×
login
നിഗൂഢം സുന്ദരം ഈ നിധി വനം

വൃന്ദാവനത്തിലെ ഇടുങ്ങിയ ഗലികളിലൂടെ അല്‍പദൂരം സഞ്ചരിച്ചാല്‍ വനതുളസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്തെത്താം. രാത്രിയില്‍ ഒരു ജീവജാലത്തിനും പ്രവേശനമില്ലാത്ത, എന്നും നിഗൂഢാത്മകമായ കഥകള്‍ പേറുന്ന ഒരിടം... രാധാകൃഷ്ണ സ്നേഹത്തിന്റെ നിത്യസാക്ഷിയായി എന്നും നിലകൊള്ളുന്ന നിധിവനം.

രാധാ കൃഷ്ണമന്ത്ര മുഖരിതമാണ് സദാ സമയവും വൃന്ദാവനം. ഗലികള്‍, പൗരാണിക നിര്‍മ്മിതികള്‍ ഗോക്കള്‍, കൃഷ്ണകാല സ്മരണകളുമായി ഒഴുകുന്ന യമുന... രാധാ കൃഷ്ണലീലകളിലൂടെയല്ലാതെ അവിടെയെത്തുന്ന ഒരാള്‍ക്കും വൃന്ദാവനത്തെ കാണാനാവില്ല. പ്രേം മന്ദിര്‍, ബാങ്കേബിഹാരി ക്ഷേത്രം, യമുനയിലെ വിവിധ ഘട്ടുകള്‍, ശ്രീകൃഷ്ണ ബലരാമ ക്ഷേത്രം, വൈഷ്‌ണോദേവി ധാം തുടങ്ങി നിരവധി ക്ഷേത്രങ്ങളും ഈ പുണ്യഭൂമിയിലുണ്ട്. മറ്റു ക്ഷേത്രങ്ങളൊക്കെ വൈകുന്നേരം ആരതിക്കായി നട തുറക്കുമ്പോള്‍ വൈകുന്നേരമായാല്‍ ഒരാളേയും കടത്തിവിടാത്ത  ജീവാത്മാവും പരമാത്മാവും ഒന്നിക്കുന്ന പവിത്രമായ ഒരു സ്ഥലവും വൃന്ദാവനത്തിലുണ്ട്. വൃന്ദാവനത്തിലെ ഇടുങ്ങിയ ഗലികളിലൂടെ അല്‍പദൂരം സഞ്ചരിച്ചാല്‍ വനതുളസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്തെത്താം. രാത്രിയില്‍ ഒരു ജീവജാലത്തിനും പ്രവേശനമില്ലാത്ത, എന്നും  നിഗൂഢാത്മകമായ കഥകള്‍ പേറുന്ന ഒരിടം... രാധാകൃഷ്ണ സ്നേഹത്തിന്റെ നിത്യസാക്ഷിയായി എന്നും നിലകൊള്ളുന്ന നിധിവനം.

ബാങ്കേ ബിഹാരിക്ക് നിധിവനം

ഉത്തര്‍പ്രദേശിലെ മഥുരയില്‍ കൃഷ്ണജന്മഭൂമിയില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെ  വൃന്ദാവനത്തിലാണ് നിധി വനം. കുഞ്ജ് എന്ന് വിളിക്കുന്ന വൃന്ദാവനത്തിലെ വള്ളിക്കുടിലുകളായിരുന്നു രാധാകൃഷ്ണ വിഹാരം. വള്ളിക്കുടിലുകളില്‍ ആനന്ദം കൊള്ളുന്ന മൂര്‍ത്തിയായതിനാല്‍ തന്നെ കൃഷ്ണന് കുഞ്ജ്ബിഹാരി എന്നും വിളിപ്പേരുണ്ട്. പൂര്‍ണമായും മരക്കമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു സംരക്ഷിത വഴിയിലൂടെ മാത്രമേ ഇന്ന് നിധിവനത്തിലേക്ക് എത്താനാകൂ.

