×
login
ഒരു ധന്യാത്മാവിന്റെ ഓര്‍മയ്ക്ക്

മണക്കാട്ടെ നാട്ടുകാരെയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഗോപാലകൃഷ്ണന്‍ നായര്‍ സാര്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. ഒരു പരിധിക്കപ്പുറം ആരുമായും അടുപ്പം പുലര്‍ത്തിയതുമില്ല. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹവുമായി അടുത്തു. പരമേശ്വര്‍ജി ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരുന്നതറിയാമെങ്കിലും ഫുട്‌ബോളിനപ്പുറം ഒരു താത്പര്യവും അദ്ദേഹത്തിനില്ലായിരുന്നു. അടുത്ത സന്തോഷ് ട്രോഫി മത്സരത്തിന്റെ ദൃക്‌സാക്ഷിവിവരണം തൊടുപുഴ ടൗണിലെ ഒരു കടയില്‍ കേള്‍പ്പിക്കുന്നുണ്ടെന്നറിഞ്ഞ് സാറുമൊരുമിച്ച് അവിടെ ചെന്നു. ഞങ്ങള്‍ പോയത് ഫൈനല്‍ മത്സരത്തിനാണ്. സര്‍വീസസും ബംഗാളും തമ്മില്‍ മത്സരം. ചുനി ഗോസ്വാമി, പി.കെ. ബാനര്‍ജി, എന്നീ പുതുതാരങ്ങളായിരുന്നു കാണികളുടെ ഹരം. രാമന്‍ മേനോന്റെ ദൃക്‌സാക്ഷി വിവരണം തകര്‍ത്തു. ബംഗാളാണ് ട്രോഫി നേടിയതെന്നാണോര്‍മ

ഈ പംക്തിയുടെ പേരുമായി പൊരുത്തമില്ലാത്തതാണ് ഈ പ്രകരണമെന്ന് ഇതു വായിക്കുന്നവരില്‍ പലര്‍ക്കും തോന്നിയേക്കാം. ഞങ്ങളുടെ നാടായ മണക്കാട്ടിനെയും അതേപോലെ താന്‍ അധ്യാപകനായി സേവനം നല്‍കിയ മറ്റു പല ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും തലമുറകള്‍ക്ക് ആദരപാത്രമായ ഒരു വ്യക്തിയെയാണിവിടെ പരാമര്‍ശിക്കുന്നത്. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ കല്ലംപിള്ളി എന്ന വീട്ടിലെ പി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ എന്ന മുന്‍ പ്രധാനാധ്യാപകന്‍ അന്തരിച്ച വാര്‍ത്ത വാട്‌സാപ്പിലൂടെയും, വായ്‌മൊഴിയിലൂടെയും അറിഞ്ഞപ്പോള്‍ എനിക്കു മാത്രമല്ല ഞങ്ങളുടെയും മറ്റിടങ്ങളിലെയും അദ്ദേഹത്തിന്റെ ശിഷ്യസഹസ്രങ്ങള്‍ക്കുണ്ടായ സംവേദനവും വികാരനിര്‍ഭരതയും എത്രയെന്നു പറയാനാവില്ല.  

ഞാന്‍ ഉപരിവിദ്യാഭ്യാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളുടെ മണക്കാട്ട് എന്‍എസ്എസ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും യുവാവായ ഗോപാലകൃഷ്ണന്‍ നായര്‍ സാറിനെപ്പറ്റി പറയാന്‍ ഏറെയുണ്ടായിരുന്നു. ക്ലാസ് മുറിയിലേക്കാള്‍ പുറത്ത് അവരുടെ കളിക്കൂട്ടുകാരനെപ്പോലെ അദ്ദേഹം പെരുമാറി വന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ മാനിച്ചും പ്രവര്‍ത്തിച്ചു.

