×
login
കബനിയുടെ തീരത്തെ കൃഷിയുടെ കേദാരം

ഷാജിയുടെ കൃഷിയിടം ജൈവസമ്പുഷ്ടമാണ്. രാസവളങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണില്‍ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെയെങ്കിലും ലഭിക്കാതിരിക്കില്ല. ഈ മണ്ണിരകള്‍ തന്നെയാണ് തന്റെ കാര്‍ഷിക വിളകളുടെ ജീവവായുവും നിലനില്‍പ്പുമെന്ന് ഷാജി പറയുന്നു. കപ്പയുടെ എട്ട് ഇനം, ചേമ്പ് 24 ഇനം, ആറ് ഇനം ചേന എന്നിവയും, 30 ലധികം വ്യത്യസ്ത കാച്ചില്‍ ഇനങ്ങളുമാണ് 'കേദാര'മെന്ന് ഷാജി വിളിപ്പേരിട്ടിരിക്കുന്ന കിഴങ്ങു വിള സംരക്ഷണ കേന്ദ്രത്തിലുള്ളത്

ഭാരത സര്‍ക്കാരിന്റെ മൂന്ന് ദേശീയ ബഹുമതികള്‍ ഉള്‍പ്പെടെ എണ്‍പത്തി അഞ്ചോളം ബഹുമതികള്‍ ലഭിച്ച ഒരു യുവ കര്‍ഷകനുണ്ട് വയനാട്ടില്‍. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഇല്ലത്ത്‌വയല്‍ ഷാജി കേദാരം ആണ് ഈ അപൂര്‍വ വ്യക്തിത്വം. 2014ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്, 2018ല്‍ ഇന്ത്യന്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് അവാര്‍ഡ്, 2021 ല്‍ നാഷണല്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ദേശീയ പുരസ്‌ക്കാരം (കേന്ദ്രമന്ത്രി  പ്രകാശ് ജാവ്‌ദേക്കര്‍ ഓണ്‍ലൈനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്) തുടങ്ങി വിവിധ അവാര്‍ഡുകളുടെ കൂമ്പാരം ഷാജി കേദാരത്തിന് സ്വന്തം. വള്ളിയൂര്‍ക്കാവില്‍ കബനീ നദിയുടെ തീരത്തുള്ള രണ്ടേക്കര്‍ കൃഷിയിടത്തിലും, പാട്ടത്തിനെടുത്ത പത്തേക്കറിലും ഈ യുവ കര്‍ഷകന്‍ പൊന്നു വിളയിച്ചു വരുന്നു. തനത് ജൈവ കൃഷിയാണ് അവലംബം.  

ഷാജിയുടെ കൃഷി ഇടത്തില്‍ 200 ല്‍ പരം കിഴങ്ങുവര്‍ഗങ്ങള്‍, വിവിധയിനം നാടന്‍ നെല്‍വിത്തുകള്‍, പച്ചക്കറികള്‍, ഔഷധച്ചെടികള്‍, പശു, ആട്, കോഴി, തേനീച്ച, മത്സ്യകൃഷി, പക്ഷികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പലയിനങ്ങളും സംരക്ഷിക്കപ്പെടുന്നു. ആദിവാസികളുടെയും കുടിയേറ്റ കര്‍ഷകരുടെയും പ്രധാന ആഹാരമായിരുന്ന കാട്ടു കിഴങ്ങ് വര്‍ഗങ്ങളായ നുറോകിഴങ്ങ്, അരി കിഴങ്ങ്, നാരോ കിഴങ്ങ്, പുല്ലെത്തി കിഴങ്ങ് തുടങ്ങി പല ഇനങ്ങള്‍. മാട്ടു കാച്ചില്‍, നീണ്ടി കാച്ചില്‍, ഇഞ്ചി കാച്ചില്‍, നീല കാച്ചില്‍, ചോര കാച്ചില്‍, കടുവ കയ്യന്‍ തുടങ്ങി പലയിനം കാച്ചിലുകള്‍. പാല്‍ ചേമ്പ്, താമര കണ്ണന്‍, ചെറു ചേമ്പ്, കുഴി നിറയന്‍, കരീ ചേമ്പ്, മക്കളെ പോറ്റി  തുടങ്ങി നിരവധി ചേമ്പിനങ്ങള്‍. നാടന്‍ ചേന, നെയ്യ് ചേന, കാട്ടുചേന, വളരെ അപൂര്‍വ്വമായി മണ്ണിനടിയിലും മുകളിലും ഒരുപോലെ കായ്ക്കുന്ന ചേന, ചെറുകിഴങ്ങ്, നന കിഴങ്ങ്, മുക്കിഴങ്ങ്, പലയിനം മധുരക്കിഴങ്ങുകള്‍, പലയിനം മരച്ചീനികള്‍, 40 വ്യത്യസ്ത ഇനം മഞ്ഞളുകള്‍. 30 വ്യത്യസ്ത ഇനം ഇഞ്ചികള്‍, പലയിനം കൂവവര്‍ഗങ്ങള്‍ തുടങ്ങി 200 ഇനം കിഴങ്ങുവര്‍ഗങ്ങളുടെ ജനിതക ശേഖരംതന്നെ ഷാജിയുടെ കൃഷിയിടത്തിലുണ്ട്.

