login
വിശപ്പുമാറ്റിയവനും വിഷം കൊടുത്തവനും

1915 ഏപ്രില്‍ മാസത്തെ ഒരു തണുത്ത മധ്യാഹ്നം. അന്നായിരുന്നു ഹാബറുടെ ആദ്യ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത ദിവസം. ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ സഖ്യകക്ഷികളുടെ സൈന്യം നിരന്നുനില്‍ക്കുന്നു. വലിയൊരു പങ്ക് സൈനികരും ആഴത്തില്‍ കുഴിച്ച ബങ്കറുകളുടെ സുരക്ഷിതത്വത്തിലാണ്. അകലെ, ജര്‍മ്മന്‍ സൈന്യമുന്നണിയില്‍ രോമക്കുപ്പായം ധരിച്ച് കഷണ്ടി കയറിയ തലയില്‍ അസ്വസ്ഥമായി വിരലോടിച്ചുകൊണ്ട് നില്‍ക്കുകയാണ് ഫ്രിറ്റ്‌സാ ഹാബര്‍...

ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട സമയം. ജര്‍മനിയുടെ നേതൃത്വത്തിലുള്ള സഖ്യം പരാജയത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്ന നാളുകള്‍. റഷ്യയും ഇംഗ്ലണ്ടും ഫ്രാന്‍സും അടങ്ങുന്ന സഖ്യകക്ഷികള്‍ വിജയത്തിലേക്കടുക്കുന്നു. അപ്പോഴാണ് ഫ്രിറ്റ്‌സ് ഹാബര്‍ എന്ന ശാസ്ത്രജ്ഞന് ഒരു ഉള്‍വിളിയുണ്ടായത്. തന്റെ രാജ്യമായ ജര്‍മനി തോല്‍ക്കാനനുവദിച്ചുകൂടാ... ''സമാധാനകാലത്ത് സമസ്ത ലോകത്തിന്റെതുമാണ് ശാസ്ത്രം എന്നാല്‍ യുദ്ധകാലത്ത് ആ കരുത്ത് അതത് രാജ്യങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ് ഉപയോഗിക്കേണ്ടത്.'' അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ നയം വിജയിപ്പിക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് രാസയുദ്ധം. ധര്‍മ്മമോ മനുഷ്യത്വമോ പരിഗണിക്കാന്‍ ഫ്രിറ്റ്‌സ് ഹാബര്‍ തയ്യാറായില്ല. ജയം... തന്റെ രാജ്യത്തിന്റെ ജയം. എന്ന ഒരേയൊരജന്‍ഡ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുന്നില്‍.

1915 ഏപ്രില്‍ മാസത്തെ ഒരു തണുത്ത മധ്യാഹ്നം. അന്നായിരുന്നു ഹാബറുടെ ആദ്യ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത ദിവസം. ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ സഖ്യകക്ഷികളുടെ സൈന്യം നിരന്നുനില്‍ക്കുന്നു. വലിയൊരു പങ്ക് സൈനികരും ആഴത്തില്‍ കുഴിച്ച ബങ്കറുകളുടെ സുരക്ഷിതത്വത്തിലാണ്. അകലെ, ജര്‍മ്മന്‍ സൈന്യമുന്നണിയില്‍ രോമക്കുപ്പായം ധരിച്ച് കഷണ്ടി കയറിയ തലയില്‍ അസ്വസ്ഥമായി വിരലോടിച്ചുകൊണ്ട് നില്‍ക്കുകയാണ് ഫ്രിറ്റ്‌സാ ഹാബര്‍...

