×
login
കുടിവെള്ളവും കൃഷിവെള്ളവും ആഴ്‌സനിക്കും

പശ്ചിമബംഗാളില്‍ നിന്ന് 1980 ലാണ് ആഴ്‌സനിക് വിഷ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്. അവിടെ എട്ട് ജില്ലകളിലെ 79 ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലത്തില്‍ ആഴ്‌സനിക് കണ്ടെത്തി. ലോകാരോഗ്യ സംഘടന അനുവദിച്ചതിനെക്കാളും എത്രയോ ഇരട്ടി വിഷ സാന്നിദ്ധ്യം. ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശ പ്രകാരം കുടിവെള്ളത്തില്‍ പരമാവധി 10 പിപിഎം (ദശലക്ഷത്തില്‍ പത്ത് മില്ലിഗ്രാം)വരെ വിഷം ആവാം. പ്രത്യേകിച്ച് കുഴപ്പമില്ല.

ഗ്രീക്ക് ഭാഷയില്‍ 'ആഴ്‌സനിക്കോസ്' എന്ന വാക്കിന്റെ അര്‍ത്ഥം കരുത്തും കാഠിന്യവും ഉള്ളവര്‍ എന്നാണ്. ആഴ്‌സനിക് എന്ന് ലോഹത്തിന് പേര് വന്നതും അങ്ങനെതന്നെ. ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചെമ്പിന് കരുത്ത് പകരാന്‍ ആളുകള്‍ ആഴ്‌സനിക് ഉപയോഗിച്ചിരുന്നു. 'രാസചികിത്സ' ശാഖ ആരംഭിച്ചതുതന്നെ ആഴ്‌സനിക് സംയുക്തങ്ങളെ കൊണ്ടുള്ള ചികിത്സയുമാണ്. 'സിഫിലിസി'നെതിരെ ആദ്യ മരുന്ന് കണ്ടെത്താന്‍ പോള്‍ ഏര്‍ലിക്കിന് സഹായകരമായതും ആഴ്‌സനിക് തന്നെ.

പക്ഷേ, പില്‍ക്കാലത്താണ് വില്ലന്മാര്‍ ആഴ്‌സനിക്കിന്റെ തനി ഗുണം കണ്ടറിഞ്ഞത്. മെല്ലെ മെല്ലെ കൊല്ലാനുള്ള അപാരമായ കഴിവ്. അങ്ങനെ ആഴ്‌സനിക് കൊലയാളികള്‍ക്ക് ഇഷ്ടതോഴനായി. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍, ആര്‍ട്ടിക് പര്യവേക്ഷകന്‍ ചാള്‍സ് ഫ്രാന്‍സിസ് ഹാള്‍, ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് മൂന്നാമന്‍ തുടങ്ങിയവരുടെയൊക്കെ ദുരൂഹ മരണങ്ങള്‍ക്കു പിന്നില്‍ ആഴ്‌സനിക്കിന്റെ കറുത്ത കൈകളാണ് പ്രവര്‍ത്തിച്ചത്. പക്ഷേ കുടിവെള്ളത്തിലും കൃഷി വെള്ളത്തിലും ആഴ്‌സനിക് കലരുന്നതാണ് ഇന്ത്യയിലെ ഒട്ടേറെ ഗ്രാമങ്ങള്‍ക്ക് വിനയാവുന്നത്.

ജീവന്‍ നിലനിര്‍ത്താന്‍ കുടിവെള്ളം വേണം. ജീവിതം കരുപ്പിടിപ്പിക്കണമെങ്കില്‍ കൃഷി വെള്ളം വേണം. നമ്മുടെ രാജ്യത്ത് നിരവധി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അതിനുള്ള ഏക ആശ്രയമാണ് ഭൂഗര്‍ഭജലം. ഭൂമിയുടെ ഉപരിതലത്തില്‍ ജലം ലഭിക്കാനില്ല. അതുകൊണ്ട് നൂറ് കണക്കിന് മീറ്റര്‍ ആഴത്തിലേക്ക് കുഴലുകള്‍ കുത്തിയിറക്കി വെള്ളം വലിച്ചൂറ്റിയെടുക്കണം. പക്ഷേ ഭൂഗര്‍ഭത്തിന്റെ ആഴങ്ങളില്‍ നിന്ന് വലിച്ചൂറ്റിയെടുക്കുന്ന ജലത്തിലും സാക്ഷാല്‍ ആഴ്‌സനിക്. ജീവജലത്തിലൂടെ മനുഷ്യ ശരീരത്തിലേക്ക് കടന്ന് മാറാരോഗങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഈ വിഷ ലോഹം.

