×
login
വിശിഷ്ടാംഗത്തിന്റെ സൂക്ഷ്മ ദൃഷ്ടി

ഒരു വ്യാഴവട്ടം മുന്‍പ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ഭാരത സ്ത്രീ എന്ന ബൃഹദ് ഗ്രന്ഥം ഈയിടെ വാങ്ങാനും വായിക്കാനും അവസരമുണ്ടായി. ആയിരത്തോളം പുറങ്ങളുള്ള ആ മഹാഗ്രന്ഥത്തിന്റെ രചയിത്രി ലീലാവതി ടീച്ചറാണ് എന്ന് അറിഞ്ഞതുകൊണ്ടാണ് വായിക്കാന്‍ ഔത്സുക്യം വന്നത്. ടീച്ചര്‍ ഈ മഹാഗ്രന്ഥ രചനയ്ക്കു തുനിഞ്ഞത് കെ.കെ. ബിര്‍ളാ ഫൗണ്ടേഷന്‍ നല്‍കിയ ഫെല്ലോഷിപ്പ് മൂലമാണെന്ന് വ്യക്തമാക്കുന്നു. ഗുരുതുല്യനായ പൂര്‍വശിഷ്യന്‍ ബി. വിജയരാഘവന്‍ നല്‍കിയ സഹകരണത്തെയും പരാമര്‍ശിക്കുന്നു. ഒ.എം.സി. നമ്പൂതിരിപ്പാടിന്റെ ഋഗ്വേദ തര്‍ജിമയും തനിക്കുപകാരമായി എന്നവര്‍ പറയുന്നു.

ഡോ.എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കിയതായ വാര്‍ത്ത കഴിഞ്ഞയാഴ്ച വിവിധ മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതില്‍ സന്തോഷം തോന്നിയത് സ്വാഭാവികമായിരുന്നെങ്കിലും, ആ ബഹുമതി സമ്മാനിക്കുന്നതിന് ടീച്ചര്‍ക്ക് തൊണ്ണൂറുകഴിയുന്നതുവരെ അക്കാദമിത്തലവന്‍ മടിച്ചതെന്തിനാണെന്ന കാര്യമാണ് വിസ്മയകരം. ഉത്തര കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വന്ദനീയയും പ്രിയപ്പെട്ടവളുമായ ആരാധനാ ബിംബമാണവര്‍. അവരുടെ ഔപചാരിക ശിഷ്യത്വം നേടാന്‍ എനിക്കവസരമുണ്ടായിട്ടില്ല. എന്നാല്‍ അവരുടെ ലേഖനങ്ങള്‍ താല്‍പര്യപൂര്‍വം വായിച്ചു അന്തസ്സുറ്റ ഭാഷാ ശൈലിയുമായി പരിചയപ്പെട്ട് ഒരാറുപതിറ്റാണ്ടെങ്കിലുമായിക്കാണും. സംഘപ്രചാരകനായും പിന്നീട് ജന്മഭൂമിയുമായി ബന്ധപ്പെട്ടും ഉത്തരകേരളത്തില്‍ നൂറുകണക്കിന് കോളജ് വിദ്യാര്‍ത്ഥികളുമായി അടുത്തു ബന്ധപ്പെടാനിടയായപ്പോള്‍ അവരില്‍നിന്നാണ് ലീലാവതി ടീച്ചര്‍ സാഹിത്യരംഗത്ത് എത്ര ഉന്നത സ്ഥാനത്താണെന്ന് അറിയാന്‍ കഴിഞ്ഞത്. എറണാകുളത്തെ പ്രാന്തകാര്യാലയത്തില്‍ താമസിച്ച് മഹാരാജാസ് കോളജില്‍നിന്നു മലയാള സാഹിത്യത്തില്‍ ബിരുദപഠനം നടത്തി, തുടര്‍ന്ന് ജന്മഭൂമിയുടെ തന്നെ ഭാഗമായ കെ. മോഹന്‍ദാസിന്റെയും മറ്റു പലരുടെയും മലയാള ശൈലി രൂപംകൊണ്ടതില്‍ ടീച്ചറുടെ ടച്ച് നന്നായി പതിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ പഠനത്തിനുശേഷം ഹിന്ദി രണ്ടാം ഭാഷയായി എടുത്ത് ചരിത്രത്തില്‍ ബിരുദം നേടിയ മകന്‍ അനു നാരായണന്‍ കേരള പ്രസ് അക്കാദമിയില്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ അവിടെ മലയാള ഭാഷയുടെ 'എഴുത്ത്' പഠിപ്പിച്ചിരുന്ന ലീലാവതി ടീച്ചറുടെ ക്ലാസ്സുകളെപ്പറ്റി ഏറെ പ്രശംസിക്കുമായിരുന്നു. തെറ്റില്ലാതെയും കുറിക്കുകൊള്ളുന്ന വിധത്തിലും മലയാളം എഴുതുകയാണല്ലോ പത്രഭാഷയുടെ സവിശേഷത. അയാളും ടീച്ചറില്‍നിന്ന് ഉള്‍ക്കൊണ്ട ആ ജ്ഞാനം വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