നിധിവനം എന്നാല്‍ തുളസീവനം എന്നാണ് അര്‍ത്ഥം. നിധിവനം ഇപ്പോഴും രാത്രിയില്‍ രാധയുടെയും കൃഷ്ണന്റെയും നൃത്തത്തിന് സാക്ഷ്യം വഹിക്കാറുണ്ടെന്നാണ് വിശ്വാസം. രാസലീല ഇവിടെയാണ് നടക്കുന്നത്. ഉയരം കുറവാണെങ്കിലും ജോഡികളായി കാണപ്പെടുന്നതും കടപുഴകി വീണതുമായ നിരവധി തുളസി ചെടികള്‍ നിധിവനത്തിലുണ്ട്. ഒരു പ്രത്യേക ഭംഗി തന്നെയാണ് ഇവിടുത്തെ മരങ്ങള്‍,ക്ക്. ചില്ലകള്‍ ഭൂമിയെ ചുംബിച്ചു നില്‍ക്കുന്ന മരങ്ങള്‍ ചിലതിന്റെ വേരുകള്‍ പുറത്തേക്ക് വന്നുനില്‍ക്കുന്നതും കാണാം. ഇവിടെ ജോഡികളായി നില്‍ക്കുന്ന തുളസിച്ചെടികളുടെ കാഴ്ചയും ഭംഗിയുള്ളതാണ്. കൃഷ്ണ ഗോപികമാര്‍ രാസലീലയിലേര്‍പ്പെടുന്ന സമയത്ത് ഈ മരങ്ങളാണ് ഗോപികമാരായി മാറുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഏറെ നേരത്തെ നൃത്തത്തിന് ശേഷം നേരം വെളുക്കുമ്പോള്‍ ഈ ഗോപികമാരൊക്കെ അവര്‍ നൃത്തം ചെയ്തിരുന്ന അതേ രീതിയില്‍ തന്നെ മരങ്ങളായി മാറുമത്രേ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മള്‍ നിധിവനത്തില്‍ പകല്‍ കാണുന്ന മരങ്ങളെല്ലാം രാത്രി നൃത്തം ചെയ്തിരുന്ന ഗോപികമാരാണ്!  നിധിവനത്തില്‍ ഓരോ പുലരിയിലും മരങ്ങളുടെ ആകൃതി മാറിക്കൊണ്ടിരിക്കും! ഇവിടെ  എത്തുന്നവരാരും ഈ ചെടികള്‍ പറിച്ചെടുക്കാനൊന്നും ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നവരെത്തേടി അധികം താമസിക്കാതെ അശുഭ വാര്‍ത്തകള്‍ വരുമെന്നാണ് വിശ്വാസം.   സ്വാമി ഹരിദാസിന്റെ ആരാധനാലയം

നിധിവനത്തിനുള്ളില്‍ സദാസംഗീതം മുഴങ്ങുന്ന മറ്റൊരു മന്ദിരം കാണാം. സ്വാമി ഹരിദാസിന്റെ ആരാധനാലയമാണത്. അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ സംഗീതജ്ഞനായിരുന്ന, സംഗീതം ആലപിച്ച് മഴ പെയ്യിച്ച താന്‍സന്റെ ഗുരുവാണ് സ്വാമി ഹരിദാസ്. കൃഷ്ണഭക്തിയില്‍ സമര്‍പ്പിച്ച ജീവിതമായിരുന്നു സ്വാമി ഹരിദാസിന്റേത്. നിധിവനത്തിലെത്തി കൃഷ്ണകീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് ഹരിദാസ് സ്വാമിയുടെ പതിവായിരുന്നു. അദ്ദേഹത്തോടൊപ്പം മറ്റ് ആചാര്യന്മാരും ഇവിടെ കൃഷ്ണഭജനയില്‍ ലയിച്ചിരുന്നു. അങ്ങനെ ഒരുനാള്‍ രാധാകൃഷ്ണ സംയുക്തരൂപമായ ബാങ്കേ ബിഹാരി അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷമാകുകയായിരുന്നു. അതീവ ശക്തിയുള്ള ഈ ദേവചൈതന്യം  

