×
login
രാജകുടുംബത്തിലെ ഐഎന്‍എ പോരാളി

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഭാരതത്തില്‍നിന്ന് രണ്ടു രാജകുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് എതിരെ ആയുധമെടുത്ത് പൊരുതാനിറങ്ങിയത്. ആദ്യത്തെയാള്‍ ഉത്തര്‍പ്രദേശിലെ നാട്ടുരാജാവായിരുന്ന മഹേന്ദ്ര പ്രതാപ്. രണ്ടാമന്‍ ചിത്രകലയുടെ തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന രാജാ രവിവര്‍മ്മയുടെ മകനായ ആര്‍ട്ടിസ്റ്റ് തമ്പുരാന്‍ എന്ന രാമവര്‍മ്മയുടെ മകന്‍. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അമ്മാവന്റെ മകനുമായ ഡോക്ടര്‍ രാമവര്‍മ്മ കൃഷ്ണപ്രസാദാണ് ഈ നായകന്‍. എങ്കിലും ഈ സത്യം അറിയാവുന്നത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ്

ബി. സജിത്ത് കുമാര്‍

ആര്‍ട്ടിസ്റ്റ് തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന രാമവര്‍മ്മ രാജയുടെയും മാവേലിക്കര ഇടശ്ശേരില്‍ പട്ടവീട്ടില്‍ ഗൗരി കുഞ്ഞമ്മയുടെയും പത്തുമക്കളില്‍ രണ്ടാമനായി 1909 ല്‍ രാമവര്‍മ്മ കൃഷ്ണ പ്രസാദ് എന്ന മേജര്‍ ആര്‍.കെ. പ്രസാദ് ജനിച്ചു. ആറു പെണ്‍മക്കളും നാലു ആണ്‍മക്കളുമായിരുന്നു ഈ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട മൂലം തിരുനാള്‍ പാര്‍വതീ ഭായ് (ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അമ്മ)രാമവര്‍മ്മ രാജയുടെ സഹോദരിയാണ്. മാവേലിക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് സിക്‌സ്ത് ഫോം പാസ്സായ ശേഷം ആര്‍.കെ. പ്രസാദ് തൃശ്ശിനാപ്പള്ളി സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്നത്തെ പ്ലസ്ടുവിന് തുല്യമായ ഇന്റര്‍മീഡിയറ്റ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. തുടര്‍ന്ന് അവിടെതന്നെ ബിഎസ്‌സി ഫോറസ്ട്രിക്ക് ചേര്‍ന്നു. എങ്കിലും ഫൈനല്‍ ഇയര്‍ പരീക്ഷക്ക് മുന്‍പായി മദ്രാസ് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചിതിനെ തുടര്‍ന്ന് മദ്രാസിലേക്ക് വണ്ടി കയറി. അവിടെ നിന്ന് 1927-32 ബാച്ചില്‍ ഉയര്‍ന്ന റാങ്കോടെ മെഡിക്കല്‍ ബിരുദം നേടി(എംബിബിഎസ്) നാട്ടില്‍ പലയിടത്തായി പ്രാക്ടീസ് തുടങ്ങി.  

