×
login
ക്ഷേത്രവാദ്യകലയിലെ വിശ്വഗുരു

ഗുരുനാഥന്റെ പരിഹാസരൂപേണയുള്ള ഈ ശകാരം തന്റെ സ്വത്വബോധം ഉണര്‍ന്ന് ആത്മാന്വേഷണത്തിന്റെ വഴിത്താരയിലെത്താന്‍ പ്രേരകമായി എന്ന് ഡോ. പ്രകാശന്‍ പഴമ്പാലക്കോട് പറയുമ്പോള്‍, കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. താന്‍ നില്‍ക്കുന്ന തട്ടകത്തിന്റെ ചൂടും ചൂരും തിരിച്ചറിയാനും, തെളിച്ചിട്ട വഴിയില്‍ തന്നെയാണെങ്കിലും തന്റെ മുദ്രവെച്ച ഒരു പുതിയ പാത സൃഷ്ടിച്ച് ഇടം കണ്ടെത്താനും കഴിഞ്ഞു. അങ്ങനെ, വാദ്യകലയുടെ പല്ലാവൂര്‍ പ്രയോഗവൈഭവത്തിന്റെ ഇന്നത്തെ അമരക്കാരനായി.

പി.എന്‍.എസ്. നമ്പൂതിരി

 

 

നിന്നെക്കൊണ്ട് എന്തിനുകൊള്ളാം? നിനക്ക് പ്രത്യേകിച്ച് എന്തുശേഷിയാണുള്ളത്?

ഗുരുനാഥന്റെ പരിഹാസരൂപേണയുള്ള ഈ ശകാരം തന്റെ സ്വത്വബോധം ഉണര്‍ന്ന് ആത്മാന്വേഷണത്തിന്റെ വഴിത്താരയിലെത്താന്‍ പ്രേരകമായി എന്ന് ഡോ. പ്രകാശന്‍ പഴമ്പാലക്കോട്  പറയുമ്പോള്‍, കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. താന്‍ നില്‍ക്കുന്ന തട്ടകത്തിന്റെ ചൂടും ചൂരും തിരിച്ചറിയാനും, തെളിച്ചിട്ട വഴിയില്‍ തന്നെയാണെങ്കിലും തന്റെ മുദ്രവെച്ച ഒരു പുതിയ പാത സൃഷ്ടിച്ച് ഇടം കണ്ടെത്താനും കഴിഞ്ഞു. അങ്ങനെ, വാദ്യകലയുടെ പല്ലാവൂര്‍ പ്രയോഗവൈഭവത്തിന്റെ ഇന്നത്തെ അമരക്കാരനായി.

