×
login
മലയാളികള്‍ പൊന്നുവിളയിക്കുന്ന മറുനാടുകള്‍

മലയാളികള്‍ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ കന്നട നാട്ടിലേക്ക് പോകുന്നു എന്നത് പലര്‍ക്കും അത്ര സുപരിചിതമല്ല. വയനാട്ടിലേയും ഇടുക്കിയിലേയും കോട്ടയത്തേയും കര്‍ഷകര്‍ കര്‍ണ്ണാടകയിലേക്ക് കൃഷിക്കായി ചേക്കേറുകയാണ്. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍, ഹസന്‍, കെ.ആര്‍.നഗര്‍, മൈസൂരു, മാണ്ഡ്യ, ശിവമൊഗ്ഗ, ഹാന്‍പോസ്റ്റ്, ഗുണഗുണ്ടല്‍പേട്ട്, എച്ച്.ടി. കോട്ട, ഗുരുപുര, പെരിയപട്ടണം, മാതാപുര, രത്‌നഗിരി, ബാച്ചള്ളി, ബീറ്റ്‌നള്ളി എന്നീ ഭാഗങ്ങളില്‍ കര്‍ഷകരായുള്ളത് മലയാളികളാണ്. ഇഞ്ചി, മഞ്ഞള്‍, വാഴ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണു പ്രധാന വിളകള്‍

സുനീഷ് മണ്ണത്തൂര്‍

കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമങ്ങളിലൂടെ കടന്നുചെന്നപ്പോള്‍ ആദ്യം അത്ഭുതപ്പെടുത്തിയത് ഉയര്‍ന്ന നിലവാരത്തില്‍ ടാറിങ് ചെയ്ത റോഡുകളാണ്. അധികം വാഹനങ്ങള്‍ ഉരുളാത്ത ആ വഴികള്‍ അത്രയും നന്നാക്കിയിട്ടിരിക്കുന്നു. ഇടക്കിടക്ക്  ഇരമ്പിപ്പായുന്ന വാഹനങ്ങള്‍ക്കൊപ്പം കിതച്ചെത്തുന്ന കാളകൂറ്റന്മാരും കാളവണ്ടികളും നിരനിരയായി പോകുന്നു. ഉള്ളിനെ കുളിരണയിക്കുന്ന ആ കാഴ്ച ആരും മണിക്കൂറുകളോളം നോക്കിനിന്നു പോകും. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകള്‍! ഒരുവലിയ വിഭാഗം ജനങ്ങളുടെ സ്വപ്‌നഭൂമികളാണ് അവ. ആ സ്വപ്‌ന ഭൂമിയിലൂടെ നടത്തിയ യാത്ര ഏറെ ഹൃദ്യമായിരുന്നു.  

നമ്മുടെ നാട്ടില്‍ സ്വപ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കൃഷിയുടെ സ്വരൂപം കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ കാണാം. ഈ കാഴ്ചകള്‍ കണ്ടിട്ട് നമ്മള്‍ പറയും കര്‍ണ്ണാടക ഇപ്പോഴും എണ്‍പതുകളിലാണെന്ന്! കര്‍ണ്ണാടകയിലെ കാര്‍ഷികമേഖലയിലെ വികസനവും കാഷിക ഗ്രാമങ്ങളുടെ വികസനവും കാണാന്‍ ആ വഴികളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മാത്രം മതിയാകും. ജനവാസകേന്ദ്രങ്ങളിലെ ആധുനിക സൗകര്യങ്ങള്‍ കൃഷിയിടത്തിലേക്ക് അവര്‍ കൊണ്ടുവന്നിട്ടില്ല. കൃഷിയിടങ്ങള്‍ എന്നും കൃഷിയിടമായി കാണുവാനാണ് അവര്‍ക്കിഷ്ടം. അതുകൊണ്ടു തന്നെയാണ് സ്വന്തം കൃഷിയിടത്തില്‍ നിന്ന് മാറി ചെറിയ ടൗണ്‍ഷിപ്പുകളുണ്ടാക്കി അവിടെ അവര്‍ കുടുബവും കൂട്ടുകുടുംബവുമൊക്കെയായി  സന്തോഷിക്കുന്നത്.