വിദ്യാഭ്യാസകാലത്തോ ഡോക്ടറായി നാട്ടില്‍ പ്രാക്ടീസ് ചെയ്ത കാലത്തോ സ്വാതന്ത്ര്യ സമരവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.  1938 ല്‍ സഹോദരി സരോജനി കുഞ്ഞമ്മയുടെ വിവാഹത്തോടെയാണ് ഡോക്ടറുടെ ജീവിതത്തെ മാറ്റിമററിച്ച സംഭവങ്ങള്‍ക്ക് തുടക്കമായത്. മലേഷ്യയില്‍ സ്വന്തമായി ആശുപത്രി നടത്തുകയായിരുന്ന ചവറ സ്വദേശി ഡോക്ടര്‍ കുഞ്ഞികൃഷ്ണ പിള്ളയായിരുന്നു സരോജനി കുഞ്ഞമ്മയെ വിവാഹം കഴിച്ചത്. തന്റെ സഹോദരിക്ക് കൂട്ടായി മലേഷ്യയ്ക്ക് പോകാനുള്ള പിതാവ് ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ രാജയുടെ നിര്‍ദ്ദേശത്തെ  തുടര്‍ന്ന് അതേ വര്‍ഷംതന്നെ സഹോദരിയും ഭര്‍ത്താവും മലേഷ്യയ്ക്ക് കപ്പല്‍ കയറിയപ്പോള്‍ അവര്‍ക്കൊപ്പം ഡോക്ടര്‍ ആര്‍.കെ. പ്രസാദും ഉണ്ടായിരുന്നു. സഹോദരീ ഭര്‍ത്താവിനൊപ്പം കുറച്ചുകാലം ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത ശേഷം, ഡോക്ടര്‍ സ്വന്തമായി കോലാലംപൂരില്‍ ഒരു ആശുപത്രി സ്ഥാപിച്ചു. രണ്ടു വര്‍ഷത്തിനുശേഷം (1940) നാട്ടില്‍ തിരിച്ചെത്തി തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയും, തിരുവിതാംകൂര്‍ ധനകാര്യ മന്ത്രിയുമായിരുന്ന കരിമ്പുവിളാകം ഗോവിന്ദപിള്ളയുടെ മകള്‍ തെക്കേതോപ്പില്‍ ശാന്താപ്രസാദിനെ വിവാഹം കഴിക്കുകയും, മലേഷ്യയ്ക്ക് തിരികെ പോകുകയും ചെയ്തു. അവിടെ വച്ചാണ് ഡോക്ടറുടെ മൂത്ത മകള്‍ തുളസി ജനിക്കുന്നത്.  

 

നേതാജി നേരില്‍ക്കണ്ട്  ഐഎന്‍എയില്‍

മലേഷ്യയിലെ ഏറ്റവും തിരക്കുള്ള ഡോക്ടര്‍മാരില്‍ ഒരാളായി ആര്‍.കെ. പ്രസാദ് മാറിയിരുന്നു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം ഡോക്ടറുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കി. യുദ്ധം ആരംഭിച്ച അവസരത്തില്‍ തന്നെ ഭാര്യയെയും മകളേയും നാട്ടിലേക്ക് തിരിച്ചയച്ച് അദ്ദേഹം മലേഷ്യയില്‍ തുടര്‍ന്നു. 1941 ല്‍ ജപ്പാന്‍, പേള്‍ ഹാര്‍ബര്‍ ആക്രമിക്കുകയും ചെയ്തതോടെ മലേഷ്യ അടക്കമുള്ള ഏഷ്യയിലെ ബ്രിട്ടീഷ് കോളനികള്‍ ഏതു സമയവും ജാപ്പനീസ് അതിക്രമത്തിന്റെ ഭീതിയിലായി. ഒടുവില്‍ ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടത് സംഭവിച്ചു. 1941 ഡിസംബറില്‍ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധക്കപ്പലുകളായ ട്രിപ്പിള്‍സിനേയും പ്രിന്‍സ് ഓഫ് വെയില്‍സിനെയും തകര്‍ത്തതിന്റെ  ആവേശവുമായി മലേഷ്യന്‍ അതിര്‍ത്തിയിലെത്തിയ ജപ്പാന്‍ സേനയ്ക്ക് മുന്‍പി