ഡോ. പ്രകാശന്‍ പഴമ്പാലക്കോടുമായി പങ്കിട്ട സമയം ആശാന്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു. ആത്മസമര്‍പ്പണത്തോടെ താന്‍ ഉപാസന ചെയ്യുന്ന കലകള്‍ ഉരുവംകൊണ്ട സംസ്‌ക്കാരത്തിന്റെ വക്താവ് കൂടിയായിട്ടാണ് ആശാനെ കാണേണ്ടത് എന്നതിന് രണ്ടു പക്ഷമില്ല. ഏതൊരു കലയും ജന്മമെടുത്ത സംസ്‌ക്കാരത്തെ മറക്കുക എന്നത്, മാതാ പിതാ ഗുരു ദൈവങ്ങളെ മറക്കുന്നതിനു തുല്യമാണെന്ന്, ആശാന്‍ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ശ്വവത്കരണം സമസ്തമേഖലകളിലും നടമാടുന്ന ഈ കാലത്ത് ഇതിനു സാധ്യതകള്‍ വളരെയേറെയുണ്ട്. അധികാരികളുടെ സ്തുതിപാഠകരായ കലാകാരന്മാര്‍ അത് ഓര്‍ക്കണമെന്ന് ആശാന്‍ പറഞ്ഞുവയ്ക്കുന്നു. കലോപാസനയോടൊപ്പം തുല്യപ്രാധാന്യത്തോടെ, ദേശബോധത്തിലധിഷ്ഠിതമായ സംസ്‌ക്കാരം സാമൂഹിക ജീവിത പാഠങ്ങളായി ഉള്ളടക്കുവാന്‍ തലമുറകളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, എടുത്തുപറയുന്നു. അറിവിന്റെ നിറവ് തരുന്ന വിനയം, സരള ജീവിതത്തിന് പാതയൊരുക്കുന്നു എന്നു പറയുമ്പോള്‍ കലാകാരന്റെ ഔചിത്യ ദീക്ഷയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് ദേശക്കാരനായ പ്രകാശന്‍ എന്ന അഞ്ചാം വയസ്സുകാരന്‍, അതുല്യകലാകാരനായ പല്ലാവൂര്‍ അപ്പുമാരാരുടെ കീഴില്‍ അഞ്ചാം വയസ്സില്‍ ചെണ്ടവാദനം അഭ്യസിച്ചുതുടങ്ങി. കഠിന ശിക്ഷയിലും, കര്‍ക്കശമായ അഭ്യാസത്തിനുമൊപ്പം ഏഴാം വയസ്സില്‍ ഭരദേവതയായ തത്തമംഗലം ഭഗവതിക്ഷേത്രത്തില്‍ അരങ്ങേറ്റംകുറിച്ചു. ഒമ്പതാം വയസ്സില്‍ ഗുരുനാഥനോടൊപ്പം തൃശൂര്‍ പൂരത്തിന് കൊട്ടിക്കയറി. ചെണ്ടയിലും ഇടയ്ക്കയിലും അഭ്യാസം തുടര്‍ന്നു. ക്ഷേത്രങ്ങളിലെ ഉത്സവാദി അടിയന്തരങ്ങള്‍ക്കുള്ള വാദ്യപ്രയോഗങ്ങളും, മരപ്പാണി, തമിലപ്പാണി തുടങ്ങിയവയുമൊക്കെ അഭ്യസിച്ചു. ഗുരുനാഥന്റെ ശിക്ഷ സഹിക്കാതെ, അടികൊണ്ടവേദനയില്‍, എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെട്ടാല്‍മതി, എന്ന് തോന്നി. ഓടിപ്പോയ അനുഭവവും ആശാന്‍ ഓര്‍മ്മിച്ചു. ബീഹാറില്‍ കേരളീയ സമ്പ്രദായത്തിലുള്ള ക്ഷേത്രത്തില്‍ ഉത്സവാദി ചടങ്ങുകള്‍ക്കുശേഷം, തിരിച്ചു വന്നപ്പോള്‍ സ്ഥലം, സമയം നോക്കാതെയുള്ള ഗുരുനാഥന്റെ അടി സഹിക്കാതെ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയ സംഭവമാണ് ഓര്‍മിച്ചു പറഞ്ഞത്. അടികൊണ്ട വിദ്യയേ അരങ്ങത്തുള്ളൂ എന്ന് ചിരിച്ചുകൊണ്ട് ആശാന്‍ ഇപ്പോള്‍ പറയുന്നു. ചെണ്ടയിലും ഇടയ്ക്കയിലും പല്ലാവൂര്‍ അപ്പുമാരാര്‍ ആസ്വാദകലോകത്തിന് അനുഭവമാക്കിക്കൊടുത്തവയെല്ലാം, ആ രീതിയില്‍ ഒട്ടും സ്വാദ് കുറയാതെ നല്‍കാനാകണമേയെന്ന പ്രാര്‍ത്ഥനാഭരിതമായ മനസ്സും, അടക്കാനാവാത്ത ഇച്ഛാശക്തിയുമാണ് ഗുരുദക്ഷിണയായി സമര്‍പ്പിക്കാനുള്ളത്. അതാണെന്ന തിരിച്ചറിവാണ് തന്നെ ഈ തലത്തില്‍ എത്തിച്ചതെന്ന്, ആശാന്‍ പറയുന്നത്, വരുംതലമുറയ്ക്കുള്ള നിദ്ദേശവും കൂടിയാണ്.