സമയം വൈകുന്നേരം ആറ് മണി. തണുത്ത വിറച്ച കാറ്റ് ആഞ്ഞ് വീശിത്തുടങ്ങി. ജര്‍മനിയുടെ ഭാഗത്തുനിന്നും സഖ്യകക്ഷി സൈന്യം നിലയുറപ്പിച്ച ഭാഗത്തേക്കായിരുന്നു കാറ്റ്. പെട്ടെന്ന് ജര്‍മ്മന്‍ സൈന്യം പീരങ്കി പ്രയോഗം നിര്‍ത്തി. എതിരാളികള്‍ അമ്പരന്നു. ആശയക്കുഴപ്പം പടര്‍ന്നുപിടിച്ച ആ നിമിഷത്തില്‍ ഫ്രിറ്റ്‌സ് ഹാബര്‍ ജര്‍മ്മന്‍ സൈനികര്‍ക്ക് സിഗ്നല്‍ നല്‍കി. വാല്‍വുകള്‍ തുറക്കുക. തങ്ങള്‍ക്കു മുന്നില്‍ നിരയിട്ട് സ്ഥാപിച്ച 6000 ലോഹ സംഭരണികളുടെ വാല്‍വുകള്‍ അവര്‍ തുറന്നു. ആഞ്ഞടിച്ച കാറ്റില്‍ പച്ച കലര്‍ന്ന മൂടല്‍മഞ്ഞ് എതിര്‍ മുന്നണിയിലേക്ക് പറന്നു. അവിടെയെങ്ങും വേദനയുടെ നിലവിളി ഉയര്‍ന്നു. മാംസപേശികളിലും രക്തക്കുഴലുകളിലും  ശ്വാസകോശത്തിലും കുത്തിപ്പറിക്കുന്ന വേദനയില്‍  ഫ്രാന്‍സിന്റെ സൈനികര്‍ നിലവിളിച്ചു. പലരും രക്തം ഛര്‍ദിച്ച് മരിച്ചു. അജ്ഞാത വാതകത്തിന്റെ കരുത്ത് കണ്ട് ഭയന്ന് ഫ്രാന്‍സ് സൈന്യം മുന്നണിയില്‍നിന്ന് പിന്നോട്ടോടിയത് ആറ് കിലോമീറ്റര്‍.

പിറ്റേന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് 5000 സൈനികരുടെ ചേതനയറ്റ ശരീരങ്ങള്‍ നാട്ടിലുള്ള പക്ഷികളും ചത്തുമലച്ചു കിടക്കുന്നു. പുല്ലുകളുടെ നിറംപോലും മങ്ങി വെളുത്തിരിക്കുന്നു. ഹാബര്‍ തുറന്നുവിട്ട 168 ടണ്‍ ക്ലോറിന്‍ വാതകത്തിന്റെ നശീകരണ ശേഷി...

രോഗാണു നാശിനികളിലും ബ്ലീച്ചിങ് പൗഡറിലുമൊക്കെ കീടാണുക്കളെ കൊല്ലാനാണ് ക്ലോറിന്‍ ചേര്‍ക്കുന്നത്. വയറുകടി മുതല്‍ കോളറ വരെയുള്ള രോഗാണുക്കളെ മുടിക്കാന്‍ ക്ലോറിന് കഴിവുണ്ട്. കീടാണുക്കളെ കൊന്നൊടുക്കി പുഴവെള്ളത്തെ കുടിവെള്ളമാക്കി മാറ്റാന്‍ ശേഷിയുള്ള വാതകം. 1774 ല്‍ ഷിലെ കണ്ടുപിടിച്ച ഈ ഉഗ്ര വാതകത്തെ ഒരു ശാസ്ത്രജ്ഞന്റെ കാടുകയറിയ ചിന്തകള്‍ വിനാശത്തിന്റെ പ്രതീകമാക്കി മാറ്റി.

നെറികെട്ട ഈ യുദ്ധ തന്ത്രത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നു. പക്ഷേ ഹാബറോ കൈസര്‍ ഭരണകൂടമോ തെല്ലും കുലുങ്ങിയില്ല. യുദ്ധമുന്നണികളിലുടനീളം പറന്നു നടന്ന ഹാബര്‍ ക്ലോറിന്‍ വാതകംകൊണ്ട് ശത്രുക്കളെ കൊന്നൊടുക്കി. കാറ്റിന്റെ ഗതി പ്രതികൂലമാകുമ്പോള്‍  ക്ലോറിന്‍ നിറച്ച ഷെല്ലുകള്‍ ശത്രുക്കള്‍ക്കു നേരെ തൊടുത്തുവിട്ടു, അവരെ കൊന്നൊടുക്കി... അവര്‍ രാസയുദ്ധത്തെ തടുക്കാനുള്ള മുഖംമൂടികള്‍ നേടുംവരെ.