ല്‍ ബ്രിട്ടീഷ് സേന അടിയറ പറഞ്ഞു. അവിടെയെത്തിയ ജപ്പാനീസ് സേനയ്ക്ക് ഒപ്പം ഐഎന്‍എയുടെ ആദ്യ സംഘത്തെ നയിച്ചുകൊണ്ട് നേതാജി സുഭാഷ് ചന്ദ്രബോസും ഉണ്ടായിരുന്നു. തുടര്‍ന്ന് നേതാജി മലയായിലെയും സിങ്കപ്പൂരിലെയും ഭാരത വംശജരെ ഐഎന്‍എയില്‍ ചേരാന്‍ ആഹ്വാനം ചെയ്തു. നേതാജിയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബ്രിട്ടീഷ് സേനയിലെ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരടക്കം ആയിരങ്ങള്‍ ഐഎന്‍എയുടെ ഭാഗമായി. ഓരോ മീറ്റിങ്ങിനു ശേഷവും നേതാജി ആ പ്രദേശത്തുള്ള ഭാരത വംശജര്‍ ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നോ എന്നു തിരക്കുകയും, വരാത്തവരെ നേരില്‍ പോയി കാണുകയും ചെയ്തിരുന്നു.  

ഡോക്ടര്‍ പ്രസാദിന്റെ ആശുപത്രിയുടെ സമീപം  നടന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ലെന്ന് അറിഞ്ഞ നേതാജി ആശുപത്രിയില്‍ നേരിട്ടെത്തി നടത്തിയ കൂടിക്കാഴ്ച ഡോക്ടറെ പുതിയ ഒരു മനുഷ്യനാക്കി. എല്ലാ രാജകീയമായ അവകാശങ്ങളും ഉപേക്ഷിച്ച് തന്റെ അതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും നേതാജിക്ക് നല്‍കി. നേതാജിയോട് കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ തനിക്ക് ഇതിലൊന്നും താല്‍പ്പര്യമില്ലെന്നും താന്‍ രാജകീയ പശ്ചാത്തലമുള്ള ആളാണെന്നും പറഞ്ഞയാളാണ് ഇങ്ങനെ ഐഎന്‍എയുടെ ഭാഗമായി മാറിയത്. പക്ഷേ അദ്ദേഹം നേതാജിയോട് ഒരു ഉപാധി മാത്രം വച്ചു. തനിക്ക് സ്വതന്ത്ര ചുമതല വേണം. ഒരു യൂണിറ്റിന്റെ ചുമതല ഞാന്‍ നേരിട്ടേറ്റെടുക്കുന്നതാണ്. ഈ വാക്കുകള്‍ നേതാജിയെ ഏറെ സ്വാധീനിച്ചു. ഉടന്‍ തന്നെ നേതാജി ഡോക്ടറോടു പറഞ്ഞു. You are appointed in the Rank of Major.  ഐഎന്‍എയില്‍ മേജറായി നേരിട്ട് നിയമിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് ഡോക്ടര്‍ പ്രസാദ്. മറ്റൊരു രാജകുടുംബാംഗമായ മഹേന്ദ്ര പ്രതാപിനും, വനിതാ വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു ഡോക്ടറായ ലക്ഷ്മിക്കും ക്യാപ്റ്റന്‍ റാങ്കു മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭാഷണത്തിനിടെ നേതാജി ചോദിച്ച Your mother India is bleeding. Don’t you appllie a turnike to stop itഎന്ന ചോദ്യമാണ് തന്നില്‍ മാറ്റമുണ്ടാക്കിയതെന്ന് ഡോക്ടര്‍ തന്റെ മക്കളോടും കൊച്ചു മക്കളോടും പറയുമായിരുന്നു. (അന്നത്തെ കാലത്ത് ജീവന്‍ രക്ഷാ ഉപാധിയായി മുറിവിന് മുകളില്‍ കെട്ടുന്നതിനെയാണ്   turnike എന്ന് പറഞ്ഞിരുന്നത്.) ഈ ചോദ്യം നേതാജി പ്രസംഗങ്ങളില്‍ ആള്‍ക്കൂട്ടത്തോട് ചോദിക്കുമായിരുന്നു.