ആ വിദ്യാലയം മലയാളം മിഡില്‍ സ്‌കൂളായിട്ടാണ് 1923 ല്‍ ആരംഭിച്ചത്. ഞാന്‍ നാലാം ക്ലാസ് വരെ അവിടെ പഠിച്ചു. സ്വാതന്ത്ര്യം നേടുകയും രാജഭരണം അവസാനിച്ച് ജനകീയ ഭരണം വരികയും ചെയ്തപ്പോള്‍ മലയാള പള്ളിക്കൂടങ്ങള്‍ നിര്‍ത്തലാക്കുകയും, ഒരേതരം വിദ്യാഭ്യാസ രീതി നിലവില്‍ വരികയും ചെയ്തു. പിന്നീട് അതിനെ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമം നാട്ടുകാര്‍ ആരംഭിച്ചു. അതിനിടെ പ്രൈമറി വിഭാഗം ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ നിശ്ചയിച്ചു. സമ്പ്രദായ മാറ്റം അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സ്വാഭാവികമായും സൃഷ്ടിച്ചു. ഹൈസ്‌കൂളാക്കി അതിനെ ഉയര്‍ത്താനുള്ള നാട്ടുകാരുടെ ശ്രമത്തിന് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നിന്നും, അന്നു മന്ത്രിയായിരുന്ന കളത്തില്‍ വേലായുധന്‍ നായരില്‍ നിന്നും സഹകരണമുണ്ടായി. ഹൈസ്‌കൂളിന് മൂന്നേക്കര്‍ സ്ഥലമെങ്കിലും സ്വന്തമായി വേണമെന്ന നിബന്ധനയായിരുന്നു വലിയ കടമ്പ. വെറും കരിങ്കല്‍ പാറയായി ഒരേക്കറേ കൈവശമുണ്ടായിരുന്നുള്ളൂ. സമീപത്തുതന്നെ റോഡിനപ്പുറത്ത് വിശാലമായ കോയിക്കല്‍ പറമ്പ് എന്ന പുറമ്പോക്കു സ്ഥലം ഉണ്ടായിരുന്നത് സ്‌കൂളിന്റെ കുത്തകപ്പാട്ടമായി ലഭിച്ചാല്‍ ഒപ്പിക്കാമെന്ന നിര്‍ദേശമുണ്ടായി. പ്രമുഖ സാഹിത്യകാരനായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരായിരുന്നു തഹസീല്‍ദാര്‍. (ഈയിടെ അന്തരിച്ച ഭരണകാര്യ വിദഗ്ദ്ധന്‍ സി. പി. നായരുടെ പിതാവ്) അന്നദ്ദേഹം സ്‌കൂള്‍ കമ്മിറ്റിയുടെ അപേക്ഷയ്ക്കു അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയും കളത്തിലിന്റെ ശിപാര്‍ശയിന്മേല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിനനുമതി നല്‍കുകയുമുണ്ടായി. നാട്ടുകാരും വിദ്യാര്‍ത്ഥികളും ഏറെ സന്തോഷിച്ചു. ഓരോ ക്ലാസ്സായി ഹൈസ്‌കൂള്‍ വിഭാഗം പൂര്‍ത്തിയായപ്പോള്‍ അങ്ങോട്ടു നിയമിക്കപ്പെട്ടവരില്‍ ഗോപാലകൃഷ്ണന്‍ നായരും പെട്ടു.

അദ്ദേഹം നല്ല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. പൊക്കം കുറവാണെങ്കിലും കളിയില്‍ അതിസമര്‍ത്ഥന്‍.  കോയിക്കല്‍ പറമ്പ് നിരത്തിയെടുത്താല്‍ നല്ല മൈതാനമാവുമെന്നു  കണ്ട അദ്ദേഹം മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും സംഘടിപ്പിച്ച് അതിനു ശ്രമമാരംഭിച്ചു. മണക്കാട്ടെ വിദ്യാലയ കെട്ടിടം പണിതതും, വിദഗ്ദ്ധത്തൊഴിലൊഴികെ ബാക്കി മുഴുവന്‍ ശ്രമദാനമായിട്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്കകത്ത് കോയിക്കല്‍ പറമ്പ് നിരന്നു തുടങ്ങി. പകുതിയോളം നിരപ്പായപ്പോള്‍ അദ്ദേഹം പന്തുരുട്ടുന്നതും, കളി നിയമങ്ങളും മറ്റും കുട്ടികളെ പഠിപ്പിച്ചുവന്നു. ക്ലാസ്സെടുക്കുന്നതിലും കളികള്‍ പഠിപ്പിക്കുന്നതിലും ഗോപാലകൃഷ്ണന്‍ നായര്‍ സാര്‍ അവരുടെ നായകന്‍ തന്നെയായിരുന്നു.

അങ്ങനെയിരിക്കെയാണ് ഞാന്‍ പഠിപ്പുകഴിഞ്ഞെത്തിയത്. തിരുവനന്തപുരത്ത്, ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റായിരുന്ന ട്രാവന്‍കൂര്‍ ട്രോഫിയും, സോവ്യറ്റ് ഫുട്‌ബോള്‍ ടീമിന്റെ ഒരു പ്രദര്‍ശന മത്സരവും കണ്ടതിന്റെ ആവേശം എന്നിലുമവശേഷിച്ചിരുന്നു. 'മോസ്‌കോ ഡൈനമോ' എന്ന ടീമാണ് വന്നിരുന്നത്. രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ മത്സരം ഉദ്ഘാടനം ചെയ്തു. 12 ഗോളുകളാണ് റഷ്യക്കാര്‍ ഇന്ത്യന്‍ പോസ്റ്റിലേക്കടിച്ചു കയറ്റിയത്. 11 കളിക്കാര്‍ക്ക് ഓരോന്നു വീതവും, ഒന്ന് ഗോദവര്‍മ്മ രാജായ്ക്കും എന്ന് ഒരു പത്രമെഴുതി. കളിയുടെ ദൃക്‌സാക്ഷി വിവരണം ആകാശവാണി നല്‍കിയിരുന്നു. കോമാട്ടില്‍ രാമന്‍ മേനോന്‍ നല്‍കിയ വിവരണം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ സവ്യസാചിത്തം വെളിവാക്കിയെന്നു ചുരുക്കിപ്പറയാം.