ഒരു വ്യാഴവട്ടം മുന്‍പ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ഭാരത സ്ത്രീ എന്ന ബൃഹദ് ഗ്രന്ഥം ഈയിടെ വാങ്ങാനും വായിക്കാനും അവസരമുണ്ടായി. ആയിരത്തോളം പുറങ്ങളുള്ള ആ മഹാഗ്രന്ഥത്തിന്റെ രചയിത്രി ലീലാവതി ടീച്ചറാണ് എന്ന് അറിഞ്ഞതുകൊണ്ടാണ് വായിക്കാന്‍ ഔത്സുക്യം വന്നത്. ടീച്ചര്‍ ഈ മഹാഗ്രന്ഥ രചനയ്ക്കു തുനിഞ്ഞത് കെ.കെ. ബിര്‍ളാ ഫൗണ്ടേഷന്‍ നല്‍കിയ ഫെല്ലോഷിപ്പ് മൂലമാണെന്ന് വ്യക്തമാക്കുന്നു. ഗുരുതുല്യനായ പൂര്‍വശിഷ്യന്‍ ബി. വിജയരാഘവന്‍ നല്‍കിയ സഹകരണത്തെയും പരാമര്‍ശിക്കുന്നു. ഒ.എം.സി. നമ്പൂതിരിപ്പാടിന്റെ ഋഗ്വേദ തര്‍ജിമയും തനിക്കുപകാരമായി എന്നവര്‍ പറയുന്നു.

ഭാരതത്തില്‍ സ്ത്രീക്കുണ്ടായിരുന്ന പദവികളെന്തായിരുന്നു എന്ന വസ്തുത ഗ്രന്ഥത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ഈ വിഷയത്തെ ആധുനിക വിദ്യാഭ്യാസം നേടിയവര്‍ കൈകാര്യം ചെയ്തിട്ടുള്ളത് തികച്ചും പാശ്ചാത്യവീക്ഷണത്തിലാണ്. മലയാള സാഹിത്യത്തില്‍ ക്രൈസ്തവ സംസ്‌കാരവും, ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായ വിക്‌ടോറിയന്‍ സദാചാരബോധവുമാണ് സ്ത്രീകളുടെ സ്ഥാനം ഏറ്റവും പരിതാപകരമാക്കിയത് എന്നു തോന്നുന്നു. ഇന്നും അതിനു മാറ്റമില്ല. ഇസ്ലാമിക വാഴ്ചക്കാലത്ത് ആ സംസ്‌കാരത്തിലെ സ്ത്രീകളുടെ സ്ഥാനത്തെയും ബാധിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന താലിബാന്‍ തേര്‍വാഴ്ചയില്‍ അവിടത്തെ സ്ത്രീകള്‍ കടന്നുപോകുന്ന ദുരിതം പിടിച്ച വഴികള്‍ നിത്യേന മാധ്യമങ്ങളില്‍ വായിക്കാനാകുന്നുണ്ട്. നാമിതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത എത്രയോ വിശിഷ്ടാംഗനമാര്‍ വേദകാലത്ത് സര്‍വാദൃതകളായി വിലസിയിരുന്നുവെന്നു ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ വിശകലനങ്ങള്‍ എത്രത്തോളം വ്യാപകമായ തലങ്ങളെ സ്പര്‍ശിച്ചുള്ളവയാണെന്നതു നമ്മെ അദ്ഭുതപ്പെടുത്തും. പ്രതീകാത്മക സ്ത്രീസത്തകള്‍ വേദങ്ങളിലും ഉപനിഷത്തുകളിലും, ബുദ്ധമത കാലഘട്ടത്തിലെ ഥേരിമാര്‍ എന്ന ഭാഗത്തിലും പുതിയ വെളിച്ചം നല്‍കുന്നു. അവരില്‍ മാതംഗി, വാസവദത്ത, അംബപാലി മുതലായവര്‍ മലയാള സാഹിത്യത്തിലൂടെ നമുക്ക് സുപരിചിതരാണ്.

ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും സ്ത്രീകളെപ്പറ്റിയുള്ള വിശകലനത്തില്‍ ടീച്ചര്‍ ആരെയും ഒഴിവാക്കിയിട്ടില്ല; രാമായണത്തിലും മഹാഭാരതത്തിലും വരുന്ന സ്ത്രീകളെയെല്ലാം. മനുഷ്യരും രാക്ഷസിമാരും അപ്‌സരസ്സുകളും അതില്‍പ്പെടുന്നു. കാളിദാസന്റെയും മറ്റും മഹാകാവ്യങ്ങളിലും നാടകങ്ങളിലും ഗദ്യപദ്യകൃതികളിലും വിവരിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീ കഥാപാത്രങ്ങളും പരാമര്‍ശിക്കപ്പെടുന്നു.

മലയാള ഭാഷയിലെ വിവിധതരം കൃതികളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ പഠനവും നിരീക്ഷണവും അതില്‍ ടീച്ചര്‍ കാണിച്ച ഔചിത്യദിക്ഷയും, വിശകലനവും ശ്രദ്ധേയമാണ്. തന്റെ സാഹിത്യ വിമര്‍ശനങ്ങളില്‍ കുട്ടികൃഷ്ണ മാരാര്‍ കാണിച്ച നിഷേധാത്മകവും ധിക്കാരം നിറഞ്ഞതുമായ പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെടുന്നു. മലയാളത്തിലെ മഹാകവിത്രയങ്ങളുടെ സ്ത്രീകഥാപാത്രങ്ങളെയും ടീച്ചര്‍ വിശകലന വിഷയമാക്കി. ഒഎന്‍വി, വൈലോപ്പിള്ളി, ബാലാമണിയമ്മ എന്നിവരുടെ പാത്രങ്ങളെയും വിശകലന വിധേയമാക്കി.

മലയാള നാടകങ്ങള്‍, നോവലുകള്‍ തുടങ്ങിയ രചനകള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവയുടെയെല്ലാം ഗ്രന്ഥകര്‍ത്താക്കളെ ടീച്ചര്‍ക്ക് നന്നായി പരിചയമുണ്ടാകും.

എന്നാല്‍ അക്കൂട്ടത്തില്‍ ഗോപാല്‍ജി എഴുതി പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം രണ്ടാം പതിപ്പിറക്കിയ 'കോസലവധു' എന്ന പുസ്തകം ഏതാണ്ട് മൂന്നു പുറങ്ങള്‍ വിശകലനം ചെയ്തുകണ്ടതെന്നെ വിസ്മയിപ്പിച്ചു. ഗ്രന്ഥകര്‍ത്താവിനെപ്പറ്റി ടീച്ചര്‍ക്ക് എത്ര അറിവുണ്ട് എന്നു സംശയമുണ്ട്. അതിലെ കോസല വധു സീതയാണ്. സീതയെപ്പറ്റി രാമായണത്തിലെ മറ്റു കഥാപാത്രങ്ങളുടെ ആത്മഗത രൂപത്തില്‍ വിവരിക്കുന്ന രീതിയിലാണ് പുസ്തകം. 1990 കളില്‍ വിലങ്ങന്‍ ആശ്രമം രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ച കോസലവധുവിനെയും ഗോപാല്‍ജിയെയും പറ്റി ടീച്ചര്‍ക്ക് അറിവില്ല എന്നു സംശയിക്കുന്നു. ഗോപാല്‍ജിയുടെ സംഘപഥത്തിലെ അവിസ്മരണീയമായ പ്രയാണമാണ് ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

