×
login
ശതായുസ്സില്‍ മാതൃഭൂമി

ശതാബ്ദി പ്രമാണിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 100 പേജ് വരുന്ന സപ്ലിമെന്റുകള്‍ ഈ കാലഘട്ടത്തിലെ സംഭവങ്ങളെയും മറ്റു വിവരങ്ങളെയും മാതൃഭൂമിയുടെ ചരിത്രത്തെ ധന്യമാക്കിയ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങളാലും, അവരുടെ തൂലികാ വിലാസങ്ങളാലും സമ്പന്നമാണ്. അത്തരം മഹത്തുക്കളെ ആരെയും തന്നെ ഒഴിവാക്കിയിട്ടില്ല. എങ്കിലും രണ്ടു വ്യക്തിത്വങ്ങളെ അവയില്‍ കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരാള്‍ പ്രാദേശിക ലേഖകനായി ആരംഭിച്ച് പത്രാധിപരായി വിരമിച്ച വി.എം. കൊറാത്ത് ആണ്. മറ്റേത് സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ വിഖ്യാതനായ പ്രൊഫസര്‍ എം.ആര്‍. നായര്‍.

'മാതൃഭൂമി' എന്ന ദേശീയ പ്രസിദ്ധീകരണത്തിന്റെ തുടക്കത്തിന് നൂറ്റാണ്ട് തികയുന്നതിന്റെ ഔപചാരിക ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു കഴിഞ്ഞു. അതിന്റെ മുന്നോടിയായി മാതൃഭൂമി സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ഇക്കാലം വരെ അതില്‍ പങ്കുവഹിച്ച പ്രസിദ്ധരും അപ്രസിദ്ധരുമായ ഒട്ടനേകം ആളുകളെ പരാമര്‍ശിക്കുകയും ചെയ്തു വന്നു. കഴിഞ്ഞയാഴ്ച അഞ്ചുദിവസം കൊണ്ടു നൂറുപുറങ്ങള്‍ വരുന്ന വായനാ വിഭവങ്ങള്‍ വായനക്കാര്‍ക്ക് മാതൃഭൂമി ലഭ്യമാക്കി. ആ മഹദ് സ്ഥാപനത്തെ അനുസ്മരിക്കാതെയും ആദരിക്കാതെയും മലയാളിയായ ആര്‍ക്കും പോകാന്‍ കഴിയില്ല.

ഞാന്‍ തിരുവിതാംകൂര്‍ ഭാഗത്ത് ജനിച്ചു വളര്‍ന്നവനായതുകൊണ്ട് മാതൃഭൂമി പത്രത്തെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ പഠിപ്പു കാലത്ത് കോട്ടയം, കൊല്ലം പത്രങ്ങളേ കണ്ടിട്ടുള്ളൂ. അവയില്‍ തിരുവിതാംകൂര്‍ ജാതിമത വിഭാഗീയ ചിന്തകള്‍ക്കായിരുന്നു പ്രാധാന്യം. അവിടം രാജഭരണത്തിലായിരുന്നതിനാല്‍ അതിന്റെ സ്വാധീനവുമുണ്ടായിരുന്നു. വീട്ടില്‍ കൊല്ലം പത്രമായ മലയാള രാജ്യമായിരുന്നു. ഇന്നലത്തെ പത്രമാണിന്നു കിട്ടുക. അതും ആരെങ്കിലും പോയി കൊണ്ടുവരണം. മഹാത്മാഗാന്ധി വധിക്കപ്പെട്ട വാര്‍ത്ത രണ്ടുനാള്‍ കഴിഞ്ഞാണറിഞ്ഞത്. റേഡിയോ നാട്ടിലെങ്ങുമില്ല. ടൗണിലെ ഒരു കടയില്‍ അതിനുശേഷം റേഡിയോ സ്ഥാപിക്കുകയും ആളുകള്‍ കൂടിനിന്ന് വാര്‍ത്തകള്‍ അറിയുകയും ചെയ്തിരുന്നു.

രണ്ടാഴ്ച കഴിഞ്ഞ് മലയാള രാജ്യം ആഴ്ചപ്പതിപ്പില്‍ ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും വന്നത് എല്ലാവര്‍ക്കും കൗതുകകരമായി. രണ്ടു ദിവസത്തിനുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒട്ടേറെ ചിത്രങ്ങളും വിവരണങ്ങളുമായി അമ്മാവന്‍ എവിടെ നിന്നോ വാങ്ങിക്കൊണ്ടുവന്നു. അതു മുഴുവന്‍ കണ്ടും വായിച്ചും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കൊടുത്തും ഞാന്‍ 'ആളാ'യി.