ആപത്കരമായ ഈ നശീകരണ പരിപാടി നിറുത്തണമെന്ന് ഭാര്യ ക്ലാര്‍ ഇമ്മര്‍വാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാബര്‍ കൂട്ടാക്കിയില്ല. സമാധാനവും സന്മനോഭാവവും മുഖമുദ്രയാക്കിയ ക്ലാര ഒടുവില്‍ നിരാശയായെന്ന് ചരിത്രം. ജര്‍മ്മനിയില്‍ രസതന്ത്രത്തിന് ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയായ അവര്‍ ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. പക്ഷേ പ്രിയ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും കാത്തുനില്‍ക്കാതെ ഹാബര്‍ യുദ്ധമുന്നണിയിലേക്ക് കുതിക്കുകയായിരുന്നത്രേ.

ഒടുവില്‍ 1918 നവംബര്‍ 11 ന് ലോകയുദ്ധം സമാപിച്ചു.  യുദ്ധത്തില്‍ ഇരുഭാഗത്തുനിന്നുമായി 85 ലക്ഷം മരണം സംഭവിച്ചു. ക്ലോറിന്‍ അടക്കമുള്ള രാസവാതകങ്ങളുടെ (ഫോസ്ജിന്‍, മസ്റ്റാര്‍ഡ് ഗ്യാസ് തുടങ്ങിയവ) പ്രയോഗം മൂലം ഒരുലക്ഷത്തില്‍ പരം സൈനികരും 13 ലക്ഷം സാധാരണക്കാരും കൊല്ലപ്പെട്ടതായി  കണക്കുകള്‍ വന്നു. 'നരാധമന്‍' എന്ന ദുഷ്‌പേരുമായി ഹാബര്‍ ഗവേഷണ ശാലയിലേക്ക് മടങ്ങി...

പക്ഷേ, 1921 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് സാക്ഷാല്‍ ഫ്രിറ്റ്‌സ് ഹാബര്‍ക്ക്. ആ വാര്‍ത്ത കേട്ട് അറിവുള്ളവരാരും, പക്ഷേ നെറ്റി ചുളിച്ചില്ല. കാരണം അമോണിയ വ്യാവസായികമായി നിര്‍മിക്കുന്നതിനുള്ള പ്രക്രിയ(ഹാബര്‍ പദ്ധതി) കണ്ടെത്തിയതിലൂടെ ലോകജനതയെ കൊടിയ ഭക്ഷ്യക്ഷാമത്തില്‍ നിന്ന് രക്ഷിച്ചത് ഇതേ ഹാര്‍ബര്‍ ആയിരുന്നു. ഏറ്റവും ഫലപ്രദമായ രാസവളം എളുപ്പത്തില്‍ നിര്‍മിച്ചെടുത്തതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ  പട്ടിണി മരണത്തില്‍നിന്ന് രക്ഷിച്ചതിനായിരുന്നു ഹാബര്‍ക്ക് 'നൊബേല്‍ പുരസ്‌കാരം' ലഭിച്ചത്.

''ലോകജനതയ്ക്ക് ഏറ്റവും വലിയ നന്മ ചെയ്ത മനുഷ്യന്‍'' എന്ന് നൊബേല്‍ കമ്മിറ്റി ഹാബറെ വിശേഷിപ്പിച്ചു. അന്തരീക്ഷത്തില്‍ 78 ശതമാനവും നൈട്രജനാണ്. പക്ഷേ അതിനെ പിടിച്ചുകെട്ടി ലേയ രൂപത്തിലുള്ള സംയുക്തമായി കൃഷിയിടങ്ങളിലെത്തിക്കാനുള്ള ശ്രമം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത് ഹാബറിനായിരുന്നു. അന്തരീക്ഷത്തിലെ അമോണിയയെ കൈപ്പിടിയിലൊതുക്കിയ ആ ശാസ്ത്രജ്ഞന്‍ 1934 ജനുവരി 20 ന് അന്തരിച്ചു. പക്ഷേ വിവാദങ്ങള്‍ അടങ്ങിയിട്ടില്ല-നന്മയും തിന്മയും ഒരുപോലെ നിറഞ്ഞുനിന്ന ആ ശാസ്ത്രജ്ഞന്റെ ജീവിതം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു.

 

  comment
  • Tags:

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.