×
login
ജന്മഭൂമി‍ ജന്മസ്ഥലത്തേക്ക്

ജന്മഭൂമിയുടെ ബീജാവാപവും ഏതാണ്ട് നാലരപ്പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേസരി വാരിക പ്രവര്‍ത്തിച്ചിരുന്ന പാളയം റോഡിലെ വെങ്കിടേശ് ബില്‍ഡിങ്ങില്‍ ആയിരുന്നു. അതായത് ജന്മഭൂമിയുടെ അന്‍പതാം വര്‍ഷം ഒരു വിളിപ്പാടകലെ മാത്രം നില്‍ക്കുമ്പോള്‍ ഇരു സ്ഥാപനങ്ങളും കേരളത്തിലെ ദേശീയബോധ പ്രചോദിതര്‍ക്കു സന്തോഷവും പ്രത്യാശയവും നല്‍കിക്കൊണ്ട് വീണ്ടും ഒരിടത്തെത്തിയിരിക്കുന്നു. അതായത് ജന്മഭൂമി അതിന്റെ ജന്മസ്ഥലത്തു ഇടംപിടിച്ചു

ന്മഭൂമി ജന്മസ്ഥലത്തേക്ക് ജന്മഭൂമി കോഴിക്കോട്ടെ ആസ്ഥാനം പുതിയ സ്ഥലത്തേക്കു മാറ്റുന്ന പ്രക്രിയയിലാണല്ലൊ. കോഴിക്കോട്ടു മഹാനഗരത്തിന് തന്നെ അലങ്കാരമായി വിലസുന്ന കേസരിഭവനിലാണ് ഇനിമുതല്‍ ജന്മഭൂമിയുടെ സ്വസ്ഥാനമെന്നത് സന്തോഷവും ചാരിതാര്‍ഥ്യവും നല്‍കുന്നു. ജന്മഭൂമിയുടെ ബീജാവാപവും ഏതാണ്ട് നാലരപ്പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേസരി വാരിക പ്രവര്‍ത്തിച്ചിരുന്ന പാളയം റോഡിലെ വെങ്കിടേശ് ബില്‍ഡിങ്ങില്‍ ആയിരുന്നു. അതായത് ജന്മഭൂമിയുടെ അന്‍പതാം വര്‍ഷം ഒരു വിളിപ്പാടകലെ മാത്രം നില്‍ക്കുമ്പോള്‍ ഇരു സ്ഥാപനങ്ങളും കേരളത്തിലെ ദേശീയബോധ പ്രചോദിതര്‍ക്കു സന്തോഷവും പ്രത്യാശയവും നല്‍കിക്കൊണ്ട് വീണ്ടും ഒരിടത്തെത്തിയിരിക്കുന്നു. അതായത് ജന്മഭൂമി അതിന്റെ ജന്മസ്ഥലത്തു ഇടംപിടിച്ചു.

1967 ല്‍ കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം സൃഷ്ടിച്ച പ്രത്യാശയും പ്രചോദനവുമാണ് ജന്മഭൂമി ദിനപത്രത്തിന്റെ പ്രാരംഭത്തിന് ഹേതുവായത്. ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയെന്ന സംഘനിര്‍ദ്ദിഷ്ടമായ ചുമതല വഹിച്ചിരുന്നതിനാല്‍ ഈ ലേഖകന്‍ സ്വാഭാവികമായും പുതിയ ദിനപത്രത്തിന്റെ പ്രവര്‍ത്തനച്ചുമതല വഹിച്ചു. അതിനു പ്രചോദനമായി കോഴിക്കോട്ടെ ആദ്യകാല സ്വയംസേവകരാണ് മുന്നോട്ടുവന്നത്. ജനസംഘത്തിന്റെ സംസ്ഥാന സമിതി 1969 ല്‍ തലശ്ശേരിയില്‍ യോഗം ചേര്‍ന്നപ്പോള്‍ കെ. രാമന്‍പിള്ള ഇക്കാര്യം ഉന്നയിക്കുകയും അവിടെ പ്രമേയം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം കേവലം കാര്യാലോചനകളായി രണ്ടു വര്‍ഷം നിലനിന്നു. പിന്നീട് സര്‍വശ്രീ യു. ദത്താത്രയറാവു; എം. ശ്രീധരന്‍, കെ.സി. ശങ്കരന്‍, പുന്നത്തു ചന്ദ്രന്‍, വി.സി.അച്ചുതന്‍, എ.പി. ചാത്തുക്കുട്ടി, സി. പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രമോട്ടര്‍മാരായി മാതൃകാ പ്രചരണാലയം എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. മൂലധന സമാഹരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി ആരംഭിച്ചു. ദിനപത്രമാരംഭിക്കുക എന്നത് എത്ര പ്രയാസം നിറഞ്ഞ സംഗതിയാണെന്ന് അതോടെ ബോധ്യമായി.