പക്ഷേ ദിനപ്പത്രം കാണാന്‍ പിന്നെയും നാളേറെക്കഴിഞ്ഞു. 1950-51 കാലത്ത് തൊടുപുഴയില്‍ ഏജന്‍സി ആയി എന്നു തോന്നുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ക്കൊപ്പം പിറ്റേന്നുച്ചയ്ക്ക് അവിടെ                                   കിട്ടിവന്നു. ഒരു സഹപാഠിയുടെ കൈയില്‍ അതുകണ്ടപ്പോള്‍ ഉണ്ടായ കൗതുകം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. പത്രത്തിന്റെ സ്വച്ഛതയും ഭംഗിയും, വാര്‍ത്തകളുടെ അടുക്കും ചിട്ടയുമൊക്കെ ആകര്‍ഷകമായി. രാജഭരണം അവസാനിക്കുകയും തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനം നിലവില്‍ വരികയും ചെയ്തിരുന്നു.

കോളജില്‍ ചേര്‍ന്നത് തിരുവനന്തപുരത്തായിരുന്നു. അവിടത്തെ കോളജ് വായനാമുറിയില്‍ മലയാള രാജ്യവും കേരള കൗമുദിയും മാത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുമായിരുന്നു. പത്രങ്ങളെക്കുറിച്ച് 'മയ്യനാടന്‍ ജേര്‍ണലിസ'മെന്നും, 'പെരുന്ന ജേര്‍ണലിസ'മെന്നും 'കോട്ടയം ജേര്‍ണലിസ'മെന്നും തമാശയ്ക്കു കുട്ടികള്‍ പറയുമായിരുന്നു. കോട്ടയത്തു ഓരോ ക്രൈസ്തവ സഭയ്ക്കും ഒരു പത്രം. മനോരമയുടെ നിരോധനം നീങ്ങിയെങ്കിലും പ്രസിദ്ധീകരണമാരംഭിച്ചിരുന്നില്ല. നിലവിലുണ്ടായിരുന്ന സരണിയില്‍നിന്നു വ്യത്യസ്തമായ ദേശീയ കാഴ്ചപ്പാടുള്ള പത്രമെന്ന നിലയ്ക്കു മാതൃഭൂമി തിരുവനന്തപുരത്ത് ശ്രദ്ധ പിടിച്ചുപറ്റി. കോളജ് ലൈബ്രറിയില്‍ ഹിന്ദു,  ഇന്ത്യന്‍ എക്‌സ്പ്രസ്, മെയില്‍, ലണ്ടന്‍ ടൈംസ് എന്നിവയോടൊപ്പം മാതൃഭൂമിയും ഉച്ചതിരിഞ്ഞെത്തുമായിരുന്നു. ജേര്‍ണലിസത്തോട് എനിക്ക് ആസക്തി വളരാന്‍ കാരണം മാതൃഭൂമി വായനയും, കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയുമായിരുന്നുവെന്നു പറയാം. കൂടാതെ പ്രചാരകനായിരുന്ന മാധവജിയുടെ ബോധനവും.

മാതൃഭൂമി ആദ്യകാലത്ത് സംഘത്തിന് സഹായകമായ നിലപാടെടുക്കാന്‍ മടിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുദാഹരണമായി എടുത്തുകാട്ടിയത് 1949 ല്‍   സംഘത്തിന്റെ സത്യഗ്രഹം നടക്കുമ്പോള്‍ പോലീസ് കാട്ടിയ മര്‍ദ്ദനമുറകളെ അധിക്ഷേപിച്ചുകൊണ്ട് കെ.പി. കേശവമേനോന്‍ പുറത്തിറക്കിയ പ്രസ്താവന അദ്ദേഹം എടുത്തുപറഞ്ഞു. അതിനേക്കാള്‍ രസകരം സംസ്‌കൃതത്തിലുള്ള സംഘപ്രാര്‍ത്ഥനക്കു അതേ വൃത്തത്തില്‍ എം.എന്‍ എന്ന പേരുകാരന്‍ വിവര്‍ത്തനം ചെയ്ത് 1944 ജൂലായ് 30 ന്റെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധം ചെയ്തുവെന്നതാണ്.