 

ഇനി അല്‍പ്പം ഫഌഷ് ബാക്ക്

2018ലെ ഒരു രാത്രി പശുക്കളുടെയും പക്ഷികളുടെയും ആടുകളുടെയും കൂട്ടക്കരച്ചില്‍ കേട്ടാണ് ഷാജി ഉണരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഒരു പ്രത്യേകതരം കരച്ചില്‍. ലൈറ്റിട്ടപ്പോള്‍ കറണ്ടില്ലെന്ന് മനസ്സിലായി. ടോര്‍ച്ചുമെടുത്ത് മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്ത് വെള്ളം തളംകെട്ടി നില്‍ക്കുന്നു. വാട്ടര്‍ ടാങ്കില്‍ നിന്നായിരിക്കും വെള്ളമെന്ന് കരുതി. എന്നാല്‍ കബനി കരകവിഞ്ഞതാണെന്ന് പിന്നീട് ബോധ്യമായി. തൊഴുത്തിലേക്ക് നോക്കിയപ്പോള്‍ പശുക്കളുടെ അകിടു വരെ വെള്ളം. കോഴിക്കൂടും പകുതി വെള്ളത്തിലായിരിക്കുന്നു. ആട്ടിന്‍ കൂട് ഉയരത്തിലായതിനാല്‍ രക്ഷപ്പെട്ടു. ഉടനെ അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തി. അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ നീന്തിയും നടന്നും സുരക്ഷിത സ്ഥലത്തേക്ക്. തിരികെ വന്ന് അഞ്ച് പശുക്കളുമായി നീന്തിയും മുങ്ങിയും മറുകരയിലേക്ക്. പശുക്കളോടൊപ്പം താനും വെള്ളം കുടിച്ചെന്ന് ഷാജി പറയുന്നു. പിന്നീട് ആടുകളെ രക്ഷപ്പെടുത്തി. അതോടെ കുടുംബം ഒന്നാകെ പുനരധിവാസ കേന്ദ്രത്തിലേക്ക്. തന്റെ എല്ലാമായ കൃഷിയിടം ഏഴ് ദിവസം വെള്ളത്തിനടിയിലായി. വിവരമറിഞ്ഞ് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേര്‍ വിളിച്ചു. കൃഷി തിരികെ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത്ഭുതമെന്ന് പറയട്ടെ, പറമ്പിലെ കിഴങ്ങുകളും ചെടികളുമെല്ലാം അത്യപൂര്‍വ്വമായ കരുത്തോടെ പുനര്‍ജനിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ദല്‍ഹിയില്‍ നിന്നും കാര്‍ഷിക വിദഗ്ധര്‍ സ്ഥലത്തെത്തി കിഴങ്ങുകളും ചെടികളും പരിശോധിച്ച് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ബോധിപ്പിച്ചു. മണ്ണ് പരിശോധനയില്‍ ജൈവ സമ്പുഷ്ടമായ മണ്ണാണ് കിഴങ്ങുകളെ സംരക്ഷിച്ചതെന്ന് മനസ്സിലായി.