പ്രമോട്ടര്‍മാരുടെ ഉത്സാഹത്തില്‍ ധനശേഖരണം തുടര്‍ന്നു. 1974 ആയപ്പോള്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും ഉന്നത ചുമതലകള്‍ വഹിച്ചിരുന്ന പരമേശ്വര്‍ജി, ഒ. രാജഗോപാല്‍, സുന്ദര്‍സിങ് ഭണ്ഡാരി, ഭാസ്‌കര്‍ റാവുജി, മാ.യാദവ റാവു ജോഷി മുതലായവര്‍ എറണാകുളത്ത് ഒരുമിച്ചിരുന്ന് സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന ഈ ലേഖകനെ പത്രം ആരംഭിക്കാനുള്ള ഭാരമേല്‍പ്പിക്കുകയായിരുന്നു.

എന്നിട്ടും പ്രഭാതപ്പതിപ്പായി ഒരു പൂര്‍ണ ദിനപത്രം തുടങ്ങുകയെന്ന ഭാരം പ്രശ്‌നമായി തുടര്‍ന്നു. കേരളത്തിലുടനീളമുള്ള വരെ സമീപിച്ച് ഓഹരികളെടുപ്പിക്കാന്‍ നടത്തിയ യാത്രയുടെ ആവേശകരമായ അനുഭവങ്ങള്‍ക്കൊപ്പം വിപരീതാനുഭവങ്ങളുമുണ്ടായി. സായാഹ്നപ്പതിപ്പായി പകുതി വലിപ്പത്തില്‍ പത്രം ആരംഭിക്കാനും  അതു ക്രമേണ വികസിപ്പിക്കാനുമുള്ള ഉപദേശം ലഭിച്ചു.

പക്ഷേ അതിന് പ്രവര്‍ത്തിക്കാന്‍ ഒരിടമുണ്ടായിരുന്നില്ല. ജനസംഘ സംസ്ഥാന കാര്യാലയം എറണാകുളത്തേക്ക് മാറ്റിയതോടെ, പാളയം റോഡിലെ സ്ഥലത്തു കുറച്ചു ഇടം ഒഴിവാക്കിയെടുക്കാന്‍ കഴിഞ്ഞു. പത്രത്തിന് അപ്പോഴും പേര് കിട്ടിയിരുന്നില്ല. വിളംബരം എന്ന പേര്‍ ലഭ്യമായിരുന്നെങ്കിലും അതിന് പത്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു സന്ദേശം നല്‍കാനാവില്ല എന്ന് പ്രമോട്ടര്‍മാര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും തോന്നി. തൃശ്ശിവപേരൂരില്‍, തുടങ്ങിയും മുടങ്ങിയും ജന്മഭൂമി  എന്ന വാരികയുണ്ടെന്നും, അതിന്റെ ഉടമ നവാബ് രാജേന്ദ്രന്‍ അതു തരാന്‍ തയാറാണെന്നും അറിവുകിട്ടി. ദത്താത്രേയ റാവുവുമൊരുമിച്ച് അതു രജിസ്റ്റര്‍ ചെയ്തു വാങ്ങാന്‍ റാവുജിയോടൊപ്പം പോയി. ധര്‍മപാലന്‍ ചെയ്ത ഒത്താശകളോടെ ജന്മഭൂമിയെ മാതൃകാ പ്രചരണാലയം രജിസ്റ്റര്‍ ചെയ്തു സ്വന്തമാക്കി.


കോഴിക്കോട്ട് കല്ലായി റോഡില്‍ പ്രവര്‍ത്തിച്ചു വന്ന കേസരിയുടെ ജയഭാരത അച്ചുകൂടത്തിലാണ് അച്ചടി ഏര്‍പ്പാടാക്കിയത്. പത്രക്കടലാസിന്റെ ക്വാട്ടാ ലഭിക്കുക അന്നു വളരെ ദുഷ്‌കരമായിരുന്നു. സായാഹ്നപ്പതിപ്പിന് വലിപ്പം ഡമി ഹാഫ് മതിയായിരുന്നു. കേസരി രാഘവേട്ടന്‍ പരിചയപ്പെടുത്തിയ മാതൃഭൂമിയിലെ ജീവനക്കാരന്‍ സുബ്രഹ്മണ്യന്‍, അവിടത്തെ ന്യൂസ് പ്രിന്റ് കട്ടിങ്‌സ് നമുക്കാവശ്യമുള്ള വലുപ്പത്തില്‍ തയാറാക്കി ലഭ്യമാക്കുമെന്നു നിര്‍ദേശം വച്ചു.