 

 

രാജാവിന്റെ മരുമകന്‍  യുദ്ധമുന്നണിയില്‍

ഐഎന്‍എയുടെ ഭാഗമായ ഡോക്ടര്‍ തുടര്‍ന്ന് ഐഎന്‍എയുടെ മെഡിക്കല്‍ സംഘം വിപുലീകരിക്കാന്‍ മലയായിലുള്ള ഭാരതീയ വംശജരായ ഡോക്ടര്‍മാരെ കണ്ടു. പിന്നീട് തൃശ്ശിനാപള്ളിയില്‍ നേത്രരോഗ വിദഗ്ധനായി പേരെടുത്ത ഡോക്ടര്‍ രംഗനാഥന്‍ അടക്കം ധാരാളം ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തന്റെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിനോടകം അറുപത്തിയേഴായിരം പേരടങ്ങുന്ന ഒരു വന്‍ സേനയായി ഐഎന്‍എ മാറി. തുടര്‍ന്നു ജപ്പാന്‍ നടത്തിയ മുന്നേറ്റങ്ങളില്‍ ബര്‍മ്മയിലേക്ക് ജാപ്പ്‌സേനയ്‌ക്കൊപ്പം ഐഎന്‍എയും പങ്കെടുത്തു. അപ്പോഴെല്ലാം ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ഒരുക്കി ഡോക്ടറും സംഘവും യുദ്ധമുഖത്ത് സജീവമായി ഉണ്ടായിരുന്നു.  അതുവരെ കാണാത്ത ഒരു ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.  

തിരുവിതാംകൂറില്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് രാജ്യം ഭരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം അമ്മാവന്റെ മകന്‍ രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യ സമരത്തില്‍ നേതാജിക്ക് ഒപ്പം പൊരുതുകയായിരുന്നു എന്നതാണ് ഇതിലെ സവിശേഷത. എന്നാല്‍ ഈ ചരിത്ര സത്യം മൂടിവയ്ക്കുന്നതില്‍ ചരിത്രകാരന്മാരും മാധ്യമങ്ങളും വിജയിച്ചു. 1942 ല്‍ ജപ്പാന്‍, ബര്‍മ്മ കീഴടക്കിയതോടെ ഐഎന്‍എ ഭടന്മാരും അവര്‍ക്കൊപ്പം മുന്നേറി. 1944 ല്‍ കൊഹിമ ഭേദിച്ച് ഐഎന്‍എ ഇംഫാല്‍ വരെയെത്തി. നേതാജി ഇംഫാലില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ നേതാജിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കുകയും, ബ്രിട്ടീഷ് സേനയിലെ ഇന്ത്യന്‍ കൂലി പട്ടാളക്കാര്‍ ഐഎന്‍എ ഭടന്മാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം നിന്ന് പൊരുതുകയും ചെയ്തു. ഇതോടെ ഐഎന്‍എയ്ക്കും ജപ്പാനും പിന്മാറേണ്ടിവന്നു. ഐഎന്‍എ ഇംഫാലില്‍ എത്തിയപ്പോള്‍ അവരെ അനുഗമിച്ച് ഡോക്ടര്‍ പ്രസാദും ഫീല്‍ഡു ഹോസ്പിറ്റലുകളുമായി യുദ്ധമുന്നണിയിലുണ്ടായിരുന്നു. അവിടെ  ബ്രിട്ടീഷ് വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. അന്ന് ബോംബു സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഷോക്ക് സിന്‍ട്രോം ഡോക്ടറെ മരണംവരെ പിന്തുടര്‍ന്നിരുന്നു.  