ഓരോ കലാകാരനും, തന്റെ കലാരംഗത്ത് അന്വേഷണാത്മകമായ ഇടപെടലുകള്‍ നടത്തണം. പുതിയ മേഖലകള്‍ കണ്ടെത്താനുള്ള ഗവേഷണം നടത്തണം. കലാലോകത്ത് കിടമത്സരം നിലനില്‍ക്കുന്നു, എന്നത് നിസ്തര്‍ക്കമാണ്. മറ്റൊരു കലാകാരനെ വ്യക്തിഹത്യ നടത്തിയിട്ടല്ലാ, കേമനാകേണ്ടത്. മത്സര മനോഭാവം കാണിക്കുന്ന കലാകാരന്റെ പ്രയോഗ ന്യൂനതകള്‍ തിരിച്ചറിഞ്ഞ്, അവിടെന്നുതന്നെ അതിലധികമായി തിരിച്ച് പ്രയോഗിച്ച് തന്റെ പ്രയോഗവൈഭവം അയാള്‍ക്കും, ആസ്വാദകര്‍ക്കും അനുഭവമാക്കിക്കൊടുക്കുകയാണ് വേണ്ടത് എന്നു വിശ്വസിക്കുന്ന കലാകാരനാണ് ആശാന്‍. അതിന് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ വാദന സാധ്യതകള്‍ ഓരോ കലാകാരനും കണ്ടെത്തണം. ഒടുങ്ങാത്ത ജിജ്ഞാസയും അടങ്ങാത്ത ഇച്ഛാശക്തിയും ഉള്ളവര്‍ക്കേ ഇതു സാധ്യമാകൂ എന്ന് പുതിയ തലമുറയെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സംഗീത ചികിത്സ മാനസിക പരിവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നു, എന്നപോലെ ചെണ്ടകൊണ്ട് അഭ്യസിപ്പിക്കല്‍, ജയിലുകളിലെ തടവുകാര്‍ക്കു വേണ്ടിയാകുമ്പോള്‍, അവരുടെ മനോവിലക്ഷണങ്ങള്‍ക്ക്, പരിഹാരമാകുമെന്ന്, ആശാന്‍ തെളിയിച്ചുകഴിഞ്ഞു. ജയിലുകളില്‍ തടവുകാരെ ചെണ്ടവാദനം പഠിപ്പിക്കുകവഴി തടവുകാരുടെ മനോനിലയിലെ ഗുണകരമായ അനുഭവതലം വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്ത ഹിന്ദു പത്രത്തില്‍ വായിച്ച ഫ്രാന്‍സിലെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക തന്നെ അന്വേഷിച്ചെത്തിയ സംഭവം, അദ്ദേഹം വിവരിച്ചു. അതിന്റെ സാധ്യതകള്‍ അവര്‍ക്ക് സ്വീകാര്യമായി എന്നതില്‍ ആശാന്‍ കൃതാര്‍ത്ഥനാണ്. വാദ്യകല എന്ന പോലെ ചിത്രമെഴുത്തും സംഗീതവും ആശാന് വഴങ്ങും. ലോകം സഞ്ചാരസാധ്യതകള്‍ കുറഞ്ഞ് സ്വയം തടവറതീര്‍ത്ത കൊവിഡുകാലത്ത്, ആശാന്റെ അന്വേഷണബുദ്ധി പതിനെട്ടുവാദ്യങ്ങളില്‍ മംഗളവാദ്യമായ ഇടയ്ക്കയില്‍ കേന്ദ്രീകരിച്ചു. ഓംകാരം ലീനമായ ഇടയ്ക്കയില്‍ സപ്തസ്വരങ്ങള്‍ വായിക്കാമല്ലോ.  