പത്രത്തിന്റെ പത്രാധിപരായി കണ്ണൂരിലെ ദേശമിത്രം, സുദര്‍ശനം പത്രങ്ങളുടെ ചുമതല വഹിച്ച പി.വി.കെ. നെടുങ്ങായിയെയാണ് സമീപിച്ചത്. കെ.ജി.മാരാര്‍ അദ്ദേഹത്തോട് വിവരങ്ങള്‍ സംസാരിച്ചു. അനുകൂലമായ പ്രതികരണം ലഭിച്ചതോടെ ഞാന്‍ കണ്ണൂരില്‍ പോയി ജോലി പൂര്‍ത്തിയാക്കി. കോഴിക്കോട്ട് താമസസൗകര്യം ഏര്‍പ്പാടാക്കി. കല്‍പ്പറ്റയിലെ എ.കെ. അനന്തയ്യാ ഗൗഡരുടെ വക അലങ്കാര്‍ ലോഡ്ജിലെ രണ്ടു മുറികള്‍ അദ്ദേഹം വിട്ടു തന്നു. ജയഭാരത് പ്രസ്സിന്റെ ഒരു മുറിയിലെ ഉപകരണങ്ങള്‍, മേശ, കസേര മുതലായവ നെടുങ്ങാടിക്കും സഹായികള്‍ക്കും ലഭ്യമാക്കാന്‍ രാഘവേട്ടന്‍ തയാറായി.

നെടുങ്ങാടിയുടെ സഹായത്തിനായും പത്രം കാര്യക്ഷമമായി നടത്താനും പ്രവര്‍ത്തിച്ച ഏതാനും പേരെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. കോഴിക്കോട്ട് നഗരത്തിലും പരിസരങ്ങളിലുമുള്ള വാര്‍ത്തകള്‍ ശേഖരിച്ച് എത്തിക്കാന്‍ പി.ടി. ഉണ്ണി മാധവന്‍. പിന്നീടദ്ദേഹം കോഴിക്കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ മുന്‍പനായി. നെടുങ്ങാടിയെ സഹായിക്കാന്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ച കക്കട്ടില്‍ രാമചന്ദ്രന്‍. നാദാപുരത്തിനടുത്ത് കക്കട്ട് സ്വദേശിയായ അദ്ദേഹം മട്ടന്നൂര്‍ പഴശ്ശിരാജാ കോളജിലെ വിദ്യാര്‍ത്ഥി പരിഷത്ത് നേതാവായിരുന്നു. സിദ്ധാര്‍ഥന്‍ കോട്ടായി എന്നും ഉച്ചതിരിഞ്ഞ് പ്രസ്സിലെത്തിയാല്‍ സന്ധ്യ കഴിയുവോളം എന്താവശ്യവും നിറവേറ്റുമായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ വിളിച്ചു കുശലമന്വേഷിക്കാറുണ്ട്. എല്ലാറ്റിനും പുറമേ പുത്തൂര്‍മഠം ചന്ദ്രന്‍. തുടക്കം മുതല്‍, രാത്രി വരെ ഓഫീസിലിരുന്ന് മുഴുവന്‍ കൃത്യങ്ങളും നിര്‍വഹിക്കുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി എറണാകുളത്തു പുനഃപ്രസിദ്ധീകരണമാരംഭിച്ചപ്പോഴും സബ് എഡിറ്ററും ന്യൂസ് എഡിറ്ററുമായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനം 1983 ല്‍ ഫൈസാബാദില്‍ നടത്തപ്പെട്ടപ്പോള്‍ അതില്‍ പങ്കെടുത്ത് രാമക്ഷേത്രം തകര്‍ത്ത മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പണിയിച്ച പള്ളിയില്‍ കയറി, അവിടെ രാമഭക്തര്‍ സ്ഥാപിച്ച വിഗ്രഹങ്ങളെ ആരാധിച്ചുമടങ്ങി. യുപി സര്‍ക്കാരിന്റെ ചില പ്രസിദ്ധീകരണങ്ങളും കൊണ്ടുവന്നു. താന്‍ കണ്ടതും അനുഭവിച്ചതുമായ സംഗതികളെപ്പറ്റി ജന്മഭൂമിയില്‍ 36 ഖണ്ഡങ്ങളുള്ള ഒരു പരമ്പര തന്നെ എഴുതിയിരുന്നു. മലയാള പത്രരംഗത്ത് ആദ്യമായിരുന്നു ഇത്തരം ഒരു പരമ്പര.