 

ഇരുന്നൂറിലേറെ  കിഴങ്ങു വര്‍ഗ്ഗങ്ങള്‍

ഷാജിയുടെ കൃഷിയിടം ജൈവസമ്പുഷ്ടമാണ്. രാസവളങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണില്‍ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെയെങ്കിലും ലഭിക്കാതിരിക്കില്ല.  ഈ മണ്ണിരകള്‍ തന്നെയാണ് തന്റെ കാര്‍ഷിക വിളകളുടെ ജീവവായുവും നിലനില്‍പ്പുമെന്ന് ഷാജി പറയുന്നു. കപ്പയുടെ എട്ട് ഇനം, ചേമ്പ് 24 ഇനം, ആറ് ഇനം ചേന എന്നിവയും, 30 ലധികം വ്യത്യസ്ത കാച്ചില്‍ ഇനങ്ങളുമാണ് 'കേദാര'മെന്ന് ഷാജി വിളിപ്പേരിട്ടിരിക്കുന്ന കിഴങ്ങു വിള സംരക്ഷണ കേന്ദ്രത്തിലുള്ളത്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നവയാണ് കിഴങ്ങുകള്‍.  ശ്വാസം മുട്ടലിന്റെ ചികിത്സയ്ക്കായി വനവാസികള്‍ ഉപയോഗിക്കുന്ന കോതകിഴങ്ങും,  വനത്തില്‍ നിന്ന് ശേഖരിച്ചുപയോഗിച്ചിരുന്ന നോപ്പന്‍ കിഴങ്ങും ഷാജിയുടെ കൈവശമുണ്ട്. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് 5000 കിലോ ഗ്രാം നെല്ല് വിളയിക്കുമ്പോള്‍ അത്രയും സ്ഥലത്തു നിന്ന് 30,000 കിലോഗ്രാം കിഴങ്ങ് വിളയിക്കാന്‍ കഴിയുമെന്നതാണ് ഷാജിയുടെ അനുഭവം. കേരളത്തിലെ ഭക്ഷ്യവിളകളില്‍ രണ്ടാം സ്ഥാനവും കിഴങ്ങു വിളകള്‍ക്കാണ്. കിഴങ്ങു വര്‍ഗങ്ങളെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്ന ചില വിഭാഗം വനവാസികളുടെ ഉയര്‍ന്ന പ്രതിരോധ ശേഷിയും കായിക ക്ഷമതയും കിഴങ്ങുകളുടെ കരുത്തിന് തെളിവാണ്.  

കിന്റല്‍ കാച്ചില്‍, നീണ്ടിക്കാച്ചില്‍, ഇറച്ചിക്കാച്ചില്‍, നീലക്കാച്ചില്‍, ചോരക്കാച്ചില്‍, കരിക്കാച്ചില്‍, കുറ്റിക്കാച്ചില്‍, തൂങ്ങന്‍ കാച്ചില്‍, ഗന്ധകശാലക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, ഉണ്ടക്കാച്ചില്‍, മൊരട്ട് കാച്ചില്‍, വെള്ളക്കാച്ചില്‍, മാട്ട് കാച്ചില്‍, കടുവാക്കയ്യന്‍, പരിശക്കോടന്‍ തുടങ്ങിയ കാച്ചില്‍ ഇനങ്ങളാണ് 'കേദാര' ഭൂമിയില്‍  സംരക്ഷിച്ചു പോരുന്നത്. വനവാസികള്‍ തങ്ങളുടെ ഭക്ഷണത്തിനായി പ്രധാനമായും ഉപയോഗിച്ചു വന്നതും, വനങ്ങളില്‍നിന്ന് ശേഖരിച്ചിരുന്നതുമായ അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവ അപൂര്‍വ്വമായി ലഭിക്കുന്ന ഒരിടമാണ് ഇന്ന് കേദാരം.  പല്ലുകളുടെയും എല്ലുകളുടെയും ബലത്തിന് ഉത്തമ ഔഷധമായാണ് വനവാസികള്‍ അരിക്കിഴങ്ങ് ഉപയോഗിക്കുന്നത്.  അടപൊതിയന്‍ കിഴങ്ങും അപൂര്‍വ്വ ഇനമാണ്.  ച്യവനപ്രാശത്തില്‍ ഉപയോഗിക്കുന്ന ചെങ്ങഴനീര്‍ കിഴങ്ങാണ് മറ്റൊരു അപൂര്‍വ്വ ഇനം. നീല കൂവ, കരിമഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഷുഗറിന് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വിയറ്റ്‌നാം പാവല്‍, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങഇഞ്ചി തുടങ്ങിയവയുടെ വിത്തും വിളവും ഷാജിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തിലുണ്ട്.   

