല്‍ ഉപാദ്ധ്യായയുടെ വാങ്മയം മലയാളത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള സംരംഭം എറണാകുളത്തെ കുരുക്ഷേത്ര പ്രകാശന്‍ നടത്തുന്ന വിവരം മുന്‍പ് ഈ പംക്തിയില്‍ ആനുഷംഗികമായി പരാമര്‍ശിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. അതിന്റെ ഒന്നാം ഖണ്ഡം വിവര്‍ത്തനം ചെയ്യാന്‍ ചുമതലയേറ്റതിനു സഹായമായി രണ്ടു പുസ്തകങ്ങള്‍ കൈവശമുള്ളവര്‍ അയച്ചുതന്നു സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കു ഫലമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ സാഫല്യം എന്ന അതിലൊരു പുസ്തകം മുന്‍ പ്രചാരക് ശിവദാസ് അയച്ചുതന്നു. രണ്ടാമത്തെതായ ജഗദ് ഗുരു ശങ്കരാചാര്യ കുരുക്ഷേത്രയിലെ മുഖ്യനും, മുതിര്‍ന്ന സംഘകാര്യകര്‍ത്താവുമായ സി.കെ. രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നും അറിവു കിട്ടി. അവരോട് അളവറ്റ നന്ദി.

ദീനദയാല്‍ജിയുടെ സമഗ്രമായ ജീവചരിത്രം ഇന്നും നമുക്കു മലയാളത്തില്‍ ലഭ്യമല്ല. സമ്പൂര്‍ണ വാങ്മയത്തിലെന്റെ ഒന്നാം മണ്ഡലത്തില്‍ സംഘ പ്രചാരകനാകുന്നതുവരെയുള്ള ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. മാതാപിതാക്കളടക്കം ആറു കുടുംബാംഗങ്ങളുടെ മരണമെന്ന വ്യക്തിപരമായ നഷ്ടങ്ങളും സാമ്പത്തിക ദുരിതങ്ങളും അനുഭവിച്ചുകൊണ്ടായിരുന്നു ദീനദയാല്‍ജി താന്‍ എഴുതിയ പരീക്ഷകളെല്ലാം ഒന്നാമതായി വിജയിച്ചത്. അതിനിടെ സ്വയംസേവകനായി, തന്റെ മുഴുവന്‍ കഴിവും ശ്രദ്ധയും തനമന ധനപൂര്‍വകമായി സംഘ കൃത്യത്തില്‍ ചെലവഴിച്ചു. ഭാരതത്തിന്റെ ഭാഗ്യവിധാതാക്കളായി കൊണ്ടാടപ്പെടുന്ന ഏതു മഹദ്‌വ്യക്തിത്വത്തെയും അതിശയിപ്പിക്കുന്ന കര്‍തൃത്വവും മേധാവിത്വവും അദ്ദേഹം ഭാവി തലമുറയുടെ ശ്രേയസ്സിനായി വിനിയോഗിച്ചു.  

ദീനദയാല്‍ജിയുടെ കലാലയ വിദ്യാഭ്യാസ കാലത്തെ സഹപ്രവര്‍ത്തകനായിരുന്ന ചണ്ഡികദാസ് അമൃതറാവു ദേശ്മുഖിനെ ആ പേരില്‍ അറിയുന്നവര്‍ അപൂര്‍വമായിരിക്കും. കാരണം പില്‍ക്കാലത്തദ്ദേഹം രാജ്യമെങ്ങുമറിയപ്പെട്ടത് നാനാജി ദേശ്മുഖ് എന്ന പേരിലാണ്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ വാഴ്ചക്കെതിരെ രാജ്യമാകെ വിശിഷ്യാ   ബീഹാറിലും ഗുജറാത്തിലും നടന്ന സമഗ്രക്രാന്തി പ്രക്ഷോഭത്തിന്റെ നേതാവായിരുന്ന ലോകനായക് ബാബു ജയപ്രകാശ് നാരായണനു നേരെ പോലീസ് നടത്തിയ മാരകമായ ലാത്തി പ്രഹരത്തെ അദ്ദേഹത്തിന് കവചമായിനിന്ന് ഏറ്റുവാങ്ങിയതും, സമഗ്ര വികസനത്തില്‍ ദീനദയാല്‍ജിയുടെ ആശയത്തില്‍നിന്ന് പ്രേരണ നേടി നൂതനമായ ഒരു സേവനസരണി വെട്ടിത്തുറന്ന് ഗോണ്ടാ ജില്ലയില്‍ ജയപ്രകാശിന്റെയും ധര്‍മപത്‌നി പ്രഭാവതി ദേവിയുടെയും പേരില്‍ 'ജയപ്രഭാ' ഗ്രാമവികാസ് യോജന സ്ഥാപിച്ചതും, അടിയന്തരാവസ്ഥയ്ക്കുശേഷം മൊറാര്‍ജി ദേശായിയുടെ നിര്‍ബന്ധപൂര്‍വമായ പ്രേരണയെയും കൂട്ടാക്കാതെ കേന്ദ്രമന്ത്രി പദവി വേണ്ടെന്നറിയിച്ചു ചരിത്രം സൃഷ്ടിച്ചതും, രാമായയണ പ്രസിദ്ധമായ ചിത്രകൂടത്തില്‍ സ്ഥാപിതമായ ഗ്രാമീണ സര്‍വകലാശാലയുടെ കുലപതിയായി ശിഷ്ടജീവിതം സമര്‍പ്പിച്ച് സമാധിപൂകിയതുമൊക്കെ കൃതജ്ഞതയോടെയല്ലാതെ നമുക്ക് സ്മരിക്കാന്‍ സാധ്യമല്ല. കേരളത്തിലെ മലപ്പുറം ജില്ലയില്‍ അത്തരമൊരു പ്രകല്‍പത്തിന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിന് സ്ഥലം ലഭ്യമാകാനും സാധ്യത തെളിഞ്ഞുവന്നതായിരുന്നു. അപ്പോഴേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും, ആ സംരംഭം അലസിപ്പോകുകയും ചെയ്തു.