 

 •  കൃഷി അതല്ലെ  എല്ലാം

മലയാളികള്‍ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ കന്നട നാട്ടിലേക്ക് പോകുന്നു എന്നത് പലര്‍ക്കും അത്ര സുപരിചിതമല്ല. വയനാട്ടിലേയും ഇടുക്കിയിലേയും കോട്ടയത്തേയും കര്‍ഷകര്‍ കര്‍ണ്ണാടകയിലേക്ക് കൃഷിക്കായി ചേക്കേറുകയാണ്. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍, ഹസന്‍, കെ.ആര്‍.നഗര്‍, മൈസൂരു, മാണ്ഡ്യ, ശിവമൊഗ്ഗ, ഹാന്‍പോസ്റ്റ്, ഗുണഗുണ്ടല്‍പേട്ട്, എച്ച്.ടി. കോട്ട, ഗുരുപുര, പെരിയപട്ടണം, മാതാപുര, രത്‌നഗിരി, ബാച്ചള്ളി, ബീറ്റ്‌നള്ളി എന്നീ ഭാഗങ്ങളില്‍ കര്‍ഷകരായുള്ളത് മലയാളികളാണ്. ഇഞ്ചി, മഞ്ഞള്‍, വാഴ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണു പ്രധാന വിളകള്‍.

പ്രതിവര്‍ഷം പാട്ടം നല്‍കിയാല്‍ ഏക്കര്‍ കണക്കിനു ഭൂമി ലഭിക്കും. വിശാലമായ ഭൂമി തടസ്സമില്ലാതെ വൈദ്യുതി, അതും സൗജന്യം. വിത്തുകളുടെ ലഭ്യത, ഉപകരണങ്ങളുടെ ലഭ്യത, തൊഴില്‍ പ്രശ്‌നങ്ങളില്ലാത്ത അന്തരീക്ഷം, ഇഷ്ടംപോലെ തൊഴിലാളികള്‍. ഭൂമി ദീര്‍ഘകാലം പാട്ടത്തിന് ലഭിക്കുവാനും സാഹചര്യമുണ്ട്. ജീവിത ചെലവ് കുറവായതിനാല്‍ ഇവിടെ കൂലി കുറവാണ്. പുരുഷന്മാര്‍ക്ക് 300 മുതല്‍ 500 രൂപയും, സ്ത്രീകള്‍ക്ക് 150 മുതല്‍ 250 രൂപവരെയുമാണ് കൂലി. ജലസേചന സൗകര്യങ്ങളുമുണ്ട്. കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് ആവശ്യത്തിന് വെള്ളം ഉപയോഗിക്കാം. കൃഷി സംബന്ധമായ എല്ലാ സാഹചര്യങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കിത്തരും.

 

 • നിഷാദിന്റെ പരീക്ഷണശാലകള്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നുള്ള നിഷാദ് എന്ന ചെറുപ്പക്കാരന്‍ ആറ് ഏക്കറോളം ഭൂമി പാട്ടത്തിന് എടുത്ത് സ്വന്തമായാണ് കൃഷി ചെയ്യുന്നത്.  വാഴയാണ് പ്രധാന കൃഷിയെങ്കിലും തണ്ണിമത്തന്‍, പച്ചമുളക്, തക്കാളി, വെണ്ടക്ക, ക്യാബേജ്, കാരറ്റ്, ഉരുളന്‍കിഴങ്ങ്, സവോള എന്നിവയിലും പരീക്ഷണങ്ങള്‍ നടത്തി. കൊവിഡ് കാലം കടുത്ത പ്രതിസന്ധി ആയിരുന്നു. ആ സമയത്തായിരുന്നു നിഷാദ് ഹുന്‍സൂരിലെത്തിയത്. ഇക്കഴിഞ്ഞ വിളവ് നല്ല ഫലം കണ്ടു. തണ്ണിമത്തന്‍, പച്ചമുളക് എന്നിവ ലാഭകരമായിരുന്നു. ഇഞ്ചികൃഷി വിളവിന് തയ്യാറായിക്കഴിഞ്ഞു.

അട്ടപ്പാടിയില്‍ നിന്ന് വാഴകൃഷി ഉള്‍പ്പെടെ ചെയ്ത് ഫലംകിട്ടാതെ വലിയ ബാധ്യതയുമായാണ് ഇടുക്കിയിലെ തൊടുപുഴ വഴിത്തലയില്‍ നിന്നും അഗസ്റ്റിന്‍ ജോസഫ് എന്ന കര്‍ഷന്‍ ഹുന്‍സൂരിലെത്തിയത്. ഇവിടെ കര്‍ഷകതൊഴിലാളിയാണ്.  ഇഞ്ചികൃഷിയിലാണ് തുടക്കമിട്ടത്. കൊവിഡിന്റ പ്രതിസന്ധി വല്ലാതെ തകര്‍ത്തിരുന്നു. എകസ്‌പോര്‍ട്ടിങ് നിലച്ചതാണ് കാരണം. ഇക്കുറിയും ഇഞ്ചിയിലാണ് ഉറച്ചുനില്‍ക്കുന്നത്. മലയാളികളുടെ കൃഷിയിടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് ഇപ്പോള്‍.  