 

തേനീച്ചയും  ഗന്ധകശാലയും

തോട്ടത്തില്‍തന്നെ തേനീച്ച വളര്‍ത്തലുമുണ്ട്.  ഞൊടിയന്‍ എന്ന ഇനത്തില്‍പ്പെട്ട വന്‍തേന്‍ ഈച്ചയും ചെറുതേന്‍ ഈച്ചകളും പെട്ടിയില്‍ തന്നെയാണ് വളരുന്നത്.  ആവശ്യത്തിലധികം തേന്‍ ലഭിക്കുന്നുണ്ട്. തേനീച്ചകള്‍ തോട്ടത്തില്‍ സജീവമായതിനാല്‍ പരാഗണം സുഗമമായി നടക്കുകയും ചെയ്യുന്നു.  മഴക്കാലത്ത് കൃത്രിമമായി തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനു പകരം അവസാന കാലത്ത് തേന്‍ ശേഖരിക്കാറില്ല. ചേമ്പുകളുടെ ഇനത്തില്‍ ചൊറിയന്‍ ചേമ്പ്, വെട്ട് ചേമ്പ്, കുഴിനിറയന്‍ ചേമ്പ്, വെളിയന്‍ ചേമ്പ്, കുടവാഴ ചേമ്പ് തുടങ്ങിയവയുണ്ട്. നാടന്‍ കോഴിയും കരിങ്കോഴിയും കൃഷിയിടം മുഴുവന്‍ നടന്ന് കാഷ്ഠിക്കുന്നതിനാല്‍ മണ്ണിന്റെ ജൈവികത എന്നും നിലനില്‍ക്കുന്നു. കോഴിക്കാഷ്ഠം നല്ല വളമാണെന്നാണ് അനുഭവ സാക്ഷ്യം.  

തനതായ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കുള്ളന്‍ തൊണ്ടി, പാല്‍തൊണ്ടി. അപൂര്‍ ഇനം നെല്ലായ അന്നൂരി (27 ദിവസംകൊണ്ട്  വിളവെടുക്കാം). അന്യം നിന്നുപോകുന്ന പല നെല്‍വര്‍ഗങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുന്നു. ഷാജിയുടെ ക്യഷി ഇടം കാണുന്നതിനും പഠിക്കുന്നതിനും വിത്തുകള്‍ ശേഖരിക്കുന്നതിനും നിരവധി കര്‍ഷകര്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, വിദേശികള്‍ തുടങ്ങി നിരവധി ആളുകള്‍ കേദാരം ഫാം സന്ദര്‍ശിക്കുന്നു.

ദിവസേന നിരവധി പേരാണ് ഷാജിയുടെ കൃഷിയിടത്തില്‍ എത്തുന്നത്. അത്തരത്തിലൊരു സംഘം ഷാജിയെക്കുറിച്ച് കേട്ടറിഞ്ഞ് ഡോ. എല്‍സിയുടെ നേതൃത്വത്തില്‍ 2013 ല്‍ മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നെത്തി. രണ്ട് ദിവസം മാനന്തവാടിയില്‍ താമസിച്ച് സസൂക്ഷ്മം ഇവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര കൃഷി ക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഷാജിയുടെ കൃഷികള്‍ ഇവര്‍ വിശദീകരിച്ചു. പിന്നീട് ദല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇവിടെ താമസിച്ച് പഠനം നടത്തി.  ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും, പഠന സംഘം എത്തി.  ഇവരെല്ലാം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ് ജീനോം  സേവ്യര്‍ അവാര്‍ഡ് ഷാജിയെ തേടിയെത്തി.  ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.  