ഇന്നത്തെ പ്രകരണം എഴുതാനിരുന്നത് മറ്റൊരു അവിസ്മരണീയ വ്യക്തിത്വത്തെ അനുസ്മരിക്കാനാണ്. കേരളത്തില്‍ മുതിര്‍ന്ന സ്വയംസേവകര്‍ക്ക് അദ്ദേഹത്തെ ഓര്‍മയുണ്ടാകും. മറ്റാരുമല്ല കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഒരൊറ്റ പ്രാന്തമായിരുന്ന കാലത്തെ പ്രാന്തപ്രചാരക് ഗോവിന്ദ സീതാറാം പരമാര്‍ത്ഥ് ആണത്. അദ്ദേഹത്തെ സ്വയംസേവകര്‍ ഓര്‍ക്കുക ദാദാജി പരമാര്‍ത്ഥ് എന്നാണ്. പൂജനീയ ഡോക്ടര്‍ജിയുടെ സമ്പര്‍ക്കത്തില്‍ സംഘസ്ഥാപനത്തിനു മുന്‍പു തന്നെ, അതായത് അദ്ദേഹം വിപ്ലവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചിരുന്ന കാലത്തുതന്നെ വന്ന ആളായിരുന്നു ദാദാജി. മെട്രിക്കിനു പഠിക്കുന്ന കാലത്തു തന്നെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. അക്കാലത്ത് ഭാരതത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള യാത്രയില്‍ നാഗ്പൂര്‍ വഴിയേ കടന്നുപോകാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് വിപ്ലവകാരികള്‍ക്കും അതു കേന്ദ്രസ്ഥാനമായി. അച്ഛന്‍ മെട്രിക് പരീക്ഷയെഴുതാന്‍ ദാദായെ ലാഹോറിലേക്കയച്ചു. ഉത്തരക്കടലാസില്‍ ബ്രിട്ടീഷ് ഭരണത്തെ കഠിനമായ വിമര്‍ശനം നിറച്ചു. ഭഗത് സിങ്ങും രാജ്ഗുരുവുമായും ബന്ധം വെച്ചിരുന്നു. സുഖദേവും ഭഗത്‌സിങ്ങും രാജ്ഗുരുവും തൂക്കിലേറ്റപ്പെട്ടപ്പോള്‍ കലാപം സംഘടിപ്പിച്ചതിന്റെ പേരില്‍ പോലീസ് ദാദായെയും അകത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ സമര്‍പ്പണ ഭാവവും കര്‍തൃത്വ ശക്തിയും മൂലം പൂജനീയ ഡോക്ടര്‍ജി വിടാതെ പിടികൂടുകയും, ശരിക്കും മെരുക്കിയെടുക്കുകയും ചെയ്തു. സംഘത്തിന്റെ തുടക്കകാലത്ത് ഡോക്ടര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രമുഖര്‍ ഉമാകാന്ത കേശവ(ബാബാ സാഹിബ്) ആപ്‌ടേയും, ദാദാ റാവു പരമാര്‍ത്ഥും ആയിരുന്നു. 1930 ലെ നികുതി നിഷേധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജംഗന്‍ സത്യഗ്രഹത്തിലും ദാദാറാവു ഒപ്പമുണ്ടായിരുന്നു. 1939 ല്‍ അദ്ദേഹത്തെ ഡോക്ടര്‍ജി സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ മദിരാശിയിലേക്കയച്ചു. അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍നിന്ന് രണ്ടു സ്വയംസേവകര്‍ 1940 ലെ നാഗ്പൂര്‍ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്തു. ഡോക്ടര്‍ജിയുടെ സുപ്രസിദ്ധമായ അന്തിമ സന്ദേശം അവിടെയാണു നല്‍കപ്പെട്ടത്. ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്നവരെ മുന്നില്‍ കണ്ടതിനെ സംക്ഷിപ്ത ഹിന്ദുരാഷ്ട്രത്തെ ദര്‍ശിച്ചുവെന്നാണദ്ദേഹം വിശേഷിപ്പിച്ചത്.