നമിപ്പൂ സദാ വത്സലേ മാതൃഭൂമേ

വളര്‍ത്തീ തെളിഞ്ഞെന്നെ നീ ഹിന്ദുഭൂമേ

മഹാമംഗലേ പുണ്യഭൂമേ നിനക്കായ്

പതിക്കട്ടെയീയെന്റെ ഗാത്രം, നമിപ്പൂ

 

പ്രഭോ ശക്തിമന്‍ ഹിന്ദുരാഷ്ട്രാംഗമായി

ജ്ജനിച്ചുള്ളൊരീ ഞങ്ങള്‍ കുമ്പിട്ടിടുന്നൂ

മുറുക്കീ നിനക്കായരക്കെട്ടു ഞങ്ങള്‍

ശുഭാനുഗ്രഹം നല്‍ക, തത്പൂര്‍ത്തി പൂകാന്‍

കരുത്തീശ, നല്‍കൂ ജഗത്തിന്നജയ്യം

സുശീലത്തെയും ലോക നമ്രത്വയോഗം

സ്വയം ഞങ്ങള്‍ കൈക്കൊണ്ട മുള്ളാണ്ടമാര്‍ഗം

സുഖം സഞ്ചരിക്കാവതാക്കിത്തുണയ്ക്കൂ


 

സമുത്കര്‍ഷ നിശ്രേയ സത്തിന്നൊരുഗ്രം

പരം സാധനം ധര്‍മ വീരവ്രതം താന്‍

അതെന്നില്‍ സ്ഫുരിക്കട്ടെ അക്ഷയ്യ നിഷ്ടം

 

സ്മരിക്കാനതുത്ബുദ്ധമാകട്ടെയെന്നില്‍

ജയം കാര്യശക്തിക്കു ശീലം നിരിച്ചി-

ലദ്ധര്‍മ സംരക്ഷണം ചെയ്തുകൊള്ളും

പരംവൈഭവം നേടുവാനിയസ്സ്വരാഷ്ട്രം  

ത്വദാശിസ്സിനാല്‍ ശക്തമാകാവുപാരം.    

പൂജനീയ ഡാ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദിക്കാലത്ത് അയോദ്ധ്യാ പ്രിന്റേഴ്‌സില്‍ എം. മോഹനന്‍ അച്ചടിപ്പിച്ചു പുറത്തിറക്കിയ 'സംഘദര്‍ശിനി'യില്‍ നിന്നാണതെടുത്തത്. മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും എന്റെ വായനാശീലത്തിനും പത്രപ്രവര്‍ത്തന മോഹത്തിനും ദാഹത്തിനും 1950 മുതല്‍ വളമായി എന്നു പറയാന്‍ സന്തോഷമുണ്ട്.

മാതൃഭൂമിയെ വളര്‍ത്തിയവരെയും, അതിലൂടെ വളര്‍ന്നവരെയും സംബന്ധിക്കുന്നതായ വിവരങ്ങളുടെ പ്രളയം തന്നെയാണ് അഞ്ച് ദിവസങ്ങളിലായി വായിക്കാന്‍ സാധിച്ചത്. അവരില്‍ പോയ നൂറുവര്‍ഷങ്ങളില്‍ മലയാള ഭാഷയ്ക്കും പൊതുജീവതത്തിനും കനപ്പെട്ട സംഭാവനകളിലൂടെ ധന്യത നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ധാരാളമുണ്ട്. അവര്‍ മാതൃഭൂമിയിലെ ജീവനക്കാരോ, അതിനെ മറ്റുവിധങ്ങളില്‍ ധന്യമാക്കിയവരോ, ബഹുജനങ്ങള്‍ക്ക് വിജ്ഞാനവും വിവരങ്ങളും നല്‍കിയവരോ ആകാം. കേരളത്തില്‍ വിശേഷിച്ച് കോഴിക്കോട്ട് നടന്ന ദേശീയ പ്രാധാന്യമുള്ള എല്ലാ പരിപാടികള്‍ക്കും മാതൃഭൂമിയുടെ പ്രോത്സാഹനവും സഹായവുമുണ്ടായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ 19-ാം അഖിലഭാരത സമ്മേളനം കോഴിക്കോട്ടു നടത്തപ്പെട്ടപ്പോഴും, സോഷ്യലിസ്റ്റു പാര്‍ട്ടി ദേശീയ സമ്മേളനക്കാലത്തും അതു സുവ്യക്തമായിരുന്നു.