 

കാട്ടുമൃഗങ്ങളുടെ മാംസവും  കാട്ടരുവികളിലെ വെള്ളവും

അധികം വൈകാതെ കൊഹിമയില്‍ നിന്ന് ഐഎന്‍എയ്ക്കും ജപ്പാന്‍ സേനയ്ക്കും പിന്മാറേണ്ടിവന്നു. അപ്രതീക്ഷിതമായി എത്തിയ മണ്‍സൂണും ഐഎന്‍എയുടെ പരാജയത്തിന് ആക്കംകൂട്ടി.  മാതൃരാജ്യത്തിനുവേണ്ടി പൊരുതിയ 23,000 ഐഎന്‍എ ഭടന്മാരെയായിരുന്നു ബ്രിട്ടീഷ് സേനയിലെ ഇന്ത്യക്കാരായ കൂലി പട്ടാളക്കാര്‍ കൊന്നൊടുക്കിയത്. ഇത് ഭാരത ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളില്‍ ഒന്നാണ്. പിന്നീട് ബര്‍മീസ് നിരയിലും ജപ്പാന്‍ പരാജയപ്പെട്ടതോടെ ഐഎന്‍എയ്ക്കും ജാപ്പനീസ് ഭടന്മാര്‍ക്കും ബര്‍മീസ് വനാന്തരങ്ങളിലേക്ക് പിന്മാറേണ്ടി വന്നു. 1945 ല്‍ നാഗസാക്കിയിലും ഹിരോഷിമയിലുമുണ്ടായ അണുബോംബു വര്‍ഷത്തെ തുടര്‍ന്ന് ജപ്പാന്‍ കീഴടങ്ങിയതോടെ ഐഎന്‍എ ഭടന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നേതാജി ഒളിവില്‍ പോകാന്‍ തീരുമാനിച്ചു. നേതാജി തിരിച്ചെത്തുന്ന സന്ദര്‍ഭത്തില്‍ ഒപ്പം ചേരുമെന്നും അവര്‍ ഉറപ്പു നല്‍കി.  

ബര്‍മ്മയില്‍ അവശേഷിച്ച ഐഎന്‍എ ഭടന്മാരെ എങ്ങനെ ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് ഭാരതത്തില്‍ എത്തിക്കുമെന്ന ചോദ്യം ഈ അവസരത്തില്‍ ഉണ്ടായി. ഉടന്‍ തന്നെ ഐഎന്‍എ നേതൃത്വനിരയില്‍  നിന്ന് നേതാജി ഡോക്ടര്‍ പ്രസാദിനെ വിളിച്ച് ഥീൗ ാൗേെ ഹലമറ വേല കചഅ ാലി ീേ   കിറശമി യീൗിറൃ്യ വേൃീൗഴവ ഷൗിഴഹല െഎന്ന് ആജ്ഞ നല്‍കി. താന്‍ വെറും ഡോക്ടര്‍ മാത്രമാണ്. സൈനികനല്ലെന്ന് ഡോക്ടര്‍ നേതാജിയോട് പറഞ്ഞെങ്കിലും ഛിഹ്യ ്യീൗ രമി റീ ശ േഎന്ന നേതാജിയുടെ വാക്കുകള്‍ സ്വീകരിച്ച്് ഡോക്ടര്‍ ആ ദൗത്യം ഏറ്റെടുത്തു. നേതാജിയുടെ വാക്കുകള്‍ ശരിയാണെന്ന് തെളിയിച്ച് അദ്ദേഹം മുതലകള്‍ നിറഞ്ഞ ചതുപ്പുകളും, വിഷപ്പാമ്പുകളും നരഭോജികളായ കടുവയും പുലിയുമുള്ള ബര്‍മീസ് വനത്തില്‍ കൂടിയും 96 കിലോമീറ്റര്‍ ബ്രിട്ടീഷ് സേനയുടെ കണ്ണുവെട്ടിച്ച് ഐഎന്‍എ ഭടന്മാരെ നയിച്ചു. കയ്യിലുള്ള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നതിനാല്‍ കാട്ടിലെ മൃഗങ്ങളെ കൊന്നു പച്ചയ്ക്ക് തിന്നും, കാട്ടരുവികളിലെ വെള്ളം കുടിച്ചുമായിരുന്നു ഐഎന്‍എ ഭടന്മാര്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കൂടെയുള്ള പല ഭടന്മാരും ചെരുപ്പുകള്‍ തേഞ്ഞ് കാല്‍പാദത്തിലുണ്ടായ അണുബാധ മൂലവും പാമ്പ് കടിയേറ്റും മലേറിയ ബാധിച്ചും മരിച്ചു.  മരുന്നുകളുടെ അഭാവത്തില്‍ ഡോക്ടര്‍ക്ക് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു.  