മാതാപിതാക്കളായ  ജോസും മേരിയും ഭാര്യ ജിജിയും സദാസമയവും ഷാജിയോടൊപ്പം കൃഷിയിടത്തിലുണ്ട്.  മക്കളായ ഇമ്മാനുവലും ആന്‍മരിയയും എല്ലാം കണ്ടു പഠിക്കുന്നു. പുതിയ വിത്ത് ശേഖരിക്കുകയും സംരക്ഷിക്കുകയും, കൃഷി ചെയ്ത് തിരിച്ചേല്‍പ്പിക്കണമെന്ന കരാറോടെ മറ്റ് കര്‍ഷകര്‍ക്ക് വിത്ത് നല്‍കുകയും ചെയ്യുന്ന ഷാജി കിഴങ്ങുകളുടെ സംരക്ഷകനും പാലകനുമായി കഠിനാധ്വാനം  ചെയ്യുന്നു.  തന്റെ ശ്രമങ്ങള്‍ വരുംതലമുറക്ക് വേണ്ടിയുള്ള കരുതലാണെന്ന് ഷാജി പറയുന്നു.

 

 മധുരക്കിഴങ്ങുകളും  മത്സ്യകൃഷിയും

ശ്രീവര്‍ധിനി, പ്രഷര്‍ചീര,ശ്രീനന്ദിനി, ശ്രീകനക, കടമ്പയ്ക്കന്‍ എന്നീ ഇനം മധുരക്കിഴങ്ങുകള്‍ ഷാജിയുടെ ശേഖരത്തിലുണ്ട്. നാടന്‍ കൂര്‍ക്ക, ശ്രീധര എന്നീ കൂര്‍ക്കകളും തോട്ടത്തില്‍ ഇളവിളയായി കൃഷിചെയ്യുന്നു.കാട്ടുചേന, നാടന്‍ചേന, നെയ്‌ചേന തുടങ്ങിയ ചേന ഇനങ്ങള്‍. നീലക്കൂവ, വെള്ളക്കൂവ തുടങ്ങിയ കൂവകള്‍. കാട്ടുമഞ്ഞള്‍,നാടന്‍മഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ എന്നീ മഞ്ഞള്‍ ഇനങ്ങളും  ഷാജി കൃഷി ചെയ്തു വിത്തുകള്‍ വിതരണം ചെയ്യുന്നു.

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഭക്ഷണമായി നല്‍കി മത്സ്യ കൃഷിയും ഷാജിക്കുണ്ട്. ഗ്രാസ്‌കാര്‍പ്പ്, ഗ്രോവ് ചെമ്പല്ലി, കട്‌ല, കരിമീന്‍ തുടങ്ങിയ മത്സ്യ ഇനങ്ങളെ ജൈവരീതിയില്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ വിഷമയമില്ലാത്ത മത്സ്യം വര്‍ഷം മുഴുവന്‍ ലഭിക്കും.  മത്സ്യത്തിന്റെ കാഷ്ഠമടങ്ങിയ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ തോട്ടം നനയ്ക്കുന്നതിനാല്‍ ചെടികള്‍ക്ക് വളര്‍ച്ചയും കൂടുതലായി ലഭിക്കുന്നു. പാലിയേറ്റീവ് കെയറിന്റെയും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സജീവ സന്നദ്ധ പ്രവര്‍ത്തകനാണ് ഷാജി. ബ്ലഡ് ബാങ്കിലും സജീവം. കേരളത്തില്‍ നിരവധി പ്രദര്‍ശന വേദികളില്‍ ഷാജി പങ്കെടുത്തിട്ടുണ്ട്.

കൃഷിയെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുകയാണ് ഈ യുവകര്‍ഷകന്‍. ശരാശരി ഒന്നേമുക്കാല്‍ ലക്ഷം രൂപ വിള സംരക്ഷണത്തിനായി ഓരോ വര്‍ഷവും വേണ്ടിവരുന്നു. അത് കണ്ടെത്താനുള്ള തീവ്രയജ്ഞത്തിലാണ് ഷാജി. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമെ ഇനി മുന്നോട്ട് പോകാനാവൂ.

 

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.