പശ്ചിമബംഗാളില്‍ നിന്ന് 1980 ലാണ് ആഴ്‌സനിക് വിഷ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്. അവിടെ എട്ട് ജില്ലകളിലെ 79 ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലത്തില്‍ ആഴ്‌സനിക് കണ്ടെത്തി. ലോകാരോഗ്യ സംഘടന അനുവദിച്ചതിനെക്കാളും എത്രയോ ഇരട്ടി വിഷ സാന്നിദ്ധ്യം. ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശ പ്രകാരം കുടിവെള്ളത്തില്‍ പരമാവധി 10 പിപിഎം (ദശലക്ഷത്തില്‍ പത്ത് മില്ലിഗ്രാം)വരെ വിഷം ആവാം. പ്രത്യേകിച്ച് കുഴപ്പമില്ല. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് 50 പിപിഎം എന്നാല്‍  ബീഹാറിലെ ചില കുഴല്‍ കിണറുകളില്‍ നിന്ന് പുറത്തുവരുന്ന കുഴല്‍വെള്ളത്തില്‍ 1500 പി.പി.എം (പാര്‍ട്ട് പെര്‍ മില്ല്യന്‍)വരെ ആഴ്‌സനിക് അടങ്ങിയിരിക്കുന്നതായി പാറ്റ്‌നാ മഹാവീര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. അശോക് ഘോഷും കൂട്ടരും കണ്ടെത്തി.


തുടര്‍ന്ന് നടന്ന ഗവേഷണത്തില്‍ ആഴ്‌സനിക് വിഷബാധ പല സംസ്ഥാനങ്ങളിലുമുണ്ടെന്ന് കണ്ടെത്തി. അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, യുപി, ആന്ധ്രാ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കുടിവെള്ളത്തില്‍ ആഴ്‌സനിക് വിഷം കണ്ടെത്തി. രാജ്യത്ത് രണ്ട് കോടിയോളം  ആളുകള്‍ ആഴ്‌സനിക് വിഷബാധയുടെ പിടിയിലാണെന്ന് വിവിധ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആധുനിക ഗവേഷണങ്ങള്‍  മറ്റൊരു വസ്തുത കൂടി അടിവരയിട്ട് പറഞ്ഞു. കുടിവെള്ളം മാത്രമല്ല വില്ലന്‍; കൃഷി വെള്ളവും വില്ലനാണ്. ആഴ്‌സനിക് സാന്നിധ്യമുള്ള ജലം ജലസേചനത്തിനുപയോഗിക്കുമ്പോള്‍ മണ്ണില്‍ വിഷാംശം കലരുന്നു. ഫോട്ടോ അക്യൂമിലേഷന്‍ പ്രക്രിയയിലൂടെ ആ വിഷാംശം സസ്യങ്ങളിലേക്കും തദ്വാരാ ഭക്ഷ്യവിഭവങ്ങളിലേക്കും കയറിപ്പറ്റുന്നു. വിഷവെള്ളം തളിക്കുമ്പോള്‍ ചെടിയുടെ ഇലകളും ആഴ്‌സനിക് വലിച്ചെടുക്കുമത്രേ. നെല്ലും ഗോതമ്പും ചോളവും പയറും പച്ചക്കറികളുമൊന്നും ഈ അന്നത്തില്‍ നിന്ന് മുക്തമല്ല. വേവിച്ച അരിയിലും പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും ആഴ്‌സനിക് മാത്രകള്‍ കണ്ടെത്തിയതായി 'ഫുഡ് ആന്‍ഡ് കെമിക്കല്‍ ടെക്‌നോളജി' മാസിക 2008-ല്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേവിച്ച അരിയിലും പച്ചക്കറിയിലും വിഷാംശം രണ്ടിരട്ടിയായി കാണപ്പെടുന്നുവെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ആഴ്‌സനിക് കലര്‍ന്ന വെള്ളത്തില്‍ അരി കഴുകുന്നതുപോലും അപകടകരമാണെന്ന് അവര്‍ അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ആഴ്‌സനിക് ആഗിരണ ശക്തി ഗോതമ്പിനാണെന്ന് 'വേള്‍ഡ് അപ്ലൈഡ് സയന്‍സസ്' മാസികയില്‍ എഴുതിയ ലേഖനത്തില്‍ എ.കെ. ഘോഷും എസ്. സിങ്ങും സമര്‍ത്ഥിച്ചു.