കൃഷി ചെയ്താല്‍ മാര്‍ക്കറ്റ് കണ്ടെത്താന്‍ ഒരു വിഷമവുമില്ല. ഇടനിലക്കാരും കച്ചവടക്കാരും കൃഷിയിടത്തില്‍ നേരിട്ടെത്തി വിലപറഞ്ഞ്  കൊണ്ടുപൊയ്‌ക്കോളും. ഹുന്‍സൂരിലേയും രത്‌നഗിരിയിലേയും മാര്‍ക്കറ്റിലും ഉയര്‍ന്ന വില ലഭിക്കും. ഇടനിലക്കാരുടെയോ കച്ചവടക്കാരുടെയോ തൊഴിലാളികള്‍ എത്തി വേണമെങ്കില്‍ വിളവും എടുത്തുകൊള്ളും.

 

 • പാട്ടത്തിന് ഭൂമിയും സൗകര്യങ്ങളും  

കര്‍ണ്ണാടക സര്‍ക്കാര്‍  മുന്‍പ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ മൂന്നേക്കര്‍വരെ വനഭൂമി കൃഷിക്ക് അനുയോജ്യമാക്കി സൗജന്യമായി നല്‍കിയിരുന്നു. ഈ ഭൂമികളാണ് പാട്ടത്തിന് നല്‍കുന്നത്. ഭൂ ഉടമകള്‍ ഇവിടെ തൊഴിലാളികളാണ് എന്നതാണ് ഏറെ വിസ്മയം. ഇവരുടെ പേരിലായിരിക്കും കൃഷിയിടത്തിലെ ഷെഡിലേക്ക് കൃഷി ആവശ്യത്തിനു മാത്രം വൈദ്യുതി സൗജന്യമായി നല്‍കുന്നത്. കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് അതില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. വൈദ്യുതിയും വെള്ളവും ഭൂ ഉടമ പാട്ടകരാറുകാരന് ഉറപ്പാക്കണം. 80000 രൂപയാണ് ഒരു വര്‍ഷത്തേക്ക് പാട്ടത്തുക.

കുടകില്‍ നിന്നുള്ള വെള്ളം വിവിധ ചാലുകളിലൂടെ ഒഴുകി കഞ്ചന്‍കട്ട എന്ന സ്ഥലത്ത് ഡാം നിര്‍മ്മിച്ച് സംഭരിച്ചിട്ടുണ്ട്. ഇവിടെനിന്ന് കനാല്‍ വഴി വെള്ളം മൈസൂര്‍ ഭാഗത്തേക്ക് കൃഷിയിടങ്ങള്‍ വഴി കൊണ്ടുപോകുന്നുണ്ട്. തമിഴ്, തെലുങ്ക് കുടിയേറ്റക്കാരും രത്‌നഗിരി ഭാഗത്തുണ്ട്. ഇവരുടെ കൈകളിലാണ് കൃഷിഭൂമിയില്‍ ഭൂരിഭാഗവും. തങ്ങള്‍ക്ക് കൂലി മതി, കൃഷിയുടെ ലാഭം വേണ്ട എന്നതാണ് അവര്‍ പറയുന്നത്. ട്രാക്ടര്‍ അടക്കം ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ ഉണ്ടെങ്കിലും പരമ്പരാഗത രീതിയിലാണ് ഇവിടെ കൃഷി ഇറക്കുന്നത്. കാളകളെ ഉപയോഗിച്ചാണ് നിലം ഉഴുതുമറിക്കുന്നത്. കൃഷിക്കായി ചാല് കീറുന്നതും കാളകളാണ്.  

ഒരു വര്‍ഷം ഇഞ്ചി കൃഷി ചെയ്താല്‍ പിന്നെ കുറഞ്ഞത് നാല് വര്‍ഷം ആ സ്ഥലത്ത് മറ്റു കൃഷികളാണു ചെയ്യുക. മണ്ണിന്റെ അമ്ലഗുണത്തില്‍ മാറ്റമുണ്ടാകുന്നതിനാല്‍ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്താല്‍ രോഗബാധ ഉണ്ടാകും. അതാണ് ഒരിക്കല്‍ ഇഞ്ചി കൃഷി ചെയ്താല്‍ പിന്നീടു കുറച്ചു നാളത്തേക്ക് വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്നത്. നിലവില്‍ വാഴയോടാണ് മലയാളികള്‍ക്ക് പ്രിയം. ഏത്തവാഴയും ഞാലിപ്പൂവനുമാണ് പ്രധാനം. ഇടവിളയായി പച്ചക്കറികളും. ഒന്ന് പോയാല്‍ മറ്റൊന്ന്. ഏതിലെങ്കിലും ലാഭം കിട്ടുമെന്നതാണ് ഇതിന് പ്രേരിപ്പിക്കുന്നത്.