 

ബ്രിട്ടീഷ് തടവറയില്‍  നരകയാതന

ഐഎന്‍എ സംഘത്തിന്റെ നീക്കങ്ങള്‍ ബര്‍മ്മീസ് ഗ്രാമവാസികളില്‍ നിന്ന് ബ്രിട്ടീഷ് ചാരന്മാര്‍ മണത്തറിയുകയും, ഇന്നത്തെ റങ്കൂണിന് 16 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിന്റെ പരിസരത്തുവച്ച് അവരെ വളയുകയും ചെയ്തു. തുടര്‍ന്ന് കീഴടങ്ങിയ ഡോക്ടറെയും സംഘത്തേയും ഇന്നത്തെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള തടവറയിലേക്ക് മാറ്റി. എന്നാല്‍ ഒരു ഐഎന്‍എ ഭടനും തങ്ങള്‍ ഐഎന്‍എ മെഡിക്കല്‍ വിഭാഗം മേധാവിയുടെ കീഴിലാണ് എത്തിയതെന്ന് വെളിപ്പെടുത്തിയില്ല. ഇതിനകം പ്രാകൃതരൂപത്തിലായി കഴിഞ്ഞിരുന്ന ഡോക്ടറെ ബ്രിട്ടീഷ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍  അടക്കം ആര്‍ക്കും തിരിച്ചറിയാനും  

കഴിഞ്ഞില്ല. ചിറ്റഗോങ് ജയിലില്‍ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ആയിരുന്നു ഡോക്ടര്‍ അടക്കമുള്ള ആയിരക്കണക്കിന് ഐഎന്‍എ ഭടന്മാര്‍ക്ക് നേരിടേണ്ടിവന്നത്. അദ്ദേഹം തടവില്‍ കിടക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചത്  അച്ഛന്റെ സഹോദരിയുടെ മകനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവും, അന്ന് തിരുവിതാംകൂര്‍ ധനകാര്യമന്ത്രി ഭാര്യ ശാന്തയുടെ പിതാവുമായ കരിമ്പുവിളാകം ഗോവിന്ദപിള്ളയുമായിരുന്നു. സഹോദരന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്‌സില്‍ മേജറും. ജയിലിലെ കൊടിയ പീഡനത്തിനിടയിലും താന്‍ ഇന്നയാളാണെന്നും, ഒരു ഡോക്ടറാണെന്നു പോലും അദ്ദേഹം മറച്ചുവച്ചു. കൂടെയുണ്ടായിരുന്ന ഒരു ഐഎന്‍എ ഭടനും അത് വെളിപ്പെടുത്തിയില്ല.  