ചിത്രകലയില്‍ കൈമുദ്രചാര്‍ത്തിയ വിരലുകള്‍ ഇടയ്ക്കയില്‍ പുതിയ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിക്കൊടുത്ത്, അലങ്കാരപ്പൊലിമയില്‍, ഗുരുനാഥ സ്മരണയോടെ, എണ്ണങ്ങളുടെ പ്രയോഗ സാധ്യതകളും പെരുക്കങ്ങളും, കീര്‍ത്തനങ്ങളുടെ സ്വരസ്ഥാനം ചിട്ടപ്പെടുത്തി, സ്ഥാനമുറപ്പിക്കലുകളും ഒക്കെ കണിശതയില്‍ തീര്‍ത്ത് കൊവിഡുസമയം കാലപ്രമാണങ്ങളുടെ സര്‍ഗ്ഗക്രിയാവതരണ വേദിയാക്കി മാറ്റി, ആശാന്‍. ഓരോ മുഹൂര്‍ത്തങ്ങളും തന്റെ കലാലോകത്തിന്റെ കാലപ്രമാണങ്ങളുടെ ശേഷികൂട്ടുവാന്‍ ഉപയുക്തമാക്കിയെടുക്കണമെന്നുമാണ് ആശാന്‍ ബോദ്ധ്യപ്പെടുത്തുന്നത്. ഈ അക്ഷരകാലങ്ങളുടെ കണക്കുകള്‍തീര്‍ത്ത മൂശയില്‍ വാര്‍ത്ത മനസ്സ്, ആശാനെ സമയക്ലിപ്തത പാലിക്കുന്നതില്‍ കണിശക്കാരനാക്കി. ഇതില്‍ കര്‍ക്കശഭാവമാണുള്ളതും. ഈ ശീലം തന്നെയാണ് അക്കാദമിക് വിദ്യാഭ്യാസത്തിന്റെ പരിമിതികളെ അതിജീവിച്ച് സംഗീതകലാനിധിയായ എസ്.പി. ബാലസുബ്രഹ്മണ്യനൊപ്പം ഒരേ വേദിയില്‍ (ഇടയ്ക്കവാദനത്തില്‍) ഡോക്ടറേറ്റ് നേടാന്‍ അദ്ദേഹത്തെ സഹായിച്ചതും. കര്‍ക്കശഭാവങ്ങള്‍, ഗുണങ്ങളെ ക്ഷണിച്ചുവരുത്തും എന്നു പറയുന്നത്, ഇങ്ങനെയാണ്, തന്റെ ഭരദേവതയേയും, മാതാ-പിതാ-ഗുരു ദൈവങ്ങളേയും ഓരോ പ്രവൃത്തിയിലും സ്മരിച്ച്-നമിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകാനുള്ളൂ എന്നും അത് ജീവിതത്തില്‍ പ്രകാശപൂര്‍ണ്ണമായ അനുഭവങ്ങള്‍ മാത്രമാണ് തന്നിട്ടുള്ളതെന്നും ആശാന്‍ എപ്പോഴും പറയും. ഗുരുനാഥന്‍ അവസാനമുപയോഗിച്ച ഷര്‍ട്ടും വസ്ത്രങ്ങളും പാദുകങ്ങളും എല്ലാം അമൂല്യനിധിയായ തന്റെ കണ്‍മുന്നില്‍ത്തന്നെ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

നമ്മുടെ വാക്കുകളുടേയും വസ്ത്രങ്ങളുടേയും അലങ്കാരങ്ങളുടേയും അര്‍ത്ഥം വിപരീതമായിത്തീര്‍ക്കുന്ന ഈ കാലം നാം വളരെ ഗൗരവ ബുദ്ധിയോടെയാണ് കാണേണ്ടത് എന്ന് അദ്ദേഹത്തിലെ സാംസ്‌ക്കാരിക ചിന്തകന്‍ ഉണര്‍ന്നു പറയുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍, ദാസ്യപ്പണിക്ക് വിവിധ വാതിലുകളില്‍ ക്യൂ നില്‍ക്കുന്ന കാലം. കലണ്ടറിലെ ചുവന്ന അക്കങ്ങളാണ് അവധിയെന്നു പഠിപ്പിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ ചെടികള്‍ വളര്‍ത്തുന്നവരായിരിക്കരുത് കുട്ടികള്‍ എന്ന നിഷ്‌കര്‍ഷയില്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുള്ള വ്യാവസായികലോകവിധക്കുവേണ്ടി നീക്കിവച്ചിട്ടുള്ളവരാണ് കുട്ടികള്‍ എന്ന മട്ടിലാണ് പലരും അവരെ വളര്‍ത്തുന്നത്. സാംസ്‌ക്കാരിക നൈരന്തര്യം സാധ്യമാകണമെങ്കില്‍ അതതു ദേശത്തിന്റെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട്, അതിന്റെ സവിശേഷതകള്‍ കുട്ടികളെ പഠിപ്പിക്കണം. ഇവിടെ, പ്രത്യേകിച്ച് കേരളത്തില്‍ വാക്കും പ്രവൃത്തിയും തമ്മില്‍ യോജിക്കാത്തത് എന്തുകൊണ്ടാണ് എന്ന് നാല്‍പതിലധികം വിദേശരാജ്യങ്ങളിലായി ആയിരത്തിലധികം ശിഷ്യന്മാരെ വാദ്യകല പഠിപ്പിക്കുന്ന ഡോ. പ്രകാശന്‍ പഴമ്പാലക്കോട് ആശങ്കപ്പെടുന്നു.

കലാസപര്യയുടെ നാല്‍പത്തിയാറാം വര്‍ഷം ആഘോഷിക്കുമ്പോള്‍, തപസ്യ കലാസാഹിത്യവേദി അദ്ദേഹത്തെ ആദരിച്ചു എന്നതിലൂടെ തപസ്യകലാസാഹിത്യവേദിയും ബഹുമാനിതമാകുന്നു. സംഗീതം, ചിത്രമെഴുത്ത്, വാദ്യം എന്നിങ്ങനെ കലകളുടെ വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

 

  comment
  • Tags:

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.