ജനസംഘം ഓഫീസിലെ മണ്ടിലേടത്തു ശ്രീധരന്‍, ഗോപി തുടങ്ങിയവരും അന്നു അമൂല്യ സേവനം നിര്‍വഹിച്ചിരുന്നു. 1975 ജൂലൈ വരെയാണ് ജന്മഭൂമി ഇറങ്ങിയത്. രണ്ടുമാസം. അതിനിടെ കോഴിക്കോട്ടെ ജയപ്രകാശ് നാരായണന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തു. സാമൂതിരി ഹൈസ്‌കൂളില്‍ നടന്നുവന്നപ്പോള്‍ സംഘശിക്ഷാവര്‍ഗ് അദ്ദേഹം സന്ദര്‍ശിച്ചു. സര്‍കാര്യവാഹ് മാ. മാധവറാവു മൂല്യേ അദ്ദേഹത്തെ സ്വീകരിച്ച് സ്വാഗതം ചെയ്തു. താന്‍ സംഘവുമായി ബന്ധപ്പെട്ട പശ്ചാത്തലം വിവരിച്ചശേഷം ''സംഘം വര്‍ഗീയമാണെങ്കില്‍ ഞാനും  വര്‍ഗീയനാണ്'' എന്ന ഏറെ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായം അവിടെ പ്രകടിപ്പിച്ചതായിരുന്നു.

1975 ജൂലായ് 1, 2 തീയതികളില്‍ ജനസംഘത്തിന്റെ സംസ്ഥാന പ്രതിനിധി സഭ ചേരാനിരിക്കെ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നൂറിലേറെ പ്രതിനിധികള്‍ നഗരത്തിലെത്തിയിരുന്നു. അവര്‍  വിവിധ സ്ഥാനങ്ങളില്‍ രാത്രി കഴിയവേ, കേരളത്തിലെ പൊതുവായ അറസ്റ്റുകളില്‍പ്പെട്ടു. ജന്മഭൂമി പ്രവര്‍ത്തിച്ചു വന്ന സ്ഥലമായിരുന്നു പോലീസ് റെയ്ഡിന്റെ മുഖ്യ ലക്ഷ്യം, അതേ കെട്ടിടത്തിലുണ്ടായിരുന്ന കേസരി ഓഫീസും ആക്രമിക്കപ്പെട്ടു. ഔപചാരികമായ നിരോധനമില്ലെങ്കിലും പ്രവര്‍ത്തനമസാധ്യമായി. നെടുങ്ങാടി, പി.  നാരായണന്‍, കക്കട്ടില്‍ രാമചന്ദ്രന്‍, അഴിക്കോടന്‍ ദാമോദരന്‍, വി. രവീന്ദ്രന്‍ എന്നിവരാണ് ജന്മഭൂമിയുമായി ബന്ധപ്പെട്ടു തടവിലായത്. നെടുങ്ങാടിയെയും രാമചന്ദ്രനെയും കുറ്റം ചുമത്താതെ മോചിപ്പിച്ചുവെങ്കിലും മറ്റുള്ളവര്‍ വിചാരണയ്ക്കു വിധേയമായി.

ജന്മഭൂമിയുടെ ആസ്ഥാനം അടിയന്തരാവസ്ഥയ്ക്കു ശേഷം എറണാകുളത്തേക്കു മാറ്റപ്പെട്ടു. സി. പ്രഭാകരനെയും ദത്താത്രയ റാവുവിനെയും പോലുള്ളവരുടെ കഠിന യത്‌നത്തിന്റെ ഫലമായി വീണ്ടും കോഴിക്കോട്ട് പതിപ്പു ആരംഭിച്ചു. പലയിടങ്ങളിലും താവളമാക്കിയശേഷം, നഗരത്തിന്റെ പ്രൗഢഗംഭീരമായ മധ്യ ഭാഗത്ത് ചാലപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കേസരി സൗധത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കോഴിക്കോടിന്റെ മാത്രമല്ല മലബാറിന്റെയാകെ, ബൗദ്ധിക, സാംസ്‌കാരിക മസ്തിഷ്‌കമായി ഈ സ്ഥലം പേരെടുക്കുന്ന കാലം വിദൂരമല്ല എന്നാശിക്കുന്നു.

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.