1967 ഡിസംബര്‍ 29 ന് കോഴിക്കോട്ട് സമ്മേളനം ആരംഭിച്ച ദിവസത്തെ മാതൃഭൂമിയുടെ മുഖപ്രസംഗം വസ്തുനിഷ്ഠമായിരുന്നു. ''ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ ജനസംഘം സ്ഥാനം പിടിച്ചിട്ട് കുറേ കൊല്ലങ്ങളായെങ്കിലും അതിന്റെ അന്തസ്സത്തയും ചൈതന്യവും അനുഭവത്തിലൂടെ ബോധ്യപ്പെടുവാന്‍ കേരളീയര്‍ക്ക് ഇതുവരെ അവസരമുണ്ടായിട്ടില്ല. കോഴിക്കോട് നടക്കുന്ന ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം ആ പോരായ്മ   നികത്തിയിരിക്കയാണ്...'' എന്നു തുടങ്ങി ദീനദയാല്‍ജിയുടെ അധ്യക്ഷ പ്രസംഗം പൂര്‍ണ രൂപത്തില്‍ അവര്‍ നല്‍കിയിരുന്നെങ്കിലും (ശ്രദ്ധാപൂര്‍വം വായിക്കാതെയാവണം) നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തെറ്റായിരുന്നുവെന്ന് ഇന്നു സുവ്യക്തമായിരിക്കുന്നു. വിദേശ നയത്തെയും രാജ്യരക്ഷയെയും സംബന്ധിച്ച് ജനസംഘത്തിന്റെ അഭിപ്രായങ്ങള്‍ പ്രായോഗിക ബോധം പ്രകടിപ്പിക്കുന്നില്ല. വാഷിങ്ടണും ലണ്ടനും മോസ്‌കോയും വഴിയാണ് നാം  മറ്റു രാജ്യങ്ങളെ സമീപിക്കുന്നതെന്ന ആക്ഷേപത്തില്‍ എത്ര വാസ്തവമുണ്ട്-മുതലായ ദീനദയാല്‍ജിയുടെ അഭിപ്രായങ്ങളെ മുഖപ്രസംഗം ആക്ഷേപിച്ചിരുന്നു. ഇന്ന് ദശകങ്ങള്‍ക്കു ശേഷം അതേ വിദേശ നയവും രാജ്യരക്ഷാ നയവും സഫലമായി പിന്തുടര്‍ന്ന് ലോകോത്തര സ്ഥാനം നേടിയെടുത്ത ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാതൃഭൂമിയുടെ നൂറ്റാണ്ടാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ''അണുബോംബു നിര്‍മാണത്തില്‍ ഇന്ത്യ ചേരണമെന്ന വാദം രാജ്യത്തിന്റെ സാമ്പത്തികമായ ആവശ്യങ്ങളും ലോക സാഹചര്യങ്ങളും പരിഗണിച്ചതിന്റെ ഫലമാണെന്നു ഞങ്ങള്‍ക്കു തോന്നുന്നില്ല.''  ഭാരതത്തിന്റെ 4000 ച.കി.മീ. സ്ഥലം പാകിസ്ഥാനും 2000 ച.കി.മീ. ചീനയും കൈയടക്കി വെച്ചിരുന്നപ്പോഴായിരുന്നു ഈ അഭിപ്രായ പ്രകടനം. എന്നിട്ടും രാജ്യരക്ഷ അപകടത്തിലാണെന്ന വിലാപം ശുഭകരമായ ഫലമൊന്നും ഉളവാക്കില്ല എന്നായിരുന്നു മുഖപ്രസംഗം. കോഴിക്കോട് അഞ്ചു വര്‍ഷം മുന്‍പ് പ്രസ്തുത സമ്മേളനത്തിന്റെ 50-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വന്നിരുന്നല്ലോ.