സാധാരണ ഒരു മനുഷ്യന്റെ നേത്രങ്ങള്‍ക്ക് കാണാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. ഒടുവില്‍ തനിക്ക് കാണാന്‍ പറ്റുന്നപോലെ തന്റെ പ്രിയപ്പെട്ട എല്ലാ ഭക്തര്‍ക്കും കാണാനുള്ള രീതിയില്‍ ആക്കണേ എന്ന് ഭഗവാനോട് അപേക്ഷിച്ചു. തുടര്‍ന്ന് ആ ചൈതന്യം സാധാരണ മനുഷ്യനും കാണാവുന്നപോലെ  കറുത്ത വിഗ്രഹമായി പ്രത്യക്ഷപ്പെട്ടു. ഇന്നും ബാങ്കേ ബിഹാരി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് നിധിവനത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. ഏറെ വര്‍ഷം ബാങ്കേ ബിഹാരിയുടെ വിഗ്രഹം നിധി വനത്തിലായിരുന്നു പൂജിച്ചിരുന്നത്. സ്വാമി ഹരിദാസ് ഉപയോഗിച്ചിരുന്ന യോഗ ദണ്ഡടക്കമുള്ള ചില വസ്തുക്കള്‍ ഇവിടെ കാണാം. അദ്ദേഹത്തോടൊപ്പം മറ്റു ആചാര്യ ശ്രേഷ്ഠന്മാരും ഇവിടെതന്നെയാണ്  അന്ത്യവിശ്രമം കൊള്ളുന്നത്.

ഗോപികമാരുടെ ലളിതാ കുണ്ഡ്

നിധിവനത്തിനുള്ളില്‍ കാണുന്ന ചെറിയൊരു കുളമാണ് ലളിതാകുണ്ഡ്. രാസലീലയ്ക്ക് ശേഷം ക്ഷീണിതരാവുന്ന ഗോപികമാര്‍ക്ക് വെള്ളം കുടിക്കാനായി കൃഷ്ണന്‍ തന്റെ ഓടക്കുഴല്‍കൊണ്ട് ഈ വനത്തില്‍ നിര്‍മ്മിച്ച കുളമാണിതെന്നാണ് വിശ്വാസം. ഒരിക്കല്‍ രാസലീലയ്ക്ക് ശേഷം ഗോപികമാര്‍ക്ക് ദാഹമുണ്ടായപ്പോള്‍ ഇവര്‍ യമുനയില്‍ വെള്ളം കുടിക്കുവാന്‍ പോകാന്‍ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ കണ്ണന്‍ രാത്രിയില്‍ ഇത്രദൂരം അവരെ പോകുവാന്‍ വിടാതെ ഈ കുളം നിര്‍മ്മിക്കുകയായിരുന്നു. രാധയുടെ സഖികളില്‍ പ്രധാനിയായ ലളിതയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ന്   സംരക്ഷണത്തിന്റെ ഭാഗമായി ഇവിടേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 രാധാകൃഷ്ണ രംഗ് മഹല്‍

രാധാ കൃഷ്ണന്മാര്‍  രാസ ലീലയ്ക്ക് ശേഷം രാത്രി കഴിച്ചുകൂട്ടുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മന്ദിരമാണ് രംഗ് മഹല്‍. നിധിവനത്തിലെ പ്രധാനമായ ഒരു മന്ദിരമാണിത്. ഈ ക്ഷേത്രത്തിനുള്ളില്‍ ചന്ദനത്തടിയില്‍ തീര്‍ത്ത  വലിയൊരു കട്ടിലുകാണാം. ഇതില്‍ പൂക്കളൊക്കെ വച്ച് അലങ്കരിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ കണ്ണാടി, സുഗന്ധ ദ്രവ്യങ്ങള്‍, വെള്ളം എന്നിവയൊക്കെയായി ഒരു സ്ത്രീക്ക് അണിഞ്ഞൊരുങ്ങാന്‍ എന്തൊക്കെ വേണമോ അതെല്ലാം ഇവിടെയുണ്ട്. 