ജയിലറയില്‍ നൂറുപേര്‍ കിടക്കേണ്ട സെല്ലില്‍ അഞ്ഞൂറിനു മുകളില്‍ തടവുകാരെ നിറച്ചും, മാറാന്‍ വസ്ത്രങ്ങള്‍ നല്‍കാതെയും, താടിയും മുടിയും വെട്ടാന്‍ അനുവദിക്കാതെയും ചികിത്സകള്‍ നല്‍കാതെയും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം മാത്രം നല്‍കി ഐഎന്‍എ സേനാനികളോടുള്ള പക ബ്രിട്ടിഷുകാര്‍ പ്രകടമാക്കി. ജയിലിന്റെ ചാര്‍ജ്ജ് ഇന്ത്യക്കാരായ ബ്രിട്ടീഷ് കൂലി പട്ടാളക്കാര്‍ക്ക് നല്‍കി. അവര്‍ ഐഎന്‍എ ഭടന്മാരെ ദിവസവും ആക്ഷേപിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ആര്‍.കെ. പ്രസാദ് ഒരു ഡോക്ടറാണെന്ന് ബോധ്യപ്പെടുന്ന സംഭവം ഉണ്ടായി. തങ്ങള്‍ക്ക് നേരിട്ട പീഡനവും അപമാനങ്ങളും സഹിക്കാതെ ഐഎന്‍എ ഭടന്മാര്‍ ജയിലില്‍ കലാപം അഴിച്ചുവിട്ടു. കലാപം അടിച്ചമര്‍ത്തിയപ്പോള്‍ ഇരുപക്ഷത്തുനിന്നും അനേകം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ജയിലാശുപത്രിയില്‍ മരുന്നുകള്‍ ഉണ്ടായിരുന്നെങ്കിലും ജയില്‍ ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. ജയിലധികൃതര്‍ നിസ്സഹായരായി. അപ്പോള്‍ മരുന്നുകളും മറ്റും എടുത്ത് ജയിലധികൃതരുടെയും തടവുകാരുടെയും മുറിവുകള്‍ തുന്നിക്കെട്ടുകയും, ഒടിവുകള്‍ പ്ലാസ്റ്റര്‍ ചെയ്യുകയും, മരുന്നുകള്‍ നല്‍കുകയും ചെയ്യുന്ന ആര്‍.കെ. പ്രസാദ് ഒരു ഡോക്ടറാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. എങ്കിലും തന്റെ കുടുംബ പശ്ചാത്തലവും ഐഎന്‍എയിലെ റാങ്കും അദ്ദേഹം മറച്ചുവെച്ചു. അന്നുമുതല്‍ ഡോക്ടര്‍ ആര്‍.കെ. പ്രസാദ്  എന്ന് പേരിന് മുന്നില്‍ ജയില്‍ അധികൃതര്‍ രേഖപ്പെടുത്തി. 

 

 

കൊല്‍ക്കത്തയിലെ  അപൂര്‍വ സംഭവം

ചിറ്റഗോങ് ജയിലിന്റെ ചുമതലയിലേക്ക് പുതുതായി വന്ന ഒരു ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ ചാര്‍ജെടുക്കുന്നതിനു മുന്‍പ് തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ  ഭാഗമായി തടവുകാരുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ആര്‍.കെ. പ്രസാദ് ട്രാവന്‍കൂര്‍ എന്ന പേര് കണ്ടു ഞെട്ടി. പി

ല്‍ക്കാലത്ത് കേരള ഐജിയായി പ്രവര്‍ത്തിച്ച ശ്രീനിവാസ റാവുവിന്റെ മകനായിരുന്നു ആ ക്യാപ്റ്റന്‍. തന്റെ പിതാവിന്റെ സുഹൃത്തിന്റെ മകന്‍ (ആര്‍ട്ടിസ്റ്റ് രാമവര്‍മ്മയുടെ) ഐഎന്‍എയില്‍ ചേര്‍ന്ന വിവരം അറിയാമായിരുന്ന ഓഫീസര്‍ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ഈ വിവരം ഒളിപ്പിച്ചുവച്ച് നേരിട്ട് അദ്ദേഹത്തെ കണ്ട് ഇത് താനുദ്ദേശിച്ചയാള്‍ തന്നെയെന്ന് ഉറപ്പാക്കുകയും, പിതാവായ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മയ്ക്ക്  Your son is in my ctsuody as prisoner of war എന്ന് ടെലഗ്രാം അടിക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് അഞ്ച് വര്‍ഷത്തിനുശേഷം ഡോക്ടര്‍ പ്രസാദ് ജീവിച്ചിരിപ്പുണ്ട് എന്ന വിവരം കുടുംബം അറിയുന്നത്. അതുവരെ അദ്ദേഹം യുദ്ധമുന്നണിയില്‍ മരിച്ചു എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്.  