1977 വരെ ഭാരതീയ ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി ഏതാനും വര്‍ഷമുണ്ടായിരുന്നു. കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത് വേങ്ങരയെന്ന ദേശത്തെ സ്വയംസേവകനായിരുന്നു അദ്ദേഹം. ഞാന്‍ കണ്ണൂര്‍ ജില്ലാപ്രചാരകനായിരുന്ന കാലത്ത് എത്രയോ രാത്രികള്‍ ഗോപാലന്റെ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. അമ്മ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. വെറുമൊരു കുടിലായിരുന്നു വീട്. സ്വയംസേവകര്‍ ചേര്‍ന്നു വീട് ഓലമേഞ്ഞ് കൊടുക്കുമായിരുന്നു. പഴയ മലബാറിലെ എലിമന്ററി വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. കലാസാഹിത്യാദി മേഖലകളില്‍ അതിയായ താല്‍പ്പര്യം പുലര്‍ത്തിയ വേങ്ങര ശാഖയിലെ സ്വയംസേവകര്‍ പൂരക്കളിയും കോല്‍കളിയും പഠിച്ച് അരങ്ങേറുമായിരുന്നു. ഡോക്ടര്‍ജി സംഘമാരംഭിച്ചു വളര്‍ത്തിയതിനെ വിഷയമാക്കി അവര്‍ പൂരക്കളി തയാറാക്കി. അതു കണ്ടാസ്വദിക്കാന്‍ എനിക്കവസരമുണ്ടായി. രാജസൂയം എന്ന പൂരക്കളിയുടെ ഛായയിലായിരുന്നു അത്. 'കമ്മാരന്‍' എന്ന സ്വയംസേവകനായിരുന്നു അതിന്റെ മര്‍മ്മജ്ഞന്‍. അദ്ദേഹം മൈസൂര്‍ സ്റ്റേറ്റിലെവിടെയോ ജോലി തേടിപ്പോയി കുറേക്കാലം പ്രചാരകനായും പ്രവര്‍ത്തിച്ചു. വി.പി. ജനേട്ടനായിരുന്നു അന്ന് കണ്ണൂര്‍ ജില്ലാ പ്രചാരക്. ഏതാണ്ട് നാല് പതിറ്റാണ്ടുകള്‍ക്കുശേഷം 2004 ലോ 2005 ലോ എറണാകുളം ഭാസ്‌കരീയത്തില്‍ നടത്തപ്പെട്ട ഭാസ്‌കര്‍ റാവു അനുസ്മരണ ശിബിരത്തില്‍ കമ്മാരനെത്തിയിരുന്നു. പരസ്പരം കേള്‍വിയിലൂടെ മാത്രം അറിഞ്ഞിരുന്ന ഞങ്ങള്‍ക്ക് അതൊരു അവാച്യാനുഭവമായിരുന്നു.