 

 •  ഹുന്‍സൂര്‍കാര്‍ക്ക് പുകയില

ഹുന്‍സൂര്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ എത്തിയാല്‍ സ്ഥിതിമാറി. ഇഞ്ചി കൃഷിക്ക് പകരം പരമ്പരാഗതമായ പുകയിലപ്പാടങ്ങളാണ് ഇവിടെ പൂത്തുനില്‍ക്കുന്നത്. വന്‍കിട പുകയില കമ്പനികളുടെ വര്‍ഷങ്ങളായുള്ള വിളനിലമാണിത്.  ഏത് കാലാവസ്ഥയിലും ഇവിടെ പുകയില പൂക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കു മുതല്‍ വന്‍കിടക്കാര്‍ക്ക് വരെയും ഇവിടെ പുകയില കൃഷിയുണ്ട്. കൃഷി ചെയ്യാന്‍ ലൈസന്‍സ് വേണം. ലൈസന്‍സ് കൈവശമുള്ളവര്‍ കൃഷി ചെയ്തേ മതിയാവു. കറുത്ത മണ്ണില്‍ നന്നായി വളരും. മണ്ണില്‍ ജലാംശം കൂടുതലുമാണ്. കര്‍ണ്ണാടക ടുബാക്കോ ബോര്‍ഡ് ആണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. നാല് മാസംകൊണ്ട് ഒരാള്‍ പൊക്കത്തില്‍ പുകയിലച്ചെടി വളരും. ഇവയുടെ ഇല പറിച്ചെടുത്ത് വീടിനോട് ചേര്‍ന്ന് അടച്ചുറപ്പുള്ള പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ഉണക്കി എടുക്കും. പരന്ന ഇലകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങി കയറുപോലെ പിരിഞ്ഞ് വരും. ഇവ വിദേശത്തേക്കും ഇന്ത്യയിലെ പുകയില കമ്പനികളിലേക്കും കയറ്റിപ്പോകും. 100 മില്യണ്‍ കിലോയാണ് കര്‍ണ്ണാടകയിലെ പുകയില ഉല്‍പ്പാദനം. കൃഷി ഇറക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും. പുകയില കൃഷിക്കെതിരെ വന്‍തോതില്‍ പ്രചരണവും നടക്കുന്നുണ്ട്. പതുക്കെ ഇതു ഇല്ലാതാകാനുള്ള സാധ്യതയുണ്ട്.

 

 •  തരിശില്ല, കൃഷിയാണ് പ്രധാനം

ഹുന്‍സൂര്‍ മാത്രമല്ല കര്‍ണ്ണാടകയിലെ ഒരിടത്തും ഒരു തുണ്ട് ഭൂമിപോലും തരിശില്ല എന്നതാണ് ഏറെ വിസ്മയം. എവിടെ നോക്കിയാലും പച്ചപ്പും ഉഴുതുമറിച്ചിട്ട കൃഷിയിടങ്ങളും. മണ്ണില്‍നിന്ന് വിയര്‍പ്പൊഴുക്കി വിളയെടുക്കുവാന്‍ ഇവര്‍ക്ക് സന്തോഷമാണ്. പുലര്‍ച്ചെ തുടങ്ങുന്ന വയലിലെ വേലകള്‍ നേരം ഇരുട്ടിയാലും തീരുന്നില്ല. ഇവരുടെ ജീവിതചര്യയാണ് കൃഷി. മാറിമാറി വരുന്ന ഓരോ കൃഷിയും ഇവര്‍ നെഞ്ചിലേറ്റും. ഒരു കുടുംബത്തിലെ കുട്ടികള്‍ അടക്കം മുഴുവന്‍ അംഗങ്ങളും കൃഷിയിടത്തിലുണ്ടാകും. കൃഷിയിടത്തില്‍ നിന്ന് സ്വന്തം കാളവണ്ടിയിലോ ടാക്ട്രറിലോ താമസിക്കുന്ന കോളനികളിലേക്ക് ചേക്കേറും. മഴയും വെള്ളവും ലഭിക്കുവാനാണ് ഇവര്‍ കോവിലുകളില്‍ പ്രാര്‍ത്ഥിക്കുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന കാളകളേയും ഇവര്‍ പൊന്നുപോലെയാണ് പരിചരിക്കുന്നത്. കൃഷി തുടങ്ങുന്നതിന് മുന്‍പ് പൂജകളും ആഘോഷങ്ങളും ഇവരുടെ രീതിയാണ്. ഹുന്‍സൂരിലെ ഉള്‍ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയില്‍ കൃഷി സ്വപ്‌നമാകുന്ന നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്ക് ലഭിക്കുക മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചകളാണ്.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.