എല്ലാ ദിവസവും വൈകിട്ടത്തെ പൂജകള്‍ക്ക് ശേഷം ഈ കിടക്കയൊക്കെ അലങ്കരിച്ച്, കുങ്കുമം, സുഗന്ധ ദ്രവ്യങ്ങള്‍ ഒക്കെ വെച്ച്  പൂജാരി ഈ വാതിലുകളും നിധിവനത്തിന്റെ പ്രധാനവാതിലും പൂട്ടുന്നു. പിന്നീട് അടുത്തദിവസം രാവിലെ വരെ നിധിവനത്തിലേക്ക് ഒരാള്‍ക്കും പ്രവേശനമില്ല. മൃഗങ്ങളും പക്ഷികളും  എന്തിന് ഉറുമ്പുകള്‍പോലും ഇവിടം വിട്ടുപോകുമെന്നാണ് വിശ്വാസം. എന്നാല്‍  എല്ലാദിവസവും രാവിലെ രംഗ് മഹല്‍ തുറക്കുമ്പോള്‍ മുമ്പ് അടുക്കി വൃത്തിയാക്കിവച്ചിരുന്ന സാധനങ്ങളെല്ലാം അലങ്കോലപ്പെട്ട് കിടക്കുന്നതാണ് കാണുന്നത്. കൃഷ്ണന്‍ രാധയെ അണിയിച്ചൊരുക്കുന്നുവെന്നും കുങ്കുമവും മറ്റും ഉപയോഗിക്കുന്നുണ്ടെന്നുമാണ് വിശ്വാസം.

 ആനന്ദിക്കാന്‍ രാസമണ്ഡല്‍

അല്‍പം തുറസ്സായ ഒരു പ്രദേശമാണ് രാസമണ്ഡല്‍. കൃഷ്ണന്‍ ഗോപികമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.വൃന്ദാവനത്തിലെത്തുന്ന ഒരാളുടേയും മനസ്സ് ദുഃഖാര്‍ത്ഥമായിരിക്കരുതെന്നാണ് പറയുന്നത്. ഇവിടെ എത്തുമ്പോള്‍ സദാസമയം ചിരിച്ച് ആനന്ദിച്ച് കഴിയണം. വിഷമത്തോടെ വൃന്ദാവനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ആ വിഷമങ്ങള്‍ അവരെ പിന്തുടരുമത്രേ. അതുകൊണ്ടുതന്നെ വൃന്ദാവനത്തിലെത്തിച്ചേരുന്ന ഏതൊരാളുടേയും നാവില്‍ നിന്ന് രാധേ..രാധേ എന്ന മന്ത്രം മുഴങ്ങിക്കൊണ്ടിരിക്കും.  രാസമണ്ഡലത്തില്‍ എത്തുന്ന ഭക്തര്‍ നൃത്തം വെയ്ക്കുകയും, ഭക്തിഗാനങ്ങള്‍ പാടുകയും അങ്ങനെ സദാസമയം ആനന്ദത്തോടെയുമാണ് ഇവിടെ കഴിയുന്നത്.

 വംശിചോരി രാധ ക്ഷേത്രം

വൃന്ദാവനത്തില്‍ കൃഷ്ണന്റെ ഓടക്കുഴല്‍ നാദമെല്ലാം രാധയ്ക്കുവേണ്ടിയായിരുന്നു. എങ്കിലും രാധ ഒരിക്കല്‍ കൃഷ്ണനാവാന്‍ ശ്രമം നടത്തി. കൃഷ്ണന്റെ ഓടക്കുഴല്‍ രാധ അപഹരിച്ച്, ഒളിപ്പിച്ചുവെച്ചു. കൃഷ്ണന്റെ ഓടക്കുഴല്‍ അപഹരിച്ച് രാധ വന്നിരുന്ന സ്ഥലമാണ് വംശിചോരി ക്ഷേത്രം. ഇവിടെ ഓടക്കുഴല്‍ വായിക്കുന്ന രാധാറാണിയുടേയും സഖികളായ ലളിത, വിശാഖ എന്നിവരുടേയും വിഗ്രഹങ്ങള്‍ കാണാം.