ശതാബ്ദി പ്രമാണിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 100 പേജ് വരുന്ന സപ്ലിമെന്റുകള്‍ ഈ കാലഘട്ടത്തിലെ സംഭവങ്ങളെയും മറ്റു വിവരങ്ങളെയും മാതൃഭൂമിയുടെ ചരിത്രത്തെ ധന്യമാക്കിയ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങളാലും, അവരുടെ തൂലികാ വിലാസങ്ങളാലും സമ്പന്നമാണ്. അത്തരം മഹത്തുക്കളെ ആരെയും തന്നെ ഒഴിവാക്കിയിട്ടില്ല. എങ്കിലും രണ്ടു വ്യക്തിത്വങ്ങളെ അവയില്‍ കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരാള്‍ പ്രാദേശിക ലേഖകനായി ആരംഭിച്ച് പത്രാധിപരായി വിരമിച്ച വി.എം. കൊറാത്ത് ആണ്. മറ്റേത് സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ വിഖ്യാതനായ പ്രൊഫസര്‍ എം.ആര്‍. നായര്‍. എം.ആര്‍. നായര്‍ അന്തരിച്ച് മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ടു. ഇന്നും അദ്ദേഹത്തിന്റെ തൂലികാ വിലാസത്തിന് പ്രചോദനം നല്‍കിയ മസ്തിഷ്‌കം വിസ്മയമായി നിലനില്‍ക്കുന്നു. ഹാസ്യലേഖനങ്ങളായിരുന്നു കൂടുതല്‍ പ്രശസ്തം. എന്നാല്‍ സാഹിത്യനികഷം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഉപന്യാസ സമാഹാരം അത്യുന്നത നിലവാരം പുലര്‍ത്തിയ പഠനങ്ങളാണ്. കുറച്ചുകാലം മാതൃഭൂമിയുടെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നു. അദ്ദേഹമെഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ മാതൃഭൂമിക്ക് നിരോധം ഏര്‍പ്പെടുത്തപ്പെടുകയും വലിയൊരു ജാമ്യസംഖ്യ അടച്ച് പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന് ക്ഷയരോഗ ബാധിതനായി വളരെ കഷ്ടതകളനുഭവിച്ച് പത്‌നിയും ഏക പുത്രനും മരിച്ചത് കാണേണ്ടി വന്നു. ഈ ദുഃഖങ്ങളൊക്കെയും വിസ്മരിക്കാനാവണം ഹാസ്യത്തിലേക്കു മാറി സ്വയം കരയുന്നതിനിടയില്‍ മറ്റുള്ളവരെ ചിരിപ്പിച്ചു ജീവിച്ചത്.

രണ്ടാം ലോക യുദ്ധ കാലത്ത് കൊച്ചിയില്‍ താവളമടിച്ചിരുന്ന ആസ്‌ട്രേലിയന്‍ പട്ടാളക്കാര്‍ അവിടത്തെ കോളജ് വിദ്യാര്‍ത്ഥിനിമാരെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന് വജ്രത്തിന്റെ മൂര്‍ച്ചയുണ്ടായിരുന്നു. അന്നു മുഖ്യപത്രാധിപരായിരുന്ന കെ.എ. ദാമോദര മേനോന്‍ അതേപ്പറ്റി ലേഖനമെഴുതി. ആസ്‌ത്രേലിയന്‍ പട്ടാളക്കാരുടെ അതിക്രമത്തെ മൃഗീയമെന്നു വിശേഷിപ്പിച്ചതിനു ലേഖനത്തില്‍ മൃഗങ്ങളോടു മാപ്പു ചോദിക്കുന്നുണ്ട്. അതിന്റെ പേരില്‍ പത്രമാരണ നിയമം പ്രയോഗിച്ചു മാതൃഭൂമിയെ നിരോധിച്ചു. മേനോന്‍ സ്വയം മദിരാശിയില്‍ പോയി ഏറെ പരിശ്രമിച്ചാണ് പിഴയടച്ചു പ്രസിദ്ധീകരണം പുനരാരംഭിച്ചത്. മാതൃഭൂമിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ സംഭവത്തിന് കാരണക്കാരനായ എം.ആര്‍. നായരെ വേണ്ടത്ര അനുസ്മരിച്ചു കാണാത്തതെന്താണെന്നു  പിടികിട്ടുന്നില്ല.