ബ്രിട്ടീഷുകാര്‍ ഐഎന്‍എ ഭടന്മാര്‍ക്കെതിരെ നടത്തിയ കുപ്രസിദ്ധമായ റഡ്‌ഫോര്‍ട്ട് ട്രയലിന്റെ ഭാഗമായി ഡോക്ടര്‍ അടക്കം കുറെ തടവുകാരെ കൊല്‍ക്കത്തയിലെ നീലഗഞ്ച് ജയിലിലേക്ക് മാറ്റി. അങ്ങനെയിരിക്കെ ബ്രിട്ടീഷുകാരുടെ എല്ലാ കണക്കുകൂട്ടുലുകളും തെറ്റിച്ചുകൊണ്ട് ഉണ്ടായ വ്യോമ-നാവികസേന കലാപങ്ങളെ തുടര്‍ന്ന് റഡ്‌ഫോര്‍ട്ട് ട്രയല്‍ റദ്ദാക്കാനും, ഐഎന്‍എ തടവുകാരെ മോചിപ്പിക്കുവാനും ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി. അങ്ങനെ 1946 ല്‍ പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന കീറിപ്പറിഞ്ഞ പാന്റും, കയ്യില്‍ കൊല്ലത്തേക്കുള്ള ഒരു തേര്‍ഡ് ക്ലാസ്സ് റിസര്‍വേഡ് റെയില്‍വേ ടിക്കറ്റുമായി നീലഗഞ്ച്  ജയിലിന് വെളിയിലിറങ്ങിയ പ്രസാദ് ഡോക്ടര്‍ക്ക്  ഒരു നേരത്തെ ഭക്ഷണം കഴിക്കുവാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ അനന്തിരവനും മൂത്ത സഹോദരിയുടെ മകനുമായ ജി.യു. വര്‍മ്മ. കൊല്‍ക്കത്ത എന്‍ഞ്ചിനീയറിങ് കോളജില്‍ പഠിക്കുന്നു എന്ന വിവരം ഓര്‍മ്മ വന്നു. അവിടേക്ക് നടന്നു ചെന്ന് അവിടെ പഠിച്ചിരുന്ന ഏക മലയാളിയായ ജി.യു. വര്‍മ്മയെ കണ്ടെത്താന്‍ പാടുപെടേണ്ടി വന്നില്ല. പ്രാകൃത രൂപത്തില്‍ താടിയും മുടിയും വളര്‍ന്ന് ഒരു കീറപാന്റുമായി വന്നിരിക്കുന്ന അമ്മാവനെ കണ്ട് ജി.യു. വര്‍മ്മ പൊട്ടിക്കരഞ്ഞു. റൂമിലേക്ക് കൊണ്ടുപോയി അമ്മാവന് നല്ല ഭക്ഷണം നല്‍കി. താടിയും മുടിയും വെട്ടിച്ച് പുതിയ വസ്ത്രങ്ങള്‍ നല്‍കി ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കൊല്ലത്തേക്ക് യാത്രയാക്കി.  

നാട്ടില്‍ തിരിച്ചെത്തിയ മഹാനായ ഈ ഐഎന്‍എ മേധാവിയെ സ്വീകരിക്കാന്‍ പിതാവ് ആര്‍ട്ടിസ്റ്റ് രാമവര്‍മ്മയും ഏതാനും ബന്ധുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അക്കാലത്തെ ഒരു മാധ്യമവും ഇത് റിപ്പോര്‍ട്ട് ചെയ്തതുമില്ല. തിരുവനന്തപുരത്ത് ഏതാനും മാസങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം മാവേലിക്കര പുഷ്പാ ജംഗ്ഷനില്‍ ഇന്ന് കാണുന്ന മലയാ ക്ലിനിക്ക് ആരംഭിച്ചു.  

ആ മലയാ ക്ലിനിക്ക് ഇന്നും മാവേലിക്കരയില്‍ ഡോക്ടറുടെ രണ്ടാമത്തെ മകനായ രവി പ്രസാദ് നടത്തുന്നു.

 

 

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.