കുടിവെള്ളം മാത്രം ശുദ്ധമായാല്‍ പോരായെന്ന സത്യത്തിലേക്കാണ് ആധുനിക ഗവേഷണങ്ങള്‍ വിരല്‍ചൂണ്ടുന്നത്. മണ്ണും സസ്യവും മുതല്‍ വിഷജലം ഏറ്റുവാങ്ങിയ പുല്ലും വൈക്കോലും തിന്ന പശുക്കളുടെ പാലിലൂടെ പോലും ആഴ്‌സനിക് മനുഷ്യനെ തേടിയെത്തുമെന്ന് തെളിഞ്ഞു കഴിഞ്ഞു. ഏതാണ്ട് അന്‍പതോളം രാജ്യങ്ങളിലായി 14 കോടി ജനങ്ങള്‍ ആഴ്‌സനിക് വിഷ ഭീഷണിയിലാണത്രേ. ഭാഗ്യത്തിന് കേരളത്തില്‍ ഈ വിഷഭീതിയില്ലായെന്നും നാം അറിയുക.

ആഴ്‌സനിക് അകത്തു പ്രവേശിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യത്തിനും ഉത്തരം നല്‍കേണ്ടതുണ്ട്. കരളിലേക്കാണ് ആഴ്‌സനിക് വിഷം ആദ്യമെത്തുക. തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ കോശങ്ങളിലേക്ക് ആഴ്‌സനിക് അമിതമായി വന്നുകൂടുമ്പോള്‍ ദുര്‍ബലരായ രക്തധമനികളിലൂടെ രക്തത്തിലെ പ്ലാസ്മ ഒലിച്ചിറങ്ങും. ഈ ദ്രാവകം അവയവങ്ങളില്‍ 'ഒഡീമ' എന്ന് വിളിക്കുന്ന നീര്‍ക്കെട്ട് ഉണ്ടാക്കും. കുടലിലെ തകരാറ് മൂലം വയറിളക്കവും വൃക്കയിലെ തകരാറ് മൂലം ടോക്‌സിക് നെഫ്രോസിസ് രോഗവും കണ്ണ് വീക്കവും ഞരമ്പ് വേദനയുമൊക്കെ ഒപ്പമെത്താം. തൊലിയുടെ നിറമാറ്റവും കൈകാലുകളുടെ പത്തിയിലെ തൊലി കട്ട പിടിക്കുന്നതും മറ്റൊരവസ്ഥ. ത്വക്കിനെ ബാധിക്കുന്ന ക്യാന്‍സറാണ് ആഴ്‌സനിക് രോഗികളെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണി. 2016-ല്‍ മാത്രം മഹാവീര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്യാന്‍സര്‍ കേസുകള്‍ 23000 എന്ന് ഡോ. അശോക് ഘോഷിന്റെ നിരീക്ഷണം ക്യാന്‍സര്‍ ബാധിതരുടെ വര്‍ധനയുടെ പിന്നില്‍ പുകയിലയും പാനും മറ്റുമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ആദ്യ ധാരണ. പക്ഷേ മിക്ക രോഗികളുടെയും രക്തത്തിലും തലമുടിയിലും നഖത്തിലും അവര്‍ കണ്ടെത്തിയത് സാക്ഷാല്‍ ആഴ്‌സനിക്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.