കൊറാത്ത് മാതൃഭൂമിയിലുള്ളപ്പോള്‍ മലബാറിലെ ക്ഷേത്രങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാനായി കേളപ്പജിയോടൊപ്പം മുന്നിട്ടിറങ്ങിയിരുന്നു. ആ പ്രക്രിയയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തകരുമായി സഹകരണമുണ്ടാകുകയും തന്റെ മനസ്സില്‍ സംഘത്തോടുണ്ടായിരുന്ന കന്മഷം ക്രമേണ തീരെ അകലുകയും ചെയ്തു. അദ്ദേഹം തപസ്യ മുതലായ പ്രസ്ഥാനങ്ങളുടെ അമരത്തുതന്നെ നിന്നു. അടിയന്തരാവസ്ഥയില്‍ പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്ന കേസരി വാരിക വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിന്റെ അണിയറ നീക്കങ്ങള്‍ നടത്തി. മാതൃഭൂമിയില്‍നിന്ന് നിയമാനുസൃതം വിരമിച്ചശേഷം ജന്മഭൂമിയുടെ മുഖ്യപത്രാധിപത്യം സ്വീകരിച്ച് അതിന് സുദൃഢമായ അടിത്തറ നല്‍കി. താമസവും സംഘകാര്യാലയത്തിലായിരുന്നു. മാതൃഭൂമി വിടുന്നതിനു മുന്‍പു തന്നെ ബാളാ സാഹിബ് ദേവരസ് പങ്കെടുത്ത തിരുവനന്തപുരത്തെ ഹിന്ദു സംഗമത്തിന്റെ അധ്യക്ഷപദവും സ്വീകരിച്ചു. ഇതൊക്കെ പോരേ നൂറുപേജുകളില്‍ സ്ഥാനം നല്‍കപ്പെടാതിരിക്കാന്‍.

പക്ഷേ എം.ആര്‍. നായരോടുള്ള അവഗണനയോ? 1958 ല്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥം 'ഹാസ്യ പ്രകാശം' തയ്യാറാക്കി പ്രസിദ്ധീകരിച്ച സമിതിയുടെ തലവന്‍ കെ.പി.കേശവ മേനോനായിരുന്നു. ഗ്രന്ഥം അദ്ദേഹം തന്നെ തലശ്ശേരിയിലെ ഒതയോത്തു വീട്ടില്‍ താമസിച്ചിരുന്ന സഞ്ജയ മാതാവിന് സമര്‍പ്പിച്ചു. അതിന്റെ കോപ്പികള്‍ തീര്‍ന്നപ്പോള്‍ പുനഃപ്രസിദ്ധീകരണമുണ്ടായില്ല. അത് ചെയ്തത് തപസ്യ കലാസാഹിത്യ വേദിയായിരുന്നു. മാത്രമല്ല 1956 ലും 1967 ലും ഗുരുജി തലശ്ശേരിയില്‍ വന്നപ്പോള്‍ താമസിച്ചത് അതേ ഒതയോത്തു വീട്ടിലായിരുന്നു. എം.ആര്‍. നായരുടെ ഭാഗിനേയന്‍ എം.കെ. ശ്രീകുമാരന്‍ മാസ്റ്റര്‍ സംഘത്തിന്റെ വിഭാഗ് സഹസംഘചാലക സ്ഥാനം വഹിക്കുകയും ചെയ്തു. ഇതിലും വലുതായ കാരണം വേണ്ടല്ലോ എം.ആര്‍. നായരെ ബഹുമതിപ്പട്ടികയില്‍നിന്നു ഒഴിവാക്കാന്‍?

ആര്‍എസ്എസ്സിനെക്കുറിച്ച് കേരളത്തിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുള്ള ഒരു ചര്‍ച്ചാ സംവാദം മാതൃഭൂമി വാരിക സംഘടിപ്പിച്ചതു വിസ്മരിക്കുന്നില്ല. നിത്യ ചൈതന്യയതി തുടക്കം കുറിച്ച പ്രസ്തുത സംവാദം പിന്നീട് പുസ്തക രൂപം കൈക്കൊള്ളുമെന്നു പ്രതീക്ഷിച്ചു. ഇനിയായാലും അതുപകാരപ്രദമാവും.

മാതൃഭൂമിയുടെ നൂറ്റാണ്ട് വേളയില്‍ മനസ്സില്‍ ഉയര്‍ന്ന ചില ചിന്തകള്‍ എഴുതുകയാണ് ചെയ്തത്. മലയാളത്തിന്റെ യശസ്തംഭമായ ആ സ്ഥാപനം മേല്‍ക്കുമേല്‍ അഭിവൃദ്ധി പ്രാപിക്കട്ടെ.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.