മണക്കാട്ടെ നാട്ടുകാരെയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഗോപാലകൃഷ്ണന്‍ നായര്‍ സാര്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. ഒരു പരിധിക്കപ്പുറം ആരുമായും അടുപ്പം പുലര്‍ത്തിയതുമില്ല. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹവുമായി അടുത്തു. പരമേശ്വര്‍ജി ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരുന്നതറിയാമെങ്കിലും ഫുട്‌ബോളിനപ്പുറം ഒരു താത്പര്യവും അദ്ദേഹത്തിനില്ലായിരുന്നു.

അടുത്ത സന്തോഷ് ട്രോഫി മത്സരത്തിന്റെ ദൃക്‌സാക്ഷിവിവരണം തൊടുപുഴ ടൗണിലെ ഒരു കടയില്‍ കേള്‍പ്പിക്കുന്നുണ്ടെന്നറിഞ്ഞ് സാറുമൊരുമിച്ച് അവിടെ ചെന്നു. ഞങ്ങള്‍ പോയത് ഫൈനല്‍ മത്സരത്തിനാണ്. സര്‍വീസസും ബംഗാളും തമ്മില്‍ മത്സരം. ചുനി ഗോസ്വാമി, പി.കെ. ബാനര്‍ജി, എന്നീ പുതുതാരങ്ങളായിരുന്നു കാണികളുടെ ഹരം. രാമന്‍ മേനോന്റെ ദൃക്‌സാക്ഷി വിവരണം തകര്‍ത്തു. ബംഗാളാണ് ട്രോഫി നേടിയതെന്നാണോര്‍മ.

ആ സംഭവത്തോടെ തൊടുപുഴയില്‍ സെവന്‍സ് ടൂര്‍ണമെന്റാരംഭിച്ചു. ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു അത്രയേ വിസ്താരമുണ്ടായിരുന്നുള്ളൂ. മറ്റു കളിക്കാരെക്കാള്‍ പൊക്കവും വലിപ്പവും കുറവായിരുന്നെങ്കിലും കാണികളുടെയും മറ്റു കളിക്കാരുടെയും ശ്രദ്ധ ഗോപാലകൃഷ്ണന്‍നായര്‍സാറിലായിരുന്നു.

സ്‌കൂള്‍ ഗ്രൗണ്ടിന്റെ പരിക്കന്‍ ഉപരിതലത്തില്‍ സാറിനോടൊപ്പം പന്തു കളിക്കുന്നതിനിടെ സംഘശാഖയ്ക്കു പറ്റിയ ചെറുപ്പക്കാരെ കണ്ടുവയ്ക്കുകയും അവരെ ടൗണിലെ ശാഖയില്‍ പങ്കെടുപ്പിക്കാന്‍ അവധിക്കാലത്തു ശ്രദ്ധിക്കുകയും ചെയ്തു. ശാഖ ആരംഭിച്ചശേഷം  ഞാന്‍ കളി നിര്‍ത്തി. സാറിനു വേറേ ഏതോ സ്‌കൂളിലേക്കു മാറ്റവുമായി. അദ്ദേഹം തൊടുപുഴയ്ക്കടുത്തുനിന്നുതന്നെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും കുറേനാള്‍ തൊടുപുഴയില്‍ ജോലിയായിരുന്നു. ആ കുടുംബം ഞങ്ങളുടെയൊക്കെ അയല്‍ക്കാരായി വര്‍ഷങ്ങള്‍ കഴിഞ്ഞുകൂടി.