ബാങ്കേ ബിഹാരി ക്ഷേത്രം

ബാങ്കേ ബിഹാരി എന്നാല്‍ മൂന്നുവശത്തേക്കും  തന്റെ ഭക്തരെ നോക്കിയിരിക്കുന്ന രാധാകൃഷ്ണന്മാര്‍ ഒന്നായ ഒരു വിഗ്രഹമാണ്. സന്തോഷവാനെന്നും അര്‍ത്ഥം. ഇന്ന് നിധിവനത്തിന് പുറത്താണെങ്കിലും ബാങ്കേബിഹാരി ക്ഷേത്രവും നിധിവനവുമായി അഭേദ്യബന്ധമുണ്ട്. രാധാകൃഷ്ണ സങ്കല്‍പ്പമായ ബാങ്കേ ബിഹാരി ആദ്യമായി പ്രത്യക്ഷപ്പെട്ടത് നിധി വനത്തിലായിരുന്നു. എന്നാല്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിഗ്രഹം മറ്റൊരു ക്ഷേത്രം പണിത് തൊട്ടടുത്തേക്ക് തന്നെ മാറ്റി. ഈ ക്ഷേത്രമാണ് ബാങ്കേബിഹാരി ക്ഷേത്രം. നിധിവനത്തില്‍ സ്വാമി ഹരിദാസിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉള്ള അതേ വിഗ്രഹമാണ് ഇന്നും ക്ഷേത്രത്തിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. രാജസ്ഥാനി ശൈലിയിലാണ് ഈ ക്ഷേത്രത്തിന്റെ നി

ര്‍മ്മാണം. ഔറംഗസേബ് ഈ ക്ഷേത്രത്തേ പല തവണ ആക്രമിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഇന്നും ഈ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി ഏറെ  നേരം വിഗ്രഹത്തെ നോല്‍ക്കിനില്‍ക്കാന്‍ അനുവദിക്കാറില്ല. നിശ്ചിത ഇടവേളകളില്‍ ഒരു തുണി ഉപയോഗിച്ച് ഈ ദര്‍ശനത്തെ ഇടയ്ക്കിടെ മുറിക്കാറുണ്ട്. ഈ വിഗ്രഹത്തില്‍ അധികനേരം നോക്കിനില്‍ക്കുന്ന ആളിന്റെ മനോനില തകരാറിലാകുമെന്ന് പറയപ്പെടുന്നു. അതല്ല ഏറെ നേരെ നോക്കിനിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥന ഇഷ്ടപ്പെട്ടാല്‍ ഭഗവാന്‍ അവര്‍ക്കൊപ്പം പോകുമെന്നും വിശ്വാസമുണ്ട്. രാധാകൃഷ്ണ ചൈതന്യമായ ബാങ്കേ ബിഹാരി ആദ്യമായി പ്രത്യക്ഷപ്പെട്ടത് നിധിവനത്തിലാണ്.

അധികം വിസ്തൃതി ഇല്ലാത്ത ഒരു ആരാധനാകേന്ദ്രമാണ് ഇന്ന് നിധിവനം. രാവിലെ 6 മുതല്‍ രാത്രി 8 മണി വരെ മാത്രമാണ് പ്രവേശനം. നിധിവനത്തിന് ചുറ്റുമുള്ള വീടുകള്‍ക്ക് ഈ വശത്തേക്ക് ജനലുകള്‍ ഒന്നും നിര്‍മ്മിക്കില്ലായിരുന്നത്രേ. ഇന്നും ക്ഷേത്രം അടയ്ക്കുന്നതിനുള്ള മണി മുഴങ്ങിക്കഴിഞ്ഞാല്‍ ഈ വശത്തേക്കുള്ള വീടുകളുടെ വാതിലുകള്‍ എല്ലാം തന്നെ അടഞ്ഞ നിലയിലായിരിക്കും.. നിധിവനത്തില്‍ രാത്രി കയറാന്‍ ശ്രമിച്ചവര്‍ക്ക് മൃത്യുവോ അല്ലെങ്കില്‍ മാനസിക നില തെറ്റുകയോ, കാഴ്ച നഷ്ടപ്പെടുകയോ ഒക്കെ ചെയ്യാറുണ്ടെന്നാണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്. അങ്ങനെ മൃത്യു സംഭവിച്ച ചിലരുടെയെങ്കിലും കല്ലറകള്‍ നിധിവനത്തിലുണ്ടെന്ന് പറയപ്പെടുന്നു.

 

  comment

  LATEST NEWS


  സുരിനാം പരമോന്നത ബഹുമതി ദി ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് ദി ചെയിന്‍ ഓഫ് യെല്ലോ ഏറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു


  നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


  കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


  വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.