ദാദാജി പിന്നെയും ഒരു വ്യാഴവട്ടത്തിലേറെക്കാലം മദിരാശിയില്‍ ഉണ്ടായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് പഠിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ ബൈഠക്കിലും ശാഖാ സാംഘിക്കിലും ഇരിക്കാന്‍ അവസരം ലഭിച്ചു. ദാദാജിയെക്കുറിച്ച് മുതിര്‍ന്ന സ്വയംസേവകര്‍ വിവരിച്ചത് മാത്രമേ ഓര്‍മയുള്ളൂ. ബൗദ്ധിക്കില്‍ പറഞ്ഞ ഒരു വാചകവും മറന്നിട്ടില്ല. 'ആര്‍എസ്എസ് ഈസ് ആന്‍ ഓര്‍ഗനൈസേഷന്‍ േഫാര്‍ ദ കണ്‍സോളിഡേഷന്‍ ഓഫ് ദി ഹിന്ദു നേഷന്‍' അതിലെ പ്രാസംകൊണ്ടാവണം മറക്കാത്തത്. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് ഞാന്‍ ഡിഗ്രിയിലെത്തിയപ്പോഴേക്കും ദാദാജി ആത്മീയതയിലേക്കു തിരിഞ്ഞ് പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ താമസമാക്കിയെന്നറിഞ്ഞു. പക്ഷേ മുതിര്‍ന്ന സ്വയംസേവകരുടെ ഓര്‍മയില്‍ ദാദാജി ചൈതന്യവത്തായ ഓര്‍മയായി നിന്നിരുന്നു.

ത്രിശ്ശിവപേരൂരിലേക്കു വിസ്താരകനായിട്ടായിരുന്നു പില്‍ക്കാലത്ത് പ്രാന്തപ്രചാരകനും വിദ്യാര്‍ത്ഥി പരിഷത്തിന്റെ അധ്യക്ഷനുമായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ ചെന്നൈയിലെത്തിയത്. അന്ന് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞതേയുള്ളൂ. ത്രിശ്ശിവപേരൂരില്‍ എങ്ങനെ പോകണം, ആരെ കാണണം  എന്നു  ദാദാജിയോട് ആ യുവ വിസ്താരകന്‍ അന്വേഷിച്ചു. ''ഇഫ് യു നോ വെയര്‍ ടു ഗോ, യു നോ ഹൗട്ടു ഗോ, ആന്‍ഡ് ഹും ടു മീറ്റ്'' എന്നായിരുന്നു പടക്കം പോലത്തെ മറുപടിയെന്നു ദത്താജി പറഞ്ഞു.

ദാദാജിയെ 1957-ല്‍ അപ്രതീക്ഷിതമായി കാണാന്‍  എനിക്കു അവസരം ലഭിച്ചു. അദ്ദേഹം ആശ്രമം വിട്ട് പരിവ്രാജകനെപ്പോലെ സഞ്ചരിക്കവേ ഗുരുവായൂരിലെ അന്നത്തെ കാര്യവാഹും, പില്‍ക്കാലത്തെ സംസ്ഥാന ജനസംഘാധ്യക്ഷനുമായിരുന്ന ബാരിസ്റ്റര്‍ എന്‍. നാരായണ മേനോന്റെ വീട്ടില്‍ ഒരു മാസത്തോളം താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ പോയത് മറക്കാനാവാത്ത ഓര്‍മകള്‍ നല്‍കി. സോവിയറ്റ് യൂണിയന്‍ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ വിജയകരമായി പരീക്ഷിച്ച സമയമായിരുന്നു അത്. അതേപ്പറ്റി ദാദാജി ഒരു കവിത എഴുതി. പുതിയൊരു ചന്ദ്രന്‍കൂടി ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിന്റെ ആധ്യാത്മിക വശത്തെയാണ് കവിതയില്‍ വിഭാവനം ചെയ്തത്. അതെന്നെ വായിച്ചു കേള്‍പ്പിച്ചു. പഴയ സംഘ സൗഹൃദങ്ങള്‍ പുതുക്കിയശേഷം നാഗ്പൂരിലെത്തി വീണ്ടും സംഘപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായി.

1937-ല്‍ ദീനദയാല്‍ജി ബിഎ പഠിക്കാന്‍ കാണ്‍പൂരില്‍ എത്തി. അവിടെ സഹപാഠിയായിരുന്ന ബാലൂജി മവശബ്‌ദേയാണ് അദ്ദേഹത്തെ സംഘവുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവന്നത്. അവര്‍ താമസിച്ച ഹോസ്റ്റലില്‍, ബാബാസാഹേബ് ആപ്‌തേയും ദാദാറാവു പരമാര്‍ഥും വരുമ്പോള്‍ താമസിക്കാറുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് പ്രാന്ത പ്രചാരകനായിരുന്ന ഭാവുറാവു ദേവറസ് ദീനദയാല്‍ജിയിലെ മാഹാത്മ്യം വായിച്ചറിഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.