ഞാന്‍ പ്രചാരകനായി മിക്കവാറും മലബാര്‍ ഭാഗത്തായിരുന്നതിനാല്‍ അടുപ്പം 'ഇന്‍-ആബ്‌സന്‍ഷ്യാ' എന്ന മട്ടിലായിരുന്നു. പക്ഷേ ചങ്ങനാശ്ശേരി കേന്ദ്രമാക്കി കോട്ടയം ജില്ലയുടെ പ്രചാരകനായപ്പോള്‍ നേരിട്ട് ബന്ധപ്പെടാന്‍ അവസരങ്ങള്‍ ഉണ്ടായി. പെരുന്നയിലെ പഴയ സ്വയംസേവകന്‍ ആയിരുന്ന നാരായണപിള്ള അദ്ദേഹത്തിന്റെ ഒരു ജ്യേഷ്ഠനായിരുന്നു. സാര്‍ ഇടയ്ക്കു നാട്ടിലെത്തിയ വിവരം അദ്ദേഹമറിയിക്കുകയും ഞാന്‍ പോയിക്കണ്ട് സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. പെരുന്നയില്‍ അദ്ദേഹത്തിന്റെ വീടിന് എതിര്‍വശത്ത് താമസിച്ചത് ട്രെയിനിങ് കോളജില്‍ പ്രൊഫസറായിരുന്ന എസ്. മാധവന്‍നായരായിരുന്നു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ കുന്നത്തു വീട്ടിലെ അദ്ദേഹവും സഹോദരന്മാരും അവിടത്തെ സജീവ സംഘപ്രവര്‍ത്തകരായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ എസ്.കെ. നായര്‍ മദിരാശി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തലവനും  അതിപ്രശസ്തനുമായിരുന്നു. മാധവന്‍നായരും ഗോപാലകൃഷ്ണന്‍നായരുമായി പരിചയമാവാന്‍ അവസരമുണ്ടാക്കി.

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ നിധിശേഖരണത്തിന് എന്‍എസ്എസ് നേതൃത്വത്തിന്റെ സഹകരണം നന്നായിട്ടുണ്ടായി. മന്നത്തു പത്മനാഭന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായിരുന്നു. ചങ്ങനാശ്ശേരിയിലെ നിധിശേഖരണത്തിന് സ്വന്തം സംഭാവന നല്‍കിക്കൊണ്ട് അദ്ദേഹം തുടക്കമിട്ടു. സൊസൈറ്റി മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ സ്‌കൂളുകളും അധ്യാപകരുടെ സംഭാവന ശേഖരിച്ചിരുന്നു. അന്നു ദൂരെയെവിടെയോ ഹെഡ്മാസ്റ്ററായിരുന്ന ഗോപാലകൃഷ്ണന്‍നായര്‍സാറിന്റെ സ്‌കൂളിലെ തുകയാണ് ആദ്യമെത്തിയതെന്ന് സന്ദര്‍ഭവശാല്‍ മാനേജര്‍ വാസുദേവന്‍പിള്ള പറഞ്ഞിരുന്നു.

ഞങ്ങള്‍ മണക്കാട്ടുകാര്‍ക്ക് ഹെഡ്മാസ്റ്റര്‍ എന്നാല്‍ ഒരാളേയുള്ളൂ. മണക്കാട്ടെ ഏതു വീട്ടിലും അദ്ദേഹത്തിന്റെ ശിഷ്യര്‍ ഉണ്ടാകും. നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മിക്ക വീടുകളിലെയും വിശേഷങ്ങള്‍ക്കദ്ദേഹത്തെ വിളിക്കുമായിരുന്നു. എന്റെ സഹോദരീസഹോദരന്മാരുടെയൊക്കെ വിവാഹത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. അദ്ദേഹത്തിന്റെ മക്കള്‍ ഹരിയും കുട്ടുവും ഞങ്ങള്‍ക്കിപ്പോഴും കുട്ടികളായിത്തന്നെ ഓര്‍മയില്‍ നില്‍ക്കുന്നു. തലേന്നുതന്നെ തൊടുപുഴയിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് പിറ്റേന്ന് ചടങ്ങുസമയത്തിനെത്തുന്നതായിരുന്നു  

അദ്ദേഹത്തിന്റെ പതിവ്. ഈ മമത താന്‍ ജോലി ചെയ്തിരുന്ന ഓരോ സ്ഥലത്തും അദ്ദേഹം കാട്ടിയിരുന്നു. ജന്മഭൂമിയിലെ എന്റെ സഹയാത്രികനായിരുന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ വാരപ്പെട്ടിക്കാരന്‍ രാജന്‍ തന്റെ അധ്യാപകനായിരുന്നു അദ്ദേഹമെന്നും, ആ മമത നാട്ടുകാരെയെല്ലാം ആകര്‍ഷിച്ചുവെന്നും പറയുമായിരുന്നു.

എല്ലാ നിലയ്ക്കും ഭാവാത്മകമായി ചിന്തിക്കുകയും പെരുമാറുകയും ആചരിക്കുകയും ചെയ്തു ജീവിതം ധന്യമാക്കിയ ആളായിരുന്നു 94-ാം വയസ്സില്‍ നമ്മെ വിട്ടുപിരിഞ്ഞ പി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍.

 

 

 

  comment

  LATEST NEWS


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.