ഗോപാലന്‍ സംഘപ്രവര്‍ത്തനത്തില്‍ സജീവമായി തുടര്‍ന്നു. 1973 ല്‍ കണ്ണൂരില്‍ ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം ആസൂത്രണം ചെയ്തപ്പോള്‍ അതില്‍ സജീവമായി. കെ.ജി. മാരാരുടെ സമ്പര്‍ക്കം മൂലം കൂടുതലായി താല്‍പ്പര്യമെടുത്തു. മുഴുവന്‍ സമയവും നല്‍കാന്‍ തയാറുള്ളവരെ കണ്ടെത്താന്‍ നടത്തപ്പെട്ട യത്‌നത്തിന്റെ ഫലമായി മറ്റു ചിലരോടൊപ്പം ഗോപാലനും തയാറായി. എറണാകുളം ജനസംഘകാര്യാലയത്തെ കേന്ദ്രമാക്കി വൈപ്പിന്‍ കരയില്‍ പ്രവര്‍ത്തിക്കാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. അക്കാലത്ത് എന്റെ കൈയിലുണ്ടായിരുന്ന നാലപ്പാടന്റെ 'ആര്‍ഷജ്ഞാനം' എന്ന പ്രസിദ്ധമായ പുസ്തകം ഗോപാലന്‍ വായിക്കാന്‍ വാങ്ങുകയും അതു വളരെ ഇഷ്ടപ്പെടുകയുമുണ്ടായി. താന്‍ പോയ ഇടങ്ങളില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം മാത്രമല്ല ധാര്‍മിക കാര്യങ്ങളിലും ജനങ്ങളില്‍ താല്‍പര്യമുണ്ടാക്കാന്‍ ശ്രമിച്ചു. മാധവജിയുമായുണ്ടായിരുന്ന ദീര്‍ഘകാല സമ്പര്‍ക്കം മൂലം താന്ത്രിക കാര്യങ്ങളിലും ശ്രദ്ധ ചെന്നു. ശ്രീമദ് സിദ്ധിനാഥാനന്ദ സ്വാമി രചിച്ച 'ആദികവിയുടെ ആദര്‍ശ പുരുഷന്‍' എന്ന വിശിഷ്ട ഗ്രന്ഥം വായിച്ചപ്പോള്‍ ''സീതയെക്കുറിച്ചു ഒരു പുസ്തകം വേണം'' എന്ന ചിന്ത വളര്‍ന്നു തുടങ്ങി.

അപ്പോഴേക്കും അടിയന്തരാവസ്ഥ വന്നു. അദ്ദേഹം ജനസംഘ പ്രവര്‍ത്തനത്തെക്കാള്‍ ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ആ ഗ്രഹണകാലം കഴിഞ്ഞു ജന്മഭൂമി എറണാകുളത്തു നിന്നാരംഭിച്ചശേഷം ഒരിക്കല്‍ കാണാനെത്തുകയും 'കോസലവധു'വിന്റെ ഒരു പ്രതി സമ്മാനിക്കുകയും ചെയ്തു. പുസ്തകവുമായി അദ്ദേഹം തന്നെ നടന്നും ബുക്ക്സ്റ്റാളുകളിലേല്‍പ്പിച്ചും വില്‍പ്പന നടത്തി. ആശ്രമത്തില്‍ പോയി. അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ സമ്മതിച്ചു.

പിന്നീട് ഗോപാലന്‍ പയ്യന്നൂരില്‍ നിന്ന് ഒരു വാരിക പുറത്തിറക്കിയതായി അറിയാം. അതിനുശേഷം ആത്മീയതയിലേക്കു തിരിഞ്ഞു ദയാനന്ദ സരസ്വതി സ്വാമിയില്‍ നിന്ന് സംന്യാസം  സ്വീകരിച്ച് അട്ടപ്പാടിയിലെ ആശ്രമത്തില്‍ താമസിച്ചതായി അറിയാന്‍ കഴിഞ്ഞു. പിന്നീട് സമാധിയായ വിവരവും അറിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെപ്പറ്റി ഒന്നുമറിയാതിരിക്കുന്നതിനിടയിലാണ് ലീലാവതി ടീച്ചറുടെ 'ഭാരത സ്ത്രീ'യിലെ മൂന്നു പേജുകളില്‍ ഇടംപിടിക്കാന്‍ തക്ക പ്രാധാന്യമുള്ള വ്യക്തിത്വമായിരുന്നു ഗോപാലന്റെതു എന്ന് വെളിപാടുണ്ടായത്. നമുക്കെല്ലാം ഏറ്റവും ആദരണീയനായ ഹരിയേട്ടന്റെ 'മഹാഭാരതത്തിലെ കൃഷ്ണന്' ടീച്ചര്‍ എഴുതിയ അവതാരിക ഗംഭീരമായിരുന്നല്ലൊ.

 

  comment

  LATEST NEWS


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍


  ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും


  കുട്ടനാട്ടില്‍ വീണ്ടും പക്ഷി പനി; താറാവുകളെ കൂട്ടമായി തീയിട്ട് കൊന്നൊടുക്കും; ആശങ്കയോടെ കര്‍ഷകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.